മലയാള സിനിമയില്‍ ഭയങ്കരമായ വിപഌവമുണ്ടാക്കുന്ന എതെങ്കിലും മഞ്ചാടിക്കുരുവില്‍ ഉണ്ടെന്നു പറയാനൊക്കില്ല. ഇന്നോളം ആരും പറയാത്തതോ കാണിക്കാത്തതോ ആണെന്നും പറയാനാകില്ല. എന്നിട്ടും മഞ്ചാടിക്കുരു പ്രദര്‍ശിക്കുന്ന രണ്ടു മണിക്കൂറിനിടയ്ക്ക് നാലഞ്ചിടത്തെങ്കിലും പ്രേക്ഷകന്റെ കണ്ണൊന്നു നിറയുന്നെങ്കില്‍, നെഞ്ചൊന്നു വിങ്ങുന്നെങ്കില്‍...അതു തന്നെയാണ് ഈ കുഞ്ഞു പാവം സിനിമയുടെ കരുത്തും സവിശേഷതയും.
ലോകം മുഴുവന്‍ കൊണ്ടാടിയ അരുന്ധതി റോയിയുടെ കൊച്ചു കാര്യങ്ങളുടെ ഒടേതമ്പുരാനിലും (ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്) മീര നയ്യാരുടെ മണ്‍സൂണ്‍ വെഡ്ഡിംഗിലും, എന്തിന്, പച്ചമലയാളത്തില്‍ തന്നെ പി.പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസത്തിലും
എംടി-ഐവിശശി കൂട്ടായ്മയൊരുക്കിയ ആള്‍ക്കൂട്ടത്തില്‍ തനിയേയിലുമൊക്കെയായി പലകുറി നാം കണ്ടിട്ടുള്ള കഥാപശ്ചാത്തലം.ഇടയ്‌ക്കെങ്കിലും അനുഭവപ്പെടുന്ന നേര്‍ത്ത ഇഴച്ചില്‍. പക്ഷേ, ഇതെല്ലാം ക്ഷമിച്ചും മഞ്ചാടിക്കുരു വിലയിരുത്തലില്‍ എ ഗ്രെയ്ഡും പത്തില്‍ ഒന്‍പതു പോയിന്റും നേടുന്നു. അതിനു കാരണം, ധ്യാനസമാനമായ ദൃശ്യപരിചരണവും, ധ്വന്യാത്മകമായ അതിന്റെ ആവിഷ്‌കാരവും മാത്രമാണ്.
പുതുമുഖം എന്ന വിശേഷണം സംവിധായികയായ അഞ്ജലി മേനോന് അപഹാസ്യമായിരിക്കും. കാരണം അത്രയേറെ കൈയടക്കവും കൈയൊതുക്കവുമാണ് മാധ്യമത്തിന്മേല്‍ അഞ്ജലിക്കുള്ളത്. അതിനു മഞ്ചാടിക്കുരു എന്ന സിനിമ തന്നെയാണ് തെളിവ്.
ഋജുവായ കഥനമാണ് മഞ്ചാടിക്കുരുവിനെ ഇതര സിനിമകളില്‍ നിന്നു വേറിട്ടതാക്കുന്നത്. ഓട്ടോഗ്രാഫും തവമായ് തവമിരുന്താനും സംവിധാനം ചെയ്ത ചേരന്‍ ഈ സിനിമയെ തമിഴിലേക്കാക്കിയില്ലെങ്കിലാണത്ഭുതം. കാരണം നറേറ്റീവ് സിനിമയില്‍ ചേരന്റെ മുന്‍കാല സിനിമകളുടെ താവഴി തന്നെയാണ് അഞ്ജലിയും പിന്തുടര്‍ന്നിട്ടുള്ളത്. ഒരേസമയം ശ്ത്രുവിനെപ്പോലെയും, അടുത്തനിമിഷം എല്ലാമറിയുന്ന ബന്ധുവിനെപ്പോലെയും നിറം മാറുന്ന മനുഷ്യമനസ്ുകളുടെ അന്ത:സംഘര്‍ഷങ്ങളും, പുറമേയ്ക്ക് സന്തുഷ്ടി പ്രദര്‍ശിപ്പിക്കുമ്പോഴും ഉള്ളില്‍ കാണാനോവുകളുടെ നെരിപ്പോടില്‍ നീറിപ്പുകയും ചെയ്യുന്നവരുടെ ആത്മഘര്‍ഷങ്ങളും ക്യാന്‍വാസില്‍ രേഖാചിത്രമെന്നപോലെ സ്പഷ്ടമായി വരഞ്ഞിട്ടിരിക്കുകയാണ് സംവിധായക.
ആദമിന്റെ മകന്‍ അബു കഴിഞ്ഞാല്‍ ഇത്രയേറെ ഋജുവായ ആഖ്യാനം മലയാളത്തില്‍ കണ്ടിട്ടില്ല, ഈയിടെയെങ്ങും. ലൈവ്് സൗണ്ടിന്റെ മാറ്റും പ്രമേയത്തെ സൂപ്പര്‍താരമാക്കിക്കൊണ്ടുളള ക്യാമറാക്കോണുകളും ചലനങ്ങളും ചിത്രത്തിന്റെ സവിശേഷതകളാവുന്നു. കാസ്റ്റിംഗിലെ സൂക്ഷ്മതയും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്, വിശേഷിച്ചും ബാലതാരങ്ങളുടെ കാര്യം.
ഗാനചിത്രീകരണത്തിലെ സ്ഥൂലതയും, സൂചനകളിലൂടെ ധ്വന്യാത്മകമാക്കാമായിരുന്ന ചില കഥാസന്ദര്‍ഭങ്ങളില്‍ മാത്രം മിതത്വം നഷ്ടപ്പെട്ട തിരക്കഥയിലെ ദുര്‍മ്മേദസും ക്ഷമിച്ചാല്‍, നിസ്സംശയം പറയാം-മഞ്ചാടിക്കുരു കണ്ടിട്ടില്ലെങ്കില്‍, നിങ്ങള്‍ മലയാളത്തിലെ മികച്ച സിനിമകളിലൊന്ന് കണ്ടിട്ടില്ല.
No comments:
Post a Comment