Friday, January 06, 2017

നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍


എം.റജുലാല്‍

1998 സെപ്റ്റംബര്‍ 6 ന്റെ കലാകൗമുദി വാരികയില്‍  (ലക്കം 1200) എഴുതിയ പുസ്തകവിചാരം (അക്ഷരകല)


 

ഇറാനിലെ വിഖ്യാത ചലച്ചിത്രസംവിധായകന്‍ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെ പ്രശസ്തമായ ദി സൈകഌസ്റ്റ് എന്ന ചിത്രം സംവിധായകന്റെ ആത്മാനുഭവവുമായി ബന്ധപ്പെട്ട സിനിമയാണ്. പാക്കിസ്ഥാനിലുണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സൈക്കിള്‍ യജ്ഞം നടത്തി പണമുണ്ടാക്കി പത്താം ദിവസം ക്ഷീണിതനായി കുഴഞ്ഞുവീണു മരിച്ച ഒരഭയാര്‍ത്ഥിയുടെ ദുരന്തത്തിന് മഖ്മല്‍ബഫിനും സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്.
കലാകാരന്റെ മനസിനു തിരസ്‌കരിക്കാന്‍ കഴിയാത്ത ഇത്തരത്തിലുള്ള സംഭവങ്ങള്‍ കനലായെരിഞ്ഞ് നല്ല കലാസൃഷ്ടികള്‍ക്കു പിറവികൊടുക്കുമെന്നാണു മഖ്മല്‍ബഫിനെ മുന്‍നിര്‍ത്തി ശ്രീ എ.ചന്ദ്രശേഖര്‍ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തിലൂടെ ആവര്‍ത്തിക്കുന്നത്.
ഈ പുസ്തകത്തിലെ പതിനൊന്ന് അധ്യായങ്ങളും സിനിമാസ്വാദനങ്ങളാണ്. പഠനമല്ല. സെല്ലുലോയ്ഡ് തരുന്ന നിഴല്‍ചിത്രങ്ങളുടെ നേര്‍ക്കുള്ള മനസു തുറക്കുന്ന ആഹഌദമാണ്. ലൂമിയര്‍ സഹോദരന്മാര്‍ തുടങ്ങിവച്ച സിനിമയുടെ, ഒന്നര നൂറ്റാണ്ടു മാത്രം പഴക്കമുള്ള സിനിമാചരിത്രം തേടി പിറകോട്ടു പോവകുയൊന്നുമല്ല ചന്ദ്രശേഖര്‍.
എല്ലാ ലേഖനങ്ങളും വര്‍ത്തമാനകാലത്തിന്റെ ഫ്രെയിമിലൊതുങ്ങുന്നു.സൃഷ്ടിപരമായി സംവിധായകനു ഭരണകൂടത്തില്‍ വലിയ വെല്ലുവിളികള്‍ അനുഭവിക്കേണ്ടിവരുന്ന ഇറാനിയന്‍ സിനിമയില്‍ നിന്നാണ് ഗ്രന്ഥകര്‍ത്താവ് ആരംഭിക്കുന്നത്.
ജീവിക്കാനറിയാത്ത മനുഷ്യരുടെ, അല്ലെങ്കിലെപ്പോഴോ അബോധപൂര്‍വം ദജീവിതം കൈപ്പിടിയില്‍ നിന്നുമൂര്‍ന്നുപോയവരുടെയൊക്കെ കഥ പറയാനിഷ്ടപ്പെടുന്ന പോളിഷ് സംവിധായകന്‍ കീസ് ലോവ്‌സ്‌കിയുടെ രചനകളുടെ ചെറുവിവരണം പുസ്തകത്തിലുണ്ട്.
റഷ്യന്‍ സിനിമയുടെ പരിണാമം ആ രാജ്യം നേരിട്ട പീഡനങ്ങളോടുള്ള നേരനുപാതപ്രതികരണം കൂടിയാണ്. അലക്‌സാണ്ടര്‍ ഡോവ്‌ഷെങ്കോയും സീഗോ വിര്‍ത്തോഫും തര്‍ക്കോവ്‌സ്‌കിയും ഈ പ്രതികരണേച്ഛയുടെ സൃഷ്ടികളാണ്.
പുസ്തകത്തിന്റെ അഞ്ചു മുതലുള്ള അധ്യായങ്ങള്‍ ക്‌ളോസപ്പ് ഷോട്ടുകളാണ്. മലയാള സിനിമയുടെ മുഖങ്ങളാണ് അതിലൊക്കെയും നിറയുന്നത്. അടൂരിനെയും അരവിന്ദനെയും ജോണ്‍ ഏബ്രഹാമിനെയുമൊക്കെ അര്‍ഹമായ വിധത്തില്‍ പ്രതീര്‍ത്തിക്കുമ്പോള്‍ത്തന്നെ ഒരു ചോദ്യം മറന്നുപോകാതെ ചന്ദ്രശേഖര്‍ ചോദിക്കുന്നു. വ്യാപാരവിജയം നേടിപ്പോകുന്നതുകൊണ്ടുമാത്രം ഫാസിലിനെപ്പോലുള്ള സംവിധായകരുടെ ചിത്രങ്ങളെ ധൈഷണികമായ ഒരു വിലയിരുത്തലില്‍ നിന്ന് ഒഴിവാക്കണമോയെന്ന ചോദ്യം.
എം.ടി.യുടെ, ഒന്നിലും ഒരിക്കലും തൃപ്തി നേടാനാവാത്ത, ആരാലും മനസിലാക്കപ്പെടാത്ത നാടകീയമായ ജീവിതവിപത്തുകളിലേക്കു പരിണമിക്കുന്ന നായകന്മാരെ നന്മായുടെ വാരിക്കുഴികള്‍ എ്‌ന അധ്യായത്തില്‍ അപഗ്രഥിച്ചിരിക്കുന്നു. എം.ടി.ചിത്രങ്ങളെ സംബന്ധിച്ചുള്ള പ്രശ്ംസനീയങ്ങളായ വിലയിരുത്തലുകളാണ് ആ കഥാപാത്രങ്ങളില്‍ നിന്നു ചന്ദ്രശേഖര്‍ വേര്‍തിരിച്ചെടുത്തത്.
സിനിമയില്‍ കൗതുകമുള്ളവര്‍ക്ക് നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകം പ്രയോജനപ്പെടും.

No comments: