Thursday, September 08, 2011

കാളിന്ദിയാടുന്ന വൃന്ദാവനം









ഡല്‍ഹിക്കും ആഗ്രയക്കുമിടയിലാണ് മഥുര. ശ്രീകൃഷ്ണന്റെ മഥുരാപുരി. കംസന്റെ രാജധാനി. രാധയുടെയും രാധികമാരുടെയും മഥുര.യമുനാതീരത്ത് യദുകുല രതിദേവന്‍ രാധയ്ക്കും കാമുകിമാര്‍ക്കുമൊപ്പം രാസലീലയാടിയ വൃന്ദാവനത്തിന്റെ ഹരിതഭൂമിക. യമുനയുടെ കൈവഴിയില്‍ വിഷം കലക്കിയ കാളിയന്റെ കലിയടക്കി മര്‍ദ്ദിച്ചവശനാക്കിയ കാളിന്ദിയുടെ ഊഷരഭൂമി.

മഥുരയില്‍, ആളുകള്‍ക്കിടയില്‍ സംബോധനകള്‍ക്ക് ഔപചാരികതയില്ല. നമസ്‌തെയും രാംരാംജിയുമില്ല. ഹലോയും ഹായ് യുമില്ല. എല്ലാം രാധേ രാധേ മാത്രം. അവരുടെ ഉണ്ണികൃഷ്ണന്റെ ഇഷ്ടസഖിയുടെ പേരോതിവിളിക്കുന്നതു തന്നെ പുണ്യമായി കാണുന്ന ജനതതി. അവര്‍ക്ക് ശ്രീകൃഷ്ണനും രാധയും പുരാവൃത്തത്തിലെ കഥാപാത്രങ്ങളോ ഇതിഹാസത്തിലെ നായികാനായകന്മാരോ അല്ല, മറിച്ച് തലമുറകളായി കൈമാറിപ്പോരുന്ന ഒരു വികാരം തന്നെയാണ്. പശുവിന്‍ പാലില്‍ നിന്ന് അപ്പോള്‍ കടഞ്ഞെടുത്ത തൂവെള്ള വെണ്ണയുടെ പരിശുദ്ധിയുള്ള ഒരു വികാരം. ആരാധനയ്ക്കും ദിവ്യത്വത്തിനുമപ്പുറം, ഹരി അവര്‍ക്കൊരു ബന്ധുവാണ്. അടുത്ത ചാര്‍ച്ചയില്‍പ്പെട്ട ഒരു ജ്യേഷ്ഠനോ അനിയനോ മകനോ..രാധയാകട്ടെ അവര്‍ക്കു സ്വന്തം മകളോ, പെങ്ങളോ തന്നെയാണു താനും.
അമ്പലങ്ങളുടെ നഗരമാണ് മഥുര. ക്ഷേത്രനഗരിയെന്ന ബഹുമതിക്ക് കാശിയുള്‍പ്പെടെ മറ്റു മഹാനഗരങ്ങള്‍ വേറെയുള്ള ഇന്ത്യയില്‍ പക്ഷേ, എവിടെത്തിരിഞ്ഞുനോക്കിയാലും ആരാധനാലയങ്ങളുള്ള ഇത്രയും ചെറിയൊരു പട്ടണം വേറൊന്നുണ്ടാവുമോ എന്നു സംശയം. ചെറുതും വലുതുമായ 5000 രാധാകൃഷ്ണ ക്ഷേത്രങ്ങളാണ് ഈ കൂഞ്ഞുപട്ടണത്തിലുള്ളത്. ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍, മഹാക്ഷേത്രമെന്നൊന്നും ധരിക്കരുത്. ഏതെങ്കിലും വൃക്ഷത്തണലിലുള്ള ചെറിയൊരു പ്രതിഷ്ഠ. ആര്‍ക്കും കയറി നേരിട്ട് ആരതിയുഴിയാവുന്ന ഉത്തരേന്ത്യന്‍ പൂജാവിധികള്‍. ഇവിടെ ഷര്‍ട്ടിനും പാന്റിനും വിലക്കില്ല. ജീന്‍സിനും ടോപ്പിനും വിലക്കില്ല. വസ്ത്രമല്ല, മനസ്സാണ് പരിശുദ്ധമായിരിക്കേണ്ടത് എന്ന മഹാദര്‍ശനമാണ് ഈ ചെറു ആരാധനാലയങ്ങളിലെ ആകെയുള്ള ആദര്‍ശം. സന്ധ്യ പിറന്നാല്‍, എവിടെ നിന്നും ഉയരുന്ന മണിയൊച്ചകളാണ്. ആരതിയോടനുബന്ധിച്ച്, നമ്മുടെ ദീപാരാധനയോടനുബന്ധിച്ച് ചെമ്പു പാത്രം പോലിരിക്കുന്ന ഒരുതരം വാദ്യോപകരണത്തില്‍ വടികൊണ്ടടിച്ചുണ്ടാക്കുന്ന ഇടറിയ തമ്പേറിന്‍ ശബ്ദം. ഒപ്പം ഹരേരാമ ഹരേകൃഷ്ണ മന്ത്രവും, രാധേ രാധേ വിളികളും.
ചാളപോലെ, ചേരിപോലെ അട്ടിയട്ടിയായി ഷീറ്റുമേഞ്ഞ വീടുകളില്‍ ഒന്നില്‍പ്പോലും കറന്റ് കണക്ഷനില്ല. പക്ഷേ വൈദ്യുതിവിളക്കുണ്ട്. സംഗതി ലളിതം. തൊട്ടടുത്തെ വൈദ്യുത പോസ്റ്റിലെ ഫ്യൂസിലേക്ക് വീട്ടില്‍ നിന്നൊരു വയര്‍. അയല്‍പക്കത്തെ ആരാധനാലയത്തില്‍ സന്ധ്യാദീപം തെളിയുന്നതോടെ, വീ്ട്ടുകാരിലാരെങ്കിലും ഈ വയര്‍ പോസ്റ്റിലെ ഫ്യൂസിളക്കി അതിലേക്ക് ഘടുപ്പിക്കും. പിന്നെ വീടുകളിലാകെ ആയിരം വാട്ട് ദീപപ്രഭ!
ഇടുങ്ങിയ തെരുവുകളും വൃത്തിഹീനമായ പരിസരങ്ങളുമാണ് മഥുരാപുരിയുടെ സമകാലിക ചിത്രം. യമുനയുടെ കരവരെയേ ഇടത്തരം വാഹനങ്ങളെങ്കിലും എത്തിച്ചേരൂ. പിന്നീട്, ക്ഷേത്രനഗരിയില്‍ കാല്‍നടയോ, ഓട്ടോയോ, ബൈക്കോ സൈക്കിളോ മാത്രം ശരണം. ബൈക്കുകള്‍ക്കോ സൈക്കിളിനോ ഹോണും ബെല്ലുമല്ല പ്രധാനം. അതുകൊണ്ടൊന്നും മിഠായിത്തെരുവിനെ വെല്ലുന്ന മനുഷ്യസാഗരത്തിന്റെ തിരക്കിനെ വകഞ്ഞുമാറ്റാനാവില്ല. പകരം ഡ്രൈവര്‍മാര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിക്കും-രാധേ, രാധേ!. അപ്പോള്‍, ആളുകള്‍മാത്രമല്ല, കാലികള്‍ പോലും വഴിമാറിക്കൊടുക്കും;പണ്ട് പ്രസവിച്ചുടന്‍ കണ്ണനെ കൂടയിലാക്കി വാസുക്കിയെ കുടയാക്കി മഥുരയില്‍ നിന്ന്്ു ഗോകുലത്തേക്കു നടന്ന വസുദേവര്‍ക്കുമുന്നില്‍ യമുനയിലെ ഓളങ്ങള്‍ രണ്ടായി പകുത്തു വഴിനല്‍കിയതുപോലെ!
കാലികളുടെ നഗരം കൂടിയാണ് മഥുര. ഭാരതം കണ്ട മഹായിടയന്റെ സാക്ഷാല്‍ ഗോപാലന്റെ നാട് അങ്ങനെയല്ലാതായെങ്കിലാണല്ലോ അത്ഭുതം. ഗോക്കള്‍ മാത്രമല്ല എരുമകളും സമൃദ്ധമാണ് മഥുരയിലെങ്ങും. പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വെള്ളത്തേക്കാള്‍ വിലക്കുറവാണിവിടെ. പരിശുദ്ധമായ കട്ടത്തൈരും, മണ്‍ഗഌസില്‍ പകര്‍ന്നു തരുന്ന മോരിന്‍വെള്ളവും, കട്ടവെണ്ണയും, നെയ്യില്‍ ഉണ്ടാക്കിയ മധുരപലഹാരങ്ങളും നിറഞ്ഞ തെരുവോരവ്യാപാരകേന്ദ്രങ്ങള്‍.ഈറക്കുഴലുകളും മയില്‍പ്പീലയും കച്ചവടം ചെയ്യുന്നവര്‍. ഇവിടെ പലയിടത്തും കൈകൊണ്ടല്ല പാല്‍കടയുന്നത്. വൈദ്യൂതീകൃത കടച്ചില്‍ യന്ത്രങ്ങളുണ്ട് മിക്ക കടകളിലും. ശ്രീകൃഷ്ണന്‍ ഇവര്‍ക്കു വയറ്റുപ്പിഴപ്പുകൂടിയാവുന്നു.
മഥുരയില്‍ ഇതിഹാസം കഥപറുയന്ന ഒട്ടേറെ ദേവസ്ഥലികളാണുള്ളത്. വൃന്ദാവനം തന്നെ നാലോ അഞ്ചോ. പലതും പല ആശ്രമങ്ങളുടെ ഉടമസ്ഥതയിലുള്ളത്. ആദിശങ്കരന്റെ ജന്മസ്ഥലത്തുമുണ്ടല്ലോ അവകാശവാദങ്ങളുടെ വേറിട്ട ചരിത്രഭൂമികള്‍. അതുപോലെതന്നെയാണ് വൃന്ദാവനത്തിന്റെയും മറ്റും കാര്യവും. എന്നാലും സ്വാമി ചൈതന്യ മഹാപ്രഭുവിന്റെ ആശ്രമത്തോടനുബന്ധിച്ചുള്ള സ്ഥലങ്ങളാണ് ശ്രീകൃഷ്ണന്റെ ബാലലീലകളുമായി ബന്ധപ്പെട്ട യഥാര്‍ഥ ഭൂമികയെന്നാണ് അധികംപേരും വിശ്വസിച്ചുപോരുന്നത്. കാളിന്ദിയും, കടമ്പമരവുമെല്ലാം അതിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നു. ധ്യാനത്തിനിടെ വെളിപാടുപോലെ മനമുകുരത്തില്‍ തെളിഞ്ഞതനുസരിച്ചാണേ്രത മഹാതാപസ്വി ഇവിടെയെത്തി ഈ സ്ഥലമാണു വൃന്ദാവനമെന്നും ഇതാണ് ആ കദംബമരമെന്നുമൊക്കെ തിരിച്ചറിഞ്ഞതത്രേ. അദ്ദേഹം ചൂണ്ടിക്കാണിച്ചതനുസരിച്ച് അന്നത്തെ ഭരണാധികാരി ഇവിടെ ക്ഷേത്രസമുച്ചയം പണിതുനല്‍കുകയായിരുന്നു.
ബാല്യകാലത്ത് ശ്രീകൃഷ്ണന്റെ അവതാരലക്ഷ്യങ്ങളിലൊന്നായിരുന്ന കാളിയമര്‍ദ്ദനം നടന്ന ഇടമാണ് കാളിന്ദിനദി. യമുനയുടെ ഒരു കൈവഴിയായിരുന്നു കാളിന്ദി. വഴിമാറിയൊഴുകി എന്നു വിശ്വസിക്കുന്ന കാളിന്ദിയുടെ ഇപ്പോഴത്തെ സ്ഥിതി ഒരു അഴുക്കുകാനയുടേതിനുസമാനമാണ്. കെട്ടിനിര്‍ത്തി ദുര്‍ഗന്ധം പരത്തുന്ന ഒരു ഓട. ചുവപ്പുകല്ലില്‍ കെട്ടിയ സ്‌നാനഘട്ടം. ചൈതന്യമഹാപ്രഭുവിന്റെ ആശ്രമത്തോടനുബന്ധിച്ചാണ് കാളിന്ദി. ഇതിന്റെ കരയിലായി യുഗങ്ങള്‍ പഴക്കമവകാശപ്പെടുന്ന കടമ്പമരക്കൊമ്പ്. ഇവിടെയിരുന്നിട്ടാണത്രേ, ബാലകൃഷ്ണന്‍, യമുനയില്‍ കുളിച്ചുകൊണ്ടിരുന്ന ഗോപികമാരുടെ വസ്ത്രാപഹരണം നടത്തിയത്. ഇതിന്റെ ഓര്‍മയ്ക്കായിട്ടാണ് ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ ഈ മരക്കൊമ്പില്‍ ഒരു കഷണം പട്ടുതുണി തൂക്കിയിടുന്നത്. പെണ്ണുങ്ങളുടെ തുണിയുരിയുന്നവനോ ഈശ്വരന്‍ എന്ന സംശയത്തിന് ചൈതന്യ മഹാപ്രഭുവിന്റെ വിശദീകരണം ആശ്രമപരിസരത്ത് ആലേഖനം ചെയ്തുവച്ചിരിക്കുന്നു-ഭഗവാനുമുന്നില്‍ വസ്ത്രത്തിന്റെ ആവരണം പോലുമില്ലാതെ നിര്‍മ്മലാവസ്ഥയില്‍ ആരാധിക്കുന്നവളാണ് യഥാര്‍ഥ ഭക്ത. ദൈവമറിയാതെ എന്തു നഗ്നത എന്നതാണ് ഈ കഥയുയര്‍ത്തുന്ന ദാര്‍ശനികത. നാണമെന്നതും നഗ്നതയെന്നതും ഈശ്വരനുമുന്നില്‍ അലിഞ്ഞില്ലാതാവണം. അപ്പോഴേ, ഭക്തി അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി ഒരു വികാരമായിത്തീരുകയുള്ളൂ.
ഇവിടെ അടുത്തു തന്നെയാണ് വിരഹിയാം രാധ കണ്ണനെ കണ്ണുനീര്‍ തോരാതെ അനേകവര്‍ഷം കാത്തിരുന്ന പുളിമരവും. ക്ഷേത്രമുറ്റത്ത്് വളര്‍ന്നു പന്തലിച്ച ഈ മരത്തിന്റെ ചാഞ്ഞ കൊമ്പ് ഒരു ഊഞ്ഞാലു പോലെ അങ്ങനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മൂലവൃക്ഷം എന്നോ നിലംപൊത്തി. ഈ ചില്ലമാത്രം സ്മാരകമാക്കി കാത്തുസൂക്ഷിച്ചിരിക്കുകയാണ്-ഇങ്ങു നെയ്യാറ്റിന്‍കരയില്‍ നമ്മുടെ മാര്‍ത്താണ്ടവര്‍മ്മ ഒളിച്ചിരുന്ന അമ്മച്ചിപഌവിന്റെ പോട് സൂക്ഷിച്ചിരിക്കുന്നതു പോലെ.
2010 ഓഗസ്റ്റിലെ തിരുവോണ ദിവസം ശ്രീകൃഷ്ണജന്മസ്ഥാനത്ത് തീവണ്ടിയിറങ്ങുമ്പോള്‍ മനസ്സിനുള്ളില്‍ ഇവിടത്തെ ഭൂമിശ്ശാസ്ത്രം നന്നായിട്ടറിയാവുന്ന സുഹൃത്തും ചരിത്രകാരനുമായ ഡോ. ടി. ഗീരീഷ് കുമാറിന്റെ മുന്നറിയിപ്പ് നന്നായി ഓര്‍ക്കുന്നുണ്ടായിരുന്നു. ' കാര്യമൊക്കെ ശരി, അവിടത്തെ കുരങ്ങന്മാരെ നന്നായി ശ്രദ്ധിച്ചുകൊള്ളൂ കേട്ടോ. അവന്‍മാര്‍ കില്ലാടികളാണ്. ശരിക്കും പോക്കിരികള്‍. തെമ്മാടിക്കുരങ്ങന്മാര്‍'. ഹിമാലയയാത്രാമധ്യേ തിരുവോണം അവതാരപുരുഷന്റെ ജന്മദേശത്താക്കാന്‍ തീരുമാനിച്ച സംഘത്തിലെ സഹയാത്രികരോട് ഇക്കാര്യം പങ്കുവയ്ക്കുകയായിരുന്നു. കാളിന്ദീമുഖത്തെ യമുനാതീരത്ത്, ഏതോ ഒരു സത്യജിത് റായി സിനിമാദൃശ്യത്തെ അനുസ്മരിപ്പിക്കും വിധം പായ് വഞ്ചികള്‍ വന്നടിയുന്ന കടവില്‍ നിന്ന് പ്രകൃതിയാസ്വദിക്കുമ്പോള്‍ ഒരു നിലവിളി. കൂട്ടത്തിലൊരു അമ്മയുടെ കണ്ണട അതാ വികൃതി കുരങ്ങന്റെ കയ്യില്‍. വഴിയില്‍ നിന്നു ശേഖരിച്ച ആപ്പിളിലൊരെണ്ണം വാത്സല്യത്തോടെ വച്ചു നീട്ടിയ ആയമ്മയുടെ കണ്ണില്‍ നിന്ന് കണ്ണടയും പറിച്ചെടുത്തോടുകയായിരുന്ന വാനരന്‍. ശബ്ദമുണ്ടാക്കി അതു തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ എവിടെനിന്നെന്നറിയില്ല,പഞ്ചസാരയില്‍ ഉറുമ്പുപൊതിയും പോലെ ഒരുപറ്റം കുരങ്ങന്മാര്‍. ഒപ്പം വഴികാട്ടിയുടെ ഉച്ചത്തിലുള്ള ശാസനയും-'എത്രതവണ പറഞ്ഞതാണു ബഹന്‍. ഇവിടെ കുരങ്ങന്മാര്‍ക്ക് യാതൊന്നും കൊടുക്കരുത്. അവരെ നന്നായി സൂക്ഷിക്കുക. കണ്ണട, ബാഗ്, പഴ്‌സ്, മൊബൈല്‍, ക്യാമറ...അരേ ഓ ഭായ്‌സാബ്, ആ തൊപ്പിയൊന്നു തലയില്‍നിന്നുമാറ്റീ. പിന്നീട് കുരങ്ങന്‍ തട്ടിപ്പറിച്ചിട്ട് കുറ്റം പറഞ്ഞിട്ടു കാര്യമില്ല.'
കുരങ്ങന്മാര്‍ക്കിവിടെ സുഖവാസമാണ്. ധാരളം ഭക്ഷണം. ഇഷ്ടം പോലെ വിശ്രമം. കറങ്ങിനടക്കാന്‍ ഇഷ്ടം പോലെ ഇടം. മേഞ്ഞുനടക്കാന്‍ വൃന്ദാവനങ്ങള്‍ യഥേഷ്ടം.
നന്ദനവനം തന്നെ പലതുണ്ട് മഥുരയില്‍. ഇതാണ് യഥാര്‍ഥ വൃന്ദാവനി എന്ന അവകാശവാദത്തോടെ പല പല ആശ്രമങ്ങള്‍ സംരക്ഷിക്കുന്ന കൊച്ചു വൃക്ഷസ്ഥലികള്‍. വൃന്ദാവനമെന്നു കേള്‍ക്കുമ്പോള്‍ പുണ്യപുരാണ സിനിമകളിലും ടിവി പരമ്പരകളിലും കണ്ടുശീലിച്ച കാനനമായിരിക്കും മനസ്സിലെത്തുക. അല്ലെങ്കില്‍ അണക്കെട്ടിനോടനുബന്ധിച്ചു പണിതുയര്‍ത്തിയ ലാല്‍ബാഗുപോലുള്ള ഉദ്യാനഭൂമിക. എന്നാല്‍, രാസലീലയുടെ പുണ്യഭൂമി ഇതൊന്നുമായിരുന്നില്ല. ഒരുതരം വെള്ള മണ്ണുള്ള, അരയാള്‍ പൊക്കത്തിലുള്ള തേയിലച്ചെടിയോടു സാമ്യമുളള കുറ്റിവൃക്ഷങ്ങള്‍ യഥേഷ്ടം വളര്‍ന്നു നില്‍ക്കുന്ന ഒരിടസ്ഥലം. കുറച്ചധികം വ്യാപ്തിയുണ്ട് വൃന്ദാവനിക്ക്. വാനരന്മാരുടെ വിഹാരരംഗവുമാണത്. പരസ്പരം കൊമ്പു കോര്‍ത്തുനില്‍ക്കുന്ന ലഘുവൃക്ഷങ്ങള്‍.വനതുളസിവര്‍ഗത്തില്‍പ്പെട്ടതാണിവയെന്ന് പഴമക്കാരുടെ സാക്ഷ്യം പറയല്‍. അതെന്തായാലും ശരി, ഒരാള്‍പ്പൊക്കം പോലുമില്ലാത്ത ഈ ചെടിമരങ്ങളുടെ നിഴലിടത്തേക്കു കുനിഞ്ഞും നിവര്‍ന്നും കയറിപ്പോയാല്‍ പുറമേ നിന്നൊന്നും ആര്‍ക്കും പരസ്പരം കാണാനാവില്ല മറ്റൊരാളെ. ശരിക്കും രാസകേളിക്ക് ഇണങ്ങുന്ന കേളീരംഗം. വനമധ്യേ ചില ഗേഹങ്ങള്‍ വേറെയും. ബാഗ്ബാരിസ്ഥലം. ഗോപികമാരും രാധയും അണിഞ്ഞൊരുങ്ങി നൃത്തമാടിയിരുന്ന രംഗ് മഹല്‍. ഗോപികമാരുടെയും കണ്ണന്റെയും കേളീഗൃഹം. രാധയുമായി യാദവന്‍ ശൃംഗരിച്ചിരുന്ന രാധാറാണി കാ ശ്രംഗാര്‍ ഘര്‍....
ഇവിടെയെവിടെയെങ്കിലും ഭക്തിപ്രഹര്‍ഷത്തില്‍ കണ്ണൊന്നു തെറ്റിയാല്‍ നിങ്ങളുടെ കയ്യിലെ വസ്തുവകകള്‍ അപ്പാടെ തട്ടിപ്പറിച്ചുകൊണ്ടുപോയിരിക്കും തെമ്മാടിക്കുരങ്ങന്മാര്‍. അത്തരമൊരശ്രദ്ധയാണ് കൂട്ടത്തിലൊരമ്മയുടെ പഴ്‌സ് അപ്പാടെ കുരങ്ങന്റ കയ്യിലായിപ്പെടാനിടയാക്കിയത്. അതിനുള്ളിലുള്ള പണമായിരുന്നില്ല പ്രശ്‌നം, മറിച്ച് അതിനുള്ള ക്രഡിറ്റ് കാര്‍ഡായിരുന്നു. തദ്ദേശവാസികളുമായിച്ചേര്‍ന്ന്ു വൃന്ദാവനമരിച്ചുപെറുക്കിയ അരമണിക്കൂറിനുള്ളില്‍ പഴ്‌സിനുള്ളിലുണ്ടായിരുന്ന ആയിരത്തഞ്ഞൂറു രൂപയോളം പലയിടത്തുനിന്നായി തിരികെ കിട്ടി. പക്ഷേ, ക്രഡിറ്റ് കാര്‍ഡ്. അതിന്റെ കഥ കഴിഞ്ഞിരുന്നു. ലാമിനേഷന്‍ ഒരിടത്ത്. കാര്‍ഡിന്റെ ശേഷിപ്പ് മറ്റൊരിടത്ത്. കുരങ്ങനെ പരിസരത്തെങ്ങും കാണാനുമില്ല. തിരച്ചിലിന് ഒപ്പം കൂടിയ സമീപസ്ഥനായ ഒരു കടയുടമയ്ക്കും സന്യാസിവേഷത്തിലുള്ള താടിക്കാരനും ആയമ്മ വച്ചു നീട്ടിയ 10രൂപ കിട്ടിയപ്പോള്‍ സ്വര്‍ഗം കണ്ട സന്തോഷം. പരിഷ്‌കാരത്തിന്റെ നീരാളഹസ്തങ്ങള്‍ കുറവാണ് ഈ തെരുവുകളില്‍.
ബാലലീലകളുടെ ഭാഗവതത്തില്‍ വിവരിക്കുന്ന ഗോവര്‍ധനഗിരിയുണ്ട് കുറച്ചകലെ. ഏതാനും കിലോമീറ്ററുകള്‍ പോയാല്‍ മതി. ഗോവര്‍ധനശിരസിലുമുണ്ട് ഒരു അമ്പലം. കൊടും മഴയും കാറ്റും വന്നപ്പോള്‍ കാലിക്കൂട്ടത്തിനു നില്‍ക്കാന്‍ ഈ കൊച്ചുപര്‍വതം ചൂണ്ടാണിവിരലില്‍ ഉയര്‍ത്തി കണ്ണന്‍ കുടയാക്കിയെന്നാണ് ഐതീഹ്യം.
ആധുനിക മഥുരാപുരിയിലെ എല്ലാ തെരുവുകളും ചെന്നവസാനിക്കുക ശ്രീകൃഷ്ണ ജന്മസ്ഥലിയിലാണ്. അനന്തപുരി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു ചുറ്റും എന്നപോലെ, ഈ ക്ഷേത്രത്തിനു ചുറ്റുമായാണ് മഥുര പടുത്തുയര്‍ത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുകളില്‍ നിന്നു നോക്കിയാല്‍ നഗരം മുഴുവനും ആകാശക്കാഴ്ചയിലെന്നപോലെ കാണാം. പരിഷ്‌കാരത്തിന്റെ നഗരവല്‍കൃതചിഹ്നങ്ങളെന്നോണം ചില അംബരചുംബികള്‍
ചരിത്രവഴിയിലെ മഥുര
ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നു എന്നു കരുതുന്ന ദ്വാപരയുഗത്തിനും മുമ്പ് ത്രേതായുഗത്തിലാണ് മഥുരാപുരി സ്ഥാപിതമായതെന്നാണ് ഐതീഹ്യം. ലവണാസുരനെ നിഗ്രഹിച്ച രാമസഹോദരനായ ശത്രുഘ്‌നനാണ് മഥുര സ്ഥാപിച്ചതത്രേ. ചരിത്രപഥത്തില്‍ നിരവധി മഹാക്ഷേത്രങ്ങള്‍ക്ക് ആരൂഢമായിട്ടുണ്ട് ഈ പുണ്യസ്ഥലമെന്നാണു ചരിത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പുരാണാനുസാരം, ശ്രീകൃഷ്ണന്റെ പ്രപൗത്രനായ വജ്രനാഭനാണ് ആദ്യമായി ഈ നഗരിയിലൊരു ക്ഷേത്രം പണിതത്. ശോദശ എന്ന സ്ഥലത്തു പിന്നീടെന്നോ വാസു എന്ന പേരുള്ള ഒരാളാണേ്രത ശ്രീകൃഷ്ണന്‍ ജനിച്ചു എന്നു വിശ്വസിക്കുന്നിടത്തെ ക്ഷേത്രം പണിതത്. പിന്നീട് ചന്ദ്രഗുപ്തന്റെ കാലത്ത് എ.ഡി.400 ല്‍ മഥുര വന്‍ പട്ടണമായി വളര്‍ന്നു. ജൈന ബുദ്ധ കാലഘട്ടങ്ങളിലും അതിന്റെ പ്രതാപം നിലനിന്നു. പിന്നീട് പലകാലഘട്ടങ്ങളിലായി അധിനിവേശങ്ങളുടെയും ആധിപത്യങ്ങളുടെയും തലയിലെഴുത്തുകളില്‍ കൃഷ്ണജന്മസ്ഥാനക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു, പലകുറി. ഏറ്റവുമൊടുവില്‍ എ.ഡി 1669ല്‍ ഔറംഗസീബിന്റെ കാലത്തും ക്ഷേത്രം തകര്‍ക്കപ്പെട്ടു. കേശവദേവക്ഷേത്രത്തിന്റെ സ്ഥാനത്ത് മുസ്‌ളിം ആരാധനാലയം നിര്‍മ്മിക്കപ്പെട്ടു.
പിന്നീട് ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണകാലത്ത് ക്ഷേത്രമിരുന്ന സ്ഥലം ബനാറസ് രാജാവ് സ്വന്തമാക്കി. രാജാവില്‍ നിന്ന് ഇതു വാങ്ങിയ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ അവസാന ആഗ്രഹം നിവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജുഗല്‍ കിഷോര്‍ ബിര്‍ള ഇവിടെ പുതുതായി ശ്രീകൃഷ്ണ ക്ഷേത്രം പണിതുയര്‍ത്തിയത്.ജയദയാല്‍ ഡാല്‍മിയ പിന്നീട് അതിന് പല അനുബന്ധങ്ങളും പണിത് കൂടുതല്‍ മനോഹരമാക്കുകയായിരുന്നു. ഇത്രയും ക്ഷേത്രചരിത്രം.
രാമജന്മഭൂമി പോലെ ഒരു തര്‍ക്കപ്രദേശമായിരുന്നു കേശവദേവക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ സ്ഥലവും.കംസന്റെ കാരാഗൃഹത്തിലായിരുന്നല്ലോ ദേവകി കൃഷ്ണനെ പ്രസവിച്ചതത്. ഈ കാരാഗൃഹം നിലനിന്നു എന്നു വിശ്വസിക്കുന്ന ഇടത്താണ് കേശവദേവക്ഷേത്രം. എന്നാല്‍ മുഗളന്മാരുടെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രസമുച്ചയത്തിനേക്കാള്‍ ഒരളവു മുകളിലായി അവര്‍ പള്ളി പണിതു. പള്ളിയുടെ താഴികക്കൂടത്തിന് ഏതാണ്ടു താഴെയായിവരും കണ്ണന്‍ പിറന്നുവീണു എന്നു കരുതുന്ന നിലവറ. രാഷ്ട്രീയമായ നീക്കുപോക്കുകള്‍ക്കൊടുവില്‍ ഇപ്പോള്‍ പള്ളിയോടു ചേര്‍ന്നുള്ള ഈ ഇടം ക്ഷേത്രത്തിന്റെ വകയാണ്. പള്ളിയുടെയും ക്ഷേത്രത്തിന്റെയും ചുവരുകള്‍ ഒന്നായപോലെ...ക്ഷേത്രമുറ്റത്തുനിന്നു നോക്കിയാല്‍ അപ്പുറം ദര്‍ഗ്ഗ. കമ്പിമുള്‍വേലികൊണ്ടു തിരിച്ച അതിരുകളില്‍ 24 മണിക്കൂറും സായുധസേനയുടെ കാവല്‍. ക്ഷേത്രമുറ്റത്തും അവിടവിടെയായി കിളിവാതില്‍ മാത്രമുള്ള കാവല്‍മാടങ്ങളില്‍ സ്റ്റെന്‍ ഗണ്ണുമായി പട്ടാളക്കാര്‍.
ക്ഷേത്രത്തില്‍ കയറിപ്പറ്റാന്‍ തന്നെവേണം ഏറെ പ്രയാസം. പണസഞ്ചി പോലും അകത്തേക്കു കൊണ്ടുപോകാനാവില്ല. പിന്നല്ലേ ക്യാമറ. മൊബൈല്‍ ഫോണും മറ്റെല്ലാ അനുബന്ധങ്ങളും പ്രാരാബ്ധളുടെ ഭാണ്ഡമെന്നോണം, കാവല്‍പ്പുരയിലുപേക്ഷിച്ചെങ്കിലേ ക്ഷേത്രത്തില്‍ പ്രവേശനം സാധ്യമാവൂ. കടുത്ത സുരക്ഷാപരിശോധനയാണിവിടെ. മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ടുമാത്രമല്ല ഒരു കരിമ്പൂച്ചയുടെ കൈകൊണ്ടുള്ള ശരീരമുഴിച്ചിലും കഴിഞ്ഞാലെ നമ്മെ ക്ഷേത്രമുറ്റത്തേക്കുപോലും കയറ്റിവിടൂ. ഭടന്മാരുടെ സാന്നിദ്ധ്യം കൊണ്ട് യുദ്ധമുന്നണിയുടെ പ്രതീതിയുളവാക്കുന്ന ക്ഷേത്രസമുചയം. അതാണ് കേശവദേവക്ഷേത്രം.
പക്ഷേ, ഗര്‍ഭഗൃഹം ശാന്തമാണ്. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലെ ധ്യാനസ്ഥലിയിലെന്നോണം ശാന്തം. ശബ്ദം നാമജപത്തിനു മാത്രം. മണിയൊച്ചയല്ലാതൊരൊച്ചയുമില്ല. മാര്‍ബിള്‍ പതിപ്പിച്ച നിലത്ത് എത്ര വേണെങ്കിലും ഇരിക്കാന്‍ തോന്നും. നടകളില്‍ നെടുകെ വിരിച്ചിട്ട തിരശ്ശീലയുടെ മറ മാത്രം. അതകലുമ്പോള്‍, വെണ്ണക്കല്ലില്‍ മനുഷ്യാകാരത്തില്‍ നിര്‍മ്മക്കപ്പെട്ട ദേവീദേവ ശില്‍പങ്ങള്‍. ചൈതന്യം തുളുമ്പുന്ന രൂപങ്ങള്‍ക്ക്് ദക്ഷിണേന്ത്യന്‍ ദേവവിഗ്രഹങ്ങളോടല്ല ചാര്‍ച്ച. ആള്‍പ്പൊക്കമുള്ള ദേവതാരൂപങ്ങളെ യഥാര്‍ഥ ആടയാഭരണങ്ങളണിയിച്ച് സുന്ദരമാക്കിയിരിക്കുന്നു. തൊഴുതുകഴിയുമ്പോള്‍ പ്രസാദം. തൊടാനുള്ള പ്രസാദത്തോടല്ല ഉത്തരേന്ത്യയില്‍ പഥ്യം. കല്‍ക്കണ്ടമിഠായിയും മലരും ചേര്‍ന്നു കഴിക്കാനുള്ള പ്രസാദമാണ് എവിടെയും നല്‍കുക.
ജന്മസ്ഥാനത്ത് താഴികക്കുടത്തിനു കീഴെ ഇടുങ്ങിയ ഒരു ഇടസ്ഥലം. വൈദ്യുത പ്രകാശം കൊണ്ടും വായു കടത്തിവിട്ടുകൊണ്ടുള്ള എയര്‍ കൂളിംഗ്് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടിവിടെ. അല്ലെങ്കില്‍ തിര്‌ക്കേറുമ്പോള്‍ ചിലപ്പോള്‍ ശ്വാസം മുട്ടാം. അരണ്ട പ്രകാശത്താല്‍ അലംകൃതമായൊരു കൊച്ചു തടവറ. ചുറ്റും താഴികക്കുടത്തിന്റെ ചുവരുകള്‍ സചിത്രമായി ആലേഖനം ചെയ്ത കൃഷ്ണഗാഥ. ഇവിടെയാണ് ദേവകി കണ്ണനെ പത്തുമാസം ചുവന്നു പ്രസവിച്ചത്. ഈ തറയിലേക്കാണ് കണ്ണന്‍ പിറന്നുവീണുരുണ്ടത്.ഇവിടെ നിന്നാണ്് ഏഴാമത്തെ കുഞ്ഞ് പിടഞ്ഞെഴുന്നേറ്റ് കന്യാകുമാരിയായി ശക്തിപ്രാപിച്ചത്...ഇതെല്ലാം മഹാഭാഗവതത്തിന്റെ ഐതീഹ്യപ്പഴമ.
തിരുവോണവും മാവേലിയുമെല്ലാം വാമനനുമെല്ലാം മഹാഭാഗവതത്തിലെ ദശാവതാരകഥയിലുണ്ടെങ്കിലും ശ്രീകൃഷ്ണന്റെ മഥുരാപുരിയില്‍ അതിന്റെ അലയൊലികളൊന്നുമില്ല. അവിടം മായക്കണ്ണന്റെ ദിവ്യപ്രാസാദത്താല്‍ ധന്യമായിരിക്കുന്നു. അവന്റെ ഓടക്കുഴല്‍വിളി കേള്‍ക്കാനെന്നോണം നിത്യവും ഭക്തസഹസ്രങ്ങള്‍ ഇവിടേക്ക് തീര്‍ഥമായൊഴുകിയണയുന്നു. കാര്‍മുകില്‍വര്‍ണനെ കണ്ടു വണങ്ങി പുണ്യം നേടുന്നു. ഇതൊരുപക്ഷേ ഒരായുഷ്‌കാല നിയോഗമായിരിക്കാം. യാദവശ്രേഷ്ഠനെ, അവന്റെ ജന്മസന്നിദ്ധിയില്‍ത്തന്നെ വന്നു കൈവണങ്ങാനുള്ള ഭാഗ്യം ജന്മപുണ്യമാവണം. ഒപ്പമുള്ള അമ്മമാര്‍, ആത്മനിര്‍വൃതിയില്‍ ഗോപികമാരായി കണ്ണനു മുന്നില്‍ ആത്മാവര്‍പ്പിക്കുന്നു. പുറത്ത്, കുരങ്ങന്മാര്‍ അപ്പോഴും കലപിലകൂട്ടുന്നുണ്ടായിരുന്നു. കൂട്ടം തെറ്റുന്ന പിള്ളക്കുരങ്ങനെ മാടിയൊതുക്കി മുലകൊടുത്തു തൂക്കിക്കൊണ്ടു പോകുന്ന തള്ളക്കുരങ്ങത്തികള്‍. എല്ലാം കണ്ണന്റെ വികൃതികള്‍, അല്ലാതെന്ത്?

No comments: