kalakaumudi 2015 jan 11
എ.ചന്ദ്രശേഖര്‍
ഏതൊരു കലാസൃഷ്ടിയും കാലികമാവുന്നത് സമകാലികജീവതത്തെപ്പറ്റി അതുന്നയിക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ്, അതിന്റെ തീവ്രതയിലൂടെയാണ്. അതുവഴിതന്നെയാണ് രചനയുടെ സര്‍ഗാത്മകത കാലത്തെ അതിജീവിക്കുന്നതും. ചോദ്യങ്ങളുന്നയിക്കുക എന്നതാണ് കലയുടെ ധര്‍മ്മം, കലാകാരന്റേയും. തീര്‍ച്ചയായും രാജ്കുമാര്‍ ഹിരാനിയുടെ ഏറ്റവും പുതിയ സിനിമ പി.കെ ലക്ഷ്യം തൊടുന്നത് അതുയര്‍ത്തിപ്പിടിക്കുന്ന തീര്‍ത്തും കാലികവും ഒരുപക്ഷേ അകാലികം തന്നെയുമായ ചില ചോദ്യങ്ങളുടെ പേരിലാണ്. ഒരുപക്ഷേ സിനിമ ചില എതിര്‍പ്പുകളെ ഏറ്റുവാങ്ങുന്നതും അതിന്റെ പേരില്‍ത്തന്നെയായിരിക്കണം.
മുഖ്യമായും രണ്ടു ചോദ്യങ്ങളാണ് പി.കെ. എന്ന സിനിമയെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളില്‍ ഉന്നയിക്കാനുളളത്. അതു രണ്ടും പക്ഷേ, ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന ധാര്‍മികവും ദാര്‍ശനികവുമായ ഉള്ളടക്കത്തെ യഥാര്‍ത്ഥജീവിതത്തില്‍ പുനരാനയിക്കുന്നതോ തനിയാവര്‍ത്തിക്കുന്നതോ ആവും എന്നതു വൈരുദ്ധ്യം. എന്നാല്‍ ഈ വൈരുദ്ധ്യം തന്നെയാണ് പി.കെ. എന്ന സിനിമയ്ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമെന്നുകൂടി കണക്കുകൂട്ടേണ്ടതുണ്ട്. ഇനി എന്തെല്ലാമാണ് ആ രണ്ടു ചോദ്യങ്ങള്‍?
1. ഇതില്‍ നായകതാരം ആമിര്‍ ഖാന്‍ അല്ലായിരുന്നെങ്കില്‍?
2. ഇതിലെ ഉപകഥാപാത്രം പാക്കിസ്ഥാനിയായ സര്‍ഫറോഷ് ആയിരുന്നില്ലെങ്കില്‍?
ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയില്‍ പല ഭാഷകളില്‍ പലകുറി ആവര്‍ത്തിക്കപ്പെട്ട ഒരു പ്രമേയത്തിന്റെ ലേശം വേറിട്ട നിര്‍ദ്ദോഷമായൊരു ദൃശ്യപാഠത്തിന് ഇത്രകണ്ട് വിമതത്വം കല്‍പ്പിക്കപ്പെടുമായിരുന്നുവോ? ഷാറൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാനോ, അക്ഷയ് കുമാറിന്റെ ഒ.എം.ജി (ഒ മൈ ഗോഡ്)യോ, മനോജ്കുമാറിന്റെ പഴയ കലിയുഗ് ഓര്‍ രാമായണോ കൈകാര്യം ചെയ്ത പ്രമേയത്തിന്റെ കാലികമായ ഈ കാഴ്ചപ്പകര്‍ച്ചയ്ക്കു മാത്രം എന്തുകൊണ്ട് ഇത്തരത്തിലൊരു രാഷ്ട്രീയത്തെ നേരിടേണ്ടിവന്നു?
അതീന്ദ്രിയതയുടെ രാഷ്ട്രീയം
ഇന്ത്യന്‍ സിനിമയ്ക്ക്, വിശേഷിച്ച് കമ്പോള സിനിമയ്ക്ക് പൊതുവേ നിഷിദ്ധമായതും, ഇന്ത്യന്‍ ബോധ്യങ്ങള്‍ക്കുമുന്നില്‍ ഇന്നും തീവ്രമായതുമായൊരു വിഷയം-മതം-അതാണ് പി.കെ. ആഴത്തില്‍ ഇഴകീറി വിമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു തീക്കളിയുമാണ്. രാഷ്ട്രീയപരമായ മാനങ്ങളുള്ള ഇത്തരം തൊട്ടാല്‍പ്പൊള്ളുന്ന വിഷയങ്ങള്‍ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ അമേരിക്ക സ്വീകരിക്കുന്ന ഒരു എളുപ്പവഴിയുണ്ട്. ലോകരാഷ്ട്രീയത്തില്‍ എപ്പോഴെല്ലാം ഭീഷണിയോ ഭയമോ നേരിടേണ്ടി വന്നുവോ അപ്പോഴെല്ലാം ഹോളിവുഡ് അന്യഗ്രഹജീവികളെയും അതീന്ദ്രിയജീവിതത്തെയും പ്രമേയങ്ങളാക്കി ആ രാഷ്ട്രീയത്തെ സിനിമയിലേക്ക് അനുവര്‍ത്തനം ചെയ്തിട്ടുണ്ട്. മാര്‍സ് അറ്റാക്‌സ്, ഇന്‍ഡിപെന്‍ഡന്‍സ് ഡേ മുതല്‍ അവതാര്‍ വരെയുള്ള സിനിമകളില്‍ പ്രകടമായ പാരിസ്ഥിതി-അധികാര-മേല്‍ക്കോയ്മാ രാഷ്ട്രീയം പഠനവിധേയമായിട്ടുണ്ട്. പി.കെ.യുടെ ചലച്ചിത്രസമീപനത്തില്‍ രാജ്കുമാര്‍ ഹിരാനി സ്വീകരിച്ചിട്ടുള്ള ഈ അതീന്ദ്രിയതലം അതുകൊണ്ടുതന്നെ ഏറെ ബൗദ്ധികവും ഉത്തരവാദിത്തപരവും അതേസമയം കൗശലം നിറഞ്ഞതുമാണ്. ആള്‍ദൈവങ്ങളെയോ കമ്പോളവല്‍ക്കരിക്കപ്പെടുന്ന മതസംവിധാനങ്ങളെയോ വിമര്‍ശിക്കുന്നതിന് ആരുടെയും മനഃസാക്ഷിയെ മുറിപ്പെടുത്താതിരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമായിവേണം, മറ്റേതോ ഗ്രഹത്തില്‍ നിന്ന് സമാന ജീവിതങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി വന്നിറങ്ങുന്ന മനുഷ്യതുല്യനായൊരു നായകനിലൂടെ കഥ അനാവരണം ചെയ്യുന്നതിനെ കണക്കാക്കാന്‍. ദാര്‍ശനികമായൊരു പക്ഷം പിടിക്കലിനപ്പുറം, നിലപാടുകളില്‍ ഏറെക്കുറെ നിക്ഷ്പക്ഷമാവാനും ഈ നായകകര്‍തൃത്വത്തിലൂടെ രചയിതാവിനു സാധിക്കുന്നുണ്ടെന്നും മറക്കരുത്. കൃഷ് പരമ്പര പോലുള്ള അന്യഗ്രഹജീവിതചിത്രപരമ്പര സിനിമയുടെ വാണിജ്യസാധ്യതകളെ മാത്രം ലാക്കാക്കുമ്പോള്‍, സാമൂഹികപ്രസക്തമായൊരു വിഷയത്തെ പ്രതിബദ്ധതയോടെ സമീപിക്കാനാണ് ഹിരാനി അന്യഗ്രഹസാന്നിദ്ധ്യം പ്രയോഗിച്ചിരിക്കുന്നത്.
ദൈവത്തെ കാണ്മാനില്ല
ഭൂമിയില്‍ കാല്‍തൊട്ടപ്പോള്‍ തന്നെ, ജന്മഗ്രഹത്തിലേക്കു മടങ്ങിപ്പോകാനുള്ള വാഹനത്തിന്റെ റിമോട്ട് മോഷ്ടിക്കപ്പെട്ട് ഭൂമിയില്‍ നിരാലംബനും നിരാശ്രയനുമാവുന്ന നായകന്‍ തന്റെ റിമോട്ടിനായുള്ള അന്വേഷണത്തിലാണ് ഈശ്വരസാന്നിദ്ധ്യമറിയുന്നത്. തന്നെ സഹായിക്കാന്‍ ഭൂമിയില്‍ ഈശ്വരനല്ലാതാരുമില്ലെന്ന തിരിച്ചറിവില്‍ അയാള്‍ ദൈവത്തെ തേടിയലയുന്നു. ആ അലച്ചിലില്‍ അയാള്‍ കണ്ടെത്തുന്ന ദൈവങ്ങളെല്ലാം മനുഷ്യനിര്‍മിതങ്ങളായിരുന്നു. അമ്പതിനും ഇരുപത്തഞ്ചിനും വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന, വേണമെങ്കില്‍ വിലപേശിയാല്‍ പതിനഞ്ചുരൂപയ്ക്കും കിട്ടുന്ന ദൈവരൂപങ്ങള്‍. അല്ലെങ്കില്‍ വന്‍ കോര്‍പറേറ്റ് സാന്നിദ്ധ്യമായ ആള്‍ദൈവങ്ങള്‍. ബ്രാന്‍ഡഡ് രൂപകങ്ങളായ ഈ സാന്നിദ്ധ്യങ്ങള്‍ക്ക് തന്റെ ഉദ്ദിഷ്ടകാര്യം സാധിപ്പിക്കാനുള്ള ബാറ്ററി ഇല്ലെന്നു തിരിച്ചറിയുന്ന പി.കെ. എന്ന സാധാരണക്കാരന്‍ കാണാതായ ഈശ്വരനുവേണ്ടിയുള്ള തിരച്ചിലിലാണ്. അതിനായി ഈശ്വരരൂപങ്ങള്‍ അച്ചടിച്ച കാണ്മാനില്ല നോട്ടീസുമായി തെരുവിലലയുകയാണയാള്‍. അതേസമയം, ഉടുതുണിയടക്കം യാതൊന്നുമില്ലാത്ത അയാള്‍ക്ക് കഴിക്കാന്‍ ഭക്ഷണമടക്കം എത്തിച്ചുകൊടുക്കുന്നതും വിശ്വാസത്തിന്റെ മറുപക്ഷമാണെന്നതും വൈരുദ്ധ്യം.ഗോളാന്തരയാത്രയ്ക്കിടെ ഭൂമിയില്‍ വന്നെത്തുന്ന നായകനാണ് ഭൂമിയിലെ വിശ്വാസങ്ങളില്‍ തളയ്ക്കപ്പെടുന്നത്. അയാളാകട്ടെ, തന്നെ കബളിപ്പിക്കുന്ന ആള്‍ദൈവത്തെ ഒരിക്കല്‍പ്പോലും അവിശ്വസിക്കുന്നതേയില്ല. പകരം, അദ്ദേഹം ദൈവത്തെ വിളിക്കുന്ന നമ്പര്‍ തെറ്റിപ്പോകുന്നുവെന്നാണയാള്‍ കരുതുന്നത്. ആള്‍ദൈവങ്ങളെയല്ല, അവരുടെ ചൂഷണങ്ങളെമാത്രമാണ് പി.കെ. ചോദ്യം ചെയ്യുന്നത്.
മലയാളത്തിലടക്കം ആള്‍ദൈവങ്ങളെ ഇതിലുമേറെ തൊലിപൊളിച്ചു കാണിക്കുന്ന സിനിമകള്‍-ദൈവനാമത്തില്‍, വചനം, ഏകലവ്യന്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ആയിരം ചിറകുള്ള മോഹം- ഉണ്ടായിട്ടുണ്ട്. അവ നിര്‍വഹിച്ചത്ര പച്ചയായ വിമര്‍ശനമോ തുറന്നുകാട്ടലോ ഒന്നും പി.കെ. ചെയ്യുന്നില്ല. ആള്‍ദൈവസംവിധാനത്തെ വിമര്‍ശിക്കുക എന്നതിലുപരി ഈശ്വരസങ്കല്‍പത്തെക്കുറിച്ച,് ദൈവവിശ്വാസത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പി.കെ.യുടെ സ്രഷ്ടാക്കള്‍ ശ്രമിച്ചിട്ടുള്ളത്. നാം ആരാധിക്കുന്നത് നമ്മള്‍ നിര്‍മിച്ച ദൈവങ്ങളെയാണ്, നമ്മെ സൃഷ്ടിച്ച ദൈവത്തെയല്ലെന്ന് നായകന്‍ ഒരിടത്തു പറയുന്നുണ്ട്. ശരിക്കും നാം ആരാധിക്കേണ്ടത്, ജഗന്നിയതാവായ, ഈ പ്രപഞ്ചത്തെയാകമാനം നിര്‍മിച്ചു നിലനിര്‍ത്തുന്ന ആ ദൈവത്തെയല്ലേ? അങ്ങനെയെങ്കില്‍ ആ ഈശ്വരന് എന്തു രൂപമാണുള്ളത്? അതോ രൂപം തന്നെയുണ്ടോ? അങ്ങനെയൊരു സ്രഷ്ടാവിനെ സങ്കടമോചനത്തിന് ആശ്രയിക്കുമ്പോള്‍, ദുര്‍ഘടവും ദുസ്സഹവുമായ ആചാരങ്ങളോ കര്‍ത്തവ്യങ്ങളോ ചെയ്തുവരാന്‍ അങ്ങനൊരു സ്രഷ്ടാവിനു മനസുണ്ടാവുമോ? സ്വന്തം മക്കള്‍ ഒരാവശ്യത്തിനു സമീപിക്കുമ്പോള്‍ ഏതൊരു പിതാവാണ്/മാതാവാണ് അതികഠിനമായ എന്തെങ്കിലുമൊരു കര്‍മം അതിനായി അവരെ ഏല്‍പിക്കാന്‍ മുതിരുക? അപ്പോള്‍ ഈ വിശ്വാസങ്ങളുടെ ദൈവവിളികളില്‍ ഏതൊക്കെയോ റോങ് നമ്പരുകളാണ്. ആ റോങ് നമ്പരുകളിലേക്കാണ് പി.കെ. പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.വിശ്വാസങ്ങളുടെ പേരിലുള്ള ആത്മപീഡനങ്ങളും അടിച്ചമര്‍ത്തലുകളും ഇവിടെ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നു.
മതഭേദമന്യേ വ്യാജ ആള്‍ദൈവങ്ങളും വ്യാജ സിദ്ധന്മാരുടെ മന്ത്രതന്ത്രങ്ങളും ബാധയൊഴിക്കലുകളും വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളും അതിന്റെ ഫലമായുള്ള മരണങ്ങളും വരെ ദിനംപ്രതി മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പി.കെ പോലൊരു സിനിമ മുന്നോട്ടുവയ്ക്കുന്ന സോദ്ദേശ്യപരമായ ദര്‍ശനത്തെ മാനിക്കുകയാണു വേണ്ടത്.ഒരുപക്ഷേ അതു തിരിച്ചറിഞ്ഞിട്ടായിരിക്കണം, ശ്രീ ശ്രീ രവിശങ്കറിനെപ്പോലൊരു ആചാര്യന്‍ ഈ സിനിമയുമായി പരോക്ഷമായെങ്കിലും സഹകരിച്ചിട്ടുള്ളത്. അതുകൊണ്ടാവണമല്ലോ ശീര്‍ഷകത്തില്‍ അദ്ദേഹത്തിന് നിര്‍മാതാക്കള്‍ കൃതജ്ഞത രേഖപ്പെടുത്തിയിരിക്കുന്നതും. ഹരിയാനയില്‍ സ്വന്തം സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുകയും സമാന്തര സൈന്യത്തെത്തന്നെ പോറ്റിവളര്‍ത്തുകയും ചെയ്ത വ്യാജ ആള്‍ദൈവത്തെ വരുതിയിലാക്കാന്‍ നീതിന്യായ വ്യവസ്ഥ പെട്ട പാട് ലോകമറിഞ്ഞിട്ട് നാളേറെയായിട്ടില്ലെന്നോര്‍ക്കുക.
ഭയം എന്ന നിക്ഷേപം
ഭയമാണ്, ആത്മവിശ്വാസമില്ലായ്മയാണ് എല്ലാ വിശ്വാസങ്ങളുടെയും അന്തര്‍ധാര. ഇതൊരു ചെറിയ ഉദാഹരണത്തിലൂടെ പി.കെ. നായികയ്ക്കും നായികയുടെ അന്ധവിശ്വാസിയായ അച്ഛനും തെളിയിച്ചുകൊടുക്കുന്നുണ്ട്. പബഌക് പരീക്ഷ നടക്കുന്ന കോളജിനുമുന്നില്‍ മരച്ചുവട്ടില്‍ വെറുമൊരു കല്ലെടുത്തു കുറിതൊടുവിച്ച് അല്‍പം നാണയത്തുട്ടുകളിട്ടു വയ്ക്കുമ്പോള്‍ പരീക്ഷാപ്പനിയില്‍ ആത്മവിശ്വാസം വാര്‍ന്നു വന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ മതകക്ഷിഭേദമന്യേ ആ കല്ലിനുമുന്നില്‍ തൊഴുകൈകളോടെ കുമ്പിടുകയും കാണിക്കയര്‍പ്പിക്കുകയുമാണ്. തൊട്ടടുത്തു ചായ വില്‍ക്കുന്ന ചായക്കാരനുപോലും ചായ ചായ എന്നുറക്കെ വിളിച്ചുപറയുന്നതടക്കം ഇതില്‍ക്കൂടുതല്‍ വിപണനശ്രമങ്ങളും മുതല്‍മുടക്കുമുണ്ടാവുമ്പോള്‍, കുറേ നാണയത്തുട്ടുകളുടെ മാത്രം മുടക്കില്‍ യാതൊരു പരിശ്രമവും കൂടാതെ ആ കല്ലിനുമുന്നില്‍ ആവശ്യക്കാര്‍ കണ്ടറിഞ്ഞു വന്നെത്തുകയാണ്. ഭയം സമൂഹത്തെ വിശ്വാസികളാക്കുന്നതെങ്ങനെയെന്ന പഌസിബോ ഇഫക്ടാണ് സംവിധായകന്‍ ഇതിലൂടെ കാണിച്ചുതരുന്നത്. കല്ലും മുള്ളും നിറഞ്ഞ, വെല്ലുവിളികളുടെ ജീവിതപാതയില്‍ ഒരാള്‍ തണലായി ഈശ്വരനെ കൂടെക്കൂട്ടുന്നതിനെ സിനിമ വിമര്‍ശിക്കുന്നില്ലെന്നു മാത്രമല്ല, നായകന്റെ അനുഭവങ്ങളിലൂടെ ന്യായീകരിക്കുന്നതേയുള്ളൂ. എന്നാല്‍, അതു റോങ്‌നമ്പര്‍ ആകാതെ, ശരിയായ ദിശയില്‍ യഥാര്‍ത്ഥ ഈശ്വരനെ തേടിയുള്ളതായിരിക്കണമെന്നാണ് പി.കെ. സിദ്ധാന്തിക്കുന്നത്. വിശ്വാസങ്ങളുടെ തിരുവസ്ത്രങ്ങള്‍ക്കൊന്നും ഇടമില്ലാത്ത ഭൗമാനന്തര സമൂഹത്തില്‍, സത്യം മാത്രം പറയുന്ന നേരിന്റെ നഗ്നത മാത്രമാവരണമാക്കുന്ന നായകന്‍. അയാള്‍ ഭൂമി വിട്ടുപോകുമ്പോള്‍, തന്റെ തപ്തപ്രണയം, ഉപനായകനോടുള്ള നായികയുടെ പ്രണയമനസുവായിച്ച് ത്യാഗമാക്കുമ്പോള്‍, അവളോടയാള്‍ ആദ്യത്തെ കളവു പറയുകയാണ്. അങ്ങനെ കള്ളം പറയാന്‍ പഠിച്ച്, നഗ്നവിശ്വാസങ്ങള്‍ക്ക് മേലുടുപ്പിന്റെ ആവരണമണിയിച്ചാണയാള്‍ മടങ്ങുന്നത്.
ദൈവം സാക്ഷിയായി
നമ്മെ സൃഷ്ടിച്ച ദൈവത്തിനു നമ്മുടെ സംരക്ഷണം ആവശ്യമുണ്ടോ എന്നതാണ് പി.കെ ഉന്നയിക്കുന്ന വേറൊരു പ്രശ്‌നം. സ്വന്തം ദൈവത്തെ, നാം ഉണ്ടാക്കിയ ദൈവത്തെ തൊട്ടുകളിച്ചാല്‍ വെറുതെയിരിക്കുമെന്നു കരുതേണ്ട എന്നു വെല്ലുവിളിക്കുന്ന ആള്‍ദൈവത്തോട് പി.കെ. ഉന്നയിക്കുന്ന മറുചോദ്യമാണിത്. പ്രപഞ്ചത്തെ സൃഷ്ടിച്ചു നിലനിര്‍ത്തുന്ന ഈശ്വരന് സ്വയം നിലനിര്‍ത്താന്‍ മനുഷ്യസഹായമാവശ്യമുണ്ടോ? അങ്ങനെ കരുതിയാല്‍ അതു മുഢത്വമല്ലേ? വിശ്വാസം അന്ധമാവുമ്പോള്‍, സങ്കുചിതമാവുമ്പോള്‍ അതു തീവ്രവാദമാവുന്നു. ആളെക്കൊല്ലുന്നു. ആളെക്കൊല്ലുന്ന ഒരു വിശ്വാസവും മാനവികമാവുകയില്ലെന്ന സന്ദേശമാണ് പി.കെ നല്‍കുന്നത്.ദേശകാലഭേദങ്ങള്‍ക്കപ്പുറം വളരുന്ന സ്‌നേഹമാണ,് പാരസ്പര്യമാണ്, പ്രണയമാണ് ഈശ്വരന്‍ എന്ന സന്ദേശം.
തന്റെ മുന്‍കാല ചലച്ചിത്രത്രയമായ മുന്നാഭായ് എം.ബി.ബി.എസിലൂടെ ദാദാഗിരിക്ക് മഹാത്മഗാന്ധിയുടെ ആദര്‍ശങ്ങളുടെ പരിവഷം പകര്‍ന്ന അഹിംസയിലൂന്നിയ ഗാന്ധിഗിരി എന്ന ആശയം മുന്നോട്ടു വച്ചപ്പോള്‍ ഗാന്ധിഭക്തരില്‍ നിന്നോ, കോണ്‍ഗ്രസില്‍ നിന്നോ നേരിടേണ്ടിവന്നിട്ടില്ലാത്ത ആക്രമണമാണ്, വിശ്വാസത്തിന്റെ മേല്‍ സ്‌നേഹമാണ് ഏറ്റവും വലിയ മതമെന്ന ആശയം കാഴ്ചവയ്ക്കുമ്പോള്‍ രാജ്കുമാര്‍ ഹിരാനിക്കു നേരിടേണ്ടി വരുന്നത്.സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങള്‍ തന്നെ സിനിമയുടെ പ്രദര്‍ശനം വഴി യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ സംഭവിക്കുന്നു എന്ന വൈരുദ്ധ്യം. യഥാര്‍ത്ഥ വിശ്വാസികളെ പക്ഷേ ഈ സിനിമ വ്രണപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ഇല്ല. ഒരുപക്ഷേ, സിനിമയെ ആക്രമിക്കുന്നവര്‍ അതിനു മുതിര്‍ന്നില്ലായിരുന്നെങ്കില്‍ നല്ലൊരു എന്റര്‍ടെയ്‌നര്‍ ആയി അംഗീകരിക്കപ്പെട്ടു തീയറ്റര്‍ വിട്ടേക്കുമായിരുന്ന പി.കെ. ഈ അതിക്രമങ്ങളിലൂടെ അതിരില്ലാത്ത രാഷ്ട്രീയ-വിപണനമൂല്യം നേടിയെന്നതാണ് വാസ്തവം.
തിരക്കഥയുടെ കെട്ടുറപ്പാണ് ഈ സിനിമയുടെ ശക്തി. ഒരു ലളിതഗാനം പോലെ, തടസമില്ലാത്ത പുഴപോലത്തെ ഒഴുക്കാണ് സിനിമ. അതിന് സംവിധായകന്റെ തന്നെ സന്നിവേശവും മുരളീധരന്റെ ഛായാഗ്രഹണവും, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസന്നിവേശവും, ആമിര്‍ ഖാന്‍, ബോമന്‍ ഇറാനി, സഞ്ജയ് ദത്ത്, അനൗഷ്‌ക ശര്‍മ, സുശാന്ത് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങളും നല്‍കുന്ന പിന്തുണ ചെറുതല്ല.