എ. ചന്ദ്രശേഖര്‍
ന്യൂയോര്‍ക്ക്: ഒടുവില്‍ ലോകവ്യാപാരകേന്ദ്രം വീണ്ടും അമേരിക്കയിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടമായി. 11 വര്‍ഷം മുമ്പ് 2001 സെപ്‌റ്റംബര്‍ 11ന് അല്‍ ക്വയ്‌ദ ഭീകരരുടെ ആകാശആക്രമണത്തിനു വിധേയമായി തകര്‍ന്നുവീണ കെട്ടിടവിസ്‌മയങ്ങളുടെ അവശേഷഭൂമിയുടെ അരികത്ത് ഉയര്‍ന്നു വരുന്ന നാല് അംബരചുംബികളില്‍ രണ്ടാമത്തേതിനാണ് ഈ ബഹുമതി. മേയ് ഒന്നിന്, ലോകവ്യാപാരകേന്ദ്രം മേധാവികളായ സ്‌കോട്ട് റെച്ച്‌ലറുടെയും ബില്‍ ബറോണിയുടെയും സാന്നിധ്യത്തില്‍ നിര്‍മാണത്തൊഴിലാളികള്‍ ഇരുമ്പു ചട്ടക്കൂട് ഉയര്‍ത്തി പ്രതിഷ്‌ഠിച്ചതോടെ, നിര്‍മാണത്തിലിരിക്കുന്ന ഈ ഗോപുരമായി അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയത്.
104 നിലകളാണ് ആധുനിക വാസ്‌തുശില്‍പശൈലിയിലുള്ള ഈ ഗോപുരത്തിലുള്ളത്. ലോകവ്യാപാരകേന്ദ്രസമുച്ചയത്തില്‍ നേരത്തേ ഉണ്ടായിരുന്ന നാലു മഹാസൗധങ്ങളില്‍ ഏറ്റവും ഉയരമേറിയ കെട്ടിടത്തേക്കാള്‍ മൂന്നു നില കുറവാണെങ്കിലും, നിലകള്‍ തമ്മിലുള്ള പൊക്കത്തിലുള്ള വ്യത്യാസംകൊണ്ട് തകര്‍ക്കപ്പെട്ട കെട്ടിടത്തേക്കാള്‍ ഉയരമുള്ളതായി ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്. തകര്‍ന്നതുള്‍പ്പെടെയുള്ള നാലു ഗോപുരങ്ങളുടെ സ്‌ഥാനത്തു പുതുതായി ആറെണ്ണമാണു നിര്‍മിക്കുന്നത്. ഇതില്‍ ആദ്യത്തേത് കഴിഞ്ഞവര്‍ഷം രാഷ്‌ട്രത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു. രണ്ടാമത്തേതാണ് ഇപ്പോള്‍ പണി തീര്‍ന്നുകൊണ്ടിരിക്കുന്നത്. ഒരാഴ്‌ച ഒരു നിലവച്ചാണ് പണിപൂര്‍ത്തിയാക്കുന്നത്. രണ്ടാം ഗോപുരത്തിന്റെ എഴുപതാം നിലവരെ കണ്ണാടിച്ചുമരുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൊത്തം പണി പൂര്‍ത്തിയാവുമ്പോള്‍ 380 മീറ്റര്‍ ഉയരമുണ്ടാവും ഇതിന്.
മാന്‍ഹാട്ടന്‍ പ്രവിശ്യയില്‍ തകര്‍ക്കപ്പെട്ട ഇരട്ടഗോപുരങ്ങള്‍ നിലനിന്ന ഇടം സെപ്‌റ്റംബര്‍ 11 ന്റെ കറുത്ത ഓര്‍മയ്‌ക്കായി ഗ്രൗണ്ട് സീറോ എന്ന പേരില്‍ സ്‌മാരകമായി നിലനിര്‍ത്തി, അതിനു ചുറ്റുമായാണ് പുതിയ ലോകവ്യാപാരകേന്ദ്ര ഗോപുരങ്ങള്‍ പണിയുന്നത്.
ഗ്രൗണ്ട് സീറോയില്‍, ഭീകരാക്രമണത്തെത്തുടര്‍ന്നു തകര്‍ന്നവീണ കെട്ടിടാവശിഷ്‌ടങ്ങളില്‍ അവശേഷിക്കപ്പെട്ട മരത്തെ ജീവിക്കുന്ന സ്‌മാരകമായി നഗരാധികൃതര്‍ പരിപാലിക്കുന്നു. ഒപ്പം, ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ പേരുകള്‍ കൊത്തിവച്ച രണ്ടു കൃത്രിമജലാശയങ്ങളും ഇരുകെട്ടിടങ്ങളുടെയും അസ്‌ഥിവാരത്ത് സ്‌മാരകങ്ങളായി നിലനിര്‍ത്തിയിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഉരുക്കു കഴുക്കോലുകളുടെ ശേഷിപ്പ് ന്യൂജേഴ്‌സിയിലും സൂക്ഷിച്ചിട്ടുണ്ട്. |
No comments:
Post a Comment