Tuesday, May 07, 2013

മുന്‍വിധികളില്ലാത്ത കാഴ്ചയ്ക്ക് ആമേന്‍


ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മലയാള സിനിമയില്‍ നേടിയ പ്രദര്‍ശനവിജയം മുന്നോട്ടു വയ്ക്കുന്നത് വലിയൊരു സ്വാതന്ത്ര്യമാണ്. ദൃശ്യപരിചരണങ്ങളിലെ നടപ്പുശീലങ്ങള്‍ക്കും ശീലക്കേടുകള്‍ക്കും ജനപ്രിയവ്യാകരണങ്ങള്‍ക്കുമുള്ള ഠ വട്ടത്തെ മറികടക്കാനാവുന്നു എന്ന സ്വാതന്ത്ര്യം. അതാകട്ടെ, മലയാളത്തില്‍ അടുത്തിടെ ഉദിച്ചുയര്‍ന്നത് എന്ന് ആരോപിക്കപ്പെടുന്ന നവഭാവുകത്വ/ ന്യൂ ജനറേഷന്‍ സിനിമയുടെ പച്ചയ്ക്കുള്ള തുറന്നുകാട്ടലിലോ പറച്ചിലിലോ തെളിയുന്ന സ്വാതന്ത്ര്യമല്ല. മറിച്ച് സ്്‌റ്റൈലൈസേഷന്‍ എന്നു ഗണിക്കപ്പെടാവുന്ന ദൃശ്യപരിചരണസങ്കേതം ആശങ്കകൂടാതെ അവതരിപ്പിച്ചു നേടിയ വിജയമാണ്.
അരവിന്ദന്റെ കാഞ്ചനസീത, മാറാട്ടം,എസ്തപ്പാന്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം തുടങ്ങിയ കഌസിക്കുകളില്‍ പരീക്ഷിക്കപ്പെട്ട ശൈലീവല്‍കൃത ദൃശ്യപരിചരണത്തോട് അന്നത്തെ പ്രേക്ഷകര്‍ അത്രകണ്ട് സഹിഷ്ണുക്കളായിരുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ക്കു ദഹിക്കാത്ത സിനിമകളെ അവര്‍ ഉച്ചപ്പടമെന്ന് പുച്ഛിച്ചു മാറ്റിനിര്‍ത്തിയത്. ആമേന്‍ എന്ന സിനിമയുടെ ചരിത്രപരമായ പ്രസക്തി, അത് പ്രേക്ഷകന്റെ മനംമാറ്റത്തെ ഫലപ്രദമായി പ്രതിഫലിപ്പിക്കുന്നുവെന്നുള്ളതാണ്. തീര്‍ത്തും ഗ്രാമീണമായ നാടന്‍ പാട്ടിന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരല്‍പം പിന്നോട്ടോ മുന്നോട്ടോ മാറി വൈഡ് ആംഗിളില്‍, പ്രത്യേക വര്‍ണപദ്ധതിയിലാണ് ആമേന്‍ ദൃശ്യവല്‍കരിച്ചിട്ടുള്ളത്. പ്രമേയതലം ആവശ്യപ്പെടുന്നതിലുമപ്പുറം ഫാന്റസിയുടെ മോഹദൃശ്യങ്ങളുടെ മായിക ഉണ്‍മയാണ് ആമേന്റെ വ്യക്തിത്വം. ഹൈപ്പര്‍ റിയാലിറ്റിയുടെ തലത്തിലുള്ള പ്രമേയവും പരിചരണവുമാണ് ആമേന്റേത്. അതിലെ കാരിക്കേച്ചര്‍ കഥാപാത്രങ്ങളും കോമിക് സംഭവവികാസങ്ങളും പ്രേക്ഷകരില്‍ അല്‍പവും കല്ലുകടിയുണ്ടാക്കുന്നില്ലെങ്കില്‍ അതിനു കാരണം സംവിധായകന്‍ ഉദ്ദേശിച്ചത് അതേ അര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായി എന്നുളളതാണ്.
പാട്ടുകളിലൂടെ ഇരു കരകളുടെ മത്സരവും, നായകന്റെയും നായികയുടെയും പ്രേമവും ആവിഷ്‌കരിക്കുന്നതില്‍ യാതൊരു പുതുമയുമില്ല. എന്നാല്‍ സോളമനും ശോശന്നയും എന്നു തുടങ്ങുന്ന വിധത്തില്‍ നഴ്‌സറി പാട്ടുപോലെ കഥ പറയുന്ന ഗാനങ്ങളിലൂടെ ഇതള്‍വിരിയുന്ന ദൃശ്യങ്ങളുളവാക്കുന്ന ആസ്വാദനം ഒന്നു വേറെതന്നെയാണ്്. അതുകൊണ്ടുതന്നെയാണ് ഒരു സ്വപ്‌നം പോലെ, ഒരു വിശുദ്ധനുണപോലെ ഈ ഡിവൈന്‍ കോമഡി സ്വീകരിക്കപ്പെടുന്നത്. ഒരുപക്ഷേ, മലയാളത്തിലെ നവഭാവുകത്വത്തിന്റെ ഏറ്റവും വലിയ നേട്ടം, ഇത്തരം പരീക്ഷണങ്ങള്‍ക്കായി ഉഴുതുമറിച്ചിട്ടിട്ടുള്ള പ്രേക്ഷകരുടെ മനസ്സാണ്. അതിലവര്‍ക്കിപ്പോള്‍ എന്തും വിതയ്ക്കാം. അയാളും ഞാനും തമ്മിലോ, മുംബൈ പൊലീസോ, ഇമ്മാന്വലോ, ഓഗസ്റ്റ് കഌബോ... എന്തും...അതാണ് ആമേന്‍ തെളിയിക്കുന്നത്.

No comments: