Saturday, July 14, 2012

മറയില്ലാത്ത ജീവിതം


വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാസിലിന്റെ അനിയത്തിപ്രാവ് കണ്ട ഉണര്‍വ്. അതാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ തോന്നിയത്. അതിലുമേറെ താല്‍പര്യം തോന്നിയത്, ഘടനാപരമായ ഗിമ്മിക്കുകള്‍ ഉപേക്ഷിച്ച്, പുതുതലമുറ നറേറ്റീവ് സിനിമയുടെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞു തുടങ്ങിയല്ലോ എന്നോര്‍ത്തിട്ടാണ്. ഒറ്റവാചകത്തില്‍ പറയാവുന്ന ഒരു സ്ഥിരം പ്രണയകഥ. പക്ഷേ, തട്ടത്തിന്‍ മറയത്ത്, മടുപ്പുകൂടാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമയാവുന്നുണ്ടെങ്കില്‍ അതിനു കാരണം അതിന്റെ ട്രീറ്റ്‌മെന്റ് ആണ്. അതാകട്ടെ ചലച്ചിത്രപരമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു.


ഹോളിവുഡ് ഹാങോവര്‍ വിട്ടു നമ്മുടെ സിനിമ നാട്ടുസിനിമകളുടെ പച്ചപ്പു തേടിത്തുടങ്ങിയതിന്റെ ശുഭലക്ഷണങ്ങളാണ് തട്ടത്തിന്‍ മറയത്തും മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും പോലുളള സിനിമകള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്ന തലമുറയ്ക്ക് വിരുദ്ധമായി ഇറാനിലെയും കൊറിയയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ജീവിതം തുളുമ്പുന്ന കഥാസിനിമകളിലേക്ക് പുതുതലമുറ നോട്ടമെറിഞ്ഞു തുടങ്ങിയതിന്റെ ഫലശ്രുതി.


നിവിന്‍ പോളി തന്നെയാണ് തട്ടത്തിന്‍ മറയത്തിന്റെ ഏറ്റവും വലിയ സംഭാവന. മലര്‍വാടിയിലൂടെ റെയ്ഞ്ചിന്റെ കാര്യത്തില്‍ ചില സംശയങ്ങളുളവാക്കിയ നിവിന്‍ ഈ സിനിമയിലെ നായകനു വേണ്ടി ജനിച്ചതാണോ എന്നാണു തോന്നിക്കുക. അതുപോലെ ഈ സിനിമയുടെ ഏറ്റവും വലിയ പ്‌ളസ് ജോമോന്റെ ഛായാഗ്രഹണമാണ്.

ജനപ്രിയ സിനിമ ചവച്ചു തുപ്പി അല്‍പ്പം ഓക്കാനം വരുന്ന തദ്ദേശ പ്രാദേശികഭാഷാഭേദങ്ങളുടെ വളരെ അര്‍ത്ഥവത്തായ വിന്യാസവും വിനിയോഗവുമാണ് തട്ടത്തിന്‍ മറയത്തിന്റെ മറ്റൊരു പ്രത്യേകത. ഹോളിവുഡ്ഡിന്റെ സാര്‍വലൗകികത വിട്ട് പ്രാദേശികതയുടെ സൗന്ദര്യത്തിലേക്കു മടങ്ങിപ്പോകുന്നതിന്റെ ഏറ്റവും വലിയ ഗുണമായി ഭാഷണഭേദങ്ങളുടെ ഈ മാധ്യമപ്രയോഗങ്ങളെ കണക്കാക്കാം. കണ്ടു മടുത്ത കലണ്ടര്‍ ലൊക്കേഷനുകള്‍ക്കും, കൊട്ടാരക്കെട്ടുകള്‍ക്കും പകരം, തലശ്ശേരിയും പയ്യന്നൂരും പോലെ ഗ്രാമ്യമായ ദേശക്കാഴ്ചകളുടെ ഹരിതമായൊരു കന്യകാത്വം തട്ടത്തിന്‍ മറയത്ത് പ്രേക്ഷകന് സമ്മാനിക്കുന്നു. പ്രാദേശികമായ കാഴ്ചകള്‍ക്കൊപ്പം അതിന്റെ തനതായ കേള്‍വികൂടി ഉറപ്പാക്കുന്നതോടെ, തിര്വോന്തരം സംസാരിക്കുന്ന എസ്.ഐ പോലും ജനമൈത്രിയൂടെ പ്രകാശം ചൊരിയുന്ന സാന്നിദ്ധ്യമായിത്തീരുന്നു.

തരക്കേടില്ലാത്ത സ്‌ക്രിപ്റ്റ്. അതിനു പരുക്കുകളേല്‍പ്പിക്കാത്ത നിര്‍വഹണം. തട്ടത്തിന്‍ മറയത്ത് സാധാരണത്വത്തില്‍ അസാധാരണത്വം കണ്ടെത്തുന്നത് അങ്ങനെയാണ്.ചേരന്റെ പോക്കിഷം എന്ന തമിഴ് സിനിമയുടെ ചില നിഴലുകള്‍ വീണിട്ടുള്ളതും ക്ഷമിക്കാവുന്നതേയുള്ളൂ.


തന്റെ തലമുറയുടെ ഭാവുകത്വം ഉള്‍ക്കൊണ്ട്, അതിനോട് നൂറുശതമാനം നീതിപുര്‍ത്തി ഒരു കഥപറയാനായി എന്നതാണ് വിനീത് ശ്രീനിവാസന്റെ നേട്ടം. കണ്ട സിനിമകളോട്, വായിച്ച പുസ്തകങ്ങളോട്, കേട്ട പാട്ടുകളോട്, എന്തിന് കണ്ടു മനസ്സില്‍ പതിഞ്ഞ ഒരു ഫോട്ടോഗ്രാഫിനോടു പോലും സ്വന്തം തലമുറയ്ക്കു തോന്നിയ ഇഷ്ടം മറച്ചുവയ്ക്കാതെ തുറന്നു കാട്ടാനും അതിനെ തന്റെ സിനിമയ്ക്ക് ഉപകാരപ്പെടുംവിധം അസംസ്‌കൃത വസ്തുവാക്കിമാറ്റാനും ശ്രീനിവാസന്റെ മകനു സാധിച്ചു.

ഇതൊരു തുടക്കമാവട്ടെ. നമ്മുടെ ജീവിതമുള്ള, നമ്മുടെ സമകാലിക പ്രശ്‌നങ്ങളോടു പ്രതികരിക്കുന്ന, നമ്മുടെ മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടുള്ള, നമ്മുടെ പ്രേക്ഷകരോടു സംവദിക്കുന്ന സിനിമകള്‍ ഇനിയുമുണ്ടാവട്ടെ. അതിനു തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലുമൊക്കെ പ്രചോദനമാവട്ടെ.

No comments: