അടുത്തിടെയാണ്, സംഭാഷണമധ്യേ വളരെ ആത്മാര്‍ത്ഥമായി ഒരു ശിഷ്യ ചോദിക്കുന്നത്."അല്ല സാര്‍ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് ഇത്രയൊക്കെ അറിയാമായിരുന്നിട്ടും, സിനിമാക്കാരെ പലരെയും പരിചയമുണ്ടായിട്ടും സാറെന്താ ഒരു സിനിമ ചെയ്യാത്തതെന്ന്. കുറഞ്ഞപക്ഷം എഴുതുകയെങ്കിലുമാവാമല്ലോ?"
എനിക്കു വളരെ വേണ്ടപ്പെട്ടൊരു ശിഷ്യയാണ്. മനസില്‍ തട്ടിയുള്ള അവരുടെ ചോദ്യത്തിനു ഞാന്‍ മറ്റുപലപ്പോഴും സമാനമായ ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും സുഹൃത്തുക്കളില്‍ നിന്നും മറ്റും ഉണ്ടായിട്ടുള്ളപ്പോഴൊക്കെ പറഞ്ഞിട്ടുള്ള, പറഞ്ഞുപറഞ്ഞങ്ങനെ കാണാതെ പഠിച്ച മറുപടി തന്നെയാണ് ആവര്‍ത്തിച്ചത്: "എനിക്ക് അറിയാവുന്ന പണിയേ ഞാന്‍ ചെയ്യൂ. സിനിമ കാണുക എന്നതാണ്, ആസ്വദിക്കുക എന്നതാണ് എനിക്കറിയാവുന്ന പണി. ആസ്വദിക്കുന്നതുകൊണ്ടാണ് അതേപ്പറ്റി എഴുതുന്നത്. അല്ലാതെ സിനിമ ഉണ്ടാക്കാനെനിക്കറിയില്ല. അതുകൊണ്ട് ഞാനതു ചെയ്യില്ല."
അന്തരിച്ച നിരൂപകന് എം.കൃഷ്ണന് നായര്‍ സാറിന്റെ ഒരു നിരീക്ഷണത്തിനോടാണ് ഈ നിലപാടു കൊണ്ടു ഞാന്‍ കടപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഒരു കഥയോ നോവലോ സ്വയമെഴുതാത്തത് (മനോരമയ്ക്കുവേണ്ടി തമാശയ്ക്ക് അങ്ങനൊന്നു ചെയ്തിട്ടുണ്ടെന്നതൊഴിച്ചാല്‍) എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി മറക്കാനാവില്ല. "എഴുതാനറിയുന്നവരെഴുതട്ടെ. വായിക്കാനറിയുന്നവരാണ് അതു വായിക്കേണ്ടത്. ഞാന്‍ നല്ലൊരു വായനക്കാരനാണ്. ആസ്വാദകനാണ്. എന്റെ ജോലി ഞാന്‍ ചെയ്യുന്നു."
1998ല്‍ എന്റെ ആദ്യ പുസ്തകം പ്രകാശിപ്പിക്കുന്ന വേളയില്‍ കോട്ടയം പ്രസ്കഌബിലെ ചടങ്ങില്‍ വച്ച് വിഖ്യാത സംവിധായകന് ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്, ആശംസാരൂപേണ ഒരു നിര്‍ദ്ദേശം വച്ചു:"സാധാരണ സിനമാ പത്രപ്രവര്‍ത്തനവും നിരൂപണവും നടത്തുന്നവര്‍ പിന്നീട് സിനിമ സംവിധാനം ചെയ്തു പരാജയപ്പെടുന്നൊരു കാഴ്ചയാണ് കണ്ടുവരുന്നത്. സിനിമയിലേക്കുളള ചവിട്ടുപടിയായി സിനിമായെഴുത്തിനെ കാണുന്നവരുടെ കൂട്ടത്തില്‍ ഭാവിയില്‍ ചന്ദ്രശേഖറിനെ കാണാന്‍ ഇടയാവാതിരിക്കട്ടെ."
അഭിമാനത്തോടെ പറയട്ടെ, ആദ്യ പുസ്തകത്തിന്റെ പ്രകാശകനും എന്റെ അഭ്യുദയകാംക്ഷിയുമായ അടൂര്‍സാറിന്റെ ആ ആശംസാവചനങ്ങള് അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാക്കിക്കൊണ്ടാണ് ഈ നിമിഷം വരെ ഞാന്‍ സിനിമാ എഴുത്തു തുടര്‍ന്നിട്ടുള്ളത്. ഒരു സിനിമയുടെയും പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സ്വയം സിനിമ എഴുതിയിട്ടില്ല. സംവിധാനം ചെയ്തിട്ടുമില്ല.(അതൊരു മോശം കാര്യമാണെന്ന തെറ്റിദ്ധാരണയൊന്നുമില്ല) പക്ഷേ, നല്ലൊരു പ്രേക്ഷകനായി, ഉള്‍ക്കാഴ്ചയുള്ള കാണിയായി ഇക്കാലത്തിനിടയ്ക്കു സ്വയം പരിവര്‍ത്തനപ്പെടുത്താനും വളര്‍ത്തിയെടുക്കാനും സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതു ചിലപ്പോള്‍ തെറ്റായിരിക്കാം. പക്ഷേ, നിഷ്പക്ഷനും സൂക്ഷ്മനിരീക്ഷകനുമായ അച്ചടക്കത്തോടെ സിനിമയെ കാണുന്ന പരിശീലിക്കപ്പെട്ട പ്രേക്ഷകന് തന്നെയാണു ഞാനെന്നതില്‍ അഭിമാനമുണ്ട്. സിനിമ നന്നായി കാണാന്‍ സാധിക്കുക എന്നത് വളര്‍ത്തിയെടുക്കപ്പെടുന്നൊരു സിദ്ധിയാണെന്നാണ് ഞാന്‍ കരുതുന്നത്. എളിയ നിലയിലെങ്കിലും ഞാന്‍ ചെയ്യുന്നതിനെ ചലച്ചിത്ര വിമര്‍ശനം എന്നല്ല ചലച്ചിത്ര നിരൂപണം എന്നേ ഞാന്‍ വിശേഷിപ്പിക്കാറുള്ളൂ. കാരണം സിനിമയെ കൊല്ലാനല്ല, നന്നാക്കി വളര്‍ത്താനാണ് അതില്‍ പുതിയ അര്‍ത്ഥങ്ങള്‍ തേടാനാണ്, അതിന്റെ സാധ്യതകളിലേക്ക് ചലച്ചിത്രകാരനെ കൂടി കൊണ്ടുനടത്താനാണ് ഞാന്‍ ശ്രമിക്കാറുളളത്.
എഴുതുന്നത് വായിക്കണമെങ്കില്‍ അക്ഷരം മാത്രം പഠിച്ചാല്‍ പോരാ. ചമത്കാരങ്ങളും അലങ്കാരങ്ങളുമറിയണം. ബിംബങ്ങളും രൂപകങ്ങളും തിരിച്ചറിയാനാവണം. ആന്തരികാര്‍ത്ഥങ്ങളും വ്യാഖ്യാനിക്കാനാവണം. അപ്പോഴേ വായന പൂര്‍ണമാവൂ. അധമമാണെങ്കില്‍ക്കൂടി അവ മനസിലാക്കണമെങ്കില്‍ ശാസ്ത്രീയമായ വായന ഉണ്ടാകണമെന്നു സാരം. അതുകൊണ്ടാണല്ലോ, ഭാഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമ്പൂര്‍ണ സാക്ഷരത എന്നതും എഴുത്തും വായനയും പഠിക്കുക എന്നാണ് നിര്‍വചിച്ചിട്ടുള്ളത്. എന്നുവച്ചാല്‍, വായിക്കാന്‍ പഠിക്കണം.
ഇതിനു സമാനമാണ് കാഴ്ചയും. സിനിമയെന്നല്ല കാണാനാവുന്ന എന്തും ആസ്വദിക്കണമെങ്കില്‍ പരിശീലനമാവശ്യമാണ്. കഥകളി, സാഹിത്യം മാത്രം അറിഞ്ഞതുകൊണ്ടോ, മേളത്തിന്റെ താളഗതികള്‍ മാത്രമറിഞ്ഞതുകൊണ്ടോ ആസ്വദിക്കാനാവില്ല. അതിന് മുദ്രകളറിയണം. സിനിമയുടെ കാര്യവും ഇതിനു സമാനമാണെന്നാണ് വിദഗ്ധര്‍ നിരൂപിച്ചിട്ടുള്ളത്.
