നല്ല സിനിമയുടെ പക്ഷത്തു
നിന്നുകൊണ്ട് ഗൗരവ
പൂര്‍ണമായ ചില ചിന്തകള്‍
ഒ.കെ.ജോണി
(തിരുവനന്ത
പുരം ചാന്ദിനി ബുക്‌സ് 1998ല്‍ പുറത്തിറ
ക്കിയ എ.ചന്ദ്ര
ശേഖറിന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തെ വിലയിരുത്തി 1998 ജൂലൈ 15 ലക്കം ഇന്ത്യ ടുഡേ മലയാളത്തില്‍ എഴുതിയ നിരൂപണം)
നല്ല സിനിമയുടെ പക്ഷത്തുനിന്നുകൊണ്ട് ചലച്ചിത്രപ്രവണതകളെയും കൃതികളെയും സാങ്കേതികവിദഗ്ധരെയും മൗലിക കലാകാരന്മാരെയും പരിചയപ്പെടുത്തുകയും ചലച്ചിത്രവ്യവസായത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക സ്വാധീനങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുക എന്ന പ്രാഥമിക ദൗത്യം നമ്മുടെ ഫിലിം ജേര്‍ണലിസത്തിന് അന്യമാണ്. ഈ പശ്ചാത്തലത്തിലാണ് പത്രപ്രവര്‍ത്തകനായ എ.ചന്ദ്രശേഖറിന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ ശ്രദ്ധേയമാവുന്നത്. ഫിലിം ജേര്‍ണലിസത്തെ ഔചിത്യപൂര്‍വം വിനിയോഗിക്കാനുള്ള ബോധപൂര്‍വമായൊരു ശ്രമം ചന്ദ്രശേഖറിന്റെ ലേഖനങ്ങളിലുണ്ട്.
ലോകസിനിമയിലെ ശ്രദ്ധേയരായ രണ്ടു സമകാലിക ചലച്ചിത്രകാരന്മാരെ പരിചയപ്പെടുത്തുന്നവയാണ് ആദ്യത്തെ രണ്ടു ലേഖനങ്ങള്‍. ഇറാനിയന്‍ സിനിമയെ ലോകസിനിമയുടെ തലത്തിലേക്കുയര്‍ത്തിയ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെയും പ്രഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് കീസ് ലോഫ്‌സ്‌കിയുടെയും സംഭാവനകളെക്കുറിച്ചാണ് ഇതില്‍ സാമാന്യമായി പ്രതിപാദിക്കുന്നത്. ഐസന്‍സ്റ്റീന്‍ മുതല്‍ താര്‍ക്കോവ്‌സ്‌കി വരെയുള്ള വലിയ കലാകാരന്മാരിലൂടെ ചലച്ചിത്രകലയ്ക്കുണ്ടായ നേട്ടങ്ങളെ സാന്ദര്‍ഭികമായി പരാമര്‍ശിച്ചുകൊണ്ട് നിശ്ചലാവസ്ഥയിലേക്കു ചൂണ്ടുന്ന ലേഖനത്തിലും, തിരുവനന്തപുരത്തു നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ മുന്‍നിര്‍ത്തി ലോകസിനിമയുടെ വര്‍ത്തമാനകാല പ്രവണതകളെ അവലോകനം ചെയ്യുന്ന ലേഖനത്തിലും പരിമിതമായ പശ്ചാത്തല വിവരങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിങ്ങിന്റെ പരിമിതിയും ദൗര്‍ബല്യവും പ്രകടമാണ്. ' ലോകത്ത് ഏതു ഭാഷാ ചിത്രങ്ങളോടൊപ്പവും ആവിഷ്‌കരണ ഭദ്രതകൊണ്ട് ഇന്ത്യന്‍ ഭാഷാചിത്രങ്ങള്‍ക്കു സ്ഥാനമുണ്ട് ' എന്ന അതിരുകടന്ന അഭിമാനം ഒരുദാഹരണം.
അഗ്രഹാരത്തില്‍ കഴുത രാഷ്ട്രീയത്തെ പരിഹസിക്കുന്ന കറതീര്‍ന്ന ബിംബമാണെന്നും കാഞ്ചനസീതയുടെ തുടര്‍ച്ചയാണ് പിറവിയെന്നും മണിച്ചിത്രത്താഴ് പ്രതീകങ്ങളാല്‍ സമ്പന്നമാണെന്നും മറ്റുമുള്ള, ആശയക്കുഴപ്പങ്ങളുടെ സൃഷ്ടിയായ കേവലപ്രസ്താവങ്ങള്‍ (ആത്മാവിഷ്‌കാരത്തിന്റെ ദൃശ്യസ്വപ്‌നങ്ങള്‍) മറ്റൊരു ലേഖനത്തിലും കാണാം. ബോംബെ, റോജ, മണിച്ചിത്രത്താഴ്, ദേശാടനം തുടങ്ങിയ സിനിമകളെ ചൂണ്ടി, ' വ്യാപാരവിജയവും കലാമൂല്യവും ഒരുപോലെ ഉറപ്പുവരുത്തിയ ഈ സിനിമകളെ മനസിലാക്കുന്നതില്‍ നിരൂപകര്‍ പരാജയപ്പെട്ടു' എന്നൊരു വിചിത്രമായ ആക്ഷേപം ലേഖകന്‍ ഉന്നയിക്കുന്നു. ഈ ആരോപണത്തിനു പിന്നിലെ വീക്ഷണരാഹിത്യം തന്നെയാണ് ഗുരു എന്ന അത്യന്തം ബാലിശവും അപകടകരവുമായ സിനിമയെ 'വ്യര്‍ത്ഥജീവിതത്തില്‍ നാം കാണാതെ പോയ നന്മകളിലേക്ക് നമ്മുടെ അകക്കണ്ണു തുറപ്പിക്കുന്ന ചലച്ചിത്രസൃഷ്ടി' എന്നു വിശേഷിപ്പിക്കാന്‍ ലേഖകനെ പ്രേരിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ വര്‍ഗീയകലാപങ്ങളെ എതിര്‍ക്കുന്നതായും ശാന്തിക്കും സമാധാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നതായും മറ്റും ഭാവിക്കുന്നതുകൊണ്ടും 'സാങ്കേതികത്തികവു' കൊണ്ടും ലേഖകന്‍ പ്രശംസക്കുന്ന ഈ ചലച്ചിത്രങ്ങള്‍ ഫലത്തില്‍ കമ്പോളത്തിന്റെയും വര്‍ഗീതയുടെയും മാരകമായ പ്രത്യയശാസ്ത്രങ്ങളെയാണ് പുനരുല്‍പ്പാദിപ്പിക്കുന്നതെന്നു തിരിച്ചറിയാന്‍ ചിഹ്നങ്ങളിലൂടെയുള്ള ശരിയായ ചലച്ചിത്ര പാരായണ രീതികളെ അവലംബിക്കേണ്ടിവരും. അത്തരം ഗാഢപാരായണ സാധ്യതകള്‍ ഫിലിം ജേര്‍ണലിസത്തിന്റെ പരിധിയിലൊതുങ്ങുന്നതല്ലെങ്കിലും ഓസ്‌കാര്‍ മത്സരപ്രവേശനലബ്ധിയും ചിത്രത്തില്‍ ഇടയ്ക്കിടെ മുഴങ്ങുന്ന സോദ്ദേശ്യമുദ്രാവാക്യങ്ങളും പ്രേക്ഷകരെ മോഹിപ്പിക്കുന്ന സാങ്കേതികവിസ്മയങ്ങളും ഒന്നുമല്ല നല്ല സിനിമയുടെ മാനദണ്ഡങ്ങള്‍ എന്ന തിരിച്ചറിവ് ഫിലിംസ ജേര്‍ണലിസത്തിലും അത്യന്താപേക്ഷിതമാണ്.
എം.ടി.വാസുദേവന്‍ നായരുടെ ചലച്ചിത്രരചനകളിലെ നായകസങ്കല്‍പത്തെക്കുറിച്ച് ആലോചിക്കുന്ന നന്മയുടെ വാരിക്കുഴികള്‍ എന്ന ലേഖനം എം.ടി.യുടെ നായകന്മാരോളം ശക്തരല്ല അദ്ദേഹത്തിന്റെ നായികമാര്‍ എന്നു നിരീക്ഷിക്കുന്നു. എം.ടി.യുടെ നായികന്മാരിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടെത്താമെന്ന ഒരു സൂചനയും ആ വഴിക്കുള്ള അന്വേഷണവും ഈ ലേഖനത്തിലുണ്ട്. ഡോക്യുമെന്ററികള്‍ക്ക് എന്തുപറ്റി എന്ന ലേഖനത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് ഫിലിംസ് ഡിവിഷന്‍ ചിത്രങ്ങളെക്കുറിച്ചാണ്. ആനന്ദ പട് വര്‍ദ്ധനിലൂടെയും മറ്റും സജീവമായ സ്വതന്ത്ര ഡോക്യുമെന്ററി ശാഖയെക്കുറിച്ച് സൂചനപോലുമില്ലാത്തതിനാല്‍ ഈ ലേഖനം അപൂര്‍ണമോ ഭാഗികമോ ആണ്. ഇന്ത്യന്‍ സിനിമയിലെ ട്രെന്‍ഡുകളെക്കുറിച്ചും ഫോര്‍മുലയെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങളുടെയും പരാധീനതയാണിത്. ഇതൊക്കെയാണെങ്കിലും, ചലച്ചിത്രസാഹിത്യത്തിന്റെ ഭാഗമായ ഫിലിം ജേര്‍ണലിസം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന മലയാളത്തിലെ അപൂര്‍വം പുസ്തകങ്ങളിലൊന്നാണിത്.
No comments:
Post a Comment