Kalakaumudi
Issue No: 1957
Issue Date:
March 10 2013
എ.ചന്ദ്രശേഖര്‍
ചില ചരിത്രങ്ങള്‍ പുതുതായി എഴുതിച്ചേര്‍ക്കുന്ന ഒന്നായിരുന്നു 85 ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശ. പ്രധാനമായി, ലോകമെമ്പാടുമുള്ള മുപ്പത്തഞ്ചിലേറെ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍ കണ്ടാസ്വദിക്കുന്ന ലൈവ് ടിവി ഷോയായി ബ്രാന്‍ഡ് ചെയ്യപ്പെട്ട അമേരികന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ വാര്‍ഷിക ചലച്ചിത്ര അവാര്‍ഡ് മാമാങ്കമായ ഓസ്‌കറിനെ ഔദ്യോഗികമായിത്തന്നെ അക്കാദമി ഓസ്‌കര്‍ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തതായിരുന്നു അതിന്റെ വാണിജ്യപരമായ സവിശേഷത. അക്കാദമിയുമായോ, സിനിമയുമായോ യാതൊരു ബന്ധവുമില്ലാത്ത, അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥന്‍ അവാര്‍ഡ് ശില്‍പം കണ്ട്, തന്റെ അമ്മാവന്‍ ഓസ്‌കറിനെപ്പോലിരിക്കുന്നല്ലോ എന്ന് അലക്ഷ്യമായി പറഞ്ഞതില്‍ നിന്ന് വട്ടപ്പേരു വീണ ഓസ്‌കര്‍ അങ്ങനെ ചരിത്രത്തില്‍ അക്കാദമിയെക്കൊണ്ടു തന്നെ ഓസ്‌കര്‍ എന്ന വിപണനനാമം സ്ഥിരീകരിക്കപ്പെടുംവിധം വളരുകയായിരുന്നു.
രണ്ടാമത്തെ പ്രത്യേകത, വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, ഓസ്‌കര്‍ താരനിശ കൊഡാക്ക് തീയററ്ററിന്റെ മേല്‍വിലാസം കൈവെടിഞ്ഞ്് ഡോള്‍ബി തീയറ്ററിനെ സ്വീകരിച്ചു എന്നതാണ്. കാര്യമായ മാറ്റമെന്നൊന്നും ഇതിനെ പറയാന്‍ സാധ്യമല്ല. ലോസാഞ്ചലസിലെ ഹോളിവുഡ് ഹൈലാന്‍ഡ് സെന്ററില്‍ നിലകൊള്ളുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ബഹുനില തീയറ്ററിന് കൊഡാക്കിന്റെ ബ്രാന്‍ഡിങ് ഉണ്ടായിരുന്നത് ഛായാഗ്രഹണസാങ്കേതികതയിലെ അതികായരായിരുന്ന കൊഡാക്ക് പാപ്പര്‍ സ്യൂട്ട് നല്‍കുകയും സാമ്പത്തികമായി നിലംപരിശാവുകയും ചെയ്തതോടെ, ശബ്ദവിന്യാസത്തിലെ ലോകരാജാക്കന്മാരായ ഡോള്‍ബി കോടികള്‍ നല്‍കി സ്വന്തമാക്കുകയായിരുന്നു. ചുരുക്കത്തില്‍ തീയറ്റര്‍ മാറിയില്ലെങ്കിലും പേരുമാറിയെന്നു മാത്രം.
തൊലിപ്പുറത്തെ ഈ അപൂര്‍വതകള്‍ക്കൊക്കെ അപ്പുറത്ത് ഒരു മഹാനടന്റെ ചരിത്രത്തിലിടം നേടിയ ഹാറ്റ് ട്രിക്കിനു കൂടി ഇക്കുറി ഓസ്‌കര്‍ സാക്ഷ്യം വഹിച്ചു. ഒരുപക്ഷേ ഇതുതന്നെയായിരിക്കും ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷതയും. ബ്രിട്ടീഷ് നടനായ ഡാനിയല്‍ ഡേ ല്യൂയിസാണ് ഈ ചരിത്രപ്രതിഭ. സെസില്‍ ഡേ ല്യൂയിസിന്റെയും ജില്‍ ബാല്‍കന്റെയും മകനായി പിറന്ന ഡാനിയലിന് ഇതു മൂന്നാംവട്ടമാണ് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിക്കുന്നത്. അഞ്ചുതവണ നാമനിര്‍ദ്ദേശം നേടിയിട്ടുള്ള അദ്ദേഹത്തിന് ഇക്കുറി വിഖ്യാതനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ചരിത്രകഥയായ ലിങ്കനിലെ നായകകഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചതെങ്കില്‍, മൈ ലെഫ്റ്റ് ഫുട്ട് എന്ന ചിത്രത്തില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച ക്രിസ്റ്റി ബ്രൗണിന്റെ ധര്‍മസങ്കടങ്ങള്‍ ആവിഷ്‌കരിച്ചതിന് 1989ലും, ദെയര്‍ വില്‍ ബി ബഌ് എന്ന ചിത്രത്തില്‍ ഭാഗ്യാന്വേഷിയായ എണ്ണക്കിണറുടമ ഡാനിയല്‍ പ്‌ളെയ്ന്‍വ്യൂവിനെ അവതരിപ്പിച്ചതിന് 2007 ലുമാണ് മികച്ച നടനുളള ബഹുമതി കിട്ടിയത്. അടിമത്തമവസാനിപ്പിക്കാനുള്ള പതിമൂന്നാമത് ഭരണഘടനാ ഭേദഗതിക്കുവേണ്ടിയുള്ള പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ പരിശ്രമങ്ങളുടെ പിന്നിലെ ആത്മസംഘര്‍ഷങ്ങളും യാതനകളുമാണ് സ്പീല്‍ബര്‍ഗ് സിനിമയ്ക്കു വിഷയമാക്കിയത്. കരുത്തനായ ഡെന്‍സെല്‍ വാഷിംഗ്ടണെ കടുത്ത മല്‍സരത്തില്‍ പിന്നിലാക്കിയാണ് ഡാനിയല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി ഇന്ത്യ തിളങ്ങിയ ഓസ്‌കര്‍ നിശകൂടിയായിരുന്നു കടന്നുപോയത്. അതാകട്ടെ, തയ് വാനീസ് സംവിധായകന്‍ ആങ് ലീയുടെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട, ലോകമെമ്പാടുനിന്നും ഏറെ നിരൂപകപ്രശംസയും അതിലേറെ പ്രദര്‍ശനവിജയവും നേടിയ ലൈഫ് ഓഫ് പൈ യുടെ നേട്ടത്തിലൂടെയായിരുന്നു. മികച്ച ചിത്രം സംവിധാനം, സംഗീതം, ഛായാഗ്രഹണം, ദൃശ്യപ്പൊലിമ തുടങ്ങി 11 നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ലൈഫ് ഓഫ് പൈ മികച്ച സംവിധായകനും ഛായാഗ്രാഹകനും (ക്ലൗദോ മിറാന്‍ഡ), സംഗീതത്തിനും (മിഖായേല്‍ ഡാന) ദൃശ്യപ്പൊലിമയ്ക്കുമുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍, ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച, ഒരു മലയാളിയെ നായകനാക്കിയ സിനിമയുടെ സംവിധായകനിലൂടെ ഇന്ത്യന്‍ അഭിവാദനമായ 'നമസ്‌തേ' ഓസ്‌കര്‍ വേദിയില്‍ ശ്രവിക്കപ്പെട്ടു. ആങ് ലീയുടെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം ഇന്ത്യന്‍ സംഘാംഗങ്ങളുടെ സേവനങ്ങളെ അന്തസ്സോടെ, ആഭിജാത്യത്തോടെ അംഗീകരിച്ചു, കൃതജ്ഞതയും പറഞ്ഞു. 2001ല്‍ ക്രൗച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ എന്ന ചൈനീസ് അയോധനകലാസിനിയിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ശില്‍പം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനായി ചരിത്രം രചിച്ച ആങ് ലീ നേടുന്ന മികച്ച സംവിധായകനുള്ള മൂന്നാമത്തെ ഓസ്‌കര്‍ അവാര്‍ഡാണിത്. മാത്രമല്ല, മൂന്നു തവണ മിക്ച്ച സംവിധായകനുളള ഓസ്‌കര്‍ നേടുന്ന ആദ്യത്തെ സംവിധായകനെന്ന കിരീടവും ഇതോടെ ആങ് ലീ സ്വന്തമാക്കുകയാണ്്. അമേരിക്കയുടെ മണ്ണില്‍, അവരുടെ ദേശീയ ചലച്ചിത്ര ബഹുമതിയായ ഓസ്‌കര്‍ അമേരിക്കയ്ക്കു പുറത്തു് വേരുകളുള്ള ഒരാള്‍ മൂന്നു തവണ സ്വന്തമാക്കുന്നുവെന്നതിനു പിന്നിലെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങള്‍ പരാമര്‍ശിക്കപ്പെടേണ്ടതു തന്നെ.
എന്നാല്‍, ലോകം മുഴുവനുള്ള എക്‌സ്‌ക്‌ളൂസീവ് സംപ്രേഷണാവകാശത്തിന്റെ കച്ചവടമൂല്യത്തില്‍ ഇന്റര്‍നെറ്റില്‍ പോലും അമേരിക്കയ്ക്കു പുറത്തുള്ള രാജ്യങ്ങളിലേക്ക് വീഡിയോ ക്‌ളിപ്പിംഗുകള്‍ വിനിമയം ചെയ്യപ്പെടാതിരിക്കാന്‍ കരുതലെടുത്ത അക്കാദമിയുടെ അമേരിക്കന്‍ ഹാങോവര്‍ അവരുടെ മറ്റവാര്‍ഡുകളില്‍ സുവ്യക്തമായിരുന്നു. ചാരസാഹസികതകളുടെ ധീരഗാഥകളില്‍ അഭിരമിക്കുന്ന ശരാശരി അമേരിക്കക്കാരന്റെ മനസ്സു തന്നെയാണ് ഈ അവാര്‍ഡ് നിര്‍ണയത്തിലും പ്രതിഫലിക്കുന്നതെന്നു കാണാം.
ഇറാനുമായുള്ള രൂക്ഷമായ അമേരിക്കയുടെ അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയ ആര്‍ഗോയുടെ രാഷ്ട്രീയപ്രസക്തി വളരെ വലുതാണ്. 1979 ല്‍ ആറ് അമേരിക്കക്കാര്‍ ടെഹ്‌റാനിലെ കനേഡിയന്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയതിനെത്തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ നിയുക്തനാവുന്ന ഏജന്റ് ടോണി മെന്‍ഡസ് നടത്തുന്ന സാഹസികതകളാണ് ചിത്രത്തിന്റെ കഥാവസ്തു. ഹോളിവുഡില്‍ നിന്നുള്ള മെന്‍ഡസ് സൂഹൃത്തായ നിര്‍മാതാവിനും മേയ്ക്കപ് ആര്‍ട്ടിസ്റ്റിനുമൊപ്പം ഇറാന്‍ പശ്ചാത്തലമാക്കി ഒരു സിനിമാ പദ്ധതി ആവിഷ്‌കരിച്ച് അതിന്റെ മറവിലാണ് ഇറാനിലെത്തി അവരെ മോചിപ്പിക്കുന്നത്. സി.ഐ.എ ചാരനായ ടോണി മെന്‍ഡസിന്റെ ദ് മാസ്റ്റര്‍ ഓഫ് ഡിസ്‌ഗൈസ്, ജോഷ്വാ ബര്‍മാന്റെ ദ് ഗ്രേയ്റ്റ് എസ്‌കേപ് എന്നീ പുസ്തകങ്ങളെ അതിജീവിച്ച്് ക്രിസ് ടെറിയോ രചിച്ച തിരക്കഥയില്‍ നിന്നാണ് ബെന്‍ അഫ്‌ളെക്ക് ഈ സിനിമ രൂപപ്പെടുത്തിയത്. നായകനായ മെന്‍ഡസിനു ജീവന്‍ പകര്‍ന്നതും ബെന്‍ തന്നെയായിരുന്നു.1997ല്‍ ഗുഡ്‌വില്‍ ഹണ്ടിംഗിന് ഓസ്‌കര്‍ നേടിയിട്ടുള്ള ബെഞ്ചമിന്‍ ഗേസ അഫ്‌ളെക് അഥവാ ബെന്‍ അഫ്‌ളെക്കിന്റെ അര്‍മെഗഡണ്‍, പേള്‍ ഹാര്‍ബര്‍ എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. നാലപതുകാരനായ ബെന്നെ സംബന്ധിച്ചിടത്തോളം ആര്‍ഗോ ഇരട്ടിമധുരമാണ്. കാരണം, സ്വന്തം സംവിധാനത്തില്‍ സ്വയം നായകനായ സിനിമയ്ക്ക് മികച്ച സിനിമയക്കുള്ള അവാര്‍ഡ് കിട്ടുക എന്നത് അത്ര മോശം കാര്യമല്ലല്ലോ.
അമ്മുമ്മക്കഥകളുടെ അമൂല്യക്കലവറയില്‍ നിന്നാര്‍ജിച്ച കഥപറയാനുള്ള നൈസര്‍ഗികമായ കഴിവുതന്നെയാണെന്നുതോന്നുന്നു ഏഷ്യന്‍ രക്തം സിരകളിലൊഴകുന്ന, ഇന്നും തന്റെ ഏഷ്യന്‍ വംശത്വത്തില്‍ അഭിമാനിക്കുന്ന ആങ് ലീയെ ഈ അപൂര്‍വതയുടെ സിംഹാസനത്തിലേക്ക് ആരൂഡസ്ഥനാക്കിയത്. യെന്‍ മാര്‍ട്ടിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവല്‍ അതിന്റെ അതിയാഥാര്‍ഥ്യകഥാഘടന ഒന്നുകൊണ്ടുതന്നെ ദൃശ്യവല്‍കരണത്തിനു വഴങ്ങുന്നതായിരുന്നില്ല. തീര്‍ത്തും സിനിമയാക്കാന്‍ സാധ്യമില്ലാത്ത നോവല്‍ എന്നുള്ളതുകൊണ്ടാവണം 2001ല്‍ ബുക്കര്‍ സമ്മാനം നേടിയിട്ടും, അതില്‍ തൊട്ടുകളിക്കാന്‍ ഹോളിവുഡ് വമ്പന്മാര്‍ അടക്കമുള്ളവരാരും മുതിരാതിരുന്നതും. എന്നാല്‍ ക്രൗച്ചിംഗ് ടൈഗറിലൂടെതന്നെ അസാധ്യമായതിനെ ദൃശ്യവല്‍ക്കരിക്കാന്‍ അതീവതാല്‍പര്യം കാണിച്ച ആങ് ലീക്ക് (കഥാപാത്രങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നു തമ്മില്‍ത്തല്ലുന്ന കമ്പോള സിനിമയുടെ അതിനൂതന ദൃശ്യശീലത്തിനു തുടക്കമിട്ടത് വാസ്തവത്തില്‍ ക്രൗച്ചിംഗ് ടൈഗറിലെ കാല്‍പനികയും അതിയാഥാര്‍ഥ്യവുമായ പരമ്പരാഗത ചൈനീസ് അയോധനപ്രകടനങ്ങളുടെ ദൃശ്യവല്‍കരണമായിരുന്നുവെന്നോര്‍മിക്കുക) ലൈഫ് ഓഫ് പൈ ഹരമായിത്തീര്‍ന്നത് അതിന്റെ അസാധ്യതകൊണ്ടുതന്നെയായിരിക്കണം. അതെന്തായാലും, അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ അതിജീവനത്തിന്റെ പട്ടാള ചാരക്കഥകള്‍ക്കിടെ ലൈഫ് ഓഫ് പൈ അസാധാരണായൊരു സര്‍ഗസംഗീതമായിത്തീര്‍ന്നു. ചെകടിക്കുന്ന പോപ്പുലര്‍ സംഗീതഘോഷങ്ങള്‍ക്കിടയില്‍ ലളിതമായൊരു താരാട്ടു കേള്‍ക്കുന്ന സുകൃതം. അതാണു ലൈഫ് ഓഫ് പൈ സമ്മാനിച്ചത്. അതിലൂടെ, തുടര്‍ച്ചയായി ഇന്ത്യന്‍ സാന്നിദ്ധ്യവും ഡോള്‍ബി ഓഡിറ്റോറിയത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു. തലശ്ശേരിക്കാരന്‍ തന്നെയായ മനോജ് നൈറ്റ്്ശ്യാമളനും, റസൂല്‍ പൂക്കുട്ടിക്കും ശേഷം ഒരു മലയാളി-പിസീന്‍ പട്ടേല്‍ എന്ന പൈയെ അവതരിപ്പിച്ച തലശ്ശേരിക്കാരനായ സൂരജ് വര്‍മ്മയെന്ന ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയിലൂടെ ഇന്ത്യയുടെ യശസ് വീണ്ടും ഓസ്‌കര്‍ വേദിയില്‍ നിലനിര്‍ത്തപ്പെട്ടു.
ഫ്രാന്‍സില്‍ നിന്നുള്ള മിഖായേല്‍ ഹാനെകെ എഴുതി സംവിധാനം ചെയ്ത അമോറിനു ലഭിച്ച മികച്ച വിദേശചിത്രത്തിനുളള അവാര്‍ഡാണ് ഓസ്‌കര്‍ പട്ടികയിലെ മറ്റൊരു തിളക്കമാര്‍ന്ന വിജയം. ഒരു പക്ഷേ മറ്റവാര്‍ഡുകള്‍ കിട്ടിയ എല്ലാ ചിത്രങ്ങളേക്കാള്‍ മുകളില്‍ നില്‍ക്കുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട, തിരുവനന്തപുരം ചലച്ചിത്രമേളയുടെ ഏറ്റവും മികച്ച നീക്കിയിരിപ്പാണ് അമോര്‍.
No comments:
Post a Comment