Wednesday, September 30, 2015

വിട്ടിലാചാര്യയുടെ ഫോര്‍മുലയ്ക്ക് അവതാറിന്റെ പാക്കിംഗ്!


 വിട്ടിലാചാര്യ എന്നൊരാളുണ്ടായിരുന്നു പണ്ട് തെലുങ്ക് സിനിമയില്‍. ജഗന്മോഹിനി, മായാമോഹിനി, ആലിബാബയും 40 കളളന്മാരും പോലുള്ള തട്ടുപൊളിപ്പന്‍ തെലുങ്ക് തമിഴ് സിനിമകളുടെ നിര്‍മാതാവും സംവിധായകനുമായിരുന്നു, കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായിരുന്ന വിട്ടിലാചാര്യ. വിട്ടല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ചതിലേറെയും തട്ടുപൊളിപ്പന്‍ ഇതിഹാസ, പുണ്യപുരാണ, ഇന്ദ്രജാല കഥകള്‍. സിനിമയിലെ പി.സി സര്‍ക്കാറോ, ഗോപിനാഥ് മുതുക്കാടോ ഒക്കെയായിരുന്നു അദ്ദേഹം. കാരണം സിനിമ അദ്ദേഹത്തിന് അദ്ഭുതം കാട്ടാനുള്ള മാര്‍ഗമായിരുന്നു. അതിമാനുഷികവും അദ്ഭുതവുമില്ലാതെ എന്തു സിനിമ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കംപ്യൂട്ടറും ഗ്രാഫിക്‌സുമില്ലാത്ത കാലത്ത് വെറും ഒപ്ടിക്‌സിനെ മാത്രം ആശ്രയിച്ച് വിട്ടിലാചാര്യ വെള്ളിത്തിരയില്‍ മായികക്കാഴ്ചകളൊരുക്കി. അതിനുമാത്രം പ്രേക്ഷകരെ അദ്ദേഹം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
സിനിമ, അദ്ഭുതങ്ങളെ വിട്ട് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കഥാനുഗായികളായിത്തീര്‍ന്നപ്പോഴാണ് വിട്ടിലാചാര്യ പലപ്പോഴും ഒരു പഴഞ്ചൊല്ലിന്റെ പരിഹാസത്തിലൊതുങ്ങിപ്പോയത്, കേരളത്തിലെങ്കിലും. എന്നാല്‍ ഹോളിവുഡിലെ കൊട്ടിഘോഷിക്കപ്പെട്ട പല സിനിമകളും കാണുമ്പോള്‍, അവയുടെ സാങ്കേതിക പൂര്‍ണത അംഗീകരിക്കുമ്പോള്‍ത്തന്നെ, അതിന്റെ വിട്ടിലാചാര്യ സ്വഭാവം ഓര്‍ത്തുപോയിട്ടുണ്ട്. അതിമാനുഷികവും അതിഭൗതികവും അതീന്ദ്രിയവുമായ ഭാവനകളില്‍ ഹോളിവുഡ് ജന്മം നല്‍കിയ പലസിനിമകള്‍ക്കും ഈ വിട്ടിലാചാര്യ ചാര്‍ച്ചയുണ്ടായിരുന്നുവെന്നതും സത്യം. എന്നാലിപ്പോള്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് തെലുങ്കില്‍ നിന്നു തന്നെയുള്ള ബാഹുബലി. പക്ഷേ, യുക്തിയുടെ അസഹ്യമായ തീവ്രതയില്‍ അഭിരമിക്കുന്ന സമാന്തര തലമുറയ്ക്കു മുന്നില്‍ ബാഹുബലി ചരിത്രത്തില്‍ ഇതേവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെ എല്ലാം പിന്തള്ളി മഹാവിജയം നേടിയതിനു പിന്നിലെ സൂക്ഷ്മാംശങ്ങള്‍ മാധ്യമപഠിതാക്കള്‍ അവഗണിക്കേണ്ടതല്ല, മറിച്ച് ഗഹവും ആഴവുമായി പഠിക്കേണ്ടതാണെന്നാണ് എന്റെ പക്ഷം.
എന്താണ് ബാഹുബലി എന്ന, അല്ലെങ്കില്‍ ഒരു സാധാരണ വിട്ടിലാചാര്യ ഫോര്‍മുല സിനിമയെ ഇത്ര ഭയങ്കര വിജയമാക്കിത്തീര്‍ത്ത ഘടകങ്ങള്‍?
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, യുക്ത്യതീതമായതിനെ യുക്തിസഹമാക്കുകയും, അവിശ്വസനീയമായതിനെ വിശ്വാസയോഗ്യമാക്കുകയും സാങ്കേതികതയുടെ പിന്‍ബലത്തോടെ അതിനെ സാധാരണമാക്കുകയും ചെയ്തതാണ് ബാഹുബലിയുടെ വിജയരഹസ്യം.
യുക്തിക്കു നിരക്കാത്തതിനെയാണ് ചലച്ചിത്രം എന്ന മാധ്യമം, അതുണ്ടാക്കിയ കാലം മുതല്‍ പ്രേക്ഷക സമക്ഷം അവതരിപ്പിച്ചിട്ടുള്ളത്. അസാധ്യമായത് അവതരിപ്പിച്ചു കാണിക്കുക എന്നതിലായിരുന്നു സിനിമയുടെ താല്‍പര്യം. ട്രിപ് ടു ദ മൂണും, രാജാ ഹരിശ്ചന്ദ്രയും ആദ്യകാല സിനിമകള്‍ക്കു വിഷയമായത് അതില്‍ ആവിഷ്‌കരിച്ച അദ്ഭുതദൃശ്യങ്ങളുടെ സാധ്യതകണ്ടുകൊണ്ടാണ്. ഒരേ സമയത്തു പലയിടത്തു നടക്കുന്നതിനെ ഒന്നിടവിട്ടു കാണിക്കുകയും, നൂറ്റാണ്ടിന്റെ ചരിത്രത്തെ ഒരു മണിക്കൂര്‍ കൊണ്ടു കാണിക്കുകയും ചെയ്യുന്ന ഇന്ദ്രജാലം കൂടിയാണല്ലോ സിനിമ. അതുകൊണ്ടാണ് സിനിമ സ്വപ്‌നവ്യാപാരമായതും. അതുകൊണ്ടുതന്നെ, ബാഹുബലി അത് ആവിഷ്‌കരിച്ച് അതീന്ദ്രിയവും അതിഭൗതികവുമായ അസ്വാഭാവികതകളുടെയും അവിശ്വസനീയതയുടെയും പേരില്‍ മാറ്റിനിര്‍ത്തപ്പെടേണ്ട സിനിമയാകുന്നില്ല. എന്നുവച്ച് അത് മികച്ച സിനിമകളുടെ ഗണത്തില്‍ ഉള്‍പ്പെടുകയുമില്ല. എങ്കില്‍പ്പിന്നെ എന്താണ് ആ സിനിമയുടെ സവിശേഷത?
ശരാശരി വിട്ടിലാചാര്യ സിനിമയെ അസാധാരണമായ ഹോളിവുഡ് ഫോര്‍മാറ്റിലേക്ക് യുക്തിപൂര്‍വം ഇളക്കിപ്രതിഷ്ഠിക്കുന്നിടത്താണ് ബാഹുബലിയുടെ വിജയം. ആധുനിക സാങ്കേതികതയുടെ എല്ലാ സൗകര്യങ്ങളും കൈയാളിക്കൊണ്ട്  ഒരിക്കലും ദഹിക്കാത്ത കാര്യങ്ങളെപ്പോലും സാധാരണമെന്നോണം അവതരിപ്പിക്കുകയാണ് സംവിധായകനായ രാജമൗലി ചെയ്തത്. ഇന്ത്യയില്‍ എന്നല്ല, ലോകമുണ്ടായ കാലം മുതല്‍ക്ക്, രാജ്യങ്ങളും സാമ്രാജ്യങ്ങളും സമ്രാട്ടുകളും ഉണ്ടായ കാലം മുതല്‍ക്ക് നടന്നുവന്നതും കേട്ടും കണ്ടും വന്നതുമായ കഥതന്നെയാണ് ബാഹുബലി. ഭൂമിക്കും പെണ്ണിനും സ്വത്തിനും വേണ്ടിയുള്ള പടപ്പോരാട്ടങ്ങളും ചതിയും വഞ്ചനയും ത്യാഗവും സഹനവും പ്രതികാരവുമെല്ലാം ചേര്‍ന്ന രാജ്യതന്ത്രങ്ങളുടെയും കഥ. പക്ഷേ, ബാഹുബലി വ്യത്യസ്തമാവുന്നത്, അതില്‍ ഇത്തരം ചരിത്രങ്ങളുടെയെല്ലാം പ്രാതിനിധ്യമുണ്ടെന്നുള്ളതാണ്. രുചികളുടെ ഒറ്റപ്പെടലില്‍ മാറി നില്‍ക്കുന്ന പുളിശേരിയോ ഓലനെ പോലല്ലാതെ, രുചിസമഗ്രതയുടെ സമ്മേളനത്തിലൂടെയുണ്ടാവുന്ന അവിയലോ സാമ്പാറോ ആവുകയാണ് ബാഹുബലി. കാരണം അതില്‍ ലോകത്തുണ്ടായ അധിനിവേശങ്ങളുടെ, ചെറുത്തുനില്‍പ്പിന്റെ, വഞ്ചനയുടെ, പ്രതികാരത്തിന്റെ എല്ലാം ഘടകങ്ങളുണ്ട്. ഒരു ജനുസില്‍ മാത്രമായി തളച്ചുനിര്‍ത്തപ്പെടാത്തൊരു സിനിമയാകുക വഴിയാണ് ബാഹുബലി സാര്‍വലൗകികവും സാര്‍വജനീനവുമായിത്തീരുന്നത്. മൈക്രോവേവ് ഓവനും ഗ്യാസുമടക്കമുള്ള മേല്‍ത്തരം പാചകസാമഗ്രികളുടെ പിന്തുണയുറപ്പാക്കിയെന്നതാണ് അതില്‍ വെന്ത മസാലക്കൂട്ടിനെ അടിക്കുപിടിക്കാതെ രക്ഷിക്കുന്നത്.
വിട്ടിലാചാര്യയുടെ സിനിമകളില്‍ അദ്ഭുതദൃശ്യങ്ങള്‍ക്കൊപ്പം അത്യാവശ്യം സംഘര്‍ഷം, സംഘട്ടനം, സെക്‌സ്, പളപളപ്പന്‍ സെറ്റ്, ഡാന്‍സ്, പാട്ടുകള്‍ ഇവയെല്ലാം യഥോചിതം ചേര്‍്ന്നിരിക്കും. ബാഹുബലിയിലും ഈ പാചകവിധിയില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ, അവയുടെ ടെക്‌സ്ചറിലാണ് അതു വേറിട്ടതാവുന്നത്. കാരണം ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പശ്ചാത്തലത്തിലൂന്നിയ ചില ചിന്തകള്‍ ഈ ചിത്രിത്തിന്റെ പിന്നിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്, ദക്ഷിണേന്ത്യയിലെവിടെയെങ്കിലും എന്നൊരു ഭൂപരിധി മാത്രം സൂചകമായിക്കൊണ്ട് ഇന്ത്യന്‍ വാസ്തുരൂപത്തില്‍ ഒരു രാജധാനി സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് അനേകം വിദേശാധിനിവേശങ്ങളുടെ പടയോട്ടചരിത്രമുള്ള ഇന്ത്യയില്‍ ആഫ്രിക്കന്‍ എന്നും വ്യാഖ്യാനിക്കുന്ന ഒരു ഗോത്രത്തെ ശത്രുപക്ഷത്തു പ്രതിഷ്ഠിച്ചിട്ടുള്ളത്. ബാഹുബലിയിലെ രാജധാനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റിയുണ്ട്. അത് അവിടത്തെ സാങ്കേതികതകൊണ്ടും, സാമ്പത്തികം കൊണ്ടുംവരെ അടയാളപ്പെടുത്തുന്നുമുണ്ട് സംവിധായകന്‍. നന്ദനന്ദനന്മാരുടെ കാലഘട്ടത്തിലെ ചാണക്യാലേഖനങ്ങളോട് അതിന് വിദൂരബന്ധവും ആരോപിക്കപ്പെടാം. മഹാഭാരതം മുതല്‍ക്ക് നാം കേട്ടറിയുന്ന, ശാരീരികാവശതമൂലം കിരീടം നഷ്ടമാവുന്നവന്റെ പങ്കപ്പാടുകളും ബാഹുബലി വരഞ്ഞുകാട്ടുന്നുണ്ട്. ആളറിയാതെ/ അറിഞ്ഞിട്ടും വെളിപ്പെടുത്താതെ കീഴാളര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന രാജ്യാവകാശിയുടെ കഥകളും ചരിത്രേതിഹാസങ്ങളില്‍ കഥകളായും യാഥാര്‍ത്ഥ്യമായും നാം അനുഭവിച്ചിട്ടുള്ളതാണ്. മതമൈത്രിയുടെ, മേലാള-കീഴാള ബന്ധത്തിന്റെ, പ്രണയത്തിന്റെ, പ്രണയനിരാസത്തിന്റെ എരിപുളി മസാലകള്‍ ഇതൊക്കെത്തന്നെയാണ് ബാഹുബലിയിലെയും ചേരുവകള്‍. എന്തിന്, ശരാശരി ഇന്ത്യന്‍ മുഖ്യധാരാസിനിമയുടെ കമ്പോളച്ചേരുവകളില്‍ സുപ്രധാനമായ ഐറ്റം ഡാന്‍സ് വരെ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്, മനോഹരീ എന്ന ഗാനരംഗത്തില്‍. പക്ഷേ, അതൊക്കെയും നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, വിശ്വസനീയം എന്നു തോന്നിപ്പിക്കുന്ന ചില ഉപഘടകങ്ങളും ഘടനകളും കൊണ്ട് സ്വര്‍ണം പൂശി സാധാരണമാക്കിയിരിക്കുന്നു. സ്‌പെഷല്‍ എഫെക്ടുകളില്‍ എന്നതിനപ്പുറംഹോളിവുഡിന്റെ വിട്ടിലാചാര്യയായ ജയിംസ് കാമറൂണിന്റെ അവതാര്‍ എന്ന സിനിമ ബാഹുബലിക്ക് പ്രചോദനമാവുന്നത് അങ്ങനെകൂടിയാണ്.
ഹോളിവുഡ് കാണിക്കുന്നതെന്തും ആധികാരികം എന്നൊരു അക്കാദമിക മിഥ്യയുണ്ട്. അതുകൊണ്ടാണ് സ്പില്‍ബര്‍ഗും ജോര്‍ജ് ലൂക്കാസും സ്റ്റാന്‍ലി ക്യൂബ്രിക്കുമൊക്കെ ഇതിഹാസങ്ങളായി ആഘോഷിക്കപ്പെടുന്നത്. ഈ സാങ്കേതിക ആധികാരികതയെയാണ് അവരുടെ തന്നെ ഛന്ദസും ചമത്കാരവും ഉപയോഗിച്ച് രാജമൗലി മറികടന്നിരിക്കുന്നത്. ഇതേ സാങ്കേതികതയുടെ പിന്‍ബലമുണ്ടായിട്ടും ശങ്കറിന്റെ യന്തിരന്‍ എന്ന ബ്രഹ്മാണ്ഡ സിനിമ തനി ഡപ്പാംകൂത്ത് ദൃശ്യസമീപനം കൈക്കൊണ്ടപ്പോള്‍, ബാഹുബലി വേറിട്ടതാവുന്നത് പ്രത്യക്ഷത്തില്‍ മിതത്വം എന്നു തോന്നിപ്പിക്കുന്ന ഹോളിവുഡിന്റെ ദൃശ്യയുക്തി പിന്‍പറ്റിയതുകൊണ്ടാണ്. അമിതവണ്ണവും കുടവയറുമുള്ള രാക്ഷസരൂപങ്ങളുടെയും ദുര്‍മേദസു തൂങ്ങിയ രാജാക്കന്മാരുടെയും ഭടന്മാരുടെയും സ്ഥാനത്ത് സിക്‌സ് പാക്കും എയിറ്റ്പാക്കുമുള്ള നായകനെയും വില്ലനെയും അവതരിപ്പിക്കുന്നിടത്തുതുടങ്ങുന്നതാണിത്.ചുരുക്കിപ്പറഞ്ഞാല്‍, സ്വാഭാവികതയെ അതിശയോക്തിയാക്കുന്ന വിട്ടിലാചാര്യ ചേരുവകളെത്തന്നെ, ന്യൂനോക്തിയിലൂടെ സാധാരണമാക്കുന്ന റീ പാക്കേജിംഗ് ആണ് ബാഹുബലിയില്‍ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പൗരസ്ത്യബോധത്തെ അഭിസംബോധനചെയ്യുമ്പോഴും പാശ്ചാത്യ മിതത്വം പിന്‍പറ്റാനതിനാവുന്നത്. അതുകൊണ്ടുതന്നെയാണ്, പാശ്ചാത്യസാങ്കേതികതയെ ആശ്രയിക്കുമ്പോഴും നമുക്കാവശ്യമായ നാടന്‍ മസാലക്കൂട്ടുകള്‍ അളവൊപ്പിച്ച് ഉറപ്പാക്കാനാവുന്നതും. താരമുഖങ്ങളോക്കെ അപ്രസക്തമാവുന്നതും മറ്റൊന്നും കൊണ്ടല്ല.ചേരുവകളുടെ കൃത്യതയിലെന്നോണം, അതിന്റെ ഗുണമേന്മയില്‍ പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത നിഷ്‌കര്‍ഷ അതാണ് ഈ പാക്കിംഗിന്റെ വിജയരഹസ്യം.

1 comment:

Premji said...

sadharanakkarante adhama vikarangale chooshanam cheyth panam sampadikkanulla oru madhyamam mathramayi cinema adhapathikkunno?