Saturday, January 07, 2012

ചെറിയ ചെറിയ റിയാലിറ്റികള്‍




കഴിഞ്ഞദിവസം മകളുടെ സ്‌കൂള്‍വാര്‍ഷികദിനാഘോഷങ്ങള്‍ക്കു നിര്‍ബന്ധപൂര്‍ണമായ ക്ഷണം കിട്ടി, പൊതുഅവധിയല്ലാഞ്ഞിട്ടും അവധിയെടുത്ത് അവളുടെയും കൂടി കലാപ്രകടനങ്ങള്‍ കാണാന്‍ പോയപ്പോള്‍ സത്യത്തില്‍ ആമ്പരന്നു പോയി. പല വമ്പന്‍ സ്റ്റേജ് ഷോകളുടെയും ചെറിയ ചെറിയ സംഘാടനപ്പിഴവുകള്‍ കണ്ടിട്ട്, ' ഇതൊക്കെ എന്തോന്ന്, ഒരുമാതിരി സ്‌കൂള്‍വാര്‍ഷികം പോലെ..' എന്നു പുച്ഛം പറഞ്ഞതിനെ സ്വയം ശപിച്ചുകൊണ്ടായിരുന്നു ആ അമ്പരപ്പ്.
ബഞ്ചുകള്‍ നിരത്തിയിട്ട് തട്ടുണ്ടാക്കി, വര്‍ഷംമുഴുവനും ഹെഡ്മാസ്റ്ററുടെ മുറിയുടെ പിന്നാമ്പുറത്തോ, പി.ടി.അധ്യാപകന്റെ മുറിയുടെ തട്ടുമ്പുറത്തോ പൊടിയടിച്ചു ചുരുട്ടിക്കൂട്ടിയിട്ടിരുന്ന നീലയും മെജന്റയും കലര്‍ന്ന ബാക്ക്/ഫ്രണ്ട്/സൈഡ് കര്‍ട്ടനുകള്‍, എലിവെട്ടിയ ദ്വാരങ്ങള്‍ സഹിതം പിടിക്കയറില്‍ വലിച്ചുകെട്ടിയുണഅടാക്കിയ സ്റ്റേജില്‍ തൂക്കിയിട്ടിരിക്കുന്ന ഒരേയൊരു മൈക്കിനു മുന്നില്‍ അല്ലെങ്കില്‍ സ്റ്റാന്‍ഡിലുറപ്പിച്ച മൈക്കിനുമുന്നില്‍, തീര്‍ത്തും അമച്ചറായ പ്രകടനങ്ങള്‍ മാത്രം സ്‌കൂള്‍ വാര്‍ഷികത്തിനു പ്രതീക്ഷിച്ച എന്നെത്തന്നെയാണല്ലോ പറയേണ്ടത്. താഴെക്കവലയിലെ മുരുകന്‍ ചേട്ടനെക്കൊണ്ട് മല്‍മല്‍ തുണിയില്‍ ഫെവിക്കോളില്‍ നീലം മുക്കി ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറി എഴുതിച്ചുകൊണ്ടുവരുന്ന 'സ്‌കൂള്‍ ഡേ' എന്ന ബാനര്‍ മൊട്ടുസൂചികൊണ്ട് പിന്‍കര്‍ട്ടനില്‍ ഉറപ്പിച്ചു ഭദ്രമാക്കുന്ന (ഉറപ്പായും ഈ ബാനര്‍ അല്‍പം ചരിഞ്ഞിട്ടായിരിക്കും കുത്തിപ്പിടിക്കുക) 'സെറ്റി'ലൂടെ തലങ്ങും വിലങ്ങും തലയ്ക്കു തീപിടിച്ച് ഓടിനടക്കുന്ന സംഘാടകച്ചുമതലയുള്ള അധ്യാപകരും വിദ്യാര്‍ഥികളും. മുന്‍ കര്‍ട്ടന്റെ ഞരമ്പുകള്‍ക്കു താഴെ മണ്ണുകൊണ്ടുകെട്ടിയികിഴികളിലൂടെ പാവാടനാടപോലെ വലിച്ചുപിടിപ്പിട്ട പരുത്തിച്ചരടുകളുടെ മൊത്തം ചുക്കാന്‍ പിടിച്ച് സൈഡില്‍ കസേരയിലിരിക്കുന്ന പ്യൂണ്‍ ചേട്ടന്‍. (ഒരു നല്ല ദിവസമല്ലേ, രണ്ടെണ്ണം അടിച്ചിട്ടുണ്ടാവും കക്ഷി, ഒരു സന്തോഷത്തിന്). വാടകയ്‌ക്കെടുത്ത, പഴകിയ, ശരീരങ്ങള്‍ക്കു യോജിക്കാതെ എന്‍സിസി വേഷം പോലിരിക്കുന്ന നിറം മങ്ങിയ വേഷവുമിട്ട് പ്രത്യക്ഷപ്പെടുന്ന കലാകാരന്മാരും കലാകാരികളും. നാടകത്തിനും മറ്റും പലരും പറയുന്നത് എന്തെന്നു മനസ്സിലാവാതെയായിരിക്കും പിന്‍നിരക്കാരുടെ കൂക്കുവിളിയും കൈയടിയും.
സ്‌കൂള്‍ വകയായുള്ള ചിരപുരതനമായ മൈക്ക് സെറ്റ് നിയന്ത്രിക്കുന്നത് ഫിസിക്‌സ് അധ്യാപകനായിരിക്കും. പിന്നെ അദ്ദേഹത്തിന്റെ ശിങ്കിടിയായിട്ടുള്ള സയന്‍സ് ക്‌ളബ് അധ്യക്ഷന്‍, ഇലക്ട്രോണിക്‌സില്‍ അഗ്രഗണ്യനായ ഏതെങ്കിലും പഠിപ്പിസ്റ്റ് ചങ്ങായി. ഈ മൈക്ക് ആവട്ടെ, അതിനോടു തൊട്ടുനിന്നു സംസാരിക്കുന്ന ആളുടേതൊഴികെ യാതൊന്നും സ്പീക്കറിലെത്തിക്കുകയുമില്ല. അതുതന്നെ, ഹൗളിംഗ് എന്ന സാങ്കേതികപ്രതിഭാസത്തോടെ ഒരു വാചകത്തിന് ഒന്നെന്ന നിലയ്ക്ക് ഓരിയിടലുമായിട്ടായിരിക്കും.
സര്‍ക്കാര്‍ സ്‌കൂള്‍ വാര്‍ഷികത്തിന് അന്നുമിന്നും (ഇന്നത്തെക്കാര്യം തീര്‍ത്തുപറയാനാവില്ല കേട്ടോ) മാതാപിതാക്കളുടെ സാന്നിദ്ധ്യം പരിതാപകരം തന്നെയായിരിക്കും.
മിക്കവാറും യുവജനോല്‍സവങ്ങളില്‍ സമ്മാനം കിട്ടിയ ഇനങ്ങളായിരിക്കും സ്‌കൂള്‍ ഡേയില്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുക. അതിലും പ്രധാനം സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചു കഴിഞ്ഞ കുറേ ദിവസങ്ങളായി അരങ്ങേറിയ കായിക-കലാമല്‍സരങ്ങള്‍ക്കുള്ള സമ്മാനദാനമായിരിക്കും. മുഖ്യാതിഥിയായ മന്ത്രിയോ ജനപ്രതിനിധിയോ മൂന്നുനാലു സമ്മാനങ്ങള്‍ കൊടുത്ത് തിരക്കുമൂലം സ്ഥലം കാലിയാക്കി കഴിയുമ്പോള്‍ മിക്കവാറും പിടി എ അധ്യക്ഷനായ, എതെങ്കിലും ഒരു സഹപാഠിയുടെ കരപ്രമാണിയായ അച്ഛനില്‍ നിന്നോ, ഹെഡ്മാസ്റ്ററില്‍ നിന്നോ തന്നെയായിരിക്കും സമ്മാനം വാങ്ങേണ്ടിവരിക, ബഹുഭൂരിപക്ഷത്തിനും. സോപ്പുപെട്ടി, ചോക്കലേറ്റ്, ഇസ്ട്രുമെന്റ് ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ചായപ്പെന്‍സില്‍...പിന്നെ സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന സമ്മാനം. പക്ഷേ എന്തൊരു വിലയായിരുന്നെന്നോ അതിന്.
ഫഌഷ്ബാക്കിന് ഇവിടെ അര്‍ധവിരാമമിടട്ടെ, വേണ്ട പൂര്‍ണവിരാമം തന്നെയാകട്ടെ. മകളുടെ സ്‌കൂള്‍ദിനക്കാഴ്ചയകളിലേക്ക് വീണ്ടുമൊരു ഫഌഷ് കട്ട്.
റിയാലിറ്റിഷോകളോട്, കുറഞ്ഞപക്ഷം പ്രാദേശിക ചാനലുകളുടെ മെഗാഷോകളോടെങ്കിലും മത്സരിക്കുന്ന പിന്നണി സെറ്റ്. പിന്നില്‍ വര്‍ണവെളിച്ചം വിതാനിച്ച് പ്രഫഷനല്‍ പെര്‍ഫെക്ഷനോടെ തീര്‍ത്തിട്ടുള്ള ബാക്ക്‌ഡ്രോപ്പ്. സ്‌കൂള്‍ സ്ഥാപകന്റെ നാമധേയത്തില്‍ നിര്‍മിച്ചിട്ടുളള, കുറഞ്ഞത് രണ്ടായിരം പേര്‍ക്കെങ്കിലും ഇരിക്കാവുന്ന കൂറ്റന്‍ ഓഡിറ്റോറിയത്തിലെ സ്ഥിരം സ്‌റ്റേജിനു മുന്നിലേക്ക് താല്‍ക്കാലികമായി കെട്ടിയിറക്കിയ കമനീയമായ റാംപ്. (ഇത് ഉദ്ഘാടകനായ യുവസംഗീതജ്ഞനു പാടിമുന്നേറാന്‍ മാത്രമുദ്ദേശിച്ചല്ല, മറിച്ച് കുരുന്നു സ്റ്റാര്‍ സിംഗര്‍മാര്‍ക്കും ഡാന്‍സര്‍മാര്‍ക്കും ചാനലിലെന്നോണം പരിമിതികൂടാതെ പെരുമാറാനാണ്.) കുറഞ്ഞത് 20,000 വാട്ട്‌സെങ്കിലും ഔട്ട്പുട്ട് ഉള്ള ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം. റാമ്പു മുതല്‍ സ്റ്റേജിനകം വരെ വിദൂരനിയന്ത്രിത യന്ത്രവിളക്കുസംവിധാനം. പല നിറത്തിലും രൂപത്തിലും പ്രകാശത്തിലും തിളങ്ങുന്ന വിളക്കുകള്‍, ഓരോ ടീമിന്റെയും പ്രകടനത്തിന് പ്രഫഷനല്‍ ഛായ പകരുന്നു. ക്‌ളോസ്ഡ് സര്‍ക്ക്യൂട്ട് ടിവി സംപ്രേഷണം. അതിനായി സജ്ജമാക്കിയിട്ടുള്ള പാര്‍ശ്വത്തിരശ്ശീലകള്‍.
പരിപൂര്‍ണമായും മുന്‍കൂട്ടി തയാറാക്കിയ സ്‌ക്രിപ്റ്റിനെ ആശ്രയിച്ചുള്ള കോമ്പയറിങ്ങോടെയാണ് അവതരണം.അതിനായി മാത്രം മികച്ച പ്രസംഗപാടവമുള്ള വിവിധ പ്രായപരിധിയിലുള്ള ആണ്‍-പെണ്‍ സംഘങ്ങള്‍ പത്തെങ്കിലും വരും.
താരസന്ധ്യകളെ ധന്യമാക്കുന്ന ആട്ടവും പാട്ടുമടങ്ങുന്ന വൈവിദ്ധ്യത്തെ ഓര്‍മിപ്പിക്കുന്ന, ഒരുപക്ഷേ, പരിചിത താരങ്ങള്‍, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിദഗ്ധ പരിശീലനത്തിനു ശേഷം അവതരിപ്പിക്കുന്ന സ്റ്റേജ് പ്രകടനങ്ങളെ നിഷകരുണം തോല്‍പ്പിക്കുന്ന കറയറ്റ, കുറ്റമറ്റ, മിഴിവാര്‍ന്ന പ്രകടനങ്ങള്‍. ഈ ഒരൊറ്റ പ്രകടനത്തിനു വേണ്ടി വാങ്ങിത്തയ്പ്പിച്ച വര്‍ണാഭമായ കോസ്റ്റിയൂമുകള്‍. നൃത്തത്തിനും മറ്റുമായി ഉണ്ടാക്കിയെടുത്തിട്ടിള്ളു നിറമാര്‍ന്ന പ്രോപ്പര്‍ട്ടികള്‍...! ഓരോ ടീമിന്റെയും പ്രകടനം കഴിയുമ്പോള്‍ കൂട്ടത്തോടെ ഒരു പ്രദേശത്തുനിന്നും കയ്യടി, ഇറങ്ങിപ്പോക്ക്. അടുത്ത സംഘത്തിന്റെ പ്രകടനം കാണാന്‍ അത്രയും തന്നെ സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ സദസിലേക്കുള്ള തിരിച്ചൊഴുക്ക്-സദസ്സും നിറഞ്ഞുതന്നെ തുളുമ്പുന്നു!
സംഘക്കളികളില്‍ പ്രകടനങ്ങള്‍, ചുവടുകള്‍, ശരീരവിക്ഷേപങ്ങള്‍ എന്നിവ എല്ലാവരിലും ഒരേപോലെയാവുന്നില്ല എന്നതൊരു കുറ്റമായിരിക്കാം. പല തട്ടിലുള്ള, പല പ്രായക്കാരായ ഒട്ടുവളരെ കുട്ടികളെ ഒന്നിച്ചണിനിരത്തുമ്പോഴുണ്ടാകാവുന്ന തീര്‍ത്തും സ്വാഭാവികമായ ചില പോരായ്മകള്‍. പക്ഷേ അതിനുമപ്പുറം ആത്മവിശ്വാസത്തോടെയുള്ള കുരുന്നുകളുടെ കൂടി പ്രകടനങ്ങള്‍ കാണാതിരിക്കുന്നതെങ്ങനെ? സഭാകമ്പം എന്നത് പഴയൊരു പ്രയോഗമായിരിക്കുന്നുവോ? സ്‌റ്റേജ് ഫിയര്‍ ഇപ്പോള്‍ നമ്മുടെ തലമുറയ്ക്കായിരിക്കുമുണ്ടാവുക, മക്കളെ അണിയിച്ചൊരുക്കി സ്‌റ്റേജിലേക്കു കയറ്റിവിടുന്നതിനുമുമ്പ്. അല്ലാതെ സ്റ്റേജില്‍ ആയിരക്കണക്കിനാളുകളെ അഭിമുഖീകരിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് തരിമ്പുമില്ല ഭയമോ, നാണമോ, സഭാകമ്പമോ. തീര്‍ച്ചയായും ഇത്തരം വേദികള്‍ കുട്ടികളിലെ ആത്മവിശ്വാസം വല്ലാതെ ഊട്ടിയുറപ്പിക്കുന്നുണ്ട്്.
ഒരുപക്ഷേ, ഈ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത കസെറ്റ് ബാക്ക്‌ഡ്രോപ്പിലെ ലിഖിതങ്ങള്‍ ഒഴിവാക്കി ഏതെങ്കിലും ചാനലില്‍ സംപ്രേഷണം ചെയ്താല്‍ ഒറ്റനോട്ടത്തില്‍ അതു ചാനലൊരുക്കിയ മെഗാഷോ അല്ലെന്നു തിരിച്ചറിയില്ല, കട്ടായം. ചാനലുകള്‍ക്കു നന്ദി. കാരണം ഈ പ്രഫനലിസം സ്‌കൂള്‍വാര്‍ഷികാഘോഷത്തിലേക്കു സന്നിവേശിപ്പിച്ചത് തീര്‍ച്ചയായും ചാനല്‍ ഷോകള്‍ തന്നെയായിരിക്കണമല്ലോ?

4 comments:

കല്യാണിക്കുട്ടി said...

:-)

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സുഹൃത്തേ,
അസ്സലായിരിക്കുന്നു ഈ കുറിപ്പ്.ഇത് ഏതെങ്കിലും മാനേജ്മെന്‍റ് സ്കൂളിലേതാവുമല്ലോ.ഇത്രയൊന്നും വരില്ലെങ്കിലും ചില സര്‍ക്കാര്‍ സ്കൂളുകളിലും നമ്മെ അന്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.അത് ഇത്തരം വാര്‍ഷികങ്ങളിലാവാം,പഠനപ്രവര്‍ത്തനങ്ങളിലാവാം,പാഠ്യേതര പ്രവര്‍ത്തനങ്ങളിലാവാം..എന്തായാലും സര്‍ക്കാര്‍ സ്കൂളുകള്‍ ഒരുപാടൊരുപാട് മാറിയിട്ടുണ്ട്.അത് നല്ല നല്ല മാറ്റങ്ങളാണ്.
എന്‍റെയൊരു കുട്ടിക്കഥ നാലാം ക്ലാസില്‍ പഠിക്കാനുണ്ട്.അതിന്‍റെ പേരില്‍ പരിചയമുള്ളവര്‍ വിളിച്ചിട്ട് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഒട്ടേറെ സര്‍ക്കാര്‍ സ്കൂളില്‍ പോകാന്‍ സാധിച്ചതിന്‍റെ അനുഭവത്തിലാണ് ഇതെഴുതിയത്.
നന്ദി,നല്ല കുറിപ്പ് വായിക്കാന്‍ തന്നതിന്.

Rejeesh Sanathanan said...

കാലം മാറുന്നതിനനുസരിച്ച് കോലം മാറിയില്ലെങ്കിൽ പിന്തള്ളപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്...അത് മനുഷ്യന്റെ കാര്യമായാലും സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുടെ കാര്യമായാലും......

ഗൗരിനാഥന്‍ said...

ariyilla, adutha kalathonnum oru school varshikam kanan othittilla..enkilum praskthamay akuripp, thiirchayayum valla management schoolayirikkum
pirichedukkan patiya mathapithakalulla tharam