Tuesday, December 08, 2015

ന്യൂജനറേഷന്‍ തിരയിലെ നവവ്യാജന്മാര്‍

Article appeared in Kalapoorna Film Special
വിപണിയില്‍ നിന്നു ഞാനും നിങ്ങളും വാങ്ങുന്ന അതേ പച്ചക്കറികളും പലവ്യഞ്ജനങ്ങളും സുഗന്ധക്കൂട്ടുകളും മസാലക്കൂട്ടുമൊക്കെ ചേര്‍ത്തുണ്ടാക്കുന്നതാണെങ്കിലും ആര്യാസ് പോലുള്ള വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഊണുകറികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ജനുസ് ഏതെന്നറിയാനാവാത്ത, വായില്‍ വയ്ക്കുമ്പോള്‍ ഇവയുടെയൊന്നും രുചി അനുഭവപ്പെടാത്ത ഗുണവും മണവുമില്ലാത്ത ചിലയിനം കറികളായി അവ രൂപാന്തരം പ്രാപിച്ചിട്ടുണ്ടാവും! അവിയലെന്നോ കൂട്ടുകറിയെന്നോ എരിശ്ശേരിയെന്നോ വിവചിക്കാനാവാത്ത, മഞ്ഞയോ ഓറഞ്ചോ നിറത്തില്‍ അല്പം വെളളം ചേര്‍ന്നൊരു കൂട്ടുകറി. തോരനോ മെഴുക്കുപുരട്ടിയോ എന്നു വിവേചിച്ചറിയാനാവാത്തവിധം മറ്റൊന്ന്.  മുളകും ഉപ്പും പുളിയും ചേര്‍ന്നാല്‍ ഇത്രയും രുചിരഹിതമായ മറ്റൊന്ന് ഉണ്ടാകുന്നതെങ്ങനെ എന്ന് അദ്ഭുതം തോന്നുന്ന കറികള്‍.അച്ചാറിനും പപ്പടത്തിനും രസത്തിനും മാത്രമേ സാധാരണനിലയില്‍ ഇത്തരം ഹോട്ടലുകളിലെ ഉച്ചയൂണ്‍ വിഭവങ്ങളില്‍ സ്വന്തം അസ്തിത്വമുണ്ടായിരിക്കുകയുള്ളൂ.
പി.ഡബ്‌ള്യൂ ഡി കെട്ടിടങ്ങളുടെ കഥയും ഇതുപോലെയാണ്. വിപണിയില്‍ അതതു കാലത്തു ലഭ്യമാവുന്ന എല്ലാ നിര്‍മാണസാമഗ്രികളും തന്നെയാണ് അവരുപയോഗിക്കുക. പക്ഷേ അവ കൊണ്ട് എന്തിന് ഇങ്ങനെ ഒരു നിര്‍മാണം എന്ന് കാണുന്നവര്‍ അന്തംവിട്ടുപോകുന്നവിധത്തിലായിരിക്കും ഉപയോഗം.
മലയാളത്തില്‍ അടുത്തിടെയുണ്ടായ ന്യൂജനറേഷന്‍ സിനിമകളുടെ ലക്ഷ്യം തെറ്റിയ മലവെള്ളപ്പാച്ചിലില്‍ പടച്ചുവിടപ്പെട്ട ചില സിനിമകള്‍ കണ്ടപ്പോള്‍, രുചിയും ഗുണവുമറിയാനാവാത്ത ഹോട്ടല്‍ കറികളെയും, സൗന്ദര്യം നഷ്ടപ്പെട്ട പി.ഡബ്‌ള്യൂ ഡി കെട്ടിടങ്ങളെയുമാണ് ഓര്‍മ്മവന്നത്. കാരണം, നല്ലതോ ചീത്തയോ ആയിക്കോട്ടെ, ഒരു സിനിമയ്ക്കു വേണ്ട എല്ലാ ഭൗതികസൗകര്യങ്ങളും ഉണ്ടായിട്ടും രുചിയോ ഗുണമോ ജനുസോ അറിയാനാവാത്ത നിര്‍ഗുണസൃഷ്ടികള്‍. പക്ഷേ ഹോട്ടല്‍ കറികളെയും സര്‍ക്കാര്‍ കെട്ടിടങ്ങളെയും അപേക്ഷിച്ച് കുറേക്കൂടി വലിയൊരു പാതകവും ദ്രോഹവും കൂടി ഇവ ചെയ്യുന്നുണ്ട്. ആദ്യത്തേതു രണ്ടും സാധാരണക്കാരുടെ കാശും അഭിരുചിയും മാത്രമാണ് നഷ്ടപ്പെടുത്തുന്നതെങ്കില്‍, ലക്കുതെറ്റിയ ചലച്ചിത്രസൃഷ്ടികള്‍ ടിക്കറ്റെടുത്തു കാണുന്നവരുടെ വിലപ്പെട്ട സമയം കൂടി അപഹരിക്കുന്നുണ്ട്. പിന്നെ, അത്രയും നേരത്തെ വൃഥാവ്യായാമമുണ്ടാക്കുന്ന തലവേദന പുറമെയും. മുഖ്യധാരയില്‍ കഴിവുതെളിയിച്ച അഭിനേതാക്കളും, താരങ്ങള്‍ തന്നെയും ഒപ്പമുണ്ടായിട്ടും, അനാവശ്യ ആര്‍ഭാടം വരെ ചിത്രീകരണത്തിന് കൂട്ടായിട്ടും കഥയില്ലായ്മയിലും, മലബാറില്‍ ഇടക്കാലത്ത് പ്രചാരം നേടിയ ഹോംസിനിമ എന്ന അമച്ചര്‍ സിനിമപിടിത്തത്തിന്റെ നിലവാരം പോലുമില്ലാത്തവയാണ് ന്യൂജനറേഷന്‍ ലേബലില്‍ പുറത്തിറങ്ങുന്ന ഇവയില്‍ പലതും.ചില ചൈനീസ്/ ചാവക്കാട് വ്യാജ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ കാണുമ്പോള്‍ നമുക്കു തോന്നുന്ന നിരാശയുണ്ടല്ലോ, ഈശ്വരാ, ഇത്രയും ഐസികളും ഡയോഡും പ്‌ളാസ്റ്റിക്കും മറ്റുമുണ്ടായിട്ടും അതത്രയും പാഴായിപ്പോയല്ലോ എന്ന നിരാശ. അതാണ് ഈ സിനിമകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കു തോന്നുക. വ്യാജനുണ്ടാക്കാനാണെങ്കില്‍ക്കൂടി, ഇത്രയും ചേരുവകള്‍- ഒന്നാം നിലവാരത്തിലുള്ളവയല്ലെങ്കിലും- ഉള്ള സ്ഥിതിക്ക് അതല്‍പ്പം കൂടി വകതിരിവോടെ ഉപയോഗിച്ചിരുന്നെങ്കില്‍ എന്നു പ്രാര്‍ത്ഥിച്ചുപോകുന്ന അവസ്ഥ.
ഉച്ചപ്പടം എന്നു കാണികള്‍ വിളിച്ചാക്ഷേപിച്ചിരുന്ന കപടബുദ്ധിജീവിസിനിമകള്‍ മലയാള സിനിമയ്ക്കുണ്ടാക്കിവച്ച നഷ്ടവും നാണക്കേടും ഒരുപക്ഷേ അതിനേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിത വീര്യത്തില്‍ വ്യാജ ന്യൂജനറേഷന്‍ രചനകള്‍ ഉണ്ടാക്കി വയ്ക്കുമെന്നതില്‍ സംശയമില്ല. മലയാളത്തിലെ മാസ്റ്റര്‍ ചലച്ചിത്രശില്‍പികള്‍ സിനിമയുടെ പ്രമേയത്തിനനുയോജ്യമാംവിധം ബോധപൂര്‍വം നിര്‍മിച്ചെടുത്ത അക്കാദമിക നിലവാരത്തിലുള്ള ചലച്ചിത്രസമീപനവും സന്നിവേശതാളവും മറ്റും രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍, നിശബ്ദതയും മന്ദതാളവും സുദീര്‍ഘമായ ഷോട്ടുകളുമെല്ലാമാണ് അംഗീകാരത്തിനുള്ള കുറുക്കുവഴി എന്നു തെറ്റിദ്ധരിച്ചുവശായ ചില കപട ബുദ്ധിജീവികളായിരുന്നു ഉച്ചപ്പടങ്ങളുടെ പിന്നില്‍. പ്രമേയത്തിന്റെ കനമോ, പ്രതിബദ്ധതയുടെ ആഴമോ, ചരിത്രബോധത്തിന്റെ ഉള്‍ക്കാഴ്ചയോ, മാധ്യമബോധത്തിന്റെ സാമാന്യയുക്തിയോ പിന്തുണയായില്ലാതെ പടച്ചുവിടപ്പെട്ട വ്യാജസിനിമകള്‍, സമാന്തരസിനിമയ്ക്കായി അന്നത്തെ പ്രതിബദ്ധചലച്ചിത്രസംസ്‌കാരം ഏറെ പണിപ്പെട്ട് നിര്‍മിച്ചെടുത്ത നൂണ്‍ഷോ എന്ന പ്രദര്‍ശനസൗകര്യത്തെ (അണ്‍ടു ദ ഡസ്‌കും കന്യക ടാക്കീസും ഒരാള്‍പ്പൊക്കവും മറ്റും ഈയിടെ സര്‍ക്കാര്‍ തീയറ്ററുകളില്‍ പൊരുതി നേടിയെടുത്ത പ്രദര്‍ശനവിപ്‌ളത്തിന്റെ എണ്‍പതുകളിലെ പ്രാഗ്രൂപം) വ്യാപകമായിത്തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നു മാത്രമല്ല, സമാന്തരമെന്നാല്‍ ഈ വ്യാജനുകളാണെന്ന തെറ്റിദ്ധാരണ പ്രേക്ഷകരില്‍ സൃഷ്ടിക്കുക വഴി അവരെ അത്തരം സിനിമകളില്‍ നിന്നു തന്നെ അകറ്റുകയും ചെയ്തു. ഉച്ചപ്പടം എന്ന സംജ്ഞ തന്നെ അറുബോറന്‍ ആമയിഴഞ്ചാന്‍ സിനിമകള്‍ക്കുള്ള പരിഹാസപ്പേരായി മാറുകയാണുണ്ടായത്. അതു തീയറ്ററുകളില്‍ നിന്നു പ്രേക്ഷകരെ അകറ്റിയെന്നു മാത്രമല്ല, എണ്ണയും വെള്ളവും പോലെ, ഓഫ്ബീറ്റ് സിനിമകളില്‍ നിന്നവരെ വേര്‍പെടുത്തുക കൂടി ചെയ്തു.
സമാനമായൊരു പാതകമാണ് ന്യൂജനറേഷന്‍ വ്യാജ സിനിമകള്‍ പ്രേക്ഷകരോടും അതുവഴി സംസ്‌കാരത്തോടുതന്നെയും ചെയ്തുകൂട്ടുന്നത്. സമകാലിക കേരളത്തിലെ പല സാമൂഹികസിവിശേഷതകളെയും അടയാളപ്പെടുത്താനോ കണക്കിനു പരിഹസിക്കാനോ ഒക്കെയായി ഏതെങ്കിലും ഒന്നോ രണ്ടോ സിനിമകളില്‍ അസാമാന്യ ദൈര്‍ഘ്യത്തില്‍ ആവിഷ്‌കരിച്ച ചില ശീലങ്ങളും ശീലക്കേടുകളും, അതൊക്കെയാണ് നവസിനിമയുടെ ലക്ഷണവും ഛന്ദസും എന്നു തെറ്റായി ധരിച്ച് അവ മാത്രമായി ഉള്‍ക്കൊള്ളിച്ചുണ്ടാക്കി തള്ളുന്നവയാണ് ഈ മിമിക്രി രചനകളിലേറെയും. ഇടക്കാലത്ത്, സാറ്റലൈറ്റ് റൈറ്റ് എന്ന പഴുതുപയോഗിച്ച് ചിത്രീകരണം തുടങ്ങും മുമ്പേ വില്‍പനയായി നിര്‍മാതാവിനു ലാഭമുണ്ടാക്കിക്കൊടുത്ത ന്യൂ ജനറേഷന്‍ സിനിമകള്‍, ഒന്നോ രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ ചാനലുകാരുടെ കീശകാലിയാക്കി അവരെക്കൊണ്ട് തീര്‍ത്തും പ്രതികൂലമായൊരു നിലപാടെടുപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതും സാമാന്യയുക്തിക്കു നിരക്കാത്ത വ്യാജനിര്‍മിതികളുടെ മലവെള്ളപ്പാച്ചിലായിരുന്നുവെന്നോര്‍ക്കുക. ഇരുന്ന കൊമ്പു മുറിക്കുന്ന നടപടിയായിരുന്നു സത്യത്തിലത്. എന്തുകൊണ്ടാണ് വാസ്തവത്തില്‍ അങ്ങനെ സംഭവിച്ചത്? സാറ്റലൈറ്റ് റൈറ്റ് എന്ന നിലയ്ക്ക് ചില താരങ്ങളുടെ പേരില്‍ മാത്രം വാതുവയ്പിലെന്നപോലെ മുന്‍കൂറായി പണം മുടക്കാന്‍ തയാറായവരാണ് ചാനലുകള്‍. പക്ഷേ, ബ്‌ളോക്ക് ബ്‌സ്റ്റര്‍ എന്ന പേരില്‍ പിന്നീടവര്‍ക്കു സംപ്രേഷണം ചെയ്യേണ്ടിവന്നത് മൂന്നാംകിട നിലവാരം പോലുമില്ലാത്ത, ഒരുപക്ഷേ, ടെലിവിഷനില്‍ മുറിച്ചുമാറ്റാതെ പ്രദര്‍ശിപ്പിക്കാന്‍ പോലും സാധിക്കാത്തവിധം തരംതാണ ദൃശ്യാവിഷ്‌കാരങ്ങളാണ്. കഥയും യുക്തിയുമില്ലാത്ത ഈ വ്യാജന്മാര്‍, ഏറെ പണിപ്പെട്ടു തങ്ങള്‍ പ്രേക്ഷകരില്‍ നിന്ന് ഇരന്നും കരഞ്ഞും വാങ്ങിവയ്ക്കുന്ന സമയഖണ്ഡത്തെ (ടൈം സ്‌ളോട്ട്) തങ്ങളില്‍ നിന്ന് ഇല്ലാതാക്കുമെന്നുറപ്പായതോടെയാണ് ചാനലുകാര്‍ ഈ മിമിക്രികള്‍ക്കിനി പണം മുടക്കില്ലെന്ന് കൂട്ടായി തീരുമാനിച്ചത്. താരമാരായാലും ശരി തീയറ്ററില്‍ ആദ്യം വിജയം നേടിയിട്ടു മതി ചാനലുകളിലേക്ക് എന്ന ആ നിലപാടാണ് വാസ്തവത്തില്‍, ടേബിള്‍ പ്രോഫിറ്റ് എന്ന നിശ്ചയത്തെക്കൂടി വീണ്ടും അനിശ്ചിതമാക്കി മാറ്റിയത്.
അടുത്തകാലത്ത് തീയറ്ററുകളിലെത്തുകയോ എത്തിയവിവരം നിര്‍മാതാവും അതിലെ താരങ്ങള്‍ പോലുമോ അറിയാതിരുന്നേക്കാവുന്ന (പിന്നീടല്ലേ പ്രേക്ഷകര്‍) ചില സിനിമകളുടെ കാര്യമെടുക്കുക. പ്രതാപ് പോത്തന്‍, രമ്യാകൃഷ്ണന്‍, സണ്ണി വെയ്ന്‍ തുടങ്ങിയ കഴിവുറ്റ പ്രഗത്ഭരായ താരനിര തന്നെയുണ്ടായിരുന്ന അപ്പവും വീഞ്ഞും, പോയകാല തീയറ്റര്‍ വിജയത്തിന്റെ പിന്‍ബലവും ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, മധു, വിജയരാഘവന്‍, ദേവന്‍ തുടങ്ങിയ വന്‍ താരനിരയുണ്ടായിരുന്ന സാമ്രാജ്യം രണ്ട്, അജു വര്‍ഗീസ്, മനോജ് കെ ജയന്‍, റോമ എന്നിവരുടെ നമസ്‌തേ ബാലി ഐലന്‍ഡ്, ബാബുരാജും രാഹുല്‍ മാധവും മറ്റും അഭിനയിച്ച എയ്ത്ത് മാര്‍ച്ച്, വിജയരാഘവന്‍ നായകനായ വൈറ്റ് ബോയ്‌സ്, മഖ്ബൂലും അര്‍ച്ചന കവിയും മറ്റുമഭിനയച്ച ഡേ നൈറ്റ് ഗെയിം നെടുമുടി വേണുവും ദേവദേവനുമഭിനയിച്ച ഗെയിമര്‍...ഇവയില്‍ എത്ര സിനിമകള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവുമെന്നറിയില്ല, കാണാതിരുന്നത് നന്നായി എന്നാണെങ്കിലും. പക്ഷേ ഈ വക സിനിമകള്‍ ഉണ്ടാക്കിവച്ച വികൃമായൊരു ചലച്ചിത്രഭാവുകത്വം, അത് സാധാരണ പ്രേക്ഷകരെ തീയറ്ററില്‍ നിന്ന് എന്നേക്കുമായി അകറ്റുന്നതാണെന്നുമാത്രമല്ല, നവസിനിമയോട് അവരുടെ മുഖംതിരിപ്പിക്കുന്നതുമാണ്. ഒരുപക്ഷേ രതിസിനിമാതരംഗം ബാക്കിയാതിലും പ്രതിലോമമാണീ വ്യാജസിനിമകള്‍ ശേഷിപ്പിക്കുന്നത്.

നഷ്ടപ്പെടുത്തിയ അവസരങ്ങള്‍
മൂന്നാംകിട മസാല സിനിമകള്‍ക്കുപോലും അതിന്റേതായൊരു വിപണിയുണ്ടായിട്ടുണ്ട്. ഒരുപരിധികൂടി കടന്ന് പലപ്പോഴും നമ്മുടെ സിനിമയില്‍, കാലാകാലങ്ങളില്‍ ഉടലെടുത്തുയരുന്ന തരംഗങ്ങള്‍ക്ക് അക്കാലങ്ങളില്‍ കുറഞ്ഞൊരു കാലത്തേക്കെങ്കിലും ഒരു ജനുസിലേക്ക് കള്ളിചേര്‍ക്കപ്പെടാവുന്നത്ര പ്രേക്ഷകരുമുണ്ടായിരുന്നു. അതുകൊണ്ടാണ് അതിമാനുഷ നായകകഥാപാത്രങ്ങളുള്ള ആക്ഷന്‍-അധോലോക മുഖ്യധാരാസിനിമകള്‍ക്കും, അഭിലാഷ- കാനനസുന്ദരി-ഷക്കീല സിനിമകള്‍ക്കും, പ്രിയദര്‍ശന്‍-ശ്രീനിവാസന്‍-സിദ്ധീഖ് ലാല്‍-റാഫി മക്കാര്‍ട്ടിന്‍ തമാശസിനിമകള്‍ക്കുമൊക്കെ കാണികളുണ്ടായതും അതതു കാലത്ത് അവയ്ക്ക് തുടര്‍വിജയങ്ങളുണ്ടാക്കാന്‍ സാധിച്ചതും. എന്നാല്‍, ന്യൂജനറേഷന്‍ ജനുസില്‍ സ്വയം അവരോധിച്ചുകൊണ്ടു പുറത്തുവരുന്ന ഇവിടെ പരാമര്‍ശിക്കപ്പെടുന്ന സിനിമകളില്‍ ഒന്നുപോലും ഇപ്പറഞ്ഞ തുടര്‍വിജയമുണ്ടാക്കുന്നില്ല. അതിനു പോലും അവ അര്‍ഹമല്ലെന്നതാണ് സത്യം. കാരണം അത് ഒരുതരം പ്രേക്ഷകനെയും ആത്മാര്‍ത്ഥമായി അഭിസംബോധനചെയ്യുന്നില്ല. പ്രേക്ഷകരുടെ സെന്‍സിബിലിറ്റിയെ തൃപ്തിപ്പെടുത്തുന്നുമില്ല.
രണ്ടായിരത്തിന്റെ ആദ്യപാദത്തിലാണ് ഉത്തരകേരളത്തില്‍ ഒരു പ്രസ്ഥാനത്തോളം പ്രാധാന്യത്തിലേക്ക് വളര്‍ച്ച പ്രാപിച്ച ഹോം സിനിമകള്‍ ഉദയം കൊള്ളുന്നത്. സിനിമാനിര്‍മാണത്തെക്കുറിച്ച് സാങ്കേതികമോ കലാപരമോ ആയ വലിയ മുന്‍പരിചയമോ പരിചയം തന്നെയോ ഇല്ലാതെ സാധാരണക്കാര്‍ ഒത്തുകൂടി ചെറിയ ബജറ്റില്‍ തട്ടിക്കൂട്ടുന്ന വീഡിയോ സിനിമകളായിരുന്നു അവ. കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിനും എന്തിന് രാഷ്ട്രീയമുന്നേറ്റത്തിലേക്കു പോലും വഴിമരുന്നിട്ട നാടകപ്രസ്ഥാനങ്ങളുടെ സ്വാഭാവിക തളര്‍ച്ചയ്ക്കു ശേഷമുണ്ടായ ഈ ഹോംസിനിമകളുടെ മൊട്ടിട്ടു മുളയ്ക്കലിനു പിന്നില്‍, പഴയ നാടകപ്രസ്ഥാനത്തിന്റെ ഹാങോവറുകള്‍ ധാരാളമായി കാണാം. പ്രാദേശികതലത്തില്‍ തട്ടുകളുണ്ടാക്കി, അതില്‍ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് ചെറു നാടകങ്ങള്‍ അരങ്ങേറിയിരുന്നതിനു ബദലായി സ്വയം പണം മുടക്കി കുറച്ചുപേര്‍ ചേര്‍ന്നെടുത്ത്, തങ്ങളുടെ അയല്‍ക്കാര്‍ക്കും പരിസരവാസികള്‍ക്കുമായി പ്രദര്‍ശിപ്പിക്കുകയും സിഡിയിറക്കുകയും ചെയ്യുന്ന ചെറുസിനിമകള്‍. അവ രണ്ടും നിറവേറ്റിയിരുന്നത് ഏതാണ്ടു സമാനധര്‍മങ്ങളായിരുന്നു. പ്രാദേശിക പ്രതിഭകള്‍ക്ക് സ്വന്തം കഴിവു പ്രകടിപ്പിക്കാനുള്ള വേദിയാവുക എന്ന അമേച്ചര്‍ നാടകങ്ങളുടെ ഇടമാണ് ഹോം സിനിമകള്‍ പൂരിപ്പിച്ചത്.
അത്യാവശ്യം കല്യാണവീഡിയോ പരിചയം മാത്രമുള്ളൊരു ഛായാഗ്രാഹകന്റെയും സന്നിവേശകന്റെയും പിന്തുണയ്ക്കപ്പുറം പരിശീലനം കിട്ടിയ താരങ്ങളോ സാങ്കേതികപ്രവര്‍ത്തകരോ ഒന്നുമില്ലാത്തതുകൊണ്ടുതന്നെ, പ്രൊഫഷനല്‍ മികവോ, സാങ്കേതികവും കലാപരവുമായ തികവോ ഒന്നും ഹോം സിനിമകളില്‍ നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. വിശാലവും വ്യാവസായികവുമായി അത്തരം സിനിമകള്‍ പ്രദര്‍ശനശാലകളില്‍ റിലീസ് ചെയ്യപ്പെടുകയോ പ്രദര്‍ശിപ്പിക്കുകയോ ഉണ്ടായിട്ടില്ലതാനും. അതുകൊണ്ടുതന്നെ അവയ്ക്ക് പരമ്പരാഗത പ്രേക്ഷകസമൂഹത്തെ സ്വാധീനിക്കാനോ, ബാധിക്കാനോ സാധ്യവുമായില്ല. അവരുടെ നിക്ഷേപം സ്വീകരിക്കേണ്ടിയും വന്നിട്ടില്ല.
എന്നാല്‍, ന്യൂജനറേഷന്‍ വ്യാജന്മാരുടെ കാര്യം അങ്ങനെയല്ല. അവ ലബ്ധപ്രതിഷ്ഠരായ താരങ്ങളെയും പ്രഗത്ഭരായ സാങ്കേതികവിദഗ്ധരെയും തന്നെ അണിനിരത്തിക്കൊണ്ടാണ് പ്രേക്ഷകസമക്ഷം പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും കാലികമായ തരംഗത്തിനൊത്ത താരനിരയും അവയ്ക്ക് പിന്‍ബലമായി ഉണ്ടാവും. താരങ്ങളെയും സാങ്കേതിവിദഗ്ധരെയും പറ്റി പ്രേക്ഷര്‍ക്കുള്ള മുന്‍വിധിയും വിശ്വാസവും മുതലാക്കി ഇത്തരം സിനിമകള്‍ കബളിപ്പിക്കുന്നത് കമ്പോള സിനിമയുടെ വിശാലമായ പ്രേക്ഷകസമൂഹത്തെത്തന്നെയാണെന്നുള്ളതാണ് വാസ്തവം.വ്യാപകമായ തീയറ്റര്‍ റിലീസിങ്ങിലൂടെ പ്രദര്‍ശകരെയും ടിക്കറ്റ് വാങ്ങി സിനിമ കാണാനെത്തുന്ന പ്രേക്ഷകരെ മാത്രമല്ല, സിഡി/ഡിവിഡി വിപണിയിലൂടെയും ടിവി സംപ്രേഷണത്തിലൂടെ ചാനലുകളെയും ഒരുപോലെ വഞ്ചിക്കുകയോ കളിയാക്കുകയോ ചെയ്യുന്നുണ്ട് അവ. വാസ്തവത്തില്‍, ഹോം സിനിമകളുടെ നിലവാരം പോലുമുണ്ടായിരിക്കില്ല അവയില്‍ മിക്കതിനും. സാങ്കേതികമായി ശരാശരി നിലവാരം പുലര്‍ത്തുമെങ്കില്‍ത്തന്നെയും ശുഷ്‌കവും സാധാരണക്കാരന്റെ സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതുമായ ഉള്ളടക്കം കൊണ്ട് ശുഷ്‌കമായിരിക്കും അവ.
സന്തോഷ് പണ്ഡിറ്റ് എന്ന സംവിധായകനെ കണക്കിനു കളിയാക്കുന്ന, നിരന്തരം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നമുക്ക് സന്തോഷില്‍ നിന്നൊരു വിരല്‍ചൂണ്ടലുണ്ടായാല്‍ ചൂളേണ്ട അവസ്ഥയാണ് ഈ സിനിമാവ്യാജന്മാര്‍ ഉണ്ടാക്കിവയ്ക്കുന്നത്. അടുത്തകാലത്ത് നിര്‍മിക്കപ്പെട്ട ചില കുടുംബചിത്രങ്ങള്‍ പോലുള്ള എത്രയോ സിനിമകള്‍ ഇത്തരത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ട്.
വിശ്വന്‍ മേച്ചിറ സംവിധാനം ചെയ്ത അപ്പവും വീഞ്ഞും എന്ന സിനിമയുടെ കാര്യം തന്നെയെടുക്കാം. പ്രതാപ് പോത്തനെയും രമ്യാകൃഷ്ണയേയും പോലുള്ള വമ്പന്‍ താരങ്ങള്‍. യുവനിരയില്‍ സ്വന്തമായൊരു ആരാധകവൃന്ദം തന്നെയുള്ള സണ്ണിവെയ്ന്‍. ഭേദപ്പെട്ട സാങ്കേതികവിദഗ്ധരുടെ പിന്തുണ. ഇത്രയെല്ലാമുണ്ടായിട്ടും, ആര്‍.ശങ്കരന്‍നായര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ സംവിധാനം ചെയ്ത വിഷ്ണുവിജയം എന്ന സിനിമയ്ക്കപ്പുറം പ്രമേയതലത്തില്‍ എന്തെങ്കിലും പുതുമയോ ആസ്വാദനതലത്തില്‍ തൃപ്തിയോ പ്രദാനം ചെയ്യാന്‍ ഈ സിനിമയ്ക്ക് സാധിക്കുന്നില്ല. കമല്‍ഹാസനെയും അംബരീഷിനെയും ഷീലയേയും താരനിരയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് സാക്ഷാതകരിക്കപ്പെട്ട വിശ്വവിഖ്യാതമായൊരു ജെയിംസ് ഹാഡ്‌ലി ചെയ്‌സ് നോവലിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌കാരമായിരുന്നു വിഷ്ണുവിജയം. രതിയും കുറ്റകൃത്യങ്ങളും പകയും പ്രതികാരവുമൊക്കെ ചേരുന്ന ഒരു തട്ടുപൊളിപ്പന്‍ ആക്ഷന്‍ മസാല. ഇതിന്റെ വികലമായ എത്രയെങ്കിലും ആവിഷ്‌കാരവൈരുദ്ധ്യങ്ങള്‍ പി.ചന്ദ്രകുമാറിന്റെയും കെ.എസ്. ഗോപാലകൃഷ്ണന്റെയും അവരെ പിന്തുടര്‍ന്ന് ഇടക്കാലത്ത് ഇക്കിളിപ്രസ്ഥാനത്തോളം വളര്‍ന്ന സാജ് ജെ ജാനിന്റെയും രവിവര്‍മയുടെയും എ.ടി.ജോയിയുടെയും രതിസിനിമകളിലും നാം കണ്ടു. അതിലേറെ കരുത്തുറ്റ ക്‌ളാസിക്കുകളായി പത്മരാജന്‍-ഐ.വിശശി കൂട്ടായ്മയുടെ ഇതാ ഇവിടെവരെയിലും മറ്റും കണ്ടതും ഇതേ പ്രമേയത്തിന്റെ മറ്റൊരുതലമാണ്. പക്ഷേ, ഇപ്പറഞ്ഞ, ധ്രുവവൈരുദ്ധ്യങ്ങളില്‍ നില്‍ക്കുന്ന ഇരുജനുസുകളിലുമുള്ള ചലച്ചിത്രകൃതികള്‍ക്ക് വ്യക്തമായ പ്രേക്ഷകസമൂഹമുണ്ടായിരുന്നു, വ്യക്തമായ ലക്ഷ്യവും. അപ്പവും വീഞ്ഞും എന്ന സിനിമയ്ക്ക് ഇല്ലാതെ പോയതും അതാണ്. ശ്‌ളീലത്തിന്റെ വരമ്പുകള്‍ ഉല്ലംഘിച്ച് അത് എ.ടി.ജോയിയുടെയും സാജ് ജെ ജാന്റെയും പക്ഷത്തെത്തിയില്ലെന്നതു നേരുതന്നെ. എന്നാല്‍ കുറഞ്ഞപക്ഷം വിഷ്ണുവിജയത്തിന്റെയെങ്കിലും ആസ്വാദനതലത്തിലേക്ക് ഉയരാന്‍ അതിനാവാതെ പോയി. അവിടെയാണ് അത് നഷ്ടപ്പെട്ട, പാഴാക്കിക്കളഞ്ഞ അവസരമായിത്തീരുന്നത്.
പുതുതലമുറയിലെ താരവിലയുള്ള അജു വര്‍ഗീസും റോമയും നായികാനായകന്മാരായുണ്ടായിട്ടും കെ വി ബിജോയിയുടെ നമസ്‌തേ ബാലി ഐലന്‍ഡിനു സംഭവിച്ചതും സമാനമായ വീഴ്ചതന്നെയാണ്. ഒരുപക്ഷേ, കൃത്യമായ വിനോദസഞ്ചാര പ്രചാരണ ലക്ഷ്യത്തോടെ നിര്‍മിക്കപ്പെട്ട അനീഷ് ജെ. കാരിനാടിന്റെ നിറക്കാഴ്ച എന്ന സിനിമയ്ക്കു സംഭവിച്ച അതേ ദുര്യോഗം. അക്കരെയക്കരെ, മണ്ടന്മാര്‍ ലണ്ടനില്‍, ലാലേട്ടന്‍ അമേരിക്കയില്‍ തുടങ്ങി രാജ്യത്തിന്റെ സവിശേഷത കഥാവസ്തുവില്‍ ആവഹിച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക് വിഷ്വല്‍ ട്രാവലോഗ് എന്ന നിലയ്ക്ക് അവതരിപ്പിക്കപ്പെട്ട സിനിമകള്‍ മലയാളിത്തിലുമുണ്ടായിട്ടുണ്ട്. പലതും വിജയിച്ചിട്ടുമുണ്ട്. അതൊക്കെ പക്ഷേ, ഉപഗ്രഹ ടെലിവിഷന്റെ ആഗമനത്തിനു മുമ്പാണെന്നു മാത്രം. 24 മണിക്കൂറും സഞ്ചാരവും പര്യവേഷണവുമെല്ലാം വിഷയമാക്കി രാജ്യാന്തരനിലവാരത്തില്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളുടെ കുത്തൊഴുക്കിനിടെ ബാലിയുടെ സൗന്ദര്യമോ ജീവിതമോ പകര്‍ത്തുന്നു എന്ന അവകാശവാദവുമായി ഒരു സിനിമ വന്നാല്‍ അതെത്രപേര്‍ കാണുമെന്നാണ്. അതിലുമപ്പുറം അതിന് കേവലം തട്ടിക്കൂട്ടലിനപ്പുറം കെട്ടുറപ്പോ യുക്തിയോ അവകാശപ്പെടാനാവാത്തൊരു കഥാവസ്തു പോലും ഇല്ലെന്നുവരുമ്പോള്‍. നമസ്‌തേ ബാലി പോലുളള സിനിമകള്‍ പ്രേക്ഷകനെ കബളിപ്പിക്കുന്നത് അങ്ങനെയാണ്.
ഇനി സണ്‍ ഓഫ് അലക്‌സാണ്ടറിന്റെ കാര്യം. ആ സിനിമയെ, ദൃശ്യമാധ്യമത്തിന്റെ നിരുത്തരവാദപരവും കുറ്റകരവുമായ ദുരുപയോഗം എന്നു വിശേഷിപ്പിക്കാവുന്നതാണ്. സിനിമയുടെ ഏതെങ്കിലും സമീപനത്തില്‍ ആത്മാര്‍ത്ഥതയുള്‍ക്കൊള്ളുന്നില്ല അത്. സാമൂഹികമായ പ്രതിബദ്ധതയില്ലാതെ അതിരുകടന്ന അക്രമവാസനയോ രതിയോ ആവിഷ്‌കരിക്കുന്നതുകൊണ്ടല്ല സാമ്രാജ്യം രണ്ട് ഇത്തരത്തില്‍ ഗുരുതരമായ മാധ്യമദുരുപയോഗമാവുന്നത്. മറിച്ച്, വര്‍ഷങ്ങള്‍ക്കു മുമ്പ് കമ്പോളവിജയം നേടിയ ഒരു സിനിമയുടെ പിന്‍ഗാമി എന്ന നിലയ്ക്ക് വ്യാപകമായ പ്രചാരണമഴിച്ചുവിട്ട് തിരസമയത്തിന്റെ നാല്‍പതു ശതമാനത്തോളം ആ പഴയ സിനിമയുടെ ക്ലിപ്പിംഗ്‌സും ഉപയോഗിച്ച് ബാക്കി സമയമത്രയും പരസ്പരബന്ധമില്ലാത്ത, സുബോധത്തിലും അബോധത്തിലും ഉള്‍ക്കൊള്ളാനാവാത്ത അയുക്തികള്‍ നിറച്ച ഒരു സിനിമയായതുകൊണ്ടാണ് അതിനെ കുറ്റകരമായ മാധ്യമദുരുപയോഗം എന്നു വിളിക്കേണ്ടിവരുന്നത്. സാങ്കേതികമായ നിറവുള്ള പാട്ടുരംഗങ്ങളോ, തകര്‍പ്പന്‍ സംഘട്ടനരംഗങ്ങളോ പുട്ടിനു തേങ്ങാപ്പീര എന്നോണം പഴയ വിജയചിത്രത്തിന്റെ സൂപ്പര്‍ഹിറ്റ് ദൃശ്യങ്ങള്‍ക്കൊപ്പം ഇടകലര്‍ത്തിയതുകൊണ്ടു മാത്രം അതൊരു സിനിമയാവില്ലെന്നും, മാതൃസിനിമയുടെ കച്ചവടവിജയം ആവര്‍ത്തിക്കില്ലെന്നുമുള്ള തിരിച്ചറിവില്ലായ്മയില്‍ നിന്നാണ് ഈ സിനിമയുടെ നിര്‍മിതി എന്നു സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ, സ്വാഭാവികയുക്തികളെക്കുറിച്ചുള്ള സാമാന്യസന്ദേഹങ്ങളൊക്കെ മാറ്റിവച്ചാല്‍ത്തന്നെയും ഇത്തരം സിനിമകളുടെ സാധ്യതയെപ്പറ്റി സാങ്കേതികവിദഗ്ധര്‍ക്കൊപ്പം അതില്‍ സഹകരിക്കുന്ന പഴയതും പുതിയതുമായ താരങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തരാഹിത്യം/ ആത്മാര്‍ത്ഥതയില്ലായ്മ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സിനിമയുടെ നിലനില്‍പ്പോ വിജയമോ അല്ല, സ്വന്തം വരുമാനത്തിന്റെ സാമ്പത്തിക പരിഗണന മാത്രമാണ് ഇവിടെ അവരെ സ്വാധീനിക്കുന്നതും നയിക്കുന്നതുമെന്നു നിശ്ചയം.

സാമ്പത്തികം
കുറച്ചു പേപ്പറും മഷിയും ചെലവാക്കി എഴുത്തുകാരനോ സമൂഹത്തിനോ വായനക്കാര്‍ക്കു പ്രത്യേകമായോ യാതൊരു ഗുണവും നേട്ടവുമുണ്ടാവാത്ത ചില തല്‍പരസാഹിത്യരചന പോലെയല്ല സിനിമയുടെ കാര്യം. വ്യക്തിഗതമെന്നും സംവിധായകന്റെ കല എന്നുമെല്ലാം വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും കോടികള്‍ മുതല്‍മുടക്കേണ്ട ഒരു മാധ്യമമാണത്. അതുകൊണ്ടുതന്നെയാണ് അതിനൊരു വ്യവസായമെന്ന നിലയില്‍ കൂടി പരിഗണനയും നിലനില്‍പും വേണ്ടിവരുന്നതും. അല്പം കടലാസും അച്ചടിമഷിയും ചെലവാക്കിയാല്‍ ചില ആയിരങ്ങള്‍ക്ക് ഒരു പുസ്തകത്തിന്റെ ആദ്യപതിപ്പ് തയാറാക്കാം. അതു വിറ്റുപോയില്ലെങ്കില്‍ക്കൂടി പ്രസാധകരുടെ ഗോഡൗണില്‍ സുരക്ഷിതമായി സൂക്ഷിക്കാം. ഒരു പടികൂടി കടന്ന് സൗജന്യമായി വിതരണം ചെയ്യാം. അല്ലെങ്കില്‍ കേരളത്തിലെ വായനശാലകളില്‍ സൗജന്യമായി സംഭാവനചെയ്യാം. ഒരു പതിപ്പ് അച്ചടിച്ചു വിതരണം ചെയ്യുന്നതുവഴി പ്രസാധകനു സംഭവിക്കുന്ന തീരാനഷ്ടം എന്നത് അത്രയ്ക്കും മാരകമായിരിക്കണമെന്നില്ല. കാരണം, 30 രൂപ മുതല്‍മുടക്കുള്ള ഒരു പുസ്തകത്തിന്റെ കമ്മീഷന്‍ കഴിഞ്ഞുള്ള വില 50 രൂപയാണെങ്കില്‍ അച്ചടിച്ചതിന്റെ നാലിലൊന്നു വിറ്റാല്‍ക്കൂടി പ്രസാധകന് മുടക്കുമുതലിന്റെ 40 ശതമാനത്തിലധികം തിരികെ കിട്ടും. പിന്നീട് എത്ര വര്‍ഷമെടുത്താലും വില്‍ക്കുന്ന ഓരോ കോപ്പിക്കും എന്ന കണക്കില്‍ ആ തുക വന്നുകൊണ്ടേയിരിക്കാം.
എന്നാല്‍ സിനിമയുടെ കാര്യം അതല്ല. ഏറെ വൈരുദ്ധ്യങ്ങളുള്ളൊരു സാമ്പത്തികഘടനയാണ് അതിന്റേത്. 30 രൂപ ഉത്പാദനച്ചെലുവുള്ളൊരു പുസ്തകം വായനക്കാരന്‍ 100 രൂപ വിലയ്ക്കാണു വാങ്ങുന്നതെങ്കില്‍ അഞ്ചു കോടി രൂപ നിര്‍മാണച്ചെലവുള്ള സിനിമയുടെ ടിക്കറ്റുവില നൂറോ നൂറ്റമ്പതോ രൂപ മാത്രമാണ്. കോടികളുടെ നിക്ഷേപമുള്ള, പലരുടെ അധ്വാനത്തിന്റെ ഫലശ്രുതിയാണത്. അതു മടക്കിക്കിട്ടിയില്ലെങ്കില്‍ ഒരുപക്ഷേ അവതാളത്തിലാവുന്നത് ഒന്നല്ല, പല കുടുംബങ്ങളായേക്കും. അത്രയേറെ വിശാലവും വ്യാപകവുമായ പാരസ്പര്യം ആവശ്യപ്പെടുന്നതും, പുസ്തകത്തേക്കാള്‍ ആയുര്‍ദൈര്‍ഘ്യം ഏറെ കുറവുള്ളതുമായ മാധ്യമമാണത്. പുറത്തിറങ്ങി അമ്പതോ അറുപതോ വര്‍ഷമായൊരു പുസ്തകത്തിന് ഔട്ട് ഓഫ് പ്രിന്റ് ആകുന്നതോടെ വിലകൂടുകയാണു ചെയ്യുക. സിനിമയ്ക്കാണെങ്കിലോ, ആധുനിക സാമൂഹികമാധ്യമങ്ങളിലെ മുന്‍വിധിയേതുമില്ലാത്ത തല്‍സമയ പ്രതികരണങ്ങളുടെ കാലത്ത് തീര്‍ത്തും ക്ഷണികമായ നിലനില്‍പ്പാണുള്ളത്. തീയറ്ററില്‍ പരാജയപ്പെട്ടാല്‍ പിന്നെ ചാനലുകള്‍ക്കുപോലും വേണ്ടാത്ത അവസ്ഥ. അല്ലെങ്കില്‍ അവരാവശ്യപ്പെടുന്ന തുകയ്ക്ക് ചാനലുകള്‍ക്കു കൊടുക്കേണ്ടുന്ന അവസ്ഥ. സിഡി ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ, നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം അവാര്‍ഡുകളല്ലാതെ കാര്യമായ യാതൊരു തുടര്‍വരുമാനവും ഇല്ലാത്തതാണ് സിനിമ. 30000 രൂപ മുതല്‍മുടക്കിയ ഒരു പുസ്തക 25,000 രൂപയുടെ ഒരു അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അതിനെ ലാഭത്തിലാക്കുന്ന വരുമാനമാണ്. എന്നാല്‍ അഞ്ചു കോടിരൂപയുടെ സിനിമയ്ക്ക്, ഇന്ത്യയില്‍ ഇന്നുള്ളതില്‍ വച്ചേറ്റവും വലിയ അവാര്‍ഡ് കിട്ടിയാല്‍പ്പോലും 30 ലക്ഷത്തിലൊതുങ്ങും, പത്തിലൊന്നുപോലുമാവില്ലെന്നു സാരം.
ഈ സാമ്പത്തികക്കണക്കുകള്‍ കൂടി മനസില്‍ വച്ചുകൊണ്ടുവേണം, പാഴാക്കിക്കളയുന്ന ചലച്ചിത്രാവസരങ്ങളെ നോക്കിക്കാണാന്‍. കാരണം, മൂന്നാംകിട എന്നു വിലയിരുത്തപ്പെടാവുന്നൊരു അധമസാഹിത്യകൃതിയുടെ അച്ചടി വഴി പാഴാക്കിക്കളയുന്ന പ്രകൃതി സമ്പത്തുണ്ടാക്കുന്ന നഷ്ടത്തേക്കാള്‍ വലുതായിരിക്കും ഒരു പക്ഷേ, ഒരു മൂന്നാംകിട സിനിമ ചലച്ചിത്രമേലയ്ക്കും സമൂഹത്തിനുതന്നെയും ഉണ്ടാക്കിവയ്ക്കുന്നത്. അതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം അതിന്റെ നിര്‍മാതാവിനു മാത്രമല്ല, ആത്യന്തികമായി അതു ടിക്കറ്റെടുത്തു കാണാനൊരുങ്ങുന്ന പ്രേക്ഷകനു കൂടിയാണ്; കാശുകൊടുത്തു ഡിവിഡി/സിഡി വാങ്ങുന്ന പ്രേക്ഷകനും!

No comments: