Monday, August 29, 2011

ഓര്‍മ്മകളുണ്ടായിരിക്കണം


പറയുന്നതു മുഴുവന്‍ സത്യമായിരിക്കണം, എന്നാല്‍ സത്യം മുഴുവനും പറയണമെന്നില്ല. ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതിക മുദ്രാവാക്യം തന്നെ ഇതാണ്. എന്നാല്‍ പലപ്പോഴും, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരുടെ ജനുസ്സിലെ പിന്നോക്കവിഭാഗത്തിലേക്കായി അരികുവല്‍ക്കരിക്കപ്പെട്ടിട്ടുള്ള വിനോദപത്രപ്രവര്‍ത്തനത്തിലും വസ്തുതകളെ ഒഴിവാക്കുകയോ, ഒളിച്ചുവയ്ക്കുകയോ ചെയ്യുന്നത് പതിവാണ്. ഇത്രവളരെ എക്‌സ്‌ക്ലൂസീവായിട്ടെന്താണ്, ഒരു നായകന്റെയോ നായികയുടെയോ അന്തഃപ്പുരരഹസ്യത്തിലുള്ളത് എന്നോ മറ്റോ ഉള്ള ഒരുഴപ്പാണ് സമൂഹത്തിന്റെ ഈ ലുക്കിംഗ് ഡൗണ്‍ മനസ്ഥിതിയ്ക്കു പിന്നിലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റ് ജേണലിസത്തിലാണെങ്കിലും, ബോളിവുഡ്ഡിന്റെ ഭാഷയില്‍, പേജ് ത്രീ ജേണലിസത്തിലായായും (നാടന്‍ ഭാഷയില്‍ പൊങ്ങച്ച പത്രപ്രവര്‍ത്തനം എന്നു പരിഭാഷ) ശരി, തീയില്ലാത്ത പുക നിലനില്‍ക്കുന്നതല്ലെന്ന് അതു ചെയ്യുന്നവര്‍ക്കും അതുകൊണ്ട് ചൊറിയുന്നവര്‍ക്കും നന്നായിട്ടറിയാവുന്നതാണ്. പക്ഷേ, പലപ്പോഴും, വിനോദമേഖലയിലെ മാധ്യമപ്രവര്‍ത്തനം അതിരുകവിഞ്ഞ മുഖസ്തുതികളായും, അപദാനവാഴ്ത്തായും പ്രചാരവേലയോളം തരംതാഴാറുണ്ട്. അതിനിടെ, വസ്തുതകള്‍ പലപ്പോഴും വളച്ചൊടിക്കുകയും, ഒരുപരിധി വരെ, അതു വ്യക്തിയുടെ യഥാര്‍ഥ വ്യക്തിത്വത്തെത്തന്നെ മാറ്റിമറിച്ചുകളയുകയും ചെയ്യും. അങ്ങനെ താരത്തിന്റെ പൂര്‍വാശ്രമം, ചിലപ്പോള്‍ ഋഷികളുടെയും മറ്റും പൂര്‍വാശ്രമങ്ങള്‍ പോലെ വിസ്മരിക്കപ്പെടുകയോ, മഹത്വവല്‍ക്കരിക്കപ്പെടുകയോ ചെയ്യും. പൊള്ളയായ പ്രതിഛായയ്ക്കുമുകളില്‍, ഒരു ജീവിതം മറ്റൊരു ജീവിതമായി പുനരവതരിപ്പിക്കപ്പെടും. അവതാരം മറ്റൊരവതാരമായി ചരിത്രത്തിലിടം നേടുകയും ചെയ്യും. പച്ചയ്ക്കു പറഞ്ഞാല്‍, താരപ്രഭാവത്തോടെ, താരത്തിന്റെ മുന്‍കാലജീവിതമപ്പാടെ വെളളപൂശി വിശുദ്ധമാക്കപ്പെടുമെന്നു സാരം.
ഇത്രയൊക്കെ പറഞ്ഞുവന്നത് എന്തോ മഹദ് തത്വം സ്ഥാപിച്ചെടുക്കാനാണെന്നു കരുതിയെങ്കില്‍ തെറ്റി. ചലച്ചിത്ര പത്രപ്രവര്‍ത്തകര്‍ക്ക്, വിശേഷിച്ചും മലയാളത്തിലെ സിനിമാ ജേര്‍ണലിസ്റ്റുകള്‍ക്ക് അറിവില്ലായ്മ കൊണ്ടും, ചിലപ്പോഴെങ്കിലും അറിയാമായിരുന്നിട്ടും അറിയില്ലെന്നു വയ്ക്കുന്നതുകൊണ്ടും പറ്റിപ്പോകുന്ന ചില നോട്ടപ്പിശകുകളെപ്പറ്റി പറയുന്നതിനിടയ്ക്ക് ചിന്ത അല്‍പം കാടുകയറിയെന്നേയുള്ളൂ. പറഞ്ഞുവന്നത്, സ്ഥിരമായി, നമ്മുടെ സിനിമാ പത്രങ്ങളും, മുഖ്യധാരാ പത്രങ്ങളിലെ സിനിമാ പംക്തികളിലും, സിനിമാധിഷ്ഠിത ടിവി പരിപാടികളിലുമെല്ലാം ആവര്‍ത്തിക്കപ്പെടുന്ന ചില പ്രയോഗങ്ങളെക്കുറിച്ചാണ്.
ദേശീയ അവാര്‍ഡ് നേടിയ നടന്മാരെ എല്ലാം ഇപ്പോഴും ഭരത് ശീര്‍ഷകം ചേര്‍ത്താണ് നാം പ്രയോഗിക്കാറ്. അതുപ്രകാരം മമ്മൂട്ടി മുതല്‍ സലീം കുമാര്‍ വരെ ഇപ്പോള്‍ ഭരത് മമ്മുട്ടിയും ഭരത് സലീം കുമാറുമാണ്. പത്മ പട്ടം കൂടി വന്നടിയുന്നതോടെ സംഗതി പത്മശ്രീ ഭരത്.... ആയി മാറുകയായി. എന്നാല്‍ ഇങ്ങനെ രാജരാജശ്രീ, വീരമാര്‍ത്താണ്ഡ...ശൈലിയില്‍ പട്ടം താരശിരസ്സില്‍ വച്ചു താങ്ങുന്നവരോ, അങ്ങനെയുള്ള സംബോധന ഏറ്റുവാങ്ങുവരോ, അറിയാതെപോവുന്നതോ അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുന്നതോ ആയ സത്യമൊന്നു വേറെയാണ്.
ആ സത്യം ഇതാകുന്നു
രാജ്യത്തെ മികച്ച സിനിമാ നടനും നടിക്കും മുമ്പു നല്‍കുന്ന ദേശിയ ബഹുമതിയുടെ ശീര്‍ഷകം ഭരത് അവാര്‍ഡ് ഫോര്‍ ദ ബെസ്റ്റ് ആകടര്‍ എന്നും ഉര്‍വശി അവാര്‍ഡ് ഫോര്‍ ദ് ബസ്റ്റ് ആക്ട്രസ് എന്നുമായിരുന്നു. അര്‍ജുന അവാര്‍ഡ് എന്നെല്ലാം പറയുന്നതു പോലെ. എന്നാല്‍ ഭരത് ഗോപിക്ക് കൊടിയേറ്റത്തിന് അവാര്‍ഡ് കിട്ടിയ വര്‍ഷം, 1977 ല്‍, പ്രസ്തുത ശീര്‍ഷകങ്ങള്‍ നിര്‍ത്തലാക്കി. പിന്നീടിന്നോളം നാഷനല്‍ അവാര്‍ഡ് ഫോര്‍ ദ് ബസ്റ്റ് ആകടര്‍, നാഷനല്‍ അവാര്‍ഡ് ഫോര്‍ ദ് ബസ്റ്റ് ആക്ട്രസ് എന്നിങ്ങനെ മാത്രമേ ഈ ബഹുമതികളെ സര്‍ക്കാര്‍ വിശേഷിപ്പിക്കാറുള്ളൂ. ഇക്കാര്യം 10 രൂപ കോര്‍ട്ടി ഫീ സ്റ്റാമ്പൊട്ടിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്ന ആര്‍ക്കും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്നു ലഭ്യമാകുന്നതേയുളളൂ.
അവസാനത്തെ ഭരത് തനിക്കു ലഭിച്ചതിന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയാണ് അതുല്യ പ്രതിഭയായിരുന്ന ചിറയിങ്കീഴുകാരന്‍ ഗോപിനാഥന്‍ നായര്‍ എന്ന ഗോപി തന്റെ പേര് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് ഭരത് ഗോപി എന്നാക്കി മാറ്റിയത്. ഇതാണു സത്യമെങ്കില്‍ ഭരത് മോഹന്‍ലാല്‍, ഭരത് ബാലചന്ദ്രമേനോന്‍, ഭരത് സുരേഷ് ഗോപി എന്നൊന്നും വിശേഷിപ്പിക്കുന്നതു നിയമപരമായിപ്പോലും ശരിയല്ല. അതിന്റെ നൈതികത വേറെ. പക്ഷേ, മലയാളത്തിലെ ആധികാരികതയ്ക്കു പേരുകേട്ട ഒരു സാഹിത്യപ്രസിദ്ധീകരണത്തില്‍, മരിക്കും മുമ്പേ നടന്‍ മുരളി എഴുതിയ കനപ്പെട്ട ഒരു പഠനത്തിന് സ്രഷ്ടാവിന്റെ പേരായി നല്‍കിയിരുന്നത് ഭരത് മുരളി എന്നാണ്. അതിന്റെ പത്രാധിപര്‍, ലബ്ധപ്രതിഷ്ഠനായ സാഹിത്യനിരൂപകനോട് ഇക്കാര്യം വസ്തുതകളടക്കം ചൂണ്ടിക്കാട്ടിയപ്പോള്‍ കിട്ടിയ ഒറ്റവരി മറുപിടി ഇപ്രകാരം: എന്തു ചെയ്യാം പേര് അങ്ങനെ തന്നെ വേണമെന്ന് അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷയായിരുന്നു! അതുപിന്നെ പോകട്ടെ എന്നു വയ്ക്കാം. മുരളിയുടെ തൂലികാനാമമായിക്കോട്ടെ, ഭരത് മുരളി. പക്ഷേ, മറ്റുള്ളവരുടെ കാര്യമോ? ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടത്, മലയാളം തിരൈപ്പട എഴുത്താളര്‍കള്‍ അഥവാ മലയാളം ഫിലിം ജേര്‍ണലിസ്റ്റുകള്‍ അല്ലവാ?
ഇനി ചില വസ്തുതകള്‍ കരണം മറിയുന്നതിനു പിന്നിലും മലയാള ചലച്ചിത്ര മാധ്യമപ്രവര്‍ത്തകരുടെ പടവാളുകള്‍ തന്നെയാണെന്നു കാണാം. രണ്ടാഴ്ചയേ ആയിട്ടൂള്ളൂ, പത്രത്തിലും സിനിമാ പ്രസിദ്ധീകരണങ്ങളിലും ഒരു വെളിപ്പെടുത്തലുണ്ടായിട്ട്. സംവിധായകന്‍ ശ്യാമപ്രസാദും ദിലീപും ഇതാദ്യമായി ഒന്നിക്കുന്നു.അതിനിപ്പോ എന്താ, അവര്‍ തമ്മില്‍ ഒന്നിച്ചുകൂടേ എന്നാണു സംശയമെങ്കില്‍, അങ്ങനെ സംശയിക്കുന്നവരോട് എനിക്കു പറയാനുള്ളത് ഇത്രമാത്രം. അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ, ശ്യാമപ്രസാദ് ആദ്യമായി സംവിധാനം ചെയ്ത, എസ്.എല്‍.പുരം സദാനന്ദന്റെ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ വിജയശാന്തിയുടെ സഹോദരനായി, ഇടയ്്ക്ക് ഒരു അപകടത്തില്‍ മരിക്കുന്ന ഉപനായകനായി അഭിനയിച്ചത് ആരായിരുന്നു? സുരേഷ്‌ഗോപി നായകനായ ആ സിനിമ കണ്ടവര്‍ക്കോ, ഡിവിഡിയോ സിഡിയോ ലഭ്യമാണെങ്കില്‍ സംഘടിപ്പിച്ചു കാണാവുന്നവര്‍ക്കോ വ്യക്തമായി മനസ്സിലാവും അതു ദിലീപായിരുന്നുവല്ലോ എന്ന്!. അപ്പോള്‍ പിന്നെ, ഒരിക്കല്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച നടനും സംവിധായകനും വീണ്ടും ഒന്നിക്കുന്നതെപ്പടി? സിനിമയല്ലേ ഇതും ഇതിലധികവും നടക്കും എന്ന സ്ഥിരം മറുപടിയില്‍ തലപൂഴ്ത്തുന്നതു ശരിയല്ല. കാരണം, എനിക്കറിയാം. ശ്യാം ഒരിക്കലും ഇങ്ങനെ ഒരവകാശവാദം ഉന്നയിക്കില്ല. ദിലീപിനും വേണ്ട, ഇന്നത്തെ അവസ്ഥയില്‍ ഇങ്ങനെ ഒരവകാശവാദത്തിന്റെ പിന്‍ബലം. അപ്പോള്‍പ്പിന്നെ ഇരുവരെയും തൃപ്തിപ്പെടുത്താനുള്ള പി.ആര്‍.ഒയുടെ കൗശലമാകാനേ തരമുള്ളൂ ഈ വാര്‍ത്തിയിലെ ഒന്നിക്കല്‍!
ടിപ്പണി: ശ്യാമപ്രസാദിന്റെ ആദ്യചിത്രത്തെപ്പറ്റി സൂചിപ്പിക്കേണ്ടിവന്നപ്പോള്‍ ആനുഷംഗികമായി ഓര്‍മ്മയിലെത്തിയതാണ് മറ്റു ചില സംവിധായകകേസരികളുടെ അനാഥമാക്കപ്പെട്ട ആദ്യസിനിമകളുടെ പിതൃത്വം. മലയാള സിനിമയില്‍ കലാപത്തിന്റെ വിപഌവശബ്ദമായി ഞെളിഞ്ഞു നില്‍ക്കുന്ന സംവിധായകനാണല്ലോ വിനയന്‍. ആലിലക്കുരുവികള്‍ എന്ന നിര്‍മ്മാണസംരംഭം കഴിഞ്ഞ തന്റെ ആദ്യസിനിമയായ സുപ്പര്‍സ്റ്റാറിലൂടെ തന്നെ മോഹന്‍ലാലിന്റെ താരാധിപത്യത്തെ ചോദ്യം ചെയ്ത് മദന്‍ലാല്‍ എന്ന നാടകനടനെ അവതരിപ്പിച്ചതിനെപ്പറ്റി ഈ അടുത്തിടെയും അദ്ദേഹം ഒരു മാസികയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പക്ഷേ, ഓര്‍മ്മക്കുറവുകൊണ്ടാവും, അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ആയിരം ചിറകുള്ള മോഹം എന്ന സിനിമയുടെ കാര്യം ഒരിടത്തൊന്നു സൂചിപ്പിക്കുക പോലും ചെയ്തു കാണുന്നില്ല. സുകുമാരനും ജയലളിതയും (അതേ ജയദേവന്‍ സിനിമകളിലൂടെ ഒരു തലമുറയുടെ ഉറക്കം കെടുത്തിയ രതിറാണി, 'ഉപ്പ്' ജയലളിത തന്നെ!) നായികാനായകന്മാരും, അക്കാലത്ത് യുവതാരങ്ങളായിരുന്ന ഹരീഷും സിന്ധുജയും (ഇതു നമ്മ ആള്‍, കാവടിയാട്ടം ഫെയിം) ഉപതാരങ്ങളുമായ സിനിമ. ആള്‍ദൈവത്തെ കളിയാക്കിയ സിനിമയായിരുന്നു അത്. അതില്‍ ജയലളിതയുടെ നഗ്നത സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അനാവരണം ചെയ്തിരുന്നു. ഹരീഷിന്റെയും സിന്ധുജയുടെയും കിടപ്പറരംഗങ്ങള്‍ ഇന്നും യുടൂബില്‍ കാണണം. ഒരുപക്ഷേ, വിനയന്റെ ഓര്‍മ്മപ്പിശകിനു പിന്നില്‍ ഇതെല്ലാം തന്നെയായിരിക്കില്ലേ കാരണം.
അപ്പോഴാണ് ഓര്‍മ്മ വരുന്നത്. തുളസീദാസിന്റെയും പി.ചന്ദ്രകുമാറിന്റെയും കാര്യം. കാര്യമിതൊക്കെയാണെങ്കിലും, തങ്ങളുടെ ഫിലിമോഗ്രഫിയില്‍ നിന്ന് ലയനത്തെയും രതിലയത്തെയും ഒഴിച്ചുനിര്‍ത്താന്‍ ഈ രണ്ടു സംവിധായകരും ഒരിക്കല്‍ പോലും തയാറായിട്ടില്ല. ഓര്‍മ്മകള്‍ മരിക്കുമോ? അല്ലെങ്കില്‍ ഓര്‍മകള്‍ക്കെന്തു സുഗന്ധം അല്ലേ?

Sunday, August 28, 2011

വെണ്‍ശംഖുപോല്‍ തെളിവായ ചില കാര്യങ്ങള്‍

ശോക് ആര്‍. നാഥിന്റെ ഏറ്റവും പുതിയ സിനിമയായ വെണ്‍ശംഖുപോലിനെ എന്തു വിശേഷിപ്പിക്കണം. രണ്ടു രണ്ടര മണിക്കൂര്‍ കണ്ട സിനിമയ്ക്ക് പ്രേക്ഷകന്റെ ഭാഗത്തു നിന്നൊരു വണ്‍ലൈന്‍. ഭരതത്തിന്റെ രേതസ്സില്‍ സുകൃതത്തിന്റെ ബീജം വീണുണ്ടായ കേക്കില്‍, ജയരാജിന്റെ സുരേഷ് ഗോപി ചിത്രം തന്നെയായ അത്ഭുതത്തിന്റെ ഐസിങ് ചാലിച്ചാലെന്തോ, അത്.
മിഴികള്‍ സാക്ഷി എന്ന ഭേദപ്പെട്ട സിനിമയെടുത്ത രചയിതാക്കളാണ് അനില്‍ മുഖത്തല-അശോക് ആര്‍ നാഥ് സഖ്യം. അവരുടെ ഉദ്യമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. കാരണം, ഒതുക്കത്തില്‍ ഒരു കഥ, സാമാന്യം ഭേദപ്പെട്ട നിലയ്ക്കു തന്നെ അവര്‍ സെല്ലുലോയ്ഡിലാക്കിയിട്ടുണ്ട്. ഒരേ കഥ തന്നെ പലവട്ടം പലമാതിരി സിനിമയായിട്ടുള്ളതുകൊണ്ടും, അവയ്‌ക്കൊന്നും പാരസ്പര്യം തോന്നിയിട്ടില്ലാത്തതുകൊണ്ടും പ്രമേയപരമായ സാദൃശ്യം കുറ്റമായി പറയാനുമാവില്ല. അങ്ങനെ പറയാമായിരുന്നെങ്കില്‍, അരവിന്ദന്റെ മാറാട്ടവും ഷാജിയുടെ വാനപ്രസ്ഥവും, എം.ടി-ഹരിഹരന്റെ പരിണയവും അത്തരമൊരാരോപണം നേരിടേണ്ടിവന്നേനെ. മാടമ്പിന്റെ ഭ്രഷ്ട് അപ്പോള്‍ ഇവയുടെയെല്ലാം മാതാവായി അവതരിക്കുന്നതും കാണേണ്ടിവന്നേനെ. പക്ഷേ, അവര്‍ ആശയചോരണത്തിന്റെ ആരോപണശരങ്ങളില്‍ നിന്നു മാറി നടന്നത്, ആവിഷ്‌കാരത്തിലെ നവീനത്വം കൊണ്ടാണ്. ഒരേ വിഷയത്തെ പല വീക്ഷണകോണത്തിലൂടെ സമീപിക്കുമ്പോഴുണ്ടാവുന്ന വൈവിദ്ധ്യമാണ് ഈ ചിത്രങ്ങള്‍ അനുവാചകനു സമ്മാനിച്ചത്.
വെണ്‍ശംഖുപോല്‍ തോല്‍ക്കുന്നുണ്ടെങ്കില്‍ അതിവിടെയാണ്. പ്രമേയപരമായ സാദൃശ്യത്തെ, ആവിഷ്‌കാരത്തിലെ നൂതനത്വം കൊണ്ടു മറികടക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കു സാധിക്കാതെ വരുന്നു. രണ്ടരമണിക്കൂറില്‍ കാണിച്ച പലതും ഒന്നരമണിക്കൂറിലേക്കു ചുരുക്കിയിരുന്നെങ്കില്‍ എന്നു പ്രേക്ഷകന്‍ ആശിച്ചുപോകുന്നത്ര വൈരസ്യമായിരുന്നു ആദ്യമായി ഒഴിവാക്കേണ്ടിയിരുന്നത്. കൂടുതല്‍ പ്രേക്ഷകരെ ആണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇത്തരമൊരു ട്രിമ്മിംഗ് അത്യന്താപേക്ഷിതമായിരുന്നു. എന്തു കാണിക്കണം എന്നതിനേക്കാളേറെ പ്രധാനമാണല്ലോ എന്തു കാണിക്കരുത് എന്നുള്ളത്.
കരയിക്കുന്ന ഒട്ടേറെ നിമിഷങ്ങളുള്ള സിനിമയാണ് വെണ്‍ശംഖുപോല്‍. പക്ഷേ, ആ കരച്ചിലിനെ കടഞ്ഞെടുക്കുന്നതിനുമപ്പുറം ഇഴയുന്ന സനിമയായി മാറി. അതിനാടകീയതയുടെ സ്പര്‍ശം അതിന്റെ സിനിമാറ്റിക് സ്വഭാവത്തെയാണ് കാര്‍ന്നെടുത്തത്.
അന്തരിച്ച മുരളിക്ക് മിമിക്രിക്കാര്‍ക്കു പകരം നടന്‍ ശിവജി ഗുരുവായൂരിന്റെ ശബ്ദം വിളക്കിച്ചേര്‍ത്ത വിവേകം സിനിമയുടെ മൊത്തം ടെംപോയിലും സീന്‍ ഡിവിഷനിലും എഡിറ്റിംഗിലും കൂടി പുലര്‍ത്തിയിരുന്നെങ്കില്‍....?