Sunday, February 17, 2013

'സെല്ലുലോയ്ഡ്' കാണും മുമ്പേ...


 രാഷ്ട്ര ദീപിക സിനിമാവാരികയുടെ പത്രാധിപരായിരിക്കെ ഒരു ദിവസം കോട്ടയത്തെ (ഞാന്‍ എഡിറ്ററായപ്പോഴേക്ക് സിനിമയുടെ ഓഫീസ് കൊച്ചിയില്‍നിന്ന് കോട്ടയം ദീപികയുടെ ഒന്നാം നിലയിലെ പരസ്യവിഭാഗത്തേിന് ഇടതുവശത്തെ ക്യാബിനിലേക്കു മാറ്റിയിരുന്നു)ഓഫിസിലേക്ക് ഒരു ഫോണ്‍. സിനിമാമംഗളത്തില്‍ നിന്നാണ്. എഡിറ്ററും, ഞാന്‍ ഏറെ ബഹുമാനിക്കുന്നയാളുമായ മധു വൈപ്പനസാറാണ് ലൈനില്‍.
' ഞാനൊരു ആളെ അങ്ങോട്ടയയ്ക്കാം. വളരെ പഴയ ഒരു സിനിമാലേഖകനാണ്. മലയാളസിനിമയുടെ ആദ്യകാലം തൊട്ടെ ആധികാരികമായി അറിയാവുന്ന ഒരാള്‍. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. ചന്ദ്രശേഖരന്റെ തലമുറയ്ക്ക് അറിയാമോ എന്നറിയില്ല. ഞാന്‍ ഒരു പരമ്പര സിനിമാമംഗളത്തില്‍ കൊടുക്കുന്നുണ്ട്. ഇനിയും എഴുതാനായി ഒരുപാടു കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കയ്യില്‍ സ്റ്റോക്കുണ്ട്. നിങ്ങള്‍ക്ക് ഉപയോഗിക്കാനാവുമോ എന്നു ചോദിക്കാനാണു വിളിച്ചത്...'
ചലച്ചിത്ര പത്രപ്രവര്‍ത്തനത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഒരു മുതിര്‍ന്ന പത്രാധിപരാണു വിളിക്കുന്നത്. പക്ഷേ, അദ്ദേഹത്തിനു തെറ്റി. അഭിവന്ദ്യനായ ചേലങ്ങാട്ടിനെ ഞാന്‍ നേരത്തേ വായിച്ചിരുന്നു. 1994ല്‍ കോട്ടയത്തു മലയാള മനോരമയിലുണ്ടായിരുന്ന കാലത്തൊരിക്കല്‍ നാഷനല്‍ ബുക് സ്റ്റാളില്‍ 50% വിലക്കിഴിവോടെ സ്‌റ്റോക്ക് കഌയറന്‍സ് മേള നടന്നപ്പോള്‍ 25 രൂപയ്ക്കു കിട്ടിയ ഒരു സിനിമാ ഗ്രന്ഥമുണ്ട്-വെള്ളിത്തിരയിലെ അണിയറ രഹസ്യങ്ങള്‍. അതെഴുതിയത് ചേലങ്ങാട്ട് ഗോപാലകൃഷ്ണനായിരുന്നു. ആ പുസ്തകത്തിന്റെ 16-ാം പേജില്‍ ജെ.സി.ഡാനിയേലിനെ കണ്ടെത്തിയ കഥ സവിസ്തരം മൂന്നാം അധ്യായമായി വിവരിച്ചിരുന്നു. ആദ്യകാല ചലച്ചിത്രപ്രവര്‍ത്തകരില്‍ പലരെപ്പറ്റിയും ഏറെയൊന്നും അറിയാത്ത പല വസ്തുതകളും ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി മുഖചിത്രം വരഞ്ഞ ആ പുസ്തകത്തിലുണ്ടായിരുന്നു.
'എനിക്കറിയാം സാര്‍, സാറദ്ദേഹത്തെ ഇങ്ങോട്ടയച്ചോളൂ' എന്നു പറഞ്ഞ് അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്ക് വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പല്ലില്ലാത്ത, മെലിഞ്ഞുണങ്ങിയ ഒരു വന്ദ്യവയോധികന്‍ എന്നെത്തേടി ഓഫിസിലെത്തി.അലക്ഷ്യമായി കോതിലിട്ട നരഞ്ഞ തലമുടി. അല്‍പം നീണ്ട നാസിക. കുറ്റിത്താടി. 'ഞാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. മധു പറഞ്ഞിട്ടു വരികയാണ്.'
കുറച്ചു സമയം കൊണ്ട് അദ്ദേഹം ഒരുപാടു സംസാരിച്ചു. പലതും പഴയ തന്റെ സിനിമാനുഭവങ്ങള്‍. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ ആയ അജന്ത സ്ഥാപിക്കാന്‍ നടന്ന കഥയടക്കം. മലയാള സിനിമയുടെ ചരിത്രത്തെക്കുറിച്ചെഴുതിയ ഒരു സ്‌ക്രിപ്റ്റുമുണ്ടായിരുന്നു കയ്യില്‍.
ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയാണു കേട്ടത്. എനിക്കൊപ്പം അന്നെന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഇപ്പോഴത്തെ രാഷ്ട്രദീപിക സിനിമ എഡിറ്റര്‍ ബിജോ ജോ തോമസും ഉണ്ടായിരുന്നന്നാണോര്‍മ്മ. എന്റെ ബഹുമാനത്തെ കളിയാക്കും വിധത്തില്‍ വിനീതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിനയം വെറും മുപ്പത്തഞ്ചുകാരനായ എന്നെ ചൂളിപ്പിച്ചുവെന്നതാണു സത്യം. എന്നാല്‍, പത്രാധിപരോടിടപഴകുന്നത് ഇങ്ങനെയാവണമെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പിന്നീടും പലവട്ടം അദ്ദേഹത്തെ കണ്ടു. ചിലതെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇത്രയും ഓര്‍ത്തത്, ടിവിയില്‍ കമലിന്റെ സെല്ലുലോയ്ഡ് എന്ന സിനിമയുടെ ട്രെയ്‌ലറും ചില ചാറ്റ് ഷോകളുമെല്ലാം കണ്ടപ്പോഴാണ്. വെള്ളിത്തിരയിലെ അണിയറ രഹസ്യങ്ങളുടെ മൂന്നാം അധ്യായത്തില്‍ തുടങ്ങി, ഭാഗ്യദോഷിയായ ഒരു നിര്‍മ്മാതാവിന്റെ കഥ, വിഗതകുമാരനും ട്രാവന്‍കൂര്‍ നാഷനല്‍ പിക്‌ചേഴ്‌സും,മിസ് ലാനയും പി.കെ റോസിയും തുടങ്ങിയ അധ്യായങ്ങളില്‍ അദ്ദേഹം വിവരിച്ച ഡാനിയേലിന്റെ ചരിത്രം വായിച്ച ഓര്‍മ്മയിലും, അടുത്തിടെ, തൃശ്ൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ചേലങ്ങാടിന്റെ ജെ.സി ഡാനിയലിന്റെ ജീവിതകഥ എന്ന പുസ്തകത്തില്‍ ആ അനുഭവങ്ങള്‍ വീണ്ടും വായിച്ച അനുഭവത്തിലും, ശ്രീനിവാസന്‍ ജീവന്‍ നല്‍കുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്‍ അഗസ്തീശ്വരത്തെ ഡാനിയലിന്റെ കൂരയിലെത്തി അദ്ദേഹത്തെയും ഭാര്യയേയും കാണുന്ന ഭാഗം കണ്ടപ്പോള്‍ അറിയാതെ കോരിത്തരിച്ചുപോയി. ഒപ്പം അടുത്തിരുന്ന ഭാര്യയോടും മകളോടും അല്‍പം അഹങ്കാരത്തോടെ, അതിലേറെ അഭിമാനത്തോടെ പറയാതിരിക്കാനും കഴിഞ്ഞില്ല-''നോക്കെടി ശ്രീനിവാസനവതരിപ്പിക്കുന്ന ഈ മനുഷ്യനെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട് ഒരു പാടു സംസാരിച്ചിട്ടുണ്ട്. അദ്ദേഹമെഴുതിയത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അദ്ദേഹത്തില്‍ നിന്നു തന്നെ ഈ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞു കേട്ടിട്ടുമുണ്ട്!'
