ഭാഷാപോഷിണിയുടെ പുതിയലക്കം കൈയില്‍ കിട്ടിയപ്പോള്‍ വല്ലാത്തൊരു സന്തോഷം. 20 വര്‍ഷം തികയ്ക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ പശ്ചാത്തലത്തില്‍ എന്റെ കവിസുഹൃത്തുകൂടിയായ ശാന്തന്‍ മേളയുടെ ചരിത്രത്തിലൂടെ സഞ്ചരിച്ച് എഴുതിയ വിലയിരുത്തലാണ് ഈ ലക്കത്തിന്റെ മുഖലേഖനം. സന്തോഷത്തിനു കാരണം മറ്റുചിലതാണ്. 2002 ലും 2003ലും മറ്റും ചലച്ചിത്രമേളയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്നെയാണ് അതില്‍ പ്രധാനം.
ഷാജി സര്‍ ചെയര്‍മാനായിരുന്ന ആദ്യവര്‍ഷം ഫെസ്റ്റിവല്‍ ബൂക്കിന്റെ എഡിറ്ററായിരുന്നു. അന്ന് മീരസാഹിബ് സര്‍ ആയിരുന്നു വൈസ് ചെയര്‍മാന്‍. മീരസാറിന്റെ ഒരാളുടെ താല്‍പര്യപ്രകാരമാണ് ഞാനതിലെത്തപ്പെട്ടത്.
പിന്നീട് കല്‍ക്കട്ട സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം കിട്ടി പോയ ശ്രീജിത്ത് കാരണവര്‍, ഇപ്പോള്‍ മലയാള മനോരമയുടെ ബംഗളൂരു ലേഖകനായ ആര്‍.എസ്. സന്തോഷ്‌കുമാര്‍, ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റില്‍ സബ്എഡിറ്ററായ ബി.ഗിരീഷ്‌കുമാര്‍ എന്നിവരടങ്ങുന്നതായിരുന്നു എന്റെ ടീം. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്നുള്ളവരായിരുന്നു രൂപകല്‍പ്പന.
തൊട്ടടുത്ത വര്‍ഷമായപ്പോള്‍ അടൂര്‍ഗോപാലകൃഷ്ണന്‍ സാറായി ചെയര്‍മാന്‍. മനോരമയില്‍ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായിരുന്ന പിന്നീട് കളക്ടറായ കെ.വി.മോഹന്‍കുമാറായിരുന്നു സെക്രട്ടറി. അന്ന് മോഹന്‍കുമാറിന്റെ പ്രത്യേകതാല്‍പര്യപ്രകാരം ഞാനായിരുന്നു മീഡിയ ലെയ്‌സണ്‍ ഓഫീസര്‍. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസുകളുടെ വിതരണം, വാര്‍ത്താവിതരണം മീഡിയ സെന്ററിന്റെ ചുമതല എന്നിങ്ങനെ. ഐ എഫ് എഫ്.കെ യുടെ മീഡിയ സെന്റര്‍ ആദ്യമായി ഡിജിറ്റലൈസ് ചെയ്തതും യൂണിക്കോഡ് ഫോണ്ട് കേട്ടുകേള്‍വി മാത്രമുള്ളപ്പോള്‍ ഓരോ പത്രത്തിനും അവരുടെ സ്വന്തം ഫോണ്ടുകളില്‍ ഫോണ്ട് കണ്‍വേര്‍ട്ടറുപയോഗിച്ച് മാറ്ററുകള്‍ വെവ്വേറെ ഇമെയില്‍ ചെയ്യുകയും മേളചിത്രങ്ങളുടെ തെരഞ്ഞെടുത്ത ചിത്രങ്ങളും വിശദാംശങ്ങളുമടക്കമുള്ള സിഡിയും മറ്റും പത്രക്കാര്‍ക്കു വിതരണം ചെയ്തത് ആദ്യമായി ആ വര്‍ഷമായിരുന്നു. പി.എന്‍. മേനോന്‍ സാറിനെപ്പറ്റിയുള്ള മോണോഗ്രാഫ് രചിച്ചതും മറക്കാനാവാത്ത ഓര്‍മ്മയാണ്. പൂര്‍ണമായും വരമൊഴിയില്‍ ടൈപ്പ് ചെയ്ത് 2 ദിവസം കൊണ്ടു ഗിരീഷ്‌കുമാറിന്റെ പിന്തുണയോടെ പൂര്‍ത്തിയാക്കി, ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത അക്കാദമിയിലെ മനോജ് എന്ന ഡിടിപി ഓപ്പറേറ്റര്‍ രൂപകല്‍പന ചെയ്ത പുസ്തകമായിരുന്നു അത്. പി.എന്‍.മേനോന്‍ സാര്‍ അതു വായിച്ച് ക്ഷണിച്ചുവരുത്തി അഭിനന്ദിച്ച കഥ ഞാന്‍ എന്റെ പുസ്തകത്തിലുള്‍പ്പെടുത്തിയിരുന്നു. ഹൊറൈസണ്‍ ഹോട്ടല്‍മുറിയില്‍ നടന്ന ആ സംഭവത്തിന് ഒന്നാം സാക്ഷി ബി.ഗിരീഷ്‌കുമാര്‍. രണ്ടാം സാക്ഷി ഛായാഗ്രാഹകന്‍ സണ്ണിജോസഫ്.എല്ലാം അഭിമാനകരമായ കോള്‍മയിര്‍കൊള്ളിക്കുന്ന ഓര്‍മകള്‍. ഋ്ത്വിക് ഘട്ടക്കിനെപ്പറ്റി ഒരു ഇംഗല്‍ഷ് പുസ്തകവും എഡിറ്റു ചെയ്തു ആ വര്‍ഷം. അതിനു സഹായിച്ചത് ശ്രീജിത് കാരണവരും സന്തോഷ്‌കുമാറുമാണ്.
1997 ലെ തിരുവനന്തപുരം രാജ്യാന്തരചലച്ചിത്രമേളയുടെ കാര്യമാണ്. ഞാനന്ന് മലയാള മനോരമയുടെ കോട്ടയം ന്യൂസ് ഡസ്‌കില്‍. ആ വര്‍ഷം ഹൈദരാബാദ് ചലച്ചിത്രമേളയ്ക്കു പോയത് ഞാനായിരുന്നു. പക്ഷേ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം ബ്യൂറോയില്‍ നിന്നു തന്നെ ആരെങ്കിലും കവര്‍ ചെയ്യുന്നതല്ലാതെ പ്രത്യേകം ഒരു ലേഖകനെ അയയ്ക്കുന്ന പതിവ് അതുവരെയില്ലായിരുന്നു. എന്നാല്‍ ആ വര്‍ഷം അതാദ്യമായി എന്നെ ഐ എഫ്. എഫ്.കെ.ക്കായി അയയ്ക്കുന്നു. മൊഹ്‌സെന്‍ മഖമല്‍ബഫ് ആദ്യമായി തലസ്ഥാനത്തെത്തിയ വര്‍ഷം. മിഗ്വേല്‍ ലിറ്റിന്‍ സ്വന്തം ചിത്രവുമായി വന്ന വര്‍ഷം. മമ്മൂട്ടിയുടെ അംബേദ്ക്കര്‍ ചിത്രീകരണത്തിലിരിക്കുന്ന വര്‍ഷം. കമല്‍ഹാസനും പൂജാ ഭട്ടുമെല്ലം പങ്കെടുത്ത മേള. ഇപ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥനായ അന്നത്തെ സബ് എഡിറ്റര്‍ അജിത് ബാബു പകല്‍ നേരങ്ങളില്‍ എന്നോടൊപ്പം റിപ്പോര്‍ട്ടിങിന് സഹായിക്കാന്‍ കൂടിയിരുന്നു. ഞാനും അജിത്തും കൂടിയാണ് കോവളം അശോക ഹോട്ടലില്‍ പോയി ആരാലും തിരിച്ചറിയപ്പെടാതെ സ്വിമ്മിംഗ് പൂളിനരികെ അളിയനും മകനുമൊപ്പം ഇരുന്നിരുന്ന മഖ്മല്‍ബഫിനെ ഇംഗല്‍ഷറിയുന്ന അളിയന്‍ വഴി അഭിമുഖം ചെയ്തത്. ഞങ്ങളൊന്നിച്ചുതന്നെയാണ് മറ്റൊരുദിവസം റസ്‌റ്റോറന്റില്‍ ദ്വിഭാഷിയില്ലാതെ, ഗുഡ് മോര്‍ണിങ് താങ്ക് യൂ എന്നീ വാക്കുകളും സ്വന്തം പേരും നാടുമല്ലാതെ ഇംഗല്‍ഷില്‍ മറ്റൊന്നും പറയാനറിയത്ത ചിലിയന്‍ ചലച്ചിത്രേതിഹാസം മിഗ്വേല്‍ ലിറ്റിനെ കണ്ട് അറിയാവുന്ന മുറിഭാഷയില്‍ എന്തെല്ലാമോ സംസാരിച്ചത്. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ശിഷ്യന്റെ കൊച്ചുമകളായ ശ്യാം ബനഗലിന്റെ മേക്കിംഗ് ഓഫ് ദ മഹാത്മയുടെ കഥാകൃത്തായ ഫാത്തിമ മിറിനെ അവിടെത്തന്നെ പൂള്‍ സൈഡില്‍ അഭിമുഖത്തിനു ചെന്നപ്പോള്‍ അവരെ അന്ന് ദേശാഭിമാനിക്കുവേണ്ടി പാര്‍വതി ചേച്ചി (എംഎല്‍.എ.വി ശിവന്‍കുട്ടിയുടെ ഭാര്യ. പി.ഗോവിന്ദപ്പിള്ളസാറിന്റെ മകള്‍, എം.ജി. രാധാകൃഷ്ണന്റെ പെങ്ങള്‍) മുഖാമുഖം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാം നല്ല ഓര്‍മകള്‍. അതിനിടെ, എന്‍.എഫ്.ഡി.സി.യുടെ ചെയര്‍മാന്‍ കോവളത്ത് ഒരു പത്രസമ്മേളനം നടത്തുന്നു അംബേദ്ക്കര്‍ സിനിമയുടെ വെളിച്ചത്തില്‍. മമ്മൂട്ടിയും സംവിധായകന്‍ ജബ്ബാര്‍ പട്ടേലുമെല്ലാമുണ്ട്. നോക്കുമ്പോഴുണ്ട് പിന്‍നിരയില്‍ കാണികള്‍ക്കൊപ്പം സാക്ഷാല്‍ രജത് കപൂര്‍.
പക്ഷേ, ഇതിനേക്കാളൊക്കെ മുമ്പ്, ഭാഷാപോഷിണിയിലൂടെ എനിക്കു കിട്ടിയ സ്വകാര്യമായൊരു സംതൃപ്തിയുടെ കാര്യമാണ് പുതിയ ഭാഷാപോഷിണി ലക്കം കണ്ടപ്പോള്‍ മനസിലേക്കോടിയെത്തിയത്. 97 ലെ മേള കഴിഞ്ഞു മടങ്ങിയെത്തിയ ഞാന്‍ ഭാഷാപോഷിണിക്കു വേണ്ടി ഇറാന്‍ സിനിമയേയും മഖമല്‍ബഫിനെയും പറ്റി ഒരു ലേഖനമെഴുതട്ടെ എന്ന് സഹപത്രാധിപരായ ഡോ.കെ.എം.വേണുഗോപാലിനോടു അന്വേഷിക്കുന്നു. അന്ന് സി.രാധാകൃഷ്ണന്‍ സാറാണ് ഭാഷാപോഷിണി എഡിറ്റര്‍. അദ്ദേഹത്തോടു ചോദിച്ചിട്ട് വേണു ഒ.കെ. പറയുന്നു. ഞാന്‍ ഇറാന്‍ സിനിമയുടെ സുവര്‍ണയുഗം (പിന്നീടെന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന ലേഖനംഎന്ന ആദ്യ ചലച്ചിത്രപുസ്തകത്തിന്റെ മുഖലേഖനമായ രചന) എഴുതിക്കൊടുക്കുന്നു.
എന്നെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. ഒരു ദിവസം മനോരമ ദിനപത്രത്തില്‍ ഭാഷാപോഷിണിയുടെ ഒരു അഡ്വാന്‍സ് പരസ്യം. അതാദ്യമായി ഭാഷാപോഷിണി ഏപ്രില്‍ ലക്കം വാര്‍ഷികപ്പതിപ്പായി പുറത്തിറക്കുന്നു. സാഹിത്യത്തിന് മുന്‍തൂക്കം നല്‍കുന്ന ഒരു പ്രത്യേകപതിപ്പ്. കൂടൂതല്‍ പേജുകള്‍. അതില്‍ സിനിമാ വിഭാഗത്തില്‍ ഐ എഫ് എഫ് കെ യെ അധികരിച്ച് രണ്ടു പഠനങ്ങള്‍. മലയാളത്തിലെ ചലച്ചിത്രനിരൂപക ആചാര്യന്മാരിലൊരാളായ വിജയകൃഷ്ണന്‍ സാറും പിന്നെ ഞാനും! വാര്‍ഷിക പതിപ്പിറങ്ങിക്കണ്ടപ്പോള്‍ സന്തോഷത്തിന് അതിരില്ലായിരുന്നു. ഭാഷാപോഷിണി പോലെ മലയാളത്തില്‍ ഇതിഹാസസ്ഥാനമുള്ളൊരു പ്രസിദ്ധീകരണത്തിന്റെ ആദ്യ വാര്‍ഷികപതിപ്പില്‍ രചന കൊണ്ടു പങ്കാളിയാവാനാവുക. അതും സിനിമയെപ്പറ്റി എഴുതിക്കൊണ്ട്. രോമാഞ്ചം മറച്ചുവയ്ക്കുന്നില്ല. പിന്നീട് ചലച്ചിത്രമേളകളെ മുന്‍നിര്‍ത്തി ഇങ്ങനെ പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഭാഷാപോഷിണിയില്‍ കുറേ വര്‍ഷത്തേക്കു പതിവായി തീര്‍ന്നതും ചരിത്രം. നന്ദിയുണ്ട് ഈശ്വരനോടും പിന്തുണയ്ക്കുകയും ഒരു കൈ താങ്ങി സഹായിക്കുകയും ചെയ്ത എല്ലാവരോടും.
ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷിയും മേക്കിംഗ് ഓഫ് ദ് മഹാത്മയും മുന്‍നിര്‍ത്തി ആ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ആള്‍. പത്രസമ്മേളനത്തിന്റെ തിരക്കൊഴിഞ്ഞപ്പോള്‍ ഞാനും അന്ന് മനോരമ ഫോട്ടോഗ്രാഫറായിരുന്ന പിന്നീട് ദ ഹിന്ദുവില്‍ പോയ മഹേഷും ചേര്‍ന്ന് തൊട്ടുമുമ്പത്തെ ദേശീയ അവാര്‍ഡ് ജേതാവായ മമ്മൂട്ടിയെയും രജത് കപൂറിനെയും തമ്മില്‍ മുട്ടിച്ച് അവരുടെ സംഭാഷണം ഒരു സ്‌റ്റോറിയാക്കി. വെളളിത്തിരയിലെ അംബേദ്ക്കറും ഗാന്ധിയും കണ്ടുമുട്ടിയപ്പോള്‍ എന്ന രീതിയില്‍ ഒരു സ്‌റ്റോറി. മനോരമയിലെ അന്നത്തെ തിരുവനന്തപുരം ഡസ്‌ക് ചീഫായ രാമചന്ദ്രന്റെ താല്‍പര്യപ്രകാരം അതു പിറ്റേന്ന് മനോരമയുടെ ഓള്‍ എഡിഷന്‍ ഒന്നാംപുറ വാര്‍ത്തയായി. അതും സന്തോഷം.
No comments:
Post a Comment