Thursday, September 12, 2013

പ്രാദേശികസിനിമ-ഒരു കാലിഡോസ്‌കോപ്

എ.ചന്ദ്രശേഖര്‍
ഹോളിവുഡില്‍ നിന്നു പ്രചോദനുള്‍ക്കൊണ്ട് ബോളിവുഡ് എന്ന് സ്വയം മാമോദീസ ചെയ്ത ഹിന്ദി മുഖ്യധാരാ സിനിമ ഇതര ലോകഭാഷാസിനിമകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതെ ങ്ങനെയാണ്? സാംസ്‌കാരിക വൈവിദ്്ധ്യത്തിന്റെ, വൈരുധ്യത്തിന്റെ സങ്കലനമായ, വിവിധ കലാരൂപങ്ങളുടെ സമ്മേളനമായഒരു തനതു സ്വത്വമാണ് ബോളിവുഡിനെ സിനിമാഭാവുകത്വത്തില്‍ വേറിട്ട് അടയാളപ്പെടുത്തുന്നത്. നൃത്തം, സംഗീതം തുടങ്ങിയവയുടെ, ലോകസിനിമയില്‍ എങ്ങും കാണാനാവാത്ത ചില ഫോര്‍മുലകള്‍ നമ്മുടെ മുഖ്യധാരാ സിനിമയുടെ മുഖമുദ്രയായിത്തീര്‍ന്നത് തീര്‍ത്തും പ്രാദേശികമായ, ഭാരതത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യത്തിന്റെ ഏകോപിപ്പിച്ച സംഭാവനകള്‍കൊണ്ടുമാത്രമാണ് എന്നതാണു വാസ്തവം. എന്നാല്‍, ലോകസിനിമയില്‍ അമേരിക്കകഴിഞ്ഞാല്‍ ഏറ്റവും മുന്തിയ സ്ഥാനം ലഭിക്കുകയും, അമേരിക്കയെപ്പോലും മറികടന്ന് എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ പ്രതിവര്‍ഷം ഉദ്പാദിപ്പിക്കുന്ന തലത്തിലേക്ക് വ്യാവസായികമായി നിലയുറപ്പിക്കുകയും ചെയ്തതോടെ, ബോളിവുഡ് എന്നാല്‍ ഹിന്ദി എന്ന തലത്തിലേക്ക് ഇന്ത്യന്‍ സിനിമയുടെ വേരുചുരുക്കാനാണ് മുംബൈ ശ്രമിച്ചത്. ഇതാകട്ടെ, മുംബൈ ഇന്ത്യുയുടെ ഹോളിവുഡ് ആയതെങ്ങനെ എന്ന ചരിത്രം പോലും വിസ്മരിച്ചുകൊണ്ടായിരുന്നുവെന്നതാണ് സത്യം. ഭാഷാപരവും ദേശീയവും സാംസ്‌കാരികവുമായ പ്രാദേശികതകളിലൂന്നിയ വളര്‍ച്ചയാണ് ഇന്ത്യന്‍ പൊതുസിനിമാധാരയെ പരിപോഷിപ്പിച്ചതും നിലനിര്‍ത്തിയതും. ഹിന്ദി മേല്‍ക്കൈ നേടിയതിനു പിന്നില്‍പ്പോലും പ്രാദേശിക ചലച്ചിത്രപ്രവര്‍ത്തകരുടെയും സാങ്കേതികവിദഗ്ധരുടെയും ആത്മാര്‍ണത്തോടെയുളള പ്രവര്‍ത്തനങ്ങള്‍ വഴിയായിരുന്നു. അതിനൊരുപക്ഷേ അവരെ പ്രേരിപ്പിച്ചത്, കൂടുതല്‍ വരുമാനമുണ്ടാക്കാമെന്ന വാണിജ്യപരമായ കാഴ്ചപ്പാടുമായിരിക്കണം.
ഇന്ത്യയിലാദ്യമായി ഒരു ചലച്ചിത്രം പിറവിയെടുത്തത്, ഹിന്ദിയിലായിരുന്നില്ല. രാജാ ഹരിശ്ചന്ദ്ര മറാത്തിയിലായിരുന്നു. ദാദാ സാഹിബ് ഫാല്‍ക്കെ മറാത്തിക്കാരനും. ഇന്ത്യയിലാദ്യമായി ചലച്ചിത്ര പ്രദര്‍ശനം ആരംഭിച്ചത് മറാത്തിക്കാരനായ ഹരിശ്ചന്ദ്ര സഖാറാം ഭട് വാഡേക്കര്‍. ഇന്ത്യ കണ്ട ആദ്യകാല ജനകീയ സംവിധായകരായ വി.ശാന്താറാം, ഗുരുദത്ത്, അശോക് കുമാര്‍,രാജ് കപൂര്‍, നിര്‍മാതാക്കളായ ഹിമാംശു റായി, പി.സി.ബറുവ, നിതിന്‍ ബോസ്,ബിമല്‍ റോയ്,തുടങ്ങിയവരെല്ലാം രാജ്യത്തെ അഹിന്ദി പ്രദേശങ്ങളില്‍ നിന്ന് സിനിമയില്‍ ആകൃഷ്ടരായി മുംബൈയിലേക്കു കുടിയേറിയവര്‍. ഇന്ത്യന്‍ സിനിമയെ ലോകസിനിമാഭൂപടത്തില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തിയവരില്‍ സത്യജിത് റേയും മൃണാള്‍ സെന്നും ബംഗാളികള്‍. ഒരേയൊരു അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളിയും. ഇന്ത്യന്‍ സിനിമയുടെ പാന്‍-ഇന്ത്യന്‍ വിണിയില്‍ കണ്ണുവച്ച് ഹിന്ദി ഭാഷാസിനിമ മേല്‍ക്കോയ്മ സ്ഥാപിക്കുന്നത്, വാസ്തവത്തില്‍ ഹിന്ദിക്കാരല്ലാത്ത ചലച്ചിത്രപ്രവര്‍ത്തകരുടെ താല്‍പര്യമനുസരിച്ചാണെന്നതിന് ഇതില്‍പ്പരമൊരു കണക്കെടുപ്പാവശ്യമുണ്ടെന്നു തോന്നുന്നില്ല. സ്വാഭാവികമായി, ഇന്ത്യ ഏറെ കൊട്ടിഘോഷിക്കുന്ന വര്‍ണാഭമായ അതിന്റെ തനതു ചലച്ചിത്രഭാവുകത്വത്തിന്റെ ഇഴകളില്‍ ബംഗാളി സംഗീതധാരയും, ലാവംഗി നൃത്തച്ചുവടുകളും ഗ്രാമീണ തെരുവുനാടകങ്ങളുടെ ശരീരഭാഷയുമെല്ലാം ഇടകലര്‍ന്നു. ഇതെല്ലാം പ്രാദേശികമായ സംഭാവനകളുമായിരുന്നു. ചുരുക്കത്തില്‍ കുടിയേറ്റത്തിന്റെ കാര്യത്തിലെന്നപോലെ, കലകളുടെകാര്യത്തിലും ചലച്ചിത്രഭാഷയുടെ കാര്യത്തിലും മുംബൈയിലേക്ക് രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നുണ്ടായ കുടിയേറിപ്പാര്‍ക്കലിലൂടെ ഉരുത്തിരിഞ്ഞുവന്ന കോസ്‌മോപോളിറ്റന്‍ സങ്കര ഉല്‍പ്പന്നമാണ് ഇന്നു കാണുന്ന ബോളിവുഡ് സിനിമ.

ബംഗാളില്‍ വിരിഞ്ഞ സുവര്‍ണരേഖകള്‍
വാണിജ്യതാല്‍പര്യങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ സിനിമ അതിന്റെ മാധ്യമപരമായ വളര്‍ച്ചയ്ക്കും പക്വതയ്ക്കും ആത്മാര്‍ത്ഥമായി കടപ്പെട്ടിരിക്കുന്നത് ബംഗാളിനോടും കേരളത്തോടും തമിഴിനോടും കന്നഡത്തോടും കുറച്ചെല്ലാം അസമിനോടുമാണെന്നതില്‍ തര്‍ക്കമില്ല. 1917ലാണ് ഹരിശ്ചന്ദ്ര കഥയെ ആസ്പദമാക്കിയുളള ആദ്യ ബംഗാളി സിനിമ പുറത്തുവരുന്നത്. പക്ഷേ, കമ്പോളവിജയം ലാക്കാക്കിയുള്ള ചലച്ചിത്രപ്രവര്‍ത്തനത്തിന് മുംബൈയിലേക്കു ചേക്കേറിയ വംഗദേശികര്‍, സ്വന്തം ഭാഷയില്‍ വിരിയിച്ചത നവബോധത്തിന്റെ ചലച്ചിത്രധാരകളായിരുന്നു. അതിനവര്‍ക്കു പ്രേരകമായതോ, അടിയുറച്ച ഇടതുപക്ഷാഭിമുഖ്യവും, രവീന്ദ്രസ്വാധീനവും സാംസ്‌കാരിക-നാടക പൈതൃകവും. അതാകട്ടെ, ഇന്ത്യന്‍ സിനിമയുടെ സമാന്തരനവധാരയിലേക്കുള്ള വളര്‍ച്ചയ്ക്കുള്ള വഴിമരുന്നുമായി.
സാമൂഹികപശ്ചാത്തലത്തിലാണ് ബംഗാളി നവസിനിമ തച്ചുതീര്‍ക്കപ്പെട്ടത്.അതാകട്ടെ വംഗനാടിന്റെ സാമൂഹികപ്രതിബദ്ധതയുടെ അനന്തരഫലമായിരുന്നു താനും.ഇന്ത്യന്‍ സിനിമയില്‍ നിന്നുണ്ടായ ഏറ്റവും ലക്ഷണയുക്തമായ ആദ്യചലച്ചിത്രം എന്ന് ലോകം മുഴുവന്‍ അംഗീകരിച്ച സിനിമ സത്യജിത് റേയുടെ പാഥേര്‍ പാഞ്ജലിയാണ്. പാഥേര്‍ പാഞ്ജലി ഇന്ത്യന്‍ സിനിമയ്ക്കു സമ്മാനിച്ചത്, യാഥാര്‍ഥ്യത്തിന്റെ നവാവബോധമാണ്. കഌസിക്കല്‍ നിയോറിയലിസത്തിന്റെ അതിനൂതന കാഴ്ചപ്പാടാണ്. ഇന്ത്യന്‍ സിനിമ ഇന്ത്യയ്ക്കു പുറത്തേക്കു പരിമളം വ്യാപിപ്പിക്കുന്നത് സത്യജിത് റേയുടെ സിനിമകളിലൂടെയാണ്. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ തിരിച്ചു പിടി്ച്ച കണ്ണാടിയായിരുന്നു റേ സിനിമകള്‍. പക്ഷേ അതേസമയം അത് സിനിമയുടെ അതുവരെയുള്ള യാഥാസ്ഥിതിക സങ്കല്‍പങ്ങളെ മുച്ചൂടും ചോദ്യംചെയ്യുകയും തിരിച്ചുമറിക്കുകയും ചെയ്തു. അപുത്രയം (പാഥേര്‍ പാഞ്ജലി, അപരാജിതോ, അപുര്‍സന്‍സാര്‍, മഹാനഗര്‍, ദേവി, ശത്രഞ്ജ് കെ ഖിലാഡി, ജല്‍സാ ഘര്‍, ചാരുലത, ഗണശത്രു തുടങ്ങിയ ചലച്ചിത്രരചനകളെല്ലാം അതിന്റെ കഥാവസ്തുവിന്റെ തെരഞ്ഞെടുപ്പിലും ആവിഷ്‌കാരത്തിലും അസാമാന്യ ധൈര്യം കാണിച്ചവയാണ്.ഓസ്‌കറിലും കാനിലുമടക്കം ഒട്ടുമുക്കാല്‍ ലോകമേളകളിലും അംഗീകരിക്കപ്പെട്ട സിനിമകളാണ് റേയുടേത്. ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ അംഗീകാരം വരെ നേടിയ റേയാണ് ഇന്ത്യന്‍ സിനിമയുടെ ഒരുപക്ഷേ ആദ്യത്തെ ആഗോള അംബാസഡര്‍. ഹിന്ദി മുഖ്യധാരയ്ക്ക് റേയെ കടന്നു പതിറ്റാണ്ടുകള്‍ വേണ്ടിവന്നു ലോകഭൂപടത്തിലേക്ക് ഒന്നെത്തിനോക്കാനെന്നോര്‍ക്കുക. എന്തിന്, പാഥേര്‍ പാഞ്ജലിയെ മാറ്റിനിര്‍ത്തി ഒരു ചരിത്രരചനപോലും സാധ്യമല്ല ഇന്ത്യന്‍ സിനിമയില്‍. ഇന്ത്യന്‍ സിനിമ തന്നെ പാഥേര്‍ പാഞ്ജലിക്കു മുമ്പും പിന്‍പും എന്ന നിലയ്ക്കാണ് വിഭജിക്കപ്പെട്ടിട്ടുള്ളത്.
റേയ്‌ക്കൊപ്പമോ, അതിനും മുന്നെയോ, മേഘ ധാക്ക താരയും സുവര്‍ണരേഖയും പോലുള്ള സിനിമകളിലൂടെ ഋത്വിക് ഘട്ടക് എന്നൊരു ഒറ്റയാന്‍ ബംഗാളില്‍ സിനിമയുടെ വ്യാകരണവും ചമത്കാരവും ഉടച്ചുവാര്‍ക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും, വിദേശസിനിമകളില്‍ നിന്നുമുള്ള അച്ചടക്കമുള്ള പരിശീലനങ്ങളിലൂടെ സ്വായത്തമാക്കിയ റേയുടെ കയ്യൊതുക്കം സിനിമയുടെ ദൃശ്യഭാഷയില്‍ വിരിയിച്ച വിപഌവങ്ങളെ അപേക്ഷിച്ച് യാഥാസ്ഥിതികമായിരുന്നു ഘട്ടക്കിന്റെ സമീപനം. അത് ഹിന്ദി സിനിമകളില്‍ പില്‍ക്കാലത്തു തുടര്‍ന്നു വന്ന അമിതവൈകാരികതയുടെ തുഞ്ചത്തു നിന്ന് വല്ലാത്തൊരു സന്തുലനം നേടിയ സൃഷ്ടികളായിരുന്നു. ഹിന്ദി സിനിമയുടെ ആദ്യകാലങ്ങളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന മധുമതിയുടെ തിരക്കഥാകൃത്തുകൂടിയാണ് ഘട്ടക്ക് എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ ചലചിത്ര ശൈലിയുടെ കൈയൊതുക്കം വ്യക്തമാകും.
ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വിഭ്രമാത്മകതയുടെ ചലച്ചിത്രഭാഷ്യം കൂടി കൈയടക്കത്തോടെ ആവിഷ്‌കരിക്കാന്‍ ധൈര്യം കാട്ടിയ സംവിധായകനാണ് മൃണാള്‍ സെന്‍. റേയുടെയും ഘട്ടക്കിന്റെയും നറേറ്റീവ് ശൈലിവിട്ട് സിനിമയുടെ ദൃശ്യസാധ്യതകള്‍ പരിപൂര്‍ണമായി വിനിയോഗിക്കുന്ന റിയലിസം വിട്ടുള്ള നിലപാടാണ് സെന്‍ സ്വീകരിച്ചത്.ഏക് ദിന്‍ അചാനക്, ജനസിസ്, ഖാണ്ഡാര്‍, അകലേര്‍ സ്ന്ധാനെ, ഏക് ദിന്‍ പ്രതിദിന്‍, മൃഗയ, കല്‍ക്കട്ട 71, ഭുവന്‍ഷോം തുടങ്ങി രാജ്യാന്തര പ്രസിദ്ധി നേടിയ സിനിമകളില്‍ ഭുവന്‍ഷോം പോലെയൊരു രചന സിനിമയെക്കുറിച്ചുള്ള അതേവരെയുള്ള ഇന്ത്യന്‍ സങ്കല്‍പത്തെത്തന്നെ തച്ചുടയ്ക്കുന്നതായിരുന്നു.
സത്യജിത് റേയേയും മൃണാള്‍ സെന്നിനെയും ഋത്വിക് ഘട്ടക്കിനെയും ഒഴിച്ചുനിര്‍ത്തിയാലും ഇന്ത്യന്‍ മുഖ്യധാരയിലും നവധാരയിലും സാര്‍ത്ഥകസാന്നിദ്ധ്യങ്ങളായ, വഴിവിളക്കുകളായ താരങ്ങളുടേയും ചലച്ചിത്രകാരന്മാരടെയും സാങ്കേതികവിദഗ്ധരുടെയും ഒരു വന്‍ നിര തന്നെയുണ്ടായിട്ടുണ്ട് വംഗദേശത്തുനിന്ന്്. ഹിന്ദി സിനിമയെ അടക്കിവാണ മുഖര്‍ജിമാരും (നൂതന്‍, തനൂജ, കാജല്‍, റാണി മുഖര്‍ജി), സുചിത്ര-മൂണ്‍മുണ്‍-റീമ സെന്‍മാരും, റേ തന്നെ പരിചയപ്പെടുത്തിയ ഷര്‍മ്മിള ടാഗോറും, അപര്‍ണസെന്നും, അപര്‍ണയുടെ മകളായ കൊങ്കണ സെന്നും ജയഭാദുരി, ഋതുപര്‍ണ സെന്‍ഗുപ്ത, രൂപ ഗാംഗുലി, ദേബശ്രീ റോയ്,ബിപാഷ ബസു,  നടിമാരും അജോയ് ചക്രവര്‍ത്തി, മിഥുന്‍ ചക്രവര്‍ത്തി, ഗാംഗുലിമാരും (അശോക് കുമാര്‍, കിഷോര്‍കുമാര്‍, അനൂപ് കുമാര്‍) ഉത്പല്‍ ദത്ത്്, വിക്ടര്‍ ബാനര്‍ജി, സൗമിത്രോ ചാറ്റര്‍ജി, ഉത്തം കുമാര്‍, രാഹൂല്‍ബോസ് തുടങ്ങിയ നടന്മാരും,ബിമല്‍ റോയ്,  ഋഷികേഷ് മുഖര്‍ജി, ബസു ഭട്ടാചാര്യ, ബസു ചാറ്റര്‍ജി, ചിദാനന്ദ് ദാസ്ഗുപ്ത, ഉത്പലേന്ദു ചക്രവര്‍ത്തി, ബുദ്ധദേവ് ദാസ്ഗു്പ്ത, ഋതുപര്‍ണ ഘോഷ്, ഗൗതം ഘോഷ് തുടങ്ങിയ സംവിധായകരും സലില്‍ ചൗധരി മുതല്‍ പ്രീതം വരെയുള്ള സംഗീതസംവിധായകരും, കിഷോര്‍ കുമാര്‍ മുത്ല്‍ ഷാനും ശ്രേയ ഘോഷാലും വരെയുള്ള ഗായകരും ബംഗാളിനപ്പുറം ഹിന്ദി സിനിമയിലടക്കം ഇന്ത്യന്‍ സിനിമയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളാണ്. റേ സിനിമകളിലൂടെ ശ്രദ്ധയനായ സൗമിത്രോ ചാറ്റര്‍ജിയും ഷര്‍മിള ടാഗോറും അപര്‍ണ സെന്നും ദേബശ്രീ റോയിയും, മൃണാള്‍ സെന്‍ സിനിമകളിലൂടെ ദേശീയ ബഹുമതി നേടിയ ഉത്പല്‍ ദത്തും മിഥുന്‍ ചക്രവര്‍ത്തിയുമെല്ലാം പിന്നീട് ഇന്ത്യന്‍ സിനിമയുടെതന്നെ മുന്‍നിരതാരങ്ങളായതു ചരിത്രം. സലില്‍ ചൗധരിയുടെ സംഗീതമാവട്ടെ, രവീന്ദ്രസംഗീതം പോലെ, കാലദേശങ്ങള്‍ കടന്ന് ഹിന്ദിയിലും എന്തിന് മലയാളത്തിലും വരെ മാറ്റൊലിയായി.
ചലച്ചിത്ര സഹകരണ സംഘവും ഫിലിം സൊസൈറ്റി പ്രസ്ഥാനവും ജനകീയ സിനിമാനിര്‍മാണവുമെല്ലാം വേരോടിവാഴുന്നതും രാജ്യത്താദ്യമായി ബംഗാളിലാണ്.

തമിഴ് സിനിമ ഒരു ഫഌഷ്ബാക്ക്
സ്റ്റുഡിയോ സംസ്‌കാരത്തിന്റെ തെന്നിന്ത്യന്‍ ഈറ്റില്ലമായിരുന്നു തമിഴ്‌നാട്. ഇന്ത്യന്‍ സിനിമയുടെ സ്റ്റുഡിയോ നഗരമായി മുംബൈ വളരുന്നതിനു സമാന്തരമായിത്തന്നെയാണ് ചെന്നൈയിലെ കോടമ്പാക്കം ദക്ഷിണേന്ത്യന്‍ സിനിമയുടെ ഫാകടറിസമുച്ചയമായി വളരുന്നതും. എ.വി.എം., പ്രസാദ്, ജമിനി, വാഹിനി, വിജയ..തുടങ്ങി സ്റ്റുഡിയോകളുടെ ഹോളിവുഡ് സമ്പ്രദായത്തില്‍ത്തന്നെയാണ് മുതലാളിത്തം ഇന്ത്യയ്ക്കു തെക്കോട്ടും സിനിമയില്‍ പണമിറക്കിയത്. കാലാന്തരത്തില്‍ സ്റ്റുഡിയോ വ്യവസ്ഥകള്‍ മറികടന്ന് സിനിമ വെളിമ്പുറത്തേക്കു പോവുകയും നിര്‍മാണം വ്യക്തികേന്ദ്രീകൃത മൂലധനനിക്ഷേപങ്ങളിലേക്കു മാറുകയും ചെയ്തതോടെ കോടമ്പാക്കം സ്റ്റുഡിയോകളില്‍ പലതും അപ്രത്യക്ഷമായത് കാലത്തിന്റെ അനിവാര്യത.എന്നാലും ഹിന്ദി സിനിമയ്ക്ക് മുംബൈ് എന്നപോലെ കോടമ്പാക്കത്തിനു തന്നെയാണ് ഇന്നും ദക്ഷിണേന്ത്യന്‍ സിനിമയുടെ പോറ്റിടം എന്ന പൈതൃകം.
തമിഴില്‍ സാമൂഹികനാടകങ്ങള്‍ സിനിമയാക്കിത്തുടങ്ങിയത് പ്രതിബദ്ധതയുടെ കാഴ്ചപ്പൊരുളുകള്‍ തേടിയത് ദ്രാവിഡ മുന്നേറ്റത്തിന്റെകൂടി ഭാഗമായാണ്. പരാശക്തി പോലുള്ള സാമൂഹികവിഷയങ്ങള്‍ കരുണാനിധിയുടെ തൂലികയില്‍ നിന്നു ജ്വലിച്ചുയര്‍ന്നത് ഒരുപോലെ കമ്പോളത്തിലും നിരൂപകശ്രദ്ധ നേടുന്നതിലും വിജയിച്ചു. സിനിമ ജീവിതത്തിന്റെ ഭാഗം തന്നെയാവുന്നതിലും സിനിമയും അധികാരവും ഇഴപിരിയാത്ത വിധത്തില്‍ കെട്ടുപിണയുന്നതിലും തമിഴകം പുതിയ കാഴ്ചകളും ഇന്ത്യക്കു കാണിച്ചു തന്നു. രാഷ്ട്രീയം സിനിമയായും സിനിമ രാഷ്ട്രീയമായും കെട്ടിമറിയുന്ന കാഴ്ച. ഇന്നും തമിഴകരാഷ്ട്രീയത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ സിനിമാലോകത്തിന്റെ സംഭാവനകള്‍തന്നെയാണെന്നതും ശ്രദ്ധേയമാണ്. ശിവാജി ഗണേശനും എം.ജി.രാമചന്ദ്രനുമടങ്ങുന്ന താരദ്വയമാണ് തമിഴ്‌സിനിമയുടെ കലാ-കമ്പോള ധാരകള്‍ക്ക് ആദ്യം മണ്ണുഴുതിട്ടത്. ഒരാള്‍ അഭിനയചക്രവര്‍ത്തിയായപ്പോള്‍, അപരന്‍ കമ്പോളവിജയങ്ങളിലൂടെ ഏഴൈതോഴനായി രാഷ്ട്രീയത്തലൈവനായി.
എഴുപതുകളില്‍ ദേശീയധാരയില്‍ ഉരുത്തിരിഞ്ഞ നവസിനിമയുടെ ഛന്ദസും ചമത്കാരവും തമിഴ് സിനിമയിലും പുതിയ അലകളായി, ഒലികളായി ഉയര്‍ന്നു വന്നു. താരാധിപത്യം ഒരു വശത്തും താരത്തെ അപ്പാടെ നിരാകരിച്ചുകൊണ്ടുള്ള നവധാര മറ്റൊരുവശത്തുമായി അതിസങ്കീര്‍ണമായൊരു ബാലന്‍സിംഗ് ആക്ട് തന്നെയായിരുന്നു തമിഴകസിനിമ. കെ.ബാലചന്ദര്‍ എന്ന പഴയതലമുറയില്‍പ്പെട്ട സിനിമാക്കാരന്‍ തന്നെയാണ് ഈ രണ്ടു ധാരകളുടെയും അപോസ്തലന്‍ എന്നു പറഞ്ഞാല്‍ തെറ്റാവില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ താരപ്രഭാവമായ മെഗാസ്റ്റാര്‍ രജനീകാന്തിനെയും ഉലകനായകന്‍ കമല്‍ഹാസനെയും സിനിമയിലേക്കാനയിച്ചത് ബാലചന്ദറും കവിതാലയയുമാണ്. എന്നാല്‍, ശിവാജിഗണേശനും എം.ജി.ആറും കത്തിനിന്ന കാലത്തു തന്നെ മേജര്‍ സൗന്ദര്‍രാജനെയും എന്തിന്, ഹാസ്യനടന്‍ എന്നു മുദ്രകുത്തപ്പെടുമായിരുന്ന അനുഗ്രഹീത നടന്‍ നാഗേഷിനെയും നായകന്മാരാക്കി സാമൂഹികപ്രതിബദ്ധതയുള്ള സിനിമകള്‍ സംവിധാനം ചെയ്തു വിപ്‌ളവമൊരുക്കിയ ചലച്ചിത്രപ്രവര്‍ത്തകനാണദ്ദേഹം. തമിഴ് സിനിമയില്‍ മാറ്റത്തിന്റെ കൊടിക്കൂറി പാറിച്ച മധ്യവര്‍ത്തി സിനിമകള്‍ക്ക് തുടക്കമിട്ടതും അദ്ദേഹം തന്നെ. കമല്‍ഹാസന്‍ നായകനായ അവള്‍ ഒരു തുടര്‍ക്കഥൈ, കമലും രജനിയും അഭിനയിച്ച മൂന്‍ട്രു മുടിച്ച്, അവര്‍കള്‍, മാറോ ചരിത, തപ്പുത്താളങ്ങള്‍, സരിത നായികയായ തണ്ണീര്‍ തണ്ണീര്‍, സുഹാസിനി-ശിവകുമാര്‍ അഭിനയിച്ച സിന്ധുഭൈരവി, റഹ്മാന്റെ പുതുപുതു അര്‍ത്ഥങ്ങള്‍...ബാലചന്ദറിന്റെ സിനിമകള്‍ അങ്ങനെ ഒരുപോലെ പരീക്ഷണാത്മകവും അതേപോലെ ജനകീയവുമായിരുന്നു. ജനപ്രിയ രസക്കൂട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കലാമൂല്യവും സാമൂഹികപ്രതിബദ്ധതയും കാത്തുസൂക്ഷിക്കുക എന്ന ബാലചന്ദര്‍ ഫോര്‍മുല തന്നെയാണ് പിന്തുടര്‍ന്നു വന്ന യുവചലച്ചിത്രകാരന്മാരുടെ പുതുനിരയും പിന്‍പറ്റിയത്. അവരില്‍പ്പലരും ബാലചന്ദര്‍ സ്‌കൂളിലെ ശിഷ്യന്മാരുമായിരുന്നു. ഭാരതീരാജ, ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, പിന്നാലെ വന്ന ഭാഗ്യരാജ്, പാര്‍ഥിപന്‍ തുടങ്ങിയവരെല്ലാം. പ്രതിബദ്ധതയുടെയും കാല്‍പനികതയുടെയും പുതിയ ഫോര്‍മുലകളാണ് ഭാരതീരാജ തന്റെ സിനിമകളിലൂടെ നെയ്‌തെടുത്തത്.പതിനാറ് വയതിനിലെ, കിഴക്കേ പോകും റെയില്‍, ശിവപ്പു റോജാക്കള്‍, പുതിയ വാര്‍പുകള്‍,നിഴല്‍കള്‍, അലൈകള്‍ ഒയ് വതില്ലൈ, മണ്‍വാസനൈ പുതുമൈപ്പെണ്‍, മുതല്‍മര്യാദൈ, വേദം പുതുത്, കിഴക്കുചീമയിലെ, കല്ലുക്കുള്‍ ഈറം തുടങ്ങിയ സിനിമകളെല്ലാം ഭാരതീരാജയുടെ വിരള്‍പ്പാടുകള്‍ പതിഞ്ഞവയായിരുന്നു. അവയിലൂടെ കമല്‍ഹാസനും രജനീകാന്തും മാത്രമല്ല ചന്ദ്രശേഖര്‍, വിജയന്‍, രവി, രഘുവരന്‍, കാര്‍ത്തിക് തുടങ്ങി ഒരുപറ്റം നടന്‍മാരും രേവതി, രേഖ രാധ, രതി അഗ്നിഹോത്രി, അരുണ, വിജയശാന്തി തുടങ്ങി അനുഗ്രഹീതരായ ഒരുപറ്റം അഭിനേത്രികളും പുതിയ മാനങ്ങള്‍ തേടി. ബാലചന്ദറിന്റെയും ഭാരതീരാജയുടെയും പല സിനിമകളും ദേശീയതലത്തില്‍ ബഹുമതികള്‍ നേടി ശ്രദ്ധിക്കപ്പെട്ടു. തണ്ണീര്‍ തണ്ണീറും വേദം പുതുതും പോലുള്ള സിനിമകള്‍ അതിന്റെ രാഷ്ട്രീയത്തിന്റെയും സാമൂദായികവിമര്‍ശനത്തിന്റെയും പേരില്‍ വിവാദങ്ങളിലേക്കുമുയര്‍ന്നു. മഹേന്ദ്രന്റെ ഉതിരിപ്പൂക്കളും, സുഹാസിനിയെ നടിയായി അരിയിട്ടൂവാഴിച്ച അദ്ദേഹത്തിന്റെ നെഞ്ചത്തെ കിള്ളാതെയും റോബര്‍ട്ട് രാജശേഖരന്റെ പാലൈവനചോലെയും പോലുള്ള സിനിമകള്‍ ചന്ദ്രശേഖര്‍-സുഹാസിനി-പ്രതാപ് പോത്തന്‍ താരനിരയെ മുഖ്യധാരയിലേക്കുയര്‍ത്തി. സുഹാസിനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നതും സിന്ധുഭൈരവിയിലൂടെയാണ്.ബാലുമഹേന്ദ്രയുടെ സിനിമകളും തമിഴിന്റെ ഡപ്പാംകൂത്ത് കാഴ്ചകള്‍ക്കപ്പുറം പുതിയ ദൃശ്യഭാവുകത്വം പകരുന്നതായി. മൂന്നാംപിറയും, വീടും, സന്ധ്യാരാഗവും ദേശീയശ്രദ്ധപിടിച്ചുപറ്റി. ദേശീയ ബഹുമതി നേടിയ ശോഭയേയും അര്‍ച്ചനയുമടക്കം പല നടിമാരെയും ബാലു സംഭാവനചെയ്തു. 
എന്നാല്‍ തമിഴില്‍ നിന്ന് ഒരു സിനിമ ദേശീയതലത്തില്‍ മികച്ച സിനിമയാകുന്നത് മലയാളിയായ സേതുമാധവന്‍ സംവിധാനം ചെയ്ത മറുപക്കം എന്ന രചനയാണ്. 1991ല്‍ പുറത്തുവന്ന ഈ സിനിമ മാത്രമല്ല, തമിഴകത്തന്റെ എല്ലാമെല്ലാമായ നടന്‍ എം.ജി.രാമചന്ദ്രന് ദേശീയ ബഹുമതി നേടിക്കൊടുത്തതിന്റെ ക്രെഡിറ്റും ഒരു മലയാളിക്കുള്ളതാണ്. റിക്ഷാക്കാരന്‍ ( എന്ന ആ സിനിമ സംവിധാനം ചെയ്തത് എം.കൃഷ്ണന്‍ നായരായിരുന്നു.മലയാളിയായ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത വീണ്ടും ഒരു കാതല്‍ കഥൈ 1981ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ബഹുമതിയും നേടി. ജോണ്‍ ഏബ്രഹാമിന്റെ അ്ഗ്രഹാരത്തില്‍ കഴുതൈ പോലുള്ള സിനിമകളും തമിഴിനപ്പുറം വിവാദങ്ങള്‍ക്കും വിശകലനങ്ങള്‍്ക്കും വിധേയമായി.
അഗത്തിയന്‍ സംവിധാനം ചെയ്ത കാതല്‍കോട്ടെ (1996) മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ ബഹുമതി നേടി.ഭാരതീരാജ ശിഷ്യന്‍ കൂടിയായ ബാലയാണ് തന്റെ സേതു, നന്ദ, പിതാമകന്‍, നാന്‍ കടവുള്‍ തുടങ്ങിയവയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന്റെ ചലച്ചിത്രഭാഷ്യമെന്ന നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ടവയാണ്.
തമിഴകം വീണ്ടും പരിവര്‍ത്തനത്തിന്റെ പാതയിലേക്കു മാറിയത് ശശികുമാര്‍-സമുദ്രക്കനിമാരുടെ കടന്നുവരവോടെയാണ്. ഭാരതീരാജയും ഭാഗ്യരാജുമെല്ലാം കൈവച്ചുവിട്ട തനിഗ്രാമീണതയുടെ സാംസ്‌കാരികഭൂമികയിലൂന്നി നാടന്‍ സിനിമകളുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറന്നുവച്ച അവരുടെ ചലച്ചിത്രസൃഷ്ടികള്‍ പെട്ടെന്നു തന്നെ യുവതലമുറയുടെ ഹരമായി മാറി.ഒരേ സമയം അതു സമകാല സമൂഹത്തിന്റെയും ജീവിതത്തിന്റെയും ചോരയും ഉപ്പും പ്രതിഫലിപ്പിക്കുന്നതുമായി. ഹിന്ദി മുഖ്യധാര ഉപരിവര്‍ഗജീവിതത്തിന്റെ മള്‍ട്ടീപ്‌ളെക്‌സ് സംസ്‌കാരത്തിലേക്ക് ക്യാമറ തിരിച്ചപ്പോള്‍ തമിഴ് സിനിമ കൂടുതല്‍ ഉള്‍ഗ്രാമങ്ങളുടെ വന്യകാഴ്ചകള്‍കൊണ്ടാണ് നവസിനിമ ആഘോഷമാക്കിയത്.പരുത്തിവീരന്‍ (2007)  തുടക്കമിട്ട മാറ്റത്തിന്റെ ഈ പുതുപുറപ്പാടില്‍ സുബ്രഹ്മണ്യപുരം(2008), പശങ്ക, നാടോടികള്‍ തുടങ്ങിയവയാണ് ഈ ജനുസില്‍ തുടര്‍വിജയങ്ങളായത്. 
സമാന്തരസിനിമ ഇത്തരത്തില്‍ മിന്നുന്ന വിജയം നേടുമ്പോഴും സാങ്കേതികമായും തമിഴ്‌സിനിമ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തില്‍ പോലും സാന്നിദ്ധ്യമറിയിക്കുന്നുണ്ടായിരുന്നു. മണിരത്‌നത്തെയും ശങ്കറിനെയും പോലുള്ള മാസ്റ്റര്‍ക്രാഫ്ര്്റ്റ്‌സ്മാന്‍മാരുടെ സാങ്കേതികപരീക്ഷണങ്ങളും കമല്‍ഹാസനെപ്പോലൊരു പൂര്‍ണനായ ചലച്ചിത്രകാരന്റെ ആത്മാര്‍പ്പണവും തമിഴ്‌സിനിമയെ ദേശീയമുഖ്യധാരയിലേക്കുയര്‍ത്തുന്നതല്‍ വളരെ വലിയ പങ്കു വഹിച്ചു. വാസ്തവത്തില്‍ തെന്നിന്ത്യയില്‍ നിന്ന് പത്മിനി, വൈജയന്തിമാലാ ബാലി, ഹേമമാലിനി, മീനാക്ഷി ശേഷാദ്രി, ശ്രീദേവി തുടങ്ങി അസിന്‍ തോട്ടുങ്കല്‍ വരെയുള്ള നടിമാര്‍ ഹിന്ദിയില്‍ താരവിലയുള്ള നായികമാരായി വാണിട്ടുണ്ടെങ്കിലും, ഒരു നടന്‍ പ്രാദേശികതയെ വെല്ലുവിളിച്ച് ബോളിവുഡ്ഡ് മുഖ്യധാരയില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ടെങ്കില്‍ അത് കമല്‍ഹാസനാണ്. ഒരേസമയം കമ്പോളത്തെയും അതേസമയം നിരൂപകരെയും സ്വാധീനിക്കുന്ന തരം സിനിമകള്‍ ഒന്നിനുപിറകെ ഒന്നായി പുറത്തിറക്കാന്‍ സാധിച്ച കമല്‍ഹാസന്‍ അതുകൊണ്ടു തന്നെ നടന്‍ എന്ന നിലയ്ക്ക് ഏറ്റവുമധികം ദേശീയ ബഹുമതി നേടിയ തമിഴനായി. അതിലുമേറെ, വിപണിയെ സ്വാധീനിക്കുന്ന ഘടകവുമായി. നായകന്‍, കുരുതിപ്പുനല്‍, ഹേ റാം, വീരുമാണ്ഡി, തേവര്‍മകന്‍, നമ്മവര്‍, ഗുണ, മഹാനദി തുടങ്ങിയ സിനിമകളിലൂടെ അഭിനയത്തിന്റെ അഗാധതലങ്ങളിലേക്കാണ്ടിറങ്ങിയ, സാമൂഹികാവസ്ഥകളുടെ അതുവരെ കാണാത്ത അവസ്ഥാവിശേഷങ്ങളിലേക്ക് സധൈര്യം ക്യാമറയേന്തിയ കമല്‍ തന്നെ, അപൂര്‍വസഹോദരര്‍കള്‍, ഇന്ദ്രന്‍ ചന്ദ്രന്‍, മൈക്കല്‍ മദനകാമരാജന്‍, ഇന്ത്യന്‍, ദശാവതാരം, അവ്വൈ ഷണ്മുഖി, പഞ്ചതന്ത്രം, വിശ്വരൂപം തുടങ്ങിയ സിനിമകളിലൂടെ കച്ചവടവിജയത്തിന്റെ പുതിയ ഫോര്‍മുലകളിലൂടെ ബോളിവുഡ്ഡിനെയും അല്‍പസ്വല്‍പം ഹോളിവുഡ്ഡിനെപ്പോലും വെല്ലുവിളിച്ചു.
രജനീകാന്തിന്റേതാവട്ടെ, ഇന്ത്യന്‍ ദേശീയതയെ പ്രാദേശികത വിഴുങ്ങുന്ന താരസ്വരൂപമാണ്. ഇന്ത്യ ഇന്നോളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഒറ്റയാന്‍ സ്വാധീനമാണ് താരവ്യവസ്ഥയില്‍ രജനീകാന്തിന്റേത്. കപൂര്‍ കുടുംബത്തിനോ അമിതാഭ് ബച്ചനോ, ഹിന്ദി വാഴുന്ന ഖാന്‍മാര്‍ക്കോ അവകാശപ്പെടാനാവാത്ത വ്യാപ്തിയാണ് രജനിയുടെ താരസ്വരൂപത്തിനുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരവും രജനീകാന്താണ്. കമലിനോളം വരില്ലെങ്കിലും ഹിന്ദിയില്‍ തനതായ സാന്നിദ്ധ്യം പ്രകടമാക്കാനായ രജനി പക്ഷേ, തന്റെ സുരക്ഷിതതാവളത്തിലെ അഗ്രജസ്ഥാനം കൈവിടാതിരിക്കാനാണ് പിന്നീടു പ്രവര്‍ത്തിച്ചുകണ്ടത്. തന്‍െ മുന്‍ഗാമികളെപ്പോലെ, രാഷ്ട്രീയത്തിലേക്ക് നേരിട്ടു പ്രവേശിച്ചില്ലെങ്കിലും, അത്തരത്തിലൊരു താല്‍പര്യവും പ്രത്യക്ഷമോ പരോക്ഷമോ ആയി പ്രകടമാക്കിയില്ലെങ്കിലും രജനി തന്റെ സിനിമകളിലൂടെ തന്റെ രാഷ്ട്രീയനിലപാടുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ എം.ജി.ആര്‍ തന്നെയാണ് രജനിയുടെ മാതൃകയെന്നും കാണാം. അതുകൊണ്ടുതന്നെ രജനിയുടെ ഓരോ സിനിമയുടെ റിലീസും ദേശീയ തലത്തില്‍പ്പോലും ചര്‍ച്ചാവിഷയമായി.(തമിഴ് പ്രാദേശിക സിനിമയെയും രാഷ്ട്രീയത്തെയും നിര്‍ണായകമായി സ്വാധീനിച്ച ഇവര്‍രണ്ടുപേരും തമിഴ്‌നാടു സ്വദേശികളല്ലായിരുന്നുവെന്നത് ദേശീയത പ്രാദേശികതയെ വെല്ലുവിളിച്ച ചരിത്രം) രജനിയോളം വരില്ലെങ്കിലും തെലുങ്കില്‍ നിന്ന് ചിരഞ്ജീവിയുടെ സാന്നിദ്ധ്യവും സിനിമ കടന്ന് ദേശീയരാഷ്ട്രീയത്തില്‍ വരെ സജീവമാണിന്ന്. 
തിമിഴില്‍ നിന്ന് താരങ്ങളും സാങ്കേതികവിദഗ്ധരില്‍ പലരും ദേശീയ തലത്തില്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടങ്കെിലും മണിരത്‌നവും, എ.ആര്‍.റഹ്മാനും, പ്രഭുദേവയും നേടിയ വിജയമാണ് കാലദേശങ്ങളെ അതിജീവിക്കുന്നതായത്. സ്വതവേ ദക്ഷിണേന്ത്യന്‍ പാരമ്പര്യത്തെ, നടികളുടെ കാര്യത്തിലൊഴികെ പിന്‍പറ്റുന്നതില്‍ അമാന്തം കാണിച്ചിട്ടുള്ള ബോളിവുഡിന് റഹ്മാന്റെ കാര്യത്തിലും പ്രഭുദേവയുടെ കാര്യത്തിലും പക്ഷേ നിസ്സഹായരായി, പരിപൂര്‍ണമായി കീഴടങ്ങേണ്ടിവരികയാണുണ്ടായത്. ചലച്ചിത്രസംഗീതമെന്നത് നിത്യജീവിതത്തിന്റെ തന്നെ ഭാഗമാക്കിയ ഇന്ത്യക്കാരന് റഹ്മാന്‍ ഒഴിച്ചുകൂടാനാവാത്ത സ്വാധീനമായി. പ്രാദേശികതയ്ക്കപ്പുറം പ്രതിഭയുടെ പ്രഭാവമായി റഹ്മാന്‍ ഇന്ത്യ നിറഞ്ഞു. സംഗീതത്തിന്റെ തെക്കു-വടക്കന്‍ ചിട്ടകളെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇന്ത്യയൊട്ടാകെ ഏറ്റുപാടുന്ന പാന്‍ ഇന്ത്യന്‍ സംഗീതധാരകൊണ്ട് റഹ്മാന്‍ വാസ്തവത്തില്‍ സാധ്യമാക്കിയത് മൗലികസംഗീതത്തിലൂടെയുള്ള ദേശീയോഥ്ഗ്രഥനം തന്നെയാണ്. സിനിമാറ്റിക് ഡാന്‍സിലൂടെ പ്രഭുദേവയും ഇതുതന്നെ സാധ്യമാക്കി.

കന്നഡയുടെ തുടിപ്പുകള്‍
ഇന്ത്യന്‍ സമാന്തര സിനിമയ്ക്ക് വ്യക്തിത്വം പകര്‍ന്നു നല്‍കുന്നതില്‍ ബംഗാളിനോടും മലയാളത്തോടും ഒപ്പം വരില്ലെങ്കിലും കന്നഡ സിനിമ നല്‍കിയ സംഭാവനകളും ചെറുതല്ലതന്നെ. രാജ്യാന്തര പ്രശസ്തരായ ഗിരീഷ് കാസറവള്ളിയും കവിതാലങ്കേഷും ശങ്കര്‍ നാഗും അനന്ത് നാഗും, ബിവി കാരന്തും ശിവരാമ കാരന്തുമെല്ലാം നിറഞ്ഞ കന്നഡസിനിമ പല മികച്ച സിനിമകളും ഇന്ത്യയ്ക്കു സമ്മാനിച്ചു. കമ്പോള സിനിമയില്‍, സിനിമയെന്ന ഇന്ദ്രജാലത്തെ പണ്ട് ജോര്‍ജ് മെലീസ് ഉപയോഗിച്ചതുപോലെ, അതീന്ദ്രിയകാഴ്ചകളുടെ അത്ഭുതലോകമാക്കി അവതരിപ്പിച്ച വിട്ടിലാചാര്യ കന്നഡയുടെ സംഭാവനയാണ്.

മലയാളത്തിന്റെ മഴവില്ല്
ബംഗാളിനു സമാനമാണ് ഇന്ത്യന്‍ സിനിമയില്‍് മലയാളത്തിന്റെ ഇടം. ഇടതുപക്ഷരാഷ്ട്രീയവും, സാമൂഹികപ്രതിബദ്ധതയുടെ പൈതൃകവുമെല്ലാം ഈ സമാനതയ്ക്കു കാരണമായിരിക്കാം. സഹകരണ പ്രസ്ഥാനത്തിനും സൊസൈറ്റിപ്രസ്ഥാനത്തിനും സിനിമയെ ഉള്‍ക്കൊള്ളാനാവുമെന്നു മലയാളവും വളരെ വിജയകരമായിത്തന്നെ തെളിയിക്കുകയും ചെയ്തു. ജനങ്ങളില്‍ നിന്നു ബക്കറ്റ് പിരിവെടുത്തു ചലച്ചിത്രനിര്‍മാണം നടത്തിയതിന് ലോകത്തെവിടെയെങ്കിലും ഒരു മാതൃകയുണ്ടെങ്കില്‍, അതൊരുപക്ഷേ മലയാളത്തില്‍ ജോണ്‍ ഏബ്രഹാമിന്റെ ഒഡേസയുടെ അമ്മയറിയാന്‍ ആയിരിക്കണം.
മലയാളത്തില്‍ നിന്ന് ദേശീയ മുഖ്യധാരയിലേക്ക് സിനിമയ്ക്കു ലഭിച്ച ആദ്യത്തെ വന്‍ സംഭാവന നടി പത്മിനി തന്നെയായിരിക്കുമെന്നു പറയാം. രാജ്കപൂര്‍ സിനിമകളുടെ വരെ അവിഭാജ്യ ഭാഗമാകാന്‍ കഴിഞ്ഞ പത്മിനിയുടെ പിന്‍ഗാമികളാണ് വിദ്യ ബാലന്‍ അസിന്‍ വരെയുള്ള താരത്തിളക്കം. പ്രിയദര്‍ശനെയും സിദ്ധിക്കിനെയും പോലുള്ള സംവിധായകര്‍ ജനപ്രിയ മുഖ്യധാരയിലെ സജീവസാന്നിധ്യമായതിനപ്പുറം ഇന്ത്യന്‍ സിനിമയുടെ ദേശീയതയ്ക്ക് വിദേശങ്ങളില്‍ വരെ മേല്‍വിലാസം നേടിക്കൊടുക്കാന്‍ വഴിമരുന്നിട്ട ഒരുപിടി ചലച്ചിത്രകാരന്മാരെയും സാങ്കേതികവിദഗ്ധരെയും അഭിനേതാക്കളെയും സമ്മാനിക്കാനായി കേരളത്തിന്. തീര്‍ച്ചയായും സത്യജിത് റേ കഴിഞ്ഞാല്‍, ഇന്ത്യന്‍ സിനിമയുടെ കൊടിയടയാളം ആഗോളഭൂമികയില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ച ഒരേയൊരു സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയെ സ്വയംവരത്തിനു മുന്‍പും പിന്‍പും എന്നൊരു കാലഗണനയിലേക്കു നയിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, മലയാളത്തിന്റെ ചലച്ചിത്ര വ്യാകരണത്തിനു പുതിയ വ്യാപ്തിയും അര്‍ത്ഥതലങ്ങളും, നിര്‍മാണനിര്‍വഹണത്തില്‍ അര്‍ത്ഥപൂര്‍ണമായ പുതിയ അച്ചടക്കവും സമ്മാനിച്ചു. മലയാളത്തില്‍ നിന്ന് രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട, ഇന്ത്യയില്‍ നിന്നുതന്നെ ഇത്തരത്തില്‍ പരിഗണിക്കപ്പെട്ട ഏറ്റവും മികച്ച ചലച്ചിത്ര രചനകളില്‍ ഒന്നായി എന്നുമെന്നോണം ഇന്നും എണ്ണുന്ന ഒന്നാണ് അടൂരിന്റെ എലിപ്പത്തായം(1981), കോടിയേറ്റം, മുഖാമുഖം, അനന്തരം, വിധേയന്‍, നിഴല്‍ക്കുത്ത് തുടങ്ങിയ സിനിമകള്‍ ഉയര്‍ത്തിയ നവഭാവുകത്വം മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു.
അടൂരിനു സമകാലികനായിരുന്ന അരവിന്ദനും ജോണ്‍ ഏബ്രഹാമുമെല്ലാം അടൂരില്‍ നിന്നു വ്യത്യസ്തമായി, എ്ന്നാല്‍ വ്യക്തിത്വമുള്ള നവഭാവുകത്വസിനിമയുടെ വക്താക്കളായി. അരവിന്ദന്റെ ദാര്‍ശനിക സമീപനം ഉത്തരായണത്തെയും തമ്പിനെയും കാഞ്ചനസീതയേയും, പോക്കുവെയിലിനെയും എസ്തപ്പാനെയും കുമ്മാട്ടിയേയും മാറാട്ടത്തെയും ചിദംബരത്തെയും വാസ്തുഹാരയേയും എല്ലാം അനനുകരണീയമായ ചലച്ചിത്രസംരംഭങ്ങളാക്കിത്തീര്‍ത്തു. ജോണിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും അമ്മയറിയാനും സര്‍റിയലിസത്തിന്റെ വേറിട്ട തലങ്ങള്‍ തേടി. അരവിന്ദന്റെ ഛായാഗ്രാഹകനായി പിന്നീട് പിന്‍ഗാമിതന്നെയായി മാറിയ ഷാജി എന്‍.കരുണും ഇന്ത്യന്‍ സിനിമയ്ക്കും ലോകസിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ എണ്ണാനാവുന്നതല്ല.ഷാജിയുടെ പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയവ ഇന്ത്യന്‍ സിനിമയുടെ മൊത്തം കലാമൂല്യത്തിനു തനതായ സംഭാവന നല്‍കി.
ബംഗാളിനെ പോലെതന്നെ സാമൂഹികതയില്‍ ഊന്നിയ വിഷയങ്ങളാണ് മലയാളത്തിലും സിനിമകള്‍ക്ക് ആദ്യം മുതല്‍ക്കേ കഥാവസ്തുവായത്. മലയാളത്തിലെ ആദ്യത്തെ സിനിമ വിഗതകുമാരന്‍ തന്നെ ജെ.സി.ഡാനിയല്‍ ഒരു സാമൂഹിക കഥയായാണ് വിഭാവനചെയ്തത്. രാരിച്ചന്‍ എന്ന പൗരനും, ജീവിതനൗകയും ഭാര്‍ഗവീനിലയവും എല്ലാം യാഥാര്‍ഥ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളായിരുന്നു. ഒരുപടി കൂടികടന്ന് ബംഗാളില്‍ പാഥേര്‍ പാഞ്ജലി പുറത്തിറങ്ങുന്നതിനും ആറുമാസം മുമ്പേ, തൃശ്ശൂരിലെ ചില കോളജ് പിള്ളേരുടെ ശ്രമഫലമായി പുറത്തിറങ്ങിയ രാംദാസിന്റെ ന്യൂസ് പേപ്പര്‍ ബോയി പ്രകടിപ്പിച്ച നിയോ റിയലിസസ്വഭാവം മാത്രം മതി മലയാളസിനിമയെ ഇന്ത്യന്‍ സിനിമയുടെ ഉത്തുംഗത്തില്‍ പ്രതിഷ്ഠിക്കാന്‍. ചരിത്രവും പുരാണവുമെല്ലാം വൈവിദ്ധ്യം പകര്‍ന്നിട്ടുണ്ടെങ്കിലും സാഹിത്യത്തിന്റെ ചാര്‍ച്ച മലയാള സിനിമയുടെ വളര്‍ച്ചയില്‍ എഴുപതുകളുടെ ഉത്തരാര്‍ത്ഥത്തോളം വളരെയേറെ പ്രബലമായിരുന്നു. കെ.എസ്.സേതുമാധവനും, എം.കൃഷ്ണന്‍നായരും, തോപ്പില്‍ ഭാസിയും, എ.വിന്‍സന്റുമെല്ലാമടങ്ങുന്ന ആദ്യകാലതലമുറ സിനിമയ്ക്ക് അസംസ്‌കൃതവസ്തുവാക്കിയത് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കൃതികളെയായിരുന്നു. ബഷീറും തകഴിയും ദേവും എം.ടിയുമെല്ലാം അങ്ങനെയാണ് സിനിമയുമായി ബന്ധപ്പെടുന്നത്.എന്നാല്‍ എം.ടി.യുടെ കടന്നുവരവോടെയാണ് ജനപ്രിയ മുഖ്യധാര കേവലം ഉപരിപ്‌ളവത കൈവിട്ട് മനുഷ്യാവസ്ഥയുടെ സങ്കീര്‍ണതകളിലേക്ക് ക്യാമറാക്കണ്ണുകളെ തുറന്നുപിടിച്ചത്.എം.ടി രചിച്ച് പി.എന്‍.മോനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും അങ്ങനെ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സിനിമയായി. എം.ടിയുടെ നിര്‍മാല്യവും കെ.ജി.ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ലും യവനികയും, ബക്കറിന്റെ മണിമുഴക്കവും, പവിത്രന്റെ ഉപ്പും, ടിവി ചന്ദ്രന്റെ വിവിധ ചിത്രങ്ങളും, കെ.പി.കുമാരന്റെ അതിഥിയും, കെ.ആര്‍മോഹന്റെ പുരുഷാര്‍ഥവും അശ്വത്ഥാമാവും, ശ്യാമപ്രസാദിന്റെ സിനിമകളുമെല്ലാം പുതിയ മുന്നേ്റ്റത്തിന്റെ പൈതൃകം പിന്തുടരുന്നതായി. സലിം അഹമ്മദ്, കമല്‍, ബാലചന്ദ്രമേനോന്‍, ജയരാജ്, ലാല്‍ ജോസ്, , ഫാസില്‍, മധുപാല്‍, മോഹന്‍, ബഌി, ജോയ് മാത്യു, ഡോ.ബിജു, രാജീവ് വിജയരാഘവന്‍ തുടങ്ങി സംവിധായകരുടെ നിരതന്നെയുണ്ട് മലയാളത്തിന്റെ യശസ് വിന്ധ്യനുമപ്പുറമെത്തിച്ചവരായി.
കരമന ജനാര്‍്ദ്ദനന്‍ നായര്‍, ബാലന്‍കെ.നായര്‍, പ്രേംജി, പി.ജെ.ആന്റണി, ഭരത് ഗോപി, മമ്മൂട്ടി, തിലകന്‍, നെടുമുടിവേണു, മോഹന്‍ലാല്‍ ശാരദ, ശോഭന, മോണിഷ, മഞ്ജുവാര്യര്‍,മീരജാസ്മിന്‍, ജ്യോതിര്‍മയി തുടങ്ങിയ അഭിനേതാക്കളും ദേശീയശ്രദ്ധനേടി.എന്നാല്‍, ഇതര ഭാരതീയ ഭാഷാസിനിമകളെ അപേക്ഷിച്ച് ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവുമധികം കഴിവുറ്റ സാങ്കേതികപ്രവര്‍ത്തകരെ സമ്മാനിച്ചു എന്ന നിലയ്ക്കു കൂടിയാണു മലയാളം ചരിത്രത്തിലിടം നേടുന്നത്. മധു അമ്പാട്ട്, ഷാജി എന്‍.കരുണ്‍, വേണു, സന്തോഷ് ശിവന്‍ തുടങ്ങിയ ഛായാഗ്രാഹകരും പി.ദേവദാസ്, റസൂല്‍ പൂക്കുട്ടി എന്നിവരെപ്പോലുള്ള ശബദ്‌സന്നിവേശകരും, ബീനപോളിനെപ്പോലുള്ള ചിത്രസന്നിവേശകരും, സാബു സിറിലിനെപ്പോലുളള കലാസംവിധായകരുമെല്ലാം ഭാഷദേശങ്ങള്‍ക്കപ്പുറം വ്യക്തിത്വവും പ്രതിഷ്ഠയും നേടിയെടുത്ത മലയാളകലാകാരന്മാരാണ്.
അന്‍പതുകളിലും അറുപതുകളിലും പിച്ചവച്ചുതുടങ്ങുകയും എഴുപതുകളില്‍ പ്രായപൂര്‍ത്തിയാവുകയും ചെയ്ത പ്രാദേശിക സിനിമകള്‍, ഇന്ത്യന്‍ മുഖ്യധാരയില്‍ കാര്യമായ സ്വാധീനം തന്നെയായിത്തീര്‍ന്നുവെന്നതാണ് വാസ്തവം. ചലച്ചിത്രസമീപനത്തിലും പ്രമേയസ്വീകരണത്തിലും, ആവിഷ്‌കരണസങ്കേതത്തിലും ഈ സ്വാധീനം വ്യക്തവും സ്പഷ്ടവുമായിരുന്നു. എഴുപതുകളുടെ ഉത്തരാര്‍ത്ഥത്തില്‍ പക്ഷേ, ദേശീയാടിസ്ഥാനത്തില്‍ത്തന്നെ മാറിവന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഭാഷാസിനിമകളിലും ഹിന്ദിയിലും പരിവര്‍ത്തനത്തിന്റെ ഒരു നവയുഗ മുന്നേറ്റം ദൃശ്യമായി. ഹിന്ദിയില്‍ ശ്യാംബനഗല്‍, പ്രകാശ് ഝാ, സെയ്യിദ് മിര്‍സ, അസീസ് മിര്‍സ, മണികൗള്‍, കേതന്‍ മെഹ്ത, ഗോവിന്ദ് നിഹ്ലാനി തുടങ്ങിയ പുതുതലമുറ സംവിധായകരും, നസിറുദ്ദീന്‍ ഷാ, ഓംപുരി, സ്മിത പാട്ടില്‍ ശബാന അസ്മി തുടങ്ങിയ താരനിരയും സമ്മാനിച്ച നവഭാവുകത്വത്തിനു സമാന്തരമായിട്ടായിരുന്നു ബംഗാളില്‍ ഋതുപര്‍ണഘോഷും അപര്‍ണസെന്നും മറ്റും നടപ്പിലാക്കിയ പരീക്ഷണങ്ങള്‍. അതിനു സമാന്തരമായിട്ടായിരുന്നു മലയാളത്തില്‍ കമ്പോള-കലാ സിനിമകല്‍ തമ്മിലുള്ള അകലം തന്നെ കുറച്ചുകൊണ്ട് ട്ിവി ചന്ദ്രന്‍, ലെന്ിന്‍ രാജേന്ദ്രന്‍, കെ.ജി.ജോര്‍്ജജ്, ഭരതന്‍, പത്മരാജന്‍, എം.ടി., ബക്കര്‍, ഭരത് ഗോപി, നെടുമുടി വേണു, തിലകന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ ശാരദ, ശോഭന, ശോഭ തുടങ്ങിയവരിലൂടെ ഇതേ പരിവര്‍ത്തനം തരംഗമായിത്തീരുകയായിരുന്നു. എണ്‍പതുകള്‍ക്കു ശേഷം, ഒന്നു കാലിടറിയ ഇന്ത്യന്‍ സിനിമയിലെ സമാന്തരശ്രമങ്ങള്‍ മുഖ്യധാരയ്ക്കു മുന്നില്‍ പതറിയെങ്കിലും,ഹിന്ദിയിലെ ന്യൂ ജനറേഷന്‍ മള്‍ട്ടിപഌക്‌സ് സിനിമാധാരയിലൂടെയും, തമിഴിലെ പുതുതലമുറമുന്നേറ്റത്തിലൂടെയും, മലയാളത്തിലെ ന്യൂ ജനറേഷന്‍ പ്രസ്ഥാനത്തിലൂടെയും നഷ്ടപ്രതാപം വീണ്ടെടുക്കുകയാണ്. ഇപ്പോഴും, പ്രാദേശിക സിനമകള്‍ തന്നെയാണ് മുഖ്യധാരയുടെ നിലനില്‍പ്പിന് ഉപ്പും വളവും നല്‍കുന്നതെന്നതാണ് ശ്രദ്ധേയം. ഈച്ച യും കാഞ്ചീവരവും യന്തിരനും വിശ്വരൂപവും, സെല്ലുലോയ്ഡും, ആദാമിന്റെ മകനും, സുബ്രഹ്മണ്യപുരവും അങ്ങാടിത്തെരുവുമെല്ലാം ഉണ്ടാവുന്നത് പ്രാദേശികമായിത്തന്നെയാണ്. പക്ഷേ, അവ ദേശീയ ചലച്ചിത്ര ധാരയ്ക്കു നല്‍കുന്ന സംഭാവനയാകട്ടെ, നാനാത്വത്തില്‍ ഏകത്വത്തിന്റെ സമഗ്രതയും.തരംഗങ്ങള്‍ മാറിമാറി കാലത്തിനനുസൃതമായി പകര്‍ന്നാടിയെങ്കിലും ഇന്ത്യന്‍ ദേശീയ സിനിമയില്‍ പ്രാദേശികതയ്ക്കുളള സ്വാധീനം നൂറ്റാണ്ടിനിപ്പുറം ഇന്നും നിര്‍ണായകമായിത്തന്നെ തുടരുന്നുവെന്നതാണ് വാസ്തവം.

Friday, September 06, 2013

ഉള്‍ക്കാഴ്ചയുടെ കരിനീലം

സ്‌ക്രീനില്‍ മാത്രം പൂര്‍ത്തിയാവാതെ, തീയറ്റര്‍വിട്ടു നമ്മോടൊപ്പം പോരുന്ന സിനിമകളുണ്ട്. വായിച്ചു ദിവസങ്ങള്‍ക്കിപ്പുറവും മനസ്സില്‍ കൂടുന്ന പുസ്തകങ്ങളും. അസ്ഥിയില്‍ പിടിച്ചവ എന്നു നാം വിശേഷിപ്പിക്കുന്ന സര്‍ഗാത്മകരചനകളില്‍ നിസ്സംശയം ഉള്‍പ്പെടുത്താവുന്ന ചലച്ചിത്രരചനയാണ് ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റ്. സ്വന്തം കര്‍മമണ്ഡലത്തിനപ്പുറം യാതൊന്നും തന്നെയില്ലാത്ത ഒരു കലാകാരന്റെയും, അവന്റെ നിലനില്‍പിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന ഒരു പെണ്ണിന്റെയും കഥ. ഒറ്റവാചകത്തില്‍ ആര്‍ട്ടിസ്റ്റിനെ അങ്ങനെയൊതുക്കാം.പക്ഷേ, സിനിമ എന്ന നിലയ്ക്ക് ആര്‍ട്ടിസ്റ്റ് അങ്ങനെ ചുരുക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ആഘോഷിക്കപ്പെടേണ്ട രചന തന്നെയാണ്.
ശ്യാമിന്റെ ഭൂരിപക്ഷം സിനിമകളെയും പോലെതന്നെ, പ്രസിദ്ധീകൃതമായൊരു നോവലില്‍ നിന്നാണ് ഈ സിനിമയുടേയും കഥാവസ്തു ഉണ്ടായിരിക്കുന്നത്. എന്നാല്‍, പതിവു ശ്യാമപ്രസാദ് ചിത്രങ്ങള്‍ക്കുള്ള ഒരു ബലഹീനത-അച്ചടിവടിവില്‍ സാഹിത്യഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങള്‍- ഈ ചിത്രത്തിലില്ല. മറിച്ച്, ഋതുവിലും മറ്റും കണ്ടതുപോലെ, നിത്യവ്യവഹാര ഭാഷ അനായാസം സംസാരിക്കുന്ന കഥാപാത്രങ്ങള്‍. എഴുത്തും തനിക്ക് നന്നായി വഴങ്ങുമെന്ന് ശ്യാമപ്രസാദ് തെളിയിച്ചിരിക്കുന്നു.
കാഴ്ചയല്ല, ഉള്‍ക്കാഴ്ചയാണ് കലാകാരന്റെ സ്വത്ത്. കണ്ണുകൊണ്ടല്ല, മന:ക്കണ്ണു കൊണ്ടാണ് അവന്‍/അവള്‍ ലോകത്തെ തന്നെ കാണുന്നത്. ആര്‍ട്ടിസ്റ്റ് മൈക്കളും അങ്ങനൊരാളാണ്. കാഴ്ചയുള്ളിടത്തോളം കാലം, ആരും കാണാത്ത ലോകത്തെ അയാള്‍ ഭാവനയുടെ ക്യാന്‍വാസില്‍ കണ്ടു. അപകടത്തില്‍ കാഴ്ച പോയതില്‍ പിന്നെ, അകക്കണ്ണിന്റെ ക്യാന്‍വാസിലും. ഒരു വ്യത്യാസം മാത്രം. ഇരുട്ടില്‍ താന്‍ വരയുന്നത് വഞ്ചനയുടെ കരിനീലവര്‍ണം കൊണ്ടു മാത്രമാണെന്ന് അയാള്‍ക്കു തിരിച്ചറിയാനായില്ല.
സൂക്ഷ്മാംശങ്ങളിലാണ് കൈയടക്കമുള്ളൊരു സംവിധായകനെ തിരിച്ചറിയേണ്ടത്. അകലെയിലേതു പോലൊരു അതിസൂക്ഷ്മ രംഗമുണ്ട്, അധികമാരും ശ്രദ്ധിക്കാതെ, ആര്‍ട്ടിസ്റ്റില്‍. ആര്‍ട്ട് ക്യൂറേറ്ററോടൊപ്പം കഫേയില്‍ മൈക്കിളിനെ കാത്തിരുന്നശേഷം നിരാശയായി മടങ്ങുന്ന ഗായത്രിയുടെ ദൃശ്യത്തിനു പിന്നില്‍ റോഡില്‍ ഒരപകടത്തിന്റെ മധ്യദൂരദൃശ്യവും ആംബുലന്‍സിന്റെ സൈറണ്‍ ശബ്ദവും. വരാനിരിക്കുന്ന രംഗത്തിലേക്കുള്ള അതിവിദഗ്ധമായ ട്രാന്‍സിഷനാണ് ആ രംഗം. തികച്ചും സ്വാഭാവികമായി, സാധാരണമായി, അതിഭാവുകത്വം ഒട്ടുമില്ലാതെയുള്ള ഈ ദൃശ്യസമീപനം തന്നെയാണ് ചിത്രത്തിലൂടനീളം സംവിധായകന്‍ കാത്തുസൂക്ഷിച്ചിട്ടുള്ളത്.
ശ്യാമിന്റെ ഇഷ്ടപ്രമേയമാണ് വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങള്‍. ആര്‍ട്ടിസ്റ്റും ഈ പതിവു ലംഘിക്കുന്നില്ല. മൈക്കിളും ഗായത്രിയും തമ്മിലും ഗായത്രിയും അമ്മയും തമ്മിലും, ഗായത്രിയും അഭിയും തമ്മിലുമുള്ള ബന്ധങ്ങളിലെ വൈചിത്ര്യവും വൈവിദ്ധ്യവും തീവ്രതയും നിഗൂഡതയും ചെറുചെറു സംഭവങ്ങളിലൂടെ ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നു. എന്തിന് ശ്യാം സിനിമകളിലെ പതിവു പോലെ, (ഋതുവിലെ ശരത്, വര്‍ഷ, സണ്ണിമാരെ ഓര്‍ക്കുക) അഭിയും രുചിയും എന്നീ കഥാപാത്ര നാമകരണങ്ങള്‍ പോലും കൗതുകമുളവാക്കുന്നു. വലിയ ക്യാന്‍വാസെന്നു പ്രത്യക്ഷത്തില്‍ തോന്നുമ്പോഴും, ഒരു ത്രികോണത്തിലോ, ഒരുപക്ഷേ രണ്ടു ബിന്ദുക്കള്‍ തമ്മിലോ ഉള്ള സങ്കീര്‍ണ ബന്ധമാണ്, ആര്‍ട്ടിസ്റ്റും ആഴത്തില്‍ വിശകലനം ചെയ്യുന്നത്. അപ്പോള്‍ മൈക്കിളിന്റെ ഉള്‍ക്കാഴ്ച തന്നിലേക്കു തന്നെയാണെന്നും, ചിത്രാന്ത്യത്തില്‍ ഗായത്രിയുടെ തിരിച്ചറിവ് ജീവിതത്തെപ്പറ്റിത്തന്നെയുളളതാണെന്നും വരുന്നു. അകലെയിലും അരികെയിലും ഒരേ കടലിലും എല്ലാമെന്നോണം മനുഷ്യമനസുകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലെ അത്ഭുതപ്പെടുത്തുന്ന സങ്കീര്‍ണത, വിശദീകരിക്കാനാവാത്ത വൈചിത്ര്യം, അതുതന്നെയാണ് ആര്‍ട്ടിസ്റ്റിന്റെയും കരുത്ത്. അതുകൊണ്ടു തന്നെയാണ്, പ്രഷന്‍ ബ്ലൂ വഞ്ചനയുടേതാണെന്നു മൈക്കിളും രുചിയും ധരിക്കുമ്പോഴും, അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അഭി ശ്രമിക്കുമ്പോഴും അത് ഗായത്രിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റേയും കൂടിയായിത്തീരുന്നത്.
പലരും പ്രകീര്‍ത്തിക്കുന്നതുപോലെ, ഫഹദ് ഫാസിലിന്റെ അത്യപൂര്‍വമായ പ്രകടനമല്ല ആര്‍ട്ടിസ്റ്റിലേത്.കാരണം മൈക്കിള്‍ വാസ്തവത്തില്‍ ഫഹദിനു വേണ്ടി തുന്നിയതതുപാലത്തെ വേഷമാണ്. വെറുതെ പെരുമാറിയാല്‍ മതി, ഫഹദിന് മൈക്കിളിനെ വിജയിപ്പിക്കാന്‍. എന്നാല്‍ ആന്‍ അഗസ്റ്റിന് ഗായത്രി സത്യത്തില്‍ എടുത്താല്‍ പൊങ്ങാത്ത വേഷം തന്നെയാണ്. എല്‍സമ്മയ്ക്കു ശേഷം ഉപരിപഌവമായ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചു വന്ന ആനിന് കല്യാണം കഴിച്ച് ഇനി സ്വസ്ഥമാവാം. കാരണം, മലയാള സിനിമയുളളിടത്തോളം ഓര്‍ത്തുവയ്ക്കുന്നൊരു നായികയാണ് ഗായത്രി. ഗഌമര്‍ മേയ്കപ്പില്‍ പോലുമൊഴിവാക്കി അത്രയ്ക്ക് ഉള്‍ക്കരുത്തോടെ ഗായത്രിയിലേക്ക് പരകായപ്രവേശം ചെയ്യാന്‍ ആനിനെ പിന്തുണച്ചത്, അഭിനേതാക്കളുടെ സംവിധായകന്റെ മികവുതന്നെയാണ്. ലേശം നെഗറ്റീവ് നിഴല്‍ വീണ അഭിയായി വന്ന ശ്രീറാം രാമചന്ദ്രനായായും രുചിയായി വന്ന ശീനന്ദയായാലും കൃഷ്ണചന്ദ്രനായാലും വനിതയായാലും സിദ്ധാര്‍ത്ഥനായാലും അഭിനയത്തിന്റെ ലോലതലങ്ങളില്‍ വരെ  അതീവ ശ്രദ്ധയോടെ മിതത്വം സൂക്ഷിച്ചിരിക്കുന്നു.
ഋതുവിലൂടെ അരങ്ങത്തു വന്ന ഷാംദത്തിന്റെ ക്യാമറയാണെങ്കില്‍ ന്യൂജനറേഷന്‍ ഹാങോവറുകള്‍ക്കപ്പുറം ഇടുങ്ങിയ സ്ഥലകാലങ്ങളില്‍പ്പോലും പുതുപുത്തന്‍ വീക്ഷണകോണുകള്‍ സമ്മാനിക്കുന്നു. തിരുവനന്തപുരത്തു കരമനയിലുള്ള അഗ്രഹാര ശാപ്പാട്ടു ശാലയായ ഹോട്ടല്‍ അന്നപൂര്‍ണ പോലൊരു കുടുസില്‍ രണ്ടിലേറെ വ്യത്യസ്ത ആംഗിളുകളില്‍ ദൃശ്യധാരാളിത്തം സമ്മാനിച്ച ഷാംദത്തിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ? ബിജിപാലിന്റെ യുക്തിസഹജമായ പശ്ചാത്തലസംഗീതവും വിനോദ് സുകുമാരന്റെ സന്നിവേശവും എന്നോണം തന്നെ എടുത്തു പറയേണ്ട ഒന്നാണ് ആര്‍ട്ടിസ്റ്റിലെ വസ്ത്രാലങ്കാരം. പ്രത്യേകിച്ച് നായിക ഗായത്രിയുടെ വേഷവിധാനം. ഒരേ സമയം പാരമ്പര്യത്തെ ധിക്കരിക്കുകയും അതേസമയം പാരമ്പര്യത്തിന്റെ ഹാങോവറില്‍ വിങ്ങുകയും ചെയ്യുന്ന ഗായത്രിയുടെ സ്വഭാവം വ്യക്തമാക്കുന്ന വിധം സങ്കീര്‍ണമായ ടോപ്പും ചുരിദാറുകളും.
അവസാനദൃശ്യത്തിലെ ഗായത്രിയുടെ തിരിച്ചറിവ് തീര്‍ച്ചയായും ശരിയാണ്. ഒരിക്കലും മടങ്ങിവരാനാവാത്ത ചില പോയിന്റുകള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. അതു മറികടക്കാതെ ജീവിതം സാധ്യമല്ല. അല്ലെങ്കില്‍ അതാണു ജീവിതം. അവിടെ മനസിലാകായ്കകളുണ്ടാവും, തിരിച്ചറിവുകളും. ആ തിരിച്ചറിവുകളാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുക. ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന ജീവിതദര്‍ശനവും മറ്റൊന്നല്ല.
ഓരോ ചിത്രവും കാഴ്ചക്കാരന്റെ കൂടി ആത്മാനുഭവങ്ങള്‍ ചേര്‍ത്ത് അവരാണു വ്യാഖ്യാനിക്കുക എന്ന് ചിത്രത്തിലൊരിടത്ത് മൈക്കിള്‍ പറയുന്നുണ്ട്. സിനിമയുടെ കാര്യത്തിലും ഇതു സാര്‍ത്ഥകമാണ്. പ്രേക്ഷകന്റെ വൈയക്തികാനുഭവത്തിന്റെ കൂടി ഈടുവയ്പിലാണ് സിനിമ പൂര്‍ണമാവുന്നത്. അതുകൊണ്ടുതന്നെയാണ് ആള്‍ക്കൂട്ടത്തിലിരുന്നു കാണുമ്പോഴും സിനിമ ഓരോ പ്രേക്ഷകനും വേറിട്ട അനുഭവമാവുന്നത്. അഭിപ്രായഭിന്നതകളുണ്ടാവാം. എന്നാലും ആര്‍ട്ടിസ്റ്റ് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള നല്ല ചിത്രങ്ങളില്‍ ഒന്നുതന്നെയാണെന്നാണ് എന്റെ കാഴ്ചാനുഭവം.