മറ്റൊരു സംഭവവും ദീപികക്കാലത്താണ്.ഫോട്ടോഗ്രാഫറായിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ ദീപികയിലെ എന്റെ നമ്പര്‍ തേടിപ്പിടിച്ചു വളിച്ചു-വിഗതകുമാരനെപ്പറ്റി അദ്ദേഹം നടത്തുന്ന ഗവേഷണത്തിന് കുറേ വിവരങ്ങള്‍ ഇരുപതുകളിലെ ദീപിക ദിനപ്പത്രത്തിന്റെ ഫയലുകളില്‍ നിന്നു കിട്ടണം. അതാണാവശ്യം. ഞാന്‍ ചീഫ് എഡിറ്റര്‍ അച്ചനോടു സംസാരിച്ച് അദ്ദേഹം വരാനറിയിച്ച ദിവസം ഗോപാലകൃഷ്ണനോടു പറഞ്ഞു. അതനുസരിച്ച് അദ്ദേഹം വന്ന് ലൈബ്രറിയില്‍ നിന്നു വേണ്ടുന്ന പകര്‍പ്പുകളെടുത്തു പോയി. വിഗതകുമാരന്റെ യഥാര്‍ത്ഥ കഥ പിന്നീട് ലോസ്റ്റ് ചൈല്‍ഡ് എന്ന പേരില്‍ പുസ്തകമാക്കിയ ഗോപാലകൃഷ്ണന്‍ അതേപ്പറ്റി ഒരു ഹ്രസ്വചിത്രവുമെടുത്തു. അതിന് സംസ്ഥാന സര്‍്ക്കാരിന്റെ പ്രത്യേക അവാര്‍ഡ് കിട്ടിയെന്നാണോര്‍മ്മ.
കമലിന്റെ സെല്ലുലോയ്ഡ് എനിക്ക് കാണാനുള്ള അതിയായ മോഹം അതുകൊണ്ടു മാത്രമല്ല.
മലയാളത്തിലെ ആദ്യ നായികയായ റോസിയെപ്പറ്റി പല വാരികകളിലും ചര്‍ച്ചകളും മറ്റും  കത്തി നിന്ന സമയം. കുന്നുകുഴി മണിയും മറ്റും സജീവമായ ചര്‍ച്ചകള്‍. റോസിയെയോ പിന്തുടര്‍ച്ചക്കാരെയോ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആയിടയ്ക്ക് ചിത്രഭൂമിയാണെന്നു തോന്നുന്നു റോസിയുടെ ഒരു ചിത്രം ചേലങ്ങാടിന്റെ ശേഖരത്തില്‍ നിന്നു മകന്‍ എടുത്തയച്ചത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആയിടയ്ക്കാണ് മനോരമയിലെ പഴയ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമെല്ലാമായ വിനു ഏബ്രഹാമിന്റെ ഒരു ചെറു നോവല്‍ വായിക്കാനിടയായത്. അതും പ്രസിദ്ധീകരിച്ചത് തൃശൂര്‍ കറന്റാണ്-നഷ്ടനായിക.  വിനുവിന്റെ നോവല്‍ എന്ന താല്‍പര്യത്തില്‍ വാങ്ങി വായനതുടങ്ങിയപ്പോഴാണറിഞ്ഞത്, ആദ്യ മലയാള നായിക പി.കെ.റോസിയുടെ ജീവിതത്തെ അധികരിച്ച് അദ്ദേഹം മെനഞ്ഞെടുത്ത സാങ്കല്‍പിക ജീവചരിത്രനോവലാണെന്ന്. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ന്നപ്പോഴേ മനസ്സില്‍ കോറിയിട്ടു-ഇതില്‍ മികച്ചൊരു സിനിമയ്ക്കുള്ള വകുപ്പുണ്ട്. വിനുവിനെ പിന്നിടെപ്പോഴോ കണ്ടപ്പോഴും പറഞ്ഞിട്ടുണ്ട്. ( മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റായിരുന്ന സിനിമയുമായി അടുത്ത ബന്ധമുള്ള ആര്‍ടിസ്റ്റ് ജെ. ആര്‍.പ്രസാദ് സാര്‍ ഒരിക്കല്‍ സിനിമയാക്കാന്‍ പറ്റിയ രചനകളെന്തെങ്കിലും ഓര്‍മ്മയുണ്ടെങ്കിലറിയിക്കാന്‍ ആവശ്യപ്പെട്ടു വിളിച്ചപ്പോഴും, നിര്‍ദ്ദേശിച്ച രണ്ടു കൃതികളിലൊന്ന്് നഷ്ടനായികയായിരുന്നു. മറ്റേത് സുഭാഷ് ചന്ദ്രന്റെ തിരക്കഥാനോവല്‍ ഗുപ്തവും ഗുപ്തം പിന്നീട് ആകസ്മികമായി) റോസി താമസിച്ചിരുന്ന തൈക്കാട്ടെ ഭൂമികയും ക്യാപിറ്റോള്‍ തീയറ്റര്‍ സ്ഥിതിചെയ്തിരുന്ന പട്ടത്തെ സ്ഥലവുമെല്ലാം സുപരിചിതമായതുകൊണ്ടാവാം, ആ നോവല്‍ എനിക്ക് വളരെയേറെ ഇഴയടുപ്പം സമ്മാനിക്കുന്ന അനുഭവമായി.ആയിടയ്ക്കു നടന്ന ചര്‍ച്ചകളും മറ്റും വായിക്കുകയും അതിനെല്ലാം ഒടുവില്‍, റോസിയെപ്പറ്റി വിനുവിനെക്കൊണ്ട് ഞാന്‍ പത്രാധിപത്യം വഹിക്കുന്ന കന്യക ദൈ്വവാരികയില്‍ ഒരു കുറിപ്പെഴുതിക്കുകയും ചെയ്തത് അങ്ങനെയാണ്.
സെല്ലുലോയ്ഡിനെപ്പറ്റി മധുപാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതു വായിച്ചപ്പോള്‍ മുതല്‍, കാറ്റേ കാറ്റേ... എന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന മെലഡി കേട്ടപ്പോള്‍ മുതല്‍ (അതിലൂടെ ചേര്‍ത്തല ഗോപാലന്‍നായരുടെ മകന്‍ ശ്രീറാമിനും അര്‍ഹിക്കുന്ന അംഗീകാരം വൈകിയാണെങ്കിലും ലഭിക്കുമെന്ന് ആഗഹ്രിക്കട്ടെ) ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ കാണാന്‍. സമയം പോകുന്നു...അതൊത്തു വരണം. ഈയാഴ്ച തന്നെ കാണണം. അല്ല, കാണും. അതിനു മുമ്പു തന്നെ അതേപ്പറ്റി ഇത്രയും കുറിച്ചത്, ആ സിനിമയുമായി ബന്ധപ്പെട്ട ചിലത് നമ്മുടെ ജീവിതത്തെ കൂടി സ്പര്‍ശിക്കുന്നതായതുകൊണ്ടുമാത്രം.



No comments: