ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനവിരുദ്ധ നയം നടപ്പാക്കുന്ന സര്‍ക്കാര്‍ വകുപ്പ് ഏതായിരിക്കും എന്ന ചോദ്യത്തിന് മറുപടി ഒന്നേയുളളൂ. ഇന്ത്യന്‍ റയില്‍വേ. ഇന്ത്യയില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളൊഴികെ മറ്റെല്ലാ വകുപ്പുകള്‍ക്കും പൊതുജനങ്ങളോട് ഉത്തരവാദിത്തവും സുതാര്യതയുമുണ്ടെങ്കിലും ബ്രിട്ടീഷുകാരുടെ കാലത്തെന്നോണം കാറ്റുകടക്കാത്തത്ര രഹസ്യാത്മകതയില്‍ എന്തു താന്തോന്നിത്തവും ചെയ്യാനുള്ള ഒന്നായി റയില്‍വേ ബോര്‍ഡും മന്ത്രാലയും നിലനില്‍ക്കുകയാണ്. യാത്രക്കാരോട് ഭിക്ഷക്കാരോടെന്നോണം പെരുമാറുന്ന വരേണ്യ ഫ്യൂഡല്‍ പ്രഭുത്വ മനസ്ഥിതിയാണ് റയില്‍വേ ഉദ്യോഗസ്ഥര്‍ക്കും. റയില്‍വേയ്ക്ക് എതിരേ തെളിവുസഹിതം എന്തെങ്കിലും ഉന്നയിച്ചാലും ജനപ്രതിനിധികള്‍ക്കു പോലും ഒരു പരിധിക്കപ്പുറം ബോര്‍ഡിനെ ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. ജനപ്രതിനിധികളോടും ജനങ്ങളോടും ബാധ്യതയില്ലാത്തവണ്ണം പ്രവര്‍ത്തിക്കാന്‍ ഒരു ജനാധിപത്യത്തില്‍ കേവലമൊരു സര്‍ക്കാര്‍ വകുപ്പിന് അധികാരം നല്‍കുന്നതെന്തുതന്നെയായാലും അതു കാലോചിതം പരിഷ്കരിക്കേണ്ടതും എടുത്തുകളയേണ്ടതും തന്നെയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ റയില്‍വേ ബോര്‍ഡിന്റെ ജനവിരുദ്ധത മനസിലാക്കാവുന്നതേയുള്ളൂ. അതിനു വലിയ വൈദഗ്ധ്യവും ബുദ്ധിയുമൊന്നും ആവശ്യമല്ല.
ഒന്നുരണ്ടു കാര്യങ്ങള്‍ പറയട്ടെ.
1. നിങ്ങള്‍ ഏതെങ്കിലും ഒരു റയില്‍ വേ സ്റ്റേഷനില്‍ നി്ന്നൊരു ടിക്കറ്റെടുക്കുന്നു. തൊട്ടടുത്ത നിമിഷം തന്നെ ഒരത്യാവശ്യം വ്ന്ന് അതു ക്യാന്‍സല്‍ ചെയ്യുന്നു എന്നിരിക്കട്ടെ. ഇപ്പോഴത്തെ നിരക്കില്‍ നിങ്ങള്‍ക്കു ബാക്കി കിട്ടുന്നത് വെറും അഞ്ചോ ആറോ രൂപ മാത്രമായിരിക്കും. പലപ്പോഴും ഒന്നും തന്നെ മടക്കിക്കിട്ടിയില്ല എന്നും വരും.
2. കേന്ദ്രീകൃത കംപ്യൂട്ടര്‍ ശ്രംഖല വഴി ലോകത്തുള്ള ഇന്ത്യയില്‍ത്തന്നെയുള്ള മറ്റു പല വകുപ്പുകളും അവരുടെ എല്ലാ സേവനങ്ങളും എവിടെ നിന്നും എപ്പോഴും ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ റയില്‍വേ മാത്രം ഉള്ള സേവനങ്ങള്‍ ഒന്നൊന്നായി കുറച്ചുകൊണ്ടുവരുന്നു. കാരണം പറയുന്നത് ഇടത്തട്ടുകാരായ ഏജന്റുമാരും മറ്റും ദുരുപയോഗിക്കുന്നു എന്നതാണ്. ഫിഷിംഗ് പോലുള്ള സംഗതികളുളളതുകൊണ്ട് ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം ബാങ്കുകള്‍ പിന്‍വലിക്കുന്നു എന്നു പറയുന്നതുപോലെ വിഡ്ഢിത്തമാണിത്. 199 കിലോമീറ്റര്‍ വരെയുള്ള ഓപ്പണ്‍ ടിക്കറ്റിന് ഇനി മുതല്‍ 3 മണിക്കൂറിന്റെ വാലിഡിറ്റിയേ ഉണ്ടാവൂ എന്നും റിട്ടേണ്‍ ടിക്കറ്റ് കൊടുക്കില്ലെന്നുമാണ് റയില്‍ വേയുടെ ഏറ്റവും പുതിയ തീട്ടൂരം. ഇതെന്താ മുല്ലപ്പെരിയാര്‍ കരാറിലെ വര്‍ഷവ്യവസ്ഥപോലെ, ബാറ്റായുടെ ചെരിപ്പുവില പോലെ 199? കംപ്യൂട്ടര്‍ സംവിധാനമുളളപ്പോള്‍ യാതൊരു തരത്തിലും ന്യായീകരിക്കാനാവാത്ത വ്യവസ്ഥകളാണിതൊക്കെ. മാത്രമല്ല, ഏജന്റുമാരുടെ ചൂഷണത്തിനും ഈ 199 കിലോമീറ്റര്‍ എന്ന പരിധിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലതാനും. അപ്പോള്‍ ഈ പരിധി ഏറ്റവുമധികം ബാധിക്കുക ദിവസവും ട്രെയിനിനെ ആശ്രയിച്ചു ജീവിക്കുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു വലിയ ഭൂരിപക്ഷത്തെ മാത്രമാണ്.
3. കഴിഞ്ഞ രണ്ടാഴ്ചയായി തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളില്‍ പലതും 5-6 മണിക്കൂര്‍ വൈകിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളം മുതല്‍ കായംകുളം വരെ മാത്രം 4 മണിക്കൂര്‍ വരെ എടുക്കുന്നുണ്ട്. ഇതില്‍ ദീര്‍ഘദൂര വണ്ടികളില്‍ മാസങ്ങള്‍ക്കു മുമ്പ് റിസര്‍വ് ചെയ്തവരുണ്ട് അപ്പോള്‍ ടിക്കറ്റെടുത്ത യാത്രക്കാരുമുണ്ട്. ഇവര്‍ക്കുണ്ടാവുന്ന നഷ്ടം മടക്കിക്കൊടുക്കാന്‍ റയില്‍വേക്ക് ഉത്തരവാദിത്തമില്ലേ? പരശുറാം എക്സ്പ്രസില്‍ റിസര്‍വ് ചെയ്ത് എസി കോച്ചില്‍ കയറിയ ഒരു വിദേശി തിരുവല്ലയില്‍ 2 മണിക്കൂര്‍ വൈകിയപ്പോള്‍ ടിടിയോട് കെറുവിച്ച് ഇന്ത്യന്‍ ചുവപ്പുനാടയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് 'യുവര്‍ ആറ്റിറ്റിയൂഡ് ഈസ് യുവര്‍ പ്രോബ്ളം, യു വില്‍ നെവര്‍ എവര്‍ ഡെലവപ്പ്' എന്നാക്രോശിച്ച് ചാടിത്തുള്ളി ഇറങ്ങിപ്പോയത് ആടുത്തിടെ കണ്ട കാഴ്ചയാണ്. പോകുന്ന പോക്കില്‍ സായിപ്പു വിളിച്ചുപറഞ്ഞത് ഒരു വലിയ കാര്യമായിരുന്നു. ' വണ്ടി വൈകുന്നതോ റദ്ദാക്കുന്നതോ തലേന്നു മാത്രം ജനങ്ങളെ അറിയിച്ചതു കൊണ്ട് ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്ഥാപനത്തിന് ജനങ്ങളോടും യാത്രക്കാരോടുമുള്ള ഉത്തരവാദിത്തം തീരുന്നുവോ? അത്യാഹിത സാഹചര്യത്തില്‍ പോലും അങ്ങനെ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ കാശു മുഴുവന്‍ തിരികെ കൊടുക്കാനോ യാത്ര തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പകരം റോഡു വഴി അതു തുടരാനോ ഉള്ള ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരു ജനകീയ സ്ഥാപനത്തിനു മിനിമം ഉത്തരവാദിത്തമില്ലേ?' സത്യത്തില്‍ സായിപ്പു ചോദിച്ചതു കേട്ട് ചൂളിയത് ഒരക്ഷരം മിണ്ടാതിരുന്ന സഹയാത്രികരാണ്. പക്ഷേ സായിപ്പിനറിയില്ലല്ലോ അങ്ങനെ യാത്രയവസാനിപ്പിക്കാന്‍ തീരുമാനിച്ച് കൗണ്ടറില്‍ ചെന്നു ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താലും കിട്ടാന്‍ പോകുന്നത്, പുതിയ തീട്ടൂരമനുസരിച്ച് കേവലം അഞ്ചോ ഏറിയാല്‍ പതിനഞ്ചോ രൂപ മാത്രമാണെന്ന്. സഭ്യമായ ഭാഷയില്‍ ഇതു തീവട്ടി കൊള്ളയല്ലെങ്കില്‍ എന്താണ്?
ഇനി, രണ്ടാഴ്ച മുമ്പേ പ്രഖ്യാപിച്ച് റയില്‍ വേ നടപ്പാക്കിയ ഒരു ഷെഡ്യൂള്‍ മാറ്റത്തിന്റെ യുക്തിയെപ്പറ്റി കൂടി. തിരുവനന്തപുരത്തു നിന്ന് ഹൈദരാബാദിലേക്കുളള പ്രതിദിന ശബരി എക്സ്പ്രസ് 10-12 ദിവസത്തേക്ക് കൊച്ചുവേൡയില്‍ നിന്നാക്കി മാറ്റിയിരുന്നു. ദോഷം പറയരുതല്ലോ പത്രദ്വാരാ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തെന്നുമാത്രമല്ല. തിരുവനന്തപുരത്തു നിന്നു കൊച്ചുവേളിയിലേക്ക് പ്രത്യേക കെ.എസ്.ആര്.ടി.സി ബസും ഏര്‍പ്പെടുത്തിയിരുന്നു. (ബസിന് വേറെ ടിക്കറ്റെടുക്കണം, അതു കാര്യം വേറെ. അല്ലാതെ റയില്‍വേ ഏര്‍പ്പെടുത്തിയ ബദല്‍ സൗജന്യം എന്നൊന്നും ആരും കരുതണ്ട) പക്ഷേ സംശയമതല്ല. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഈ വണ്ടി പുറപ്പെട്ടിരുന്ന സമയം 7.15. പക്ഷേ കൊച്ചുവേളിയില്‍ നിന്നാക്കിയപ്പോഴും അതിന്റെ സമയം 7.15. അതെന്താ അങ്ങനെ? തിരുവനന്തപുരത്തുനിന്ന് റയില്‍മാര്‍ഗം കൊച്ചുവേളിക്കു നിര്‍ത്താതെ പോയാല്‍ 15 മിനിറ്റ്. കെ.എസ്.ആര്.ടി.സിയുടെ ബസിലാണെങ്കില്‍ ഒരു മണിക്കൂര്‍. അപ്പോള്‍ ഈ ഷെഡ്യൂള്‍ മാറിയ ദിവസമത്രയും കൊച്ചുവേളിയില്‍ നേരത്തേ എത്താന്‍ പാകത്തിന് പാവം യാത്രക്കാരന് അതിരാവിലെ എത്തിക്കൊള്ളണം. ഇനി വേറൊരു സംശയം, അങഅങ്ങനെ കൊച്ചുവേളിയില്‍ നിന്നാക്കിയപ്പോള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് തിരുവനന്തപുരം-കൊച്ചുവേളി യാത്രാക്കൂലി മടക്കിക്കൊടുത്തുവോ റയില്‍വേ? ഉവ്വേ പുളിക്കും. വയ് രാജാ വയ്യ്. അടിച്ചില്ലെങ്കില്‍ തുക കമ്പനിക്ക് എന്ന ആടുമയിലൊട്ടകക്കാരന്റെ വായ്ത്താരി കേട്ടിട്ടില്ലേ യാത്രക്കാരാ. കാശ് ഒരിക്കലടച്ചാല്‍ റയില്‍വേ യാതൊരു കാരണവശാലും മടക്കിത്തരുന്നതല്ല കോയാ.
4. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് അടക്കം പല സ്ഥാപനങ്ങളും ഓണ്‍ലൈനില്‍ ബില്ലടച്ചാല്‍ ചെറിയൊരു ശതമാനം തുക കുറവു നല്‍കും. കാരണം അത്രയും സ്റ്റേഷനറി, ജീവനക്കാരുടെ ജോലിഭാരം എന്നിവ കുറയ്ക്കുന്നതാണല്ലോ ഉപഭോക്താവിന്റെ ഓണ്‍ലൈന്‍ ഇടപാടിലൂടെ സാധ്യമാവുന്നത്. പക്ഷേ റയില്‍വേയില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡിലൂടെ ബുക്ക് ചെയ്യുമ്പോള്‍ സര്‍വീസ് ചാര്‍ജ് അങ്ങോട്ടു കൊടുക്കണം. ബുക്കിങ് ചാര്‍ജ് വേറെയും. സാമാന്യയുക്തിക്ക് ചിലതു ചോദിച്ചോട്ടെ. മുന്‍കൂട്ടി ബുക്കു ചെയ്യുക എന്നുവച്ചാല്‍ വണ്ടി പുറപ്പെുടും മുമ്പേ സീറ്റെല്ലാം വിറ്റുപോവുക എന്നാണല്ലോ? ബിസിനസ് ഭാഷയില്‍ പറഞ്ഞാല്‍ ടേബിള്‍ പ്രോഫിറ്റ് അഥവാ ബ്രേക്ക് ഈവന്‍ ബിഫോര്‍ ലോഞ്ച്. അച്ചടി മാധ്യമത്തിന്റെ ഭാഷയില്‍ പ്രീ പബഌക്കേഷന്‍ വ്യവസ്ഥ. അപ്പോള്‍ അതിന് തുകയില്‍ അല്പം ഇളവല്ലേ നല്‍കേണ്ടത്? മുന്‍കാലങ്ങളില്‍ ബുക്കിംഗ് നിരക്ക് ഈടാക്കിയിരുന്നതിനു കാരണമുണ്ട്. ബുക്ക് ചെയ്യാന്‍ ജീവനക്കാരുടെ സഹായം വേണം. പിന്നെ അതിന്റെ ലിസ്റ്റ് തയാറാക്കുക അങ്ങനെ കുറേ കഌറിക്കല്‍ പണികള്‍. ഇപ്പോള്‍ അതെല്ലാം കംപ്യൂട്ടറാണ്. എല്ലാറ്റിനുമുപരി, തത്സമയ ബുക്കിംഗിനാണ് വില കൂട്ടേണ്ടത് എന്ന ബോധ്യത്തില്‍ നിന്നാണല്ലോ തത്കാലും പ്രീമിയം തത്കാലും പോളുള്ള സംവിധാനങ്ങള്‍ റയില്‍വേ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് അവര്‍ തന്നെ സമ്മതിക്കുന്നു കാലേകൂട്ടി ബുക്ക് ചെയ്യുന്നതാണ് അഭികാമ്യം വൈകി ചെയ്യുന്നവരില്‍ നിന്നാണ് അധിക തുക ഈടാക്കേണ്ടത് എന്ന്. സനിമാതീയറ്ററില്‍ ബഌക്കു കച്ചവടക്കാരന്റെ യുക്തി. അപ്പോഴാണ് പഴയ യുക്തി തികട്ടി വരുന്നത്. അപ്പോള്‍ പിന്നെ കാലേകൂട്ടി ബുക്കുചെയ്യുന്നവരെന്തിനാണ് അധികനിരക്കു നല്‍കുന്നത് സാമീ....?
5.ഇന്ത്യയൊട്ടാകെ നിര്‍ത്തി എന്നു തെറ്റിദ്ധരിപ്പിച്ച് തീവണ്ടികളിലെ ഫസ്റ്റ് കഌസ് കോച്ച് റയില്‍ വേ നിര്‍ത്തലാക്കി. വന്‍ ഇടപെടുലുകളുണ്ടായിട്ടും അതു ബോര്‍ഡിന്റെ തീരുമാനമാണെന്നു പറഞ്ഞ് റയില്‍ വേ കൈ കഴുകി. അപ്പോഴും, നിര്‍ത്തിയത് ചില വണ്ടികളിലേതു മാത്രമാണെന്നും ഉത്തരേന്ത്യയിലെ പല വണ്ടികളിലും അവ ഇപ്പോഴുമുണ്ടെന്നും കേരളത്തില്‍ തന്നെ മെമു വണ്ടികളില്‍ ഫസ്റ്റ് കഌസുണ്ടന്നും അവര്‍ സൗകര്യപൂര്‍വം മറച്ചുവച്ചു. മെമുവിലുള്ളതുപോലെ സൗകര്യം മറ്റുവണ്ടികളിലും നല്കാന് തയാറാവാത്ത റയില്‍വേ പറഞ്ഞ ന്യായം സാധാരണ കോച്ച് ഫസ്റ്റ് കഌസായി ഓടിച്ചാല്‍ അതു നിയമപരമായ പ്രശ്നങ്ങളുണ്ടാക്കും എന്നാണ്. ഇതേ റയില്‍വേ മെമുവില്‍ സാധാരണ കോച്ചിന്റെ ഒരു ഭാഗം മാത്രം വര്‍ണവര കൊണ്ടടയാളപ്പെടുത്തി ഫസ്റ്റ് കഌസ് എന്നെഴുതിവച്ച് ഓടിക്കുന്നു.അതിന് കൗണ്ടറില്‍ നിന്നു ഫസ്റ്റ് കഌസ് നിരക്കില്‍ (സാധാരണയില്‍ നിന്നു മൂന്നിരട്ടി തുക) ടിക്കറ്റും നല്കുന്നു! പല തീവണ്ടികളിലും എ.സി ചെയര്‍ കാറിനു പകരം എ.സി. സഌപ്പര്‍ കോച്ചിട്ട് ചെയര്‍കാര്‍ ടിക്കറ്റുകാരെ യാത്രചെയ്യാനനുവദിക്കുന്നു. ഇതൊന്നും ആരും, ഒരു കോടതിയും കണ്ടെന്നു നടിക്കുന്നില്ല. ഇനി നടിച്ചാലും റയില്‍വേയുടെ കൃത്യാന്തരബാഹുല്യം എന്ന മഹാകാരണത്താല്‍ ഇളവനുവദിക്കുന്നു. ഇതൊരുമാതിരി കുറ്റപത്രം സമര്‍പ്പിച്ചാലും മനസാക്ഷിയുടെ കോടതിയില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടെടുക്കുന്ന ചില മൂന്നാം കിട രാഷ്ട്രീയക്കാരുടെ നിലപാടു പോലെയാണ്.
6.കേരളത്തിലോടുന്ന തീവണ്ടികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും കോച്ചുകളുടെ പരിതാപാവസ്ഥയ്ക്ക് ആരു സമാധാനം പറയും. പലതിലും നേരെ ചൊവ്വേ സീറ്റു പോലുമില്ല. കണ്ടം ചെയ്യാറായി പലകുറി പൊളിച്ചുപണിത പീറ കോച്ചുകളാണവ. മരം പോലത്തെ സീറ്റുകളാണു മിക്കതും. ആളെ വടിയാക്കാന്‍ പഴയ പലക സീററില്‍ വെറും ഉള്ളിത്തൊലി കനത്തിലുള്ള ഫോമോ ചകരിയോ ഒട്ടിച്ച് താഴത്തെ ഇരുമ്പു ചട്ടം കൂടി ചേര്‍ത്തു റക്സിന് പൊതിഞ്ഞു കനപ്പെടുത്തിയതാണ് മിക്ക സീറ്റും. ഒറ്റനോട്ടത്തില്‍ നല്ല കട്ടിയുള്ള കുഷ്യന് സീറ്റ്. ഇരുന്നുനോക്കുമ്പോഴറിയാം തട്ടിപ്പ്. കണ്ണില്‍ പൊടിയിടുന്ന ഇത്തരം തട്ടിപ്പുകള്‍ റീ രജിസ്ട്രേഷനു കൊണ്ടുപോകുന്ന സ്വകാര്യ ബസുകളും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും പോലും ചെയ്യുമെന്നു തോന്നുന്നില്ല.
7. ഓണ്‍ ബോര്‍ഡ് ഹൗസ് കീപ്പിങ് സൗകര്യമുളള തീവണ്ടികളില്‍ ഒ്ന്നാണ് ശബരി എക്സ്പ്രസ്. ഇക്കഴിഞ്ഞ ശബരിമല സീസണില്‍ ഒറ്റ ദിവസം പോലും എറണാകുളം തിരുവനന്തപുരം സെക്ടറില്‍ ഒരു ജീവനക്കാരന് പോലും ഒരൊറ്റ കോച്ചും 6-6 വരെയുള്ള സമയത്തു വന്നു വൃത്തിയാക്കിയതായി അറിയില്ല. പകരം ഹൗസ് കീപ്പിംഗ് സ്റ്റാഫ് സ്വാമിമാരോടൊപ്പമിരുന്നു ചീട്ടുകളിക്കുന്നതും കണ്ടു.
അവസാനമായി. ആരാണീ റയില്‍വേ ബോര്‍ഡ്? അവര്‍ ഭരണഘടനയ്ക്കു മുകളിലാണോ? ജനങ്ങള്‍ക്ക് അപ്രാപ്യരാണോ? ജനങ്ങളോടു മറുപടി പറയാന്‍ ബാധ്യസ്ഥരല്ലേ? ഇനി ഇതിനെല്ലാം ഉത്തരം അതേ എന്നാണെങ്കില്‍ അവസാനത്തെ ചോദ്യം. അങ്ങനെയെങ്കില്‍ അവരെ ജനാധിപത്യത്തിന് കീഴില്‍ ജനത്തോടുത്തരവാദിത്തമുള്ള അവരോടു മറുപടി പറയേണ്ടവരാക്കി തീര്‍ക്കാന്‍ നിയമവും ചട്ടവുമുണ്ടാക്കാന്‍ ജനപ്രതിനിധികള്‍ക്കു ബാധ്യതയില്ലേ?
2 comments:
പറഞ്ഞത് മുഴുവന്‍ സത്യം!
ഏകദേശം രണ്ട് വര്‍ഷം മുന്‍പാണ്. വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഗതാഗതം നിലച്ചപ്പോള്‍ ട്രെയിനുകള്‍ റദ്ദാക്കി. ജനശദാബ്ദിയില്‍ തിരുവനന്തപുരത്തേക്ക്ടിക്കെറ്റെടുത്ത എനിക്ക് ഇതുവരെ പണം തിരിച്ചു കിട്ടിയിട്ടില്ല. ടിക്കെറ്റിന്റെ പണം പോയത് മാത്രമല്ല അങ്കമാലിയില്‍ നിന്ന് അവിടെ വരെ വന്ന് തിരികെ പോരേണ്ടി വന്ന ദുരിത യാത്രയും... ഓണ്‍ലൈനില്‍ ടിക്കെറ്റെടുത്ത എനിക്ക് ട്രെയിന്‍ ക്യാന്‍സല്‍ ചെയ്തെന്ന ഒരു മെസ്സേജ് അയക്കാന്‍ പോലുമുള്ള മര്യാദ റയില്‍വേ കാണിച്ചില്ല.
പഴയ ഏമാൻ മനസ്ഥിതിയാണു സജീവ് ഉദ്യോഗസ്ഥർക്ക്. അതു മാറ്റാൻ നട്ടെല്ലുറപ്പുള്ള രാഷ്ട്രീയക്കാരെയും നമുക്കു കിട്ടുന്നില്ലെന്നതാണു സങ്കടം
Post a Comment