കാമനകളുടെ കണ്ണെഴുത്ത്
വി. ജയദേവ്
എ.ചന്ദ്രശേഖറിന്റെ സിനിമ-കറുത്തയാഥാര്‍ത്ഥ്യങ്ങളുടെ ദൃശ്യകാമനകള്‍ എന്ന പുസ്തകം വായിച്ച അനുഭവത്തെപ്പറ്റി കവിയും മാധ്യമപ്രവര്‍ത്തകനുമായ വി.ജയദേവ്
ഒരു പക്ഷേ സിനിമയെന്ന ദൃശ്യകലയുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന സാഹിത്യരൂപമുണ്ടെങ്കില്‍ അതു കവിത മാത്രമാണ്. സിനിമയുടെ ദൃശ്യാവിഷ്‌കാരം ഏറെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന തിരക്കഥയ്ക്കു പോലും അതിനു പിന്നിലേ സ്ഥാനമുണ്ടാവൂ. പുതിയകാല കവിതയില്‍ എങ്ങനെയാണ് വാക്കുകളുടെ വരരൂപങ്ങള്‍ക്കു പുറത്തേക്ക് കവിതയെ കൊണ്ടുപോകുന്നത് എന്നു മനസിലാക്കിയാല്‍ അതു തന്നെയാണ് വേറിട്ട സിനിമ എക്കാലത്തും ചെയ്തുകൊണ്ടിരിക്കുന്നത് എന്നു കാണാന്‍ വിഷമമില്ല. എന്നാല്‍ സിനിമാകൊട്ടകയ്ക്കകത്തു ചിലവഴിക്കുന്ന ഏതാനും മണിക്കൂറുകള്‍ കൊണ്ട് നാം കാണുന്നതിനപ്പുറത്തേക്ക് എങ്ങനെ സിനിമ സിനിമയെ പുറത്തുകൊണ്ടുവരുന്നു എന്നറിയാന്‍ സാധിച്ചെന്നുവരില്ല. അതിന് സിനിമയെക്കുറിച്ച് ആഴത്തിലുള്ള മുന്നറിവുകള്‍ തന്നെ വേണ്ടിവരുന്നു. ഇതിനായി ആശ്രയിക്കാനുള്ളത് സിനിമാസംബന്ധിയായ എഴുത്തുകളെയാണ്. സിനിമ കറുത്ത യാഥാര്‍ഥ്യങ്ങളുടെ ദൃശ്യകാമനകള്‍ എന്ന പുസ്തകത്തിലൂടെ എ. ചന്ദ്രശേഖര്‍ വഴിനടത്തുന്നത് സിനിമ യുടെ കവിതയിലേക്കാണ്.
ചന്ദ്രശേഖറിന്റെ ശൈലിക്ക് അങ്ങനെയൊരു പിടിവാശിയുണ്ട്. വായനക്കാരെ പിടിച്ചിരുത്തി വായി പ്പിക്കുന്നത്. വായിക്കുകയേ അല്ല, സിനിമ കാണുക തന്നെയാണ് എന്നൊരു പ്രതീതി അതുണ്ടാക്കുന്നുണ്ട്. സിനിമയെന്നാല്‍ ഒരു കഥ പറയുക എന്ന നാട്ടുനടപ്പ് ഇന്നു മിക്ക സംവിധായകരും വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ ബോധപൂര്‍വം അതുപേക്ഷിച്ചുകളയുന്നുണ്ട്. പറയുന്ന കഥയ്ക്കപ്പുറത്തേക്ക് സിനിമയെ കൊണ്ടുപോകുകയെന്ന വിശാലരാഷ്ട്രീയം അതുയര്‍ത്തിപ്പിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ തലമുറയുടെ കഥ പറയുന്ന ന്യൂജനറേഷന്‍ സിനിമകള്‍ വെറും കഥപറച്ചിലുകളല്ലാതായി മാറുന്നത്. അതു മലയാള സിനിമയുടെ ക്ലീഷേകളെ ഒഴിവാക്കുന്നതു കൊണ്ടുമാത്രമല്ല. പുതിയ കാലത്തിന്റെതായ രാഷ്ട്രീയത്തിന്റെ മിന്നല്‍പ്പിണരുകള്‍ അതു സൃഷ്ടിക്കുന്നു എന്നതു കൊണ്ടുകൂടിയാണ്.
ചന്ദ്രശേഖര്‍ എഴുതുന്നു 'വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള നവതരംഗ സിനിമകള്‍ മാമൂല്‍ ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്‌സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരതപത്മരാജന്മാരുടെ ഗ്രാമ്യസിനിമകളില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയ തലമുറ മലയാളിയോടാണ് ''. ന്യൂജനറേഷന്‍ സിനിമകളുടെ കുത്തൊഴുക്കില്‍ സിനിമ കണ്ട് അടിപൊളി, എട്ടിന്റെ പണിയായിപ്പോയി തുടങ്ങിയ അമച്വര്‍ കമന്റുകള്‍ക്കപ്പുറത്ത് പുതിയ സിനിമകളെ ഗൗരവപൂര്‍വം പഠിക്കാനും അവയുടെ നല്ല വശങ്ങളില്‍ ഊന്നാനുമുള്ള വലിയൊരു കാഴ്ചപ്പാടാണ് ചന്ദ്രശേഖറിനെ മറ്റു സിനിമയെഴുത്തുകാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ഉപരിപ്ലവമായ സിനിമാസ്വാദനമല്ല മറിച്ച് സൗന്ദര്യാന്വേഷണമാണ് ഈ എഴുത്തുകാരന്റെ രചനയുടെ രസതന്ത്രം.
ലോകസിനിമയുടെ പുതിയ ഭാവുകത്വത്തില്‍ സൂഷി വിഭവം പോലെ ഒരു തുറന്ന ആവിഷ്‌കരണരീതി കടന്നുവന്നതിനെപ്പറ്റി ചന്ദ്രശേഖര്‍ ഈ പുസ്തകത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിരീക്ഷണങ്ങള്‍ക്ക് വല്ലാത്ത സൂക്ഷ്മതയുും മൗലികതയുമുണ്ട് ലോക, ഇന്ത്യന്‍, സിനിമകള്‍ക്കൊപ്പം പ്രാദേശിക സിനിമകളുടെ അതും പുതിയ സിനിമകളുടെ അപഗ്രഥനം തന്നെയാണ് ഈ ഗ്രന്ഥം. എന്നാല്‍ അതു വിരസമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടല്ല, മറിച്ച് സിനിമകളെക്കുറിച്ച് ഒരു കവിതയെഴുതാനുള്ള ശ്രമമാണ്.
പരമ്പരാഗത സിനിമയെഴുത്തുകളില്‍ നിന്ന് അതു മറ്റൊരു സര്‍ഗാത്മകരചനയായി മാറുകയാണ്. സിനിമാ നിര്‍മാണത്തിന്റെ മുമ്പും പിന്നീടും നടക്കുന്ന കാര്യങ്ങളടക്കം. സിനിമയില്‍ കാണാത്ത എന്നാല്‍ കാണേണ്ട കാര്യങ്ങളടക്കം. സിനിമയക്കു ശേഷം സിനിമയെക്കുറിച്ചെഴുതുന്ന ഒരു തിരക്കഥയെന്നും വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. ഒരു സിനിമ കാണുന്നതു പോലെ അനായാസമായി വായിച്ചുപോകാന്‍ പറ്റുന്നത്രയും ലളിതമായ ഭാഷയില്‍. കടിച്ചാല്‍ പൊട്ടാത്തതും വായനക്കാരനെ വിസ്മയിപ്പിക്കുന്നതുമായ സിനിമാ സാങ്കേതികവിദ്യയുടെ ജാര്‍ഗണുകള്‍ ആവോളം വിതറാനുള്ള അവസരങ്ങള്‍ മനഃപുര്‍വം ഒഴിവാക്കുന്ന രീതിയാണ് ചന്ദ്രശേഖറിന്റേത്. ആദ്യ പുസ്തകമായ ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന ഗ്രന്ഥത്തില്‍ തുടങ്ങി പിടിവാശിയോടെ അദ്ദേഹം കൊണ്ടുനടക്കുന്ന രചനാരീതിയാണത്. ഒന്നോ രണ്ടോ വാചകങ്ങളില്‍ പരാമര്‍ശിത സിനിമയെ പരിചയപ്പെടുത്തുന്നതോടെ ഒരു സിനിമയും കാണാത്ത ഒരാള്‍ക്കും അനായസേന വായിച്ചുപഠിക്കാന്‍ പറ്റുന്ന പുസ്തകമായി അതു മാറുന്നു.
സിനിമ, നിരീക്ഷണം, ഓര്‍മ, മിനിസ്‌ക്രീന്‍ എന്നീ ഭാഗങ്ങളിലായി ഗ്രന്ഥകര്‍ത്താവ് സ്പര്‍ശിച്ചു പോകാത്ത ഒരു പ്രതിഭയുമുണ്ടാവില്ല സിനിമയുടെ ലോകത്ത്. ഇതിന് അപാരമായ കൈയടക്കമാണ് ലേഖകന്‍ പ്രദര്‍ശിപ്പിക്കുന്നത്. വലിച്ചുനീട്ടിയെത്രയോ പുറങ്ങളില്‍ എഴുതാവുന്ന കാര്യങ്ങളാണ് നൂറില്‍പ്പരം പേജുകളിലായി ഒതുക്കിനിര്‍ത്തിയിരിക്കുന്നത്. ജീവിതത്തിന്റെ എല്ലാ നിലവിളികളെയും തൂങ്ങിയാടുന്ന ഒരു മുഴം കയറിലേക്ക് സംവിധായകന്‍ സന്നിവേശിപ്പിക്കുന്നതു പോലെ.
No comments:
Post a Comment