തനിയാവര്‍ത്തനത്തെ അതിജീവിച്ച നടനായനം
എ.ചന്ദ്രശേഖര്‍
സ്വഭാവകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളെപ്പറ്റി പൊതുവേയുള്ള ധാരണ, നായികാനായകന്മാരെ അപേക്ഷിച്ച് അഭിനയസാധ്യതയേറുന്ന വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് അവര്‍ക്ക് എല്ലായ്‌പ്പോഴും ലഭിക്കുക എന്നാണ്. എന്നാല്‍ മഹാഭൂരിപക്ഷം സ്വഭാവനടീനടന്മാരും ഒരേ അച്ചിട്ട വാര്‍പുവേഷങ്ങളെ അവതരിപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നതാണു വാസ്തവം.ഒരിക്കല്‍ അമ്മവേഷം കെട്ടിപ്പോയാല്‍, പിന്നീട് ജീവിതകാലം മുഴുവന്‍ സാധ്വിയായ അമ്മയുടെ സെറ്റുസാരിയിലും മുണ്ടിലും മാത്രം തളയ്ക്കപ്പെടുന്ന ദുര്‍വിധി. ശങ്കരാടിയെപ്പോലൊരു അത്യസാമാന്യ അഭിനേതാവിനെപ്പോലും ഇത്തരം വാര്‍പുമാതൃകകളില്‍ കുരുക്കിയിട്ട സിനിമയാണ് മലയാളത്തിലേത്. ഈ ദുര്‍വിധിയെ സ്വന്തം പ്രതിഭകൊണ്ടുമാത്രം മറികടന്നവര്‍ ചിലരെങ്കിലുമുണ്ട്. ആ ന്യൂനപക്ഷത്തില്‍ പെടുന്ന താരപ്രഭാവമാണ് സുകുമാരിയുടേത്. അതാണ് അവരെക്കൊണ്ട് രണ്ടായിരത്തഞ്ഞൂറിലധികം സിനിമകളില്‍ വേഷമിടീപ്പിച്ചു റെക്കോര്‍ഡിനര്‍ഹയാക്കിയതും.
സത്യത്തില്‍ സുകുമാരിയമ്മയെ മലയാള സിനിമാപ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുക സിനിമയുടെ കഥാഘടനയില്‍ പരിധിക്കപ്പുറം സ്വാധീനമൊന്നുമില്ലാത്ത ഏതെങ്കിലുമൊരു പാവം അമ്മവേഷത്തിന്റെ പേരില്‍ മാത്രമായിരിക്കല്ല, തീര്‍ച്ച. പകരം, വേറിട്ട അസ്തിത്വമുള്ള കുറെയേറെ വ്യത്യസ്ത വേഷങ്ങളിലൂടെയായിരിക്കും. അതില്‍, വില്ലത്തം കലര്‍ന്ന ദുഷ്ടകഥാപാത്രങ്ങളുണ്ട്, ധൈര്യശാലിയായ പെണ്ണിന്റെ വേഷമുണ്ട്, കൗശലക്കാരിയുടെ കഥാപാത്രങ്ങളുണ്ട്, തെരുവുകഥാപാത്രങ്ങളുണ്ട്, അഭിസാരികയുടെ വേഷമുണ്ട്, സൊസൈറ്റി ലേഡിയുണ്ട്....ലേശം മുഴക്കമുള്ള ശബ്ദത്തില്‍ അച്ചടിവടിവില്‍ സംഭാഷണങ്ങളുച്ചരിക്കുന്ന സുകുമാരിയുടെ ഭാവഹാവാദികള്‍ക്ക് അഭിനയത്തിന്റെ ശൈലീകൃതപാരമ്പര്യത്തോടല്ല, നാടകീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത അതിസ്വാഭാവിക അഭിനയത്തോടാണ് ചാര്‍ച്ചക്കൂടുതല്‍.സ്വന്തം പരിമിതികളെ, മറ്റാരേക്കാളുമേറെ സ്വയമറിഞ്ഞു തിരുത്താനും അതിനെ പ്രതിഭകൊണ്ടു തന്നെ മറികടക്കാനുമുള്ള അവരുടെ അതീവ ശ്രദ്ധാപൂര്‍വമായ ശ്രമം കൊണ്ടാണ്, മലയാളത്തില്‍ അത്ര വളരെ ഭാഷാസ്വാധീനമില്ലായിരുന്നിട്ടും സംഭാഷണചാതുര്യത്തില്‍ സുകുമാരി വിജയമായത് കഠിനാധ്വാനവും അര്‍പണബോധവും കൊണ്ടാണ്. എല്ലാ ഭാഷകളിലും ഇതേ ആത്മാപര്‍ണം കൊണ്ടു തന്നെയാണ് അവര്‍ക്കു സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ സാധിച്ചതും.
നടനവഴിയിലെ ചില ചില്ലറ 'ഇതുകള്‍', അതാണ് മഹാഭിനേതാക്കളെ ഇതരരില്‍ നിന്നു വ്യതിരിക്തരാക്കുന്നത്. നെടുമുടിയും ഗോപിയും സുകുമാരിയും കെ.പി.എ.സി.ലളിതയും തമിഴിലെ മനോരമയുമെല്ലാം വ്യത്യസ്തരാവുന്നത് അതിസൂക്ഷ്മതലത്തിലുള്ള ഈ സ്വാംശീകരണത്തിലൂടെത്തന്നെയാണ്. ചില വേദനകള്‍, അസ്വാരസ്യങ്ങള്‍, അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുമ്പോഴെല്ലാം നെടുമുടിയിലും സുകുമാരിയിലും മറ്റും ഉണ്ടാവുന്ന മുഖപേശീമാറ്റങ്ങളുണ്ട്. വാസ്തവത്തില്‍ അഭിനയത്തിന്റെ പാഠപുസ്തക റഫറന്‍സുകളായിത്തീരേണ്ട അഭിനയമുഹൂര്‍ത്തങ്ങളാണവയെല്ലാം. ഇത്തരത്തിലുള്ള എത്രയെങ്കിലും വിസ്മയമുഹൂര്‍ത്തങ്ങള്‍ സുകമാരിയമ്മ മലയാളി അനുവാചകനു മുന്നില്‍ കാഴ്ചവച്ചിരിക്കുന്നു.കഥാപാത്രങ്ങളെ സ്വയം ആവഹിക്കുന്നതിനും കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമപ്പുറം കഥാപാത്രവുമായി അഭിനേതാവിനുണ്ടാവുന്ന ആത്മീയമായൊരു സാത്മീകരണമാണ് ഇതു സാധ്യമാക്കുന്നത്. അത്തരത്തില്‍ അദ്ഭുതങ്ങള്‍ കാഴ്ചവച്ച് നടിയാണു സുകുമാരി.
അടൂര്‍ ഗോപാലകൃഷ്ണന്റെയും കെ.ജി.ജോര്‍ജിന്റെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, മുഖ്യധാരാ ജനപ്രിയ സിനിമ തന്നെയാണ് സുകുമാരി എന്ന നടിക്ക് വൈവിദ്ധ്യത്തിന്റെ അപാരസാധ്യതകള്‍ സമ്മാനിച്ചതെന്നതു ശ്രദ്ധേയം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുഖ്യധാര കമ്പോള സിനിമയുടെ സമവാക്യങ്ങള്‍ക്കുളളില്‍ നില്‍ക്കുന്ന പാത്രസൃഷ്ടികളെത്തന്നെ തന്റെ വഴക്കവും തഴക്കവുംകൊണ്ട് നവ്യമായ നടനകാന്തിയാക്കി മാറ്റുകയായിരുന്നു സുകുമാരിയമ്മ. കഥാപാത്രങ്ങള്‍ അവര്‍ക്കു മുന്നില്‍ വെല്ലുവിളിയാവുക.യായിരുന്നില്ല, കഥാപാത്രസ്വത്വങ്ങളെ അവരിലെ അഭിനേത്രി കീഴടക്കുകയായിരുന്നു.
സുകുമാരി എന്നു കേള്‍്ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമോടിയെത്തുന്നക റാംജിറാവു സ്പീക്കിംഗിലെ മുകേഷിന്റെ പാവം അമ്മയുടേതുപോലെ സര്‍വം സഹയായ നൂറുകണക്കായ അമ്മവേഷങ്ങള്‍ മാത്രമായിരിക്കില്ല, ഹാസ്യത്തിന്റെ മേമ്പൊടികലര്‍ന്നതോ നെഗറ്റീവ് ഛായ കലര്‍ന്നതോ ആയ എത്രയെങ്കിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്. സേതുമാധവന്റെ ചട്ടക്കാരിയിലെ ആംഗ്‌ളോ ഇന്ത്യന്‍,പ്രിയദര്‍ശന്റെ പൂച്ചയ്‌ക്കൊരുമുക്കുത്തിയിലെ നഗരസംവേഗങ്ങളിലേക്ക് സ്വയം പറിച്ചുനടാനാഗ്രഹിക്കുന്ന ഗ്രാമീണയായ മധ്യവയ്‌സ്‌ക, താളവട്ടത്തിലെ കര്‍ക്കശക്കാരിയായ സിസ്റ്റര്‍, വന്ദനത്തിലെ നായികയുടെ ആന്റി, ബോയിംഗ് ബോയിംഗിലെ ആംഗ്‌ളോ ഇന്ത്യന്‍ കുക്ക്്, തേന്മാവിന്‍ കൊമ്പത്തിലെ ഗ്രാമപ്രമുഖയായ ഗാന്ധാരിയമ്മ, നിന്നിഷ്ടം എന്നിഷ്ടത്തിലെ ചീട്ടുഫലം പറയുന്ന കാക്കാത്തി,വനിതാ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍, കെ.ജി.ജോര്‍ജജിന്റെ പഞ്ചവടിപ്പാലത്തിലെ വനിതാ പഞ്ചായത്തുമെമ്പര്‍, നോക്കെത്താദൂരത്തു കണ്ണും നട്ടിലെ നായകന്റെ അമ്മ,ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ കോളനി അസോസിയേഷന്‍ സെക്രട്ടറി,ബാലചന്ദ്രമേനോന്റെ കാര്യം നിസ്സാരത്തിലെ അയല്‍വാസി ക്രിസ്ത്യാനി, മണിച്ചെപ്പു തുറന്നപ്പോളിലെ മുത്തശ്ശി പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലിലെ ഗ്രാമവേശ്യാലയ ഉടമ, ആര്യനിലെ നായകന്റെ അമ്മ, ഉള്ളടക്കത്തിലെ മാനസികരോഗി, മിഴികള്‍ സാക്ഷിയിലെ നിസഹായയായ ഉമ്മ,ഭരതന്റെ കേളിയിലെ അമ്മ....അങ്ങനെ എത്രയെത്ര വേഷങ്ങള്‍. പാത്രവൈവിദ്ധ്യമാണ് ഒരു അഭിനേതാവിന്റെ പ്രതിഭയുടെ ഉരകല്ലെങ്കില്‍, ഈ വേഷപ്പകര്‍ച്ചകളിലെ ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സുകുമാരി എന്ന അഭിനേത്രിയുടെ ധന്യജീവിതത്തിന്റെ പ്രത്യക്ഷസാക്ഷ്യങ്ങളാണ്. പ്രേക്ഷക അനുതാപം ലഭിക്കുന്ന അമ്മവേഷങ്ങള്‍ വിട്ട് വില്ലത്തവും കൗശലവും അല്‍പം ക്രൗര്യവുമെല്ലാമുള്ള കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുക എന്നത് നടിമാരെ സംബന്ധിച്ച് ഒട്ടും യാഥാസ്ഥിതികമായ സംഗതിയല്ല, ഇന്ത്യന്‍ സിനിമയില്‍. അതു പിന്നീട് നടിയെ അത്തരം കഥാപാത്രങ്ങളുടെ വാര്‍പ്പുലേക്കു വലിച്ചു മാറ്റിയിട്ടുകളയും. പിന്നീട് ആ വാര്‍പ്പിന്റെ ഠ വട്ടത്തില്‍ നിന്ന് ഒരിക്കലും കയറി വരാനാവാത്തവിധം പെട്ടുപോകുകയാവും നടിയുടെ വിധി. ഈ ദുര്‍വിധിയെയാണ് സുകുമാരി അവരുടെ പ്രകാശം പരത്തുന്ന വേഷപ്പകര്‍ച്ചകളിലൂടെ അസാമാന്യ മെയ് വഴക്കത്തോടെ മറികടന്നത്.
മലയാളസിനിമയ്‌ക്കൊപ്പമായിരുന്നു അവരുടെ വളര്‍ച്ച. പത്താം വയസില്‍, തിരുവിതാംകൂര്‍ സഹോദരിമാരുടെ ബന്ധുവെന്ന നിലയില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ നൃത്തവും നടനവും എഴുപത്തിനാലാം വയസു വരെ നീണ്ടു. ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പവും അഭിനയിച്ചു നിലയുറപ്പിക്കാന്‍ സുകുമാരിക്കു സാധിച്ചത് അവരുടെ പ്രതിഭയും ആത്മനവീകരണത്തിനുള്ള സിദ്ധിയും കൊണ്ടുമാത്രമാണ്.. ഇക്കാര്യത്തില്‍ അവര്‍ക്ക് തെന്നിന്ത്യയില്‍ ഒരെതിരാളി മാത്രമേ ഉണ്ടായിട്ടുള്ളൂ, തമിഴിലെ അനുഗ്രഹീത നടി മനോരമ.
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവു നിങ്ങള്‍ മതി എന്നു ബഌക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ പാടിയഭിനയിച്ച സുകുമാരി തന്നെയാണ് പ്രിയദര്‍ശന്റെ ബോയിംഗ് ബോയിംഗില്‍ മോഹന്‍ലാലിനും മുകേഷിനുമൊപ്പം പാടിയാടിയത്.ഭരതന്റെ കേളിയില്‍ കെ.പി.എ.സി.ലളിതയുടെ അമ്മയായിവരെ അവരഭിനയിച്ചു.വ്യത്യസ്തതയാണ് അഭിനേതാവിന്റെ റെയ്ഞ്ചിന്റെ മാനദണ്ഡമെങ്കില്‍, രണ്ടായിരത്തഞ്ഞൂറില്‍പ്പരം കഥാപാത്രങ്ങള്‍ എന്ന ബഹുമതി മാത്രം മതി സുകുമാരി എന്ന അഭിനേത്രിയുടെ നടനകാന്തിക്കുള്ള സാക്ഷ്യപത്രമാവും.
്മലയാളത്തില്‍ ഏറ്റവുമധികം ആംഗ്‌ളോ ഇന്ത്യന്‍ വേഷമിട്ട അമ്മനടി സുകുമാരിയാണ്. ചട്ടക്കാരി മുതല്‍ ന്യൂ ജനറേഷന്‍ ജനുസില്‍പ്പെട്ട ട്രിവാന്‍ഡ്രം ലോഡ്ജിലെ പെഗി വരെ. അതില്‍ ഒന്നിലും മറ്റൊന്നിന്റെ ഛായപോലുമുണ്ടായിരുന്നില്ല. അതാണവരുടെ അഭിനയശൈലിയുടെ സുഭദ്രത.
ടി.പി.ബാലഗോപാലന്‍ എം.എ.യിലെ നായിക ശോഭനയുടെ അമ്മ, സിനിമയുടെ രണ്ടാം പാതിയില്‍, കേസും വക്കാണവുമായി നടന്ന ഭര്‍ത്താവ് കേസൊക്കെ ജയിച്ച് വീണ്ടും പ്രമാണിയായിക്കഴിഞ്ഞപ്പോള്‍, തങ്ങളെ സഹായിച്ച, മകളുമായി അടുപ്പമുള്ള നായകന്‍ മകളെ കാണാന്‍ വരുമ്പോള്‍, തന്മയത്വത്തോടെ അയാളെ പറഞ്ഞു വിലക്കുന്നതും, മേലില്‍ ഇടയ്ക്കിടെ അവളെ കാണാന്‍ വരരുതെന്നും പറയുന്ന സന്ദര്‍ഭമുണ്ട്. ഒന്നു പാളിയാല്‍ പൊട്ടിപ്പാളീസാവുന്ന നെഗറ്റീവ് വേഷം. പക്ഷേ, സുകുമാരി എന്ന നടിയുടെ അത്യസധാരണമായ സാത്മീകരണമൊന്നുകൊണ്ടുമാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തെ സൂക്ഷ്മമായി ഓര്‍ത്തെടുക്കാനാവുന്നത്. പ്രായോഗികമായതു ചെയ്യുന്ന ആ അമ്മയുടെ ചുണ്ടുകളുടെ പതര്‍ച്ച, മുഖത്തെ മാറിയ ഭാവപ്പകര്‍ച്ച, അത് ആയിരത്തിലൊരാള്‍ക്കു മാത്രം സാധ്യമാവുന്നതാണ്, നിശ്ചയം.അതുപോലെതന്നെയാണ്, തേന്മാവിന്‍ കൊമ്പത്തിലെ ഗാന്ധാരി. കുടുംബപ്പകയുടെ മാടമ്പിമാല്‍സര്യത്തില്‍ നെടുമുടിയുടെ ശ്രീകൃഷ്ണനെതിരെ മോഹന്‍ലാലിന്റെ മാണിക്യനെ അണിനിരത്താന്‍ ശ്രമിക്കുന്ന ഗ്രാമപ്രമുഖ. ഏത് ആണ്‍ ചട്ടമ്പിയെയും വെല്ലുന്ന പ്രകടനമായിരുന്നു അത്.ഏതു തലമുറയോടൊപ്പവും അവരുടെ ഭാഷയില്‍, ആടിയും പാടിയും ഇണങ്ങിച്ചേരാനാവുന്നതാണ് സുകുമാരിയെ പുതുതലമുറ സിനിമാക്കാര്‍ക്കുപോലും അഭിമതയാക്കിയത്. പ്രതിച്ഛായയുടെ ബാധ്യതകൂടാതെ കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ കാണിച്ച നിഷ്‌കര്‍ഷയും, ഏറ്റെടുത്ത കഥാപാത്രത്തോടുള്ള ആത്മാര്‍പണവുമായിരിക്കണം സുകുമാരി എന്ന നടിയുടെ ഏറ്റവും വലിയ ഗുണമെന്നു തോന്നുന്നു. സാധനയേക്കാളേറെ സ്ഫുടം ചെയ്ത സിദ്ധിയിലൂന്നി സ്വന്തമായൊരു അഭിനയ സ്വത്വം സ്വാംശീകരിച്ച അഭിനേത്രിയാണവര്‍.ബ്രാഹ്മണത്തിയായി വരുമ്പോഴും ചട്ടയും മുണ്ടുമണിഞ്ഞു വരുമ്പോഴും സുകുമാരി അവിടെ അപ്രത്യക്ഷമാകും, പകരം അവര്‍ ഹൃദയത്തിലേക്കാവഹിച്ച കഥാപാത്രം അവിടെ പ്രത്യക്ഷമാവും. ആ മാന്ത്രികതയാണ് സുകുമാരിയെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി അഭിനയപ്രതിഭാസമാക്കി മാറ്റിയത്. സാധാരണത്വത്തില്‍ അസാധാരണത്വമാരോപിക്കാവുന്ന അഭിനയനൈപുണ്യമായിരുന്നു അവരുടേത്. കഥാപാത്രങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ക്കിടയിലും വ്യത്യസ്തതയുടെ വെള്ളിവെട്ടങ്ങള്‍ കോറി വരയ്ക്കാനായി അവര്‍ക്ക്. അങ്ങനെയാണ് അവര്‍ ആവര്‍ത്തനത്തിന്റെ വൈരസ്യത്തില്‍ നിന്ന് കഥാപാത്രത്തെയും പ്രേക്ഷകരെയും ഒരേപോലെ കാത്തുരക്ഷിച്ചത്.
ബാലചന്ദ്രമേനോന്‍, സിബി മലയില്‍, വേണു നാഗവള്ളി, പ്രിയദര്‍ശന്‍, ഫാസില്‍. തുടങ്ങിയ സംവിധായകരുമായി ഒരു മാനസികൈക്യം സുകുമാരിക്കുണ്ടായിരുന്നതായി കാണാം.കാരണം അവരുടെ സിനിമകളില്‍ സുകുമാരി ഒരല്‍പം കൂടുതല്‍ തിളങ്ങിയിട്ടുണ്ട്. മോഹന്‍ലാലും മുകേഷും ജയറാമും നെടുമുടി വേണുവും ഭരത്‌ഗോപിയും ജഗതി ശ്രീകുമാറും ബാലചന്ദ്രമേനോനും മറ്റുമായുള്ള ജോഡിപ്പൊരുത്തവും അവരുടെ അവിസ്മരണീയ പ്രകടനത്തിലേക്കു വഴിവച്ചിട്ടുണ്ട്. അതെല്ലാം മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്റെ ഈടുവയ്പ്പുകളുമായി. ഒരു നല്ല അഭിനേതാവ് ഒപ്പമഭിനയിക്കുമ്പോഴാണ്, സാര്‍ത്ഥകമായ പിന്തുണ നല്‍കുമ്പോഴാണ് പ്രധാന നായകന്റെയോ നായികയുടെയോ പോലും നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍ പുറത്തുവരിക. പുതുമുഖങ്ങളുടെ പോലു ഏറ്റവും മികച്ച നടനമുഹൂര്‍്ത്തങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഒപ്പമഭിനയിച്ച സുകുമാരിയമ്മയുടെ പിന്തുണ നിര്‍ണായകമായിട്ടുണ്ട്. അതാണ് നാടകത്തിന്റെ തട്ടകം സുകുമാരി എന്ന അഭിനേത്രിക്കു പകര്‍ന്നു നല്‍കിയ ഏറ്റവും വലിയ ഉള്‍ക്കരുത്ത്.അതിന്റെ ബലത്തില്‍ സുകുമാരി, ഒപ്പമഭിനയിക്കുന്ന ഏതു നടനും നടിക്കും വളരെ വലിയൊരു സാന്ത്വനമായി, കൈത്താങ്ങായി. ജോഡിപ്പൊരുത്തങ്ങളുടെ രസതന്ത്രങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലും സുകുമാരിയമ്മ അങ്ങനെ മാതൃകയായി.
അപൂര്‍വം രണ്ടു ദേശീയ ബഹുമതികളും ഏതാനും സംസ്ഥാന ബഹുമതികളും സ്വകാര്യ സംഘടനകളുടെ പുരസ്‌കാരങ്ങളും തമിഴ് നാട് നാമനിര്‍ദ്ദേശം നല്‍കി വാങ്ങിക്കൊടുത്ത പത്മശ്രീയുമല്ലാതെ അര്‍ഹതപ്പെട്ട അംഗീകാരമൊന്നും(പ്രേക്ഷകപ്രീതി അപവാദം) സമയത്തു നല്‍കി നാം ആദരിക്കാത്ത പ്രതിഭയാണ് സുകുമാരിയുടേത്. എന്നാലും അവര്‍ക്കു കര്‍മകാണ്ഡത്തില്‍ പരാതികളില്ലായിരുന്നു, പരിഭവങ്ങളും. എന്നിട്ടും അവര്‍ ആഗ്രഹിച്ചത് പിറന്ന നാടായ കേരളത്തില്‍ അന്തിയുറങ്ങാന്‍. ഭാഷകള്‍ക്കപ്പുറം നടനകാന്തി നിറയ്ക്കുമ്പോഴും അവരുടെ വേരുകള്‍, അസ്തിത്വം തനി മലയാളിയുടേതായിരുന്നു.
നാളെ, മലയാള സിനിമ, കേരളം എങ്ങനെയായിരിക്കും ഈ കലാകാരിയെ അടയാളപ്പെടുത്തുക എന്നോര്‍ക്കുമ്പോഴാണ് ആ അഭിനേത്രിയുടെ പാത്രപാരാവാരം എത്ര ആഴവും പരപ്പുമുള്ളതാണെന്ന്, ശ്കതവും കരുത്തുമുളളതാണെന്നു നാം തിരിച്ചറിയുക. തീര്‍ച്ചയായും സുകുമാരി എന്ന നടി അനശ്വരയാകുക അവര്‍ വെള്ളിത്തിരയിലുപേക്ഷിച്ചുപോയ ആയിരക്കണക്കായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ലാളിത്യം മുഖമുദ്രയാക്കിയ ഒരു യഥാര്‍ത്ഥ കലാകാരി, സഹജീവിസ്‌നേഹമുള്ള ഒരു മഹാമനസ്‌ക എന്നീ നിലകളിലെല്ലാമായിരിക്കും.
No comments:
Post a Comment