Monday, January 23, 2017

മേനോനും മലയാള സിനിമയും


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2002ല്‍ പുറത്തിറക്കിയ പി.എന്‍.മേനോന്‍-കാഴ്ചയെ പ്രണയിച്ച കലാപം എന്ന ലഘുജീവചരിത്രപുസ്തകത്തിന് വിശ്വവിഖ്യാത ചലച്ചിത്രകാരനും ചലച്ചിത്ര അക്കാദമിയുടെ അന്നത്തെ ചെയര്‍മാനുമായ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതിയ ആമുഖക്കുറിപ്പ്. ഇതിലാണ് ആദ്യമായി ചന്ദ്രശേഖര് നിരൂപകന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.

മലയാളസിനിമയെ ആധുനികതയിലേക്കു നയിച്ചവരില്‍ പ്രഥമസ്ഥാനീയനാണ് പി.എന്‍.മേനോന്‍. സിനിമ സംവിധാനം ചെയ്യുന്നതിന് എത്രയോ മുമ്പു തന്നെ തന്റെ പോസ്റ്റര്‍-പരസ്യ ഡിസൈനുകളുടെ പ്രത്യേകതകൊണ്ട് ചലച്ചിത്രപ്രേമികളുടെയിടയില്‍ മേനോന്‍ ശ്രദ്ധേയനായിക്കഴിഞ്ഞിരുന്നു. വ്യത്യസ്തത മേനോന്റെ കലയുടെ മുഖമുദ്രതന്നെയാണ്. നിയോ റിയലിസ്റ്റ് സിനിമയില്‍ ആവേശം കൊള്ളുകയും ക്യാമറയുടെ കലാസാദ്ധ്യതകളെക്കുറിച്ച് അസ്വസ്ഥസ്വപ്‌നങ്ങള്‍ കണ്ട് ഉറക്കമുണരുകയും ചെയ്ത മേനോന് ഏതാണ്ട് അതേതരം സ്വപ്‌നങ്ങള്‍ താലോലിച്ചിരുന്ന സുഹൃത്ത് മണിസ്വാമി ഒരുക്കിക്കൊടുത്ത കന്നിസന്നാഹമായിരുന്നു, റോസി. പതിവുകള്‍ പലതിനെയും നിര്‍ദ്ദാക്ഷിണ്യം ചോദ്യം ചെയ്തുകൊണ്ടുതന്നെയായിരുന്നു മേനോന്റെ ചരിത്രപ്രാധാന്യമുള്ള രംഗപ്രവേശം. ഇ.എന്‍.ബാലകൃഷ്ണനുമായി ചേര്‍ന്നൊരുക്കിയ വൃത്തിയും ഭംഗിയുമുള്ള പുറംകാഴ്ചകളില്‍ ജീവന്‍ തുടിക്കുന്ന ഗ്രാമാന്തരീക്ഷവും നല്ല നാടകീയമൂഹൂര്‍ത്തങ്ങളും എല്ലാംകൂടി റോസി ഓര്‍മിക്കപ്പെടാനര്‍ഹതയുള്ള ഒരു നല്ല സിനിമയായി മാറി.
തുടര്‍ന്ന് മലയാളസിനിമയിലെ അപൂര്‍വചാരുതയുള്ള ഓളവും തീരവും എം.ടി-രവിവര്‍മ്മ കൂട്ടുകെട്ടില്‍ സാധിതമാക്കി. മറക്കാനാവാത്ത മറ്റൊരുചിത്രമായിരുന്നു കുട്ട്യേടത്തി. അടുക്കളക്കത്തികൊണ്ട് അരിമ്പാറ ചെത്തുന്ന കുട്ട്യേടത്തിയെ ഒരിക്കല്‍ കണ്ടവര്‍ മറക്കില്ല.
ഒത്തുതീര്‍പ്പുകള്‍ക്കൊരുങ്ങാത്ത ഈ കറുപ്പ്-വെളുപ്പ് ചിത്രങ്ങള്‍ക്ക് കാലം കനിഞ്ഞുനല്‍കിയ ഒരാവരണ ശോഭകൂടി വന്നണയുന്നത് തെല്ലൊരു വിസ്മയത്തോടെ നാമറിയുന്നു.
സാഹസികമായിരുന്നു പി.എന്‍.മേനോന്റെ ഇനിയും തുടരുന്ന ചലച്ചിത്രസപര്യ.സാമ്പത്തിക ഭദ്രതയിലേക്ക് കുറുക്കുവഴികള്‍ തേടാത്ത ഈ മനുഷ്യന്‍ അടങ്ങാത്തൊരു കലാപകാരിയാണ്. കലാപം പതിവുകളോടും സാധാരണത്വത്തോടും അനുരഞ്ജനങ്ങളോടുമാണെന്നതിനാല്‍ വിവേചനബുദ്ധിയുള്ള ആസ്വാദനകനിലത് അസാമാന്യമായ മതിപ്പുമുളവാക്കുന്നു.
യുവപത്രപ്രവര്‍ത്തകനും നിരൂപകനുമായ എ.ചന്ദ്രശേഖര്‍ എഴുതിത്തയ്യാറാക്കിയ ഈ ചെറുഗ്രന്ഥം പി.എന്‍.മേനോന്റെ കലയേയും പ്രതിഭയേയും വ്യക്തിത്വത്തെയും മലയാളികളായ ചലച്ചിത്രകുതുകികള്‍ക്ക് അഭിമാനപുരസരം പരിചയപ്പെടുത്തുന്നു.
ചലച്ചിത്രരംഗത്ത സമഗ്രസംഭാവനകള്‍ക്കുള്ള ഈ വര്‍ഷത്തെ ജെ.സി.ഡാനിയല്‍ അവാര്‍ഡിനര്‍ഹനായ സര്‍ഗ്ഗധനനായ പി.എന്‍.മേനോന് ചലച്ചിത്ര അക്കാദമിയുടെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍


അടൂര്‍ ഗോപാലകൃഷ്ണന്‍
ചെയര്‍മാന്‍


കഥാപുരുഷനെ നേരില്‍ക്കണ്ടപ്പോള്‍
 


Monday, January 16, 2017

ദംഗല്‍ കച്ചവടത്തിലെ കല


article in Kalakaumudi
എ.ചന്ദ്രശേഖര്‍

ഒറ്റവാചകത്തില്‍ പ്പറഞ്ഞാല്‍ ആമിര്‍ ഖാന്‍ ഒരു പഠിച്ച കള്ളനാണ്. ഒരു വിഷയത്തില്‍ വളരെയേറെ കൈത്തഴക്കം സമ്പാദിക്കുകയും പിന്നീട് ആ തൊഴിലില്‍ വളയമില്ലാതെ ചാടുകയും ചെയ്യുന്നയാളെ പഠിച്ച കള്ളനെന്നു വിളിക്കാം. കാരണം അഭ്യാസത്തില്‍ അയാളുടെ ബോധപൂര്‍വമുള്ള ഉപേക്ഷകള്‍, ആരും ശ്രദ്ധിച്ചെന്നുപോലും വരില്ല. അത്രയ്ക്ക് വിശ്വസീയമായി ഒരു കൂട്ടത്തെ കണ്‍കെട്ടിനുവിധേയമാക്കുന്നവരെ പഠിച്ച കള്ളനെന്നല്ലാതെ എന്തു വിളിക്കുമെന്നാണ്? പി.കെ.യ്ക്കു ശേഷം, ആമിര്‍ ഖാന്റെ നിര്‍മാണ സംരംഭമായ ദംഗല്‍ എന്ന സിനിമയെ സൂക്ഷ്മമായി വിലയിരുത്തുമ്പോഴാണ് ചലച്ചിത്രമെന്ന മാധ്യമത്തില്‍, അതിന്റെ കമ്പോളവ്യാകരണത്തിലും വിപണനസങ്കേതത്തിലും ആമിര്‍ ഖാന്‍ എന്ന സിനിമാക്കാരന്‍ നേടിയിരിക്കുന്ന മേല്‍ക്കൈയ്യും കൈത്തഴക്കവും ബോധ്യമാവുക.

വാസ്തവത്തില്‍ എന്താണ് ദംഗല്‍ എന്ന സിനിമ? അല്ലെങ്കില്‍ ദംഗല്‍ എന്ന സിനിമയില്‍ ഇത്രമാത്രം ആഘോഷിക്കപ്പെടാനുള്ള എന്തൊക്കെ ഘടകങ്ങള്‍/സവിശേഷ ചേരുവ ആണുള്ളത്? തീര്‍ച്ചയായും, ആമിര്‍ ഖാന്റെ തന്നെ അഷുതോഷ് ഗവാരിക്കറുടെ ലഗാന്‍ (2001), ഷാരൂഖ് ഖാന്റെ ഛക് ദേ ഇന്ത്യ (2007), അടുത്തിടെ പുറത്തിറങ്ങിയ മേരീകോം, മില്‍ഖ സിങ്, അസറൂദ്ദീന്‍, ഇഖ്ബാല്‍, എം.എസ് ധോണി ദ് അണ്‍റ്റോള്‍ഡ് സ്‌റ്റോറി തുടങ്ങിയ ന്യൂ ജനറേഷന്‍ കായിക ജീവചരിത്രസിനിമകള്‍, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ തുടങ്ങിയവയുടെ തുടര്‍ച്ചയോ വിപുലീകരണമോ മാത്രമാണ് ദംഗല്‍. മറ്റൊരുതരത്തില്‍, ഇപ്പറഞ്ഞ ജീവചരിത്രസിനിമകളുടെ തുടര്‍ച്ചയായൊരു യഥാര്‍ത്ഥ ജീവിതകഥ തന്നെയാണ് ദംഗലിന്റേതും. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് മഹാവീര്‍ സിങ് ഫോഗത് എന്ന ഹരിയാനക്കാരന്‍ ഫയല്‍വാന്റെയും അദ്ദേഹത്തിന്റെ രാജ്യാന്തര ചാമ്പ്യന്മാരായ പെണ്‍മക്കള്‍ ഗീത ഫോഗത്തിന്റെയും ബബിത ഫോഗത്തിന്റെയും കഥയില്‍ നിന്നു പ്രചോദനം കൊണ്ടതാണ് ഇതിന്റെ തിരക്കഥ. ഉള്ളടക്കത്തില്‍ അതിന് മിഥുന്‍ ചക്രവര്‍ത്തിയുടെ 84ലെ ബോക്‌സര്‍ സിനിമയോടൊക്കെയാണ് ചാര്‍ച്ച. സല്‍മാന്റെയും ഷാരൂഖിന്റെയും മറ്റ് ബയോപിക് സിനിമകളുടെയും പോലെ, അത്യാവശ്യം ഇച്ഛാശക്തി, പോരാത്തതിന് സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ്, എരിവിന് അല്‍പം ദേശഭക്തി, വഞ്ചന, പശ്ചാത്താപം എന്നിവയെല്ലാം ചേരുംപടി ചേര്‍ത്തുണ്ടാക്കിയ നാടകീയമായൊരു മുഖ്യധാരസിനിമ തന്നെയാണു ദംഗല്‍. എന്നാലും ദംഗല്‍ ഇവയില്‍ നിന്നെല്ലാം വേറിട്ടതായി, വ്യത്യാസപ്പെട്ടതായി കാണികള്‍ക്ക് അനുഭവപ്പെടുന്നു. അതാണു ആമിര്‍ ഖാനെന്ന പഠിച്ച കള്ളന്റെ കൈത്തഴക്കം.
സിനിമ എന്നതു തന്നെ ഒരു വിശ്വസിപ്പിക്കലാണ്. അയഥാര്‍ത്ഥ്യത്തെ അതുമല്ലെങ്കില്‍ അതിയാഥാര്‍ത്ഥ്യത്തെ സത്യമെന്നോണം കാണിയെ ബോധ്യപ്പെടുത്തുന്ന മാധ്യമം. പക്ഷേ, കാണാന്‍ മാനസികമായി പരുവപ്പെട്ടിരിക്കുന്ന പ്രേക്ഷകനെ കളിപ്പിക്കാതെ അവനെ കാഴ്ചയുടെ കെണിയില്‍പ്പെടുത്തിയിരുത്തണമെങ്കില്‍ അതിന് ചെറിയ മെയ് വഴക്കമൊന്നും പോരാ. അത്തരമൊരു ഇന്ദ്രജാലമാണ് ദംഗലിലൂടെ ആമിര്‍ ഖാന്‍ കാണിച്ചുതരുന്നത്. അതുകൊണ്ടുതന്നെയാണ് മള്‍ട്ടീപഌക്‌സ് സിനിമാസംസ്‌കാരം ഇഷ്ടപ്പെടുന്ന നവസിനിമാപ്രേക്ഷകര്‍ക്കിടയില്‍ ഒരു ഹിറ്റ് സിനിമയ്ക്കുള്ള രസക്കൂട്ട് നിര്‍വചിക്കുകയാണ് ദംഗല്‍ എന്ന നിരൂപണം ദംഗലിനെപ്പറ്റി ഉയര്‍ന്നുവന്നത്.നൂറുകോടി കഌബില്‍ നിന്ന് അതുക്കും മേലേ ദംഗല്‍ പടര്‍ന്നു കയറുന്നതു കാണുമ്പോള്‍ ഈ വിമര്‍ശനത്തിന്റെ സാധുത കൂടുതല്‍ വ്യക്തമാകുന്നുമുണ്ട്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച സിദ്ധികളുള്ള.അനുഗ്രഹീത നടനാണ് ആമിര്‍ ഖാന്‍. കഴിവിനപ്പുറം സാമൂഹികപ്രതിബദ്ധതയും അതുകൊണ്ടുതന്നെ സ്വാഭാവികമായ സ്വതന്ത്ര ഇടപെടലുകളും കൊണ്ട് ഒരേ സമയം ശ്രദ്ധയിലും വിവാദത്തിലും ഇടം നേടുന്ന നടന്‍. കമ്പോള/കലാ വ്യത്യാസങ്ങളില്ലാതെ സിനിമയെ അതിന്റെ സമഗ്രതയില്‍ സമീപിക്കുകയും ആത്മാവിഷ്‌കാരത്തിനുപയോഗിക്കുകയും ചെയ്യുന്ന തികഞ്ഞ കലാകാരന്‍. അതുകൊണ്ടുതന്നെ വര്‍ഷത്തിലൊരിക്കലോ മറ്റോ ഒരു ആമിര്‍ ഖാന്‍ സിനിമ ഇറങ്ങുമ്പോള്‍ അതു പ്രതീക്ഷയോടെ കാത്തുനില്‍ക്കാന്‍ ഏറെ പ്രേക്ഷകപിന്ഗാമികളെ അദ്ദേഹത്തിനു നേടാനായതും. രജനീകാന്തിന്റെയും കമല്‍ഹാസന്റെയും ആമിര്‍ഖാന്റെയും ഷാരൂഖ് ഖാന്റെയും മറ്റും സിനിമകളുടെ കാര്യത്തിലെന്നപോലെ, ആമിറിന്റെ സിനിമയുടെയും സംവിധായകനാരെന്നോ രചയിതാവാരെന്നോ ഉള്ളതല്ല പൊതുവേ കണക്കിലെടുക്കപ്പെടുക. ദംഗലിന്റെ കാര്യത്തില്‍ത്തന്നെ അതെഴുതിയതാരെന്നതോ സംവിധാനം ചെയ്തതാരെന്നോ ആ സിനിമ ഇത്രയേറെ ആഘോഷിക്കപ്പെട്ടുകഴിഞ്ഞിട്ടും ശരാശരി പ്രേക്ഷകരില്‍ എത്രപേര്‍ക്ക് തിരിച്ചറിയാമെന്നതൊരു ചോദ്യമാണ്. പക്ഷേ, രജനീകാന്തിന്റേതില്‍ നിന്നു വ്യത്യസ്തമായി, അന്ധമായ താരപ്രഭാവത്തിലല്ല ദംഗലോ, ആമിറിന്റെ മുന്‍കാല ചിത്രങ്ങളോ വിപണനം ചെയ്യപ്പെട്ടിട്ടുള്ളതും വിപണിവിജയം കരസ്ഥമാക്കിയിട്ടുളളതും എന്നിടത്താണ് ഖാന്‍ വിഭിന്നനാവുന്നത്. ദംഗലിന്റെ കാര്യത്തിലും ഈ വ്യത്യസ്തത തന്നെയാണ് അതിന്റെ ലാവണ്യവും.
സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായുമുള്ള ഏത് അളവുകോലെടുത്താലും ദംഗല്‍ പി.കെ.യോളം അര്‍ത്ഥമാനങ്ങളുള്ളൊരു സിനിമയല്ല. എന്നാല്‍ ഇത്തരത്തിലൊരു താരതമ്യം ഒരുപക്ഷേ ഒരു മുഖ്യധാരാ കമ്പോളസിനിമയെ വിലയിരുത്തുമ്പോള്‍ സാധുവാണോ എന്നതും പരിഗണിക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റൊന്നിനോളം വന്നില്ല എന്നതുകൊണ്ടു മാത്രം ഒന്ന് മോശമാവുന്നുമില്ല. ദംഗല്‍ ആമിര്‍ മറ്റേതൊരു സിനിമയേയും പോലെ, ഒരു പക്ഷേ ശാരീരികമായി അതിനേക്കാളേറെ ക്‌ളേശിച്ചു നിര്‍മിച്ച സിനിമയാണ്. ഒരു പക്ഷേ ഒരു നടന്‍ ഒരു സിനിമയ്ക്കുവേണ്ടി എത്രമാത്രം ശാരീരികമായ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നുവെന്നതിന്റെ പില്‍ക്കാല റഫറന്‍സുകളിലൊന്നായി ഇതു മാറിയേക്കാം. ഇന്ത്യന്‍ ഗുസ്തി ചാംപ്യനു വേണ്ട പേശീബലമുള്ള ദൃഢശരീരക്ഷമത മുതല്‍ ഏതാണ്ട് 30 വര്‍ഷത്തോളം നീളുന്ന ജീവിതകാലഘട്ടങ്ങളില്‍ വിവിധ തലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് ആമിര്‍ ഖാന്‍. മേക്കപ്പും ഗ്രാഫിക്‌സുമടക്കം സിനിമയുടെ വ്യാജസങ്കേതങ്ങളുടെ പിന്തുണകളൊന്നും തേടാതെ ശരീരത്തെ കായികമായിത്തന്നെ മാറ്റിയെടുത്തും ശരീരഭാരം കൂട്ടിയുമൊക്കെത്തന്നെയാണ് ആമിര്‍ ഇതു സാധ്യമാക്കിയിരിക്കുന്നത്. അമ്പതുവയസുകാരനാകുമ്പോള്‍ കുംഭയുമൊക്കെയായി അദ്ദേഹത്തിനു വരുന്ന ശാരീരികമാറ്റത്തെ വിസ്മയത്തോടെയേ നോക്കിയിരിക്കാനാവുകയുള്ളൂ.
എന്നാല്‍ ദംഗലില്‍ ഏറെ ബുദ്ധിപൂര്‍വം ആമിര്‍ ഖാന്‍ പരീക്ഷിച്ചിട്ടുള്ളൊരു മാറ്റമാണ് ഈ താരസിനിമയുടെ ഏറ്റവും വലയി വിജയഘടകം. ആദ്യ ഫ്രെയിം മുതല്‍ അവസാനഫ്രെയിം വരെ പ്രത്യക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെ, തന്റെ കഥാപാത്രത്തെയും താരവ്യക്തിത്വത്തെത്തന്നെയും സിനിമയുടെ പ്രമേയപരിസരങ്ങളില്‍ രണ്ടാം നിരയിലേക്ക് തള്ളിമാറ്റിക്കൊണ്ട് ചിത്രത്തില്‍ നായികമാരായ രണ്ടുപേര്‍ക്ക് മുന്‍നിരയിലേക്കു സ്ഥാനക്കയറ്റം നല്‍കുക വഴിയാണ് ബുദ്ധിപൂര്‍വം ആമിര്‍ തന്റെ താരവ്യക്തിത്വം അരക്കിട്ടുറപ്പിക്കുന്നത്. ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നവന്‍ എപ്പോഴും കാഴ്ച്ചയ്ക്കപ്പുറത്താണെങ്കിലും ആ സാന്നിദ്ധ്യം തോന്നിപ്പിക്കുന്നതിലാണ് കലാകാരന്റെ വിജയം. തന്നേക്കാളേറെ പ്രാധാന്യം നല്‍കി തന്റെ സഹകഥാപാത്രങ്ങളെ മുന്നോട്ടു കൊണ്ടുവന്നു എന്ന ഖ്യാതി പുറമേ.
ലളിതമായൊരു കഥാവസ്തുവാണ് ദംഗലിന്റേത്. ഹരിയാനയിലെ ഫയല്‍വാന്മാരുടെ ഗ്രാമത്തില്‍ പിറന്ന മഹാവീറിന് ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളില്‍ പ്രതികൂല സാഹചര്യങ്ങളെയും സാമൂഹികമായ പരിമിതികളെയും അതിജീവിച്ച് ദേശീയ തലത്തില്‍ മികച്ച ഗുസ്തിക്കാരനാവാനായിട്ടും ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലൊരു ശിപായി തസ്തികയില്‍ തൃപ്തിപ്പെടേണ്ടിവരികയാണ്. അയാളുടെ അടഞ്ഞ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ തുടര്‍ പരിശീലനങ്ങള്‍ക്കൊന്നും യാതൊരു സാധ്യതയുമില്ലാതെ പിതാവിന്റെ ആഗ്രഹപ്രകാരമാണ് അയാള്‍ തനിക്കൊട്ടുമിണങ്ങാത്ത തൊഴിലില്‍ ശരാശരി ഇന്ത്യക്കാരിലൊരാളായി ഒതുങ്ങുന്നത്. കുടുംബവും കുട്ടികളുമെല്ലാം അയാള്‍ക്ക് അങ്ങനെതന്നെയായിരുന്നു. ഭര്‍ത്താവ് അച്ഛന്‍ എന്ന നിലയിലെല്ലാം ചെയ്യേണ്ടതു ചെയ്തു എന്നല്ലാതെ ജീവിതത്തില്‍ തൃപ്തനായിരുന്നില്ലയാള്‍. തനിക്കു പിറക്കുന്ന മകനെയെങ്കിലും ലോകചാമ്പ്യനാക്കണമെന്നാശിക്കുന്ന അയാള്‍ക്ക് ജനിച്ചതു നാലും പെണ്‍കുട്ടികള്‍.
അന്നൊരുന്നാള്‍ സ്‌കൂളില്‍ തങ്ങളെ പരിഹസിച്ച ആണ്‍കുട്ടികളെ തല്ലിനിലംപരിശാക്കി വന്ന മൂത്ത രണ്ടു പെണ്‍കുട്ടികളുടെ ചെയ്തിയാണ് ലോകത്തിനു വിചിത്രമെന്നു തോന്നാവുന്ന ചിന്ത അയാളില്‍ കോരിനിറയ്ക്കുന്നത്. തനിക്കു നഷ്ടമായ ലോകചാംപ്യന്‍ഷിപ്പ് തന്റെ പെണ്‍മക്കളിലൂടെ എന്തു കൊണ്ടു നേടിക്കൂടാ? സന്തതസഹചാരിയായ അനന്തരവന്റെയും പൂര്‍ണമനസോടെയല്ലെങ്കിലുമുള്ള ഭാര്യയുടെയും സമ്മതത്തിന്റെ പിന്തുണയോടെ അയാള്‍ അവരെ കഠിനപരിശീലനത്തിനു വിധേയരാക്കുന്നു. പലപ്പോഴും ബാല്യം വിട്ടിട്ടില്ലാത്ത ആ ഇളം കൗമാരക്കാര്‍ക്ക് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു ആ കാര്‍ക്കശ്യം. പതിയെ അവര്‍ ആണുങ്ങളെപ്പോലെ കരുത്തുളളവരാകുന്നു. വാര്‍ഷിക ഗുസ്തിമത്സരത്തില്‍ ആദ്യ തോല്‍വി നേരിടുന്നെങ്കിലും പിന്നീടുള്ള തയാറെടുപ്പുകളുടെ ഫലമായി ഗീത വിജയം നേടുന്നു. അവളുടെ ജൈത്രയാത്രയില്‍ അഖേലേന്ത്യതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും രാജ്യം അവളെ പരിശീലനത്തിനായി ഡല്‍ഹിയിലേക്കു വിളിപ്പിക്കുകയും ചെയ്യുന്നതോടെ മകള്‍ക്കും അച്ഛനുമിടയില്‍ വളരുന്ന അഹവും അകല്‍ച്ചയും തുടര്‍ന്ന് ഇളയവളായ ബബിതയിലൂടെ അയാള്‍ നേടുന്ന ജയവും, ഗീതയുടെ പശ്ചാത്താപവും തിരിച്ചുവരവുമെല്ലാമാണ് എരിപുളിമസാലകളോടെ ബോളിവുഡിന്റെ ഏതാണ്ടെല്ലാ ചേരുവകളോടുംകൂടി ദംഗല്‍ അവതരിപ്പിക്കുന്നത്.
അപ്പോഴും ദംഗലിനെ ദംഗലാക്കുന്ന ഒന്നുണ്ട്. അത് ബോളിവുഡ് മസാലയിലെ ഏറ്റവും പ്രധാന രുചിക്കൂട്ടായ പ്രണയമാണ്. ചക് ദേ ഇന്ത്യയില്‍പ്പോലും നായകന്റേതല്ലാതെ ഉപകഥയായി നായികമാരിലൊരാളുടെ പ്രണയവും കിടപ്പറയും വരെ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ദംഗലില്‍ മുഖ്യ ആഖ്യാനവസ്തുവിനെ വഴിതെറ്റിക്കുന്ന ഒരു ഘടകവുമില്ല. പേരിനുപോലും പ്രണയമോ റൊമാന്റിക് ശൈലിയില്‍ ഒരു ഗാനമോ ഇല്ല. പി.കെ.യിലും താരേ സമീന്‍പറിലുമെല്ലാം ഇവയുണ്ടായിരുന്നെന്നോര്‍ക്കുക. ഗാനങ്ങള്‍ പോലും കഥാഗതിക്ക് വേഗം കൂട്ടാനുള്ള ഉപാധിമാത്രമോ കഥാഗതിക്കൊപ്പമോ ആണ് ചേര്‍ത്തിട്ടുള്ളത്. ഒരു പക്ഷേ, മികച്ചൊരു ആക്ഷന്‍ ത്രില്ലറിന്റെ മൂശയിലാണ് ദംഗല്‍ വാര്‍ത്തിട്ടുള്ളത്. അതാണ് നിതിഷ് തിവാരി പീയൂഷ് ഗുപ്ത, ശ്രേയസ് ജെയ്ന്‍, നിഖില്‍ മെഹ്‌റോത്ര എന്നിവര്‍ ചേര്‍ന്നു സൃഷ്ടിച്ച തിരക്കഥയുടെ ഒന്നാമത്തെ വിജയം. ലഗാനില്‍ നിന്ന് ദംഗല്‍ വേറിട്ടതാവുന്നതും ഉദ്വേഗജനകമായ ഈ ചടുലത കൊണ്ടാണ്. ഒരു നിമിഷം പോലും സീറ്റില്‍ അമര്‍ന്നിരിക്കാന്‍ ഇടനല്‍കുന്നില്ല ദംഗല്‍. അതേസമയം, ആണ്‍കുട്ടിക്കു വേണ്ടി ഒരു ഗ്രാമം മുഴുവന്‍ മഹാവീറിനൊപ്പം പ്രതീക്ഷിച്ചിരിക്കുന്നതും മഹാവീറിന്റെ അനന്തരവന്റെ ചെയ്തികളും, മക്കളുടെ തന്നെ കുസൃതികളുമെല്ലാംവഴി മാന്യമായ ചിരിയടക്കമുള്ള എല്ലാ സാന്ത്വനവും കരുതിവച്ചിട്ടുമുണ്ട് സിനിമ.
കായികസിനിമയുടെ പൊതുവേയുള്ളൊരു പ്രശ്‌നം അതിന്റെ സാങ്കേതികതയാണ്. കളിയറിയാവുന്നവര്‍ക്കാണ് മിക്കപ്പോഴും അവ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുക. ദംഗലും ഇക്കാര്യത്തില്‍ വിഭിന്നമല്ല. എന്നിരിക്കിലും മഹാവീര്‍ മക്കള്‍ക്ക് അടവുകള്‍ പറഞ്ഞുകൊടുക്കുന്ന രംഗങ്ങളില്‍ ഒട്ടും മുഷിപ്പിക്കാതെ തട്ടിലെ നിയമങ്ങള്‍ സിനിമയില്‍ വിവരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവസാനരംഗങ്ങള്‍ അരോചകമാവാതെ രക്ഷപ്പെടുകയും ചെയ്തു.
കായികരംഗത്തെ ദുഷിച്ച പ്രവണതകളെ കണക്കിനു വിമര്‍ശിക്കുന്നുണ്ട് ദംഗല്‍. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമല്ല, സ്വജനപക്ഷപാതിത്വവും അഹംഭാവവുമാണ് ഇന്ത്യന്‍ കായികമേഖലയുടെ ശാപമെന്ന് ചിത്രം പച്ചയ്ക്കു കാണിച്ചു തരുന്നു. പ്രതിരോധിക്കേണ്ടിടത്ത് ആക്രമിക്കുകയും ആക്രമിക്കേണ്ടിടത്തു പ്രതിരോധിക്കുയും പോലുള്ള അപക്വമായ അടവുനയങ്ങളും ചുവടുകളുമാണ്  രാജ്യാന്തര കളിയിടങ്ങളില്‍ ഇന്ത്യന്‍ താരങ്ങളെ ചിരിക്കാനുള്ള വകയാക്കിത്തീര്‍ക്കുന്നത്. വ്യക്തിയുടെ പരിശ്രമങ്ങളെ വ്യവസ്ഥാപിത ഇന്ത്യന്‍ കായികഭരണം എത്രമാത്രം തുച്ഛമായിട്ടാണ് പരിഗണിക്കുന്നതെന്ന് ദംഗല്‍ തുറന്നുകാട്ടുന്നു.
അതിഭാവുകത്വം ബോധപൂര്‍വം ഒഴിവാക്കിയിട്ടുള്ള ഈ സിനിമ ചലച്ചിത്രപരമായ ചില സാഹസികതകളുടെ പേരില്‍ക്കൂടി ശ്രദ്ധേയമാണ്. അതില്‍ പ്രധാനം ഇതിന്റെ ഛായാഗ്രഹണമാണ്. വിശേഷിച്ച് ഫോട്ടോഫിനിഷ് രേഖപ്പെടുത്തുന്ന എക്‌സ്ട്രീം സ്‌ളോ മോഷന്‍ ഗുസ്തി സീനുകള്‍. നടന്മാര്‍ക്കു പകരം വിദഗ്ധ ഡ്യൂപ്പുകളെ ഉപയോഗിക്കുന്ന ബോഡി ഡബിള്‍ സാങ്കേതികത ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ക്കൂടിയും ഗുസ്തിക്കാരല്ലാത്ത നടീനടന്മാരുടെ അതിസങ്കീര്‍ണവും സൂക്ഷ്മവുമായ അടവുചുവടുകള്‍ അത്രയേറെ തന്മയത്വമായി ആവിഷ്‌കരിക്കുന്നതില്‍ സേതു ശ്രീറാമിന്റെ ഛായാഗ്രഹണ മിതത്വം പാടവമായിത്തന്നെ അംഗീകരിക്കേണ്ടിയിരിക്കുന്നു. അതുപോലെ മറ്റൊന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിന്റേതടക്കമുള്ള യഥാര്‍ത്ഥ ക്ലിപ്പിംഗുകളെ ചുളുവില്‍ തനിക്കാക്കി ചിത്രത്തിന് പരമാവധി ആധികാരികത പകര്‍ന്നു നല്‍കുന്ന സംവിധായകന്‍ നിതിഷ് തിവാരിയുടെയും എഡിറ്റര്‍ ബല്ലു സലൂജയുടെയും തന്ത്രവും.
എല്ലാറ്റിനുമുപരി ദംഗലിനെ മറക്കാനാവാത്ത ദൃശ്യാനുഭവമാക്കിമാറ്റുന്നത് അഞ്ചുപേരാണ്. ഗീതയുടെയും ബബിതയുടെയും ബാല്യ കൗമാരങ്ങളെ പ്രതിനിധാനം ചെയ്ത സൈറ വാസിമും സുഹാനി ഭട്‌നഗറും യൗവകാലം ആവിഷ്‌കരിച്ച ഫാത്തിമ സനാ ഷെയ്ക്കും സാനിയ മല്‍ഹോത്രയും അനന്തരവനായി വരുന്ന ഋത്വിക് സഹോറും (ബാലന്‍) അപര്‍ശക്തി ഖുറാനയും. ഇവരുടെ തികച്ചും തന്മയത്വമായ തിരപ്രത്യക്ഷം സിനിമയ്ക്കു നല്‍കിയ ആര്‍ജ്ജവം ചെറുതല്ല.
ദംഗലില്‍ ആരും ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതേയില്ല. പകരം അവരവിടെ കാണുന്നത് കഠിനപ്രയത്‌നത്തിലൂടെ, എല്ലാ പരിമിതികളെയും മറികടന്ന് കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്കു സ്വര്‍ണം നേടിത്തന്ന ഗീതയേയും, പ്രതികൂല ജീവിതാവസ്ഥകളെ, അധികാരത്തിന്റെ കുതികാല്‍വെട്ടുകളെ, മകളുടെ പോലും വൈകാരികമായ ഏറ്റുമുട്ടലുകളെ മനസ്ഥൈര്യത്തോടെ ചെറുത്തുനില്‍ക്കുകയും, സമൂഹത്തിന്റെ കളിയാക്കലുകളെയും കുറ്റപ്പെടുത്തലുകളെയും മറികടന്ന് സാമ്പത്തികമായ ഇല്ലായ്മയില്‍ നിന്നും എല്ലാ എതിര്‍പ്പുകളെയും അനുകൂലമാക്കി മാറ്റിയ മഹാവീര്‍ ഫോഗത് എന്ന മഹാവീരനായ നെടുനായകസ്വത്വത്തെയുമാണ്. അതു തന്നെയാണ് ഈ സിനിമ പ്രേക്ഷകമനസില്‍ ജീവിതത്തെ പ്രത്യാശയോടെ നോക്കിക്കാണാനുള്ള, ലിംഗഭേദങ്ങള്‍ക്കപ്പുറം സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവാഹകമായ അനുഭവിമായി അവശേഷിക്കാന്‍ കാരണം.

Friday, January 06, 2017

നല്ല സിനിമയെക്കുറിച്ചുള്ള സങ്കല്‍പവുമായി


ടി.കെ.സന്തോഷ്‌കുമാര്‍

1998 സെപ്റ്റംബര്‍ 27 ന്റെ കേരളകൗമുദി വാരാന്ത്യപ്പതിപ്പില്‍ എ.ചന്ദ്രശേഖറുടെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവരെപ്പറ്റി എഴുതിയ പുസ്തകലോകം


ചലച്ചിത്രസംബന്ധി
യാ മലയാള പുസ്തകങ്ങള്‍ താരതമ്യേന കുറവാണ്. അതിനാല്‍ അത്തരത്തിലുള്ള ഏതൊരു ശ്രമവും ചലച്ചിത്രാസ്വാദകര്‍ ആനന്ദത്തോടെയാണു സ്വീകരിക്കുന്നത്. എ.ചന്ദ്രശേഖറിന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തെ അവതരിപ്പിക്കുമ്പോള്‍ എം.എഫ്.തോമസ് ഇത്തരമൊരാനന്ദം പങ്കുവയ്ക്കുന്നുണ്ട്.
ചലച്ചിത്രത്തെ സ്‌നേഹിക്കുന്ന ഒരാസ്വാദകന്റെ ആത്മാര്‍ത്ഥമായ അഭിപ്രായപ്രകടനങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങള്‍.  സിനിമയെക്കുറിച്ചു ലേഖകന്റെ മനസിലുറച്ച ചില സങ്കല്‍പങ്ങള്‍ അവ ഉയര്‍ത്തി കാണിക്കുന്നുണ്ട്. അക്കാദമിക് പാണ്ഡിത്യത്തിന്റെ സ്വഭാവങ്ങളല്ല മറിച്ച് ഒരാസ്വാദകന്റെ നേര്‍മുഖങ്ങളാണവയ്ക്കുള്ളത്. ലളിതമായ ഇതിലെ ശൈലി പ്രതിപാദ്യത്തിനിണങ്ങുന്നതുമാണ്. ശിക്ഷണം കിട്ടിയ ഒരു പത്രപ്രവര്‍ത്തകന്റെ ലാളിത്യമാണത്. അതില്‍ മറഞ്ഞിരിക്കുന്ന മഴവില്ലുകളില്ലെങ്കിലും തുറന്നു പറയുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഈ യാഥാര്‍ത്ഥ്യത്തിന്റെ ഇഴകള്‍ അന്വേഷണ തത്പരനായൊരു പത്രപ്രവര്‍ത്തകന്റെ പ്രജ്ഞകൊണ്ടു മെനഞ്ഞെടുത്തതാണ്.
നല്ല സിനിമയെക്കുറിച്ചൊരു ബോധം ചന്ദ്രശേഖറിനുണ്ട്. അതു ചീത്ത സിനിമ എന്താണെന്ന് വേര്‍തിരിവില്‍ നിന്നുണ്ടായതാണ്. ഒരു പക്ഷേ ചന്ദ്രശേഖറിന്റെ നല്ല സിനിമാസങ്കല്‍പം ഭൂരിപക്ഷത്തിന്റേതുമായി ഇണങ്ങിപ്പോകുന്നതായിരിക്കുകയില്ല. അതിനെക്കുറിച്ചൊന്നും വ്യാകുലപ്പെടാതെ വിശ്വസിനിമയുടെ അമരം വഹിക്കുന്ന അമേരിക്കന്‍ സിനിമയെ തള്ളിമാറ്റിക്കൊണ്ട് ചന്ദ്രശേഖറിന്റെ നല്ല സിനിമയുടെ ഗണത്തിലംഗത്വം നേടുന്നത് ഇറാനിലെ സിനിമയാണ്. സംവിധായകന്‍ ഗബ്ബേ, സൈകഌസ്റ്റ്, പെഡ്‌ലര്‍ എന്നീ നല്ല ചിത്രങ്ങള്‍കൊണ്ട് നല്ല ചലച്ചിത്രകാരനെന്ന ഖ്യാതി നേടിയ മഖ്മല്‍ബഫും. നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന ആദ്യാദ്ധ്യായത്തില്‍ ഇതു വായിക്കാം. മഖ്മല്‍ബഫിനോടുള്ള ആരാധന കലര്‍ന്ന ഭാവം തന്നെയാണ് ആധുനിക സിനിമയിലെ തര്‍ക്കോവ്‌സ്‌കി എന്നു കീര്‍ത്തി കേട്ട പോളിഷ് സംവിധായകന്‍ ക്രിസ്‌തോഫ് കീസ് ലോവ്‌സ്‌കിയോടും  ഡോക്യുമെന്ററിയുടെ രൂപഘടന കഥാചിത്രങ്ങളുടെയും ആത്മാവാക്കിയ അദ്ദേഹത്തിന്റെ ഡെക്കാലോഗ്ുകളോടുമുള്ളത്. (അനശ്വരതയുടെ വാങ്മയ ചിത്രങ്ങള്‍) ഇത്തരം നല്ല സങ്കല്‍പം തന്നെയാണ് നവമുകുളങ്ങളുടെ രജതരേഖകള്‍ എന്ന ലേഖനത്തിന്റെയും ആന്തരികസ്വരം. ഇത്തരം അറിവുകളില്‍ നിന്നുകൊണ്ടാണ് ലേഖകന്‍ മലയാള ചിത്രങ്ങളെക്കുറിച്ച് എഴുതുന്നതും. സിനിമയിലെ സ്ത്രീപര്‍വം എന്ന ലേഖനത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ സ്ത്രീകഥാപാത്രങ്ങളുടെ ജീവിതമാകാം ചര്‍ച്ചയ്ക്കു വിഷയമാക്കുന്നതെന്നു തോന്നാമെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഇന്നു നായകന്മാരെപ്പോലെ നായികമാരില്ലാതെപോകുന്നതിനെപ്പറ്റിയാണാ ലേഖനം. നടിമാരുടെ ഈ അവസ്ഥയിലൂടെ അവരവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ദുഃസ്ഥിതിയിലേക്ക് ചിന്ത വ്യാപിപ്പിക്കാവുന്നതാണ്. ഈ പുസ്തകത്തില്‍ ഉടനീളം സജീവമായിക്കിടക്കുന്ന സിനിമയെക്കുറിച്ചുള്ള നല്ല സങ്കല്‍പത്തിന്റെ അനുബന്ധമെന്ന നിലയിലാണ് ഡോക്യുമെന്ററിക്ക് എന്തു പറ്റി എന്ന അവസാന ലേഖനവും.

നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍


എം.റജുലാല്‍

1998 സെപ്റ്റംബര്‍ 6 ന്റെ കലാകൗമുദി വാരികയില്‍  (ലക്കം 1200) എഴുതിയ പുസ്തകവിചാരം (അക്ഷരകല)


 

ഇറാനിലെ വിഖ്യാത ചലച്ചിത്രസംവിധായകന്‍ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെ പ്രശസ്തമായ ദി സൈകഌസ്റ്റ് എന്ന ചിത്രം സംവിധായകന്റെ ആത്മാനുഭവവുമായി ബന്ധപ്പെട്ട സിനിമയാണ്. പാക്കിസ്ഥാനിലുണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സൈക്കിള്‍ യജ്ഞം നടത്തി പണമുണ്ടാക്കി പത്താം ദിവസം ക്ഷീണിതനായി കുഴഞ്ഞുവീണു മരിച്ച ഒരഭയാര്‍ത്ഥിയുടെ ദുരന്തത്തിന് മഖ്മല്‍ബഫിനും സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്.
കലാകാരന്റെ മനസിനു തിരസ്‌കരിക്കാന്‍ കഴിയാത്ത ഇത്തരത്തിലുള്ള സംഭവങ്ങള്‍ കനലായെരിഞ്ഞ് നല്ല കലാസൃഷ്ടികള്‍ക്കു പിറവികൊടുക്കുമെന്നാണു മഖ്മല്‍ബഫിനെ മുന്‍നിര്‍ത്തി ശ്രീ എ.ചന്ദ്രശേഖര്‍ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തിലൂടെ ആവര്‍ത്തിക്കുന്നത്.
ഈ പുസ്തകത്തിലെ പതിനൊന്ന് അധ്യായങ്ങളും സിനിമാസ്വാദനങ്ങളാണ്. പഠനമല്ല. സെല്ലുലോയ്ഡ് തരുന്ന നിഴല്‍ചിത്രങ്ങളുടെ നേര്‍ക്കുള്ള മനസു തുറക്കുന്ന ആഹഌദമാണ്. ലൂമിയര്‍ സഹോദരന്മാര്‍ തുടങ്ങിവച്ച സിനിമയുടെ, ഒന്നര നൂറ്റാണ്ടു മാത്രം പഴക്കമുള്ള സിനിമാചരിത്രം തേടി പിറകോട്ടു പോവകുയൊന്നുമല്ല ചന്ദ്രശേഖര്‍.
എല്ലാ ലേഖനങ്ങളും വര്‍ത്തമാനകാലത്തിന്റെ ഫ്രെയിമിലൊതുങ്ങുന്നു.സൃഷ്ടിപരമായി സംവിധായകനു ഭരണകൂടത്തില്‍ വലിയ വെല്ലുവിളികള്‍ അനുഭവിക്കേണ്ടിവരുന്ന ഇറാനിയന്‍ സിനിമയില്‍ നിന്നാണ് ഗ്രന്ഥകര്‍ത്താവ് ആരംഭിക്കുന്നത്.
ജീവിക്കാനറിയാത്ത മനുഷ്യരുടെ, അല്ലെങ്കിലെപ്പോഴോ അബോധപൂര്‍വം ദജീവിതം കൈപ്പിടിയില്‍ നിന്നുമൂര്‍ന്നുപോയവരുടെയൊക്കെ കഥ പറയാനിഷ്ടപ്പെടുന്ന പോളിഷ് സംവിധായകന്‍ കീസ് ലോവ്‌സ്‌കിയുടെ രചനകളുടെ ചെറുവിവരണം പുസ്തകത്തിലുണ്ട്.
റഷ്യന്‍ സിനിമയുടെ പരിണാമം ആ രാജ്യം നേരിട്ട പീഡനങ്ങളോടുള്ള നേരനുപാതപ്രതികരണം കൂടിയാണ്. അലക്‌സാണ്ടര്‍ ഡോവ്‌ഷെങ്കോയും സീഗോ വിര്‍ത്തോഫും തര്‍ക്കോവ്‌സ്‌കിയും ഈ പ്രതികരണേച്ഛയുടെ സൃഷ്ടികളാണ്.
പുസ്തകത്തിന്റെ അഞ്ചു മുതലുള്ള അധ്യായങ്ങള്‍ ക്‌ളോസപ്പ് ഷോട്ടുകളാണ്. മലയാള സിനിമയുടെ മുഖങ്ങളാണ് അതിലൊക്കെയും നിറയുന്നത്. അടൂരിനെയും അരവിന്ദനെയും ജോണ്‍ ഏബ്രഹാമിനെയുമൊക്കെ അര്‍ഹമായ വിധത്തില്‍ പ്രതീര്‍ത്തിക്കുമ്പോള്‍ത്തന്നെ ഒരു ചോദ്യം മറന്നുപോകാതെ ചന്ദ്രശേഖര്‍ ചോദിക്കുന്നു. വ്യാപാരവിജയം നേടിപ്പോകുന്നതുകൊണ്ടുമാത്രം ഫാസിലിനെപ്പോലുള്ള സംവിധായകരുടെ ചിത്രങ്ങളെ ധൈഷണികമായ ഒരു വിലയിരുത്തലില്‍ നിന്ന് ഒഴിവാക്കണമോയെന്ന ചോദ്യം.
എം.ടി.യുടെ, ഒന്നിലും ഒരിക്കലും തൃപ്തി നേടാനാവാത്ത, ആരാലും മനസിലാക്കപ്പെടാത്ത നാടകീയമായ ജീവിതവിപത്തുകളിലേക്കു പരിണമിക്കുന്ന നായകന്മാരെ നന്മായുടെ വാരിക്കുഴികള്‍ എ്‌ന അധ്യായത്തില്‍ അപഗ്രഥിച്ചിരിക്കുന്നു. എം.ടി.ചിത്രങ്ങളെ സംബന്ധിച്ചുള്ള പ്രശ്ംസനീയങ്ങളായ വിലയിരുത്തലുകളാണ് ആ കഥാപാത്രങ്ങളില്‍ നിന്നു ചന്ദ്രശേഖര്‍ വേര്‍തിരിച്ചെടുത്തത്.
സിനിമയില്‍ കൗതുകമുള്ളവര്‍ക്ക് നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകം പ്രയോജനപ്പെടും.

Thursday, January 05, 2017

സിനിമയെ വിലയിരുത്തുമ്പോള്‍

 
നല്ല സിനിമയുടെ പക്ഷത്തു
നിന്നുകൊണ്ട് ഗൗരവ
പൂര്‍ണമായ ചില ചിന്തകള്‍
 

ഒ.കെ.ജോണി
 

 


(തിരുവനന്ത
പുരം ചാന്ദിനി ബുക്‌സ് 1998ല്‍ പുറത്തിറ
ക്കിയ എ.ചന്ദ്ര
ശേഖറിന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തെ വിലയിരുത്തി 1998 ജൂലൈ 15 ലക്കം ഇന്ത്യ ടുഡേ മലയാളത്തില്‍ എഴുതിയ നിരൂപണം)

നല്ല സിനിമയുടെ പക്ഷത്തുനിന്നുകൊണ്ട് ചലച്ചിത്രപ്രവണതകളെയും കൃതികളെയും സാങ്കേതികവിദഗ്ധരെയും മൗലിക കലാകാരന്മാരെയും പരിചയപ്പെടുത്തുകയും ചലച്ചിത്രവ്യവസായത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക സ്വാധീനങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുക എന്ന പ്രാഥമിക ദൗത്യം നമ്മുടെ ഫിലിം ജേര്‍ണലിസത്തിന് അന്യമാണ്. ഈ പശ്ചാത്തലത്തിലാണ് പത്രപ്രവര്‍ത്തകനായ എ.ചന്ദ്രശേഖറിന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ ശ്രദ്ധേയമാവുന്നത്. ഫിലിം ജേര്‍ണലിസത്തെ ഔചിത്യപൂര്‍വം വിനിയോഗിക്കാനുള്ള ബോധപൂര്‍വമായൊരു ശ്രമം ചന്ദ്രശേഖറിന്റെ ലേഖനങ്ങളിലുണ്ട്.
ലോകസിനിമയിലെ ശ്രദ്ധേയരായ രണ്ടു സമകാലിക ചലച്ചിത്രകാരന്മാരെ പരിചയപ്പെടുത്തുന്നവയാണ് ആദ്യത്തെ രണ്ടു ലേഖനങ്ങള്‍. ഇറാനിയന്‍ സിനിമയെ ലോകസിനിമയുടെ തലത്തിലേക്കുയര്‍ത്തിയ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെയും പ്രഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് കീസ് ലോഫ്‌സ്‌കിയുടെയും സംഭാവനകളെക്കുറിച്ചാണ് ഇതില്‍ സാമാന്യമായി പ്രതിപാദിക്കുന്നത്. ഐസന്‍സ്റ്റീന്‍ മുതല്‍ താര്‍ക്കോവ്‌സ്‌കി വരെയുള്ള വലിയ കലാകാരന്മാരിലൂടെ ചലച്ചിത്രകലയ്ക്കുണ്ടായ നേട്ടങ്ങളെ സാന്ദര്‍ഭികമായി പരാമര്‍ശിച്ചുകൊണ്ട് നിശ്ചലാവസ്ഥയിലേക്കു ചൂണ്ടുന്ന ലേഖനത്തിലും, തിരുവനന്തപുരത്തു നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ മുന്‍നിര്‍ത്തി ലോകസിനിമയുടെ വര്‍ത്തമാനകാല പ്രവണതകളെ അവലോകനം ചെയ്യുന്ന ലേഖനത്തിലും പരിമിതമായ പശ്ചാത്തല വിവരങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിങ്ങിന്റെ പരിമിതിയും ദൗര്‍ബല്യവും പ്രകടമാണ്. ' ലോകത്ത് ഏതു ഭാഷാ ചിത്രങ്ങളോടൊപ്പവും ആവിഷ്‌കരണ ഭദ്രതകൊണ്ട് ഇന്ത്യന്‍ ഭാഷാചിത്രങ്ങള്‍ക്കു സ്ഥാനമുണ്ട് ' എന്ന അതിരുകടന്ന അഭിമാനം ഒരുദാഹരണം.
അഗ്രഹാരത്തില്‍ കഴുത രാഷ്ട്രീയത്തെ പരിഹസിക്കുന്ന കറതീര്‍ന്ന ബിംബമാണെന്നും കാഞ്ചനസീതയുടെ തുടര്‍ച്ചയാണ് പിറവിയെന്നും മണിച്ചിത്രത്താഴ് പ്രതീകങ്ങളാല്‍ സമ്പന്നമാണെന്നും മറ്റുമുള്ള, ആശയക്കുഴപ്പങ്ങളുടെ സൃഷ്ടിയായ കേവലപ്രസ്താവങ്ങള്‍ (ആത്മാവിഷ്‌കാരത്തിന്റെ ദൃശ്യസ്വപ്‌നങ്ങള്‍) മറ്റൊരു ലേഖനത്തിലും കാണാം. ബോംബെ, റോജ, മണിച്ചിത്രത്താഴ്, ദേശാടനം തുടങ്ങിയ സിനിമകളെ ചൂണ്ടി, ' വ്യാപാരവിജയവും കലാമൂല്യവും ഒരുപോലെ ഉറപ്പുവരുത്തിയ ഈ സിനിമകളെ മനസിലാക്കുന്നതില്‍ നിരൂപകര്‍ പരാജയപ്പെട്ടു' എന്നൊരു വിചിത്രമായ ആക്ഷേപം ലേഖകന്‍ ഉന്നയിക്കുന്നു. ഈ ആരോപണത്തിനു പിന്നിലെ വീക്ഷണരാഹിത്യം തന്നെയാണ് ഗുരു എന്ന അത്യന്തം ബാലിശവും അപകടകരവുമായ സിനിമയെ 'വ്യര്‍ത്ഥജീവിതത്തില്‍ നാം കാണാതെ പോയ നന്മകളിലേക്ക് നമ്മുടെ അകക്കണ്ണു തുറപ്പിക്കുന്ന ചലച്ചിത്രസൃഷ്ടി' എന്നു വിശേഷിപ്പിക്കാന്‍ ലേഖകനെ പ്രേരിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ വര്‍ഗീയകലാപങ്ങളെ എതിര്‍ക്കുന്നതായും ശാന്തിക്കും സമാധാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നതായും മറ്റും ഭാവിക്കുന്നതുകൊണ്ടും 'സാങ്കേതികത്തികവു' കൊണ്ടും ലേഖകന്‍ പ്രശംസക്കുന്ന ഈ ചലച്ചിത്രങ്ങള്‍ ഫലത്തില്‍ കമ്പോളത്തിന്റെയും വര്‍ഗീതയുടെയും മാരകമായ പ്രത്യയശാസ്ത്രങ്ങളെയാണ് പുനരുല്‍പ്പാദിപ്പിക്കുന്നതെന്നു തിരിച്ചറിയാന്‍ ചിഹ്നങ്ങളിലൂടെയുള്ള ശരിയായ ചലച്ചിത്ര പാരായണ രീതികളെ അവലംബിക്കേണ്ടിവരും. അത്തരം ഗാഢപാരായണ സാധ്യതകള്‍ ഫിലിം ജേര്‍ണലിസത്തിന്റെ പരിധിയിലൊതുങ്ങുന്നതല്ലെങ്കിലും ഓസ്‌കാര്‍ മത്സരപ്രവേശനലബ്ധിയും ചിത്രത്തില്‍ ഇടയ്ക്കിടെ മുഴങ്ങുന്ന സോദ്ദേശ്യമുദ്രാവാക്യങ്ങളും പ്രേക്ഷകരെ മോഹിപ്പിക്കുന്ന സാങ്കേതികവിസ്മയങ്ങളും ഒന്നുമല്ല നല്ല സിനിമയുടെ മാനദണ്ഡങ്ങള്‍ എന്ന തിരിച്ചറിവ് ഫിലിംസ ജേര്‍ണലിസത്തിലും അത്യന്താപേക്ഷിതമാണ്.
എം.ടി.വാസുദേവന്‍ നായരുടെ ചലച്ചിത്രരചനകളിലെ നായകസങ്കല്‍പത്തെക്കുറിച്ച് ആലോചിക്കുന്ന നന്മയുടെ വാരിക്കുഴികള്‍ എന്ന ലേഖനം എം.ടി.യുടെ നായകന്മാരോളം ശക്തരല്ല അദ്ദേഹത്തിന്റെ നായികമാര്‍ എന്നു നിരീക്ഷിക്കുന്നു. എം.ടി.യുടെ നായികന്മാരിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടെത്താമെന്ന ഒരു സൂചനയും ആ വഴിക്കുള്ള അന്വേഷണവും ഈ ലേഖനത്തിലുണ്ട്. ഡോക്യുമെന്ററികള്‍ക്ക് എന്തുപറ്റി എന്ന ലേഖനത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് ഫിലിംസ് ഡിവിഷന്‍ ചിത്രങ്ങളെക്കുറിച്ചാണ്. ആനന്ദ പട് വര്‍ദ്ധനിലൂടെയും മറ്റും സജീവമായ സ്വതന്ത്ര ഡോക്യുമെന്ററി ശാഖയെക്കുറിച്ച് സൂചനപോലുമില്ലാത്തതിനാല്‍ ഈ ലേഖനം അപൂര്‍ണമോ ഭാഗികമോ ആണ്. ഇന്ത്യന്‍
സിനിമയിലെ ട്രെന്‍ഡുകളെക്കുറിച്ചും ഫോര്‍മുലയെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങളുടെയും പരാധീനതയാണിത്. ഇതൊക്കെയാണെങ്കിലും, ചലച്ചിത്രസാഹിത്യത്തിന്റെ ഭാഗമായ ഫിലിം ജേര്‍ണലിസം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന മലയാളത്തിലെ അപൂര്‍വം പുസ്തകങ്ങളിലൊന്നാണിത്.

haritha cinema @ pachakkuthira



Tuesday, January 03, 2017

വീക്ഷണങ്ങള്‍ വിശകലനങ്ങള്‍








എ.ചന്ദ്രശേഖറിന്റെ ആദ്യത്തെ ചലച്ചിത്രഗ്രന്ഥമായ, തിരുവനന്തപുരം ചാന്ദിനി ബുക്‌സ് പുറത്തിറക്കി, നാഷനല്‍ ഫിലിം അക്കാദമി വിതരണം ചെയ്ത നിറഭേദങ്ങളില്‍സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തിന് (1998)പ്രശസ്ത ചലച്ചിത്രനിരൂപകന്‍ ശ്രീ എം.എഫ് തോമസ് എഴുതിയ അവതാരിക.
 

സിനിമ ഇന്ന് ഒരു അദ്ഭുതമല്ല. മറ്റെന്തോ ആണ്. കലയാണോ? കച്ചവടമാണോ? അറിയപ്പെടുന്ന ഏകദേശം എല്ലാ കലകളുടെയും സംഗമസ്ഥാനമാണു സിനിമ. ഏറ്റവുമധികം മുതല്‍മുടക്കുള്ളതിനാല്‍ ഇറക്കിയ തുക തിരിച്ചു കിട്ടേണ്ടത് ഒരാവശ്യമായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, കവി പേനയും കടലാസുമെടുത്തു കവിത രചിക്കുന്നതുപോലെ, ചിത്രകാരന്‍ ക്യാന്‍വാസും ചായവുമുപയോഗിച്ചു ചിത്രം വരയ്ക്കുന്നതുപോലെ, ഗായകന്‍ വാദ്യോപകരണമുപയോഗിച്ചു പാടുന്നതുപോലെ സിനിമയില്‍ എന്നെങ്കിലും കലാകാരന്റെ ഹൃദയം തുറന്നുവയ്ക്കാന്‍ സാധിക്കുമോ? ആത്മപ്രകാശനോപാധിയാകുമോ സിനിമ? എന്തായാലും അങ്ങനെ ചിന്തിക്കാനെങ്കിലും നാമിന്നു തയാറാകുന്നു. ലൂമിയറിന്റെയും മെലിയസിന്റെയും പോട്ടറുടെയും കാലത്ത് അങ്ങനൊന്നില്ല. അദ്ഭുതം മാത്രമേയുണ്ടായിരുന്നുള്ളൂ. തിരശ്ശീലയില്‍ നേരെ പാഞ്ഞുവരുന്ന തീവണ്ടി കണ്ടു ചാടി ബഞ്ചിനടിയിലൊളിക്കുന്ന അദ്ഭുതം! ഇന്നതു മാറി. സിനിമ എന്താണെന്നറിയാനുള്ള അന്വേഷണം തുടരുകയാണ്, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും. ഐസന്‍സ്‌ററീനും പുഡോവ്കിനും ബാസിനുമൊക്കെ സിനിമയെപ്പറ്റി ഗൗരവപൂര്‍വം ചിന്തിക്കുകയുമെഴുതുകയും ചെയ്തു. അവരുടെ ചിന്തകള്‍ ചലച്ചിത്രമണ്ഡലത്തില്‍ കൊടുങ്കാറ്റഴിച്ചുവിട്ടു.
അദ്ഭുതമെന്ന നിലയില്‍നിന്നു കലയോടടുക്കുന്ന സിനിമയ്ക്ക് അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് അറിവുനല്‍കുന്ന പുസ്തകങ്ങള്‍ ഉണ്ടായേ തീരൂ. സിനിമയെ ഗൗരവപൂര്‍ഡവം സമീപിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ അത് അത്യന്താപേക്ഷിതമാണ്. അത്തരമൊരു തലമുറയില്‍ നിന്നേ മനുഷ്യനെ മയക്കുന്ന സിനിമയ്ക്കു പകരം നല്ല സിനിമയുണ്ടാവൂ. ഉത്തമസിനിമയും ഉത്തമസിനിമാസാഹിത്യവും തമ്മില്‍ തുലനമൊപ്പിച്ച ഒരു വളര്‍ച്ച കണ്ടെത്താന്‍ കഴിയും. ആരോഗ്യപരമായ ഒരു ചലച്ചിത്രസംസ്‌കാരം ഉരുത്തിരിഞ്ഞുവരുന്നതിന് ഉത്തമചലച്ചിത്രങ്ങളുടെ അനുശീലനമെന്ന പോലെ അനുപേക്ഷണീയമായ ഒന്നാണ് ഉത്തമ ചലച്ചിത്രസാഹിത്യവുമായുള്ള പരിചയവും.മികച്ച ചലച്ചിത്രങ്ങള്‍ രചിക്കുന്നിടത്ത്, അതാസ്വദിക്കപ്പെടുന്നിടത്ത്,മികച്ച ചലച്ചിത്രസാഹിത്യത്തിന്റെ സാന്നിദ്ധ്യവുമുണ്ടായിരിക്കും.
ഇംഗഌഷില്‍ ചലച്ചിത്രഗ്രന്ഥങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്.ഭാരതീയ ഭാഷകളില്‍ എടുത്തുപറയാവുന്ന പ്രവര്‍ത്തനമൊന്നും ഈ രംഗത്തുണ്ടായിട്ടില്ല.പെന്‍ഗ്വിന്നും കഹാന്‍പോളും ഓക്‌സ്‌ഫോഡും മാക്മിലനുമൊക്കെ സിനിമാപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ ആയിരക്കണക്കിനു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുടെ കാറ്റലോഗില്‍ നോക്കിയാല്‍ ഒരു സിനിമാപ്പുസ്തകം പോലും കണ്ടെന്നുവരില്ല. ഇത്തരമൊരവസ്ഥയിലാണ് മരുഭൂവിലെ മഴപോലെ,ചന്ദ്രശേഖറിന്റെ ഈപുസ്തകം പ്രസിദ്ധീകൃതമാവുന്നത്.
മഹത്തായ ചലച്ചിത്രത്തെ കണ്ടെത്തുവാനും ചീത്ത ചിത്രത്തെ തിരിച്ചറിയുവാനും ലക്ഷോപലക്ഷം ചലച്ചിത്രാസ്വാദകര്‍ക്കു വഴികാട്ടുന്ന തരത്തിലായിരിക്കണം ഒരു ചലച്ചിത്രഗ്രന്ഥത്തിന്റെ ഉള്ളടക്കം.ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയെ നല്ലൊരു ചിത്രം ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനും അതു സഹായിക്കണം. അതിന്, ചലച്ചിത്രകൃതികളുടെ ആന്തരാത്മാവിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കെല്‍പു നല്‍കുന്ന ഇത്തരം കൃതികള്‍ ഉണ്ടായേ തീരൂ.
ഗബ്ബേയും സൈകഌസ്റ്റും പെഡ്‌ലറും പോലുള്ള അനശ്വരകൃതികള്‍ക്കു രൂപം നല്‍കിയ മക്മല്‍ബഫ്, താന്‍ ജീവിക്കുന്ന ചുറ്റുപാടുകളോടും വ്യവസ്ഥിതികളോടും മാത്രമല്ല കലാപം നടത്തിയത്,സിനിമയെന്ന മാധ്യമത്തിലും കലാപമഴിച്ചുവിട്ടു. ഒന്നര നൂറ്റാണ്ടിന്റെ പോലും ചരിത്രമവകാശപ്പെടാനില്ലാത്ത സിനിമയുടെ പ്രമേയത്തില്‍ മാത്രമല്ല, ശൈലിയിലും രൂപഘടനയിലും തുടരെത്തുടരെ വിപഌവങ്ങള്‍ക്കു തിരികൊളുത്തിയ മഖ്മല്‍ബഫിനെ ഈ പു്‌സ്തകത്താളുകളിലൂടെ നാമറിയുമ്പോള്‍ സമകാലികസിനിമയെപ്പറ്റി നാം കൂടുതലറിയുന്നു.
ലൂമിയര്‍ സഹോദരന്മാര്‍ തുടങ്ങിവച്ച സിനിമാപ്രവര്‍ത്തനം എവിടെ എത്തിനില്‍ക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ എനിക്കുള്ളൂ. കീസ്ലോവ്‌സ്‌കിയില്‍ എന്ന്. ഐസന്‍സ്റ്റീനും പുഡോവ്കിനും ബെര്‍ഗ്മാനും കുറസോവയും ഫെല്ലിനിയും നിര്‍മിച്ച ചിത്രങ്ങള്‍ ഒന്ന് മറ്റൊന്നില്‍ നിന്ന്  വ്യത്യസ്തമായിരുന്നു.ഒരാളുടേത് മറ്റൊരാളില്‍ നിന്നും വ്യത്യസ്തമായിരുന്നു. അങ്ങനെ തര്‍ക്കോവ്‌സ്‌കിയിലെത്തിയ സിനിമയില്‍ ഒരു എടുത്തുചാട്ടം കീസ്ലോവ്‌സ്‌കി സിനിമയില്‍ നാം അനുഭവിച്ചറിയുന്നു. ഈ പുസ്തകത്തില്‍ കീസ്ലോവ്‌സ്‌കിയെപ്പറ്റി നാം വായിച്ചറിയുമ്പോള്‍, മനസിന്റെ മഹാസാമ്രാജ്യത്തിലേക്കുള്ള വാതായനങ്ങള്‍ തുറന്നിട്ട ആ ചിത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുക മാത്രമല്ല, സമകാലിക സിനിമയെപ്പറ്റി നാം കൂടുതല്‍ കൂടുതല്‍ അറയുകകൂടി ചെയ്യുന്നു.
മലയാള സിനിമയിലെ പ്രതീകവത്കരണത്തെപ്പറ്റിയുള്ള സാമാന്യം ദീര്‍ഘമായ ലേഖനം അടൂര്‍, അരവിന്ദന്‍,ജോണ്‍, ഷാജി മുതല്‍ ജോര്‍ജ്ജ്, ഭരതന്‍, പത്മരാജന്‍ വരെയുള്ളവരുടെ സിനിമകളെ വിശകലനവിധേയമാക്കിയിരിക്കുന്നു. നിളയുടെ തീരങ്ങളില്‍ ജീവിച്ചു  മരിക്കുന്ന മനുഷ്യരുടെ കൊച്ചു കൊച്ചു ദുഃഖങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളും എം.ടി.യുടെ സിനിമയിലൂടെ ' അവസാനമില്ലാത്ത അനശ്വരത' നേടുന്നത് സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു, ഈ പുസ്തകത്തില്‍. വിവിധവിഷയങ്ങള്‍, തികച്ചും ലളിതമായി, ഒരു സാധാരണ ആസ്വാദകന്റെ കാഴ്ചപ്പാടില്‍, നിരൂപകന്റെ കാര്‍ക്കശ്യമില്ലാതെ, സത്യസന്ധമായി നോക്കിക്കാണുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചന്ദ്രശേഖര്‍ ഇന്നു ചരിച്ചികൊണ്ടിരിക്കുന്ന ഈ വഴിയേ നടന്നുപോയ ഒരാളുടെ ആത്മസംതൃപ്തി നിറഞ്ഞൊഴുകുന്ന നിമിഷമാണിത്.ചന്ദ്രശേഖറെ ആദ്യമായി ഞാന്‍ കാണുമ്പോള്‍, വളരെയേറെ പ്രയാസങ്ങളും ത്യാഗങ്ങളും സഹിച്ചുകൊണ്ട് ഒരു ചലച്ചിത്രപ്രസിദ്ധീകരണം പുറത്തിറക്കിക്കൊണ്ടിരിക്കുകയായിരുന്നു. യൗവനത്തിലേക്കു കാലെടുത്തുകുത്തുന്നതേയുണ്ടായിരുന്നുള്ളൂ അപ്പോള്‍. അന്നും ഇന്നും ഒന്നുകൊണ്ടും തളരാതെ പ്രവര്‍ത്തിക്കാനുള്ള ചന്ദ്രശേഖര്‍ എന്ന ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനശൈലി, മുതിര്‍ന്ന തലമുറയിലെ ഞങ്ങള്‍ക്കുപോലും ആവേശം പകര്‍ന്നു നല്‍കുന്നതാണ്. മലയാള മനോരമയിലെ തിരക്കിട്ട ഔദ്യോഗിക ജീവിതത്തിന്നിടിലും സിനിമയെ സ്‌നേഹിക്കാനും സിനിമയെ മനസിലാക്കാനും, സിനിമയുടെ സന്ദേശം പകര്‍ന്നു നല്‍കാനും സമയം കണ്ടെത്തുകയും, തന്റെ ഹൃദയത്തില്‍ വര്‍ഷങ്ങളായി വച്ചോമനിച്ചു കൊണ്ടുനടന്നിരുന്ന സിനിമയെന്ന പ്രേമഭാജനത്തെ നമുക്കു പരിചയപ്പെടുത്തിത്തരാനും മുതിരുന്ന ഈ ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ കഴിഞ്ഞതില്‍ എനിക്ക് അത്യധികം ആഹഌദമുണ്ട്, അഭിമാനമുണ്ട്.
എം.എഫ് തോമസ്
സിതാര
615, പ്രശാന്ത നഗര്‍
ഉള്ളൂര്‍
തിരുവനന്തരം 11

Monday, January 02, 2017

കലഹഭൂമിയിലെ ദൃശ്യസാഹസം





കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം നേടിയ ഈജിപ്ഷ്യന്‍ ചിത്രമായ ദ് ക്‌ളാഷിന്റെ മാധ്യമപരിചരണ സവിശേഷതകളെപ്പറ്റി

എ.ചന്ദ്രശേഖര്‍

മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും സൈ്വര്യജീവതത്തിനും മേലുള്ള ഏതു കടന്നുകയറ്റത്തെയും എത്ര ദുര്‍ബലനും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുക സ്വാഭാവികം.എന്നാല്‍ പലപ്പോഴും കൂട്ടായ അത്തരം എതിര്‍പ്പുകളും മനുഷ്യാവകാശധ്വംസനത്തിലവസാനിക്കുകയാണു പതിവ്. സമൂഹവും വ്യക്തിയും എന്ന രണ്ട് അവസ്ഥകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് സമൂഹത്തിന്റെ നിലനില്‍പിനു വേണ്ടി വ്യക്തിയുടെ സ്വാതന്ത്ര്യവും ജീവിതവും ബലികൊടുക്കേണ്ടി വരുമ്പോഴാണ്.വ്യക്തി അടിസ്ഥാന ഘടകമായ സമൂഹത്തില്‍ത്തന്നെ അവന്റെ/അവളുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്നുവെന്ന വൈരുദ്ധ്യമാണ് ലോകമെമ്പാടുമുള്ള വിപ്‌ളവങ്ങള്‍ക്കും കലാപങ്ങള്‍ക്കും കലഹങ്ങള്‍ക്കും വഴിവച്ചിട്ടുളളത് എന്നും. യുദ്ധങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ചരിത്രം ആരംഭിക്കുന്നതും അങ്ങനെയാണ്. ഇത്തരം അടിച്ചമര്‍ത്തലുകളും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമെല്ലാമാണ് പലപ്പോഴും കലാസൃഷ്ടിക്കുള്ള മൂലബീജമാവുക. വിശ്വപ്രസിദ്ധമായ ഇതിഹാസങ്ങളും ഇതിഹാസതുല്യമായ ഇതര സൃഷ്ടികളും ആധുനിക ക്‌ളാസിക്കുകളുമെല്ലാം ഇതു സാധൂകരിക്കുന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മാധ്യമമായ സിനിമയും ഇതിനപവാദമല്ല. വിഖ്യാതമായ ബാറ്റില്‍ഷിപ് പൊട്ടംകിന്‍ മുതലിങ്ങോട്ട് രണ്ടു ലോകമഹായുദ്ധങ്ങളും അവ അവശേഷിപ്പിച്ച തീവ്ര മുറിവുകളും അങ്ങനെ എത്രയോ ഇതിഹാസസിനിമകള്‍ക്ക് വിഷയമായിരിക്കുന്നു.
കാലം മാറുന്നതിനനുസരിച്ച് മനുഷ്യജീവിതത്തില്‍ മാത്രമല്ല, ലോകക്രമത്തിനു തന്നെ മാറ്റം സംഭവിക്കുന്നുണ്ട്. പക്ഷേ ഭരണകൂട ഭീകരതയ്ക്കും ഏകാധിപത്യപ്രവണതയ്ക്കും പൗരാവകാശധ്വംസനങ്ങള്‍ക്കുമെതിരായ ജനപ്രതിരോധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും മാത്രം അവയുടെ സ്വഭാവത്തില്‍ കാലോചിതമാറ്റങ്ങളോടെ ആവര്‍ത്തിക്കുന്നതാണ് ലോകത്തെവിടെയും കാണാനാവുക. സ്വാഭാവികമായും അന്നാടുകളില്‍ നിന്നുള്ള സര്‍ഗാത്മകരചനകളിലും അവയുടെ ആഴവും വേദനയും പ്രകടമാവുകയും ചെയ്യും. തിരുവനന്തപുരത്തവസാനിച്ച കേരളത്തിന്റെ 21-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരത്താല്‍ പുരസ്‌കൃതമായ ഈജിപ്ഷ്യന്‍ ചലച്ചിത്രം ദ് ക്‌ളാഷ് ആവിഷ്‌കരിക്കുന്നതും അത്തരത്തിലൊരു ചെറുത്തുനില്‍പിന്റെ ഹൃദയാവര്‍ജകമായ ദൃശ്യസമാഹാരമാണ്.
വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ 2016ലെ അണ്‍സെര്‍ട്ടണ്‍ റിഗാര്‍ഡ് വിഭാഗത്തിന്റെ ഉദ്ഘാടനചിത്രമായിരുന്ന ദ് ക്‌ളാഷ്(ഇത്സെബാക്ക്) ഇന്ത്യയില്‍ ഗോവ ചലച്ചിത്രമേളയിലും ശ്രദ്ധേയമായി. കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ കാണാന്‍ ഏറെ പ്രേക്ഷകരുണ്ടാവുകയും ഇടം കിട്ടാത്ത പ്രേക്ഷകര്‍ കലാപമുണ്ടാക്കിയതോടെ മേളയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രദര്‍ശനം റദ്ദാക്കുകയും പകരം വിശാലമായ തീയറ്ററില്‍ അന്നു തന്നെ മറ്റൊരു പ്രദര്‍ശനം മാറ്റിവച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്ത സിനിമ. രാജ്യാന്തര ജൂറിയുടെ അവാര്‍ഡ് മാത്രമല്ല, 35 ശതമാനത്തിലധികം പ്രക്ഷകര്‍ ഒരു പോലെ വോട്ടുചെയ്ത് പ്രേക്ഷകഅവാര്‍ഡ് നേടിക്കൊടുത്ത സിനിമകൂടിയാണിത്.
ഈജിപ്തില്‍ 2013ല്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണ് ഫ്രഞ്ച് ഈജിപ്ത് സംയുക്ത സംരംഭമായ ദ് ക്‌ളാഷ്. ഈജിപ്തിലെ സ്ത്രീകള്‍ നേരിടുന്ന അതിരൂക്ഷമായ കടന്നാക്രമണങ്ങളുടെ, മാനഭംഗങ്ങളുടെ കഥ പറഞ്ഞ കെയ്‌റോ 678 (2010) എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധയിലിടംനേടിയ സംവിധായകന്‍ മുഹമ്മദ് ദിയാബിന്റെ ഏറ്റവും പുതിയ ചിത്രം. രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം, കലാപത്തിന്റെ പശ്ചാത്തലത്തില്‍ പച്ചയായ മനുഷ്യകഥയാണ് ദിയാബ് ദ് ക്‌ളാഷിലൂടെ പറയാന്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ കരുത്തും. വിഷയത്തിലും ആവിഷ്‌കാരത്തിലും ഉള്ളടക്കത്തിലും സാങ്കേതികതയിലും ഒരുപോലെ മിടുക്കും മിനുപ്പും പ്രകടമാക്കിയ സിനിമ.
2013ല്‍ ഈജിപ്ത് നേരിട്ട ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പകല്‍ നടക്കുന്ന സംഭവങ്ങളാണ് ദ് ക്‌ളാഷ്. ഹോസ്‌നി മുബാറക്കിനെ ജനകീയവിപ്‌ളവത്തെത്തുടര്‍ന്നു പുറത്താക്കിയ ശേഷം 2012ല്‍ അധികാരമേറ്റ മുഹമ്മദ് മോര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്‌ളിം ബ്രദര്‍ഹുഡ് ഭരണകൂടത്തെ, അബ്ദുല്‍ ഫത്താ എല്‍ സിസിയുടെ നേതൃത്വത്തിലുളള പട്ടാളം 2013 ല്‍ അസ്ഥിരപ്പെടുത്തുകയും കയ്യേറുകയും ചെയ്തതിനെത്തുടര്‍ന്ന് പട്ടാളത്തിന്റെ ഏകാധിപത്യത്തിനെതിരേ ഉയര്‍ന്ന പ്രതിരോധത്തിന്റെ നേര്‍ച്ചിത്രമാണീ സിനിമ. തെരഞ്ഞെടുക്കപ്പെട്ട മോര്‍സി സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ താഴെയിറക്കിയതിനെത്തുടര്‍ന്ന് ഇസ്‌ളാമിക് ബ്രദര്‍ഹുഡ് അനുകൂലികളും പട്ടാള അനുകൂലികളും പട്ടാളവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന തലസ്ഥാന തെരുവിലാണ് കഥ നടക്കുന്നത്.
സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എ.പി വാര്‍ത്താ ഏജന്‍സിയുടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ ആദത്തെയും (ഹാ നി ഏഡല്‍) ഫോട്ടോഗ്രാഫര്‍ സിയനെയും (മുഹമ്മദ് അല്‍ സാബെ) അധികാരത്തിന്റെ ആന്ധ്യത്തില്‍ ബലപ്രയോഗത്തിലൂടെ, തെരുവില്‍ കിടന്ന ഒരു കെട്ടിയടച്ച അരിലോറിക്കുള്ളില്‍ തടവിലാക്കുകയാണ് സൈന്യം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ നിഷ്പക്ഷ റിപ്പോര്‍ട്ടുകളിലൂടെ രാജ്യത്തെ കലാപങ്ങളുടെ സത്യാവസ്ഥ പുറംലോകത്തെത്തിക്കുമെന്നാണ് അവരുടെ ആശങ്ക. എഡിറ്ററെ വിളിക്കാനും എംബസിയെ വിവരമറിയിക്കാനുമുളള അവരുടെ ശ്രമങ്ങളൊക്കെയും ഇരുമ്പുകൊണ്ടുള്ള ആ കുടുസു വാഹനത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ വൃഥാവിലാവുകയാണ്. പുറത്തെ തെരുവിലാവട്ടെ ഇസ്‌ളാമിക് ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നവരും മോര്‍സി സര്‍ക്കാരിനെ പുറത്താക്കിയതില്‍ സന്തോഷിക്കുന്നവരും വെവ്വേറെ ആഹ്‌ളാദപ്രകടനങ്ങളും പ്രതിഷേധങ്ങളുമായി ഏറ്റുമുട്ടലിന്റെ വക്കിലും. മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പുറത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെ ആദം പിടിക്കപ്പെടുകയും വാഹനത്തിന്റെ ജനലഴികളില്‍ കൈവിലങ്ങാല്‍ ബന്ധിക്കപ്പെടുകയുമാണ്.
ബഹളക്കാരെന്നു തെറ്റിദ്ധരിച്ചാണ് സൈന്യം അവരെ അനുകൂലിക്കുന്ന ഒരുപറ്റം ദേശവാസികളെ കൂടി പിടികൂടി വണ്ടിക്കകത്താക്കുന്നതോടെ, നിന്നു തിരിയാനിടമില്ലാത്ത വണ്ടിയില്‍ ആളുകളെക്കൊണ്ട് നിറയുന്നു. അവരില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും അമ്മയും അച്ഛനുമടങ്ങുന്ന കുടുംബം വരെ ഉള്‍പ്പെടുന്നു. വണ്ടിക്കരികിലൂടെ പ്രകടനമായി പോകുന്ന മോര്‍സി അനുകൂലികളുടെ ശ്രദ്ധ വണ്ടിക്കുള്ളിലേക്കാകുന്നു. അവര്‍ വാഹനത്തിനു നേരെ കല്ലെറിയുന്നു. പട്ടാളക്കാര്‍ അവരെയും വണ്ടിക്കുളളില്‍ ബന്ദികളാക്കുന്നു. ഫലത്തില്‍, സമരാനുകൂലികളും എതിര്‍ക്കുന്നവരുമടങ്ങുന്ന സമൂഹത്തിന്റെ നേര്‍ പരിച്ഛേദം തന്നെ കേവലം എട്ട് ചതുരശ്രയടി വിസ്തീര്‍ണമുള്ള വാഹനത്തിനുള്ളിലാവുന്നു. തുടര്‍ന്നുളള ഏതാനും മണിക്കൂറില്‍ ആ വാഹനത്തില്‍ നടക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് സംവിധായകന്‍ ദൃശ്യത്തിലാവഹിക്കുന്നത്.
തൊഴില്‍ കൊണ്ടു നഴ്‌സായ നഗ്വ (നെല്ലി കരീം), ഭര്‍ത്താവ് ഹോസം(താരീഖ് അബ്ദുല്‍ അസീസ്), കൗമാരക്കാരനായ മകന്‍ ഫറസ് (അഹ്മദ് ഡാഷ്) മകനൊത്ത് നടക്കാനിറങ്ങിയ ഒരു വൃദ്ധന്‍, പ്രമേഹരോഗി, രണ്ടു ഫ്രീക്കി ചെറുപ്പക്കാര്‍, ഇസ്‌ളാമിക് ബ്രദര്‍ഹുഡ് നേതാവും പ്രവര്‍ത്തകരായ ഏതാനും ചെറുപ്പക്കാരും, പതിനാലുകാരിയായ ഐഷ (മായി അല്‍ ഗെയ്തി), അവളുടെ പിതാവ് തുടങ്ങി ഇരുപതോളം പേരാണ് ആ വണ്ടിയില്‍ അകപ്പെടുന്നത്. ഇവരുടെ ഈഗോകളും രാഷ്ട്രീയ സാമൂഹിക വ്യത്യസ്തതകളുമെല്ലാം പരസ്പരം ഏറ്റുമുട്ടുന്നതും, നിസഹായതയ്ക്കു മുന്നില്‍ അതെല്ലാം മറന്ന് മാനവികതയ്ക്കും മാനുഷികതയ്ക്കും വേണ്ടി പരസ്പരം കൈകോര്‍ക്കുന്നതും ഒടുവില്‍ രക്ഷപ്പെടുന്ന അവസരിത്തില്‍ പുറം ലോകത്തേക്ക് അവരുടെ സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങളുടെ ഭാണ്ഡവുമായിത്തന്നെ മടങ്ങുകയും ചെയ്യുന്ന മനുഷ്യസ്വഭാവത്തിന്റെ സംഘര്‍ഷഭാവങ്ങളാണ് ക്‌ളാഷ് ആത്മാര്‍ത്ഥമായി വരച്ചുകാട്ടുന്നത്. പ്രമേഹം മൂത്ത് ക്ഷീണിതനായ വൃദ്ധന് മൂത്രമൊഴിക്കാന്‍ സൗകര്യമൊരുക്കുന്നതും, കല്ലേറില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ നഗ്വയ്ക്ക് സൗകര്യമൊരുക്കുന്നതും, ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം അത്യാഹിതങ്ങളില്‍ കൈകോര്‍ക്കുന്നതുമായ രംഗങ്ങള്‍ ഹൃദയസ്പര്‍ശിയായിത്തന്നെയാണ് ദിയാബ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഐഷയ്ക്ക് കക്കൂസ് ഉപയോഗിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍പ്പോലും അവരെ തുറന്നുവിടാനോ അവര്‍ക്ക് കക്കൂസ് സൗകര്യം ലഭ്യമാക്കാനോ കുടിക്കാന്‍ വെള്ളം കൊടുക്കാനോ പുറത്തുനില്‍ക്കുന്ന പട്ടാളക്കാര്‍ തയാറാവുന്നില്ല. അതിനു തങ്ങള്‍ക്കു നിര്‍ദ്ദേശമില്ലെന്നാണ് സൈനികസംഘം നേതാവിന്റെ നിലപാട്. നിങ്ങള്‍ക്കുമില്ലേ സഹോദരിമാര്‍ എന്ന ബന്ദികളുടെ ചോദ്യത്തിനു മുന്നില്‍ അവാദ് എന്ന യുവാവായ പട്ടാളക്കാരന്‍ മേലധികാരിയെപ്പോലും ധിക്കരിക്കാന്‍ മടിക്കുന്നില്ല. അതിനയാള്‍ക്കു നേരിടേണ്ടിവരുന്നതോ, അവര്‍ക്കൊപ്പം ആ വണ്ടിക്കുള്ളില്‍ തടവിലാക്കപ്പെടുകയാണയാളും.ഇതിനിടയ്ക്കും അവര്‍ക്കിടയിലെ ചെറിയ ചെറിയ ഇണക്കങ്ങളും സന്തോഷങ്ങളും പ്രത്യാശയുടെ വെള്ളിവെളിച്ചമാവുന്നു. സംഘര്‍ഷങ്ങള്‍ക്കിടയിലും അവരിലൊരാളുടെ പാട്ടിനൊപ്പം ആ ഇരുപതാളും മനസ് അയയ്ക്കുന്നുണ്ട്.വാച്ചിലെ ക്യാമറയില്‍ അവരാ കൊച്ചു സന്തോഷങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സൈന്യവും സമരക്കാരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ രക്ഷയുടെ തീരങ്ങളിലേക്ക് വണ്ടി പോകുന്നതാണ് കഥ.
വണ്ടിക്കുള്ളില്‍ തടവിലാക്കപ്പെട്ട കാഴ്ചപ്പാടില്‍ത്തന്നെയാണ് ഈ മുഴുവന്‍ സിനിമയിലും ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത് വളരെ അപൂര്‍വമായി മാത്രമാണ് ക്യാമറ ആ വാനിനു പുറത്തിറങ്ങുന്നത്. അതേസമയം ഇത്രയും ചെറിയ ചുറ്റുവട്ടത്ത് ഇത്രയേറെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് അവരുടെ ചലനാത്മകവും സംഘര്‍ഷാത്മകവുമായ സ്വാഭാവിക ജീവിതം പകര്‍ത്തുകയും ചെയ്ത അഹ്മദ് ഗാബറിന്റെ ഛായാഗ്രഹണ പാടവം ഏറെ ശ്്‌ളാഘിക്കപ്പെട്ടിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിലെ അവാര്‍ഡ് ജൂറിയും ചിത്രത്തിനുള്ള പ്രശംസാപത്രത്തില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്.  പൂര്‍ണമായും കൈയിലേന്തിയ ക്യാമറകൊണ്ടാണ് ഗാബര്‍ ഈ 97 മിനിറ്റ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. ഒരു പക്ഷേ ചിത്രം മുന്നോട്ടുവയ്ക്കുന്ന രൂക്ഷമായ സാമൂഹികവിമര്‍ശനത്തിനും രാഷ്ട്രീയവിമര്‍ശനത്തിനുമപ്പുറം അതു വച്ചുപുലര്‍ത്തുന്ന സിനിമാത്മകമായ കാഴ്ചപ്പാടും അതിന്റെ സാങ്കേതിക പൂര്‍ണതയുമാണ് ഈ ചിത്രത്തെ സവിശേഷമാക്കുന്നത്.
ഇവിടെ ഈ രണ്ട് അംശങ്ങളും കഴിഞ്ഞവര്‍ഷം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെയും കാന്‍, ചിക്കാഗോ, ദുബായ് അടക്കമുള്ള ചലച്ചിത്രമേളകളെയും സാര്‍ത്ഥകമാക്കിയ ഫ്രഞ്ച് ഖത്തര്‍ സംയുക്ത സംരംഭമായ അറബ് അബുനാസര്‍- ടാര്‍സന്‍ അബുനാസര്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ഡീഗ്രേയ്ഡ് എന്ന സിനിമയെ ഓര്‍മപ്പെടുത്തുന്നു. കലാപമൊഴിഞ്ഞുനില്‍ക്കുന്നൊരു പകല്‍ ഗാസയിലെ ഒരു സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറില്‍ സംഭവിക്കുന്ന നാടകീയസംഭവങ്ങളായിരുന്നു ആ ചിത്രം. ക്രിസ്റ്റീന്റെ ബ്യൂട്ടി പാര്‍ലറില്‍ വിവിധ സൗന്ദര്യസംരക്ഷണസേവനങ്ങള്‍ക്കായി എത്തിപ്പെട്ടിരിക്കുന്നവരില്‍ ഒരു വധുവുണ്ട്, ഗര്‍ഭിണിയുണ്ട, വിവാഹമോചിതയായൊരു പരിഷ്‌കാരിയുണ്ട്, വിശ്വാസികളുണ്ട്. അവളുടെ പാര്‍ലറിലെ പ്രധാന പണിക്കാരിയാവട്ടെ ഹമാസ് തീവ്രവാദികളില്‍ ഒരാളുടെ കാമുകിയാണ്. പുറംവീഥികളെല്ലാം തീവ്രവാദികളുടെ കര്‍ക്കശ ബന്തവസിലാണ്. കാരണം. ഇതിനിടെ ഗാസയിലെ മൃഗശാലയില്‍ നിന്ന് എതിര്‍സംഘം കൈക്കലാക്കുന്ന സിംഹത്തെച്ചോലി പ്രതികാരത്തിനായി പോരാളികള്‍ തമ്മില്‍ തെരുവുയുദ്ധം രൂക്ഷമാകുമ്പോള്‍ നിന്നു തിരിയാനിടമില്ലാത്ത ആ കുടുസുമുറിയില്‍ അവരത്രയും അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളാക്കപ്പെടുകയാണ്.ഇതിനിടെ ഗര്‍ഭിണിക്ക് പ്രസവവേദനയടക്കം പ്രതിസന്ധികളൊന്നൊന്നായി നേരിടേണ്ടിവരികയാണവര്‍ക്ക്. അസാമാന്യ കൈയൊതുക്കത്തോടെയാണ് എറിക് ഡെവിന്റെ ഛായാഗ്രഹണ പാടവം ഡീഗ്രേയ്ഡിനെയും മനോഹരമാക്കുന്നത്. സാമൂഹികവീക്ഷണത്തില്‍ ദ് ക്‌ളാഷും ഡീഗ്രേയ്ഡും വച്ചുപുലര്‍ത്തുന്ന സാമ്യം ്അദ്ഭുതാവഹമത്രേ. ക്്‌ളാഷ് ഡീഗ്രേയ്ഡിന്റെ അനുകരണമാണെന്നല്ല ഇതിനര്‍ത്ഥം. മറിച്ച് കലാപം കൊടിപാറിക്കുന്ന ഭൂമിയിലെല്ലാം സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ഒന്നുതന്നെയാണെന്നും അതിന്റെ തീവ്രത ഒരുപോലെയാണെന്നും അതില്‍ നിന്നുള്ള അതിജീവനത്തിന് അവര്‍ കൊടുക്കേണ്ടി വരുന്ന വില ഒരുപോലെ ഭീകരമാണെന്നുമാണ് ഈ രണ്ടു സിനിമകളും തെളിയിക്കുന്നത്.
ഇന്ത്യയിലും കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ശക്തമായ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ മുഖ്യധാരയിലും അല്ലാതെയും ഉണ്ടായിട്ടുണ്ട്. അപര്‍ണ സെന്നിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, മണിരത്‌നത്തിന്റെ ബോംബെ, ജയരാജിന്റെ ദൈവനാമത്തില്‍, ടിവി ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ സിനിമകളെല്ലാം ഇത്തരം കാഴ്ചകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അവയില്‍ പലതും ത്രില്ലറുകള്‍ക്കപ്പുറം മത-രാഷ്ട്രീയ ഗൂഢാലോചനകളുടെ തനിനിറം പുറത്തുകൊണ്ടുവരികയും ചെയ്തു. എന്നാല്‍ സ്ഥല-കാലരാശിയുടെ സാങ്കേതികവിനിയോഗംവഴി ചലച്ചിത്രപരമായൊരു സവിശേതയാണ് ദ് ക്‌ളാഷിനെയും ഡീഗ്രേയ്ഡിനെയും വ്യത്യസ്തമാക്കുന്നത്. ഒരുപക്ഷേ മതിലുകളിലും മറ്റും അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ പരീക്ഷിച്ച സ്ഥലരാശിയുടെ സിനിമാറ്റിക് സാധ്യതകളാണ് ഈ സിനിമകള്‍ ഓര്‍മയിലെത്തിക്കുക. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതികതയുടെ എല്ലാ സാധ്യതകളും വിനിയോഗിച്ച് ഇതുവരെ കാണാത്ത ചില വീക്ഷണകോണുകളിലൂടെ കാഴ്ചയുടെ വേറിട്ട തലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട് ദ് ക്‌ളാഷ്. ഒരുപക്ഷേ, രണ്ടു മുറികളിലായി ക്യാമറ പ്രതിഷ്ഠിക്കാന്‍ അവസരം നല്‍കിയ ഡീഗ്രേയ്ഡിനെപ്പോലും ദ് ക്‌ളാഷ് അതിശയിപ്പിക്കുന്നതും മാധ്യമപരമായ ഈ ദൃശ്യസാഹസത്തിലൂടെയായിരിക്കണം.