Receiving the Film Critics award 2013

 Receiving the Film Critics award 2013 for the best article on cinema at the Critics award nite at Kayamkulam Mikas Convention Centre on 26th July 2013.



Thursday, July 04, 2013

ഓര്‍മ്മത്തിരശ്ശീലയിലെ ഉത്സവമുദ്രകള്‍


എ.ചന്ദ്രശേഖര്‍
കാഴ്ചയുടെ സംസ്‌കാരത്തില്‍ കാണിക്കുന്നതിനോടൊപ്പം പ്രാധാന്യമുണ്ട് ശരിയായി കാണുന്നതിലും.ചലച്ചിത്രാസ്വാദനത്തില്‍ കേരളത്തിനും ബംഗാളിനും മാത്രമവകാശപ്പെടാവുന്ന അഹങ്കാരത്തോടെയുള്ള മേല്‍ക്കൈയ്ക്കു കാരണമൊരുപാടുണ്ട്, രാഷ്ട്രീയവും സാമൂഹികവും എന്തിന് ഭൂമിശാസ്ത്രപരമായിപ്പോലും. എന്നാലും മലയാളിയുടെയും ബംഗാളിയുടെയും ഉയര്‍ന്ന ചലച്ചിത്രാസ്വാദനക്ഷമതയ്ക്കു പ്രധാനകാരണം, വിശാലമായ അവരുടെ പുരോഗമനചിന്ത തന്നെയാവണം. ഒരേ സമയം കാഴ്ചയുടെയും കാണിയുടെയും ഉയര്‍ന്ന സംസ്‌കാരമാണ് ഈ രണ്ടു ദേശവും സൃഷ്ടിച്ചെടുത്തത്. അതുതന്നെയാണ് നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് മാധ്യമപരമായ സംഭാവനകള്‍ക്കൊപ്പം ആസ്വാദനതലത്തില്‍ വംഗദേശവും മലയാളക്കരയും സമ്മാനിച്ച ചരിത്രപരമായ സംഭാവനകളും.
മലയാളി യഥാര്‍ത്ഥത്തില്‍ സിനിമ കാണാന്‍ പഠിക്കുന്നത് സത്യജിത് റേയ്ക്കും മുമ്പേയാണ്. കാരണം, റേയുടെ വിഖ്യാതമായ പാഥേര്‍ പാഞ്ജലി പുറത്തിറങ്ങുന്നതിനു മാസങ്ങള്‍ക്കു മുമ്പേ, നിയോ റിയലിസ്റ്റ് പൈതൃകം സര്‍വലക്ഷണങ്ങളുമൊത്ത് അവകാശപ്പെടാനാവുന്ന ന്യൂസ് പേപ്പര്‍ ബോയ് മലയാളത്തില്‍ പുറത്തുവന്നിരുന്നു. അതിന്റെ സ്രഷ്ടാവാകട്ടെ, രാംദാസ് എന്നൊരു കോളജ് വിദ്യാര്‍ത്ഥിയും. ലോകസിനിമകള്‍ കണ്ടും വായിച്ചുമാണ്, അല്ലാതെ ആരുടെയും ശിഷ്യത്വം കൊണ്ടല്ല രാംദാസും സംഘവും ആ സിനിമയുണ്ടാക്കിയത്. കഥകളിയേയും കൂടിയാട്ടത്തെയും പോലുള്ള കഌസിക്കല്‍ കലകളെയും ഓട്ടന്‍തുള്ളലിനെയും കൂത്തിനെയും പോലുള്ള ജനപ്രിയ അവതരണകലകളെയും, നാടകം പോലുള്ള സാമൂഹികകലകളെയും ഒരുപോലെ കണ്ടാസ്വദിച്ച മലയാളി, അതേ ഗൗരവത്തോടെതന്നെയാണ് സിനിമയേയും കണ്ടുശീലിച്ചത്. ആ ശീലത്തിനു പുറത്ത് അച്ചടക്കവും തിരിച്ചറിവും പരിശീലിപ്പിച്ചത്, ബംഗാളിലെപ്പോലെതന്നെ ഇവിടെ വേരുറച്ചുവളര്‍ന്ന ഫിലിംസൊസൈറ്റി സംസ്‌കാരമാണ്. ഇന്ത്യന്‍ സിനിമയില്‍ നാഴികക്കല്ലുകളിട്ട അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രലേഖയ്ക്ക് അതിലുള്ള സംഭാവന ചരിത്രപരമാണ്.
തലസ്ഥാനത്തിന്റെ സിനിമാസംസ്‌കാരം സൃഷ്ടാക്കളുടേതെന്നപോലെ സമ്പന്നരായ കാണികളുടേതും കാഴ്ചകളുടേതും കൂടിയിരുന്നു എന്നും. ചിത്രലേഖയ്ക്കു പിന്നാലെ, തിരുവനന്തപുരത്തിനു സ്വന്തമായി ചലച്ചിത്ര, ടാസ്, പിന്നീട് ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ദൃശ്യ-കലാ ആസ്വാദന/പ്രദര്‍ശനസംഘടനയായിത്തീര്‍ന്ന സൂര്യ....അവയിലൂടെയെല്ലാം പ്രാദേശികതയ്ക്കപ്പുറം ഇന്ത്യന്‍ ഭാഷാസിനിമകളെയും, ലോകസിനിമകളെയും മലയാളികള്‍, പ്രത്യേകിച്ച് തലസ്ഥാനവാസികള്‍ പരിചയപ്പെട്ടു, സ്വന്തമാക്കി. എഴുപതുകളില്‍ തുടങ്ങി ടെലിവിഷന്റെയും ഡിജിറ്റല്‍ സാങ്കേതികതയുടെയും അതിപ്രസരത്തിനു മുമ്പുവരെ കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നുള്ളവരെക്കാള്‍ തലസ്ഥാനവാസികളെ ഇത്തരത്തില്‍ കാഴ്ചയുടെ കാര്യത്തില്‍ സവര്‍ണരാക്കി നിലനിര്‍ത്തിയതും ഫിലിംസൊസൈറ്റികളാണ്.
എന്നാല്‍ നൂറുവര്‍ഷത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍, കേരളം ആദ്യമായൊരു ഔദ്യോഗിക രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സാക്ഷ്യം വഹിക്കുന്നതും ആതിഥ്യമരുളുന്നതും 1988ലാണ്. ഇന്ത്യയുടെ, കേരളത്തിന്റെ സിനിമാചരിത്രത്തില്‍ ഒരുപാടു വഴിത്തിരിവുകള്‍ക്കു വഴിവച്ച ചലച്ചിത്രമേള. ഇന്ത്യയുടെ മത്സരരഹിത സഞ്ചരിക്കുന്ന ചലച്ചിത്രമേളയായിരുന്നു അത്-ഫിലിമോത്സവ് 88.കേരളം പിന്നീടു മനസ്സില്‍ വരച്ചിട്ട പല ദൃശ്യങ്ങളും ബിംബങ്ങളും ജന്മം കൊള്ളുന്നത് ഫിലിമോത്സവ് 88 നു വേണ്ടിയാണ്.
ജവഹര്‍ലാല്‍ നെഹൃവിന്റെ താല്‍പര്യപ്രകാരം തുടങ്ങിവച്ച ലോകചലച്ചിത്രമേളകളുടെ പാരമ്പര്യത്തില്‍ ഇന്ത്യയ്ക്ക് രണ്ട് ഔദ്യോഗിക ചലച്ചിത്രമേളകളാണുണ്ടായിരുന്നത്. ഇഫി എന്നറിയപ്പെടുന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയും, ഫിലിമോത്സവും. കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ രൂപവല്‍കരിക്കപ്പെട്ട ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ഓഫ് ഇന്ത്യയ്ക്ക് നടത്തിപ്പു ചുമതലയുള്ള ഈ മേളകള്‍ ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് അരങ്ങേറിയിരുന്നത്. ഇതില്‍ ഇഫി മത്സരമുള്ള ചലച്ചിത്രോത്സവമാണ്. അതിന് സ്ഥിരം വേദിയുമുണ്ട്-ന്യൂഡല്‍ഹി. ഫിലിമോത്സവ് ആകട്ടെ, മത്സരവിഭാഗമില്ലാത്ത മേളയാണ്. അത് സംസ്ഥാനത്തു നിന്നു സംസ്ഥാനത്തേക്കു വേദി മാറ്റിക്കൊണ്ടേയിരിക്കും. സഞ്ചരിക്കുന്ന ചലച്ചിത്രമേള! ലോകസിനിമയ്ക്കു തന്നെയാണ് മേല്‍ക്കൈ എങ്കിലും പ്രാദേശികസിനിമകള്‍ക്കും പ്രാധാന്യമുണ്ടായിരുന്നു രണ്ടു മേളകളിലും. ഇന്ത്യന്‍ പനോരമ രണ്ടിലും പ്രധാന വിഭാഗവുമായിരുന്നു. അത്തരത്തിലുള്ള ഫിലിമോത്സവ് ആണ് 1988ല്‍ ഊഴം തിരിഞ്ഞ് കേരളതലസ്ഥാനത്തെത്തിയത്. 1975ല്‍ കല്‍ക്കട്ടയില്‍ തുടങ്ങിയ ഫിലിമോത്സവ് തുടര്‍ന്ന് 76ല്‍ മുംബൈ, 78ല്‍ മദ്രാസ്, 80ല്‍ ബാംഗഌര്‍, 82ല്‍ കല്‍ക്കട്ട, 84ല്‍ മുംബൈ, 86ല്‍ ഹൈദരാബാദ് എന്നിവിടങ്ങളില്‍ ചുറ്റിയ ശേഷമാണ് 88 ല്‍ തിരുവനന്തപുരത്തെത്തുന്നത്.അതാകട്ടെ അത്തരത്തിലുള്ള ഇന്ത്യയിലെ അവസാനത്തെ ചലച്ചിത്രോല്‍സവവുമായി.
അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും സിനിമാപ്രേമികള്‍ക്കും അതൊരു ആഘോഷക്കാലം തന്നെയായിരുന്നു. ബഹുവേദികളുള്ള ഒരേ സമയം പല തീയറ്ററുകളില്‍ പല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സംസ്‌കാരം ആദ്യമായി തലസ്ഥാനവാസികള്‍ കണ്ടറിഞ്ഞത് ഫിലിമോത്സവിലൂടെയാണ്.
എന്നാല്‍, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആ ചലച്ചിത്രമേള ഇടം നേടിയതും മലയാളസിനിമയുടെ ചരിത്രത്തില്‍ ചില മുദ്രകളവശേഷിപ്പിച്ചതും മറക്കാനാവുന്നതല്ല. ഇന്ത്യന്‍ ചലച്ചിത്രമേളകളുടെ ചരിത്രത്തിലെ അവസാനത്തെ ഫിലിമോത്സവ് ആയിരുന്നു അത്. അതില്‍പ്പിന്നെ ഇഫി സഞ്ചരിക്കാന്‍ തുടങ്ങി, സംസ്ഥാനങ്ങളില്‍ നിന്നു സംസ്ഥാനങ്ങളിലേക്ക്. വര്‍ഷങ്ങള്‍ നീണ്ട കറക്കത്തിനുശേഷം, തിരുവനന്തപുരത്തു തന്നെ 97ലും മറ്റും എത്തിയശേഷമാണ് ഇഫി ഗോവയില്‍ സ്ഥിരം തട്ടകം പ്രതിഷ്ഠിച്ചത്. എന്നാല്‍ ഫിലിമോത്സവിന്റെ കാര്യത്തിലങ്ങനെയല്ല. ആ മേള തന്നെ വേണ്ടെന്നുവയ്ക്കപ്പെടുകയായിരുന്നു. അങ്ങനെ തിരുവനന്തപുരത്തെ ഫിലിമോത്സവ് ഇന്ത്യയിലെ അവസാനത്തേതായി ചരിത്രത്തിലിടം നേടി.എന്നാല്‍, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആ ചലച്ചിത്രമേള ഇടം നേടിയതും മലയാളസിനിമയുടെ ചരിത്രത്തില്‍ ചില മുദ്രകളവശേഷിപ്പിച്ചതും മറക്കാനാവുന്നതല്ല. ഇന്ത്യന്‍ ചലച്ചിത്രമേളകളുടെ ചരിത്രത്തിലെ അവസാനത്തെ ഫിലിമോത്സവ് ആയിരുന്നു അത്. അതില്‍പ്പിന്നെ ഇഫി സഞ്ചരിക്കാന്‍ തുടങ്ങി, സംസ്ഥാനങ്ങളില്‍ നിന്നു സംസ്ഥാനങ്ങളിലേക്ക്. വര്‍ഷങ്ങള്‍ നീണ്ട കറക്കത്തിനുശേഷം, തിരുവനന്തപുരത്തു തന്നെ 97ലും മറ്റും എത്തിയശേഷമാണ് ഇഫി ഗോവയില്‍ സ്ഥിരം തട്ടകം പ്രതിഷ്ഠിച്ചത്. എന്നാല്‍ ഫിലിമോത്സവിന്റെ കാര്യത്തിലങ്ങനെയല്ല. ആ മേള തന്നെ വേണ്ടെന്നുവയ്ക്കപ്പെടുകയായിരുന്നു. അങ്ങനെ തിരുവനന്തപുരത്തെ ഫിലിമോത്സവ് ഇന്ത്യയിലെ അവസാനത്തേതായി ചരിത്രത്തിലിടം നേടി.
അടൂര്‍ ഗോപാലകൃഷ്ണനും ജി അരവിന്ദനും ജ്വലിച്ചു നിന്നിരുന്ന മലയാളസിനിമയുടെ സുവര്‍ണകാലത്തായിരുന്നു ഫിലിമോത്സവ് 88. അതുകൊണ്ടുതന്നെ അവരുടെ രണ്ടുപേരുടെയും സജീവസാന്നിദ്ധ്യം മേളയുടെ സംഘാടനതലത്തിലുണ്ടായി. സര്‍ഗാത്മകമായിത്തന്നെ അവരുടെ സംഭാവനകളും മേളയുടെ മഹാഭാഗ്യമായി. ഊര്‍മ്മിള ഗുപ്തയായിരുന്നു അന്നു ചലച്ചിത്രോത്സവ ഡയറക്ടര്‍.തിരുവനന്തപുരത്തെ കലാഭവന്‍ തന്നെയായിരുന്നു പ്രധാന വേദി. ന്യൂ, ശ്രീകുമാര്‍, ശ്രീവിശാഖ്, ശ്രീ പദ്മനാഭ എന്നിവിടങ്ങളിലെല്ലാം സിനിമ കണ്ടതോര്‍ക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ഫിലിമോത്സവ ഓര്‍മ്മ, എണ്ണത്തില്‍ പരിമിതപ്പെട്ട പ്രതിനിധികളെ ഒഴിച്ചുനിര്‍ത്തിയാല്‍ സാധാരണക്കാര്‍ക്കു സിനിമ കാണാന്‍ അവസരമൊരുക്കിക്കൊണ്ട് ടിക്കറ്റ്/സീസണ്‍ ടിക്കറ്റ് സംവിധാനം ഫിലിമോത്സവിലുണ്ടായിരുന്നു എന്നുള്ളതാണ്. ഇന്നത്തെ മേളകളിലെ മൊബൈല്‍-ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോലെ, സിനോപ്‌സിസുകള്‍ വായിച്ച് തീയറ്ററുകള്‍ തെരഞ്ഞെടുത്ത് വെറും ആറു രൂപയ്‌ക്കോ മറ്റോ രണ്ടോ മൂന്നോ തീയറ്ററുകളിലേക്ക് പ്രദര്‍ശനം കാണാനുള്ള സീസണ്‍ ടിക്കറ്റ് മുന്‍കൂട്ടി വാങ്ങാമായിരുന്നു. അല്ലാത്തവര്‍ക്ക് 25 രൂപ നിരക്കില്‍ തല്‍സമയവും ടിക്കറ്റ് ലഭിക്കും. ഇന്റര്‍നെറ്റോ സെല്‍ഫോണോ ഇല്ലാത്ത കാലമാണെന്നോര്‍ക്കുക.
ഫിലിമോത്സവ് 88 നെ കുറിച്ചുള്ള ഏറ്റവും ദീപ്തമായ ഓര്‍മ്മ, അതു കാലത്തില്‍ കൊത്തിവച്ച ചില ബിംബങ്ങളെപ്പറ്റിയുള്ളതാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഔദ്യോഗിക മുദ്രയായ തോല്‍പ്പാവക്കൂത്തിന്റെ ദൃശ്യം ആദ്യമുണ്ടാവുന്നത് ഫിലിമോത്സവിനു വേണ്ടിയാണ്. ഫിലിമോത്സവിന്റെ ഇന്ത്യന്‍ സിനിമാ വിഭാഗത്തിന്റെ ലോഗോയായി അനുഗ്രഹീത കലാകാരനും ചലച്ചിത്രകാരനുമായ ജി.അരവിന്ദന്‍ സ്വന്തം കൈ കൈാണ്ടു വരച്ചുണ്ടാക്കിയതായിരുന്നു അത്. രണ്ടു കൈകളും അതില്‍ നിന്നുയരുന്ന മൂന്നു കോലുകളില്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സ്ത്രീയുടെ തോല്‍പ്പാവയും അതിന്റെ പശ്ചാത്തലത്തിലൊരു തിരശ്ശീലയും. അതായിരുന്നു അരവിന്ദന്‍ ഫിലിമോത്സവിനുവേണ്ടി രൂപകല്‍പനചെയ്തത്. ഫിലിമോത്സവിനോടനുബന്ധിച്ചു പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമ 1987 ലഘുഗ്രന്ഥത്തിന്റെ മുഖചിത്രമടക്കമുള്ള എല്ലാ ഡിസൈനുകളിലും ഈ മുദ്ര കേരളീയ ദൃശ്യകലാപാരമ്പര്യത്തിന്റെ പ്രൗഡിവിളിച്ചോതി. പിന്നീട്, സംസ്ഥാനം സ്വന്തമായൊരു വാര്‍ഷിക ചലച്ചിത്രമേള തുടങ്ങിയപ്പോള്‍, അരവിന്ദന്‍ രൂപകല്‍പന ചെയ്ത ഈ ഭാഗ്യമുദ്രതന്നെയാണ് ചെറിയ ഭേദഗതികളോടെ, കൈകള്‍ ഒഴിവാക്കിക്കൊണ്ട് സ്വീകരിക്കപ്പെട്ടത്. അങ്ങനെ ഫിലിമോത്സവിന്റെ ഒരു വിഭാഗത്തിനായി രൂപകല്‍പനചെയ്ത ആ മുദ്ര കേരളരാജ്യാന്തര ചലച്ചിത്രമേളയുടെ എക്കാലത്തെയും ഔദ്യോഗികചിഹ്നമായി ചരിത്രത്തിലിടം നേടി.
അനുഗ്രഹീത കലാകാരനും രേഖാചിത്രണത്തിന്റെ തമ്പുരാനുമായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് ഫിലിമോത്സവ് 88 ന്റെ ഔദ്യോഗിക ചിഹ്നം വരഞ്ഞുണ്ടാക്കിയത്. തിരുവിതാംകൂറിന്റെ രാജമുദ്രയായിരുന്ന ശംഖിനെ അയത്‌നലളിതമായ ഒരു കുത്തും ഏതാനും വരയും കൊണ്ട്  നമ്പൂതിരി ആ മുദ്രയിലേക്ക് ആവഹിച്ചു. നെടുകെ പ്രതിഷ്ഠിച്ച ശംഖിനു താഴെ ഒറ്റ ബ്രഷ് സ്‌ട്രോക്കില്‍ ഇന്ത്യന്‍ കഌസിക്കല്‍ ചിത്രകലാപാരമ്പര്യത്തില്‍ പെട്ട ഒരു 88. അതായിരുന്നു ആ ഡിസൈന്‍. ലോഗോ രൂപകല്‍പനയില്‍ ലാളിത്യം കൊണ്ട് ഒരുപക്ഷേ അങ്ങേയറ്റം ശ്രദ്ധിക്കപ്പെട്ട ഈ ശംഖുമുദ്ര പിന്നീട് കേരള ചലച്ചിത്രവികസന കോര്‍പറേഷന്‍ അതിന്റെ ഔദ്യോഗിക ചിഹ്നമായി ആവഹിക്കുകയായിരുന്നു. എണ്‍പത്തെട്ട് എന്ന ഡിസൈന്‍ എടുത്തുകളഞ്ഞ് നെടുകെ വരഞ്ഞ ശംഖിനെ കുത്തനെ നിര്‍ത്തുക മാത്രമേ ചെയ്തുള്ളൂ കെ.എസ്.എഫ്.ഡി.സി.
ഫിലിമോത്സവ് 88 ന് ശീര്‍ഷകചിത്രം നിര്‍മിച്ചത് അനുഗ്രഹീത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ ആയിരുന്നു. കോവളത്തിന്റെ കടല്‍ത്തീരവും, കേരളത്തിന്റെ ഇളനീരുമെല്ലാം ചേര്‍ന്നൊരു ശ്രദ്ധിക്കപ്പെട്ട അനിമേഷന്‍. അതായിരുന്നു ഷാജി സിഗ്നേച്ചര്‍ ഫിലിമിനായി സ്വീകരിച്ച പ്രമേയം. കോവളതീരത്ത് ചെത്തിവച്ചൊരു കരിക്കില്‍ സ്‌ട്രോയ്ക്കു പകരം ഫിലിം ചുരുളുകള്‍. ജനുവരി 10 മുതല്‍ 24 വരെ നീണ്ടു നിന്ന ഫിലിമോത്സവിന്റെ ഫെസ്റ്റിവല്‍ ബുക്കിന്റെ മുഖചിത്രത്തില്‍ ഷാജി മനക്കണ്ണില്‍ ആവിഷ്‌കരിച്ച ദൃശ്യങ്ങള്‍ എക്കാലത്തേക്കും പ്രേക്ഷകമനസ്സുകളില്‍ പതിയാന്‍ വേണ്ടിയായിരിക്കണം ഇടം പിടിക്കുകയും ചെയ്തു.
സത്യജിത് റേ ഉദ്ഘാടകനായി വരുമെന്നായിരുന്നു ആദ്യമറിയിച്ചിരുന്നതെങ്കിലും ഒടുവില്‍ ഉദ്ഘാടകനായി നിശാഗന്ധിയില്‍ വന്നിറങ്ങിയത് മൃണാള്‍ സെന്നായിരുന്നു. ഇന്ത്യയില്‍ ജനിച്ച് സൈപ്രസിലും ഈജിപ്തിലും വളര്‍ന്ന മൈക്കല്‍ റാഡ്‌ഫോര്‍ഡ് സംവിധാനം ചെയ്ത വൈറ്റ് മിസ്ചിഫ് ആയിരുന്നു ഉദ്ഘാടന ചിത്രം. അര്‍ജന്റിന, ഓസ്ട്രിയ, ഓസ്‌ട്രേലിയ,കാനഡ, ക്യൂബ, ചൈന, ചെക്കസ്ലോവാക്യ,ഫ്രാന്‍സ്, കിഴക്കന്‍ ജര്‍മ്മനി,ഗ്രീസ്, ഹംഗറി, ഇറ്റലി, ജപ്പാന്‍, കൊറിയ, പോളണ്ട്, യു.കെ., യു.എസ്, യു.എസ്.എസ്. ആര്‍, യുഗോസഌവിയ...അങ്ങനെ ചരിത്രത്തില്‍ തന്നെ ഇല്ലാതായതടക്കം പല രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകളുണ്ടായിരുന്നു മേളയില്‍. ഗ്രീസില്‍ നിന്നുള്ള തിയോ ആഞ്ജലോപൗലോയുടെ മാര്‍സെല്ലോ മസ്ത്രിയോയാന്നി ചിത്രമായ ദ ബീ കീപ്പര്‍ കാണാന്‍ ശ്രീകുമാറിലുണ്ടായ തിക്കും തിരക്കും ഇന്ന് കിം കി ഡുക് സിനിമകള്‍ക്കുണ്ടാകുന്നതു പോലെ...സീസണ്‍ ടിക്കറ്റുണ്ടായിരുന്നതുകൊണ്ട് പലരും ജീവനക്കാരുടെ കണ്ണുവെട്ടിച്ച് തിരക്കില്‍ ടിക്കറ്റ് കൈമാറി വരെ കയറിപ്പറ്റി. ഇം ക്വോന്‍ തേ്ക്കായിരുന്നു മേളയിലെ മറ്റൊരു താരം. സൊറഗേറ്റ് വുമണ്‍ എന്ന ആ സിനിമ പിന്നീട് മലയാളത്തില്‍ ദശരഥം അടക്കമുള്ള സിനിമകള്‍ക്ക് സര്‍ഗാത്മക പ്രചോദനമായത് ചരിത്രം.ഇമാമുറയുടെ സെഗനായിരുന്നു ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം.ഗോദ്ദാര്‍ദ്ദും, പോള്‍ കോക്‌സും, മാര്‍ത്താ മെസാറസുമെല്ലാം തലസ്ഥാനത്തെ സാധാരണ പ്രേക്ഷകര്‍ക്കും സുപരിചിതരായി.
ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്നുളള സിനിമകളിലും ചരിത്രപരമായൊരു സവിശേഷ എന്‍ട്രിയുണ്ടായിരുന്നു ആ വര്‍ഷം. തലസ്ഥാനത്തെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു നിര്‍മിച്ച, മുന്‍ഷി പ്രേംചന്ദിന്റെ അംശിനി എന്ന ഹിന്ദി സിനിമയായിരുന്നു അത്. പില്‍ക്കാലത്തു പത്രപ്രവര്‍ത്തകനായിത്തീര്‍ന്ന സന്തോഷ്, മുന്‍ഷി പരമ്പരയിലൂടെ ദൃശ്യമാധ്യമത്തില്‍ മായാത്ത സ്ഥാനമുറപ്പിച്ച അനില്‍ ബാനര്‍ജി, സിതാര്‍ വാദകന്‍ കൂടിയായ കിഷന്‍ കര്‍ത്ത, നാടകപ്രവര്‍ത്തകനും നടനുമായ പത്മനാഭന്‍ തമ്പി എന്നിവരെല്ലാം ചേര്‍ന്നു തിരുവനന്തപുരം യംഗ് ഫിലിം റിപ്പര്‍ട്ടറി ഓഫ് ഇന്ത്യയുടെ ബാനറില്‍ നിര്‍മിച്ച ഹിന്ദിചിത്രമായ അംശിനിയിലെ നായിക അക്കാലത്ത് ഉത്തരേന്ത്യന്‍ സമാന്തര സിനിമകളിലൂടെ ഉദിച്ചുയര്‍ന്ന നവതാരനിരയില്‍പ്പെട്ട സീമ ബിശ്വാസായിരുന്നു.
അടൂരിന്റെ അനന്തരം,പ്രതാപ് പോത്തന്റെ ഋതുഭേദം, ചലച്ചിത്രവികസനകോര്‍പറേഷനിലെ ഫിലിം ഓഫീസര്‍ കൂടിയായിരുന്ന, പില്‍ക്കാലത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ കെ.ആര്‍.മോഹന്റെ പുരുഷാര്‍ത്ഥം, രഞ്ജിത്ത് ആദ്യമായി എഴുതിയ തിരക്കഥയില്‍ ചലച്ചിത്രവികസനകോര്‍പറേഷനിലെ ഫിലിം ഓഫീസര്‍ കൂടിയായിരുന്ന സംവിധായകന്‍ വി.ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത ഒരു മെയ്മാസപ്പുലരിയില്‍, ലെനിന്‍ രാജേന്ദ്രന്റെ സ്വാതി തിരുനാള്‍, ജോസഫ് മാടപ്പള്ളിയുടെ തോരണം എന്നിവയായിരുന്നു പനോരമയിലെ മലയാളത്തില്‍ നിന്നുള്ള കഥാചിത്രങ്ങള്‍. ഹ്രസ്വചിത്രവിഭാഗത്തില്‍ അരവിന്ദന്റെ എ ഹോം എവേ ഫ്രം ഹോം, എം.എ റഹ്മാന്റെ ബഷീര്‍ ദ് മാന്‍ അടക്കം എത്രയോ സിനിമകള്‍.ഡിര്‍ക് ബോഗാര്‍ഡ്, എറിക് റോമര്‍ ഏണസ്റ്റ് ലൂബിഷ് എന്നിവരുടെ റെട്രോവിഭാഗവും എം.ജി.രാമചന്ദന്‍, ജോണ്‍ ഏബ്രഹാം എന്നിവരുടെ സ്മൃതിചിത്രവിഭാഗവും മേളയുടെ ആകര്‍ഷണമായിരുന്നു
ഒന്നു ചീയുമ്പോള്‍ മറ്റൊന്നിനു വളമാവുമെന്ന ലോകനിയമം ഫിലിമോത്സവിന്റെ കാര്യത്തിലും സത്യം. അല്ലെങ്കില്‍ ഫിലിമോത്സവിനു വേണ്ടി കൈരളി രൂപം നല്‍കിയ ഡിസൈനുകളില്‍ പലതും പിന്നീട് കേരളത്തിന്റെ യശഃസ്തംഭങ്ങളായ ചലച്ചിത്രസ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ഭാഗ്യമുദ്രകളായി നിലനില്‍ക്കുകയില്ലായിരുന്നല്ലോ. മാത്രവുമല്ല, ഫിലിം യൂണിറ്റ്, ഹോസ്പിറ്റാലിറ്റി, ഷെഡ്യൂളിംഗ്, ഇനാഗുറല്‍ ഫിലിം, സമാപനചിത്രം, ഇന്ത്യന്‍ പനോരമ, സിഗ്നേച്ചര്‍ ഫിലിം തുടങ്ങി സിനിമാമേളകളുടെ ഉള്ളടക്കങ്ങളിലേക്കെല്ലാം തലസ്ഥാനവാസികളെ ആദ്യം കൈ പിടിച്ചാനയിച്ച ലക്ഷണമൊത്ത ഒരു ഔദ്യോഗിക മേള  ചരിത്രശേഷിപ്പായതും,വരുംകാല മഹാമേളകള്‍ക്കു പ്രചോദനമായതുമെല്ലാം നിയോഗമായിരിക്കും, നിശ്ചയം.