Wednesday, May 22, 2013

നാരങ്ങാ ഫിക്‌സിംഗ്


കായംകുളം റയില്‍വേ സ്‌റ്റേഷനിലൊരു ഫ്രൂട്ട്സ്റ്റാളുണ്ട്. അവിടത്തെ ജ്യൂസുകള്‍ പ്രസിദ്ധമാണ്. ഇന്ന് അവിടെ നിന്നൊരു സോഡാ നാരങ്ങാവെള്ളം കുടിക്കേണ്ടി വന്നു. തെറ്റുപറയരുതല്ലോ നല്ല രുചി. നിറയെ കിട്ടുകയും ചെയ്തു. 15 രൂപയേയുള്ളൂ.അവിടത്തെ തലയില്‍ ഡിസ്‌പോസിബിള്‍ ക്യാപ്പൊക്കെയിട്ട സെയില്‍സ് ഗേള്‍ ശരവേഗത്തിലാണ് നേരത്തേ മുറിച്ചിട്ടിരിക്കുന്ന നാരങ്ങ യന്ത്രത്തില്‍ വച്ചു ഞെക്കി ഗഌസിലേക്കു പിഴിഞ്ഞൊഴിക്കുന്നത്. കാണുന്നതു തന്നെ ഒരു കല. ഒറ്റ പ്രസിങ്. പക്ഷേ, കുടിച്ചപ്പോള്‍ അതില്‍ നാരങ്ങാപ്പുളി മാത്രം കുറവായിരുന്നു. മധുരവും ഗ്യാസുമായിരുന്നു അധികം. 

പിന്നീടാലോചിച്ചപ്പോഴല്ലേ ഗുട്ടന്‍സ് പിടികിട്ടിയത്. ഉച്ചയ്ക്കും രാത്രിയുമെല്ലാം ഹോട്ടലില്‍ ബിരിയാണിക്കൊപ്പവും മറ്റും കിട്ടുന്ന ഉശിരന്‍ നാരങ്ങാ അച്ചാറുണ്ടാവുന്നത് എവിടെ നിന്നാ? ഇങ്ങനെ പിഴിയുന്ന നാരങ്ങാത്തോടുകള്‍ അപ്പാടെ ശേഖരിച്ച് ഹോട്ടലുകളിലെത്തിക്കുന്ന നാരങ്ങാ ഫിക്‌സിംഗ് മാഫിയ തന്നെ നിലവിലുണ്ട്. 
പൂജപ്പുര ജംഗ്ഷനിലെ മാടക്കടയില്‍ ചേട്ടന്‍ ബോഞ്ചിയടിക്കുന്ന ദൃശ്യം പതിയേ മനസിലേക്കോടിയെത്തി.കൈകൊണ്ട് നാരങ്ങാക്കഷണം നന്നായി ഗഌസില്‍ ചേര്‍ത്തു പിഴിഞ്ഞ്, വീണ്ടും പിഴിഞ്ഞ്, അതിന്റെ അല്ലി വരെയും ഗഌസിലേക്കുതിര്‍ത്ത് പാമ്പിന്റെ വിഷപ്പല്ലില്‍ നിന്ന് വിഷമൂറ്റുന്നതുപോലെ...അവസാനം വെറും ചണ്ടി മാത്രമായി മാറുന്ന നാരങ്ങാത്തോട് പുറത്തേക്കു വലിച്ചെറിയുന്ന ചേട്ടന്‍. പക്ഷേ ഇവിടെ സ്റ്റേഷനിലെ ഫ്രൂട്ട് സ്റ്റാളില്‍ ഒറ്റ ഞെക്കിനു ശേഷം സത്തും അല്ലിയും നിറയേ ബാക്കിയായ നാരങ്ങാമുറി അപ്പാടെ വൃത്തിയുള്ള സിങ്കിലേക്കൊരേറ്. പൂജപ്പുരയിലെ ചേട്ടന്റെ നാരങ്ങാ വേസ്റ്റിന് ആവശ്യക്കാര്‍ കുറയും. പക്ഷേ, കായംകുളത്തിലേതിന് വില അധികം കിട്ടും. അതില്‍ അച്ചാറിനാവശ്യമായതെല്ലാം ബാക്കിയുണ്ടാവുമല്ലോ? സെയില്‍സ്‌ഗേളിനു പ്രശ്‌നമില്ല.കാരണം നാരങ്ങയുടേതിനടക്കം 15 രൂപ നമ്മള്‍ കൊടുത്തല്ലോ? അപ്പോള്‍ പറയൂ ഇതിലൊരു ലെമണ്‍ ഫിക്‌സിംഗ് നടന്നിട്ടില്ലേ? അല്ലെങ്കിലും മാച്ച് ഫിക്‌സിംഗിന്റെയും സ്‌പോട്ട് ഫിക്‌സിംഗിന്റെയും നാട്ടില്‍ ഇദാപ്പോ ബല്യ കാര്യം. ദേ പോയി ദാ വന്നു!

No comments: