ചില വാക്കുകളുണ്ട്.നമ്മുടെ ഭാഷയിലായിട്ടും നാം അയിത്തം കല്പിച്ചു വിളിപ്പാടകലെ നിര്‍ത്തുന്ന ചില പാവം വാക്കുകള്‍. 'നല്ല' എന്നുപയോഗിക്കാത്ത നാം 'മികച്ച' എന്നുപയോഗിക്കും. 'പൃഷ്്ഠ'വും 'നിതംബ'വും കുഴപ്പമില്ല നമുക്ക്, എന്നാല്‍ 'ചന്തി'ക്ക് നമ്മുടെ ചിന്തയില്‍പ്പോലും ചന്തമുള്ള ഒരിടമില്ല. നല്ല മലയാളത്തെ നാം സംസ്കൃതം കൊണ്ടു സംസ്കരിക്കാന്‍ ശ്രമിക്കും. അതുപോലെയാണ് വളി എന്ന വാക്കും. കീഴ്ശ്വാസം വന്നാല്‍ കുഴപ്പമില്ല; പക്ഷേ വളി വിട്ടാല്‍, അയ്യേ, വൃത്തികേട്. മലയാളിയുടെ വിട്ടുമാറാത്ത ഹിപ്പോക്രിസിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇങ്ങനെ ചില വാക്കുകളോടുള്ള പഥ്യം. ഈ ഇരട്ടത്താപ്പടക്കം മലയാളിയുടെ കപടസദാചാരത്തെ പ്രകടമായി പൊളിച്ചടുക്കാന്‍ ധൈര്യം കാട്ടുന്നിടത്താണ് വി.കെ. പ്രകാശിന്റെ, അനൂപ് മേനോന്റെ ബ്യൂട്ടിഫുള്‍ മനോഹരമായൊരു ദൃശ്യാഖ്യാനമായി മാറുന്നത്.
ഐശ്വര്യാ റായിയുടെ അക്ഷരവടിവൊത്ത ശരീരകാന്തി കണ്ട് അന്തംവിട്ടു നില്ക്കുന്ന ബഹുഭൂരിപക്ഷവും മറക്കുന്ന ഒരു കാഴ്ചയിലേക്കാണ് ബ്യൂട്ടിഫുളിലെ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രം സംഭാഷണം കൊണ്ടു നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. അത് ഐശ്വര്യ റായി വളിവിട്ടാല്‍ എങ്ങനെയിരിക്കും എന്ന ഒരു ചോദ്യമാണ്. ജീവശാസ്ത്രപരമായി ഐശ്വര്യയും നമ്മളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന അരക്കിട്ടുറപ്പിക്കല്‍, ജീവിതയാഥാര്‍ഥ്യങ്ങളുടെ ഏറ്റവും കരുത്തുറ്റ ഒരു ഒറ്റവാക്യമായി മാറുന്നു.
അടുത്തകാലത്ത്, ഇത്രയേറെ നെഗറ്റീവ് പ്രചാരണം കിട്ടിയ മറ്റൊരു സിനിമയുണ്ടാവില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്കുണ്ടായതിനേക്കാള്‍ ഗൗരവമുള്ള ആരോപണങ്ങള്‍. അവലംബകൃതികളായി പ്രചരിച്ചതു തന്നെ എത്രയോ വിദേശ, സ്വദേശ സിനിമകള്‍. അത്തരം പ്രചാരണങ്ങളെയെല്ലാം അതിജീവിക്കുക എന്ന വൈതരണി കടന്ന് ബ്യൂട്ടിഫുള്‍ കണ്ടവര്‍ കണ്ടവര്‍ അന്തംവിട്ടത് അതിന്റെ ഒറിജിനാലിറ്റി കണ്ടിട്ടാണ്. ലക്ഷണമൊത്ത ഒരു കുഞ്ഞു സിനിമ. അതിന്റെ ലക്ഷ്യം ഇന്ത്യയില്‍ നിന്നുള്ള ഓസ്കര് എന്‍ട്രി അല്ല. അവാര്‍ഡുകളുമല്ല. ഒരു കലാസൃഷ്ടി ആദ്യമായും അവസാനമായും ലക്ഷ്യമിടുന്നത് അത് ആസ്വദിക്കുന്നവരെയാണ്. ഇതു ശരിയാണെങ്കില്‍ ബ്യൂട്ടിഫുള്‍ ലക്ഷ്യത്തില്‍ ചെന്നു തറച്ച അമ്പുതന്നെയാണ്, സംശയം വേണ്ട.
മുന്‍വിധികളില്ലാതെ ജീവിതത്തെ സമീപിച്ചിരിക്കുന്നു എന്നുള്ളതാണ് ഈ സിനിമയുടെ മേന്മ, നന്മയും. രാജീവ് നാഥിന്റെ പകല്‍ നക്ഷത്രങ്ങള്‍ (2008),അനുഭവ് (ഹിന്ദി 2009), അരുണ്‍കുമാറിന്റെ കോക്ക്ടെയ്ല്(2010) എന്നീ സിനിമകള്‍ക്കു ശേഷം അനൂപ് മേനോന്റെ തൂലികയില്‍ നിന്നുടലെടുത്ത ബ്യൂട്ടിഫുളിനെ അനൂപിന്റെതന്നെ മുന്‍കാലചിത്രങ്ങളില്‍ നിന്നു വ്യതിരിക്തമാക്കുന്നത് അതിന്റെ ലാളിത്യമാണ്. സിനിമയുടെ കഌസിക്കല്‍ വച്ചുകെട്ടലോ, ഫോക്ക്ലോര്‍ ചമ്രംപടയലോ ഇല്ലാതെ, സ്വച്ഛമായൊരു ദൃശ്യാനുഭവം. സംഭാഷണങ്ങളിലെ ലേശമൊരു രഞ്ജിത് ഛവി കൂടി ഒഴിവാക്കാമെങ്കില്‍, ബ്യൂട്ടിഫുള്‍ ഈസ് ക്ളീന്‍.പകല്‍നക്ഷത്രങ്ങളിലൂടെതന്നെ പത്മരാജന് ഭക്തി ആവോളം പ്രകടമാക്കിയ അനൂപ് തൂവാനത്തുമ്പികളുടെ ഹാങോവര്‍ ആവിഷ്കരിച്ചുകൊണ്ട് അതൊന്നുകൂടി അടിവരയിടുന്നു.
ഛായാഗ്രഹണത്തിലെ കലണ്ടര്‍ സൗന്ദര്യവും ശബ്ദാലേഖനത്തിലെ നിഷ്ഠുരമായ കൃത്യതയുമൊക്കെ വി.കെ.പി.യുടെ മുന്‍കാല സിനിമകളും പരസ്യങ്ങളും കണ്ടിട്ടുള്ളവര്‍ക്ക് കോള്മയിര് കൊള്ളാനുള്ള വകയൊന്നുമല്ല. എന്നാല്‍, ജയസൂര്യയുടെയും മേഘ്നരാജിന്റെയും ടിനിടോമിന്റെയും പ്രകടനങ്ങള്‍ അങ്ങനെയല്ല. ടിനിയുടെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തം തന്നെയാണ് ബ്യൂട്ടിഫുളിലേത്. ജയസൂര്യ ഒരു പക്ഷേ ഓര്മിക്കപ്പെടാന് പോകുന്നത് (ഇനി ഇതിലും കാമ്പുള്ളതു വരും വരെ) ടി.വി.ചന്ദ്രന്റെ കൈയബദ്ധമായ ശങ്കരനും മോഹനനും ഫാന്‍സി ഡ്രസിലൂടെയാവില്ല, ബ്യൂട്ടിഫുളിലെ അച്ചായനിലൂടെയായിരിക്കും.വില്ലത്തം ആണുങ്ങള്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുള്ള ഇന്ത്യന്‍ സിനിമയില്‍ ലക്ഷണമൊത്തൊരു വില്ലത്തിയെ അതിശയോക്തിയുടെ ആടയാഭരണങ്ങളില്ലാതെ മേഘ്നയില്‍ കാണാന്‍ കഴിഞ്ഞല്ലോ, സന്തോഷം. പ്രതിഛായയുടെ പുറന്തോടു പൊളിച്ച് ഇങ്ങനെയൊരു വേഷം ചെയ്യാന്‍ തയാറായതുകൊണ്ട്, അവര്‍ ഇതുവരെ ചെയ്ത ഗഌമര്‍ കോപ്രായങ്ങളെല്ലാം ശുദ്ധികരിച്ചിരിക്കുന്നു.
കന്യക മിന്നലെ ഫിലിം അവാര്‍ഡ് നിശയ്ക്ക് ഒറ്റക്കമ്പിപ്പുറത്ത്, ടിവി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജിനു ജോയിയുടെ അസാധാരണ നൃത്തപ്രകടനം കണ്ട് അന്തംവിട്ട അനൂപ് നാരായണന്, ജിനുവിനു മുന്നില്‍ തങ്ങളൊന്നും താരങ്ങളേയല്ല എന്ന് അഭിനന്ദിച്ചത് ഉപചാരമായിരുന്നില്ലെന്ന് ബ്യൂട്ടിഫുള്‍ തെളിയിക്കുന്നു. അതിലെ നിര്‍ണായകമായൊരു സീനില്‍ ജയസൂര്യയുടെ വീട്ടില്‍ നിന്നു ചാടി പോകുന്ന കള്ളന്റെ വേഷത്തില്‍, ജയസൂര്യയുടെ പ്രഭാതസ്വപ്നത്തിലെ സില്ലൗട്ട് ദൃശ്യത്തില്‍ ജിനുവിന്റെ സാന്നിദ്ധ്യമുണ്ടായത് അനൂപിന്റെ ശുപാര്‍ശയിലായിരിക്കുമെന്നു വ്യക്തം.
ഒന്നുകൂടി പറഞ്ഞിട്ട് അവസാനിപ്പിക്കട്ടെ. അനൂപില്‍ പ്രതീക്ഷ വര്‍ധിക്കുകയാണ്.അടുത്ത ചുവട് കൂടുതല്‍ സൂക്ഷിക്കണം. മുന്നോട്ട് വളരാനെ പാടുള്ളൂ. താഴേക്ക് ഇറങ്ങാന്‍ ഇടവരരുത്. കരുതി മാത്രം ചുവടുവയ്ക്കുക. നാളെ നിങ്ങളുടേതാവട്ടെ.