മഹാന്മാരുടെ സൃഷ്ടികള്‍ അങ്ങനെയാണ്. ഓരോ തവണ ആസ്വദിക്കുമ്പോഴും ഓരോ പുതിയ അനുഭൂതി പകര്‍ന്നു നല്‍കും. അങ്ങനെയാണ് ഒരു രചന കഌസിക്കാവുന്നതും ഒരാള്‍ മാസ്‌ട്രോ ആവുന്നതും. ഉസ്താദ് സാക്കിര്‍ ഹുസൈന്റെ തബല ഓരോ തവണ കേള്‍ക്കുമ്പോഴും രോമാഞ്ചമൊഴികെ മറ്റെല്ലാം പുതുമയേറിയതായിരിക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് ടാഗൂറിലോ സെനറ്റ് ഹാളിലോ അച്ഛനും മകനും ചേര്‍ന്നു കൊട്ടിത്തകര്‍ക്കുന്നതു നേരില്‍ കണ്ടതില്‍ പിന്നെ (കേട്ടതോ?) ഇന്ന് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹത്തിന്റെ തബലവാദനം ലൈവായി കേള്‍ക്കുന്നത് (കാണുന്നതും). മാസ്മരം എന്നൊക്കെ വാക്കുകളുപയോഗിച്ചാല്‍ അതീ മനുഷ്യനെ അപമാനിക്കലാവും. ആ വിനയത്തിനു മുന്നില്‍ ആ വിരലുകള്‍ക്കുമുന്നില്‍ സര്‍വസാഷ്ടാംഗപ്രണാമം. അേ്രത നമുക്കു ചെയ്യാനാവൂ. ഈ മനുഷ്യനെയൊക്കെ നേരില്‍ കാണാനും കേള്‍ക്കാനുമായത് സുകൃതം.
പക്ഷേ അതിനവസരമൊരുക്കിത്തന്ന വിഖ്യാത ചലച്ചിത്ര മാസ്‌ട്രോ ശ്രീ ഷാജി എന്‍.കരുണ്‍ സാറിനോടാണ് ഇതിന് ശരിക്കും കടപ്പെടേണ്ടിയിരിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെ ചലച്ചിത്രമേള ആസൂത്രണം ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി 2001ലെ ചലച്ചിത്രമേളക്കാലത്തേ അടുത്തുനിന്നു കണ്ടറിഞ്ഞിട്ടുള്ളതാണ്. 10 വര്‍ഷം കഴിഞ്ഞു തിരിഞ്ഞു നോക്കിയാല്‍ കാലികമായിരിക്കണം എന്ന കാഴ്ചപ്പാടോടെയാണ് പോസ്റ്റര്‍ മുതല്‍ ലോഗോ മുതലുള്ള കാര്യങ്ങളില്‍ ഷാജി സാര്‍ ശ്രദ്ധ ചെലുത്തുക. ഈ മേളയിലും അണിനിരക്കുന്ന നിലവാരമുള്ള സിനിമകള്‍ക്കായി നാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. മേളയുടെ 20-ാം എഡിഷന് കൊടിയുയര്‍ന്നപ്പോള്‍ വേദിയിലോ സദസിലോ ഇല്ലാതെ, ക്ഷണപത്രത്തിലോരിടത്തും പേരില്ലാതെ, എന്നാല്‍ അദ്ദേഹം ക്ഷണിച്ചതുകൊണ്ടു മാത്രം വന്ന വിശിഷ്ടാതിഥികള്‍ക്കും രാജ്യാന്തരപ്രതിഭകള്‍ക്കും സിനിമകള്‍ക്കും മുന്നില്‍ വേദിയുടെ അരികുചേര്‍ന്ന് നിഴലില്‍ നിശ്ശബദനായി അദ്ദേഹം. പക്ഷേ, അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ കരുത്ത്, വീക്ഷണത്തിന്റെ ശക്തി, അത് ഉദ്ഘാടന ചിത്രത്തില്‍ തന്നെ വെളിവായി.
ത്രീഡി എന്നതില്‍ കവിഞ്ഞ് സിനിമ ദൃശ്യാനുഭവമാകുന്നതിന്റെ അപൂര്‍വ മാതൃകകളിലൊന്നായിരുന്നു ചൈനീസ് ഫ്രഞ്ച് സംയുക്തനിര്‍മിതിയായ ഴാങ് ജാക്വിസ് അന്നൗഡിന്റെ വുള്‍ഫ് ടോട്ടെം. രണ്ടു മൂന്നു വര്‍ഷം മുമ്പ് ഐ.എഫ്.എഫ്.ഐയില്‍ തന്നെ കണ്ട ചൈനീസ് അമേരിക്കന്‍ ഫ്രഞ്ച് സംയുക്തസംരംഭമായിരുന്ന മൗണ്ടന്‍ പട്രോള്‍ ഓര്‍മ്മവന്നു ചിത്രം കണ്ടപ്പോള്‍. സിനിമ കാഴ്ചയുടെ, പ്രകൃതിയുടെ, പച്ചയായ ജീവിതത്തിന്റെ ആഘോഷമാകുന്നതെങ്ങനെ എന്ന് വുള്‍ഫ് ടോട്ടെം കാണിച്ചുതരുന്നു. ഒപ്പം മനുഷ്യനൊടൊപ്പം ജന്തുജാലങ്ങളുടെയും അതിജീവനത്തിനായു്ള്ള മത്സരത്തെയും.
പ്രതീക്ഷയാണ് ഇനി ഒരുപക്ഷേ ഈ മേളയുടെ കുറവായിത്തീരാനിട. കാരണം അത്രയ്ക്കു വലിയ കൊടിയേറ്റാണ് നടന്നിരിക്കുന്നത്. എങ്കിലും പ്രതീക്ഷയുള്ളത് ചിത്രങ്ങളുടെ നിലവാരത്തിന്റെ കാര്യത്തിലുള്ള പ്രതീക്ഷ തെറ്റാനിടയില്ലെന്നതുതന്നെയാണ്.
No comments:
Post a Comment