Saturday, May 26, 2012

Golden Gate Bridge celebrates 75th anniversary-Mangalam Daily dt 24-05-2012

എ.ചന്ദ്രശേഖര്‍
സാന്‍യോസ(സാന്‍ ഫ്രാന്‍സിസ്‌കോ): അമേരിക്കയിലെത്തുന്ന ലോക വിനോദസഞ്ചാരികള്‍ ഏറ്റവും കൂടിതല്‍ കണ്ടാസ്വദി ക്കാനാഗ്രഹിക്കുന്ന സാന്‍ ഫ്രാന്‍സിസ്‌കോയിലെ വിശ്വപ്രശസ്തമായ ഗോള്‍ഡണ്‍ ഗേറ്റ് തൂക്കുപാലത്തിന് മെയ് 27 ന് 75 വയസ്സ്. നാടിനു വിശ്വപ്രസിദ്ധി നേടിക്കൊടുത്ത് ഇന്നും വാസ്തുശില്‍പ വിസ്മയമായി നിലനില്‍ക്കുന്ന പാലത്തിന്റെ പഌറ്റിനം ജൂബിലി ഒരു വര്‍ഷം നീണ്ട പരിപാടികളോടെ ആഘോഷിക്കാനാണ് നഗരസഭയും പാലം സംരക്ഷണസമിതിയും കൂടി തയാറെടുക്കുന്നത്.


മെയ് 27ന് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കലാപ്രകടനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആറുമണിക്ക് പാലം വഴി ഗതാഗതം നിര്‍ത്തിവയ്ക്കും. പിറ്റേന്ന് രാവിലെ വന്‍ കരിമരുന്നു പ്രയോഗം വരെ നീളുന്ന പിറന്നാളാഘോഷങ്ങള്‍ പാലത്തിനോടു ചുറ്റുമുള്ള പല കേന്ദ്രങ്ങളിലായി അരങ്ങേറുന്ന വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ മാറ്റുകൂട്ടും.


നിര്‍മാണം പൂര്‍ത്തിയായകാലത്ത് ലോകത്തെ ഏറ്റവും നീളമുള്ള തൂക്കുപാലമായിരുന്നു ഗോള്‍ഡണ്‍ ഗേറ്റ്.1964ല്‍ ന്യൂയോര്‍ക്കിലെ വെരസാനോ-നാരോസ് പാലം വരുന്നതോടെയാണ് ഗോള്‍ഡണ്‍ ഗേറ്റിന് ആ പദവി നഷ്ടപ്പെടുന്നത്.ലോകത്തെ ഏറ്റവും വലിയ ആറു തൂക്കുപാലങ്ങളിലൊന്നാണിതിപ്പോള്‍2.7 കിലോമീറ്റര്‍ നീളവും 746 അടി  ഉയരവും 90 അടി വീതിയുമുള്ള പാലത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ 4200 അടി നീളമുള്ള സ്പാനാണ്. ലോകത്തേറ്റവും നീളമുള്ള സ്പാനാണിത്.ഓരോ ടവറിലും ആറു ലക്ഷം റിവറ്റുകളെങ്കിലും വച്ചാണ് പാലം ഘടിപ്പിച്ചിരിക്കുന്നത്89500 ടണ്‍ ആണ് ഭാരം. 24000 ടണ്‍ ഉരുക്കുപയോഗിച്ച് നിര്‍മിച്ച പാലത്തിന്റെ തൂക്കുക്കയറുകള്‍, ഭാരം കയറുന്നതിനനുസരിച്ചും കാലാവസ്ഥയ്ക്കനുസരിച്ചും ആറടിയോളം കുറുകുകയും അയയുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്.1989ലെ ലോമ പ്രിറ്റ ഭൂകമ്പത്തില്‍ ഭാഗികമായി ക്ഷതമേറ്റ പാലത്തെ ഭുകമ്പവിരുദ്ധമായി പുനര്‍ക്രമീകരിച്ചതോടെ ഭാവി ഭൂകമ്പങ്ങളില്‍ നിന്ന് സംരക്ഷിക്കുകയായിരുന്നു.


ചീഫ് എന്‍ജിനീയര്‍ ജോസഫ് സ്ട്രാസിന്റെ നേതൃത്വത്തില്‍ 1933ല്‍ നിര്‍മാണമാരംഭിച്ചപ്പോള്‍, ഒട്ടേറെ വിമര്‍ശനങ്ങളും നിയമനടപടികളുമാണ് സുവര്‍ണകവാടത്തിനു നേരിടേണ്ടി വന്നത്. കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളെയും ഭുചലനങ്ങളെയും കടല്‍സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ പാലത്തിനാവില്ലെന്നതായിരുന്നു ആക്ഷേപം. എന്നാല്‍ അവയെല്ലാം അതിജീവിച്ച് 75 വര്‍ഷത്തിനിപ്പുറവും പാലം ഇരുമ്പില്‍ തീര്‍ത്ത അദ്ഭുതങ്ങളില്‍ ഒന്നായി നിലനില്‍ക്കുന്നു. കപ്പല്‍ ചാലിലായതിനാല്‍, കടുത്ത കോടമഞ്ഞിലും ദൃശ്യഗോചരമാവാന്‍ കറുപ്പും മഞ്ഞയുമിടകലര്‍ന്ന ചായം നല്‍കാനായിരുന്നു പെയിന്റിംഗിന്റെ ചുമതലയേറ്റ യു.എസ് സേനയിലെയും വ്യോമസേനയിലെയും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പാലത്തിന്റെ ഏസ്തറ്റിക് ആര്‍ക്കിടെക്ടായിരുന്ന ഇര്‍വിംഗ് മോറോയുടെ നിര്‍ദ്ദേശാനുസരണമാണ് ഇന്നു കാണുന്ന കുങ്കുമവര്‍ണം നിശ്ചയിച്ചത്.
കരയേയും സാന്‍ ഫ്രാന്‍സിസ്‌കോ മുനമ്പിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് ഗോള്‍ഡണ്‍ ഗേറ്റ് എന്ന പേരു കിട്ടുന്നത് പസിഫിക്ക് സമുദ്രത്തില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള പ്രവേശനദ്വാരത്തിന്റെ സ്മരണാര്‍ത്ഥമാണ്.


സഞ്ചാരികള്‍ക്കുമാത്രമല്ല,ചലച്ചിത്രനിര്‍മാതാക്കളുടെയും ഇഷ്ടലൊക്കേഷനാണ് ഗോള്‍ഡണ്‍ ഗേറ്റ് പാലം. ഹിച്ച്‌കോക്കിന്റെ വെര്‍ട്ടിഗോയിലെ നായകനും നായികയും തമ്മില്‍ കാണുന്നത് ഈ പാലത്തിന്റെ പശ്ചാത്തലത്തിലാണ്. സ്റ്റാര്‍ട്രെക്ക് തുടങ്ങിയ സിനിമകളിലും ഈ പാലം പ്രമുഖ ലൊക്കേഷനായിരുന്നു.

Monday, May 07, 2012

At Universal Studios at its centinary year

Pictorial tour to the Universal Studios Hollywood in its Centinnial year

Wednesday, May 02, 2012

ലോകവ്യാപാരകേന്ദ്രം വീണ്ടും ഗോപുരമുഖ്യന്‍


എ. ചന്ദ്രശേഖര്‍ 

ന്യൂയോര്‍ക്ക്‌: ഒടുവില്‍ ലോകവ്യാപാരകേന്ദ്രം വീണ്ടും അമേരിക്കയിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടമായി. 11 വര്‍ഷം മുമ്പ്‌ 2001 സെപ്‌റ്റംബര്‍ 11ന്‌ അല്‍ ക്വയ്‌ദ ഭീകരരുടെ ആകാശആക്രമണത്തിനു വിധേയമായി തകര്‍ന്നുവീണ കെട്ടിടവിസ്‌മയങ്ങളുടെ അവശേഷഭൂമിയുടെ അരികത്ത്‌ ഉയര്‍ന്നു വരുന്ന നാല്‌ അംബരചുംബികളില്‍ രണ്ടാമത്തേതിനാണ്‌ ഈ ബഹുമതി. മേയ്‌ ഒന്നിന്‌, ലോകവ്യാപാരകേന്ദ്രം മേധാവികളായ സ്‌കോട്ട്‌ റെച്ച്‌ലറുടെയും ബില്‍ ബറോണിയുടെയും സാന്നിധ്യത്തില്‍ നിര്‍മാണത്തൊഴിലാളികള്‍ ഇരുമ്പു ചട്ടക്കൂട്‌ ഉയര്‍ത്തി പ്രതിഷ്‌ഠിച്ചതോടെ, നിര്‍മാണത്തിലിരിക്കുന്ന ഈ ഗോപുരമായി അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയത്‌.

104 നിലകളാണ്‌ ആധുനിക വാസ്‌തുശില്‍പശൈലിയിലുള്ള ഈ ഗോപുരത്തിലുള്ളത്‌. ലോകവ്യാപാരകേന്ദ്രസമുച്ചയത്തില്‍ നേരത്തേ ഉണ്ടായിരുന്ന നാലു മഹാസൗധങ്ങളില്‍ ഏറ്റവും ഉയരമേറിയ കെട്ടിടത്തേക്കാള്‍ മൂന്നു നില കുറവാണെങ്കിലും, നിലകള്‍ തമ്മിലുള്ള പൊക്കത്തിലുള്ള വ്യത്യാസംകൊണ്ട്‌ തകര്‍ക്കപ്പെട്ട കെട്ടിടത്തേക്കാള്‍ ഉയരമുള്ളതായി ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്‌. തകര്‍ന്നതുള്‍പ്പെടെയുള്ള നാലു ഗോപുരങ്ങളുടെ സ്‌ഥാനത്തു പുതുതായി ആറെണ്ണമാണു നിര്‍മിക്കുന്നത്‌. ഇതില്‍ ആദ്യത്തേത്‌ കഴിഞ്ഞവര്‍ഷം രാഷ്‌ട്രത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു. രണ്ടാമത്തേതാണ്‌ ഇപ്പോള്‍ പണി തീര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഒരാഴ്‌ച ഒരു നിലവച്ചാണ്‌ പണിപൂര്‍ത്തിയാക്കുന്നത്‌. രണ്ടാം ഗോപുരത്തിന്റെ എഴുപതാം നിലവരെ കണ്ണാടിച്ചുമരുകള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. മൊത്തം പണി പൂര്‍ത്തിയാവുമ്പോള്‍ 380 മീറ്റര്‍ ഉയരമുണ്ടാവും ഇതിന്‌.

മാന്‍ഹാട്ടന്‍ പ്രവിശ്യയില്‍ തകര്‍ക്കപ്പെട്ട ഇരട്ടഗോപുരങ്ങള്‍ നിലനിന്ന ഇടം സെപ്‌റ്റംബര്‍ 11 ന്റെ കറുത്ത ഓര്‍മയ്‌ക്കായി ഗ്രൗണ്ട്‌ സീറോ എന്ന പേരില്‍ സ്‌മാരകമായി നിലനിര്‍ത്തി, അതിനു ചുറ്റുമായാണ്‌ പുതിയ ലോകവ്യാപാരകേന്ദ്ര ഗോപുരങ്ങള്‍ പണിയുന്നത്‌.

ഗ്രൗണ്ട്‌ സീറോയില്‍, ഭീകരാക്രമണത്തെത്തുടര്‍ന്നു തകര്‍ന്നവീണ കെട്ടിടാവശിഷ്‌ടങ്ങളില്‍ അവശേഷിക്കപ്പെട്ട മരത്തെ ജീവിക്കുന്ന സ്‌മാരകമായി നഗരാധികൃതര്‍ പരിപാലിക്കുന്നു. ഒപ്പം, ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ പേരുകള്‍ കൊത്തിവച്ച രണ്ടു കൃത്രിമജലാശയങ്ങളും ഇരുകെട്ടിടങ്ങളുടെയും അസ്‌ഥിവാരത്ത്‌ സ്‌മാരകങ്ങളായി നിലനിര്‍ത്തിയിട്ടുണ്ട്‌. തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഉരുക്കു കഴുക്കോലുകളുടെ ശേഷിപ്പ്‌ ന്യൂജേഴ്‌സിയിലും സൂക്ഷിച്ചിട്ടുണ്ട്‌.