Saturday, February 25, 2017

എം.ടിയുടെ ഷെയ്ക്‌സ്പിയര്‍!



വീരം കണ്ടിരിക്കെ ഇടവേളയില്‍ തൊട്ടരികിലിരുന്ന മുപ്പത്തഞ്ചു വയസിലേറെ പ്രായം തോന്നുന്ന സാമാന്യത്തി ലധികം വിയര്‍പ്പുനാറ്റം പ്രസരിപ്പിച്ചിരുന്ന കൃശഗാത്രനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നു തോന്നിച്ച ആള്‍ അയാള്‍ക്കപ്പുറമിരിക്കുന്ന സമപ്രായക്കാരനായ സുഹൃത്തിനോട് പറയുന്നതു കേട്ടു: ഹും, എം.ടിയുടെ കഥയെടുത്ത് ചില്ലറ മാറ്റങ്ങള്‍ വരുത്തി കാച്ചിയിരിക്കുന്നു. നാണമില്ലേ ഇവന്മാര്‍ക്ക്?'
വടക്കന്‍പാട്ടിന്റെ കര്‍തൃത്ത്വം ചാര്‍ത്തിക്കിട്ടിയ ഞാനേറെ ആരാധിക്കുന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരനെയോര്‍ത്ത് പകച്ചുപോയി ഞാന്‍! ഇഷ്ടന്മാര്‍ മാക്ബത്ത് വായിക്കാത്തതേതായാലും നന്നായി.
ഒപ്പം ആശ്വാസവും തോന്നി. കാരണം രണ്ടുദിവസം മുമ്പു മാത്രമാണ് ഓഫീസില്‍ ട്രെയിനിങിനായെത്തിയ കോട്ടയത്തെ പ്രമുഖ കോളജിലെ രണ്ടു പെണ്‍കുട്ടികളോടു സംസാരിക്കെ വടക്കന്‍പാട്ടിനെപ്പറ്റി ചോദിച്ചത്. ' വടക്കന്‍ പാട്ടെന്നു കേട്ടിട്ടില്ലേ?' എന്ന എന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് അതിലും നിഷ്‌കളങ്കമായ മറുപടിയാണ് ആത്മാര്‍ത്ഥമായി അവര്‍ തന്നത്: ' ഇല്ല സര്‍!'  കണ്ണടച്ച് തോളുകുലുക്കി ഒരു ചേഷ്ടയും ഒപ്പമുണ്ടായി. പകച്ചുപോയ ഞാന്‍ പിന്നീട് സ്വകാര്യമായി മെഡിസിനു പഠിക്കുന്ന മകളോടു ഫോണ്‍സംഭാഷണത്തിനിടെ ഇതേ കാര്യം ചോദിച്ചു:' എടീ നീ കേട്ടിട്ടില്ലേ വടക്കന്‍പാട്ടെന്ന്?' ആദ്യം ഒന്നു സംശയിച്ചെങ്കിലും അവള്‍ ഇത്രയും പറഞ്ഞു ' ഈ തച്ചോളി ഒതേനനും ചന്തുവുമൊക്കെയുള്ള എന്തോ അല്ലേ?' ഹാവൂ രക്ഷപ്പെട്ടു. പഠിക്കാനുള്ള നേരം ടിവിക്കു മുന്നില്‍ കുത്തിയിരുന്നു സിനിമ കണ്ടിട്ടുള്ള അവള്‍ ഒരു വടക്കന്‍ വീരഗാഥയെങ്കിലും കണ്ടിട്ടുണ്ട്. വടക്കന്‍പാട്ടിനെപ്പറ്റി കേട്ടിട്ടെങ്കിലുമുണ്ട്. തുടര്‍ന്നുള്ള സംസാരത്തില്‍ സംഗതി എം.ടിക്കും മുമ്പേ നിലവിലുള്ള സംഗതിയാണെന്നും അവള്‍ സ്ഥിരീകരിച്ചു. ഇനിപ്പറയൂ, ആശ്വസിക്കാതെന്തുചെയ്യും?
ഇനി ജയരാജിന്റെ വീരത്തെപ്പറ്റി. വടക്കന്‍പാട്ടിനേക്കാള്‍ വൃത്തിയുള്ള ഷേക്ക്‌സ്പിയര്‍ ദൃശ്യവ്യാഖ്യാനമാണത്. നൂറുശതമാനവും മാക്ബത്തിനോട് നീതി പുലര്‍ത്തുന്ന ആഖ്യാനം. വടക്കന്‍ പാട്ട് അതിനു പുതിയൊരു ദൃശ്യസാധ്യതനല്‍കുന്നുവെന്നേയുളളൂ. വിശ്വകവിയുടെ ആത്മാവ് തുളുമ്പിനില്‍ക്കുന്നു.

No comments: