ചില ജ്യൂറി അംഗങ്ങളുടെ രാജിയ്ക്കും അക്കാദമി അധ്യക്ഷന്റെയും ഉപാധ്യക്ഷന്റെ തന്നെ രാജിയ്ക്കും ഒടുവില്‍ സിനിമാക്കാരനായ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ കേരളത്തിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രത്യക്ഷത്തില്‍ അക്ഷേപമൊന്നും കണ്ടെത്താനാവാത്ത അവാര്‍ഡ് നിര്‍ണയം. ബുദ്ധദേവ് കാര്യങ്ങള്‍ ബുദ്ധിപൂര്‍വം നീക്കി എന്നു തന്നെ കരുതണം. പക്ഷേ ജൂറിയുടെ ശുപാര്‍ശകളിലൊന്നാണ്, സാധാരണ ചലച്ചിത്രാസ്വാദകന്‍ എന്ന നിലയില്‍ എന്നെ അമ്പരപ്പിക്കുന്നു. അത് ഡബ്ബിംഗിനെപ്പറ്റിയുള്ള ജൂറിയുടെ ഒരു പരാമര്‍ശമാണ്.
സ്വന്തം ശബ്ദത്തിലല്ലാതെ, കടം കൊണ്ട ശബ്ദത്തില്‍ ഡബ്ബുചെയ്ത് അഭിനയിക്കുന്നവരെ ഇനി മികച്ച അഭിനേതാക്കള്‍ക്കുള്ള അവാര്‍ഡിനു പരിഗണിക്കരുത് എന്നാണ് ജൂറിയുടെ ശുപാര്‍ശ. തീര്‍ച്ചയായും കാമ്പുള്ള നിരീക്ഷണം തന്നെയാണിത്. ലോകത്ത് മറ്റൊരു രാജ്യത്തും കേട്ടുകേള്‍വിയില്ലാത്ത സമ്പ്രദായം. ആംഗികം മാത്രമല്ല, വാചികം കൂടിയാകുമ്പോഴേ നടനം പൂര്‍ണമാവൂ എന്നു വിധിക്കാത്ത നാട്യശാസ്ത്രങ്ങളുമില്ല. എന്നിരിക്കിലും, മലയാളത്തില്‍ മാത്രം ഡബ്ബു ചെയ്ത ശബ്ദത്തോടെ ശാരദ മുതല്‍ പ്രിയാമണി വരെ അവാര്‍ഡുകള്‍ നേടി. എന്തിന്, ഒടുവില്‍ മികച്ച ഡബ്ബിംഗിനായിത്തന്നെ ഒരു വിഭാഗം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. എലിയെ ചുടാന്‍ ഇല്ലം തന്നെ ചുടണം!
ശബ്ദദാനം കലയാണോ അല്ലെയോ എന്നുള്ള വാദം അവിടെ നില്‍ക്കട്ടെ. പണ്ട്, സ്വയം ഡബ്ബു ചെയ്യുന്ന നടിക്കു തന്നെ അവാര്‍ഡ് നല്‍കണമെന്നൊന്നു പറഞ്ഞുപോയ ജൂറിയംഗമായിരുന്ന, സ്വന്തം ശബ്ദത്തില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടി ജയഭാരതിക്കു നേരിടേണ്ടിവന്ന എതിര്‍പ്പിന്റെ ശക്തി ജയഭാരതി മറന്നാലും, അതുന്നയിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാരായ ആനന്ദവല്ലിയും ഭാഗ്യലക്ഷ്മിയുമൊന്നും മറന്നിരിക്കില്ല, തീര്‍ച്ച. ബുദ്ധദേവ് ദാസ്ഗുപ്ത ജൂറിയുടെ നിരീക്ഷണശുപാര്‍ശയുടെ പേരില്‍ ഇവര്‍ക്കൊക്കെ എന്താവുമോ പറയാനുള്ളത്? സത്യത്തില്‍ എന്താണ് ജൂറി പറഞ്ഞുവച്ചത്, അതിന്റെ ആഴമെന്ത് എന്ന് അവര്‍ ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയം.
ഡബ്ബ് ചെയ്ത അഭിനേതാവിനെ പരിഗണിക്കാതെ വന്നാല്‍ പിന്നെ ഡബ്ബിംഗിന് എങ്ങനെ അവാര്‍ഡ് കൊടുക്കും? മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കാവ്യാമാധവന്, നല്ല നടിക്കുള്ള അവാര്‍ഡിനു പരിഗണിക്കപ്പെടാന്‍ ശ്രീജയുടെയോ ഭാഗ്യലക്ഷ്മിയുടെയോ ശബ്ദമാണു പാര എന്നു വന്നാല്‍ കാവ്യ എന്തു ചെയ്യും- മത്സരിക്കില്ലെന്നു വയ്ക്കുമോ, ശബ്ദം കടമെടുക്കേണ്ട എന്നു വയ്ക്കുമോ? മോശമാണെങ്കിലും സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കാനാവില്ലേ അഭിനേതാവിന്റെ ശ്രമം. അന്യഭാഷാ നടികളില്‍ എത്രയോ പേര്‍ നന്നായി ഡബ്ബു ചെയ്ത ചരിത്രമുണ്ട് മലയാളത്തില്‍. അന്തരിച്ച നടി ശ്രീവിദ്യയുടെ മലയാളം, മലയാളികളായ നടിമാരുടേതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു!
അങ്ങനെ അഭിനേതാക്കള്‍ സ്വന്തം ശബ്ദം ഉപയോഗിച്ചു തുടങ്ങിയാല്‍ പിന്നെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്തു പ്രസക്തി. അങ്ങനെ വന്നാല്‍പ്പിന്നെ ആ കാറ്റഗറിയില്‍ അവാര്‍ഡ് നിലനിര്‍ത്തുന്നതെങ്ങനെ? മികച്ച വിദേശഭാഷാചിത്രത്തിന് ഓസ്‌കര്‍ നല്‍കുന്നതുപോലെ, മികച്ച ഡബ്ബിംഗ് സിനിമയ്ക്കു വേണമെങ്കില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി, സര്‍ക്കാരിന് തലയൂരാവുന്നതാണ്. അല്ലെങ്കില്‍ ഒച്ചപ്പാട് ഉറപ്പ്-ഡബ്ബിംഗ് കലാകാരന്മാരുടെ വക.
വാല്‍ക്കഷണം- ന്യായമായ പലതും വിവേകപൂര്‍ണം ശുപാര്‍ശ ചെയ്ത ജൂറിയും പക്ഷേ, മുമ്പത്തെ ഏതോ ഒരു ജൂറി ഛര്‍ദ്ദിച്ചു വച്ചു പോയ വിഡ്ഢിത്തത്തിന്റെ ഉച്ചിഷ്ടം ചവച്ചിറക്കിയതെന്തിന് എന്നു മാത്രം പിടികിട്ടുന്നില്ല. സിനിമയിലെ സംഗീതം തന്നെ ഭാവപരമായിരിക്കുന്ന സാഹചര്യത്തില്‍ മികച്ച ശാസ്ത്രീയ സംഗീതജ്ഞന്‍ എന്ന പേരില്‍ ചലച്ചിത്രരംഗത്ത് ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതോ ഇനി, മലയാളത്തിലുണ്ടാവുന്ന സിനിമകളില്‍ നിര്‍ബന്ധമായും ഒരു ശാസ്ത്രീയഗാനമെങ്കിലും ഉള്‍പ്പെടുത്താനുദ്ദേശിച്ചിട്ടുള്ള ഒരു സോദ്ദേശ്യ സാംസ്‌കാരിക ഉദ്യമമായിരിക്കുമോ ഈ അവാര്‍ഡ്? ഇനി വരാനിരിക്കുന്ന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലെങ്കിലും ഇത്തരം പമ്പരവിഡ്ഢിത്തങ്ങളെ പുനരവലോകനം ചെയ്യുമെന്നു പ്രതീക്ഷിക്കാം; കുറഞ്ഞപക്ഷം സിനിമാക്കാര്യങ്ങളില്‍ അല്‍പസ്വല്‍പം വിവരമുള്ള മന്ത്രി ഗണേശനെങ്കിലും!