അല്‍പം കുറ്റബോധ ത്തോടെയാണ് ഇതെഴുതുന്നത്. കുറ്റബോധം എന്തിനാണെന്നു വച്ചാല്‍, സ്വതസിദ്ധമായ മടി കൊണ്ട് ഈ കുറിപ്പ് ഇത്രയും കാലം വൈകിച്ചല്ലോ എന്നതിലാണ്. വൈകിയതിന് ക്ഷമാപണപൂര്‍വം....
യാതൊരു പത്രാസും മേളവുമില്ലാതെ ഏറെക്കുറെ നിശ്ശബ്ദമായി പുറത്തിറങ്ങിയ സിനിമയായ ട്രാഫിക്, പതിവുതെറ്റിച്ച് ഇറങ്ങിയതിന്റെ മൂന്നാം നാള്‍ തീയറ്ററില്‍ പോയി കാണാന്‍ തീരുമാനിച്ചത്, അതു കണ്ടവര്‍ കണ്ടവര്‍ വിളിച്ചു പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ കേട്ടിട്ടായിരുന്നു.സ്ഥിരം പരസ്യങ്ങളില്‍ നിന്നു വേറിട്ട് ഗായത്രി അശോകന്റെ പ്രതിഭ വിളിച്ചോതിയ പോസ്റ്റര്‍ കാമ്പൈന്‍ മനസ്സില്‍ ഉയര്‍ത്തിയ പ്രതീക്ഷകളെ നൂറു ഡിഗ്രി ഉയര്‍ത്തുന്നതായിരുന്നു ഇടവേള വരെയുള്ള കാഴ്ചാനുഭവം. സത്യത്തില്‍, മുമ്പെന്നോ ഒരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ റണ്‍ ലോല റണ്‍ കണ്ടിരുന്നപ്പോഴുണ്ടായ വിസ്മയം.കഥയുടെ വഴി ഇനി ഏതെല്ലാം ഊടുവഴികളിലൂടെയാവും മുന്നേറുക എന്നേ സന്ദേഹമുള്ളൂ. പരിസമാപ്തിയൊക്കെ വേണമെങ്കില്‍ നമുക്ക് ഊഹിച്ചെടുക്കാം. പക്ഷേ അതിലേക്കെത്തിപ്പറ്റാനുള്ള വഴി. ചിന്തിക്കുന്തോറും തലച്ചോറിലെ സന്ദേശവാഹകര്‍ കടുത്ത ഗതാഗതക്കുരുക്കിലേക്കാണ്, കുഴഞ്ഞുമറിഞ്ഞ കഥാസന്ദര്‍ഭങ്ങളുടെ, സാധ്യതകളുടെ ഊരാക്കുടുക്കുകളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞു പോയ ഒരു മണിക്കൂറോളം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നിട്ട് ഇപ്പോള്‍ ഇനി വരാനിരിക്കുന്നതെന്ത് എന്നോര്‍ത്ത് ആശങ്കപ്പെടുന്ന പ്രേക്ഷകരെ കേരളത്തില്‍ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്കു പുറത്തു കണികണ്ടിട്ടു തന്നെ നാളേറെയായി. അതിനിടെയിലാണ് ഈ കൊച്ചു ട്രാഫിക് ജാം സൃഷ്ടിക്കുന്ന ഷോക്ക് ചികിത്സയുടെ സുഖം.
ട്രാഫിക്, സിനിമയുടെ സൗന്ദര്യശാസ്ത്രത്തിലും സമയബോധത്തിലും നിര്‍മിക്കുന്ന പുതിയ ലാവണ്യങ്ങള്‍ ഘടനാപരമായ കൈയൊതുക്കം വ്യക്തമാക്കുന്നതാണ്. അത് അതിന്റെ ചലച്ചിത്രലാവണ്യത്തിന് ആക്കം കൂട്ടുന്നു. മുഖ്യധാര സിനിമ, കേവലം ഡയലോഗുകളും പഞ്ച് ഡയലോഗുകള്‍ക്കും അപ്പുറം, വിശാലമായ അരങ്ങില്‍ ആടിത്തകര്‍ക്കുന്ന സ്റ്റേജ് നാടകത്തിന്റെ വ്യാകരണപരിമിതിക്കുമപ്പുറം, ദൃശ്യപരമായ ഉള്‍ക്കരുത്തു നേടുന്നതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് ട്രാഫിക്ക് വെളിപ്പെടുത്തുന്നത്. അത് ഒരേസമയം തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബിമാരുടെയും സംവിധായകന്‍ രാജേഷ് പിള്ളയുടെയും പ്രതിഭയുടെ മിന്നലാട്ടങ്ങളാണ് വ്യക്തമാക്കുന്നതും. സിനിമയുടെ ഘടനാപരമായ ചര്‍ച്ച നമുക്കു നിരൂപകര്‍്ക്കു വിടാം, അവര്‍ വിലയിരുത്തട്ടെ.
പക്ഷേ, എന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ കാര്യം അതല്ല. തീര്‍ത്തും ലുബ്ധോടെ ഉപയോഗിച്ചിട്ടുള്ള, ഒരു പക്ഷേ അവാര്‍ഡ് സിനിമകളുടേത് എന്ന നിലയ്ക്ക് മിമിക്രിക്കാര്‍വരെ ആക്ഷേപിക്കാനുപയോഗിക്കുന്ന സംഭാഷണങ്ങളിലൂടെ അനാവരണം ചെയ്യുന്ന കഥാപാത്രങ്ങളുടെ ആന്തരസംഘര്‍ഷങ്ങളും, ഒരു മുഖഭാവത്തിലൂടെ, ശരീരഭാഷയിലൂടെ വെളിപ്പെടുത്തുന്ന അന്തര്‍നാടകങ്ങളും ഈ സിനിമയെ വിസ്മയക്കാഴ്ചയാക്കുന്നു. സ്വന്തം മകള്‍, തന്റെ താരപിതാവിനെ അഭിമുഖം ചെയ്യുന്നയാളിന്, എഴുതിക്കൊടുക്കുന്ന വ്യക്തിനിഷ്ടമായ ചോദ്യങ്ങള്‍ക്ക്, ആ അഭിമുഖത്തിന്റെയും, അഭിമുഖം ചെയ്യപ്പെടുന്ന താരവ്യക്തിത്വത്തിന്റെയും പൊള്ളത്തരവും ഉപരിപഌവതയും, ആര്‍ജ്ജവശൂന്യതയും മുഴുവന്‍ വ്യക്തമാക്കുന്നവിധം ക്യാമറ കട്ട് ചെയ്ത് അടുത്തിരിക്കുന്ന മകളോടു തന്നെ അക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മാധ്യമപ്രവര്‍ത്തകനോട് ഉത്തരവാദിത്തമുള്ള അച്ഛന്‍ ചമയുന്ന ഉത്തരങ്ങള്‍ പറയുന്ന കഥാസന്ദര്‍ഭം മാത്രം മതി, സമകാലിക മൂല്യച്യുതിയുടെ സാമൂഹികപരിച്ഛേദമായി. സ്വന്തം കാറില്‍ ഒപ്പമിരുന്ന് ഫോണില്‍ കാമുകിമാരോട് മാറിമാറി സല്ലപിക്കുന്ന ആത്മാര്‍ഥ സുഹൃത്തിന്റെ കാമിനിമാരിലൊരാള്‍ സ്വന്തം ഭാര്യയാണെന്നു തിരിച്ചറിയുന്ന ഭര്‍ത്താവിന്റെ ധര്‍മ്മസങ്കടവും, ഒരു നിമിഷത്തെ അന്ധതിയില്‍ ഭാര്യയെ കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീടു പശ്ചാതപിക്കുകയും മാപ്പുനല്‍കുകയും ചെയ്യുന്ന അയാളുടെ മനംമാറ്റവും വീണ്ടുമെന്നെ വിസ്മയിപ്പിച്ചു. എല്ലാമറിയുന്ന ഡോക്ടറായിട്ടും സ്വന്തം മകന്റെ കാര്യം വരുമ്പോള്‍ കഌനിക്കല്‍ മരണത്തിനു മുമ്പ് അവയവദാനത്തിന് അനുവദിക്കുന്ന കാര്യത്തില്‍ ഇരട്ടത്താപ്പു കാട്ടുന്നത് പിതാവിന്റെ വൈകാരികതയുടെ നിദാനമായിത്തോന്നി.
ഒരുപക്ഷേ ഈ സിനിമ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നത് യാഥാസ്ഥിതിക കേരളീയനെ അല്ല, മറിച്ച് ആധുനിക മലയാളി തലമുറയേയാണ്, അവരുടെ സെന്‍സിബിലിറ്റിയാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്. ഡൈവോഴ്‌സിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന നായകന്‍, ടിവി മാധ്യമത്തിന്റെ സ്വാധീനം, ഐ.ടി രംഗത്തിന്റെയും സാങ്കേതികവിദ്യകളുടെയും ദുഃസ്വാധീനം, ബ്യോറോക്രസിയുടെ പരിമിതി, കേരളീയ സമൂഹത്തെ ഒന്നാകെ ബാധിച്ചു നില്‍ക്കുന്ന ഹിപ്പോക്രിസി...അങ്ങനെ പലതലത്തിലും ട്രാഫിക് സമകാലിക കേരളത്തെ അടയാളപ്പെടുത്തുന്നുണ്ട്. എന്റെ വീട് അപ്പൂന്റെയുമില്‍ തുടങ്ങിയ സഞ്ജയ്-ബോബിമാരിലും ഞാന്‍ മലയാള സിനിമയുടെ ഭാവി കാണുന്നു., പ്രതീക്ഷയോടെ.ഈ സിനിമ സമ്മാനിച്ച താരം യഥാര്‍ഥത്തില്‍ ര്മ്യ നമ്പീശനാണ് എ്ന്നും സമ്മതിക്കട്ടെ.
ലേശമൊരു ആശങ്ക കൂടി പങ്കിട്ടുകൊണ്ടു നിര്‍ത്തട്ടെ. മലയാള സിനിമയുടെ യഥാര്‍ഥ ശാപം, ഒരു മൗലികരചന സൃഷ്ടിക്കുന്ന തരംഗത്തെ അന്ധമായി അനുകരിച്ച് ഒരു പറ്റം നപുംസകരചനകളെ പടച്ചുണ്ടാക്കുന്നതാണ്. വരാനിരിക്കുന്ന ഒരു പിടി സിനിമകളുടെ ശീര്‍ഷകങ്ങള്‍ (അവയുടെ ഉള്ളടക്കങ്ങള്‍ വ്യക്തമായി അറിയില്ലെന്നു തുറന്നു സമ്മതിക്കട്ടെ) മുന്നോട്ടുവയ്ക്കുന്നത് ഇത്തരം ഒരു സന്ദേഹമാണ്. ദ് മെട്രോ, റെയ്‌സ്....ഇവയുടെ പ്രമേയം ട്രാഫിക്കിന്റേതില്‍ നിന്നു വ്യത്യസ്തമാകട്ടെ എന്ന പ്രാര്‍ഥനയോടെ...
1 comment:
liked ur blog. let me tell u one thing. the posters which attracted you were not designed by Gayathri Ashok. It's done by a debutant Aneeshlal. It's his concept & design. it's his hardwork. He's the one who even planned the stills. It was all meticulously planned. until the film was handed over to distributors. They said with these posters it won't run in kerala. so they gave designing job to gayathri. without asking Producer or anybody else. Poor aneesh didn't get any credit in posters. There was some issues with distributors & producer. even a complaint was filed to FEFKA over this matter. This is the real situation of malayalam cinema. there's a bunch of people who love & work for to bring good cinemas but they are brutally suppressed by these kinda ppl.
another noteworthy people are Team 'Salt Mango Tree' who handled this film's Online activities/promotion... They did a brilliant job & they too didn't get their name in any posters or even in film print. But they are all happy since all their hard work was for the success of the film & believe a honestly did job will get it's worthy price... and since film got it's worthy success all are happy...
Post a Comment