Friday, December 23, 2016

ചില പയനീയര്‍ സ്മരണകള്‍


കേരളത്തില്‍ സിഡി പ്‌ളെയര്‍ വിപ്‌ളവം തുടങ്ങിയ കാലം. അന്നത്തെ വലിയൊരാഗ്രഹമായിരുന്നു സ്വന്തമായി ഒരു സിഡി പ്‌ളെയര്‍. പക്ഷേ സാമ്പത്തികാവസ്ഥ വച്ച് ആഡംബരമായിരുന്നു അന്നത്.അപ്പോഴാണ് ഭാര്യാസഹോദരിയും ഭര്‍ത്താവും അവധിക്ക് സിംഗപ്പൂരില്‍ നിന്നു വരുന്നത്. വരുമ്പോള്‍ എന്തു കൊണ്ടുവരണമെന്ന് ചോദിച്ചപ്പോള്‍ ഏറെ സങ്കോചത്തോടെ, ആഗ്രഹമറിയിച്ചു; ഘട്ടം ഘട്ടമായി വില തന്നോളാമെന്നും. വിലയൊക്കെ അവിടെ നില്‍ക്കട്ടെ എന്നു ശാസിച്ച് അവര്‍ വന്നപ്പോള്‍ കൊണ്ടുത്തന്നതാണ് പയനീയറിന്റെ മൂന്നു സിഡികള്‍ സെലക്ട് ചെയ്യാവുന്ന, രണ്ടു കസെറ്റ് സ്‌ളോട്ടുകളുള്ള, എഫ് എം അടക്കം റേഡിയോയുള്ള, 750 പി.എം.പി.ഒ സൗണ്ട് ഔട്ട്പുട്ടുള്ള സൗണ്ട് മോര്‍ഫിങ് ഓഡിയോ സെലക്ടറുള്ള സിഡി പ്‌ളെയര്‍. ഒരുവയസു പോലും തികഞ്ഞിട്ടില്ലാത്ത മകളെ മിക്കപ്പോഴും ഉറക്കിയിട്ടുള്ളത് അവളെ കാലില്‍ കിടത്തി, കണ്ണേയുറങ്ങുറങ്ങ് എന്നോമനകുഞ്ഞേയുറങ്ങ് പാട്ടുകേള്‍പ്പിച്ചായിരുന്നു.
ആയിടയ്ക്കാണ് ഹരികൃഷ്ണന്‍സ്, പിന്നെ തരംഗിണിയുടെ തിരുവോണക്കൈനീട്ടം തുടങ്ങിയ ആല്‍ബങ്ങള്‍ പുറത്തിറങ്ങുന്നത്. ദാസേട്ടന്റെ ശബ്ദം രണ്ടു ടോണുകളില്‍ ആലേഖനം ചെയ്ത ഹരികൃഷ്ണന്‍സിലെ പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ എന്ന പാട്ടിലെ നേരിയ ശബ്ദവ്യത്യാസം പോലും സ്ഫടികത്തികവില്‍ പയനീയര്‍ കേള്‍പ്പിച്ചു തന്നു.ഒപ്പം വിജയ് യേശുദാസ് ഗായകനായി ആദ്യം അടയാളപ്പെടുത്തപ്പെട്ട തിരുവോണക്കൈനീട്ടത്തിലെ പുത്തഞ്ചേരി-വിദ്യാസാഗര്‍ സഖ്യത്തിലെ പാട്ടുകളില്‍ അച്ഛനും മകനും പുലര്‍ത്തിയ അസാധ്യമായ ലയം. അതില്‍ ആകൃഷ്ടനായി അന്ന് മലയാള മനോരമയിലെ ക്യാംപസ് ലൈനില്‍ വിജയെ കുറിച്ച് ഒരു കുറിപ്പുമെഴുതി. അതിന്റെ പേരില്‍ അന്ന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. പ്രേംനസീറിന്റെ മകനും കെ.പി.ഉമ്മറിന്റെ മകനുമൊക്കെ താരങ്ങളായപോലെ ഒരു ഒറ്റത്തവണപ്രതിഭാസം മാത്രമായ വിജയ് യേശുദാസിനൊക്കെ ഇത്രയും പ്രകീര്‍ത്തിച്ച് പത്രസ്ഥലം നീക്കിവച്ചതിന് മീറ്റിംഗുകളില്‍ വിമര്‍ശനമുയര്‍ന്നുവെന്ന് അസോഷ്യേറ്റ് എഡിറ്റര്‍ നേരിട്ടു വിളിച്ചു പറഞ്ഞു. (വിജയിനെപ്പറ്റി ഞാനെഴുതാനിരുന്നതല്ലെന്നതും, അന്നു കൗമാരം വിട്ടിട്ടില്ലാത്ത വിജയിന്റെ ശബ്ദഗാംഭീര്യത്തില്‍ ആകൃഷ്ടനായി ഈ ചെറുപ്പക്കാരന്‍ വലിയ ഉയരങ്ങള്‍ താണ്ടുമെന്നു തോന്നി അന്നത്തെ ചെന്നൈ ലേഖകനോടു പറഞ്ഞ് ഒരു ഐറ്റം സംഘടിപ്പിച്ചു കൊടുത്താല്‍ നന്നായിരുന്നു എന്ന് എന്റെ മേലധികാരിയോടു നിര്‍ദ്ദേശിക്കുകമാത്രമാണ് ചെയ്തതെന്നതും, അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം അതു ഞാന്‍ തന്നെ എഴുതിക്കൊടുത്തതാണെന്നതും വേറേ കാര്യം).
കാലം പോകെ, കസെറ്റ് തന്നെ അപ്രത്യക്ഷമായി. (വിജയ് സംസ്ഥാന അവാര്‍ഡ് നേടി കഴിഞ്ഞവര്‍ഷം ഏറ്റവുമധികം സിനിമയ്ക്കു പാടിയ ഗായകന്‍വരെയായി വര്‍ഷങ്ങള്‍ പിന്നിട്ടു!)
സിഡിയും ഇന്ന് വംശനാശഭീഷണിയില്‍ത്തന്നെ. തമ്പ് ഡ്രൈവും ബഌറേയും ഹാര്‍ഡ് ഡിസ്‌കും ഓക്‌സിലറിയും ബഌടൂത്തുമായി ശബ്ദവ്യവസായം മാറ്റത്തിന്റെ മഹാമേരുക്കള്‍ താണ്ടി. പക്ഷേ, ഗൃഹാതുരതയുടെ തിരുശേഷിപ്പായി ഹൃദയത്തോടു ചേര്‍ത്ത് എന്റെ പണിപ്പുരയില്‍ പയനീയര്‍ എന്നുമൊപ്പം കൂടി. ഏതാണ്ട് മകളുടെ അതേ പ്രായമുണ്ടതിന്. ഇടയ്ക്ക് സ്പീക്കറുകളില്‍ മൂഷികന്‍ ശല്യമുണ്ടാക്കുകയും വയര്‍ കരണ്ടുതിന്നുകയും സ്പീക്കറിനുള്ളില്‍ പാര്‍പ്പുറപ്പിക്കുയുമൊക്കെ ചെയ്‌തെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അതു പിന്നെയും പാട്ടുതുടര്‍ന്നു. ഇടയ്ക്ക് അന്ന് ന്യൂ ജെനറേഷനായിരുന്ന പച്ച എല്‍ സി ഡി ഡിസ്പ്‌ളേ കേടായി. ഇപ്പോള്‍ അത് ഒറ്റക്കണ്ണനെപ്പോലെ ചില അക്ഷരങ്ങളുടെ പൊട്ടും പൊടിയും മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളൂ. പിന്നൊരുദിവസം നോക്കുമ്പോള്‍ സ്പീക്കറിലേക്കുള്ള വയര്‍ ഘടിപ്പിക്കുന്ന സ്‌ളോട്ടുകള്‍ കേടായി. കേബിള്‍ സംവിധാനമൊന്നുമല്ല. സ്പ്രിങ്ങൊക്കെ പിടിപ്പിച്ച ഒരു തരം സാങ്കേതികതയാണ്. ആ സ്വിച്ചെല്ലാം കാലപ്പഴക്കം കൊണ്ട് പറിഞ്ഞു പോന്നു. കുറച്ചുനാള്‍ വൃദ്ധന്‍ പാടാതായി.
സങ്കടം തോന്നി ഞാന്‍ പയനീയറന്റെ സൈറ്റ് തപ്പി സര്‍വീസിനായി ഇമെയിലയച്ചു. അതു മടങ്ങി. പിന്നീടാണ് പയനീയര്‍ ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബന്ധപ്പെട്ടത്. അപ്പോള്‍ അവരുടെ തിരുവനന്തപുരത്ത് പോത്തന്‍കോട്ടെ സര്‍വീസ് സെന്ററില്‍ കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞു. അവര്‍ക്കും സ്‌പെയറുകളുണ്ടായിരുന്നില്ല. നിര്‍മാണം തന്നെ നിലച്ച, സാങ്കേതികത തന്നെ മാറിയ സാഹചര്യത്തില്‍ എവിടെ സ്‌പെയര്‍ പാര്‍ട്‌സ്? പക്ഷേ, എന്റെ ആവേശം കണ്ട ടെക്‌നീഷ്യന്‍ ആ സ്‌ളോട്ടുകളില്‍ ഒരു ബൈപ്പാസ് സര്‍ജിക്കല്‍ ഓപ്പറേഷന്‍ നടത്തി നേരിട്ട് വയറുകള്‍ ഘടിപ്പിച്ചു തന്നു. അതില്‍ സ്പീക്കര്‍ വയറുകള്‍ ചേര്‍ത്തുചുറ്റിയപ്പോള്‍ പാവം എ 2100 (മോഡല്‍) വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഇടാന്‍ കസെറ്റില്ലെങ്കിലും സിഡിശേഖരമുണ്ട്. റേഡിയോയും നന്നായി പ്രവര്‍ത്തിക്കുന്നു. സ്ഫടികസമാനമായ അവന്റെ ശബ്ദവിതാനത്തിനും ഒട്ടുമേ വെള്ളിവീണിട്ടില്ല. പാവം, അവനോടുള്ള ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നേയില്ല.
ഒപ്പം ജപ്പാന്റെ സാങ്കേതികമികവിനോടുള്ള മതിപ്പും.

Friday, December 16, 2016

The New Indian Express on Kerala Talkies

A reflection of cinema

By Express News Service  |   Published: 16th December 2016 01:20 AM  |  
Last Updated: 16th December 2016 03:12 AM 
THIRUVANANTHAPURAM: “Cinema - the greatest chronicler of life and times, born of the marriage between art and technology, has come down to us as the newest audio visual expression of creativity and culture. It is the logical extension of mankind’s seamless scientific imagination and a ceaseless search for communication. This vehicle of communication is primarily meant to reach out to people which eventually took on the role of being the medium and the message as well as unifying itself into a unique entity,” observes veteran auteur Adoor Gopalakrishnan in his short account in Kerala Talkies.
‘Kerala Talkies - Celebrating Malayalam Cinema at Kerala’s diamond jubilee’ is a collection of studies and observations by noted filmographers, critics and authors on cinema. Brought out by Chintha Publishers in connection with the ongoing 21st International Film Festival of Kerala, it was released by Adoor Gopalakrishnan by handing over a copy to noted filmmaker Shyam Benegal at Tagore theatre, the other day.
Undoubtedly a collectable item, the book is an effort to reinvent Malayalam cinema. At the same time it is an attempt to reflect upon Malayalam cinema today, at the 60th anniversary of Kerala’s formation. A host of prominent names including Amrit Gangar, Shaji N Karun, Kamal, Lenin Rajendran, M G Radhakrishnan, Bina Paul, Sunny Joseph, Ravi Menon, M A Baby, V K Joseph, C S Venkiteswaran, Meera Sahib and Vijayakrishnan have written in detail about Malayalam cinema and cinema in general.
Edited by A Chandrasekhar, ‘Kerala Talkies’ looks into a number of different aspects of cinema - be it the roots of Malayalam cinema, its festival representation, history of film society movement in the state, the politics of gender in Malayalam cinema, the icons of Malayalam movies or its dynamic frames.
In what could be termed as a true reflection on the 60 years of Kerala’s film history, the book sheds light into the rich past and vibrant present of Malayalam cinema.

Monday, December 12, 2016

ഹരിതസിനിമ പ്രകാശനം@മംഗളം ദിനപത്രം


കേരളത്തിന്റെ 21-ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ ഡിസംബര്‍ 12ന് വിഖ്യാത ഹ്രസ്വചിത്രസംവിധായക ദീപ ധന്‍രാജ് പ്രശസ്ത നിരൂപകന്‍ ഡോ.സിഎസ് വെങ്കിടേശ്വരനു നല്‍കിക്കൊണ്ട് ഒലീവ് പബ്‌ളിക്കേഷന്‍സ് പുറത്തിറക്കിയ എന്റെ ഹരിതസിനിമ പുസ്തകം പ്രകാശിപ്പിക്കുന്നു. സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍ ജയന്‍ ചെറിയാന്‍ എന്നിവര്‍ക്കൊപ്പം ഞാനും

Sunday, December 11, 2016

Kerala Talkies release news @ Deshabhimani TVM


ഹൃദയക്കനി(വ്)!

Kalakaumudi

എ.ചന്ദ്രശേഖര്‍
''ഞാനൊരു കാര്യം നിശ്ചയിച്ചുറപ്പിച്ചിറങ്ങിയാല്‍പ്പിന്നെ എല്ലാവിധവും അതു നന്നാക്കാനാണു ശ്രമിക്കുക. എനിക്കിഷ്ടമുണ്ടോ ഇല്ലയോ എന്നു നോക്കാറില്ല, ഇറങ്ങിത്തിരിച്ചാല്‍ അതിന്റെ പൂര്‍ണത, അസാധ്യമായ പൂര്‍ണത അതിനുവേണ്ടിയാവും എന്റെ പ്രവര്‍ത്തനം. സിനിമയും എനിക്കങ്ങനെയായിരുന്നു. ഇഷ്ടമില്ലായിട്ടും സിനിമയിലെത്താന്‍ തീരുമാനിച്ച ഞാന്‍ സിനിമയിലുള്ളിടത്തോളം അനിഷേധ്യയായ താരറാണിതന്നെയായി നിലനിന്നു.''
ബോളിവുഡിന്റെ മുന്‍കാല നടി സിമി ഗാരേവാള്‍ ദൂരദര്‍ശനുവേണ്ടി ഇന്ത്യന്‍ ഗ്‌ളാമര്‍രംഗത്തെ മഹനീയവ്യക്തിത്വങ്ങളെ അഭിമുഖം ചെയ്യുന്ന റെന്‍ഡേവൂ വിത്ത് സിമി ഗാരേവാള്‍ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴകത്തിന്റെ ഇദയക്കനി ജെ.ജയലളിത പറഞ്ഞ ഈ വാക്കുകളില്‍ നിറഞ്ഞു നിന്നത് ഒരു സ്ത്രീ എന്ന നിലയ്ക്ക്, ഒരു വ്യക്തി എന്നനിലയ്ക്ക് അവരുടെ കരുത്തും ശക്തിയും ഓജസും ആത്മവിശ്വാസവുമൊക്കെയാണ്. പക്ഷേ അതിലേറെ അഭിനേതാവെന്ന നിലയ്ക്ക് ജയലളിതയുടെ ജീവിതവും സംഭാവനയും വിലയിരുത്തുന്ന ഒരാളെ അദ്ഭുതപ്പെടുത്തുന്നത്, ഒരു കാലത്ത് തമിഴിലെന്നല്ല, തെന്നിന്ത്യയും നിറഞ്ഞുനില്‍ക്കുകയും ഹിന്ദിയിലും സാന്നിദ്ധ്യമറിയിക്കുകയും ചെയ്ത മുന്‍കാല ഗ്‌ളാമര്‍ താരത്തിന് ചലച്ചിത്രവേദി സ്വന്തമിഷ്ടമോ തെരഞ്ഞെടുപ്പോ ആയിരുന്നില്ലെന്നതാണ്! പ്രൊഫഷനലിസം എന്നതിന്റെ അര്‍ത്ഥമാണ് അവരുടെ വെളിപ്പെടുത്തലില്‍ നിന്നു വായിക്കേണ്ടത്. കാരണം, ഏതൊരു പ്രൊഫഷനിലാണെങ്കിലും, അതു നാം ്‌സ്വയം തെരഞ്ഞെടുത്തതോ അല്ലാത്തതോ ആവട്ടെ, വിധി വൈപരീത്യം കൊണ്ടോ സാഹചര്യങ്ങള്‍ കൊണ്ടോ എത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത കാണിക്കുക എന്നതുമാത്രമല്ല, അതില്‍ അങ്ങേയറ്റം തിളങ്ങുക എന്നതായിരിക്കണം ഏതൊരു പ്രൊഫഷനലിന്റെയും ആത്യന്തിക ലക്ഷ്യം. തൊഴില്‍ മര്യാദയ്ക്കപ്പുറം പ്രൊഫഷന് പാവനമായൊരു സ്ഥാനം കല്‍പിക്കുന്നവര്‍ക്കു മാത്രമേ ഇത്തരമൊരു ഉന്നതി സാധ്യമാവുകയുള്ളൂ. ആ അര്‍ത്ഥത്തിലാണ് ജയലളിതയുടെ തിര/ താര വിജയം വിലയിരുത്തപ്പെടേണ്ടത്.
സിനിമയെപ്പറ്റി പൊതുവേ നിലനില്‍ക്കുന്ന അസംഖ്യം കഥകളിലേതുപോലെ തന്നെ സാധാരണ കുടുംബത്തില്‍ നിന്ന് താരനിലവാരത്തിലേക്കുള്ള വളര്‍ച്ചയായിരുന്നു ജയലളിതയുടേതും. സിനിമാ നടിതന്നെയായിരുന്ന അമ്മയുടെ മൈസൂരിലെ ബാല്യത്തില്‍ വേണ്ടത്ര കിട്ടാത്തതാണ് സത്യത്തില്‍ അമ്മുവിന് കുഞ്ഞുനാള്‍ തൊട്ടേ സിനിമയോടു വെറുപ്പുണ്ടാക്കിയത്. അമ്മയെ തന്നില്‍ നിന്നകറ്റി ചെന്നൈയില്‍ നിര്‍ത്തുന്ന സിനിമയെ ജയലളിതയ്ക്ക് അതുകൊണ്ടു തന്നെ സ്‌നേഹിക്കാനാവുമായിരുന്നില്ല. എന്നിട്ടും അമ്മയ്ക്കു വേണ്ടിത്തന്നെ, കുടുംബത്തിനു വേണ്ടിത്തന്നെ ഇളം പ്രായത്തിലേ സിനിമയിലെത്തേണ്ടിവന്ന ജീവിതമാണ് അവരുടേത്.
പത്താം ക്‌ളാസില്‍ റാങ്കോടെ പാസാവേണ്ടി വന്ന ഒരു പെണ്‍കുട്ടിക്ക്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ട് അമ്മയെ പിന്തുണയ്ക്കാന്‍ വേണ്ടി അഭിനയം തെരഞ്ഞെടുക്കേണ്ടി വരുമ്പോഴുണ്ടാവുന്ന മനഃസംഘര്‍ഷം പക്ഷേ അവരുടെ തിരപ്രകടനത്തില്‍ നി്ന്ന് ഒരിക്കലും വായിച്ചെടുക്കാന്‍ സാധിക്കില്ല. ജയലളിത തന്നെ വെളിപ്പെടുത്തിയിട്ടുള്ള ഇഷ്ടങ്ങള്‍, ഹിന്ദിയിലെ ഹരിതകാമുകന്‍ ഷമ്മി കപ്പൂറിന്റെ യാഹൂ ശൈലിയിലുള്ള അംഗചലനങ്ങളും നൃത്തച്ചുവടുകളുമായുള്ള നായികയെയാണ് അവരുടെ ആദ്യകാല സിനിമകള്‍മുതല്‍ കാണാന്‍ സാധിക്കുക. സതി സാവിത്രി പ്രതിച്ഛായയില്‍ നായികമാര്‍ വിളങ്ങിനിന്ന കാലത്താണ് (മാംസപ്രദര്‍ശനത്തിനും മറ്റുമായി സാധന പോലുള്ള മറ്റ് മാദകനടിമാര്‍ വേറെയുണ്ടായിരുന്ന കാലം) നായികാവേഷത്തില്‍ സന്ദര്‍ഭമാവശ്യപ്പെടുന്ന ഗ്‌ളാമറിന് അവര്‍ തയാറായത്. തമിഴ് സിനിമയില്‍ പുറംതോള്‍ അനാവൃതമാക്കി സ്‌ളീവ് ലെസ് വേഷമിട്ട ആദ്യ നായികനടിയായി ജയലളിത വിശേഷിപ്പിക്കപ്പെടുമ്പോള്‍ അതവര്‍ക്ക് ഭൂഷണമായിത്തീരുന്നത്, അതിനു പിന്നിലെ കറകളഞ്ഞ പ്രൊഫഷനല്‍ സമീപനം കൊണ്ടാണ്. കാരണം പ്രൊഫഷനലായി ആടാനുറച്ചാല്‍ നായ്‌ക്കോലം കെട്ടാന്‍ മടിച്ചിട്ടുകാര്യമില്ലെന്ന കറകളഞ്ഞ പ്രൊഫഷനല്‍ കാഴ്ചപ്പാടിലായിരുന്നു അവരുടെ മുന്നേറ്റം.
സ്വന്തമിഷ്ടപ്രകാരം തെരഞ്ഞെടുത്തതല്ലെങ്കിലും അഭിനയിക്കാനെത്തിയതോടെ അവര്‍ ആ തൊഴിലിനോട് നൂറുശതമാനവും അ്ര്‍പണബോധത്തോടെയാണ് സമീപിച്ചത്. അതിന്റെ തെളിവാണ് അവരുടെ  വിജയങ്ങള്‍. കണ്ണീര്‍ തോഴികളായിരുന്ന സാവിത്രിയോ കെ.ആര്‍.വിജയയോ പോലുള്ള സമകാലികരും മുന്‍ഗാമികളും ക്യാമറയ്ക്കുമുന്നില്‍ പകര്‍ന്നാടിയ ആഴമുള്ള വേഷങ്ങളായിരുന്നില്ല അവര്‍ക്കു ലഭിച്ചതിലധികവും. തെന്നിന്ത്യന്‍ ജയിംസ് ബോണ്ട് എന്ന വിശേഷണം ലഭിച്ച ജയശങ്കറിന്റെയും അവരുടെ ആരാധ്യപുരുഷന്‍ കൂടിയായിത്തീര്‍ന്ന സാക്ഷാല്‍ ഏഴൈത്തോഴന്‍ എം.ജി.ആറിന്റെയും മറ്റും അതിമാനുഷ താര പ്രഭാവത്തില്‍ അവരുടെ നിഴലായി നില്‍ക്കുന്ന നായികവേഷങ്ങളായിരുന്നു പലതും. നടികര്‍ തിലകം ശിവാജി ഗണേശനോടൊപ്പം നടിക്കാന്‍ ഭാഗ്യം സിദ്ധിച്ച ദേശീയ ശ്രദ്ധനേടിയ പട്ടിക്കാടാ പട്ടണമാ (1972)യില്‍പ്പോലും ഉപരിപ്‌ളവമായൊരു പരിഷ്‌കാരി നഗരപ്പെണ്ണിന്റെ വേഷമായിരുന്നു അവര്‍ക്ക്. സ്വാഭാവികമായി അക്കാലത്തെ ഇതര നായികമാരെപ്പോലെ നായകനു ചുറ്റും മരംചുറ്റിയാടിപ്പാടുകയും പലവസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഹൃദയക്കനിയായി മാത്രം ഒതുക്കപ്പെടേണ്ടിയിരുന്ന തിരവ്യക്തിത്വം. ഇദയക്കനി(ഹൃദയക്കനി) എന്ന വിളിപ്പേരില്‍പ്പോലുമുണ്ട് ഗ്‌ളാമറിന്റെ പുറംമോടിയെന്നു ശ്രദ്ധിക്കുക. എന്നിട്ടും അവരുടെ വേഷങ്ങള്‍ ഈ പരിമിതികളെ മറന്ന് പ്രേക്ഷകരുടെ ഹൃദയാന്തരങ്ങളില്‍ ഇരിപ്പിടം നേടിയെങ്കില്‍ അത് അവരുടെ പ്രൊഫഷനല്‍ മികവിന്റെ മാത്രം വിജയമാണ്. കഥാപാത്രക്കരുത്തിന്റെ പിന്‍ബലമില്ലാഞ്ഞിട്ടും തിരപ്രത്യക്ഷത്തിന്റെ നിറവില്‍ ജനമനസുകളില്‍ ഇടം നേടാനുള്ള കാന്തികമെന്നു വിശേഷിപ്പിക്കാവുന്നൊരു വശീകരണശക്തി അന്നേ അവര്‍ക്കുണ്ടായിരുന്നു. ഒരുപക്ഷേ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കൈവന്ന, പ്രദര്‍ശിപ്പിച്ച ആ സിദ്ധികൊണ്ടുതന്നെയാവണം, രാഷ്ട്രീയത്തില്‍ ജനങ്ങളുടെയിടയിലേക്ക് അത്രയൊന്നും ഇറങ്ങിച്ചെല്ലാഞ്ഞിട്ടും അസാമാന്യമായൊരു നിറസ്സാന്നിദ്ധ്യമാവാന്‍ അവരെ കെല്‍പ്പുള്ളവരാക്കിയത്. തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ച സിനിമകള്‍ക്കെല്ലാം ജൂബിലി പ്രദര്‍ശനവിജയം ഉറപ്പിക്കാനായ ഒരേയൊരു നായിക എന്ന അപൂര്‍വ റെക്കോര്‍ഡ് ഇന്നും ഭേദിക്കപ്പെടാതെ ജയലളിതയുടെ പേരില്‍ അവശേഷിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ജീവിതം പോലെ വിചിത്രമായിരുന്നു അവരുടെ ചലച്ചിത്രപ്രവേശവും. കോണ്‍വന്റ് ഹൈസ്‌കൂളില്‍ പഠനമവസാനിപ്പിക്കേണ്ടിവന്ന ജയലളിത അമ്മയെ പിന്തുണയ്ക്കാന്‍ സിനിമയിലെത്തിയെങ്കിലും ആഘോഷപൂര്‍വമായ അരങ്ങേറ്റമൊന്നുമായിരുന്നില്ലത്. 1961ല്‍ മുന്‍ രാഷ്ട്രപതി വി.വി ഗിരിയുടെ മകന്‍ ശങ്കര്‍ ഗിരി സംവിധാനം ചെയ്ത ദ എപ്പിസ്റ്റല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. പക്ഷേ 1965ല്‍  പുറത്തിറങ്ങിയ വെണ്ണീറെ ആടൈ യിലൂടെയാണ് അവര്‍ മുന്‍നിരയിലേക്കെത്തുന്നതും അനിഷേധ്യയായിത്തീരുന്നതും. വിവാഹത്തിനു മണിക്കൂറുകള്‍ക്കകം ഭര്‍ത്താവിനെ (ശ്രീകാന്ത്) നഷ്ടപ്പെടുന്ന യുവതിയുടെ ജീവിതസംഘട്ടനത്തിന്റെ കഥയായിരുന്നു അത്. നടിയെന്ന നിലയ്ക്ക് വെല്ലുവിളിയുയര്‍ത്തിയ ശോഭ എന്ന നായിക വേഷത്തിലൂടെ സിനിമാലോകവും പ്രേക്ഷകസമൂഹവും ശ്രദ്ധിക്കുന്ന അഭിനേത്രിയായി അവര്‍ മാറി.ഉഷാകുമാരിയെന്ന പേരില്‍ മലയാളത്തിലും പ്രശസ്തയായിത്തീര്‍ന്ന നിര്‍മ്മലയുടെയും ആദ്യചിത്രമായിരുന്നു സി വി ശ്രീധറിന്റെ വെണ്ണീറെ ആടൈ. അതായിരുന്നു വഴിത്തിരിവ്. വെണ്ണീറെ ആടൈയിലൂടെ താരരാജാവ് എം.ജി.രാമചന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ, അക്കാലത്തെ നായികമാര്‍ കൊതിച്ച ഭാഗ്യമാണ് അവരെ തേടിയെത്തിയത്. ബി.ആര്‍ പന്തലു സംവിധാനം ചെയ്ത മെഗാഹിറ്റായ ആയിരത്തില്‍ ഒരുവനിലെ  കന്നിദ്വീപ് രാജകുമാരി പൂങ്കൊടിയായി എം.ജി.ആറിന്റെ മണിമാരനോടൊപ്പം നായികയായ ജയലളിത അക്ഷരാര്‍ത്ഥത്തില്‍ നായകനെ തന്റെ മണിമാരനായിത്തന്നെ മനസാവരിക്കുകയായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. തുടര്‍്ന്ന് എം.ജി.ആറിനൊപ്പം തുടര്‍ച്ചയായ 27 ചിത്രങ്ങള്‍. എല്ലാം വമ്പന്‍ വിജയങ്ങള്‍. നായികയ്ക്ക് അന്നു വയസ് 20. നായകന് 52! എന്നിട്ടും ജയയ്ക്ക് അണ്ണന്‍ താങ്ങായി, സാന്ത്വനമായി. (ആരാധകവൃന്ദത്തെ ത്രസിപ്പിച്ച ഈ താരപ്രണയത്തിന്റെ തിരപ്രത്യക്ഷം പിന്നീട് മണിരത്‌നത്തിന്റെ ഇരുവറില്‍ മോഹന്‍ലാലും ഐശ്വര്യറായിയും ചേര്‍ന്നഭിനയിച്ചതും തിരലോകം കണ്ടു. കന്നിത്തായ് (1965), അരസ കട്ടാളി (1967), കണ്ണന്‍ എന്‍ കാതലന്‍ (1967), കാവല്‍ക്കാരന്‍ (1967), ഒളിവിളക്ക് (1967), കുടിയിരുന്ത കോവില്‍ (1968), പുതിയ ഭൂമി(1968), രഹസ്യ പൊലീസ് (1968), കണവന്‍ (1968), അടിമൈപ്പെണ്‍ (1969) നം നാട് (1969), എങ്കള്‍ തങ്കം (1970), മാട്ടുക്കാര വേലന്‍ (1970), തേടി വന്ത മാപ്പിളൈ(1970), ഒരു തായ് മക്കള്‍ (1971), കുമരി കോട്ടം (1971) നേരും നെരുപ്പും (1971) അന്നമിട്ട കൈ (1972), രാമന്‍ തേടിയ സീതൈ (1972), പട്ടിക്കാട്ടു പൊന്നയ്യ (1973) തുടങ്ങിയ ചിത്രങ്ങള്‍ ആ താരജോഡിയുടെ അനശ്വര പ്രണയത്തിന്റെയും പാരസ്പര്യത്തിന്റെയും കൂടി തിരസാക്ഷ്യമായി.
കെ.ശങ്കര്‍ സംവിധാനം ചെയ്ത അടിമൈപ്പെണ്ണില്‍ വെങ്കയ്യ രാജകുമാരന്റെ(എം.ജിആര്‍) വലംകൈയായ ജീവയായും പാവലരാജകുമാരി വാലിയായും ഇരട്ടവേഷത്തില്‍ തകര്‍ത്തഭിനയിച്ച ജയലളിത, എം.ജി.ആറിന്റെ പ്രിയ അമ്മു, ചരിത്രസിനിമകളിലെ രാജാപ്പാര്‍ട്ടുകളില്‍ മാത്രമല്ല സാമൂഹികചിത്രങ്ങളിലും നടനമികവിലൂടെ വെട്ടിത്തിളങ്ങി. പാ നീലകണ്ഠന്‍ സംവിധാനം ചെയ്ത രാമന്‍ തേടിയ സീതയിലെ നായകന്റെ ജീവതത്തില്‍ സ്വാധീനം ചെലുത്തുന്ന സീതയും അവളുടെ ഭാവഭേദങ്ങളായ രംഭയും റാണിയും ഈ നിരീക്ഷണത്തെ സാധൂകരിക്കും. ദ്രാവിഡ കഴകത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമായിത്തീര്‍ന്ന, രാഷ്ട്രീയത്തില്‍ പൊതിഞ്ഞ് കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്ന. എം.ജി.ആര്‍ സിനിമകളില്‍ അദ്ദേഹത്തിന്റെ അത്തരം പ്രചാരണലക്ഷ്യങ്ങള്‍ക്കെല്ലാമപ്പുറം, അദ്ദേഹത്തോടു ചേര്‍ന്ന് നിഴല്‍ നായികയായി ആടിപ്പാടുമ്പോഴും അവരുടെ സ്വത്വം കഥാപാത്രങ്ങളില്‍ അടയാളപ്പെടുത്താനായെന്നതാണ് അഭിനേത്രിയെന്ന നിലയ്ക്ക ജയലളിതയുടെ നേട്ടങ്ങളില്‍ പ്രധാനം.
ആടിപ്പാടുക അഥവാ പാടിയാടുകയെന്നത് ആദ്യകാല നായികമാരുടെ വിധി ദൗര്‍ബല്യമായിരുന്നെങ്കില്‍ അതിനെ അക്ഷരാര്‍ത്ഥത്തില്‍ കരുത്താക്കി മാറ്റിയ വ്യക്തിത്വമെന്നു കൂടി ജയലളിതയെ വിലയിരുത്തേണ്ടതുണ്ട്. നായിക മാത്രമായിരുന്നില്ല അവര്‍. നല്ലൊരു ഗായിക കൂടിയായിരുന്നു. ഒരുപക്ഷേ, സ്വന്തം കഥാപാത്രങ്ങള്‍ക്കേ പാടൂ എന്നു ശഠിച്ചില്ലായിരുന്നെങ്കില്‍, ആ നിലയ്ക്കും ശോഭിക്കാനിടയുണ്ടായിരുന്ന ഗായിക. താരപ്രഭാവത്തിന്റെ പേരില്‍ പബ്‌ളിസിറ്റിയുണ്ടാക്കുന്നതിനുവേണ്ടിയായിരുന്നില്ല അവര്‍ പാടിയത്. ശ്രുതിബദ്ധമായി പാടാന്‍ കഴിവുള്ളതുകൊണ്ടുതന്നെയായിരുന്നു. അടിമൈപ്പെണ്‍ (1969),സൂര്യകാന്തി (1973), വൈരം (1974), അന്‍പൈ തേടി (1974), തിരുമംഗല്യം (1973) ഉന്നൈ ചുറ്റും ഉലകം (1977) തുടങ്ങി പന്ത്രണ്ടോളം സിനിമകളില്‍ പതിനാലോളം ഗാനങ്ങള്‍. അതും ടി എം.സൗന്ദര്‍രാജനും എസ്.പി.ബാലസുബ്രഹ്മണ്യവും പി.സുശീലയും പോലുള്ള മഹാരഥന്മാര്‍ക്കൊപ്പം, കണ്ണദാസന്റെയും വാലിയുടെയും വരികള്‍ക്ക് കെ.വി.മഹാദേവന്റെയും എം.എസ്.വിശ്വനാഥന്റെയും ചിട്ടപ്പെടുത്തലുകള്‍ക്കൊത്തു പാടാനാവുക എന്നത് കേവലമൊരു കാര്യമല്ലതന്നെ.
1968ലാണ് ഹിന്ദിയില്‍ ഇസ്സത്ത് എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയുടെ നായികയായത്.ടി.പ്രകാശ് റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ ധര്‍മ്മേന്ദ്രയവതരിപ്പിച്ച നായകനായ ശേഖറെ പ്രണയിക്കുന്ന പര്‍വതവാസിയായ ആദിവാസി ജുംകിയുടെ വേഷമായിരുന്നു അവര്‍ക്ക്. നൂതന്റെ സഹോദരിയും കാജോലിന്റെ അമ്മയുമായ തനൂജയായിരുന്നു അവര്‍ക്കൊപ്പമഭിനയിച്ചത്. കിഷോര്‍ കുമാറും സാധനയും പ്രാണും മുഖ്യവേഷത്തിലെത്തിയ മന്‍ മൗജി എന്നൊരു ഹിന്ദി ചിത്രത്തില്‍ കൂടി ഒരു പാട്ടുരംഗത്തു മാത്രമായി ശ്രീകൃഷ്ണന്റെ വേഷത്തില്‍ ഒരു നൃത്തരംഗത്ത് ജയലളിത പ്രത്യക്ഷപ്പെട്ടു.ഇതിനിടെ സിനിമാക്കഥയെ വെല്ലുംവിധം അവഗണനയില്‍ അണ്ണനോടു കലഹിച്ച് തെലുങ്ക് താരം ശോഭന്‍ ബാബുവുമായി അടുപ്പത്തിലായ അവര്‍ ഗുഡാചാരി യടക്കം ചില സിനിമകളില്‍ അദ്ദേഹത്തിന്റെ നായികയുമായി.
പൊതുരംഗത്തെ കാലയളവുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞൊരു കാലഘട്ടമേ വെള്ളിത്തിരയുടെ വെള്ളിവെട്ടത്ത് ജയലളിത സജീവമായുള്ളൂ. കേവലം ഒരു വ്യാഴവട്ടം. പക്ഷേ, മിന്നിത്തിളങ്ങിയ വര്‍ഷം മുഴുവന്‍ അവര്‍ തമിഴിലെയും തെലുങ്കിലെയും കന്നടത്തിലെയും ഏറ്റവും താരവിലയുള്ള നായികയായിരുന്നു. പക്ഷേ ഈ 12 വര്‍ഷത്തിനിടെ മികച്ച നടിക്കുള്ള തമിഴ്‌നാടിന്റെ സംസ്ഥാന ബഹുമതിയും ഫിലിം ഫെയര്‍ അവാര്‍ഡും അഞ്ചുതവണ വീതം നേടുകയും ചെയ്തു അവര്‍.
വ്യക്തിജീവിതത്തില്‍ അഭിനയിക്കാതിരിക്കാന്‍ ശ്രമിച്ചതാണെന്നു തോന്നുന്നു ജയലളിതയുടെ ഏറ്റവും വലിയ പരാജയം. ജീവിതം തിരശ്ശിലയല്ലെന്ന തിരിച്ചറിവില്‍ അവര്‍ ഒരിക്കലുമൊരു നിഴല്‍നാടകത്തിനൊരുമ്പെട്ടില്ല. അതുകൊണ്ടുതന്നെ നയതന്ത്രത്തില്‍ അവര്‍ ഒരല്‍പം പിന്നോട്ടായിരുന്നു. ദേഷ്യം വന്നാലും സങ്കടം വന്നാലും അതടക്കിപ്പിടിച്ച് വെളുക്കെ ചിരിക്കാന്‍ അവര്‍ക്കായില്ല. രാഷ്ട്രീയത്തില്‍ വിദൂരത്തെ നിഗൂഡ നക്ഷത്രമായി നിറയാനായിരുന്നു വിധിയെങ്കില്‍ വെള്ളിത്തിരയിലെ താരപരിവേഷമോ പ്രതിച്ഛായയോ ഓര്‍ത്ത് ലേശവും ആകുലപ്പെടാതെ ജീവിതത്തോടു സത്യസന്ധത പുലര്‍ത്താനവര്‍ക്കായി. കറകളയാന്‍ വേണ്ടിയെന്നതിനേക്കാള്‍ മനഃസാക്ഷിക്കു വേണ്ടിയായിരുന്നു ആ ജീവിതം. പ്രായത്തില്‍ തന്നേക്കാള്‍ മൂന്നിരട്ടി മൂപ്പുള്ള എം.ജി.ആറിനോടു തോന്നിയ പ്രണയവും പിണക്കവും പ്രണയനിരാസത്തില്‍ മനം നൊന്ത് തെലുങ്കു നടനായ ശോഭന്‍ ബാബുവുമൊത്തുള്ള അടുപ്പവും അകല്‍ച്ചയും പിന്നീട് തോഴി ശശികലയുമായുള്ള സൗഹൃദവും ഒന്നും പരസ്യമാക്കുന്നതില്‍ വ്യാകുലപ്പെട്ടിരുന്നില്ല അവര്‍. ഒരു പക്ഷേ ബഹുഭാരാത്വം അതിശയോക്തിയല്ലാത്ത തമിഴിന്റെ സംസ്‌കാരത്തില്‍ കുടുംബസ്ഥനായ എം.ജി.ആറിനോട് പ്രണയത്തിന്റെ പേരില്‍ ഒന്നിലേറെ തവണ വിവാഹാഭ്യര്‍ത്ഥന നടത്താനും വിവാഹസജ്ജീകരണങ്ങള്‍ വരെയൊരുക്കാന്‍ തുനിഞ്ഞതും സിനിമ പോലെ തന്നെ രാഷ്ട്രീയവും അവരുടെ മോഹമല്ലാഞ്ഞതുകൊണ്ടായിരിക്കണം. പ്രതിച്ഛായ കൊണ്ട് നേടേണ്ടതൊന്നും അവരുടെ മുഖ്യപരിഗണനയിലന്നില്ലായിരുന്നിരിക്കണം.
ഏതൊരു ശരാശരി ഇന്ത്യന്‍ സ്ത്രീയേയും പോലെ, സിനിമയിലെ അസംഖ്യം താരവിവാഹങ്ങളിലെ നായികമാരെപ്പോലെ, സിനിമ വിട്ടു സ്വസ്ഥമായൊരു കുടുംബജീവിതം അവരുമാശിച്ചിരിക്കണം. പക്ഷേ പ്രണയം, അതിന്റെ വിധേയത്വം കൊണ്ട് അവരെ കൊണ്ടെത്തിച്ചത് രാഷ്ട്രീയത്തിന്റെ അരക്ഷിതലോകത്തായിരുന്നു. അവിടെ അവരെ കാത്തിരുന്നത് അവഗണനയും അവഹേളനവുമായിരുന്നെങ്കിലും അതിനെയെല്ലാം മറികടക്കാനും സ്വേച്ഛയോടെയല്ലെങ്കിലും തീരുമാനിച്ചുറച്ച രാഷ്ട്രീയത്തില്‍ പരമോന്നതി ലക്ഷ്യമാക്കാനും പരിശ്രമിച്ച ജയലളിതയെയാണ് പിന്നീട് ലോകം കണ്ടത്. തിരജീവിതത്തില്‍ പ്രകടനപരമായി എന്തെല്ലാമായിരുന്നോ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കരുത്തുറ്റ സ്വത്വത്തെ, ആരെയും ആശ്രയിക്കാതെ എല്ലാവരും ആശ്രയിക്കുന്നൊരു മഹാമേരുവായി മാറുകയായിരുന്നു ജയലളിതയെന്നത് വിധിയുടെ കൗതുകം.അതാകട്ടെ തമിഴകം ഇന്നോളം കണ്ടിട്ടില്ലാത്തവണ്ണം പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന അവരുടെ സങ്കടങ്ങളറിയുന്ന കാരുണ്യത്തിന്റെ ഹൃദയക്കനിവായിത്തീരുകയും ചെയ്തു.

athimadhyamam and griffith book reviewed in Bhashaposhini






athimadhyamam book reviewed in Kalakaumudi


ധന്യമീ നിമിഷം

ഇതൊരപൂര്‍വ ഭാഗ്യം. ജീവിതത്തിലെ ധന്യ നിമിഷം. ഞാനും എന്റെ ശിഷ്യനും ചങ്ങാതിയുമായ ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്ന് എഡിറ്റ് ചെയ്ത് ചിന്ത പബ്‌ളിക്കേഷന്‍സ് പുറത്തിറക്കിയ കേരള ടാക്കീസ് (സെലിബ്രേറ്റിങ് മലയാളം സിനിമ @ കേരളാസ് ഡയമണ്ട് ജൂബിലി) എന്ന ഇംഗ്‌ളീഷ് പുസ്തകത്തിന്റെ പ്രകാശനം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ വച്ച് മലയാള സിനിമയുടെ പര്യായം പത്മവിഭൂഷണ്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ വിഖ്യാത ചലച്ചിത്രകാരന്‍ പത്മഭൂഷണ്‍ ശ്രീ ശ്യാം ബനഗലിനു നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു. ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരള റീജ്യന്‍ അധ്യക്ഷന്‍ ശ്രീ വി.കെ.ജോസഫ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ കമല്‍, സംവിധായകന്‍ ശ്രീ ഹരികുമാര്‍ എന്നിവര്‍ക്കൊപ്പം ഞങ്ങളും....ഈ വേദിയിലെത്താന്‍ ഇടയാക്കിയ ചിന്ത പബ്‌ളിക്കേഷന്‍സിലെ ശ്രീ ഗോപിനാരായണന്‍, ജനറല്‍ മാനേജര്‍ ശ്രീ ശിവകുമാര്‍, ഈ പുസ്തകത്തിന് കൈത്താങ്ങായ ശ്രീ എ. മീരാസാഹിബ്, ഇതില്‍ ലേഖനങ്ങള്‍ കൊണ്ടു പിന്തുണച്ച സര്‍വശ്രീ അടൂര്‍ സര്‍,എം.എ.ബേബി, അമൃത് ഗാങ്കര്‍, ഷാജി എന്‍.കരുണ്‍, ഡോ.സിഎസ് വെങ്കിടേശ്വരന്‍, വിജയകൃഷ്ണന്‍, മീരസാഹിബ്, വി.കെ ജോസഫ്, ജിപി രാമചന്ദ്രന്‍, എംജി രാധാകൃഷ്ണന്‍, കമല്‍, ലെനിന്‍രാജേന്ദ്രന്‍, ബീന പോള്‍, സണ്ണി ജോസഫ്, വിനു ഏബ്രഹാം, രവി മേനോന്‍, ഡോ മീന ടി പിള്ള, രശ്മി ബിനോയ് എന്നിവര്‍ക്കും രൂപകല്‍പന ചെയ്ത നാരായണ ഭട്ടതിരിക്കും, ഭാഷാസഹായം നല്‍കിയ സേതുലക്ഷ്മി എസ് നായര്‍ (ഉഷ), അമ്പിളി ജെ.നായര്‍, രാധിക രത്‌നം ഹരിനാരായണന്‍ എന്നിവര്‍ക്കും അകമഴിഞ്ഞ നന്ദി. സര്‍വേശ്വരനും!

Friday, December 09, 2016

Celebrating Malayalam Cinema @ Kerala's Diamond Jubilee



Feeling blessed to have co-ordinated the editorial part of Kerala Talkies, a collection of essays in English on Malayalam Cinema @88 published by Chintha Publications in connection with Kerala@60 to be released on Sunday 5pm at the IFFK Open Forum by Adoor Gopalakrishnan sir and Shyam Benegal. The book contains articles by none other than the legendary Adoor Sir,Padmasree Shaji N Karun sir, M A Baby, Amrit Ganger, an internationally renowned film critic, Dr C S Venkiteswaran, V K Joseph, Vijayakrishnan, Meera Sahib,M G Radhakrishnan, GP Ramachandran, Ravi Menon, Kamal, Lenin Rajendran, Bina Paul, Sunny Joseph,Vinu Abraham etc Designed and laid out by Narayana Bhattathiri. Girish Balakrishnan, Sethulekshmi S Nair, Ampili J Nair, Radhika Retnam, Harinarayanan etc were in the team. Thanks to Meera Sahib sir, Gopinarayanan and Sivakumar .

Sunday, December 04, 2016

അഭ്രകാമനകളുടെ ദൃശ്യകലാപങ്ങള്‍


article appeared in Kalapoornna Film Special 2016

സംവിധായകന്‍ ടിവി ചന്ദ്രന്റെ സിനിമാജീവതത്തെക്കുറിച്ച്

എ.ചന്ദ്രശേഖര്‍


സാമ്പ്രദായിക സിനിമാശീലങ്ങളെ നിഷേധിച്ച്, ദൃശ്യപരിചരണത്തില്‍ നിരന്തരം നവംനവങ്ങളായ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്ന ചലച്ചിത്രകാരനാണ് ടിവി ചന്ദ്രന്‍. അദ്ദേഹത്തിന് സിനിമ ആത്മാവിഷ്‌കാര മാധ്യമമാണ്. കര്‍തൃത്വത്തിലൂന്നി നിന്നുള്ള ദൃശ്യകലാപങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകള്‍. അവ ഒരേ സമയം വൈകാരികവും ദാര്‍ശനികവുമായ ജീവിതസമസ്യകളെ ഉള്ളിലാവഹിക്കുകയും, ഘടനാപരമായ പുതിയ കാഴ്ചകളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. തിരച്ഛീനവും ലംബവുമായ ആഖ്യാനശൈലിയെ വെല്ലുവിളിച്ചുകൊണ്ട് അടരുകളേറെയുള്ള ബഹുതല കഥാനിര്‍വഹണശൈലി ആവിഷ്‌കരിച്ചുകൊണ്ടും അസാധാരണധൈര്യത്തോടെ സാമൂഹികവിഷയങ്ങളെ പ്രമേയമാക്കിക്കൊണ്ടുമാണ് ടി.വി.ചന്ദ്രന്‍ ഇതു സാധ്യമാക്കിയത്.
എഴുപതുകളില്‍ മലയാളത്തിലുണ്ടായ സാംസ്‌കാരികനവോത്ഥാനത്തിന്റെ ഭാഗമായി മലയാളസിനിമയിലുടലെടുത്ത പ്രതിബദ്ധ ചലച്ചിത്രപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ടിവി ചന്ദ്രന്റെ കടന്നുവരവ്. രാഷ്ട്രീയ അരാജകത്വവും വ്യക്തിയുടെ അന്യവല്‍ക്കരണവുമെല്ലാം ബാധിച്ചൊരു തലമുറയുടെ പ്രതികരണത്തിന്റെ സര്‍ഗാത്മക പ്രിതഷേധത്തിന്റെ ജിഹ്വകളായിത്തീര്‍ന്ന കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു സിനിമയിലെ ഈ നവതരംഗം. മാറുന്ന സാമൂഹികവ്യവസ്ഥയില്‍ വ്യക്തിയും സമൂഹവും തമ്മിലുള്ള പുതിയ സംഘര്‍ഷങ്ങളില്‍ അന്യവല്‍ക്കരിക്കപ്പെട്ട യുവത്വത്തിന്റെ നിഷേധാത്മകവിദ്വേഷം മുഴുവന്‍ ഏറ്റുവാങ്ങിയ/ പ്രതിഫലിച്ച കാലഘട്ടത്തില്‍, സൗകര്യപൂര്‍വം ജീവിക്കാനുള്ള എല്ലാ ഭൗതികാവസ്ഥകളുമുണ്ടായിട്ടും,റിസര്‍വ് ബാങ്കിലെ ആ സുരക്ഷിതത്വത്തെയെല്ലാം തൃണവല്‍ക്കരിച്ചുകൊണ്ടാണ് ചന്ദ്രനടക്കമുള്ളവര്‍ സിനിമയിലെത്തുന്നത്.
സൗഹൃദക്കൂട്ടായ്മയില്‍ ബക്കറും പവിത്രനുമൊക്കെച്ചേര്‍ന്നൊരുക്കിയ കബനീനദി ചുവന്നപ്പോള്‍ എന്ന വിവാദചിത്രത്തിലൂടെ 1975ലെ പ്രക്ഷുബ്ധക്കാലത്ത് നടനായിട്ടാണ് ചന്ദ്രന്റെ ഉദയം. പിന്നീട് സിനിമയുടെ ആത്മാവു കണ്ടെത്തിക്കൊണ്ടുള്ള ആ സര്‍ഗയാത്രയില്‍ അദ്ദേഹം രചയിതാവും സംവിധായകനുമായി. കേരളസമൂഹത്തെ അദ്ദേഹത്തിന്റെ സിനിമകള്‍ പലതും ഓര്‍മ്മപ്പെടുത്തി; വിശേഷിച്ചും ചരിത്രബോധമുള്ളൊരു സംവിധായകന്റെ സിനിമകളെന്ന നിലയ്ക്ക് അവ ചരിത്രത്തിനു നേരെ പിടിച്ച കണ്ണാടിയായി. മറ്റൊരു തലത്തില്‍ അവ മലയാളിയുടെ കപടസദാചാരത്തെ നോക്കി കൊഞ്ഞനം കുത്തി. വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ പ്രഹേളികകള്‍ മുന്നോട്ടുവച്ചു. സമൂഹത്തിന്റെ രാഷ്ട്രീയനപുംസകത്വത്തിനു നേരെ ധാര്‍മികരോഷമുയര്‍ത്തി. ദൃശ്യമാധ്യമത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നാലു പതിറ്റാണ്ടിനിടെ അദ്ദേഹം നിര്‍മിച്ച പതിനാറോളം കഥാസിനിമകളിലൂടെ, വ്യക്തിയെന്ന നിലയില്‍ സമൂഹവുമായി നിരന്തരം കലഹിക്കുകയും കലപിക്കുകയുമാണ് ചന്ദ്രന്‍ ചെയ്തത്. അതുകൊണ്ടുതന്നെ 88 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രഗതിയില്‍ ടിവി ചന്ദ്രന്റേത് അനിഷേധ്യസ്ഥാനം തന്നെയായി മാറി, അദ്ദേഹത്തിന്റെ സിനിമകളാവട്ടെ സുവര്‍ണദലങ്ങളും.

സ്ത്രീപക്ഷ സിനിമകളുടെ അപ്പോസ്തലന്‍
താനെടുക്കുന്നത് സാമൂഹിക സിനിമകളാണെന്നും അതു ഫെമിനിസ്റ്റ് സിനിമകളല്ലെന്നും ടിവി ചന്ദ്രന്‍ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളത്തിലെ ഏറ്റവും ശക്തമായ സ്ത്രീപക്ഷ സിനിമകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ അഞ്ചെണ്ണമെങ്കിലും ചന്ദ്രന്റേതായിരിക്കും, തീര്‍ച്ച. ഹേമാവിന്‍ കാതലര്‍കള്‍ (തമിഴ്, 1979), ആലീസിന്റെ അന്വേഷണം(89),മങ്കമ്മ (97),സൂസന്ന(2000), പാഠം ഒന്ന് ഒരു വിലാപം (2003), വിലാപങ്ങള്‍ക്കപ്പുറം (2008), മോഹവലയം (2016) തുടങ്ങിയവയൊക്കെയും അതിലെ അതിശ്കതരായ നായികാസാന്നിദ്ധ്യത്തിന്റെ പേരില്‍ കൂടി ശ്രദ്ധിക്കപ്പെട്ടവയത്രേ.
നടപ്പു സാമൂഹിക വ്യവസ്ഥകളെ കാലാകാലം നിരാകരിക്കുകയും ഒരു പരിധിയിലേറെ ചോദ്യം ചെയ്യുകയും ചെയ്തതാണ് ചന്ദ്രന്‍ സിനിമകളുടെ പ്രസക്തി. കുടുംബം അനിവാര്യമായും അതിന്റെ രാഷ്ട്രീയ വിവക്ഷകളില്‍ പ്രതിലോമകരമാണെന്നും തങ്ങള്‍ ശരീരം കൊണ്ടും ജീവിതം കൊണ്ടും എന്തു ചെയ്യണമെന്നു സ്ത്രീകള്‍ തന്നെയാണെന്നുമുള്ള റാഡിക്കല്‍ ആശയം സ്വാശീകരിച്ച ഇതിവൃത്തമാണ് ഹേമാവിന്‍ കാതലര്‍കളുടെ തന്റേടമെന്ന് രവീന്ദ്രന്‍ ആ സിനിമയെ വിലയിരുത്തിക്കൊണ്ട് എഴുതി.തമിഴ് സിനിമയുടെ വ്യവസ്ഥാപിതശീലങ്ങളെ പ്രമേയത്തിലുപരി അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലൂടെയും വെല്ലുവിളിച്ച് അന്ന് മാദകവേഷങ്ങളില്‍ തിളങ്ങി നിന്ന അനുരാധയെയാണ് അദ്ദേഹം ഹേമയാക്കിയത്.
കണ്ണകിയെപ്പോലെ, സ്ത്രീശക്തിയെക്കുറിച്ചുള്ള ദ്രാവിഡ സങ്കല്‍പം വിളിച്ചുണര്‍ത്തുന്ന പ്രാക്തനരൂപമായിട്ടാണ് ചന്ദ്രന്റെ മങ്കമ്മ എന്ന കഥാപാത്രത്തെ നിരൂപകന്‍ ഒ.കെ.ജോണി വിശേഷിപ്പിച്ചത്. ഇന്ത്യാചരിത്രത്തിലെ രണ്ടു സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹികജീവിതത്തില്‍ സംഭവിച്ച പരുക്കുകളുടെയും ദുരന്തങ്ങളുടെയും നേര്‍ക്കാഴ്ചയായിരുന്നു മങ്കമ്മ. വ്യക്തിയില്‍ ഊന്നിനിന്നുകൊണ്ടുള്ള കഥാനിര്‍വഹണത്തില്‍ വിശാലമായ ചരിത്രം ഇതളഴിക്കുന്ന ടി.വി.ചന്ദ്രന്റെ ദൃശ്യപരിചരണസവിശേഷത വ്യക്തമായ സിനിമ കൂടിയാണത്.
ഫെമിനിസത്തിന്റെ പരിമിതികളെ അതിലംഘിക്കുന്ന സിനിമയായിട്ടാണ് ടി.വി.ചന്ദ്രന്റെ സൂസന്നയെ വിശേഷിപ്പിക്കാനാവുക. കാരണം, സ്ത്രീസ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥാപിതാര്‍ത്ഥത്തിലുള്ള വിശകലനമോ വിലയിരുത്തലോ ആയിട്ടില്ല ഈ സിനിമ. മറിച്ച്, നരവംശത്തോളം പഴക്കമുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സന്ദിഗ്ധതകളെയും വൈചിത്ര്യങ്ങളെയും നിര്‍വചനാതീതമായ ഗഹനതയേയുമാണ് സൂസന്ന കാണിച്ചു തന്നത്. സമൂഹത്തിന്റെ കാപട്യത്തെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം തുറന്നുകാട്ടി എന്നതായിരുന്നു ആ സിനിമയുടെ പ്രസക്തി.ഒരു പക്ഷേ, ഒന്നിടവില്ലാതെ തന്റെ എല്ലാ സിനിമകളിലും ചന്ദ്രന്‍ സ്വീകരിച്ചു പോന്ന നിശ്ചയദാര്‍ഡ്യത്തിലൂന്നിയ മാധ്യമസമീപനത്തിന്റെ ദൃഷ്ടാന്തം തന്നെയാണിത്.
കേരളീയ സമൂഹത്തിലെ കൃത്യവും വ്യക്തവുമാര്‍ന്ന സാമുദായിക, പ്രാദേശിക പ്രതിനിധാനത്തിലൂുന്നിയുളള സ്ത്രീവിരുദ്ധതയെയാണ് മലപ്പുറത്തെ അറബിക്കല്യാണത്തിനിരയായ ഷാഹിനയിലൂടെ (മീര ജാസ്മിന്‍) പാഠം ഒന്ന് ഒരു വിലാപത്തില്‍ അദ്ദേഹം വരഞ്ഞിട്ടതെങ്കില്‍, ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാഷിസ്റ്റ് കലാപത്തിന്റെ ദുരവസ്ഥയെയാണ് ഇരയായ നായികയുടെ ജീവിതപ്പോരാട്ടമായി വിലാപങ്ങള്‍ക്കപ്പുറത്തില്‍ ചന്ദ്രന്‍ ആവിഷ്‌കരിച്ചത്. നിര്‍മിക്കപ്പെട്ടനായികമാരെയല്ല, നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നായികമാരെയാണ് ടിവിചന്ദ്രന്‍ അവതരിപ്പിച്ചത് എന്നു കെ. ഗോപിനാഥന്‍ നിരീക്ഷിച്ചിട്ടുണ്ട്. അടച്ചുകെട്ടിയ ഇടങ്ങളെ ഭേദിച്ചു പുറത്തുകടക്കാന്‍ ശ്രമിക്കുന്നവരാണ് ഈ സ്ത്രീകളെല്ലാം. കയറിച്ചെല്ലാനുള്ളത് എന്നതിനേക്കാള്‍ ഇറങ്ങിപ്പോകാനുള്ള ഇടങ്ങളാണു വീടുകള്‍ എന്ന തോന്നലാണ് ചന്ദ്രന്റെ സിനിമകളുണ്ടാക്കുന്നത്. ഹേമാവിന്‍ കാതലര്‍കള്‍ മുതല്‍ ഭൂമിമലയാളം വരെയുള്ള സിനിമകളിലെ നായികമാരെല്ലാം വീടുപേക്ഷിച്ചവരാണെന്ന ഗോപിനാഥന്റെ നിരീക്ഷണം ഏറ്റവുമൊടുവില്‍ മോഹവലയത്തിലെ മൈഥിലിയുടെ ബാര്‍ ഡാന്‍സര്‍ വരെയും സാധുവാണെന്നു കാണാം.

സമയകാലങ്ങളുടെ മാന്ത്രികന്‍
ബക്കറിന്റെ കബനീനദി ചുവന്നപ്പോളില്‍(1975) നടനായി തുടങ്ങിയ പ്രതിബദ്ധത ചലച്ചിത്രകാരനെന്ന നിലയ്ക്ക് വ്യക്തിപരമായ അരാജകങ്ങള്‍ക്കെല്ലാമപ്പുറം ചിട്ടയൊത്ത നിലപാടുകളിലേക്കും രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകളിലേക്കും നയിച്ച സര്‍ഗാത്മക ജീവിതമാണ് ടിവി ചന്ദ്രന്റേത്. എന്നാല്‍ കലാകാരനെന്ന നിലയ്ക്കുള്ള ഈ പ്രതിബദ്ധതയ്‌ക്കെല്ലാമുപരി, മാധ്യമപരമായ പരീക്ഷണങ്ങള്‍ക്കു ധൈര്യവും പ്രതിഭയും വിനിയോഗിച്ചതിന്റെ പേരിലായിരിക്കും ടി.വി.ചന്ദ്രന്‍ എന്ന ചലച്ചിത്രകാരന്‍ സിനിമാചരിത്രത്തില്‍ മുന്‍നിരയിലിടം പിടിക്കുക. അത്രയൊന്നും സാങ്കേതികനിറവോ പൂര്‍ത്തിയോ അവകാശപ്പെടാനില്ലാത്ത കൃഷ്ണന്‍കുട്ടിയ്ക്കും ഹേമാവിന്‍ കാതലര്‍കളിനും ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഓരോ സിനിമയും സിനിമയെന്ന മാധ്യമത്തിന്റെ ആവിഷ്‌കാരസവിശേഷതകളുടെ സമ്പൂര്‍ണാര്‍ത്ഥത്തില്‍ത്തന്നെയുള്ള പൂര്‍ത്തീകരണങ്ങളായി കണക്കാക്കേണ്ടതുണ്ട്. പൊന്തന്‍മാടയെന്ന സിനിമയോടെ, സങ്കരമാധ്യമെന്ന നിലയ്ക്ക് സിനിമയെന്ന അതിമാധ്യമത്തിന്റെ സാങ്കേതിക വെല്ലുവിളികളെ അനായാസകൈത്തഴക്കത്തോടെയാണ് ചന്ദ്രന്‍ എന്ന സംവിധായകന്‍ വഴക്കിയെടുക്കുന്നത്. അക്കാദമികശിക്ഷണങ്ങളുടെ പിന്‍ബലമില്ലാതെയാണിതെന്നോര്‍ക്കണം.
സ്ഥലകാലങ്ങളെ പരസ്പരം ഇഴപിരിച്ചുകൊണ്ടുള്ള ടി.വി.ചിന്ദ്രന്റെ ദൃശ്യപരീക്ഷണം, കാഴ്ചത്തലങ്ങള്‍ക്കു നല്‍കിയ നവീനത വാക്കുകള്‍ക്കതീതമാണ്. പൊന്തന്‍മാട(1993)യില്‍ മൂന്നു വ്യത്യസ്തകാലങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്ന ഒരപൂര്‍വ രംഗസംഘാതമുണ്ട്. ഉണ്ട്.
1.കവുങ്ങിലിരുന്ന് ഏന്തി നോക്കുന്ന മാട. മാടയുടെ ദൃഷ്ടിയില്‍ തമ്പുരാന്റെ മുഖവും ആല്‍ബത്തിന്റെ പുറംചട്ടയും മാ്രതം. തമ്പുരാന്റെ മുഖത്തു വിഷാദം. ആല്‍ബത്തിലെ ചിത്രങ്ങള്‍ തടവിക്കൊണ്ടിരിക്കുകയാണയാള്‍. കവുങ്ങിന്മേലിരിക്കുന്ന മാട. പെട്ടെന്നു തമ്പുരാന്റെ മുറിയിലെ പാട്ടു നിലയ്ക്കുന്നു.
2.കവുങ്ങിലിരിക്കുന്ന മാട. മാടയുടെ മുഖത്തു വലിയ തോതില്‍ പ്രകാശം പരക്കുന്നു. മുറിയില്‍ നിന്ന് ഉച്ചത്തില്‍ ധൃതഗതിയിലുള്ള സംഗീതം. തമ്പുരാന്റെ മുറി നിറയെ മെഴുകുതിരികള്‍. റെക്കോഡില്‍ നിന്നുയരുന്ന സംഗീതത്തിന്റെ ചുവടുപിടിച്ചു ഫുള്‍സ്യൂട്ടണിഞ്ഞ തമ്പുരാന്‍ അദൃശ്യയായ പാര്‍ട്ട്ണറോടൊപ്പം നൃത്തം ചെയ്യുന്നു.
3.വെളിയില്‍ കവുങ്ങിലിരിക്കുന്ന മാടയുടെ മുഖത്തു മെഴുകുതിരികളുടെ പ്രകാശം. വെളിയില്‍നിന്നുള്ള വീടിന്റെ ദൃശ്യം. പ്രകാശവും സംഗീതവും. മുറിയില്‍ കറങ്ങിക്കറങ്ങി നൃത്തം ചെയ്യുന്ന തമ്പുരാന്‍. കൈകള്‍ ആരെയോ പിടിച്ചതുപോലെ നീട്ടിയിരിക്കുന്നു. തമ്പുരാന്റെ മുറിയുടെ വെളിയില്‍ അടച്ചിട്ട കതകിനരികില്‍ പെങ്ങളും കുട്ടികളും. മുറിയില്‍ നിന്നു വരുന്ന വെളിച്ചവും സംഗീതവും. പെണ്‍കുട്ടികള്‍ ചിരിയടക്കാന്‍ പാടുപെടുന്നു....
ഇവിടെ, മാട തമ്പുരാനെ കാണുന്നത് ഒരു കാലമാണ്. തമ്പുരാനോ, സ്വപ്‌നകാലത്തും. ഇതു രണ്ടും കാണുന്ന നമ്മള്‍ മറ്റൊരു കാലത്താണ്.
സൂസന്നയില്‍ ഒരു സീന്‍ സൃഷ്ടിച്ച് അതു പൂര്‍ണമാകുംമുമ്പു മറ്റു ചില സീനുകളിലേക്കുപോയി തിരിച്ചു വീണ്ടുംവന്ന് അപൂര്‍ണമായ ആദ്യത്തെ സീനിന്റെ ദൃശ്യപരമായ പൂര്‍ണത സൂഷ്ടിക്കുന്ന മൗലികമായ ദൃശ്യപരിചരണത്തെപ്പറ്റി ഇ.വി. ശ്രീധരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ അപൂര്‍ണാവസ്ഥയില്‍ രംഗത്തിടപെട്ടു മറ്റു ചിലതൊക്കെ പരിശോധിച്ചു വീണ്ടും ആ രംഗം പൂര്‍ത്തീകരിക്കുന്ന രീതി മലയാളത്തില്‍ മറ്റാരും പരീക്ഷിക്കാത്തതാണെന്നാണു ശ്രീധരന്റെ നിരീക്ഷണം.
സൂസന്നയുടെ അടുത്തു അഞ്ചുപുരുഷന്മാരും തങ്ങളുടെ സങ്കടങ്ങള്‍ പറയാറുണ്ട്. സൂസന്ന അവരില്‍ സാന്ത്വനമായി നിറയാറുമുണ്ട്. അഞ്ചു വയസ്സന്മാരും പലപ്പോഴായി അവരവരുടെ കുടുംബപ്രശ്‌നങ്ങളും വേദനകളും സൂസന്നയോടു പറയുന്നത് ഇത്തരമൊരു ശൈലിയിലാണവതരിപ്പിച്ചത്. സൂസന്നയില്ലാത്ത ദൃശ്യങ്ങളിലൂടെ കടന്നുപോയി വീണ്ടും സൂസന്നയുടെ ദൃശ്യങ്ങളിലെത്തി വൈന്‍ഡ് അപ്പ് ചെയ്യുന്നു. അതുവഴി അവരഞ്ചുപേരുടെയും ജീവിതം അവളിലാണു പൂര്‍ത്തിയാവുന്നതെന്നു ധ്വനിപ്പിക്കുന്നു. ചടുലമായോ, ആലോചനപോലെയോ ചിന്തയുടെ കൂടുവിട്ടുകൂടുമാറല്‍ പോലെയോ ആണു സൂസന്നയുടെ ഓര്‍മ്മകളെയും പേടിസ്വപ്‌നങ്ങളേയും വര്‍ത്തമാനയാഥാര്‍ഥ്യങ്ങളെയും കൂട്ടികലര്‍ത്തി, ശൈലീവല്‍കൃതമായി ചന്ദ്രന്‍ പരിചരിച്ചിട്ടുള്ളതെന്ന് ജി.പി. രാമചന്ദ്രനും വിലയിരുത്തുന്നു.  ചരിത്രസംഭവവും വര്‍ഷവും മറ്റും അടയാളപ്പെടുത്തുക എന്ന രീതി ഈ ചിത്രത്തിലും സ്വീകരിക്കുന്നുണ്ട്. കൃഷ്ണന്‍കുട്ടി, മങ്കമ്മ, ഓര്‍മകളുണ്ടായിരിക്കണം (1995), കഥാവശേഷന്‍, ഭൂമിമലയാളം (2008) തുടങ്ങിയ സിനിമകളിലൊക്കെ ചരിത്രം കൊണ്ടുള്ള ഈ അടയാളപ്പെടുത്തലുകള്‍ ചന്ദ്രന്റെ സിനിമകളില്‍ പ്രകടമാണ്.
നിലവിലുള്ള ആവിഷ്‌കാരസങ്കേതങ്ങളിലൂടെ കാലത്തിന്റെ വിഭ്രമാത്മകതലങ്ങള്‍ തേടിയ ചന്ദ്രന്റെ സര്‍ഗാത്മക ഇന്ദ്രജാലത്തിന്റെ മറ്റൊരുദാഹരണമായിരുന്നു ഡാനി (2001). മൂന്നാമതൊരാളുടെയോ, അഭാവവ്യക്തിത്വത്തിന്റെയോ കാഴ്ചപ്പാടിലൂടെയുള്ള ബോധധാരാ കഥാകഥനങ്ങളാണു സാധാരണമെങ്കിലും കഥാനായകന്‍ നേരിട്ടു കഥപറയുന്ന രീതി സിനിമയില്‍ പുതുമയല്ല. ഡാനിയിലും കഥാപാത്രം സര്‍വനാമത്തില്‍ കഥ പറയുകയാണ്. ഒറ്റനോട്ടത്തില്‍ ലളിതമായ ആഖ്യാനസമ്പ്രദായം. പക്ഷേ കഥ പറയുന്ന നായകന്‍ കഥാവശിഷ്ടനാണെന്നതാണ് അതിനെ സവിശേഷമാക്കുന്നത്. മരിച്ചയാള്‍ കഥപറയുന്ന ആഖ്യാനത്തിന്റെ വര്‍ത്തമാനം കഥാപുരുഷന്റെ ജീവിതശേഷവും കഥാകാലം സമീപഭൂതവുമാവുന്നു. കഥാവശേഷന്‍ (2004),ആടുംകൂത്ത് (2005, തമിഴ്), വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ സിനിമകളില്‍ സിനിമയുടെ ഈ മായിക സവിശേഷതയുടെ വേറിട്ട വിനിയോഗങ്ങള്‍ തുടര്‍ന്നും നാം കണ്ടു.മലയാളസിനിമയില്‍, സ്ഥലകാലങ്ങളെ അതിസങ്കീര്‍ണമായി കൈകാര്യം ചെയ്തു ചരിത്രത്തില്‍ ഇടം നേടിയ സിനിമയാണിവ. തത്സമയത്തെയും ഉള്‍സമയത്തെയും (സൈക്കോളജിക്കല്‍ സമയം) പരസ്പരം ഇടകലര്‍ത്തിക്കൊണ്ട് അവാച്യമായ ദൃശ്യാനുഭൂതിയാണ് ടി.വി.ചന്ദ്രന്‍ ഈ സിനിമകളില്‍ സമ്മാനിച്ചത്.
കൈരളി ടിവിക്കു വേണ്ടി ഒരുക്കിയ വരും വരായ്കകള്‍ എന്ന ഹ്രസ്വരൂപകത്തില്‍ അസാമാന്യ കൈയടക്കത്തോടെ ടി.വി.ചന്ദ്രന്‍ ഉപയോഗിച്ച ഫ്‌ളാഷ്‌ഫോര്‍വേഡ് സങ്കേതംകൂടി പരാമര്‍ശിക്കാതെ വയ്യ. ഇടതുപക്ഷസഹയാത്രികനായ അരവിന്ദന്‍ എന്ന സാധാരണക്കാരനാണു നായകന്‍. ബുദ്ധിജീവിച്ചങ്ങാതികളുമായുള്ള സദിരുകളില്‍ തന്റെയും അവരുടെയും ഭാവിയിലേക്കു മനക്കണ്ണു പായിക്കുകയാണയാള്‍. അസ്വസ്ഥപ്പെടുത്തുന്ന പരിവര്‍ത്തനങ്ങളാണ് അവരിലോരോരുത്തരിലും അയാള്‍ കണ്ടെത്തുന്നത്. പാവത്താനായ താന്‍ പീഢകനായി, കൊലപാതകിയായി ജയിലില്‍ പോകുന്നതുവരെ അയാള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു. സുഹൃത്തുക്കളുടെ ഓരോരുത്തരുടെയും മാറ്റം, ടെലിവിഷന്റെ സവിശേഷതയായ സ്പ്ലിറ്റ് സ്‌ക്രീന്‍ (സ്‌ക്രീനിനെ രണ്ടും അതിലേറെയും പകുത്ത് ഒന്നിലേറെ ദൃശ്യങ്ങള്‍ ഒരേസമയം കാണിക്കുന്ന രീതി) സങ്കേതത്തിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഷേക്‌സ്പീയര്‍ നാടകങ്ങളിലെ ആത്മഗതശൈലി. ഒടുവില്‍ ജയില്‍മോചിതനാവുന്ന അരവിന്ദനെ സ്വന്തം മകള്‍ അവളുടെ മകള്‍ക്കു പരിചയപ്പെടുത്തുന്നത് ''ഇതാ അമ്മയ്ക്കു പരിചയമുള്ള ഒരു അങ്കിള്‍', എന്നാണ്. കാലത്തിലൂടെയുള്ള ഈ മുന്‍ചാട്ടം വല്ലാത്തൊരു ദൃശ്യാനുഭൂതിയാണു പകര്‍ന്നു നല്‍കുന്നത്.

താരങ്ങളുടെ സംവിധായകന്‍
വ്യവസ്ഥാപിത നിര്‍മാണരീതികളെ ഉല്ലംഘിക്കുമ്പോഴും താരപരിവേഷത്തിന്റെ പേരില്‍ അനുഗ്രഹീതരായ കലാകാരന്മാരെയോ സാങ്കേതികവിദഗ്ധരെയോ മാറ്റിനിര്‍ത്തിയിട്ടില്ല ടി.വി.ചന്ദ്രന്‍. അദ്ദേഹത്തിന്റെ തലവര മാറ്റിക്കുറിച്ച് ദേശീയ രാജ്യാന്തരതലത്തില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ പൊന്തന്മാടയില്‍ മമ്മൂട്ടി എന്ന മുഖ്യധാരാ താരത്തെ നടനായി ജ്ഞാനസ്‌നാനം ചെയ്യിക്കുകയായിരുന്നു അദ്ദേഹം. പോരാത്തതിന് ഇന്ത്യ കണ്ട മികച്ച നടന്മാരിലൊരാളായ നസിറുദ്ദീന്‍ ഷായെ കൂടി ഉള്‍പ്പെടുത്തുകവഴി അഭിനയത്തില്‍ ഒരു അദൃശ്യമത്സരത്തിനു കൂടി അവസരവുമൊരുക്കി സംവിധായകന്‍. ചന്ദ്രന്റെ ഓര്‍മകളുണ്ടായിരിക്കണം,ഡാനി തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയുടെ താരപരിവേഷമായിരുന്നില്ല അഭിനയശേഷിയായിരുന്നു വെല്ലുവിളിക്കപ്പെട്ടത്.
സുരേഷ് ഗോപി, ദിലീപ്, ജയസൂര്യ, സിദ്ദീഖ്, നെടുമുടി വേണു, ശ്രീനിവാസന്‍, ജോയ്മാത്യു,ശ്രീജയ, മീര ജാസ്മിന്‍, ജ്യോതിര്‍മയി, പ്രിയങ്ക നായര്‍, മൈഥിലി, നവ്യ നായര്‍ തുടങ്ങിയ താരങ്ങളൊക്കെയും ചന്ദ്രന്‍ സിനിമകളുടെ ഭാഗമായിട്ടുണ്ട്. അന്യഭാഷകളില്‍ നിന്നു പാണ്ഡ്യരാജന്‍, മല്ലിക സാറാഭായ് തുടങ്ങി പലരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമാന്തരസിനിമ ഹാസ്യനടന്മാരായി മാറ്റിനിര്‍ത്തിയിരുന്ന ഇന്ദ്രന്‍സ്, സലീംകുമാര്‍ കൊച്ചിന്‍ ഹനീഫ തുടങ്ങി പലര്‍ക്കും ചന്ദ്രന്‍ സിനിമകളില്‍ നിര്‍ണായകവും വേറിട്ടതുമായ നടനനിയോഗങ്ങളുണ്ടായി. എങ്കിലും ഇവയിലെല്ലാം പ്രധാനം, തെന്നിന്ത്യന്‍ സിനിമകളില്‍ വേറിട്ട പ്രതിച്ഛായയുറപ്പിച്ച നടി വാണി വിശ്വനാഥിന്റെ പരിവര്‍ത്തനമായിരുന്നു. സൂസന്ന, ഡാനി തുടങ്ങിയ ചിത്രങ്ങള്‍ വാണിയുടെ പുനര്‍ജന്മമായെങ്കില്‍ അതിന്റെ കാരണക്കാരന്‍ ടി.വി ചന്ദ്രന്‍ എന്ന സംവിധായകനാണ്. നടീനടന്മാരെ മാത്രമല്ല ഏറ്റവും മികച്ച സാങ്കേതികവിദഗ്ധരെയും ചന്ദ്രന്‍ തന്റെ സിനിമകളുടെ ഭാഗമാക്കാന്‍ ശ്രദ്ധിച്ചു. മധു അമ്പാട്ടും വേണുവും കെ.ജെ.ജയനും, ഐസക് തോമസ് കോട്ടുകാപ്പള്ളിയും പോലുള്ളവരായിരുന്നു ചന്ദ്രന്‍ സിനിമകളുടെ കരുത്ത്.
സിനിമാജീവിതത്തിലെ വഴിത്തിരിവുകളിലെങ്ങോ ടിവി ചന്ദ്രന്‍ നിര്‍മാതാവായി. അദ്ദേഹത്തിന്റെ മകന്‍ യാദവന്‍ സഹസംവിധായകനുമായി. കാലത്തിനൊത്ത് പ്രമേയത്തിലും സങ്കേതത്തിലും സ്വയം നവീകരിച്ചുകൊണ്ട് സര്‍ഗയാത്ര തുടരുമ്പോഴും ചന്ദ്രന്റെ ആത്മമുദ്ര ആ രചനകളിലെല്ലാമുണ്ട്. അടിസ്ഥാനമായി അത് സാമൂഹികപ്രശ്‌നങ്ങള്‍ക്കു നേരെയുള്ള പ്രതിബദ്ധനായ പൗരന്റെ കലാപങ്ങളാണ്, വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കലഹങ്ങളും.

Friday, December 02, 2016

Haritha Cinema my new book

My new book published by Olive Publications Calicut will be released during the IFFK this year. My friend and well wisher Joy Mathew has written a beautiful foreward. It is a study on the Ecological perspective of Cinema.