Sunday, December 11, 2016

ഹൃദയക്കനി(വ്)!

Kalakaumudi

എ.ചന്ദ്രശേഖര്‍
''ഞാനൊരു കാര്യം നിശ്ചയിച്ചുറപ്പിച്ചിറങ്ങിയാല്‍പ്പിന്നെ എല്ലാവിധവും അതു നന്നാക്കാനാണു ശ്രമിക്കുക. എനിക്കിഷ്ടമുണ്ടോ ഇല്ലയോ എന്നു നോക്കാറില്ല, ഇറങ്ങിത്തിരിച്ചാല്‍ അതിന്റെ പൂര്‍ണത, അസാധ്യമായ പൂര്‍ണത അതിനുവേണ്ടിയാവും എന്റെ പ്രവര്‍ത്തനം. സിനിമയും എനിക്കങ്ങനെയായിരുന്നു. ഇഷ്ടമില്ലായിട്ടും സിനിമയിലെത്താന്‍ തീരുമാനിച്ച ഞാന്‍ സിനിമയിലുള്ളിടത്തോളം അനിഷേധ്യയായ താരറാണിതന്നെയായി നിലനിന്നു.''
ബോളിവുഡിന്റെ മുന്‍കാല നടി സിമി ഗാരേവാള്‍ ദൂരദര്‍ശനുവേണ്ടി ഇന്ത്യന്‍ ഗ്‌ളാമര്‍രംഗത്തെ മഹനീയവ്യക്തിത്വങ്ങളെ അഭിമുഖം ചെയ്യുന്ന റെന്‍ഡേവൂ വിത്ത് സിമി ഗാരേവാള്‍ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴകത്തിന്റെ ഇദയക്കനി ജെ.ജയലളിത പറഞ്ഞ ഈ വാക്കുകളില്‍ നിറഞ്ഞു നിന്നത് ഒരു സ്ത്രീ എന്ന നിലയ്ക്ക്, ഒരു വ്യക്തി എന്നനിലയ്ക്ക് അവരുടെ കരുത്തും ശക്തിയും ഓജസും ആത്മവിശ്വാസവുമൊക്കെയാണ്. പക്ഷേ അതിലേറെ അഭിനേതാവെന്ന നിലയ്ക്ക് ജയലളിതയുടെ ജീവിതവും സംഭാവനയും വിലയിരുത്തുന്ന ഒരാളെ അദ്ഭുതപ്പെടുത്തുന്നത്, ഒരു കാലത്ത് തമിഴിലെന്നല്ല, തെന്നിന്ത്യയും നിറഞ്ഞുനില്‍ക്കുകയും ഹിന്ദിയിലും സാന്നിദ്ധ്യമറിയിക്കുകയും ചെയ്ത മുന്‍കാല ഗ്‌ളാമര്‍ താരത്തിന് ചലച്ചിത്രവേദി സ്വന്തമിഷ്ടമോ തെരഞ്ഞെടുപ്പോ ആയിരുന്നില്ലെന്നതാണ്! പ്രൊഫഷനലിസം എന്നതിന്റെ അര്‍ത്ഥമാണ് അവരുടെ വെളിപ്പെടുത്തലില്‍ നിന്നു വായിക്കേണ്ടത്. കാരണം, ഏതൊരു പ്രൊഫഷനിലാണെങ്കിലും, അതു നാം ്‌സ്വയം തെരഞ്ഞെടുത്തതോ അല്ലാത്തതോ ആവട്ടെ, വിധി വൈപരീത്യം കൊണ്ടോ സാഹചര്യങ്ങള്‍ കൊണ്ടോ എത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത കാണിക്കുക എന്നതുമാത്രമല്ല, അതില്‍ അങ്ങേയറ്റം തിളങ്ങുക എന്നതായിരിക്കണം ഏതൊരു പ്രൊഫഷനലിന്റെയും ആത്യന്തിക ലക്ഷ്യം. തൊഴില്‍ മര്യാദയ്ക്കപ്പുറം പ്രൊഫഷന് പാവനമായൊരു സ്ഥാനം കല്‍പിക്കുന്നവര്‍ക്കു മാത്രമേ ഇത്തരമൊരു ഉന്നതി സാധ്യമാവുകയുള്ളൂ. ആ അര്‍ത്ഥത്തിലാണ് ജയലളിതയുടെ തിര/ താര വിജയം വിലയിരുത്തപ്പെടേണ്ടത്.
സിനിമയെപ്പറ്റി പൊതുവേ നിലനില്‍ക്കുന്ന അസംഖ്യം കഥകളിലേതുപോലെ തന്നെ സാധാരണ കുടുംബത്തില്‍ നിന്ന് താരനിലവാരത്തിലേക്കുള്ള വളര്‍ച്ചയായിരുന്നു ജയലളിതയുടേതും. സിനിമാ നടിതന്നെയായിരുന്ന അമ്മയുടെ മൈസൂരിലെ ബാല്യത്തില്‍ വേണ്ടത്ര കിട്ടാത്തതാണ് സത്യത്തില്‍ അമ്മുവിന് കുഞ്ഞുനാള്‍ തൊട്ടേ സിനിമയോടു വെറുപ്പുണ്ടാക്കിയത്. അമ്മയെ തന്നില്‍ നിന്നകറ്റി ചെന്നൈയില്‍ നിര്‍ത്തുന്ന സിനിമയെ ജയലളിതയ്ക്ക് അതുകൊണ്ടു തന്നെ സ്‌നേഹിക്കാനാവുമായിരുന്നില്ല. എന്നിട്ടും അമ്മയ്ക്കു വേണ്ടിത്തന്നെ, കുടുംബത്തിനു വേണ്ടിത്തന്നെ ഇളം പ്രായത്തിലേ സിനിമയിലെത്തേണ്ടിവന്ന ജീവിതമാണ് അവരുടേത്.
പത്താം ക്‌ളാസില്‍ റാങ്കോടെ പാസാവേണ്ടി വന്ന ഒരു പെണ്‍കുട്ടിക്ക്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ട് അമ്മയെ പിന്തുണയ്ക്കാന്‍ വേണ്ടി അഭിനയം തെരഞ്ഞെടുക്കേണ്ടി വരുമ്പോഴുണ്ടാവുന്ന മനഃസംഘര്‍ഷം പക്ഷേ അവരുടെ തിരപ്രകടനത്തില്‍ നി്ന്ന് ഒരിക്കലും വായിച്ചെടുക്കാന്‍ സാധിക്കില്ല. ജയലളിത തന്നെ വെളിപ്പെടുത്തിയിട്ടുള്ള ഇഷ്ടങ്ങള്‍, ഹിന്ദിയിലെ ഹരിതകാമുകന്‍ ഷമ്മി കപ്പൂറിന്റെ യാഹൂ ശൈലിയിലുള്ള അംഗചലനങ്ങളും നൃത്തച്ചുവടുകളുമായുള്ള നായികയെയാണ് അവരുടെ ആദ്യകാല സിനിമകള്‍മുതല്‍ കാണാന്‍ സാധിക്കുക. സതി സാവിത്രി പ്രതിച്ഛായയില്‍ നായികമാര്‍ വിളങ്ങിനിന്ന കാലത്താണ് (മാംസപ്രദര്‍ശനത്തിനും മറ്റുമായി സാധന പോലുള്ള മറ്റ് മാദകനടിമാര്‍ വേറെയുണ്ടായിരുന്ന കാലം) നായികാവേഷത്തില്‍ സന്ദര്‍ഭമാവശ്യപ്പെടുന്ന ഗ്‌ളാമറിന് അവര്‍ തയാറായത്. തമിഴ് സിനിമയില്‍ പുറംതോള്‍ അനാവൃതമാക്കി സ്‌ളീവ് ലെസ് വേഷമിട്ട ആദ്യ നായികനടിയായി ജയലളിത വിശേഷിപ്പിക്കപ്പെടുമ്പോള്‍ അതവര്‍ക്ക് ഭൂഷണമായിത്തീരുന്നത്, അതിനു പിന്നിലെ കറകളഞ്ഞ പ്രൊഫഷനല്‍ സമീപനം കൊണ്ടാണ്. കാരണം പ്രൊഫഷനലായി ആടാനുറച്ചാല്‍ നായ്‌ക്കോലം കെട്ടാന്‍ മടിച്ചിട്ടുകാര്യമില്ലെന്ന കറകളഞ്ഞ പ്രൊഫഷനല്‍ കാഴ്ചപ്പാടിലായിരുന്നു അവരുടെ മുന്നേറ്റം.
സ്വന്തമിഷ്ടപ്രകാരം തെരഞ്ഞെടുത്തതല്ലെങ്കിലും അഭിനയിക്കാനെത്തിയതോടെ അവര്‍ ആ തൊഴിലിനോട് നൂറുശതമാനവും അ്ര്‍പണബോധത്തോടെയാണ് സമീപിച്ചത്. അതിന്റെ തെളിവാണ് അവരുടെ  വിജയങ്ങള്‍. കണ്ണീര്‍ തോഴികളായിരുന്ന സാവിത്രിയോ കെ.ആര്‍.വിജയയോ പോലുള്ള സമകാലികരും മുന്‍ഗാമികളും ക്യാമറയ്ക്കുമുന്നില്‍ പകര്‍ന്നാടിയ ആഴമുള്ള വേഷങ്ങളായിരുന്നില്ല അവര്‍ക്കു ലഭിച്ചതിലധികവും. തെന്നിന്ത്യന്‍ ജയിംസ് ബോണ്ട് എന്ന വിശേഷണം ലഭിച്ച ജയശങ്കറിന്റെയും അവരുടെ ആരാധ്യപുരുഷന്‍ കൂടിയായിത്തീര്‍ന്ന സാക്ഷാല്‍ ഏഴൈത്തോഴന്‍ എം.ജി.ആറിന്റെയും മറ്റും അതിമാനുഷ താര പ്രഭാവത്തില്‍ അവരുടെ നിഴലായി നില്‍ക്കുന്ന നായികവേഷങ്ങളായിരുന്നു പലതും. നടികര്‍ തിലകം ശിവാജി ഗണേശനോടൊപ്പം നടിക്കാന്‍ ഭാഗ്യം സിദ്ധിച്ച ദേശീയ ശ്രദ്ധനേടിയ പട്ടിക്കാടാ പട്ടണമാ (1972)യില്‍പ്പോലും ഉപരിപ്‌ളവമായൊരു പരിഷ്‌കാരി നഗരപ്പെണ്ണിന്റെ വേഷമായിരുന്നു അവര്‍ക്ക്. സ്വാഭാവികമായി അക്കാലത്തെ ഇതര നായികമാരെപ്പോലെ നായകനു ചുറ്റും മരംചുറ്റിയാടിപ്പാടുകയും പലവസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഹൃദയക്കനിയായി മാത്രം ഒതുക്കപ്പെടേണ്ടിയിരുന്ന തിരവ്യക്തിത്വം. ഇദയക്കനി(ഹൃദയക്കനി) എന്ന വിളിപ്പേരില്‍പ്പോലുമുണ്ട് ഗ്‌ളാമറിന്റെ പുറംമോടിയെന്നു ശ്രദ്ധിക്കുക. എന്നിട്ടും അവരുടെ വേഷങ്ങള്‍ ഈ പരിമിതികളെ മറന്ന് പ്രേക്ഷകരുടെ ഹൃദയാന്തരങ്ങളില്‍ ഇരിപ്പിടം നേടിയെങ്കില്‍ അത് അവരുടെ പ്രൊഫഷനല്‍ മികവിന്റെ മാത്രം വിജയമാണ്. കഥാപാത്രക്കരുത്തിന്റെ പിന്‍ബലമില്ലാഞ്ഞിട്ടും തിരപ്രത്യക്ഷത്തിന്റെ നിറവില്‍ ജനമനസുകളില്‍ ഇടം നേടാനുള്ള കാന്തികമെന്നു വിശേഷിപ്പിക്കാവുന്നൊരു വശീകരണശക്തി അന്നേ അവര്‍ക്കുണ്ടായിരുന്നു. ഒരുപക്ഷേ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കൈവന്ന, പ്രദര്‍ശിപ്പിച്ച ആ സിദ്ധികൊണ്ടുതന്നെയാവണം, രാഷ്ട്രീയത്തില്‍ ജനങ്ങളുടെയിടയിലേക്ക് അത്രയൊന്നും ഇറങ്ങിച്ചെല്ലാഞ്ഞിട്ടും അസാമാന്യമായൊരു നിറസ്സാന്നിദ്ധ്യമാവാന്‍ അവരെ കെല്‍പ്പുള്ളവരാക്കിയത്. തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ച സിനിമകള്‍ക്കെല്ലാം ജൂബിലി പ്രദര്‍ശനവിജയം ഉറപ്പിക്കാനായ ഒരേയൊരു നായിക എന്ന അപൂര്‍വ റെക്കോര്‍ഡ് ഇന്നും ഭേദിക്കപ്പെടാതെ ജയലളിതയുടെ പേരില്‍ അവശേഷിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ജീവിതം പോലെ വിചിത്രമായിരുന്നു അവരുടെ ചലച്ചിത്രപ്രവേശവും. കോണ്‍വന്റ് ഹൈസ്‌കൂളില്‍ പഠനമവസാനിപ്പിക്കേണ്ടിവന്ന ജയലളിത അമ്മയെ പിന്തുണയ്ക്കാന്‍ സിനിമയിലെത്തിയെങ്കിലും ആഘോഷപൂര്‍വമായ അരങ്ങേറ്റമൊന്നുമായിരുന്നില്ലത്. 1961ല്‍ മുന്‍ രാഷ്ട്രപതി വി.വി ഗിരിയുടെ മകന്‍ ശങ്കര്‍ ഗിരി സംവിധാനം ചെയ്ത ദ എപ്പിസ്റ്റല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. പക്ഷേ 1965ല്‍  പുറത്തിറങ്ങിയ വെണ്ണീറെ ആടൈ യിലൂടെയാണ് അവര്‍ മുന്‍നിരയിലേക്കെത്തുന്നതും അനിഷേധ്യയായിത്തീരുന്നതും. വിവാഹത്തിനു മണിക്കൂറുകള്‍ക്കകം ഭര്‍ത്താവിനെ (ശ്രീകാന്ത്) നഷ്ടപ്പെടുന്ന യുവതിയുടെ ജീവിതസംഘട്ടനത്തിന്റെ കഥയായിരുന്നു അത്. നടിയെന്ന നിലയ്ക്ക് വെല്ലുവിളിയുയര്‍ത്തിയ ശോഭ എന്ന നായിക വേഷത്തിലൂടെ സിനിമാലോകവും പ്രേക്ഷകസമൂഹവും ശ്രദ്ധിക്കുന്ന അഭിനേത്രിയായി അവര്‍ മാറി.ഉഷാകുമാരിയെന്ന പേരില്‍ മലയാളത്തിലും പ്രശസ്തയായിത്തീര്‍ന്ന നിര്‍മ്മലയുടെയും ആദ്യചിത്രമായിരുന്നു സി വി ശ്രീധറിന്റെ വെണ്ണീറെ ആടൈ. അതായിരുന്നു വഴിത്തിരിവ്. വെണ്ണീറെ ആടൈയിലൂടെ താരരാജാവ് എം.ജി.രാമചന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ, അക്കാലത്തെ നായികമാര്‍ കൊതിച്ച ഭാഗ്യമാണ് അവരെ തേടിയെത്തിയത്. ബി.ആര്‍ പന്തലു സംവിധാനം ചെയ്ത മെഗാഹിറ്റായ ആയിരത്തില്‍ ഒരുവനിലെ  കന്നിദ്വീപ് രാജകുമാരി പൂങ്കൊടിയായി എം.ജി.ആറിന്റെ മണിമാരനോടൊപ്പം നായികയായ ജയലളിത അക്ഷരാര്‍ത്ഥത്തില്‍ നായകനെ തന്റെ മണിമാരനായിത്തന്നെ മനസാവരിക്കുകയായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. തുടര്‍്ന്ന് എം.ജി.ആറിനൊപ്പം തുടര്‍ച്ചയായ 27 ചിത്രങ്ങള്‍. എല്ലാം വമ്പന്‍ വിജയങ്ങള്‍. നായികയ്ക്ക് അന്നു വയസ് 20. നായകന് 52! എന്നിട്ടും ജയയ്ക്ക് അണ്ണന്‍ താങ്ങായി, സാന്ത്വനമായി. (ആരാധകവൃന്ദത്തെ ത്രസിപ്പിച്ച ഈ താരപ്രണയത്തിന്റെ തിരപ്രത്യക്ഷം പിന്നീട് മണിരത്‌നത്തിന്റെ ഇരുവറില്‍ മോഹന്‍ലാലും ഐശ്വര്യറായിയും ചേര്‍ന്നഭിനയിച്ചതും തിരലോകം കണ്ടു. കന്നിത്തായ് (1965), അരസ കട്ടാളി (1967), കണ്ണന്‍ എന്‍ കാതലന്‍ (1967), കാവല്‍ക്കാരന്‍ (1967), ഒളിവിളക്ക് (1967), കുടിയിരുന്ത കോവില്‍ (1968), പുതിയ ഭൂമി(1968), രഹസ്യ പൊലീസ് (1968), കണവന്‍ (1968), അടിമൈപ്പെണ്‍ (1969) നം നാട് (1969), എങ്കള്‍ തങ്കം (1970), മാട്ടുക്കാര വേലന്‍ (1970), തേടി വന്ത മാപ്പിളൈ(1970), ഒരു തായ് മക്കള്‍ (1971), കുമരി കോട്ടം (1971) നേരും നെരുപ്പും (1971) അന്നമിട്ട കൈ (1972), രാമന്‍ തേടിയ സീതൈ (1972), പട്ടിക്കാട്ടു പൊന്നയ്യ (1973) തുടങ്ങിയ ചിത്രങ്ങള്‍ ആ താരജോഡിയുടെ അനശ്വര പ്രണയത്തിന്റെയും പാരസ്പര്യത്തിന്റെയും കൂടി തിരസാക്ഷ്യമായി.
കെ.ശങ്കര്‍ സംവിധാനം ചെയ്ത അടിമൈപ്പെണ്ണില്‍ വെങ്കയ്യ രാജകുമാരന്റെ(എം.ജിആര്‍) വലംകൈയായ ജീവയായും പാവലരാജകുമാരി വാലിയായും ഇരട്ടവേഷത്തില്‍ തകര്‍ത്തഭിനയിച്ച ജയലളിത, എം.ജി.ആറിന്റെ പ്രിയ അമ്മു, ചരിത്രസിനിമകളിലെ രാജാപ്പാര്‍ട്ടുകളില്‍ മാത്രമല്ല സാമൂഹികചിത്രങ്ങളിലും നടനമികവിലൂടെ വെട്ടിത്തിളങ്ങി. പാ നീലകണ്ഠന്‍ സംവിധാനം ചെയ്ത രാമന്‍ തേടിയ സീതയിലെ നായകന്റെ ജീവതത്തില്‍ സ്വാധീനം ചെലുത്തുന്ന സീതയും അവളുടെ ഭാവഭേദങ്ങളായ രംഭയും റാണിയും ഈ നിരീക്ഷണത്തെ സാധൂകരിക്കും. ദ്രാവിഡ കഴകത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമായിത്തീര്‍ന്ന, രാഷ്ട്രീയത്തില്‍ പൊതിഞ്ഞ് കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്ന. എം.ജി.ആര്‍ സിനിമകളില്‍ അദ്ദേഹത്തിന്റെ അത്തരം പ്രചാരണലക്ഷ്യങ്ങള്‍ക്കെല്ലാമപ്പുറം, അദ്ദേഹത്തോടു ചേര്‍ന്ന് നിഴല്‍ നായികയായി ആടിപ്പാടുമ്പോഴും അവരുടെ സ്വത്വം കഥാപാത്രങ്ങളില്‍ അടയാളപ്പെടുത്താനായെന്നതാണ് അഭിനേത്രിയെന്ന നിലയ്ക്ക ജയലളിതയുടെ നേട്ടങ്ങളില്‍ പ്രധാനം.
ആടിപ്പാടുക അഥവാ പാടിയാടുകയെന്നത് ആദ്യകാല നായികമാരുടെ വിധി ദൗര്‍ബല്യമായിരുന്നെങ്കില്‍ അതിനെ അക്ഷരാര്‍ത്ഥത്തില്‍ കരുത്താക്കി മാറ്റിയ വ്യക്തിത്വമെന്നു കൂടി ജയലളിതയെ വിലയിരുത്തേണ്ടതുണ്ട്. നായിക മാത്രമായിരുന്നില്ല അവര്‍. നല്ലൊരു ഗായിക കൂടിയായിരുന്നു. ഒരുപക്ഷേ, സ്വന്തം കഥാപാത്രങ്ങള്‍ക്കേ പാടൂ എന്നു ശഠിച്ചില്ലായിരുന്നെങ്കില്‍, ആ നിലയ്ക്കും ശോഭിക്കാനിടയുണ്ടായിരുന്ന ഗായിക. താരപ്രഭാവത്തിന്റെ പേരില്‍ പബ്‌ളിസിറ്റിയുണ്ടാക്കുന്നതിനുവേണ്ടിയായിരുന്നില്ല അവര്‍ പാടിയത്. ശ്രുതിബദ്ധമായി പാടാന്‍ കഴിവുള്ളതുകൊണ്ടുതന്നെയായിരുന്നു. അടിമൈപ്പെണ്‍ (1969),സൂര്യകാന്തി (1973), വൈരം (1974), അന്‍പൈ തേടി (1974), തിരുമംഗല്യം (1973) ഉന്നൈ ചുറ്റും ഉലകം (1977) തുടങ്ങി പന്ത്രണ്ടോളം സിനിമകളില്‍ പതിനാലോളം ഗാനങ്ങള്‍. അതും ടി എം.സൗന്ദര്‍രാജനും എസ്.പി.ബാലസുബ്രഹ്മണ്യവും പി.സുശീലയും പോലുള്ള മഹാരഥന്മാര്‍ക്കൊപ്പം, കണ്ണദാസന്റെയും വാലിയുടെയും വരികള്‍ക്ക് കെ.വി.മഹാദേവന്റെയും എം.എസ്.വിശ്വനാഥന്റെയും ചിട്ടപ്പെടുത്തലുകള്‍ക്കൊത്തു പാടാനാവുക എന്നത് കേവലമൊരു കാര്യമല്ലതന്നെ.
1968ലാണ് ഹിന്ദിയില്‍ ഇസ്സത്ത് എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയുടെ നായികയായത്.ടി.പ്രകാശ് റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ ധര്‍മ്മേന്ദ്രയവതരിപ്പിച്ച നായകനായ ശേഖറെ പ്രണയിക്കുന്ന പര്‍വതവാസിയായ ആദിവാസി ജുംകിയുടെ വേഷമായിരുന്നു അവര്‍ക്ക്. നൂതന്റെ സഹോദരിയും കാജോലിന്റെ അമ്മയുമായ തനൂജയായിരുന്നു അവര്‍ക്കൊപ്പമഭിനയിച്ചത്. കിഷോര്‍ കുമാറും സാധനയും പ്രാണും മുഖ്യവേഷത്തിലെത്തിയ മന്‍ മൗജി എന്നൊരു ഹിന്ദി ചിത്രത്തില്‍ കൂടി ഒരു പാട്ടുരംഗത്തു മാത്രമായി ശ്രീകൃഷ്ണന്റെ വേഷത്തില്‍ ഒരു നൃത്തരംഗത്ത് ജയലളിത പ്രത്യക്ഷപ്പെട്ടു.ഇതിനിടെ സിനിമാക്കഥയെ വെല്ലുംവിധം അവഗണനയില്‍ അണ്ണനോടു കലഹിച്ച് തെലുങ്ക് താരം ശോഭന്‍ ബാബുവുമായി അടുപ്പത്തിലായ അവര്‍ ഗുഡാചാരി യടക്കം ചില സിനിമകളില്‍ അദ്ദേഹത്തിന്റെ നായികയുമായി.
പൊതുരംഗത്തെ കാലയളവുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞൊരു കാലഘട്ടമേ വെള്ളിത്തിരയുടെ വെള്ളിവെട്ടത്ത് ജയലളിത സജീവമായുള്ളൂ. കേവലം ഒരു വ്യാഴവട്ടം. പക്ഷേ, മിന്നിത്തിളങ്ങിയ വര്‍ഷം മുഴുവന്‍ അവര്‍ തമിഴിലെയും തെലുങ്കിലെയും കന്നടത്തിലെയും ഏറ്റവും താരവിലയുള്ള നായികയായിരുന്നു. പക്ഷേ ഈ 12 വര്‍ഷത്തിനിടെ മികച്ച നടിക്കുള്ള തമിഴ്‌നാടിന്റെ സംസ്ഥാന ബഹുമതിയും ഫിലിം ഫെയര്‍ അവാര്‍ഡും അഞ്ചുതവണ വീതം നേടുകയും ചെയ്തു അവര്‍.
വ്യക്തിജീവിതത്തില്‍ അഭിനയിക്കാതിരിക്കാന്‍ ശ്രമിച്ചതാണെന്നു തോന്നുന്നു ജയലളിതയുടെ ഏറ്റവും വലിയ പരാജയം. ജീവിതം തിരശ്ശിലയല്ലെന്ന തിരിച്ചറിവില്‍ അവര്‍ ഒരിക്കലുമൊരു നിഴല്‍നാടകത്തിനൊരുമ്പെട്ടില്ല. അതുകൊണ്ടുതന്നെ നയതന്ത്രത്തില്‍ അവര്‍ ഒരല്‍പം പിന്നോട്ടായിരുന്നു. ദേഷ്യം വന്നാലും സങ്കടം വന്നാലും അതടക്കിപ്പിടിച്ച് വെളുക്കെ ചിരിക്കാന്‍ അവര്‍ക്കായില്ല. രാഷ്ട്രീയത്തില്‍ വിദൂരത്തെ നിഗൂഡ നക്ഷത്രമായി നിറയാനായിരുന്നു വിധിയെങ്കില്‍ വെള്ളിത്തിരയിലെ താരപരിവേഷമോ പ്രതിച്ഛായയോ ഓര്‍ത്ത് ലേശവും ആകുലപ്പെടാതെ ജീവിതത്തോടു സത്യസന്ധത പുലര്‍ത്താനവര്‍ക്കായി. കറകളയാന്‍ വേണ്ടിയെന്നതിനേക്കാള്‍ മനഃസാക്ഷിക്കു വേണ്ടിയായിരുന്നു ആ ജീവിതം. പ്രായത്തില്‍ തന്നേക്കാള്‍ മൂന്നിരട്ടി മൂപ്പുള്ള എം.ജി.ആറിനോടു തോന്നിയ പ്രണയവും പിണക്കവും പ്രണയനിരാസത്തില്‍ മനം നൊന്ത് തെലുങ്കു നടനായ ശോഭന്‍ ബാബുവുമൊത്തുള്ള അടുപ്പവും അകല്‍ച്ചയും പിന്നീട് തോഴി ശശികലയുമായുള്ള സൗഹൃദവും ഒന്നും പരസ്യമാക്കുന്നതില്‍ വ്യാകുലപ്പെട്ടിരുന്നില്ല അവര്‍. ഒരു പക്ഷേ ബഹുഭാരാത്വം അതിശയോക്തിയല്ലാത്ത തമിഴിന്റെ സംസ്‌കാരത്തില്‍ കുടുംബസ്ഥനായ എം.ജി.ആറിനോട് പ്രണയത്തിന്റെ പേരില്‍ ഒന്നിലേറെ തവണ വിവാഹാഭ്യര്‍ത്ഥന നടത്താനും വിവാഹസജ്ജീകരണങ്ങള്‍ വരെയൊരുക്കാന്‍ തുനിഞ്ഞതും സിനിമ പോലെ തന്നെ രാഷ്ട്രീയവും അവരുടെ മോഹമല്ലാഞ്ഞതുകൊണ്ടായിരിക്കണം. പ്രതിച്ഛായ കൊണ്ട് നേടേണ്ടതൊന്നും അവരുടെ മുഖ്യപരിഗണനയിലന്നില്ലായിരുന്നിരിക്കണം.
ഏതൊരു ശരാശരി ഇന്ത്യന്‍ സ്ത്രീയേയും പോലെ, സിനിമയിലെ അസംഖ്യം താരവിവാഹങ്ങളിലെ നായികമാരെപ്പോലെ, സിനിമ വിട്ടു സ്വസ്ഥമായൊരു കുടുംബജീവിതം അവരുമാശിച്ചിരിക്കണം. പക്ഷേ പ്രണയം, അതിന്റെ വിധേയത്വം കൊണ്ട് അവരെ കൊണ്ടെത്തിച്ചത് രാഷ്ട്രീയത്തിന്റെ അരക്ഷിതലോകത്തായിരുന്നു. അവിടെ അവരെ കാത്തിരുന്നത് അവഗണനയും അവഹേളനവുമായിരുന്നെങ്കിലും അതിനെയെല്ലാം മറികടക്കാനും സ്വേച്ഛയോടെയല്ലെങ്കിലും തീരുമാനിച്ചുറച്ച രാഷ്ട്രീയത്തില്‍ പരമോന്നതി ലക്ഷ്യമാക്കാനും പരിശ്രമിച്ച ജയലളിതയെയാണ് പിന്നീട് ലോകം കണ്ടത്. തിരജീവിതത്തില്‍ പ്രകടനപരമായി എന്തെല്ലാമായിരുന്നോ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കരുത്തുറ്റ സ്വത്വത്തെ, ആരെയും ആശ്രയിക്കാതെ എല്ലാവരും ആശ്രയിക്കുന്നൊരു മഹാമേരുവായി മാറുകയായിരുന്നു ജയലളിതയെന്നത് വിധിയുടെ കൗതുകം.അതാകട്ടെ തമിഴകം ഇന്നോളം കണ്ടിട്ടില്ലാത്തവണ്ണം പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന അവരുടെ സങ്കടങ്ങളറിയുന്ന കാരുണ്യത്തിന്റെ ഹൃദയക്കനിവായിത്തീരുകയും ചെയ്തു.

No comments: