Sunday, August 08, 2010

രാമ രാവണന്‍

തുടക്കക്കാരുടെ സിനിമകള്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. എങ്ങെയെങ്കിലും പൂര്‍ത്തിയായാല്‍ മതി എന്ന അത്യാഗ്രഹത്തില്‍ പലതിനോടും ഒത്തുതീര്‍പ്പിനൊരുങ്ങിയും പലതിനും വഴങ്ങിയും വിട്ടൂവീഴ്‌ചചെയ്‌തുമായിരിക്കും നവാഗതസംവിധായകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും കന്നിസംരംഭങ്ങള്‍ വെളിച്ചം കാണുക. സ്വാഭാവികമായി, തുടക്കക്കാരുടേതായ നോട്ടക്കുറവുകള്‍ക്കും കൈകുറ്റപ്പാടുകള്‍ക്കുമുപരി ഈ വിട്ടുവീഴ്‌ചകള്‍ ഗുണത്തേക്കാളേറെ സിനിമയ്‌ക്കു ദോഷമാവുകയും ചെയ്യും. സിനിമയില്‍ നവാഗതനായ ബിജുവട്ടപ്പാറയുടെ കാര്യവും വ്യത്യസ്‌തമെന്നു പറഞ്ഞുകൂടാ. മാധവിക്കുട്ടിയുടെ അതിമനോഹരമായ മനോമി എന്ന കഥയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌, ഒരു കഥയുടെ ചുറ്റിലും മറ്റൊരു കഥ ബുദ്ധിപരമായി മെനഞ്ഞെടുത്തുകൊണ്ടാണ്‌ രാമ രാവണന്‍ എന്ന സിനിമയ്‌ക്ക്‌ ബിജുവട്ടപ്പാറ തിരക്കഥയെഴുതിയിട്ടുള്ളത്‌. പക്ഷേ വ്യക്തിപരമായി പറഞ്ഞാല്‍ രാമരാവണന്‍ എന്ന പേരില്‍ തന്നെയാണ്‌ ബിജുവിന്റെ ആദ്യ വീഴ്‌ച. പകര്‍പ്പവകാശനിയമം മറികടക്കാനുള്ള കുറുക്കുവഴിയായിരുന്നോ എന്നൊന്നും അറിയില്ല. എങ്കിലും ഈ ചിത്രത്തിന്‌ മനോമി എന്ന പേരുതന്നെയായിരുന്നു ഉചിതം.
നല്ലൊരു കഥയും, മികച്ച അഭിനേതാക്കളും ഉണ്ടായിട്ടും ബിജുവിന്റെ ചലച്ചിത്രസമീപനരീതി പ്രതീക്ഷനല്‍കുന്നതായിട്ടും ചിത്രം അര്‍ഹിക്കുന്ന വിജയം നേടിയെടുത്തില്ല എന്നുവരികില്‍ ബിജുവും നിര്‍മ്മാതാവും ആത്മവിമര്‍ശനത്തോടെ പുനരവലോകനം ചെയ്യേണ്ട ചില പോയിന്റുകള്‍ മാത്രം മുന്നോ
ട്ടുവച്ചാല്‍ അത്‌ ഈ സിനിമയുടെ ഭേദപ്പെട്ട ഒരവലോകനമായിത്തീര്‍ന്നേക്കും.
ഒന്നാമതായി, ഈ സിനിമയുടെ ജനുസ്സിനെപ്പറ്റിയുള്ള സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സന്ദിഗ്‌ധാവസ്ഥ ചിത്രത്തിലൂടനീളം വ്യക്തമാണ്‌. മനോമിയെ രാമരാവണനാക്കുക വഴി, ഇതിനെ ഒരു കുടുംബചിത്രമായാണോ, സമാന്തരസിനിമയായാണോ, ആക്ഷന്‍-കമ്പോള സിനിമയായാണോ സ്രഷ്ടാക്കള്‍ വിഭാവനചെയ്‌തതെന്നത്‌ അവ്യക്തം. ഇത്തരമൊരു വര്‍ഗ്ഗീകരണത്തില്‍ പ്രസക്തിയില്ലെന്നു വാദിച്ചാലും ചിത്രം പുലര്‍ത്തുന്ന ചലച്ചിത്രസമീപനം ദഹിക്കാവുന്നതല്ല.
2. ഇതുപോലെ കാമ്പുള്ളൊരു വിഷയം ചലച്ചിത്രമാക്കുമ്പോള്‍ പുലര്‍ത്തേണ്ട അടിസ്ഥാനപരമായ ചില നിര്‍വഹണ സൂക്ഷ്‌മതകളില്‍ ആവശ്യമായ ശ്രദ്ധ നല്‍കി കാണുന്നില്ല. ഉദാഹരണത്തിന്‌ ഒരു വ്യാഴവട്ടം മുമ്പ്‌ മനോമി നാട്ടിലെത്തുമ്പോഴത്തെ സംഭവങ്ങളിലെ അനക്ക്രോണിസം-കാലികമല്ലാത്ത പലതും, ആടയാഭരണങ്ങളില്‍ തുടങ്ങി വാഹനങ്ങളിലും ദേശകാലങ്ങളിലും പശ്ചാത്തലത്തിലും പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ. ഇത്‌ തീര്‍ച്ചയായും അല്‍പം ശ്രദ്ധകൊണ്ട്‌ പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. വിശേഷിച്ച്‌ ബൊലേറോ പോലൊരു വാഹനവും അതിന്റെ കെ.എല്‍ തുടങ്ങിയ റജിസ്‌ട്രേഷന്‍ നമ്പറും, കൃഷ്‌ണയടക്കമുള്ളവരുടെ ആധുനിക വസ്‌ത്രധാരണശൈലിയും നല്ലൊരു കലാസംവിധായകന്‌ ഒഴിവാക്കാവുന്നതല്ലേ?
3. തമിഴ്‌ അസ്‌തിത്വമുള്ള കഥയില്‍ മലയാളം പറിച്ചുവച്ചപ്പോഴത്തെ അസ്‌കിത. കഥ വായിച്ചിട്ടില്ലാത്ത ഒരു ശരാശരി പ്രേക്ഷകന്‌, ഈ സിനിമയിലെ ഭാഷയും സംസ്‌കാരവും തദ്ദേശീയവും രാഷ്ട്രീയവുമായ സൂചനകളുമൊന്നും ഒരെത്തും പിടിയും കിട്ടില്ല. തമിഴ്‌ ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന നായികയ്‌ക്ക്‌ തീര്‍ഥവും പ്രസാദവും കൊടുത്ത്‌ വള്ളുവനാടന്‍ സംഭാഷണമുരുവിടുന്ന പൂജാരി. അണ്ണാദൂരൈ എന്ന അമ്മാവന്‍. അന്വേഷണത്തിനെത്തുന്ന കേരളത്തിലെ പൊലീസ്‌...ആകെക്കൂടി ചക്കകുഴയും പോലെ കുഴഞ്ഞ ട്രീറ്റ്‌മെന്റ്‌.
4. പശ്ചാത്തലസംഗീതമാണ്‌ ഈ സിനിമയിലെ ഏറ്റവും വികലവും വൈകൃതവുമായ ഘടകം. സിനിമയില്‍ സംഗീതം ടെലിവിഷന്‍ സീരിയലിതിന്റേതില്‍ നിന്ന്‌ വ്യത്യസ്‌തമായൊരു ധര്‍മ്മമാണനുഷ്‌ഠിക്കുന്നത്‌. സിനിമയിലെ ആദ്യ ഫ്രെയിം തുടങ്ങുന്നതുമുതല്‍ അവസാനഫ്രെയിം വരെ കാതടപ്പിക്കുന്ന സംഗീതം എന്നത്‌ കാലഹരണപ്പെട്ട, പണ്ട്‌ ശ്യാമും എസ്‌. പി. വെങ്കിടേഷും ഇടക്കാലത്ത്‌ രാജാമണിയും മാത്രം ഉപയോഗിച്ചു പാഴാക്കയ സംസ്‌കാരമാണ്‌. സംഗീതം രംഗത്തിന്റെ വൈകാരികതയ്‌ക്കുള്ള ശബ്ദപഥത്തിന്റെ അടിവരയാണ്‌. അതറിയാതെ സംഗീതം ഘോരഘോരം ഉപയോഗിക്കുന്നത്‌ ചിത്രത്തിന്റെ മൊത്തത്തിലുള്ള സംവേദനത്തെത്തന്നെ ബാധിച്ചുവെന്നു പറയാതെ വയ്യ. കൈതപ്രത്തിന്‌ ഇതെന്തുപറ്റി?
5. ഛായാഗ്രഹണത്തില്‍ ഫ്രെയിം കംപോസിഷന്‍ അപാരമാണ്‌ എന്നുള്ളതുപോലെ തന്നെ, അതിന്റെ ഗ്രേയ്‌ഡിംഗില്‍ കണ്ട അശ്രദ്ധ അതിന്റെ ആസ്വാദനക്ഷമതയെ നന്നായി ബാധിക്കുന്നു. ഓര്‍വോ പോലെയോ ഫ്യൂജി പോലെയോ ഉള്ള വില കുറഞ്ഞ ഫിലിം ഉപയോഗിച്ചതുകൊണ്ടാണോ കളര്‍ ഗ്രേയ്‌ഡിംഗിലെ ഈ വ്യതിയാനം എന്നറിയില്ല. ഏതായാലും ഇതിലൊരു ശ്രദ്ധക്കുറവ്‌ ചിത്രത്തില്‍ പ്രത്യക്ഷമാണ്‌.
6. കമ്പോളവിജയത്തിന്‌ സുരേഷ്‌ഗോപിയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായിരിക്കാം. എന്നാല്‍ തിരുശെല്‍വത്തെ മാധവിക്കുട്ടി മനസ്സില്‍ കണ്ടത്‌ വെളുത്തു തുടുത്ത സുരേഷ്‌ഗോപിയുടെ രാജകലയിലായിരിക്കുമോ? അതോ കറുത്ത്‌ ആദിദ്രാവിഡന്റെ ശരീരഭാഷ പങ്കിടുന്ന പശുപതിയെപ്പോലൊരഭിനേതാവിലായിരിക്കുമോ? കാസ്‌റ്റിംഗിലെ ഈ സന്ദേഹാവസ്ഥ നെഗറ്റീവ്‌ കഥാപാത്രങ്ങള്‍ക്ക്‌ കൃഷ്‌ണയേയും കിരണ്‍രാജിനെയും പോലുള്ളവരെ തന്നെ തെരഞ്ഞെടുക്കുന്നതില്‍ പ്രകടമായിട്ടുള്ളതും. ഇതില്‍ ചേര്‍ച്ചയുള്ള വേഷമുള്ളത്‌ ലെനയ്‌ക്കാണെന്നു തോന്നുന്നു. അതവര്‍ സുമംഗളമാക്കുകയും ചെയ്‌തു.
സീരിയലിന്റെ കഥാകഥനശൈലിയുടെ ദുഃസ്വാധീനം പല സീനുകളിലും സീക്വന്‍സുകളിലും പ്രകടമാണെങ്കിലും ബിജു വട്ടപ്പാറയുടെ സമീപനത്തില്‍ പുതുമയുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ആദ്യ സിനിമ നമുക്കു വിടാം. അടുത്തതാണ്‌ പ്രധാനം. കാരണം കന്നി സിനിമ ബംബര്‍ ഹിറ്റായ എത്രയോ സംവിധായകരെ പിന്നീടു കാണാന്‍ പോലും കിട്ടിയിട്ടില്ലാത്ത നാടാണ്‌ കേരളം. അതുകൊണ്ട്‌ ആദ്യത്തെ സിനിമ വിടാം. പക്ഷേ അടുത്തതില്‍ ശ്രദ്ധിക്കുക. വീഴ്‌ചകള്‍ക്കു വിട്ടുവീഴ്‌ചചെയ്യാതിരിക്കുക. നന്മകള്‍.

2 comments:

b Studio said...

കമ്പോളവിജയത്തിന്‌ സുരേഷ്‌ഗോപിയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായിരിക്കാം.

അതെ അത് അത്യന്താപേക്ഷിതമാണു...

A.Chandrasekhar said...

പക്ഷേ മലര്‍വാടിയും അപൂര്‍വരാഗവും ഒരുക്കിത്തന്നിട്ടുള്ള പ്രതീക്ഷയുടെ ഒരു കളമുണ്ട് എന്നോര്‍ക്കണം. ഇപ്പോള്‍ വിതാച്ചാല്‍ ഒരു പക്ഷേ....