Saturday, October 16, 2010

ഈ യന്ത്രത്തില്‍ നിന്നെന്നെ രക്ഷിക്കണേ

രുണാനിധി
ക്ക് ചരിത്രബോധം നല്ലവണ്ണമുണ്ട്. യുക്തിബോധവും. അതിന്റെ ഏറ്റവും സമകാലികമായ ഉദാഹരണമാണ്, ബാബറി മസ്ജിദ് വിധിയുടെ പേരില്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്ന പ്രതികരണം പോലും. അന്ധവിശ്വാസത്തിന്റെ സവര്‍ണാധിപത്യത്തിനുനേരെയാണ് യുക്തിയുടെ ചാട്ടുളിമൂര്‍ച്ചയുള്ള ദ്രാവിഡവരമൊഴി വണക്കവുമായി മു.കരുണാനിധി എഴുതിത്തെറിച്ചത്.ഡി.എം.കെ.എന്ന സാമ്രാജ്യവും എം.ജി.ആര്‍ എന്ന താരപ്രതിഭാസവും വാസ്തവത്തില്‍ തമിഴകത്തു വേരോടിയതിനുപിന്നില്‍ അണ്ണാദുരയ്‌ക്കൊപ്പം കരുണാനിധിയുടെ വാക്ചാതുര്യത്തിനും ജ്ഞാനാധിഷ്ഠിതമായ യുക്തിബോധത്തിനും ഏറെ പങ്കുമുണ്ട്. ഇത്രയൊക്കെയാണെങ്കിലും സ്വന്തം മക്കളെയും ചെറുമക്കളെയും യുക്തിനിഷ്ഠരാക്കി മാറ്റുന്നതില്‍ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോകുന്നുണ്ടോ? അതോ വാര്‍ധക്യം അദ്ദേഹത്തെ കേവലം ഒരു ഗതകാല പ്രതിഭാസം മാത്രമാക്കി ചുരുക്കിയോ? അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുളള അനന്തരവ മാര•ാര്‍ ചേര്‍ന്ന് ഒരുക്കിയ യന്തിരന്‍ എന്ന ബ്രഹ്മാണ്ഡ കോലം കണ്ടുണ്ടായ സംശയമാണ്.
സയന്‍സിനോടും സയന്‍സ് ഫിക്ഷനോടുമെല്ലാം സംവിധായകന്‍ ശങ്കറിനുളള (വി)പ്രതിപത്തി പണ്ടേ പ്രശസ്തമാണ്. ഐശ്വര്യയുടെ അനശ്വര സൗന്ദര്യം തമിഴകത്തിനു കാട്ടിത്തന്ന ജീന്‍സ് മുതല്‍ ശങ്കറിന്റെ ഈ ചാപല്യം പ്രകടമായതാണ്. വിര്‍ച്വല്‍ പ്രൊജക്ഷന്‍ വഴി നായികയ്ക്ക് അപരയുടെ ഹോളോഗ്രാഫ് ഉണ്ടാക്കുന്നതുമെല്ലാമാണല്ലോ ആ ചിത്രത്തിലൂടെ കക്ഷി അവതരിപ്പിച്ചത്. എന്നാല്‍ വാസ്തവം പറയട്ടെ, ശങ്കറിന്റെ നാളിതുവരെയുള്ള എല്ലാ ചിത്രങ്ങളും അവയുടെ ഏതെങ്കിലും അംശത്തിന്റെ/അംശങ്ങളുടെ പേരില്‍ ഇഷ്ടപ്പെട്ടിട്ടുണ്ട് എനിക്ക്. ശങ്കര്‍ പോലും ഓര്‍മിക്കാനാശിക്കാത്ത ബോക്‌സോഫീസ് ദുരന്തമായിരുന്ന ബോയ്‌സ് എന്റെ ഇഷ്ടചിത്രങ്ങളില്‍ ഒന്നു പോലുമാണ്. രജനീകാന്തിന്റെ തന്നെ ശിവജിയടക്കം ശങ്കറിന്റെ സിനിമകളെയെല്ലാം ഏതെങ്കിലും തലങ്ങളില്‍ സ്‌നേഹിക്കുന്ന എന്നെപ്പോലുള്ളവരെ തീര്‍ത്തും വിഡ്ഢികളാക്കുന്നതാണ് യന്തിരന്‍ എന്ന ഈ സിനിമാഭാസം.
കഥാഗതി നമ്മുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നു എന്നതിലല്ല എനിക്കു വിഷമം. അല്ലെങ്കിലും ശങ്കര്‍ സിനിമ ഞാന്‍ കാണാന്‍ പോകുന്നത് കുട്ടിസ്രാങ്കോ,എലിപ്പത്തായമോ കാണാന്‍ പോകുന്ന മാനസികാവസ്ഥയിലല്ലല്ലോ. എന്നാല്‍ യന്തിരന്‍ നിരാശപ്പെടുത്തുന്നത് നല്ലൊരു ഹോളിവുഡ് പ്രമേയത്തെ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ തനി കൂതറയാക്കിയതിനാലാണ്. പിന്നെ, ചാരു നിവേദിത കലാകൗമുദിയില്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുള്ള എല്ലാ കാരണങ്ങളും കൊണ്ടാണ്. ചാരു നിവേദിത പറഞ്ഞു, ഈ സിനിമ കണ്ട് ദേഷ്യം സഹിക്കവയ്യാതെ തമിഴ് നാട്ടില്‍ രണ്ടുപേരുണ്ടെന്ന്-കമല്‍ഹാസനും പിന്നീട് ചാരു നിവേദിതയും. അവരോട് ഒപ്പത്തിനൊപ്പം കയറി ഇരിക്കുന്നതല്ല എന്നു തെറ്റിദ്ധരിക്കില്ലെങ്കില്‍ പറഞ്ഞോട്ടെ, അവര്‍ക്കു കൂട്ടായി ഇങ്ങു കേരളത്തില്‍ ഇതാ ഈ എളിയവനായഞാനുമുണ്ട്.
തറവളിപ്പ് രജനീ കാന്ത് ചെയ്യുന്നത് സഹിക്കാം. കാരണം അദ്ദേഹം എന്നും അങ്ങനെതന്നെയാണ് ചെയ്തിട്ടുള്ളത്. അതിനു തക്ക സംവേദനക്ഷമതയും വിദ്യാഭ്യാസവുമേ അദ്ദേഹത്തിനുള്ളൂ എന്നും സമാധാനിക്കുകം. എന്നാല്‍ അത്യാവശ്യം വിദ്യാഭ്യാസവും, വിശ്വസൗന്ദര്യപ്പട്ടവും ഹോളിവുഡ്ഡ് നടനനാനുഭവവുമൊക്കെയായി ലോകംകുറേ കണ്ട, ഇന്ത്യയുടെ പുതു തലമുറയുടെ പ്രതീകമായ ഐശ്വര്യ റായിയെപ്പോലൊരാള്‍ ഈ കോപ്രായങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നതിനെ കുറ്റകരമായിത്തന്നെയേ കണക്കാക്കാനാവൂ. ഓര്‍ക്കുക, ബുദ്ധിയുടെ വള്ളി ഇനിയും വിട്ടു പോയിട്ടില്ലാത്തതിനാലാണ് അമിതാഭ് ബച്ചന്‍ ഈ കഥാപാത്രം വേണ്ടെന്നു വച്ചത്. അമ്മായിയപ്പന്‍ പോലും വേണ്ടെന്നു വച്ച് ഈ കുരിശിനോടൊപ്പം ആടിപ്പാടി ചുംബിക്കാന്‍ വെറുമൊരു വിളയാട്ടുബൊമ്മയാകാന്‍ ഐശ്വര്യയ്ക്കു നാണമില്ലേ.
ഏതായാലും എ.ആര്‍ റഹ്മാനോടും ശങ്കറിനോടും രജനിയോടും ഐശ്വര്യയോടും ദൈവം പൊറുക്കട്ടെ. അല്ലാതെ നമുക്കു ക്ഷമിക്കാന്‍ സാധ്യമല്ല തന്നെ.കാരണം ഒരു ദിവസം നീണ്ടുനിന്ന ദഹനക്കേടാണ് ഈ ചിത്രം സമ്മാനിച്ചത്. അത്രയ്ക്ക് ഗ്യാസുണ്ടാക്കുന്നതായിരുന്നു യന്തിരന്‍.
ടിപ്പണി. റോബോ (റോബോട്ട് എന്ന് ആവര്‍ത്തിച്ചാല്‍ തെറ്റു ശരിയാവില്ല)യ്ക്ക് അസ്സല്‍ തമിഴില്‍ യന്തിരന്‍ എന്നു മൊഴിമാറ്റം നല്‍കിയതിനെ യന്ത്രന്‍ എന്നു മനസ്സിലാക്കാനുള്ള ബുദ്ധിപോലും കാട്ടാതെ എന്തിരന്‍ എന്നു പദാനുപദം വിവര്‍ത്തനം ചെയ്തുപയോഗിച്ച മലയാളത്തിലെ വിതരണക്കാര്‍ക്കും ഇരിക്കട്ടെ ശാപത്തിലൊരു പങ്ക്. അല്ല പിന്നെ.

http://www.newshouse.in/cover-story/yenthiran-different-view.html

No comments: