Sunday, March 09, 2014

ക്യാമല്‍ സഫാരിക്കൊടുവില്‍ ഓം ശാന്തി ഓശാന- ചില ന്യൂജനറേഷന്‍ ചിന്തകള്‍


എന്താണ് ന്യൂ ജനറേഷനെ ന്യൂജനറേഷനാക്കുന്നത്? മലയാള സിനിമയുടെ പുതുതലമുറയെ പൂണ്ടടക്കം കുറ്റം പറയുന്നവര്‍, അതിന്റെ ബാഹ്യവും ഉപരിപഌവവുമായ ചില ലക്ഷണവൈകല്യങ്ങളെ മാത്രം പരിഗണിച്ച് ആക്ഷേപിക്കുന്നവര്‍ തിരിച്ചറിയാതെ പോകുന്ന വാസ്തവം എന്തോ, അതാണ് നവതലമുറസിനിമയുടെ ഭാവുകത്വ രാസപരിണാമം. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളെ വിലയിരുത്തിയാല്‍ മാത്രം മതി ഈ നിരീക്ഷണം സാധൂകരിക്കാന്‍. ഏഴുവര്‍ഷം മുമ്പുവരെ യുവപ്രേക്ഷകരെ കോള്‍മയിര്‍ കൊള്ളിച്ച സംവിധായകരുടെ തലമുറ പഴന്തലമുറയായിമാറി എന്നതിന്റെ തെളിവുകൂടിയായി ഈ താരതമ്യത്തെ കണക്കാക്കേണ്ടതുണ്ട്.
അടുത്തിടെ സാമാന്യത്തിലധികം പ്രദര്‍ശനവിജയം നേടിയ ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാനയും കുറച്ചുമാസങ്ങള്‍ക്കുമുമ്പു മാത്രം തീയറ്ററുകളിലെത്തുകയും വന്നതും പോയതും അധികമാരുമറിയാതെ പോയതുമായ ജയരാജിന്റെ ക്യാമല്‍ സഫാരിയുമാണ് പരാമര്‍ശിക്കപ്പെടുന്ന സിനിമകള്‍. രണ്ടും യുവത്വത്തിനു പ്രാധാന്യം നല്‍കിയ സിനിമകള്‍. കഥാഘടനയിലും കഥാനിര്‍വഹണത്തിലും സമാന്തരമായ ചില സമാനതകള്‍ വച്ചുപുലര്‍ത്തുന്നവ. എന്തു വിലകൊടുത്തും കാമുകന്റെ സ്‌നേഹം നേടിയെടുക്കാന്‍ തുനിഞ്ഞിറങ്ങുന്ന പ്രണയിനിയുടെ പ്രണയവിജയത്തിന്റെ കഥ. അതാണ് രണ്ടിന്റെയും വണ്‍ ലൈന്‍. (ദൃശ്യത്തിന്റെയും ആമേന്റെയും കാര്യത്തിലെന്നപോലെ, ഈ സിനിമകള്‍ക്കും ഏതെങ്കിലും കൊറിയന്‍ ജാപ്പനീസ് സിനിമകളോട് കടപ്പാടുണ്ടോ എന്നറിയില്ല.) പ്രത്യക്ഷത്തില്‍ വിലയിരുത്തുമ്പോള്‍ വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിന്റെ മറുവശം അഥവാ തട്ടത്തിന്‍ മറയത്ത് മറിച്ചിട്ടത്. അതാണ് ഓം ശാന്തിയും ക്യാമല്‍ സഫാരിയും. സമാനതകളവിടെ നില്‍ക്കട്ടെ.
ഒരേ ഉള്ളടക്കമുള്ള ഈ സിനിമകളില്‍ ഒന്ന് വന്‍ വിജയവും മറ്റൊന്ന് വമ്പന്‍ പരാജയവുമാവാന്‍ കാരണമെന്താണ്? ആ അന്വേഷണമാണ് നവതരംഗസിനിമയുടെ വ്യാകരണസവിശേഷതയെയും ഭാവുകത്വശ്രേഷ്ഠതയെയും വെളിവാക്കുക. നിര്‍വഹണത്തിലെ, ചലച്ചിത്രസമീപനത്തിലെ വ്യത്യാസമാണ് ഒന്നിനെ കണ്ടിരിക്കാവുന്നതും മറ്റേതിനെ അസഹ്യവുമാക്കിയത്. സ്വാഭാവികമായി അസഹ്യമായതിനെ പ്രേക്ഷകര്‍ തള്ളി, സിനിമ തീയറ്ററില്‍ വീണു.
നിവിന്‍ പോളി-നസ്രിയ നസീം- അജു എന്നിവരുടെ ജനപ്രിയ സാന്നിദ്ധ്യം ഓം ശാന്തി ഓശാനയുടെ വിജയഘടകമാണെന്നൊരു ന്യായം പറയാം. തീര്‍ച്ചയായും അവഗണിക്കാവുന്ന അവകാശവാദമോ ആരോപണമോ അല്ലത്. യുവഹൃദയങ്ങളില്‍ നേരം ഉണര്‍ത്തിവിട്ട ആവേശത്തിന്റെ ഒരംശം ഓം ശാന്തിക്ക് ഇനിഷ്യല്‍ പുള്‍ എന്ന ആള്‍ക്കൂട്ടത്തെ ഉണ്ടാക്കാന്‍ തീര്‍ച്ചയായും സഹായകമായിട്ടുണ്ട്, ഏതൊരു പരസ്യപ്രചാരണത്തിനുമപ്പുറം. എന്നാല്‍ അതുകൊണ്ടു മാത്രം വിജയിച്ച സിനിമയാണോ ഓം ശാന്തി ഓശാന?  അങ്ങനെയെങ്കില്‍, ജയരാജിനെപ്പോലെ, ദേശീയ-രാജ്യാന്തര പ്രശസ്തനും സീനിയറുമായൊരു സംവിധായകന്റെ സാന്നിദ്ധ്യം ക്യാമല്‍ സഫാരിക്ക് അനുകൂലഘടകമാവേണ്ടതല്ലേ? രാജസ്ഥാന്‍ പോലെ കമനീയമായ ലൊക്കേഷന്റെയും ദൃശ്യസൗന്ദര്യത്തിന്റെയും പിന്തുണ നേട്ടമാവേണ്ടതല്ലേ? സിനിമയുടെ പരാജയ കാരണം അതൊന്നുമല്ല, മറിച്ച് പ്രേക്ഷകന്റെ മനസു കീഴടക്കാന്‍ ക്യാമല്‍ സഫാരിക്കായില്ല എന്നതാണ്. എന്തുകൊണ്ട്
ആദ്യമായി, യുവാക്കളുടെ സിനിമ എന്നു കേള്‍ക്കുമ്പോള്‍ സാധാരണ സിനിമാക്കാരുടെയും പ്രേക്ഷകരുടെയും മനസിലേക്കോടിയെത്തുന്ന ചില കഌഷേ ദൃശ്യങ്ങളുണ്ട്. ചില ദൃശ്യപരിചരണരീതികളും സ്വഭാവങ്ങളുമുണ്ട്. സംഗീതത്തിലൊഴികെ, മറ്റെല്ലാറ്റിലും ആയിരത്തൊന്നുതവണ ചവച്ചു ഛര്‍ദ്ദിച്ച ഈ ദൃശ്യസ്വഭാവമാണ് ജയരാജ് ക്യാമല്‍ സഫാരിക്കായി സ്വീകരിച്ചത്. അതാകട്ടെ, അദ്ദേഹത്തിന്റെ തന്നെ ഫോര്‍ ദ പീപ്പിളില്‍ അടക്കം മുമ്പേ പരീക്ഷിക്കപ്പെട്ടതിന്റെ തനിയാവര്‍ത്തനവും. ക്യാംപസ് യുവത്വം എന്നാല്‍, തുറന്ന ജീപ്പില്‍ ട്രെന്‍ഡി വസ്ത്രങ്ങളണിഞ്ഞ് ജീപ്പിന്റെ പുറത്തും റണ്ണിംഗ് ബോര്‍ഡിലും കയ്യും കാലും നീട്ടി നിന്ന് അശ്‌ളീല നൃത്തം ചവിട്ടല്‍ എന്നും മറ്റുമുള്ള ഇനിയും പ്രായപൂര്‍ത്തിയാവാത്ത ദൃശ്യധാരണകളാണ് ജയരാജ് ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പണ്ടു പ്രേം നസീര്‍ കാലഘട്ടത്തില്‍ തുടങ്ങി കണ്ടുമടുത്ത ക്യാംപസ് കാഴ്ചകള്‍. അതിന്റെ അരോചകത്വം ഒരുപക്ഷേ ജയരാജിനൊഴികെ മറ്റെല്ലാവര്‍ക്കും മനസ്സിലായി എന്നതാണ് ചിത്രത്തിനേറ്റ പരാജയത്തിന്റെ കാരണം. അടൂര്‍ഭാസി കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഒരു പാതിരി മാത്രം പ്രിന്‍സിപ്പല്‍ മുതല്‍ മാനേജര്‍ വരെയുള്ള ചുമതലവഹിക്കുന്ന ഒരു ബിസിനസ് സ്‌കൂള്‍. അവിടെ നിന്ന് സ്വകാര്യ യാത്രയ്ക്കു പോകുന്ന ഒരുപറ്റം വിദ്യാര്‍ത്ഥികളോട് ആ യാത്ര പ്രോജക്ട് ആക്കാന്‍ പറയുന്ന പ്രിന്‍സിപ്പല്‍, അവിടെ, കൂട്ടിലടച്ച കിളിയെ പോലെ വളരുന്ന അഭിനവ ഋഷ്യശ്രംഗനായൊരു രജപുത്രനായകന്‍. ചെന്നെത്തുന്ന വീട്ടിലെ രജപുത്ര വിവാഹത്തിന്റെ കുശിനി മുതല്‍ വസ്ത്രം വരെ എല്ലാ പണിയും ഏല്‍പ്പിക്കപ്പെടുന്ന നായകിപ്പട (ഒരു വിവാഹം പോലും സ്വയം പഌന്‍ ചെയ്തു നടപ്പാക്കാനാവതില്ലാത്തവരാണല്ലോ രജപുത്രര്‍ എന്നോര്‍ത്തു സങ്കടം വന്നു. യഥാര്‍ത്ഥ രജപുത്രരാരും ചിത്രം കാണാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം). കുശിനിക്കു വേണ്ടി കേരളത്തിലെ ഒരു ഷാപ്പില്‍ നിന്നു കരിമീന്‍ പൊള്ളിച്ചതടക്കം ഉണ്ടാക്കാന്‍ കൊണ്ടുവന്ന് ഹാസ്യം വിഭാഗത്തിന്റെ ഹോള്‍സെയില്‍ ഏല്‍പിച്ചുകൊടുക്കുന്ന പഠിപ്പില്ലാത്ത, ഭാഷയറിയാത്ത കുശിനിക്കാരന്‍.( ഈ ആര്‍ക്കിടൈപ്പിനെ കൈവെടിയാന്‍ പാകത്തിനു മലയാള മുഖ്യധാരാസിനിമ ഇനി പക്വത നേടുന്നതെന്നാണാവോ?) യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത സംഭവങ്ങളുടെ മാലപ്പരമ്പര. പ്രമേയനിര്‍വഹണത്തിലെ ഈ പരിമിതികള്‍ക്കപ്പുറത്ത് അതിമനോഹരമായ ഛായാഗ്രഹണവും, ദീപാങ്കുരന്റെ എടുത്തുപറയേണ്ട ഗാനസംഗീതവും എസ്. പി. വെങ്കിടേഷിന്റെ പശ്ചാത്തലസംഗീതവും, പിന്നെ ലൊക്കേഷന്റെ എല്ലാവിധ പിന്തുണയും. എന്നിട്ടും ക്യാമല്‍ സഫാരി കാണുന്നവന്റെ ഹൃദയത്തില്‍ പതിയുന്നില്ലെങ്കില്‍, അതിന് ആത്മാവില്ല എന്നതു തന്നെയാണു കാരണം.
ഇനി, എന്താണ് ഓം ശാന്തി ഓശാനയുടെ മേന്മ? അത് പതിവു കാഴ്ചവണക്കങ്ങളെ, ദൃശ്യശീലങ്ങളെ ചോദ്യം ചെയ്യുന്നു. നിര്‍വഹണത്തില്‍ പുതിയ പലതും പരീക്ഷിക്കുന്നു. കാഴ്ചയുടെ ധാരാളിത്തത്തെവിട്ട് പ്രമേയനിര്‍വഹണത്തിനു വേണ്ടതു മാത്രം കാണിക്കുന്നു. നായികയുടെ പരിപാകമില്ലാത്ത മനസിന്റെ പകര്‍ന്നാട്ടങ്ങളെപ്പോലും യുക്തിക്കും ബുദ്ധിക്കും പരുക്കേല്‍പ്പിക്കാത്തവിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.അവിശ്വസനീയതയുടെ ചില ഷാവോലിന്‍ എപ്പിസോഡുകള്‍ പോലും, ഇനിയൊരുപക്ഷേ നായകന്‍ ചൈനയിലല്ല പോയിരുന്നതെങ്കിലും കുഴപ്പമില്ലായിരുന്നു എന്ന പ്രമേയക്കരുത്തില്‍ അവഗണിക്കാവുന്നതായിത്തീരുന്നു. ചുരുക്കത്തില്‍ ഓം ശാന്തിയിലെ നായിക സ്‌നേഹത്തോടെ കയറിയിരിപ്പുറപ്പിക്കുന്നത് കാണിയുടെ നെഞ്ചത്താണ്. വില്ലനില്ലാത്ത പ്രണയസിനിമ എന്നൊന്ന് ജയരാജിന് അചിന്ത്യമായിരിക്കുന്നിടത്താണ് ജൂഡിന്റെ കൊച്ചുസിനിമ അത്തരത്തിലും വിജയമാകുന്നത്. യുവതലമുറയുടെ അരാജകത്വമൊന്നുമല്ല നിവിന്‍ പോളിയുടെ നായകന്‍ പ്രതിനിധാനം ചെയ്യുന്നത്. ഇവിടം സ്വര്‍ഗമാണിലെ നായകന് കാണാമറയത്തിലെ നായകനു ജനിച്ചതാണ് ഓം ശാന്തിയിലെ നായകന്‍ എന്നുവിശേഷിപ്പിച്ചാലും തെറ്റില്ല. പക്ഷേ, അയാള്‍ മുന്നോട്ടു വയ്ക്കുന്ന ആദര്‍ശം എന്തായാലും സാമൂഹികവിരുദ്ധതയുടേതല്ല.
കഌഷേകളോടു വിടപറയാനുളള വൈമുഖ്യമോ, തലമുറവിടവിനപ്പുറം നമ്മുടെ പുതിയ തലമുറ ചിന്തിക്കുന്നതും കാണുന്നതും കാണാനാഗ്രഹിക്കുന്നതുമെന്താണെന്നു തിരിച്ചറിയാനാവാതെ പോകുന്നതോ ആയിരിക്കണം മുന്‍കാല സംവിധായകരെ പെട്ടെന്നു കാലഹരണപ്പെട്ടവരാക്കുന്നത്. സ്വന്തം തലമുറയുടെ സ്വഭാവങ്ങളും ശീലങ്ങളും അവരിലൊരാള്‍ പറയുന്നതിലെ ആര്‍ജ്ജവമായിരിക്കണം ന്യൂ ജനറേഷന്‍ സിനിമകളുടെ രചയിതാക്കളുടെ ഏറ്റവും വലിയ കരുത്തും. ഓം ശാന്തിയും ക്യാമല്‍ സഫാരിയും വ്യക്തമാക്കുന്നതും മറ്റൊന്നല്ല.

2 comments:

Sahani R. said...

ഷാജിയും ജോഷിയും സത്യനുമെല്ലാം പണി മതിയാക്കാറായില്ലേ !
ചേരുവ ഏതായാലും കണ്ടിരിക്കണം. കുറച്ചൊരു യുക്തി കൂടിയുണ്ടെങ്കില്‍ വിജയിച്ചേക്കാം... ഇതല്ലേ ന്യൂജന്‍ സിനിമ.

A.Chandrasekhar said...

ഇല്ല സഹാനി, സത്യേട്ടനെ എഴുതിത്തള്ളാറായിട്ടില്ല. ഒരു ഇന്ത്യന്‍ പ്രണയകഥ ഒരു നിമിഷത്തെ മടുപ്പില്ലാതെ കണ്ടിരിക്കാം.