Thursday, March 29, 2012

മഴവില്ല് വിരിയിക്കുന്ന ഓര്‍മ്മകള്‍


എന്റെ നാലാമത്തെ പുസ്തകത്തിന്റെ പ്രസാധകനായിരുന്നു രാജേഷ് കുമാര്‍. പക്ഷെ അതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായിരുന്നു. കാരണം, ഏറ്റവും മികച്ച സിനിമാഗ്രന്ഥത്തിനുള്ള 2008 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം സിനിമാപ്പുസ്തകത്തിനുളള കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ രചനയായിരുന്നു അത്. അതിന് അവാര്‍ഡ് ഉറപ്പാണെന്ന് കയ്യെഴുത്തുപ്രതി (കംപോസ്ഡ് പ്രതി എന്നല്ലേ ശരി) വായിച്ച് ആവേശം കൊണ്ട് എന്നെ വിളിച്ചുപറഞ്ഞ ആദ്യത്തെ ആളായിരുന്നു രാജേഷ്കുമാര്‍. 

രാജേഷിനെ ഞാന്‍ പരിചയപ്പെടുന്നത്, പത്തുവര്‍ഷം നീണ്ട മലയാളമനോരമപര്‍വത്തിലെ, കോട്ടയം വാസക്കാലത്തായിരുന്നില്ല. ഒരു പക്ഷേ, രാജേഷിനെ മിക്ക ചങ്ങാതികളും പരിചയപ്പെടുന്നത് രാജേഷിന്റെ ഡി.സി.ബുക്‌സ് കാലഘട്ടത്തിലായിരുന്നിരിക്കണം. എന്നാല്‍ അന്നൊന്നും എനിക്കു രാജേഷിനെ നേരിട്ടറിയില്ല. അതിനു തക്ക ഒരു എഴുത്തുകാരനുമായിരുന്നില്ലല്ലോ ഞാന്‍. മനോരമ വിട്ട് തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ ( മലയാളം വെബ് ദുനിയ ഡോട്ട് കോം) ചീഫ് സബ് എഡിറ്ററായിരിക്കെയാണ് രാജേഷ് ഒരിക്കല്‍ പ്രസ് കഌബിനടുത്തുള്ള ഞങ്ങളുടെ ഓഫീസില്‍ വന്ന് പരിചയപ്പെടുന്നത്. അന്ന് എന്നോടൊപ്പം സബ് എഡിറ്ററായിരുന്ന ഡോ. രാധിക സി.നായരുമായുള്ള പരിചയത്തിലാണ് രാജേഷും നോമ സംഘടനയുടെ ഭാരവാഹിയായ അളിയനും കൂടി എത്തുന്നത്. ഡി.സി. ബുക്‌സ് വിട്ട് നോമയുടെ സഹകരണത്തോടെ സ്വന്തമായി ചങ്ങന്നൂരില്‍ നിന്ന് റെയ്ന്‍ബോ ബുക്‌സ് ആരംഭിക്കുന്നതു പറയാനും ഉദ്ഘാടനത്തിനു ക്ഷണിക്കാനുമായിരുന്നു ആ വരവ്. പുസ്തകങ്ങള്‍ക്കായി വെബ് ദുനിയയില്‍ വളരെയേറെ എഡിറ്റോറിയല്‍ സ്ഥലം മാറ്റിവച്ചിട്ടുണ്ടായിരുന്നു.