കോടികള്‍ മുടക്കി എടുക്കുന്ന സിനിമകളെ അടച്ചാക്ഷേപിക്കാന്‍, കേവലം നൂറോ ഇരുന്നൂറോ രൂപമാത്രം മുടക്കുന്ന പ്രേക്ഷകന് എന്തവകാശം എന്നൊരു ചോദ്യവും പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഇതിനു പണ്ടു ശ്രീനിവാസന് ഒരഭിമുഖത്തില്‍ പറഞ്ഞതാണു മറുപടി. ചില പ്രേക്ഷകരുണ്ട്. നടീനടന്മാരുടെ അടുത്ത് ചെന്നു പുച്ഛത്തോടെ പറയും -"ഓര്‍ത്തോ ഞങ്ങളുടെ പണം കൊണ്ടാ നീയൊക്കെ താരമായി വാഴുന്നത്. ഞങ്ങള്‍ ടിക്കറ്റെടുക്കുന്നതുകൊണ്ടാണ് സിനിമ നിലനില്‍ക്കുന്നത് "എന്ന്. ഇതിന്റെ മറുവശമാണ് കോടികളുടെ നിര്‍മാതാവും നൂറുരൂപ ടിക്കറ്റുകാരനും. അതായത്, നൂറു രൂപ ടിക്കറ്റുകാരന് ആവശ്യപ്പെട്ടതുകൊണ്ടു മാത്രമല്ല കോടികള്‍ മുടക്കി ഒരാള്‍ ചലച്ചിത്രനിര്‍മാതാവാവുന്നത്. അയാളുടെ പ്രശസ്തനാവാനുള്ള ആര്‍ത്തിയും കലയോടുള്ള ആസക്തിയും എല്ലാം ചേര്‍ന്നാണ് ഒരാള്‍ സിനിമ നിര്‍മിക്കുന്നത്. ആത്മാവിഷ്കാരമാധ്യമമായാണ് ചലച്ചിത്രകാരന് സിനിമയുണ്ടാക്കുന്നത്. അയാളുടെ ആത്യന്തികലക്ഷ്യം അതു കഴിയുന്നത്ര പ്രേക്ഷകര്‍ കാണണം, കണ്ടാസ്വദിക്കണം എന്നുതന്നെയാണ്. എന്നും അതങ്ങനെതന്നെയായിരുന്നു എപ്പോഴും അതങ്ങനെതന്നെയാണുതാനും.ചലച്ചിത്രകാരന്-സിനിമ-പ്രേക്ഷകന് എന്നതാണ് സിനിമയുടെ ഒരു ജൈവചക്രം. ഇതില്‍ ഒന്നില്ലാതെ അതിന്റെ ധര്‍മം പൂര്‍ത്തിയാവുന്നില്ല. സിനിമയില്ലാതെ പ്രേക്ഷകനും പ്രേക്ഷകനില്ലാതെ സിനിമയ്ക്കും നിലനില്‍പ്പില്ല. ആ നിലയ്ക്ക് തനിക്കു മുന്നില്‍ വന്ന സിനിമ തനിക്കിഷ്ടപ്പെട്ടില്ല, കൊള്ളില്ല എന്ന്ു പറയാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകനുണ്ട്. പരിശീലനം കിട്ടിയ പ്രേക്ഷകന് ഈ സിനിമ കൊള്ളില്ല എന്ന് തന്റെ വര്‍ഗത്തോടു വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യമുള്ള മഹാരാജ്യത്ത് നിഷിദ്ധമല്ല. ഇതേ എന്നെക്കൊണ്ടു പറ്റൂ, അല്ലെങ്കില്‍ ഇപ്പോള്‍ ഇത്രയേ ഉള്ളൂ എന്ന നിലപാടെടുക്കാന്‍ സംവിധായകനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ നിരൂപണങ്ങളില്‍ ആത്മപരിശോധന നടത്തി സിനിമകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെ മുന്നോട്ട രക്ഷയുള്ളൂ.
സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയത് ഒരുപറ്റം ചലച്ചിത്രനിരൂപകരാണെന്നു പറഞ്ഞാല്‍ യുദ്ധത്തിനുവന്നിട്ടു കാര്യമില്ല. കഹേ ദു സിനിമ എന്ന പ്രസിദ്ധീകരണത്തെയും സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തെയും കുറിച്ച് അല്പം വായിച്ചാല്‍ മതി. ഫ്രഞ്ച് ചലച്ചിത്ര മാസികയായിരുന്നു കഹേ ദു സിനിമ. 1951 ല്‍ ആേ്രന്ദ ബാസിന്, ഴാക്ക് വാല്‍ക്രോസ് ജോസഫ് മേരി ലൂ ഡ്യൂക്ക എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ചത്.സിനിമാ നിരൂപണവും റിവ്യുവുമായിരുന്നു മുഖ്യ ഉള്ളടക്കം. റോബര്‍ട്ട് ബ്രസന്‍, ഴാങ് ക്വക്തോ, അലക്സാണ്ടര്‍ അസട്രുക്, ഴാക്ക് റിവറ്റ്, ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ്, ക്ലോദ് ഷാബ്രോള്‍, ഫ്രാങ്കോ ത്രൂഫോ ഇവരൊക്കെയായിരുന്നു മാസികയിലെ എഴുത്തുകാര്‍. എന്നുവച്ചാല്‍ നിരൂപകര്‍. അന്നത്തെ സിനിമയെ നഖശിഖാന്തം പല്ലും നഖവും ഉപയോഗിച്ച് മുഖം നോക്കാതെയാണ് അവര്‍ വിമര്‍ശിച്ചു തള്ളിയത്. രസമെന്തെന്നാല്‍ ഇവരില്‍ പലരുമാണ് പിന്നീട് ആധുനിക സിനിമയുടെ വ്യാകരണം തന്നെ രചിച്ചത്. എന്നും എപ്പോഴും ലോകസിനിമയിലെ കഌസിക്കുകളില്‍ ഗോദ്ദാര്‍ദ്ദിന്റെയും ഷാബ്രോളിന്റെയും ബാസിന്റെയും ത്രൂഫോയുടെയും സിനിമകള്‍ എണ്ണപ്പെടുന്നു.
ദൗര്‍ഭാഗ്യത്താല്‍ നമ്മുടെ നാട്ടില്‍ മാത്രം നിരൂപകരെ നികൃഷ്ടജീവികളും വെറുക്കപ്പെട്ടവരുമായാണ് ചലച്ചിത്രകാരന്മാര് കണക്കാക്കിപ്പോരുന്നത്. രാഷ്ട്രീയത്തില്‍ വികസനവിരോധികള്‍ക്കുള്ള പ്രതിച്ഛായയാണ് ചലച്ചിത്രത്തില്‍ നിരൂപകര്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. സ്വന്തമായി ഒരു സിനിമയെങ്കിലും ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സിനിമയെ നിരൂപിക്കാന്‍ അധികാരമെന്ത് എന്ന മട്ടിലാണ് സിനിമ അതിന്റെ അധികാരമുപയോഗിച്ച് ചോദ്യം ചെയ്യുന്നത്. ബാര്‍ബര്‍ മുടിവെട്ടിയത് ശരിയായില്ലെന്നു പറയാന്‍ ആദ്യം മുടിവെട്ട് അഭ്യസിക്കണം എന്നു പറയുന്നതുപോലെയാണ് ഈ വാദം. മുടിവെട്ടിയത് ഇഷ്ടമായില്ലെന്നും അതിങ്ങനെയായിരുന്നില്ല വേണ്ടിയിരുന്നതെന്നും പറയാന്‍ കാഴ്ചയുടെ സൗന്ദര്യസങ്കല്പം പോരേ? സദ്യ മോശമായല്ലോ നമ്പൂരി എന്നു പറയുന്നയാളോട് "എന്നാപ്പിന്നൊന്നു പാചകം ചെയ്തു കാണിക്ക് "എന്നു വെല്ലുവിളിച്ചാല്‍ സദ്യ കേമമാവുമോ?
സത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നതാണ് വിമര്‍ശനങ്ങള്‍ക്കെതിരായ അസഹിഷണുതകള്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രഭൂമി വാരികയില്‍ ആരംഭിച്ച ചലച്ചിത്രവിമര്‍ശന പംക്തിയുടെ ദുരന്താന്ത്യം. ഒരു സിനിമ പുറത്തിറങ്ങി 50 ദിവസം കഴിയുമ്പോള്‍ ആ സിനിമയെപ്പറ്റി മുഖം നോക്കാതെയുള്ള നിശിതമായ വിലയിരുത്തലായിരുന്നു ആ പംക്തിയുടെ ഉദ്ദേശ്യം. ഒരു തരം പോസ്റ്റ്മോര്‍ട്ടം. 50 ദിവസം എന്നത് ഒരു ശരാശരി സിനിമയ്ക്ക് തീയറ്ററില്‍ വിജയം തെളിയിക്കാനുള്ള സമയവുമാണ്. ഇന്നാണെങ്കില്‍ ഈ സമയത്തിനുള്ള സിഡി പുറത്തിറങ്ങിക്കഴിയും. എന്നിട്ടുകൂടി ആ വിമര്‍ശന പംക്തി രണ്ടോ മൂന്നോ സിനിമകളുടെ ശവപരിശോധനയോടെ ഒരു സുപ്രഭാതത്തില്‍ അറിയിപ്പൊന്നും കൂടാതെ നിന്നു. അപ്പോള്‍ തീയറ്ററിലെത്തിയൊരു കുടുംബസിനിമയുടെ വിലയിരുത്തല്‍ അടുത്ത ലക്കത്തില്‍ ഉണ്ടാവാന്‍ പോകുന്നു എന്ന പരസ്യത്തോടെ പ്രസ്തുത ചിത്രത്തിന്റെ രണ്ടു പേജ് പരസ്യം അവസാനനിമിഷം പിന്‍വലിക്കപ്പെട്ടതോടെ പംക്തി നിര്‍ത്താന്‍ പത്രാധിപസമിതി നിര്‍ബന്ധിതരാവുകയായിരുന്നു. സ്വന്തമായി ചലച്ചിത്ര അവാര്‍ഡുകളേര്‍പ്പെടുത്തിയിട്ടുള്ള, സ്വന്തമായി അന്നു ചലച്ചിത്ര നിര്‍മ്മാണം വരെയുണ്ടായിരുന്ന(മേഘമല്‍ഹാര്‍), ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു പ്രമുഖ നിര്‍മാതാവുള്ള മാതൃഭൂമി പോലൊരു സ്ഥാപനത്തിന്റെ ചലച്ചിത്രപ്രസിദ്ധീകരണത്തിനാണ് ഇത്തരമൊരു സമ്മര്‍ദ്ദത്തിനു നിരൂപാധികം കീഴടങ്ങേണ്ടിവന്നതെന്നോര്‍ക്കുക. വര്‍ഷങ്ങള്‍ക്കു ശേഷം ആ പ്രസിദ്ധീകരണം തന്നെ പൂട്ടി. പകരം പത്രത്തിന്റ വെള്ളിയാഴ്ച സപഌമെന്റായി പേരു നിലനിര്‍ത്തുമ്പോള്‍ അതിലും വരുന്നു ചലച്ചിത്രവിമര്‍ശനത്തിനെതിരായ ഒളിയമ്പുകള്‍.
കഥയെന്തോ ആവട്ടെ, ആശ്വാസം ഡിജിറ്റല്‍ മാധ്യമങ്ങളെയോര്‍ത്തുമാത്രമാണ്. സിനിമാപരസ്യം പിന്‍വലിക്കുമെന്നു ഭീഷണിപ്പെടുത്തി നിശിത വിമര്‍ശനത്തെ വരുതിക്കുള്ളില്‍ നിര്‍ത്താന്‍ ഏതായാലും സൈബര്‍ മാധ്യമത്തില്‍ മാര്‍ഗമൊന്നുമില്ലല്ലോ.