Sunday, May 31, 2015

ടോപ് ടെന്നിനൊരു ചരമഗീതം


കേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. അമൃത ടിവി വാര്‍ത്തകള്‍ വീണ്ടും വെട്ടിച്ചുരുക്കുന്നു. അതിലും വേദനിച്ചത് ടോപ് ടെന്‍ അറ്റ് ടെന്‍ ചുരുക്കി സാധാരണ അരമണിക്കൂര്‍ വാര്‍ത്തയാക്കുന്നു എന്നറിഞ്ഞപ്പോഴാണ്. ഇന്ത്യയിലെതന്നെ (വിദേശത്തെപ്പറ്റി വിവരമില്ല) ആദ്യത്തെ ടോപ് ടെന്‍ ന്യൂസ് ഷോ ആയിരുന്നു ടോപ് ടെന്‍ അറ്റ് ടെന്‍. ദൃശ്യമാധ്യമത്തിലെ ഒരു പക്ഷേ ആദ്യത്തെ എഡിറ്റോറിയല്‍ അഥവാ പത്രാധിപക്കുറിപ്പ് (എഡിറ്റേഴ്‌സ് ചോയ്‌സ്) അടക്കം പല പ്രത്യേകതകളും അവകാശപ്പെടാവുന്ന ഒരു വാര്‍ത്താ പാക്കേജ്. ഒരു ദിവസത്തെ വാര്‍ത്തകള്‍ പ്രേക്ഷകന് വേണ്ടുംവണ്ണം 10 സെഗ്മെന്റുകളായി ചടുലമായി കോര്‍ത്തിണക്കി പത്തുമണിക്ക് സമഗ്രമായൊരു വാര്‍ത്താവതരണം (അതേ വാര്‍ത്തയല്ല വാര്‍ത്താ ഷോ) എന്ന ആശയം സംവിധായകനും അമൃതയുടെ പ്രോഗ്രാംസ് വിപിയുമായിരുന്ന ശ്യാമപ്രസാദിന്റേതായിരു്ന്നു. ഹോട്ട്‌റെഡ് എന്നൊരു തീം കളറും അതിനിണങ്ങുന്ന പശ്ചാത്തലസംഗീതവുമൊക്കെയായി ഒരു ഹോട്ട് ന്യൂസ് പ്രോഗ്രാം. ഒരു ദിവസത്തെ വാര്‍ത്താസംഭവങ്ങളെല്ലാം രാത്രി റിപ്പോര്‍ട്ടര്‍മാര്‍ നേരിട്ടു വന്ന് വാര്‍ത്തയ്ക്കു പിന്നിലുണ്ടായ സംഭവങ്ങള്‍ വരെ വിവരിക്കുന്ന രീതി. നിഷ്പക്ഷത വിട്ട് ഒരു പരിധിവരെ ജനപക്ഷത്തു നിന്നുകൊണ്ട് ഓരോ സെഗ്മെന്റിനും കമന്റുകളോടെ വൈന്‍ഡ് അപ്പ് ചെയ്യുന്ന അവതരണം. അങ്ങനെ പലവിധ സവിശേഷതകളുണ്ടായിരുന്നു ടോപ് ടെന്നിന്. ഏറ്റവും പ്രധാനം അതിന്റെ ഗതിവേഗമായിരുന്നു. 50 സെക്കന്‍ഡിനപ്പുറം നീളുമായിരുന്നില്ല ഒരു വാര്‍ത്തപോലും. കിട്ടാവുന്നിടത്തുനിന്നെല്ലാം ലൈവോ ഡിഫേഡ് ലൈവോ.. ഏറെ അധ്വാനിച്ച്, വളരെയേറെ ബുദ്ധിമുട്ടി, പല പ്രതിസന്ധികളെയും തരണം ചെയ്ത്, പലരുടെയും അപ്രീതികളെ ബുദ്ധിപൂര്‍വം പ്രീതിപ്പെടുത്തി സാഹസപ്പെട്ടാണ് ടോപ് ടെന്‍ എന്ന വാര്‍ത്ത എയര്‍ ചെയ്തത്. 3 മാസത്തോളം റിഹേഴ്‌സല്‍. മുഖ്യഅവതാരകനായി പിന്നീട് ഗള്‍ഫില്‍ ഹിറ്റ് എഫ് എമ്മില്‍ പോയ കൃഷ്ണകുമാര്‍. പിന്നണിയില്‍ ഇപ്പോള്‍ ടിവി ന്യൂവിലുള്ള പി.ആര്‍ പ്രവീണ്‍, നവോദയ അധ്യാപകനായി പോയ ശ്രീജിത്ത്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പോയ ആശ നായര്‍ തുടങ്ങിയ ഒരു വന്‍ സംഘം. നീലന്‍ സാറിന്റെ സര്‍ഗാത്മകപിന്തുണ.വളരെയേറെ പുതുമകളുളള സ്‌ക്രിപ്റ്റിംഗ്. ഡസ്‌കും സ്റ്റുഡിയോയുടെ വാതിലും വരെ സെറ്റുകളാകുന്ന വിവിധ സെഗ്മെന്റുകള്‍. ടോപ് ടെന്‍ ശ്യാംജി ആഗ്രഹിച്ചതുപോലെ നിര്‍വഹിച്ചെടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട് എനിക്ക്. സഹപ്രവര്‍ത്തകനായിരുന്ന, ഇപ്പോള്‍ തുമ്പ സെന്റ് സേവ്യേഴ്‌സിലെ അധ്യാപകന്‍ ഡോ.ടി.കെ.സന്തോഷ് കുമാറെഴുതിയ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഈ വാര്‍ത്താവതരണത്തിനു പിന്നിലെ പ്രയത്‌നങ്ങളെ ചെറുതോതിലെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ടോപ് ടെന്‍ ആദ്യമായി എയര്‍ ചെയ്ത രാത്രി ഇന്നും കൃത്യമായോര്‍മ്മയിലുണ്ട്. ആദ്യം മുതല്‍ക്കെ ഇത്തരമൊരു വാര്‍ത്ത സ്വീകരിക്കപ്പെടില്ല എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഭൂരിപക്ഷശ്രമം. സി.ഇ.ഒ സുധാകര്‍ ജയറാമിനും ശ്യാംജിക്കുമൊഴികെ ബഹുഭൂരിപക്ഷത്തിനും ഞങ്ങളോട് പുച്ഛം. എന്തോ ചില വട്ടുകള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. പുത്തനച്ചിയെപ്പോലെ എന്നൊരു മനസ്ഥിതി. ടോപ് ടെന്‍ എയര്‍ ചെയ്യുന്ന ദിവസം ആറരമണി വാര്‍ത്തകഴിഞ്ഞ് എഡിറ്റോറിയല്‍ മീറ്റിംഗിനു ശേഷം ഭക്ഷണം പോലും കഴിക്കാതെ ടോപ് ടെന്നിന്റെ മുഴുവന്‍ സ്‌ക്രിപ്റ്റും ഇ എന്‍ പി.എസില്‍ അടിച്ചു കഴിഞ്ഞ് ഡിഫേഡ് റെക്കോര്‍ഡിങ്ങുകളും കഴിച്ച് ഡസ്‌ക്, പ്രമോ എ്ന്നിവയുടെ ഷൂട്ടും കഴിച്ച് ഞാന്‍ പി.ആറിനെ വിളിച്ചു. ഒന്നും പറയാതെ എന്റെ കാറിലിരുത്തി നേരെ പഴവങ്ങാടിയിലേക്ക്. 9 മണിയായിക്കാണണം. 11 തേങ്ങ വാങ്ങി ഗണപതിക്കടിച്ച ശേഷം സ്റ്റുഡിയോയിലേക്ക്. അപ്പോള്‍ കൃഷ്ണന്‍ ഫ്‌ളോറില്‍ കയറിക്കഴിഞ്ഞിരുന്നു. ഹെഡ്‌ലൈന്‍സിനായി മായച്ചേച്ചിയും (മായ ശ്രീകുമാര്‍) ശ്രീജിത്ത് പ്രൊഡ്യൂസറായിരുന്നെന്നാണോര്‍മ്മ. ആശ ഡസ്‌കിലോ ഗ്രാഫിക്‌സിലോ. അല്ലെങ്കില്‍ ടി.കെ. സന്തോഷ് ഡസ്‌കില്‍. അതോ പട്ടാമ്പിയോ? ഒരു വല്ലാത്ത ദിവസമായിരുന്നു അത്.
പിന്നീട് അമൃത ടിവിയുടെ പതാകവാഹക വാര്‍ത്താപരിപാടിയായി മാറി ടോപ് ടെന്‍ അറ്റ് ടെന്‍. എന്റെ അറിവില്‍, പല ഇന്ത്യന്‍ ദേശീയ ചാനലുകളുടെ വരെ കണ്ടന്റ് കണ്‍സള്‍ട്ടന്‍ുകളായ റെഡ് ബീ അടക്കമുള്ളവര്‍ ഏറെ ശ്രദ്ധയോടെ വീക്ഷിച്ചൊരു വാര്‍ത്താവതരണം. പിന്നെ കാലക്രമേണ ടോപ് ടെന്നിന്റെ പ്രതാപത്തിന് വൃദ്ധിക്ഷയമുണ്ടായി. ഒന്നോ രണ്ടോ അവതാരകരില്‍ മാത്രമായി എക്‌സകഌസിവിറ്റി സൂക്ഷിച്ചിരുന്ന ടോപ് ടെന്‍ ആര്‍ക്കും അവതരിപ്പിക്കാമെന്നായി. ചടുലമായ ശൈലി മാറി. കമന്റുകള്‍ക്കു മൂര്‍ച്ച പോയി അവസാനം തീരെയില്ലാതായി. ഗ്രാഫിക്‌സിന്റെ തീമും തീം മ്യൂസിക്കും മാറി, ചുവപ്പ് മഞ്ഞയായി. അതിനും എത്രയോ മുമ്പേ ഞാന്‍ അമൃത ടിവി വിട്ടിരുന്നെങ്കിലും, ശ്യാമപ്രസാദിന്റെ ദീര്‍ഘവീക്ഷണത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഏതാണ്ട് സമാനമായ നയന്‍ അറ്റ് നയന്‍ എന്ന ന്യൂസ് പ്രോപ്പര്‍ട്ടിയുമായി ഏതാനും മാസങ്ങള്‍ക്കു മുമ്പേ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പ്രേക്ഷകസമക്ഷം എത്തിയത്. അതിനു പ്രചോദനം ടോപ് ടെന്‍ അറ്റ് ടെന്‍ അല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിലാരെങ്കിലും പറയുമോ എന്നറിയില്ല. എന്നിട്ടും ടോപ് ടെന്‍ അറ്റ് ടെന്നിന് അമൃതയില്‍ തിരശ്ശില വീഴുകയാണ്. അതൊരു നീറ്റല്‍ തന്നെയാണെനിക്ക്, തൊഴില്‍പരമായും വ്യക്തിപരമായും.
വ്യക്തിപരമാവാന്‍ ഒരു കാരണം കൂടിയുണ്ട്. അച്ചടി മാധ്യമത്തില്‍ നിന്നു കടന്നു ചെന്ന സീനിയര്‍ ന്യൂസ് എഡിറ്ററെ സംശയത്തോടെ നോക്കി കണ്ടവരാണ് അമൃതയില്‍ അന്നുണ്ടായിരുന്ന ഭൂരിപക്ഷം പേരും. വാര്‍ത്താ വിഭാഗത്തില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും ഈ വരുത്തനെ അത്തരമൊരു മനോഭാവത്തോടെ തന്നെയാണ് നോക്കിക്കണ്ടത്. ഇന്റര്‍വ്യൂവില്‍പ്പോലും പത്രത്തില്‍ നിന്നു വന്ന എനിക്ക് ഏറ്റവും കുറച്ചു മാര്‍ക്കേ ഇട്ടിരുന്നുള്ളൂ എന്നു നീലന്‍ സാര്‍, സൗഹൃദം ഊട്ടിയുറപ്പിച്ച പില്‍ക്കാല രാവുകളിലൊന്നില്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. അങ്ങനെയുള്ള നിലയ്ക്ക് പുതിയ മാധ്യമത്തിന്റെ സാധ്യതകളും വെല്ലുവിളികളും പഠിച്ചെടുത്തു വഴക്കുക ഒരാവേശമായിരുന്നു എനിക്ക്. ടോപ് ടെന്‍ അതു സ്ഥാപിച്ചെടുക്കാനുള്ള സുവര്‍ണാവസരവും. ഈശ്വരാധീനം കൊണ്ട് ടോപ് ടെന്‍ ഹിറ്റായി. അതേത്തുടര്‍ന്ന് അമൃതയിലെ ബുള്ളറ്റിനുകള്‍ക്കെല്ലാം ഇത്തരത്തില്‍ സവിശേഷസ്വഭാവവും സ്വത്വവും നല്‍കാന്‍ സുധാകറും ശ്യാംജിയും പിന്നീട് നീലന്‍ സാറും ചേര്‍ന്നു തീരുമാനിക്കുന്നു. അങ്ങനെ രാവിലെ ബുള്ളറ്റിന്‍് പച്ചയും മഞ്ഞയും കലര്‍ന്ന ഇന്റര്‍ ആക്ടീവ് ശൈലിയിലുള്ള ഇന്നു രാവിലെ ആയും (ഈ പേരും ശ്യാമപ്രസാദിന്റേതായിരുന്നു), ബ്രേക്കിംഗ് ന്യൂസിന്റെ ശൈലിയില്‍ നീലയും മഞ്ഞയും കളര്‍സ്‌കീമില്‍ വൈകിട്ടത്തെ ആറരമണിവാര്‍ത്ത ന്യൂസ്ട്രാക്കായും, പാതിരാ വാര്‍ത്ത അമൃതന്യൂസ് മിഡില്‍ ഈസ്റ്റായുമെല്ലാം പുനരവതരിക്കാന്‍ പ്രേരണയായത് ടോപ് ടെന്‍ തന്നെയാണ്. അതൊക്കെയും പക്ഷേ ടോപ് ടെന്നിനെ അപേക്ഷിച്ച് എത്രയോ അയാസരഹിതമായിരുന്നെന്നും ഓര്‍ക്കുന്നു.
ആ വാര്‍ത്താഘടനയാണ് ഇല്ലാതാവുന്നത്. എന്തിന് യൂ ട്യൂബില്‍ പോലും ടോപ് ടെന്നിന്റെ ആദിരൂപം ലഭ്യമല്ല. (എന്റെ കൈവശമിരുന്ന സിഡികള്‍ നോക്കിയപ്പോഴല്ലേ ദുരന്തം, റെക്കോര്‍ഡ് ചെയ്തു എന്നു കരുതി സൂക്ഷിച്ചിരുന്നതിലൊന്നും യാതൊന്നുമില്ല!)
എനിക്കറിയാം, കൃഷ്ണയ്ക്കും പീയാറിനും ശ്രീജിത്തിനും ഈ വാര്‍ത്ത എന്നെപ്പോലെ വേദനാജനകമായിരിക്കും, തീര്‍ച്ച.

Wednesday, May 27, 2015

ചില പുറംചട്ട ചിന്തകള്‍

 ര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഞാനന്ന് കോട്ടയത്ത് ദീപികയില്‍ രാഷ്ട്രദീപിക സിനിമയുടെ പത്രാധിപരാണ്. പ്രിയ സുഹൃത്ത് പി.കെ.രാജശേഖരനോ ഭാര്യ രാധിക സി.നായരോ പറഞ്ഞിട്ടാവണം, പ്രസാധകനായിരുന്ന അകാലത്തില്‍ പൊലിഞ്ഞ റയിന്‍ബോ രാജേഷ് ഒരുദിവസം വിളിക്കുന്നു:' നിങ്ങള്‍ നന്നായി വരയ്ക്കുമെന്നു കേട്ടു. ഒഴിവാകാന്‍ നോക്കരുത്. എനിക്കൊരു പുസ്തകത്തിന്റെ പുറംചട്ട ഡിസൈന്‍ ചെയ്തു തരണം. അന്റോണിയോ സ്‌കാര്‍മേതയുടെ പോസ്റ്റ്മാന്‍ എന്ന വിഖ്യാത ക്ലാസിക്കിന്റെ വിവര്‍ത്തനമാണ്. ഡി.വിനയചന്ദ്രന്‍ സാറിന്റേതാണ് മൊഴിമാറ്റം.
കവര്‍ ഡിസൈനിങിനൊന്നും എന്നേക്കൊണ്ടു കൊള്ളില്ല എന്ന വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ആവതു പറഞ്ഞുനോക്കി. എനിക്കതിന്റെ സാങ്കേതികതയൊന്നുമറിയില്ല. പക്ഷേ രാജേഷ് വിടുന്ന മട്ടില്ല. സൈസും മറ്റു സ്‌പെസിഫിക്കേഷനുമെല്ലാം പറഞ്ഞു തന്നു. ''മോശമാണെങ്കില്‍ ഞാനേറ്റു, നിങ്ങളിതു ചെയ്തുതന്നേ ഒക്കൂ.'' എന്നൊരു ശാസനയോടെ പതിവു ശൈലിയില്‍ രാജേഷ് ഫോണ്‍ ഒറ്റയേറ്.
ഞാനാകെ ബേജാറിലായി. പുസ്തകച്ചട്ട എന്നൊരു സങ്കല്‍പമൊക്കെ മനസിലുണ്ട്. മുമ്പ് അതിനെപ്പറ്റിയൊക്കെ ചിന്തിച്ചിട്ടുമുണ്ട്. എങ്കിലും സ്വന്തം പുസ്തകത്തിന്റെ കാര്യം വന്നപ്പോള്‍ പോലും ധൈര്യമില്ലാതെ,മനോരമയില്‍ സഹപ്രവര്‍ത്തകനായിരുന്ന, നല്ല ചിത്രകാരനും വിഷ്വലൈസറുമായ ചെങ്ങന്നൂരിലെ എം.കെ.വിനോദ്കുമാറിനെയായിരുന്നു ആ ചുമതല അഭ്യര്‍ത്ഥനയോടെ ഏല്‍പിച്ചത്. അതാകട്ടെ സ്വന്തം പ്രസാധനമായിരുന്നു.ആ എന്നോടാണ് മലയാളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രൊഫഷനല്‍ പ്രസാധകന്‍ തന്റെയൊരു പുസ്തകത്തിന്റെ പുറംചട്ട രൂപപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. ഇന്റര്‍നെറ്റിനെയാണ് ഞാന്‍ ആശ്രയിച്ചത്. അതേപേരില്‍ ഹോളിവുഡ് നോവലിനെ ദൃശ്യവല്‍ക്കരിച്ചതിന്റെ ചില ചിത്രങ്ങള്‍ അവിടെ നിന്നു കിട്ടി. അതുവച്ച് ഒരു ഡിസൈന്‍. വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ സംഗതി കണ്ടപ്പോള്‍ രാജേഷിന് ഇഷ്ടമായി. അതുപയോഗിക്കുകയും ചെയ്തു. പുസ്തകം രണ്ടാം പതിപ്പടിച്ചപ്പോഴും കവര്‍ മാറ്റിയില്ല. അങ്ങനെ ആദ്യമായൊരു പുസ്തകത്തിന്റെ ഇംപ്രിന്റില്‍ കവര്‍. എ.ചന്ദ്രശേഖര്‍ എന്ന് അച്ചടിച്ചു വന്നു.
ഒരുപാടു കുറവുകളുണ്ടായിരുന്നു പുറംചട്ടയ്ക്ക്. ഒന്നാമത് റെസൊല്യൂഷന്‍ കുറഞ്ഞ ചിത്രമായിരുന്നു അതിന്റെ മങ്ങല്‍. പിന്നെ നോവല്‍ പേരിന് ഞാനുപയോഗിച്ച ഫോണ്ട്. ഡോ.പി.കെ.രാജശേഖരന്‍ പിന്നീടൊരിക്കല്‍ അതിനെപ്പറ്റി ഒരു കഌസ് തന്നെയെടുത്തു. പുസ്തകച്ചട്ടയ്ക്കാവുമ്പോള്‍ വളരെ ദൂരെ നിന്നു തന്നെ കാണാനും എളുപ്പത്തില്‍ വായിക്കാനുമാവുന്ന നിറത്തിലും നിറവിലും തന്നെ പേരുകൊടുക്കണം. ഞാനാവട്ടെ പച്ചയില്‍ ബ്രൗണ്‍ നിറത്തില്‍ അക്ഷരങ്ങള്‍ വിന്യസിച്ചിട്ട് അതിനല്‍പം പിന്നാമ്പുറ ഗ്‌ളോ മാത്രമാണ് നല്‍കിയിരുന്നത്. ഇംഗഌഷ് ഫോണ്ടിനോടു സാമ്യമുള്ളൊരു ഫോണ്ടാണ് ഉപയോഗിച്ചത്. വിവര്‍ത്തനമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാവണമെന്നൊരു ആശയമായിരുന്നു എന്റെ മനസില്‍.
പിന്നീടായിരുന്നു അദ്ഭുതം.
വര്‍ഷങ്ങള്‍ക്കു ശേഷം, ആദ്യവട്ടം മംഗളത്തില്‍ കന്യകയുടെ പത്രാധിപരായിരിക്കെ വീണ്ടും ഒരുദിവസം രാജേഷിന്റെ വിളി.' ചന്ദ്രശേഖരാ എനിക്കൊരു സഹായം വേണം. ഒരു കവിതാസമാഹാരമിറക്കുന്നുണ്ട്. കവി കണ്ണന് ഒരേ നിര്‍ബന്ധം കവര്‍ നിങ്ങളെക്കൊണ്ടു തന്നെ ചെയ്യിക്കണമെന്ന്. നിങ്ങളുടെ പോസ്റ്റമാന്‍ കവര്‍ കണ്ടിട്ടാണ്. ആളെ ഞാനങ്ങോട്ടു വിടുന്നു.'
ഞാനാകെ ചമ്മി നാറി എന്നു പറയുന്നതാണ് ശരി. ഒന്നാമത് എനിക്ക് കണ്ണനെ പരിചയമില്ല. രണ്ടാമത് എന്റെ കവര്‍ കണ്ടിഷ്ടപ്പെട്ട് ഒരാള്‍, അതും അറിയപ്പെടുന്നൊരു കവി എന്നെക്കൊണ്ടുതന്നെ പുസ്തകത്തിന്റെ പുറംചട്ട ചെയ്യിക്കണമെന്നു പറയുന്നെന്നൊക്കെ കേട്ടാല്‍....രണ്ടുദിവസം കഴിഞ്ഞ് കണ്ണന്‍ എന്നെത്തേടി വന്നു,ഓഫീസില്‍ തന്നെ. തന്റെ ആഗ്രഹം പറഞ്ഞു. ഞാന്‍ ധര്‍മ്മസങ്കടത്തിലായി. പ്രൊഫഷനല്‍ ഡിസൈനറൊന്നുമല്ലെന്നു തുറന്നു പറഞ്ഞു. പക്ഷേ കണ്ണനും വിടുന്നില്ല. ഏതായാലും ഒരു ശ്രമം നടത്തിനോക്കാമെന്നു പറഞ്ഞ് അദ്ദേഹത്തെ മടക്കിയയച്ചു. അദ്ദേഹം തന്നിട്ടുപോയ കവിതകളുടെ ഡിടിപി പ്രതി വായിച്ചു നോക്കിയപ്പോള്‍ മനസില്‍ വന്നൊരു ആശയം പിറ്റേന്ന് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. അതുതന്നെ മതിയെന്ന് കണ്ണനും പറഞ്ഞപ്പോള്‍ ഒന്നു ശ്രമിച്ചുനോക്കാമെന്ന് എനിക്കും തോന്നി.
ഉടുപ്പ് എന്നാണ് സമാഹാരത്തിന്റെ പേര്. കടല്‍ത്തീരമണലില്‍, അലസമായി കുത്തിനിര്‍ത്തിയ മട്ടില്‍ കൈകൊണ്ടു മെടഞ്ഞൊരു ഓലപ്പാവയില്‍ തോര്‍ത്തുകൊണ്ടൊരു കുഞ്ഞുടുപ്പ്. സൂര്യപ്രകാശത്തില്‍ ആ പാവയുടെ തീരമണ്ണില്‍ ചാര്‍ത്തിയ നിഴലും ചേര്‍ന്നൊരു സാധ്യതയാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. നെറ്റായ നെറ്റെല്ലാം തപ്പി നോക്കി. ഗൂഗിള്‍ അന്ന് ഇന്നത്തെ ഗൂഗിളായി്ട്ടില്ലല്ലോ. കടലും തീരവുമെല്ലാം ധാരാളം. പക്ഷേ ഓലപ്പാവയ്ക്ക് എവിടെപ്പോകാന്‍? നല്ല റെസൊല്യൂഷനുള്ള ഇമേജും വേണം (ഇതിനോടകം അതിനെപ്പറ്റിയെല്ലാം ചില്ലറ ഗ്രാഹ്യമുണ്ടായിട്ടുമുണ്ട്) ഒടുവില്‍ ഒരു ബുദ്ധി തോന്നി. സഹപ്രവര്‍ത്തകനായിരുന്ന ഫോട്ടോഗ്രാഫര്‍ എബ്രിഡ് ഷൈനിനോട് (അതേ 1983ലൂടെ സംവിധായകനായിത്തീര്‍ന്ന ആള്‍തന്നെ! കന്യകയില്‍ എന്റെ ഫോട്ടോഗ്രാഫറായിരുന്നു) സംഗതി പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ക്കൊക്കെ എപ്പോഴും താല്‍പര്യമുള്ള ഷൈനിന് സംഗതി ഇഷ്ടപ്പെട്ടു. പോരാത്തതിന് കവിത ഇഷ്ടപ്പെടുന്ന ആളുമാണ് ഷൈന്‍. അടുത്തു തന്നെ കന്യകയ്ക്കു വേണ്ടി കൊച്ചി കടപ്പുറത്ത് ഔട്ട്‌ഡോറില്‍ വച്ച് നടന്ന ഒരു ഫാഷന്‍ ഷൂട്ടിനിടെ, ഷൈന്‍ തന്നെ തരപ്പെടുത്തിയ ഒരു ഓലപ്പാവകൊണ്ട് ഷൈന്‍ എനിക്കു വേണ്ട ചില ഫ്രെയിമുകളെടുത്തു തന്നു. ഞാന്‍ ഉദ്ദേശിച്ച പാവയായിരുന്നില്ല അതെങ്കിലും കവറിന്റെ ആവശ്യത്തിന് അതുവച്ച് അഡ്ജസ്‌ററ് ചെയ്യാം. കടല്‍ത്തീരത്തിന്റേതാണെങ്കിലും ആയിടയ്ക്ക് ഷൈന്‍ ഗോവയില്‍ പോയപ്പോള്‍ ഗോവന്‍ കോട്ടയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്ത രസികന്‍ ചില തീരദൃശ്യങ്ങളുണ്ട്. തീരമടിഞ്ഞൊരു പഴയ തടിക്കപ്പലിന്റെ അസ്ഥികൂടവുമൊക്കെയായി (അത് പിന്‍ചട്ടയിലാണ് വന്നത്) ഒരുമാതിരി കന്നത്തില്‍ മുത്തമിട്ടാള്‍ ശൈലിയില്‍ ഒരു പടം. അതു പശ്ചാത്തലമാക്കി അതില്‍ ഓലപ്പാവയെ പിടിപ്പിച്ചു. കണ്ണനും രാജേഷിനും കവര്‍ ഏറെ ഇഷ്ടപ്പെട്ടു. ആകെ ഒരു കുഴപ്പം മാത്രം. അച്ചടിച്ചു വന്നപ്പോള്‍, കവര്‍ ക്രെഡിറ്റ്‌സില്‍ എന്റെ പേരു മാത്രം. ചിത്രമെടുത്ത ഷൈന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. മനഃപൂര്‍വമല്ലെങ്കിലും അതൊരു സ്ഖലിതമായി. ഷൈന്‍ അതു പരിഭവത്തോടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇന്നും അതൊരു സങ്കടമായി മനസിലുണ്ട്.
വീണ്ടും ഒരിക്കല്‍ക്കൂടി പുസ്തകച്ചട്ടയ്ക്ക് എന്നെ വിനിയോഗിച്ചതും രാജേഷ് തന്നെയാണ്. അപ്പോഴേക്ക് റെയിന്‍ബോയുടെ പ്രഭാവമൊക്കെ ലേശം മങ്ങിത്തുടങ്ങുന്നുണ്ട്. ഇപ്പോള്‍ മനോരമയിലുള്ള പ്രേംകുമാറാണ് രാജേഷിന്റെ വലംകൈ. ഇസ്മയില്‍ ഖാദറെയുടെ ഒരു പുസ്തകത്തിനു കവര്‍ ചിത്രം വേണം. രാജേഷ് എന്നെ വിളിക്കുന്നു: ഒന്നു സഹായിക്കണം. പുസ്തകത്തിന്റെ ടൈറ്റില്‍ പറഞ്ഞുതന്നു. നെറ്റില്‍ തപ്പി കാദറെയെപ്പറ്റി കൂടുതലറിഞ്ഞപ്പോള്‍ സംഗതി എനിക്കും പ്രയാസമുള്ളതായി തോന്നിയില്ലെന്നതാണ് സത്യം. നെറ്റിലെ ഇമേജുകള്‍ വച്ചൊരു കൊളാഷ്. അതില്‍ ഫോട്ടോഷോപ്പില്‍ വളരെ സൂക്ഷ്മമായ ചില ഫൈനല്‍ ടച്ചുകള്‍ രവിച്ചേട്ടന്‍ വക. നോവലിന്റെ ഹിംസാത്മകത ആവഹിച്ചൊരു ലാറ്റിനമേരിക്കന്‍ സ്പര്‍ശമാണ് മുഖചിത്രത്തിനു നല്‍കാന്‍ ശ്രമിച്ചത്. ഇതൊക്കെയാണെങ്കിലും പിന്നീട് രാജേഷിലൂടെ പ്രസിദ്ധീകൃതമായ എനിക്കു സംസ്ഥാന അവാര്‍ഡ് നേടിത്തന്ന ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോളിന് മുഖചിത്രമൊരുക്കിയത് ഞാനായിരുന്നില്ല, ടൂണ്‍സ് ഇന്ത്യയിലുള്ള ആര്‍ടിസ്റ്റ് മഹേഷ് വെട്ടിയാറാണ്.
ഇത്രയുമൊക്കെയാണ് എന്റെ പുറംചട്ടപ്പുരാണം.
ഒരു ടിപ്പണി കൂടി ചേര്‍ത്ത് ഈ ആത്മസ്ഖലനം അവസാനിപ്പിക്കാം. വര്‍ഷങ്ങള്‍ക്കിപ്പുറം, കെ. എ. ബീനച്ചേച്ചിയുടെ ഒരു പുസ്തകം. കന്യകയില്‍ ചേച്ചി എഴുതിയ ഒരു കോളത്തിന്റെ സമാഹരണമാണ്. ഭൂതക്കണ്ണാടി. കോഴിക്കോട് പൂര്‍ണ പുറത്തിറക്കുന്നു. ഞാന്‍ ചെയ്തിട്ടുള്ള പുസ്തകച്ചട്ടകള്‍ കണ്ടിട്ടുള്ളതുകൊണ്ടാണ് ബിനച്ചേച്ചി ആ പുസ്തകത്തിനും എന്നോടൊരു ഡിസൈന്‍ ആവശ്യപ്പെടുന്നു. ഞാന്‍ ഒരെണ്ണം തയാറാക്കി കൊടുക്കുകയും ചെയ്തു. വാസ്തവത്തില്‍ ഒരേ ഇമേജുപയോഗിച്ച് രണ്ട് വേര്‍ഷനുകളും നല്‍കി. അതുകണ്ടിട്ട് ബീനച്ചേച്ചി വിളിച്ച് ഒരുപാടു നല്ലവാക്കുകള്‍ പറഞ്ഞു. മാസങ്ങള്‍ക്കിപ്പുറം പുസ്തകമിറങ്ങി, ബീനച്ചേച്ചി ഒപ്പിട്ട ഒരെണ്ണം എനിക്കയച്ചുകിട്ടി. അതുപക്ഷേ ഞാന്‍ ചെയ്ത പുറംചട്ടയോടെയായിരുന്നില്ല! ഒപ്പമുള്ള കുറിപ്പില്‍ ബീനച്ചേച്ചി അതു വ്യക്തമാക്കുകയും ചെയ്തിരുന്നു- അവര്‍ അവരുടെ ശൈലിയില്‍ കവര്‍ മാറ്റുകയായിരുന്നു.
ഇപ്പോള്‍ ഈ കുറിപ്പു വായിക്കുന്നവര്‍ക്കു തോന്നും, ഒരല്‍പം ഈര്‍ഷ്യയോടെ എന്റെ ഡിസൈന്‍ ഉപേക്ഷിച്ചതിലുള്ള ഉള്ളിന്റെയുള്ളിലെ വിങ്ങലോടെയാവും ഞാനീ കുറിപ്പവസാനിപ്പിക്കുക എന്ന്. എന്നാല്‍ ആന്റീ ക്ലൈമാക്‌സ് അതല്ല. ഭൂതക്കണ്ണാടിക്ക് എന്റെ കവര്‍ ഉപയോഗിക്കാതിരുന്നതില്‍ അന്നെന്നല്ല, ഇപ്പോഴും എനിക്കു തെല്ലുമില്ല കുണ്ഠിതം. കാരണം, എന്റെ പണി അതല്ല. ഞാനൊരു ഡിസൈനറല്ല. അതുകൊണ്ടുതന്നെ അതിന്റെ നിലവാരത്തില്‍ അവകാശവാദങ്ങളില്ല, അതുപേക്ഷച്ചതില്‍ നിരാശയും.
ആകെയുള്ളത് അഭിമാനവും സന്തോഷവുമെല്ലാമാണ്. മലയാള പ്രസാധനചരിത്രത്തില്‍ മൂന്നു പുസ്തകങ്ങള്‍ക്ക് പുറംചട്ടയൊരുക്കാനായ പ്രൊഫഷലല്ലാത്തൊരാളെന്ന നിലയ്ക്ക്. പിന്നെ തീരാത്ത കടപ്പാടും. എന്നെക്കൊണ്ട് ഇതു ചെയ്യിച്ച അന്തരിച്ച എന്‍.രാജേഷ്‌കുമാറിനും!