മാസങ്ങള്‍ക്കു ശേഷം ഒരിക്കല്‍, ഡോ.പി.കെ.രാജശേഖരനോ രാധികയോ പറഞ്ഞറിഞ്ഞിട്ടായിരിക്കണം, രാജേഷ് എന്നെ ഫോണില്‍ വിളിച്ചു. സിനിമാ സംബന്ധിയായ ഒരു നിഘണ്ടു. സാങ്കേതിക പദാവലി മാത്രമല്ല, ലോകപ്രസിദ്ധമായ ചിത്രങ്ങളുടെ എല്ലാം വിവരങ്ങള്‍ ഒറ്റനോട്ടത്തിലറിയാന്‍ ഉദ്ദ്യേശിച്ച് ഒരു ചലച്ചിത്ര വിജ്ഞാനകോശം റെയ്ന്‍ബോയ്ക്കു വേണ്ടി ചെയ്യണം. ഒരു പുസ്തകം എന്റെ പേരില്‍ വരുന്നതിലുള്ള അപക്വമായ ആവേശത്തില്‍ ഞാനത് ഏറ്റെടുത്തെങ്കിലും കുറേയേറെ വിവരങ്ങളും ടൈറ്റിലുകളും ടൈപ്പ് ചെയ്‌തെങ്കിലും നിത്യത്തിരക്കില്‍ ആ സംരംഭം അപൂര്‍ണമായി.

പിന്നീട് ഇടയ്ക്കിടെ രാജേഷിനെ കാണാറുണ്ടായിരുന്നു. ഇതിനിടെ ഞാന്‍ സ്ഥാപനങ്ങള്‍ തോറും അടയ്ക്കാമരങ്ങളില്‍ ഒന്നില്‍ നിന്ന് ഒന്നിലേക്ക് പാക്കു പറിക്കുന്നയാള്‍ ചാടുന്നതുപോലെ ചാടിച്ചാടി പോയി. 2003ല്‍ ആദ്യവട്ടം കന്യകയുടെ പത്രാധിപരായപ്പോള്‍ ഞാന്‍ വീണ്ടും രാജേഷിനെ വിളിച്ചു. കന്യക നടത്തുന്ന ക്യാംപസ് രചനാ മത്സരം-തൂലിക- സ്‌പോണ്‍സര്‍ ചെയ്യാമോ എന്നു ചോദിച്ച്. അതില്‍ സഹകരിച്ചു എന്നുമാത്രമല്ല, ഇന്നത്തെ തിരക്കഥാകൃത്ത് രാജേഷ് വര്‍മ കോ-ഒര്‍ഡിനേറ്റ് ചെയ്ത മത്സരത്തിന്റെ വിധി കല്‍പിക്കാന്‍ സര്‍വ ശ്രീ പിപി രവീന്ദ്രന്‍, വിസി ഹാരിസ്, മനോജ് കൂറൂര്‍ തുടങ്ങിയവരെ ഓഫീസില്‍ ക്ഷണിച്ചു വരുത്തി സഹായിക്കുകയും ചെയ്തു രാജേഷ്. പിന്നീട്, എസ്.ഗുപ്തന്‍ നായര്‍ സാറിന്റെ ആത്മകഥ-മനസാസ്മരാമി-യുടെ പ്രകാശനവേളയില്‍ തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ചറല്‍ സെന്ററില്‍ വച്ചായിരുന്നു ആ മത്സരത്തിന്റെ സമ്മാനദാനം.

അധികമാര്‍ക്കുമറിയാത്ത എന്നിലെ ചിത്രകാരനെ, വിഷ്വലൈസറെ തിരിച്ചറിഞ്ഞ് പ്രസാധനരംഗത്തെത്തിച്ചതും രാജേഷാണ്. രാഷ്ട്രദീപിക സിനിമാവാരികയുടെ പത്രാധിപരായിരിക്കെ ഒരുദിവസം ഒരു വിളി: " ചന്ദ്രശേഖര്‍, നിങ്ങളൊരു നല്ല ഡിസൈനറാണല്ലോ, റെയ്ന്‍ബോയ്ക്ക് ഒരു കവര്‍ ചെയ്തു തരണം. അന്റോണിയോ സ്‌കാര്‍മേറ്റായുടെ ദ് പോസ്റ്റ്മാന്‍ വിവര്‍ത്തനത്തിനാണ്.ഒഴിഞ്ഞുമാറേണ്ട. നിങ്ങള്‍ക്കു ചെയ്യാനാവും എന്നെനിക്കറിയാം." ഗുഹയില്‍ നിന്നെന്നോണം മുഴക്കമുള്ള ശബ്ദത്തില്‍ അക്ഷരവടിവൊത്ത ഉച്ചാരണത്തില്‍ പൊട്ടിവീഴുന്ന വാക്കുകള്‍. പാര വച്ചത്, മനോരമയില്‍ സഹപ്രവര്‍ത്തകനായിരുന്ന കല്ലിശ്ശേരിക്കാരന്‍ തന്നെയായ വിനോദാണോ, രാധികയോ രാജശേഖരനോ എന്നറിയില്ല. ഏതായാലും ഈ ചുറ്റ് രാജേഷ് ഊരുന്ന ലക്ഷണമില്ല. ഇന്റര്‍നെറ്റില്‍ നിന്ന് പോസ്റ്റ്മാന്റെ സിനിമാസ്റ്റില്‍ വച്ചായിരുന്നു ആ കവര്‍ ഞാന്‍ രൂപകല്‍പനചെയ്തത്. പിന്നീട് രണ്ടവസരങ്ങളില്‍ കൂടി രാജേഷിനു വേണ്ടി പുസ്തപ്പുറംചട്ട ചെയ്യേണ്ടി വന്നിട്ടുണ്ട് എനിക്ക്. ഇസ്മയില്‍ കാദറെയുടെ ബ്രോക്കണ്‍ ഏപ്രില്‍ എന്ന നോവലിന്റെ വിവര്‍ത്തനത്തിന്. പിന്നീട് ആ കവര്‍ കണ്ട് ഇഷ്ടപ്പെട്ട് രാജേഷിനെ അന്വേഷിച്ചു ചെന്ന യുവകവി കണ്ണന്റെ ഉപ്പ് എന്ന കവിതാസമാഹാരത്തിന്.

വര്‍ഷങ്ങള്‍ക്കു ശേഷം, അമൃത ടിവിയിലെ സീനിയര്‍ ന്യൂസ് എഡിറ്ററായിരിക്കെ, ഔദ്യോഗികമായ പീഡനപര്‍വത്തില്‍ നിന്ന് സ്വയരക്ഷയ്ക്കായി, അര്‍ധവിരാമമിട്ട സിനിമാ എഴുത്തിനെ വീണ്ടെടുത്ത്, ഏഴെട്ടുവര്‍ഷമായി തുടര്‍ന്നു ന്ന സിനിമാസമയത്തെക്കുറിച്ചുള്ള ഗവേഷണം പൊടിതട്ടിയെടുത്തു കംപ്യൂട്ടറിലേക്കു പകര്‍ത്തിത്തീര്‍ത്തപ്പോള്‍ ആദ്യം വിളിക്കാന്‍ തോന്നിയത് രാജേഷിനെയാണ്. കുറ്റബോധത്തോടെയാണ് രാജേഷിനോട് സംസാരിച്ചത്. പഴയ വിജ്ഞാനകോശം ഉഴപ്പിയെങ്കിലും, പുതിയ പുസ്തകം രാജേഷിന് ഇറക്കാനാകുമോ എന്നാരായാന്‍. അല്‍പം സാമ്പത്തിക ഞെരുക്കത്തിലായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല രാജേഷപ്പോള്‍. ഒറ്റ ചോദ്യമേ ഉണ്ടായുള്ളൂ:" അതെന്താ നിങ്ങള്‍ ഡിസി ബുക്‌സിനു കൊടുക്കാതെ എന്നെ വിളിച്ചത്?"

പഴയൊരു കടപ്പാടിന്റെ ബാക്കിയാണെന്നു പറഞ്ഞപ്പോള്‍ മറുത്തൊന്നുമാലോചിക്കാതെ രാജേഷ് പറഞ്ഞു: "കയ്യെഴുത്തു പ്രതി അയയ്ക്കൂ."

കയ്യെഴുത്തുപ്രതിയായല്ല, ചിത്രങ്ങള്‍ സഹിതം വച്ച് പേജ് ലേ ഔട്ട് ചെയ്ത പേജ്‌മേക്കര്‍ ഫയലാണ് സിഡിയില്‍ പകര്‍ത്തി അയച്ചത്.കൊറിയര്‍ കിട്ടി രണ്ടാം ദിവസം രാത്രി ടോപ് ടെന്‍ അറ്റ് ടെന്‍ ബുള്ളറ്റിന്‍ പാതി ഇടവേളയിലായ സമയത്ത് രാത്രി പത്തരയ്ക്ക് രാജേഷിന്റെ കോള്‍:"ചന്ദ്രശേഖര്‍ സംഗതി ഗംഭീരമായിരിക്കുന്നു. ഞാന്‍ പ്രവചിക്കുന്നു ഇതിനൊരു നാഷനല്‍ അവാര്‍ഡ് ഉറപ്പ്. കളിയായി കരുതേണ്ട.മുമ്പ് നരേന്ദ്രപ്രസാദ് സാറിന്റെ പുസ്തകം വായിച്ചപ്പോള്‍ ഞാനിതേപോലെ വിളിച്ചു പറഞ്ഞതാണ്. അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹം അതോര്‍മ്മിക്കുകയും ചെയ്തു. ഇതും അതുപോലെ സംഭവിക്കും. അതു കഴിഞ്ഞ് നമുക്കു സംസാരിക്കാം." 


രാജേഷിന്റെ വാക്ക് പാഴ് വാക്കായില്ല. ദേശീയ ബഹുമതിയൊന്നും കിട്ടിയില്ലെങ്കിലും സംസ്ഥാനത്ത് സിനിമാരചനയ്ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ 25-ാം വര്‍ഷം അതു നേടിയെന്നുമാത്രമല്ല ദേശീയതലത്തില്‍ അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാള പുസ്തകവും ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ ആയിരുന്നു.

പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പില്‍ രാജേഷ് എഴുതി:ദൃശ്യമാധ്യമങ്ങളില്‍ കാലം അടയാളപ്പെടുന്നതിനെക്കുറിച്ചുള്ള മിഴിവാര്‍ന്ന ഈ പഠനം രീതികൊണ്ടും സമീപനം കൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. സാന്ദ്രമായ ഭാഷയുടെയും പുസ്തകത്തിന്റെ സംവിധാനമികവിന്റെയും അധ്യായവിഭജനത്തിന്റെയും പ്രത്യേകതകള്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. അച്ചടി/ദൃശ്യമാധ്യമങ്ങളിലെ ദീര്‍ഘമായ പരിചയം കൊണ്ടുണ്ടായ ഗ്രന്ഥകാരന്റെ വിഷയവൈവിദ്ധ്യം കൃതി നമുക്കു പകര്‍ന്നു തരുന്നു. സാഹിത്യത്തിലെ കാലത്തെക്കുറിച്ചു മികച്ച പഠനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ചലച്ചിത്രത്തിലെ കാലം ആദ്യമായിട്ടാണ് പരിശോധിക്കപ്പെടുന്നത്. സിനിമയുടമായി ബന്ധപ്പെട്ട് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച കൃതികളിലൊന്നായി ഇതിനെ സ്വീകരിക്കാം.

സംസ്ഥാന അവാര്‍ഡ് വിവരം രാജേഷിനെ വിളിച്ചു പറഞ്ഞപ്പോള്‍ ഒറ്റ വാചകത്തിലായിരുന്നു മറുപടി'ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ' പിന്നീട് അവാര്‍ഡ് നിശയ്ക്ക് പ്രസധാകന്റെ പ്രതിനിധിയായി രാജേഷിന്റെ തിരുവനന്തപുരത്തുള്ള ജ്യേഷ്ഠനും ഭാര്യയുമാണ് വന്നത്.

ഒരു വര്‍ഷം കഴിഞ്ഞ് മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം പുസ്തകത്തിന്റെ പ്രകാശനവിവരം അറിയിച്ചുകൊണ്ട് എസ്.എം.എസ് അയച്ചപ്പോള്‍ ഒരൊറ്റവരി മറുപടി വന്നു:"KASHTAM" അതിനു മറുപടിയായി നേരിട്ടു വിളിച്ചപ്പോള്‍ പരിഭവം. "നിങ്ങള്‍ക്കാ പുസ്തകം റെയ്ന്‍ബോയ്ക്കു തരാമായിരുന്നു." അങ്ങനെയല്ല, അത് പ്രസാധകര്‍ കൊണ്ടുവന്ന ആശയം ഭേദഗതികളോടെ എന്റെ  വഴിക്ക് പുസ്തകമാക്കിയതാണ് എന്നു വിശദീകരിച്ചുകൊടുത്തപ്പോള്‍ രാജേഷ് തൃപ്തനായി.

പിന്നീട് രാജേഷ് പ്രത്യക്ഷപ്പെടുന്നത് കോട്ടയത്ത് 2009 ല്‍ നടന്ന ദര്‍ശന പുസ്തകമേളയ്ക്കു മുമ്പാണ്. "നമുക്ക് ബോധതീരങ്ങള്‍ പ്രകാശനം ചെയ്യണം.ആരെ വേണമെങ്കിലും വിളിച്ചോളൂ." അങ്ങനെയാണ് ലോഹിതദാസിനെ ക്ഷണിച്ച് മേളയില്‍ വച്ച് എന്റെ പുസ്തകം പ്രകാശിപ്പിച്ചത്. അത്തവണത്തെ പ്രസാധകനുള്ള മേളയുടെ അവാര്‍ഡും രാജേഷിനായിരുന്നു.

ചെറുകിട പ്രസാധകര്‍ ചേര്‍ന്ന് സമാന്തരമായി ഒരു വില്‍പനകേന്ദ്രശൃംഖല ഉണ്ടാക്കാനുള്ള ശ്രമം കുത്തകകള്‍ അട്ടിമറിച്ചതിലും, തന്റെ പുസ്തങ്ങളില്‍ മികച്ചതും വില്‍പനയുള്ളതുമായ പലതിന്റെയും അവകാശം അട്ടിമറിയിലൂടെ തട്ടിപ്പറിച്ചതിലും, റെയന്‍ബോ പുസ്തകങ്ങളുടെ വിതരണത്തിന് നല്‍കാതിരുന്ന പരിഗണനയിലും മറ്റുമുള്ള വ്യക്തിദു:ഖം പലപ്പോഴും സംഭാഷണങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട് രാജേഷ്്.

ഇക്കഴിഞ്ഞ ബുധനാഴ്ച 28 ന് കരള്‍ രോഗം ബാധിച്ച് ഈ ലോകം വിട്ടു പോയ രാജേഷിന്റെ ശരീരം കാണാന്‍ ചെന്നു നില്‍ക്കുമ്പോഴും ഒപ്പം എന്നെ രാജേഷിനു പരിചയപ്പെടുത്തിയ രാധിക ഉണ്ടായിരുന്നു. ഞാന്‍ രാധികയോടു പറഞ്ഞു: "രാജേഷ് ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എന്റെ അവാര്‍ഡു പുസ്തകം ഉണ്ടാകുമായിരുന്നില്ല. എനിക്ക് അവാര്‍ഡ് കിട്ടാനും പോകുമായിരുന്നില്ല."


Tuesday, March 13, 2012

അല്‍പം തല്‍മയ ചിന്തകള്‍


ണ്‍പതുകളുടെ അവസാനം ഹിന്ദി സിനിമയില്‍ ഉരുത്തിരിഞ്ഞുവന്ന സമാന്തര, ഓഫ് ബീറ്റ് സിനിമയുടെ പുഷ്‌കരകാലത്ത് ഗൗരവമുള്ള സിനിമകള്‍ക്കൊപ്പം, ഗൗരവമുള്ള വിഷയങ്ങള്‍ തന്നെ ലളിതനര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന കുറെ മികവുറ്റ സിനിമകളും ഉണ്ടായിവന്നു. സാമൂഹികവിമര്‍ശനവും പരിഹാസവും, അക്ഷേപഹാസ്യവും എല്ലാം അവ നിഷ്പ്രയാസം ഫലവത്താക്കി. കുന്ദന്‍ഷായുടെ ജാനെ ഭി ദോ യാരോ, സയ്യിദ് മിര്‍സയുടെ സലിം ലിംഗ്‌ഡേ പെ മത് രോ
...അവതരണത്തിലെ ചിരിക്കപ്പുറം, കറുത്ത ഹാസ്യത്തിന്റെ തീഷ്ണമായ സാമൂഹികവിമര്‍ശനം ഉള്‍ക്കൊള്ളുന്നവയായിരുന്നു അവയോരോന്നും.

മലയാളത്തില്‍ ആ ജനുസ്സില്‍, ഹാസ്യത്തിന്റെ മേമ്പൊടിയോടെ സമകാലിക സാമൂഹിക സാമ്പത്തിക സദാചാരവിഷയങ്ങളെ നോക്കിക്കണ്ടും, ചെറിയൊരു പുഞ്ചിരിയോടെ, ചെറിയ കല്ലുകള്‍ പെറുകി എറിയാനും ഉദ്യമിച്ചുകൊണ്ടൊരു സിനിമയുണ്ടായിരിക്കുന്നു. അതാണ് ടി.കെ.രാജീവ്കുമാറിന്റെ തല്‍സമയം ഒരു പെണ്‍കുട്ടി


വാസ്തവത്തില്‍ തല്‍സമയം ഒരു ഹാസ്യചി്ത്രമേയല്ല. അതിന്റെ ഉള്ളടക്കവും ഹാസ്യമല്ല. എന്നാല്‍ അതിലെ ഇതിവൃത്തസന്ദര്‍ഭങ്ങള്‍ നമ്മില്‍ ചിരിയുല്‍പാദിപ്പിക്കുന്നുവെങ്കില്‍, കാരണം, അതു തൊടുത്തു വിടുന്ന അമ്പുകള്‍ ലക്ഷ്യസ്ഥാനത്തു കൊള്ളുന്നതുകൊണ്ടാണ്.
നാക്കുളുക്കുന്ന വാക്കുകളുടെ വക്കുമുട്ടിക്കുരുങ്ങുന്ന സുന്ദരവിഡ്ഢിയും അഴകിയരാവണനുമായ സുരാജ് വെഞ്ഞാറമ്മൂടിന്റെയും, പ്രഭാതനടത്തം പഞ്ചാരക്കളരിയാക്കുന്ന കൊച്ചുപ്രേമന്റെയും കഥാപാത്രങ്ങള്‍ കാരിക്കേച്ചറുകളാക്കപ്പെട്ടതല്ല, സ്വയം കാരിക്കേച്ചറുകളാവുന്നതാണ്. അതാണതിന്റെ സ്വാഭാവികത.


തത്വദീക്ഷയില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ കപടമുഖം അനാവൃതം ചെയ്യുന്ന സിനിമകള്‍ പലഭാഷകളിലായി നാം കണ്ടിട്ടുള്ളതാണ്. ഡസ്റ്റിന്‍ ഹോഫ്മാനും ജോണ്‍ ട്രാവോള്‍ട്ടയും അഭിനയിച്ച മാഡ്‌സിറ്റി (1997) പോലെ എത്രയെത്ര സിനിമകള്‍. അതിന്റെ അനുരണനങ്ങള്‍ പലതും തല്‍സമയം ഒരു പെണ്‍കുട്ടിയുടെ ചലച്ചിത്ര സമീപനത്തിലും കാണാം. ന്നാല്‍ ഒരുപരിധിക്കപ്പുറം അതിന് ആധികാരികതകിട്ടുന്നുവെങ്കില്‍, കാരണം ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ രണ്ടു മുഖ്യധാരാപത്രപ്രവര്‍ത്തകരാണെന്നുള്ളതാണ്. 


സണ്ണി ജോസഫും മാനുവല്‍ ജോര്‍ജ്ജും ചേര്‍ന്നെഴുതിയ തിരക്കഥയുടെ ഒരേയൊരു പോരായ്മ, കഥാപാത്ര ബാഹുല്യമാണ്. ഇനിയൊരുപക്ഷേ, ചാനല്‍ റിയാലിറ്റി ഷോകളിലെ ഒട്ടുമിക്ക ഹാസ്യതാരങ്ങളെയെല്ലാം കൂടി കുത്തിനിറയ്ക്കാനുള്ള സംവിധായകന്റെ ശ്രമമാണോ, അപ്രധാന കഥാപാത്രങ്ങളെപ്പോലും പ്രധാനമാക്കി കഥാപാത്രങ്ങളില്‍ പുലര്‍ത്തേണ്ട മിതത്വവും ഏകാഗ്രതയും ഇല്ലാതാക്കിയത് എന്നറിയില്ല.


ഏതായാലും തല്‍സമയം ഒരു പെണ്‍കുട്ടി, ഒരു നിമിഷാര്‍ധത്തിന്റെ ബോറടി പോലുമില്ലാതെ കണ്ടുതീര്‍ക്കാവുന്ന സിനിമതന്നെയാണ്. അതിന്റെ ഏറ്റവും വലിയ കരുത്ത് നിത്യ മേനോന്‍ എന്ന ജന്മനാ അഭിനേത്രിയായ നടിയുടെ പ്രകടനമാണ്. ആകാശഗോപുരത്തില്‍ മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭമാക്കിയ പ്രതിഭയുടെ വിവിധ ഭാവഹാവാദികള്‍ മഞ്ജുള അയ്യപ്പനെ അവിസ്മരണീയമാക്കി. മണിയന്‍പിള്ള രാജുവിന്റെ സ്ഥാനത്ത് നെടുമുടിയോ, ജനാര്‍ദ്ദനനോ മറ്റോ ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം പ്രേക്ഷകര്‍ മോഹിച്ചു പോയാല്‍ തെറ്റില്ല. മലയാള ടെലിവിഷന്‍ ചാനലില്‍ തന്നെ തലപ്പത്തുള്ള ചിലരുടെ ശരീരഭാഷ സിദ്ദീഖ് വിദഗ്ധമായി അനുകരിച്ചു.ഉണ്ണിമുകുന്ദന്‍ പ്രതീക്ഷ ഏറ്റുന്നു


ഗാനങ്ങളും പശ്ചാത്തലസംഗീതവും ഗാനരംഗങ്ങളും പതിവു രാജീവ്കുമാര്‍ സിനിമയുടെ നിലവാരം പുലര്‍ത്തി.


വ്യക്തിയുടെ സ്വകാര്യത കച്ചവടച്ചരക്കാക്കുന്ന ചാനല്‍ റിയാലിറ്റി ഷോകളുടെ യുഗത്തില്‍ വ്യക്തിക്കുമേല്‍ മാധ്യമം ഉണ്ടാക്കുന്ന ദുഃസ്വാധീനത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യത്തിലേക്കാണ് തല്‍സമയം ഒരു പെണ്‍കുട്ടി ശ്രദ്ധ ക്ഷണിക്കുന്നത്. കിടപ്പറയും കുളപ്പുരയും വരെ ക്യാമറയുടെ പരിധിയില്‍ക്കൊണ്ടുവരുന്ന ബിഗ് ബ്രദര്‍മാരുടെ കാപട്യം ഒരളവു വരെ തുറന്നുകാട്ടുന്നുണ്ട് ചിത്രം.ഏതായാലും തല്‍സമയം നിങ്ങളെ നിരാശപ്പെടുത്തില്ല, തീര്‍ച്ച.