Tuesday, January 25, 2011

കണ്ണുണ്ടെങ്കിലും....

റുപത്തിരണ്ടാം റിപബഌക് ദിനാഘോഷങ്ങളോടനുബന്ധിച്ചു രാഷ്ട്രപതി പ്രഖ്യാപിച്ച പരമോന്നത ബഹുമതികളുടെ പത്മപ്രഭാവത്തില്‍, മലയാളത്തിനും പതിവുപോലെ പ്രധാനപ്പെട്ട പ്രാതിനിധ്യമുണ്ടായി എന്നതില്‍ അഭിമാനമുണ്ട്. വിശേഷിച്ചും, ഭാവകവി ഒ.എന്‍.വി.ക്ക് പത്മവിഭൂഷണ്‍ ലഭിച്ചതിലും, വൈകിയാണെങ്കിലും ഷാജി എന്‍.കരുണിന് പത്മശ്രീ എങ്കിലും ലഭിച്ചതിലും, പാര്‍പ്പിടമെന്ന കവിതയില്‍ സ്വന്തം വിരല്‍പ്പാടുകള്‍ പതിപ്പിച്ച ശില്‍പി തന്നെയായ ജി.ശങ്കറിനു പത്മശ്രീ ലഭിച്ചതിലുമുള്ള സന്തോഷം അനല്‍പമാണ്. കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ ജീവിതസപര്യക്കും ഈ അംഗീകാരം അര്‍ഹമത്രേ. എന്നാല്‍ രാഘവന്‍ തിരുമുല്‍പ്പാടിന് അദ്ദേഹം ജീവിച്ചിരിക്കെ അംഗീകാരം നല്‍കാത്തതു വഴി അര്‍ഹതപ്പെട്ടത് നിഷേധിക്കുകയായിരുന്നില്ലേ എന്നാണ് എന്റെ സന്ദേഹം.
ഇനി എഴുതുന്നത്, ബ്‌ളോഗുലകം എങ്ങനെ സ്വീകരിക്കുമെന്ന് തീര്‍ത്തും ആശങ്കയുണ്ട്. പ്രത്യേകിച്ചും ബ്‌ളോഗുലകത്തിലെ ആരാധകതീവ്രവാദികള്‍. എങ്കിലും, പറയാതെ വയ്യ. നടന്‍ ജയറാമിന് പത്മശ്രീ നല്‍കിയതിലെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. സിനിമാലോകത്തിനോ, കലാലോകത്തിനോ സ്വന്തം ജീവിതം കൊണ്ടു തന്നെ കനത്ത ഈടുവയ്പ്പുകള്‍ നല്‍കിയവര്‍ക്കാണ് രാഷ്ട്രം പരമോന്നത സിവിലിയന്‍ ബഹുമതികള്‍ സമ്മാനിക്കുക എന്നാണ് എന്റെ അറിവ്. അങ്ങനെയാണെങ്കില്‍ ജയറാമിന്റെ അത്തരത്തിലുള്ള കനപ്പെട്ട സംഭാവനകള്‍ എന്തെല്ലാമെന്ന്, നികുതിദായകനായ പൗരനെന്ന നിലയ്ക്ക് എന്നെക്കൂടി ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഉത്തരവാദിത്തവും സ്റ്റേറ്റിനുണ്ടാവേണ്ടതല്ലേ? അതോ ഇതിനായി ഞാനിനി വിവരാവകാശനിയമപ്രകാരം അപേക്ഷിക്കേണ്ടി വരുമോ?
ജയറാമിനെ സ്ംബന്ധിച്ച്,എനിക്കറിയാവുന്നിടത്തോളം, വചനം, ശേഷം, തീര്‍ഥാടനം, സ്‌നേഹം എന്നിങ്ങനെ ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അസാധാരണം എന്ന് അല്‍പമെങ്കിലും വിശേഷിപ്പിക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. ജയറാം എ്ന്ന പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടനടനിലെ പ്രതിഭയുടെ അളവിനെ ഒട്ടും കുറച്ചുകാട്ടിക്കൊണ്ടല്ല ഇതു പറയുന്നത്. ജയറാമിന്റെ പല മുഖ്യധാരാവേഷങ്ങളെയും, അതിന്റേതായ അര്‍ഥത്തില്‍ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രേക്ഷകരിലൊരാള്‍ തന്നെയാണ് ഞാനും എ്ന്നു തുറന്നു സമ്മതിക്കുന്നതിലും എ്‌നിക്കു നാണക്കേടില്ല. പക്ഷേ, ഇതൊന്നും ഇന്ത്യ എ്ന്ന രാഷ്ട്രം അതിന്റെ പരമോന്നത പദവികളിലൊന്നായ പത്മശ്രീ നല്‍കി ആദരിക്കുന്നതിനുംവേണ്ട്ി മഹത്തരമാണെന്ന്് എനിക്കു തോന്നുന്നില്ല, സാധാരണ പ്രേക്ഷകര്‍ക്കാര്‍ക്കെങ്കിലും തോന്നുമെന്നും വിചാരിക്കുന്നില്ല. ആന വളര്‍ത്തുന്നതോ, ചെണ്ടമേളം പഠിച്ച്് വായിക്കുന്നതോ ആണ്്് കലാരംഗത്തേക്ക് അദ്ദേഹത്തിന്റെ സംഭാവനകളായി മാനിച്ചതെങ്കില്‍ ക്ഷമിക്കുക, അതതു മേഖലകളില്‍ അദ്ദേഹത്തേക്കാള്‍ എത്രയോ ഉയരങ്ങളില്‍ നില്‍ക്കുന്നവരുണ്ട്്
ഇനി സിനിമയുടെ കാര്യം തന്നെയെടുത്താല്‍, മലയാള സിനിമയ്ക്ക് സ്വന്തം രക്തവും വിയര്‍പ്പും അപ്പാടെ നല്‍കി, ഏതാണ്ടൊരു വിശ്രമജീവിതം നയിക്കുന്നൊരു മഹാനടനുണ്ട്്-എല്ലാവരും മധുസാര്‍ എ്ന്നു വിളിക്കുന്ന സാക്ഷാല്‍ മധു. നടന്‍ മാത്രമായിട്ടല്ല അദ്ദേഹം സിനിമയില്‍ തന്നെ സമര്‍പ്പിച്ചത്. സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ...അങ്ങനെ ബഹുതലങ്ങളില്‍ സ്വന്തം സമ്പത്തും സര്‍ഗാത്മകതയും നിക്ഷേപിച്ചയാളാണദ്ദേഹം. വിദ്യാഭ്യാസരംഗത്തും ഒരധ്യാപകന്റെ നിഷ്‌കര്‍ഷയോടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തലസ്ഥാനവാസികള്‍ അനുഭവിച്ചു-സരസ്വതി വിദ്യാലയം എന്ന മഹദ് സ്ഥാപനത്തിന്റെ സ്ഥാപകപ്രിന്‍സേിപ്പലായി. ഒരുപക്ഷേ തിക്കുറിശ്ശിക്കു നിഷേധിക്കപ്പെട്ട ഫാല്‍ക്കേ അവാര്‍ഡിന്റെ അവസ്ഥയാണ് മധുസാറിന് നിഷേധിക്കപ്പെടുന്ന പത്മ പുരസ്‌കാരവും. നല്‍കേണ്ട കാലത്തൊന്നും നല്‍കാതെ, കണ്ട മട്ടു കാണിക്കാതെ, ഒടുവില്‍ രാഘവന്‍ തിരുമുല്‍പ്പാടിന് നല്‍കിയതുപോലെ മരണാനന്തരം നല്‍കിക്കൊണ്ട് അര്‍ഥം നഷ്ടപ്പെടുത്തി ക്്ഌവു പിടിപ്പിക്കേണ്ടതാണോ ഈ പുരസ്‌കാരം എന്ന്് ചിന്തിക്കേണ്ടവര്‍ ചിന്തിക്കേണ്ടതാണ്.
പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നവരോട്, അതു നല്‍കിയാല്‍ സ്വീകരിക്കുമോ എന്നു മുന്‍കൂട്ടി രഹസ്യമായി അന്വേഷിക്കുന്ന പതിവുണ്ടെന്നു കേട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ അവാര്‍ഡായതിനാല്‍ നിരസിക്കുകയോ നിഷേധിക്കുകയോ ചെയ്താല്‍ അതു ദേശതാല്‍പര്യവിരുദ്ധമാകുമെന്നതിനാലാണിത്. അങ്ങനെയെങ്കിലും സങ്കടമുണ്ട്. കോക്കസുകളുടെ പി്്ന്‍ബലത്തെ ഒരിക്കല്‍പ്പോലും പ്രോത്സാഹിപ്പിക്കാത്ത മധുസാര്‍ അനുമതി നല്‍കാത്തതുകൊണ്ടാവുമോ അദ്ദേഹത്തിനിതുവരെ ബഹുമതി നല്‍കാത്തത്്?
നാളെ, എനിക്കീ ബഹുമതി നല്‍കട്ടെ എ്ന്നും ചോദിച്ച് ഒരു അന്വേഷണം വന്നാല്‍, ഞാന്‍ ആദ്യം ആലോചിക്കുക എനിക്കിതിന് യഥാര്‍ഥത്തില്‍ അര്‍ഹതയുണ്ടോ എ്ന്നാണ്്. ഈ മേഖലയില്‍ എന്നേക്കാള്‍ അര്‍ഹതപ്പെട്ട മഹാരഥന്മാര്‍ക്കെല്ലാം കിട്ടിയ ശേഷമാണോ എന്നെ പരിഗണിക്കുന്നത് എന്നാണ്്. അതിനര്‍ഥം അങ്ങനെയൊരു സ്വയം വിശകലനത്തിനു കൂടി ബഹുമതിയെക്കുറിച്ചുള്ള ഈ അനുമതിയന്വേഷണം അവസരം നല്‍കുന്നു എന്നാണ്. അപ്പോള്‍ സംശയം നീളുന്നത്, ജയറാമിനോട്് മുന്‍കൂട്ടി അന്വേഷിച്ചില്ലായിരുന്നോ എന്നാവുക സ്വാഭാവികമല്ലേ?
സ്വയം അര്‍ഹതയുണ്ടോ എന്നു തിരിച്ചറിയാതെ ബഹുമതി സ്വീകരിക്കുന്നവരോടും, അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ മെനക്കെടാതെ കണ്ണില്‍ക്കണ്ടവര്‍ക്കെല്ലാം അതു വച്ചുനീട്ടുന്നവരോടും റയില്‍വേയുടെ പരസ്യചിത്രത്തിലെ ഒരു വാചകം മാത്രമേ പറയാനുള്ളൂ-കണ്ണുണ്ടായാല്‍പ്പോരാ, കാണണം!


1 comment:

Kiranz..!! said...

ഈ മേഖലയില്‍ എന്നേക്കാള്‍ അര്‍ഹതപ്പെട്ട മഹാരഥന്മാര്‍ക്കെല്ലാം കിട്ടിയ ശേഷമാണോ എന്നെ പരിഗണിക്കുന്നത് എന്നാണ്.അതിനര്‍ഥം അങ്ങനെയൊരു സ്വയം വിശകലനത്തിനു കൂടി ബഹുമതിയെക്കുറിച്ചുള്ള ഈ അനുമതിയന്വേഷണം അവസരം നല്‍കുന്നു എന്നാണ്. അപ്പോള്‍ സംശയം നീളുന്നത്, ജയറാമിനോട് മുന്‍കൂട്ടി അന്വേഷിച്ചില്ലായിരുന്നോ എന്നാവുക സ്വാഭാവികമല്ലേ?

You said it Mashe..!