എണ്‍പതുകളുടെ അവസാനം ഹിന്ദി സിനിമയില്‍ ഉരുത്തിരിഞ്ഞുവന്ന സമാന്തര, ഓഫ് ബീറ്റ് സിനിമയുടെ പുഷ്‌കരകാലത്ത് ഗൗരവമുള്ള സിനിമകള്‍ക്കൊപ്പം, ഗൗരവമുള്ള വിഷയങ്ങള്‍ തന്നെ ലളിതനര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന കുറെ മികവുറ്റ സിനിമകളും ഉണ്ടായിവന്നു. സാമൂഹികവിമര്‍ശനവും പരിഹാസവും, അക്ഷേപഹാസ്യവും എല്ലാം അവ നിഷ്പ്രയാസം ഫലവത്താക്കി. കുന്ദന്‍ഷായുടെ ജാനെ ഭി ദോ യാരോ, സയ്യിദ് മിര്‍സയുടെ സലിം ലിംഗ്‌ഡേ പെ മത് രോ
...അവതരണത്തിലെ ചിരിക്കപ്പുറം, കറുത്ത ഹാസ്യത്തിന്റെ തീഷ്ണമായ സാമൂഹികവിമര്‍ശനം ഉള്‍ക്കൊള്ളുന്നവയായിരുന്നു അവയോരോന്നും.
...അവതരണത്തിലെ ചിരിക്കപ്പുറം, കറുത്ത ഹാസ്യത്തിന്റെ തീഷ്ണമായ സാമൂഹികവിമര്‍ശനം ഉള്‍ക്കൊള്ളുന്നവയായിരുന്നു അവയോരോന്നും.
വാസ്തവത്തില്‍ തല്‍സമയം ഒരു ഹാസ്യചി്ത്രമേയല്ല. അതിന്റെ ഉള്ളടക്കവും ഹാസ്യമല്ല. എന്നാല്‍ അതിലെ ഇതിവൃത്തസന്ദര്‍ഭങ്ങള്‍ നമ്മില്‍ ചിരിയുല്‍പാദിപ്പിക്കുന്നുവെങ്കില്‍, കാരണം, അതു തൊടുത്തു വിടുന്ന അമ്പുകള്‍ ലക്ഷ്യസ്ഥാനത്തു കൊള്ളുന്നതുകൊണ്ടാണ്.
നാക്കുളുക്കുന്ന വാക്കുകളുടെ വക്കുമുട്ടിക്കുരുങ്ങുന്ന സുന്ദരവിഡ്ഢിയും അഴകിയരാവണനുമായ സുരാജ് വെഞ്ഞാറമ്മൂടിന്റെയും, പ്രഭാതനടത്തം പഞ്ചാരക്കളരിയാക്കുന്ന കൊച്ചുപ്രേമന്റെയും കഥാപാത്രങ്ങള്‍ കാരിക്കേച്ചറുകളാക്കപ്പെട്ടതല്ല, സ്വയം കാരിക്കേച്ചറുകളാവുന്നതാണ്. അതാണതിന്റെ സ്വാഭാവികത.
തത്വദീക്ഷയില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ കപടമുഖം അനാവൃതം ചെയ്യുന്ന സിനിമകള്‍ പലഭാഷകളിലായി നാം കണ്ടിട്ടുള്ളതാണ്. ഡസ്റ്റിന്‍ ഹോഫ്മാനും ജോണ്‍ ട്രാവോള്‍ട്ടയും അഭിനയിച്ച മാഡ്‌സിറ്റി (1997) പോലെ എത്രയെത്ര സിനിമകള്‍. അതിന്റെ അനുരണനങ്ങള്‍ പലതും തല്‍സമയം ഒരു പെണ്‍കുട്ടിയുടെ ചലച്ചിത്ര സമീപനത്തിലും കാണാം. ന്നാല്‍ ഒരുപരിധിക്കപ്പുറം അതിന് ആധികാരികതകിട്ടുന്നുവെങ്കില്‍, കാരണം ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ രണ്ടു മുഖ്യധാരാപത്രപ്രവര്‍ത്തകരാണെന്നുള്ളതാണ്.
സണ്ണി ജോസഫും മാനുവല്‍ ജോര്‍ജ്ജും ചേര്‍ന്നെഴുതിയ തിരക്കഥയുടെ ഒരേയൊരു പോരായ്മ, കഥാപാത്ര ബാഹുല്യമാണ്. ഇനിയൊരുപക്ഷേ, ചാനല്‍ റിയാലിറ്റി ഷോകളിലെ ഒട്ടുമിക്ക ഹാസ്യതാരങ്ങളെയെല്ലാം കൂടി കുത്തിനിറയ്ക്കാനുള്ള സംവിധായകന്റെ ശ്രമമാണോ, അപ്രധാന കഥാപാത്രങ്ങളെപ്പോലും പ്രധാനമാക്കി കഥാപാത്രങ്ങളില്‍ പുലര്‍ത്തേണ്ട മിതത്വവും ഏകാഗ്രതയും ഇല്ലാതാക്കിയത് എന്നറിയില്ല.
ഏതായാലും തല്‍സമയം ഒരു പെണ്‍കുട്ടി, ഒരു നിമിഷാര്‍ധത്തിന്റെ ബോറടി പോലുമില്ലാതെ കണ്ടുതീര്‍ക്കാവുന്ന സിനിമതന്നെയാണ്. അതിന്റെ ഏറ്റവും വലിയ കരുത്ത് നിത്യ മേനോന്‍ എന്ന ജന്മനാ അഭിനേത്രിയായ നടിയുടെ പ്രകടനമാണ്. ആകാശഗോപുരത്തില്‍ മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭമാക്കിയ പ്രതിഭയുടെ വിവിധ ഭാവഹാവാദികള്‍ മഞ്ജുള അയ്യപ്പനെ അവിസ്മരണീയമാക്കി. മണിയന്‍പിള്ള രാജുവിന്റെ സ്ഥാനത്ത് നെടുമുടിയോ, ജനാര്‍ദ്ദനനോ മറ്റോ ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം പ്രേക്ഷകര്‍ മോഹിച്ചു പോയാല്‍ തെറ്റില്ല. മലയാള ടെലിവിഷന്‍ ചാനലില്‍ തന്നെ തലപ്പത്തുള്ള ചിലരുടെ ശരീരഭാഷ സിദ്ദീഖ് വിദഗ്ധമായി അനുകരിച്ചു.ഉണ്ണിമുകുന്ദന്‍ പ്രതീക്ഷ ഏറ്റുന്നു
ഗാനങ്ങളും പശ്ചാത്തലസംഗീതവും ഗാനരംഗങ്ങളും പതിവു രാജീവ്കുമാര്‍ സിനിമയുടെ നിലവാരം പുലര്‍ത്തി.
വ്യക്തിയുടെ സ്വകാര്യത കച്ചവടച്ചരക്കാക്കുന്ന ചാനല്‍ റിയാലിറ്റി ഷോകളുടെ യുഗത്തില്‍ വ്യക്തിക്കുമേല്‍ മാധ്യമം ഉണ്ടാക്കുന്ന ദുഃസ്വാധീനത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യത്തിലേക്കാണ് തല്‍സമയം ഒരു പെണ്‍കുട്ടി ശ്രദ്ധ ക്ഷണിക്കുന്നത്. കിടപ്പറയും കുളപ്പുരയും വരെ ക്യാമറയുടെ പരിധിയില്‍ക്കൊണ്ടുവരുന്ന ബിഗ് ബ്രദര്‍മാരുടെ കാപട്യം ഒരളവു വരെ തുറന്നുകാട്ടുന്നുണ്ട് ചിത്രം.ഏതായാലും തല്‍സമയം നിങ്ങളെ നിരാശപ്പെടുത്തില്ല, തീര്‍ച്ച.
1 comment:
One of the worst film. How can you rate this as a non-bore film?
Post a Comment