Tuesday, April 06, 2010

Article in Kalakaumudi


എ.ചന്ദ്രശേഖര്‍

ലോകത്ത് ഇന്നേവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രം. ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ നിന്ന് നാളിതുവരെയുള്ള എല്ലാ കളക്ഷന്‍ കണക്കുകളെയും നിഷ്പ്രഭമാക്കി നേടിയെടുത്ത ശതകോടികളുടെ വരുമാനം. പൂര്‍ണമായി സ്റുഡിയോയില്‍ ചിത്രീകരിച്ച് കംപ്യൂട്ടര്‍ ഗ്രാഫിക്സിന്റെ വിസ്യിപ്പിക്കുന്ന ദൃശ്യമാസ്മരികതയിലൂടെ ആവിഷ്കരിക്കപ്പെട്ട ത്രിമാനാത്ഭുതം. ടൈറ്റാനിക്കിലൂടെ വിശ്വസംവിധായകനായി വളര്‍ന്ന ജയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ സിനിമ-അവതാര്‍- ഓസ്കറില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്തില്ലെങ്കിലും, അതിനെ വെല്ലുന്ന ബോക്സോഫീസ് പ്രകടനത്തിലൂടെ അതിന്റെ ആഗോളജൈത്രയാത്ര തുടരുകയാണ്. ദക്ഷിണേന്ത്യയില്‍ ഇങ്ങു കേരളത്തില്‍ പോലും ചില പ്രാദേശിക സിനിമകള്‍ക്കും സിനിമാതാരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും പോലും അവതാറിന്റെ ഈ അശ്വമേധത്തില്‍ അസ്വസ്ഥതകളുണ്ടായി എന്നറിയുമ്പോഴെ, പ്രദര്‍ശന വിജയത്തിനുള്ള സകലവിധ സൂത്രവാക്യങ്ങളും ചേരുംപടി ചാലിച്ച ഈ ഹോളിവുഡ് സിനിമ മറ്റു ലോകഭാഷാസിനിമകള്‍ക്കുമേല്‍ നേടിയെടുത്തുകഴിഞ്ഞ സാംസ്കാരികാധിനിവേശത്തിന്റെ വ്യാപ്തിയും ആഴവും വെളിപ്പെടുകയുള്ളൂ.
മലയാളം പോലൊരു ഭാഷാ സിനിമയുടെ മേല്‍, പരിമിത വിഭവവും വിപണിസാധ്യതയും മാത്രമുള്ള പ്രാദേശിക സിനിമാവ്യവസായത്തിനുമേല്‍ അതിനേക്കാള്‍ ആയിരമോ പതിനായിരമോ ഇരട്ടി മുതല്‍മുടക്കും ആര്‍ഭാടവുമായി, അതിനു സ്വപ്നം പോലും കാണാവുന്നതിലുമേറെ ദൃശ്യപ്പൊലിപ്പവുമായി അവതാര്‍ പോലൊരു സിനിമ നേടിയെടുക്കുന്ന സാംസ്കാരിക/ കലാ/ സാങ്കേതിക മേല്‍ക്കോയ്മയെക്കുറിച്ചുള്ള വീണ്ടുവിചാരമല്ല ഈ ലേഖനം. മറിച്ച്, ഹോളിവുഡിലെ സിനിമാ സങ്കല്‍പത്തില്‍, പ്രമേയകല്‍പനകളില്‍ തന്നെ അടിസ്ഥാനപരമായി വന്നുഭവിച്ചിട്ടുള്ള കാതലായ പരിവര്‍ത്തനത്തിലേക്കാണ് ഈ അന്വേഷണം വ്യാപിപ്പിക്കുന്നത്. അതാകട്ടെ, ഹോളിവുഡിനോടൊപ്പം അമേരിക്കയുടെതന്നെ ചരിത്രത്തിലേക്കും, ചരിത്രപരമായി അമേരിക്ക വച്ചുപുലര്‍ത്തുന്ന ഭീതികളുടേയും, ആ ഭീതികളുടെ പേരില്‍ അമേരിക്ക, ഇതര ലോകരാഷ്ട്രങ്ങളുടെ മേല്‍ നടത്തിയ അധിനിവേശങ്ങളുടെയും കോളനിവല്‍കരണങ്ങളുടെയും ചരിത്രത്തിലേക്കുമാണ് വിരള്‍ചൂണ്ടുന്നത്.
ഹോളിവുഡില്‍ നിന്ന് അടവച്ചു വിരിയിക്കുന്ന പതിവ് ആക്ഷന്‍ മസാലകളുടെ സ്ഥിരം ചട്ടക്കൂട്ടില്‍ തന്നെയാണ് അവതാറിന്റെയും രൂപകല്‍പന. വംശീയവും/ സാംസ്കാരികവുമായ കടന്നാക്രമണങ്ങളും അവയുടെ പ്രതിരേധത്തനായി അതതു കാലം അവതരിക്കുന്ന അതിമാനുഷനായകന്മാരും എന്നും ഹോളിവുഡിന്റെ ഇഷ്ടപ്രമേയമായിരുന്നു. സ്റാര്‍കോമിക്സിന്റെ സൂപ്പര്‍ നായകന്മാരായ സൂപ്പര്‍മാനിലും സ്പൈഡര്‍മാനിലും, ഹീമാനിലും തുടങ്ങി ആ നിര പിന്നീട് ഗോളാന്തര സൂപ്പര്‍നായകന്മാരില്‍ എത്തിനില്‍ക്കുകയായിരുന്നു. ഇവയിലെല്ലാം പക്ഷേ, പുറം ലോകത്തു നിന്ന് അമേരിക്ക എന്ന ഏകലോകത്തെ, അല്ലെങ്കില്‍ അമേരിക്ക പ്രതിനിധാനം ചെയ്യുന്ന ഭൂലോകത്തെത്തന്നെ ഭീഷണിയിലാക്കിക്കൊണ്ട് ഒരു അന്യന്‍/അന്യ അവതരിക്കുകയും അവനെ/അവളെ, മാലോകരുടെയെല്ലാം പ്രാര്‍ഥനകളേറ്റുവാങ്ങിക്കൊണ്ട്, ഒരു അമേരിക്കന്‍ നായകന്‍ തുരത്തുകയോ എന്നെന്നേക്കുമായി ഇല്ലാതാക്കുകയോ ചെയ്യുന്നതുമാണ് കഥാവസ്തുവായിട്ടുള്ളത്. എന്തുകൊണ്ടായിരിക്കാം ഇത് എന്നതില്‍ ശ്രദ്ധാര്‍ഹമായ ചില പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. അതിലെല്ലാം വെളിപ്പെട്ടത്, അമേരിക്കയുടെ ചരിത്രപരമായ ഭയങ്ങളും, അതിനു പുതപ്പിടാനുള്ള കലാപരമായ ശ്രമങ്ങളുമാണെന്നതും ശ്രദ്ധേയമാണ്.
സാഹിത്യത്തില്‍ ഐസക് അസിമോവിനുള്ള സ്ഥാനമാണ് ലോകസിനിമയില്‍ സ്റാന്‍ലി ക്യൂബ്രിക്കിന് എന്നു പറഞ്ഞാല്‍ തെറ്റില്ല. തര്‍ക്കോവ്സ്കിയുടെ സ്റാക്കര്‍ പോലുള്ള ചില ശ്രമങ്ങളെ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നതും. സ്റാക്കറിന്റെ ശാസ്ത്രഭാവന എന്നതിലുപരിയുള്ള ദാര്‍ശനികത ഒന്നുകൊണ്ടു തന്നെ അതു തട്ടുപൊളിപ്പന്‍ സയന്‍സ് ഫിക്ഷന്‍/ ആക്ഷന്‍ സിനിമകളുടെ ജനുസ്സില്‍ നിന്ന് സ്വാഭാവികമായി ഉയര്‍ന്നുനില്‍ക്കുന്നു. ദാര്‍ശനികമാനങ്ങളുണ്ടെങ്കിലും ക്യൂബ്രിക്കിന്റെ 2001 എ സ്പേസ് ഒഡീസിക്ക് ഹോളിവുഡ് സയന്‍സ് ഫിക്ഷനുകളുടെ വാര്‍പുമാതൃക എന്ന നിലയ്ക്കാണ് പെരുമകൂടുതല്‍. ക്യൂബ്രിക്കിനു ശേഷം വന്ന ശിഷ്യന്‍ സ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്റെ സ്റാര്‍വാര്സ്, എക്സ്ട്രാ ടെറസ്റ്രിയല്‍-ഇ.ടി, ബാക്ക് ടു ദ ഫ്യൂച്ചര്‍, മെന്‍ ഇന്‍ ബ്ളാക്ക്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഴാങ് ഹോഡര്‍ബര്‍ഗിന്റെ സ്റാര്‍ട്രെക് മൂവി, ജയിംസ് കാമറൂണിന്റെ ടെര്‍മിനേറ്റര്‍ പരമ്പര, ദ ഇന്‍ഡീപെന്‍ഡന്‍സ് ഡേ, ഏലിയന്‍ പരമ്പര, മൈനോരിറ്റി റിപ്പോര്‍ട്ട്, മിഷന്‍ ടു മാഴ്സ്, എക്സ് മെന്‍, ദ് ഡേ ആഫ്റ്റര്‍ ടുമോറോ, സൈന്‍സ്, ദ് ടൈം മെഷീന്‍, ഡൂംസ്ഡേ, അടുത്തകാലത്ത് കോളിളക്കം സൃഷ്ടിച്ച 2012, ഇത്തരം ഹോളിവുഡ് പരികല്‍പനകളെ കണക്കിനു കളിയാക്കിക്കൊണ്ട് മൈക്കല്‍ കീറ്റണ്‍ നിര്‍മിച്ച മാഴ്സ് അറ്റാക്സ്...ഇതൊക്കെയും ഭൂഗോളത്തെ ആക്രമിക്കാനോ കീഴടക്കാനോ എത്തുന്ന അന്യഗ്രഹവാസികളുടെ കഥകളായിരുന്നു. പറക്കും തളികയും അന്യഗ്രഹജീവികളും അന്യമായ അവരുടെ ജീവിതങ്ങളുമെല്ലാം എന്നെന്നും ഹോളിവുഡിന്റെ പ്രിയകഥാവസ്തുവായിരുന്നു.
ഇവയുടെയെല്ലാം പൊതുപ്രമേയം അല്ലെങ്കില്‍ പ്രമേയത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുവരുന്ന കഥാമര്‍മ്മം ഭീതിയാണ്. അന്യഗ്രഹവാസികളില്‍ നിന്ന്/ അന്യനാട്ടുകാരില്‍ നിന്ന്/അന്യ സംസ്കാരത്തില്‍ നിന്ന് അമേരിക്കയ്ക്ക്/അമേരിക്ക പ്രതിനിധാനം ചെയ്യുന്ന ഭൂമിക്ക് ഉണ്ടാവുന്ന ഭീഷണിയുളവാക്കുന്ന ഭയം.അതിമാനുഷവും, ശാസ്ത്രീയമായി പരസഹസ്രവര്‍ഷം മുന്നേറിയ സംസ്കാരത്തില്‍ നിന്ന്/ കേവലം പ്രാകൃതമായ സംസ്കാരത്തിന്റെ കായികശേഷിയില്‍ നിന്ന് ഒക്കെയാണ് ഈ ഭീഷണി എന്നും ഓര്‍ക്കണം. തലയ്ക്കുമുകളില്‍ വന്നുപതിക്കുന്ന അഗ്നിസ്ഫുല്ലിംഗം മുതല്‍, അമേരിക്കന്‍ അഹങ്കാരമായ വൈറ്റ്ഹൌസിനു മുകളില്‍ വന്നു നിശ്ചലമായി ഭീതിയുടെ കാര്‍മേഘങ്ങള്‍ വര്‍ഷിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് ഡേയിലെ അന്യഗ്രഹവാഹനം വരെ പ്രേക്ഷകനിലേക്ക് വിക്ഷേപിക്കാന്‍ ചെയ്യിക്കാന്‍ ശ്രമിച്ചത് കൊടിയ ഭീതിയുടെ ഉള്‍ക്കിടിലമാണ്.
മെട്രിക്സ്, റോബോകോപ്പ്, ഹോളോമാന്‍, ജുറാസിക് പാര്‍ക്ക് തുടങ്ങിയ ശാസ്ത്രകഥാചിത്രങ്ങളും തൊട്ടുണര്‍ത്താന്‍ ശ്രമിച്ചത് മനുഷ്യമനസുകളിലെ ഫ്രാങ്കന്‍സ്റൈന്‍ ഭീതിയെത്തന്നെയാണ്. അസാമാന്യ ശക്തിസൌഭാഗ്യമുള്ള പുരാതനവും നൂതനവുമായ ജീവസൃഷ്ടികള്‍ മുതല്‍ മനുഷ്യനിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള പ്രകൃതിശക്തികളെവരെ ഹോളിവുഡ് ഇത്തരത്തില്‍ ഭീതിയുടെ കാഴ്ചശ്രേണികളിലേക്കു സന്നിവേശിപ്പിച്ചു. ട്വിസ്ററും, എര്‍ത്ത് ക്വേക്കും, സുനാമിയും (സണ്‍ഡേ) അഗ്നിപര്‍വതങ്ങളും, രഹസ്യങ്ങളുടെ ഇരുട്ടുനിലങ്ങളായ കാടകങ്ങളും, ആഫ്രിക്കയും, ഈജിപ്തും, മമ്മികളും, ഭൂത്തുരുത്തുകളും, രക്തദാഹികളായ സ്രാവുകളും മനുഷ്യക്കുരങ്ങും ഇരപിടിയന്മാരുമെല്ലാം ഇത്തരത്തില്‍ ഭീകരപരിവേഷമുള്ള ചലച്ചിത്ര പ്രമേയങ്ങളായി.
എന്നാല്‍, ഇതിലെല്ലാം പൊതുവില്‍ ആരോപിക്കപ്പെടാനാവുന്ന ഒരു അങ്കിള്‍ സാം മനോധാരയുണ്ട്. കോളനിവല്‍കരണത്തിന്റെ അധിനിവേശ ഹുങ്കിന്മേല്‍ ഏര്‍പ്പെടുന്ന ഭീഷണിയും അതിനെ നേരിട്ടു ജയിക്കുന്ന അമേരിക്കന്‍ തന്ത്രജ്ഞതയുമാണ് ഈ മാനസികാവസ്ഥയ്ക്കു പിന്നില്‍. എന്നും അമേരിക്കക്കാര്‍ ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ചില പേടികളുടെ മുള്‍മുനയിലായിരുന്നു. ശീതയുദ്ധത്തിന്റെ ഇരുമ്പുമറയുണ്ടായിരുന്നപ്പോള്‍ റഷ്യ ആയിരുന്നു അവരുടെ ആശങ്കകളുടെ കേന്ദ്രസ്ഥാനം. വീയറ്റ്നാമിനോടു തോറ്റപ്പോള്‍ പിന്നെ അവരോടായി മാറാത്ത പേടി. സെപ്റ്റംബര്‍ 11 നെത്തുടര്‍ന്ന് ശരാശരി അമേരിക്കക്കാരന്റെ സ്വത്വത്തിനു തന്നെ ഭീഷണിയായത് ഇസ്ളാം തീവ്രവാദവും ആക്രമണഭീതിയുമാണ്. ഇതേ പേടിയില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധതന്ത്രംതന്നെയാവണമല്ലോ അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും സൈനികനടപടികളിലേക്ക് അമേരിക്കയെ നയിച്ചതും. മറ്റെല്ലാ ലോകരാഷ്ട്രങ്ങളുടെയും സംരക്ഷണാവകാശത്തിന്റെ ക്വട്ടേഷനെടുത്തിട്ടെന്നപോലെയാണ് അമേരിക്ക ഇവിടങ്ങളിലെല്ലാം തോന്നിയപോലെ കയറി ഇടപെട്ടുകളഞ്ഞത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചവരെ, അമേരിക്കന്‍ പ്രമേയങ്ങളില്‍ നിറഞ്ഞുനിന്നത് തുല്യശ്ക്തിയായ മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ നിന്നുള്ള വിനാശകരമായ ഭീഷണിയായിരുന്നു. ജയിംസ് ബോണ്ട് ചിത്രപരമ്പരയിലെ ഒന്നിലേറെ സിനിമകള്‍ക്ക് റഷ്യന്‍ ഗുഡാലോചനയും വിനാശകരമായ ഭീഷണിയും വിഷയമായിട്ടുണ്ട് എന്നു ശ്രദ്ധിക്കുക. റഷ്യയോടുള്ള ഈ ഉള്‍ക്കിടിലം, അമേരിക്കന്‍ സിനിമകളില്‍ പലരീതിയിലാണ് പ്രതിഫലിച്ചു കണ്ടത്. റഷ്യക്കാരനോ, റഷ്യക്കാരാടു സാമ്യമുള്ളവരോ ആയ വില്ലന്മാരായിരുന്നു അക്കാലത്തെ ഹോളിവുഡ് സിനിമകളിലെങ്ങും. അധികാരത്തിനുവേണ്ടി, ലോകം കൈക്കുമ്പിളിലൊതുക്കാനുള്ള തീവ്രമോഹത്തില്‍ ആന്ധ്യം ബാധിച്ചവരായിരുന്നു അവരിലേറെയും. ഒപ്പം തന്നെ, ഭൂമുഖത്തെ ആരോടും തങ്ങള്‍ക്കു ഭയമില്ലെന്നും ഭൌമേതര സംസ്കാരത്തില്‍ നിന്നുള്ള ഭീതിയെയാണ് തങ്ങള്‍ ഉറ്റുനോക്കുന്നതെന്നും വ്യക്തമാക്കാന്‍ അന്യഗ്രഹവാസികളില്‍ നിന്നുള്ള ഭീഷണികളുടെ കഥകള്‍ക്കും പ്രാധാന്യം നല്‍കുകയായിരുന്നു ഹോളിവുഡ്. ചൊവ്വ അങ്ങനെ ഹോളിവുഡ് സയന്‍സ് ഫിക്ഷനുകളുടെ ഒരു സ്ഥിരം അച്ചുതണ്ടാശ്രയമായി. സാങ്കേതികമായി മനുഷ്യവര്‍ഗത്തേക്കാള്‍ ബഹുകാതം മുന്നേറിയവരായി ആവിഷ്കരിക്കപ്പെട്ട അന്യഗ്രഹജീവികള്‍ക്കു പക്ഷേ പ്രത്യക്ഷത്തില്‍ത്തന്നെ അമേരിക്കക്കാരെ അപേക്ഷിച്ച പല പ്രാകൃതത്വവും കനിഞ്ഞുചാര്‍ത്തപ്പെട്ടു. സാംസ്കാരികവും സാമൂഹികവുമായ പ്രാകൃതത്വം പലപ്പോഴും ആധുനികജീവിതത്തിനു വിരുദ്ധമായിട്ടാണു ചിത്രീകരിച്ചിരുന്നതും.
ഭുമിക്കുമേല്‍, ഭുമിയിലെ ജീവജാലങ്ങള്‍ക്കുമേല്‍, അമേരിക്കയ്ക്കുമേല്‍ അശനിപാതം കണക്കെ വന്നുപതിക്കുന്ന ഭീഷണികളുടെ ഭയപ്പാടുകളും അവയെ സധൈര്യം നേരിട്ടു വിജയം വരിക്കുന്ന സാധാരണക്കാരനായ സൈനികന്‍ (ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ)/ ശാസ്ത്രജ്ഞന്‍ (2012) മുതല്‍ അമേരിക്കന്‍ പ്രസിഡന്റുവരെ (ഇന്‍ഡിപെന്‍ഡന്‍സ് ഡേ/എയര്‍ഫോഴ്സ് വണ്‍) രക്ഷകാവതാരങ്ങളുമൊക്കെയാണ് ഹോളിവുഡ് മുഖ്യധാര പ്രണയപൂര്‍വം പരിലാളിച്ച സിനിമകളിലേറെയും പ്രമേയമാക്കിയത്. ഇതെല്ലാം ശീതയുദ്ധക്കാലത്തോ, വീയറ്റ്നാം അടക്കമുള്ള പിന്നാക്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധങ്ങളുടെ കാലഘട്ടത്തിലോ ആയിരുന്നെന്നതും ഓര്‍ക്കേണ്ടതുണ്ട്.സ്വാഭാവികമായി ലോകരക്ഷകസ്ഥാനത്ത് ആപല്‍ബാന്ധവാവതാരമായി അമേരിക്കയെ സ്വയം ഉപവിഷ്ഠമാക്കുകയായിരുന്നു ഈ സിനിമകളുടെ രാഷ്ട്രീയലക്ഷ്യം. ഒപ്പം ഏതുവിധ ഭീഷണികളുണ്ടായാലുംശരി അതിനെയെല്ലാം തൃണവല്‍ക്കരിച്ച് അമേരിക്ക അന്തിമവിജയം ഉറപ്പാക്കുമെന്ന ധാരണ ലോകപ്രേക്ഷകരിലും വിശേഷ്യാ അമേരിക്കന്‍ പ്രേക്ഷകരിലും ആവര്‍ത്തിച്ചുറപ്പിക്കേണ്ടതും ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ഭൌമേതര ശത്രുക്കളായി പ്രസ്തുത കഥാചിത്രങ്ങളിലെല്ലാം അസുരഭാഗത്ത്. ദേവഭാവത്തില്‍ അമേരിക്കന്‍ നായകനും!
ശീതയുദ്ധാനന്തരം, സെപ്റ്റംബര്‍ പതിനൊന്നും കഴിഞ്ഞ് ഇറാക്കിനെയും അഫ്ഗാനെയും നിലംപരിശാക്കിക്കഴിഞ്ഞപ്പോള്‍ അമേരിക്കയ്ക്കിപ്പോള്‍ പ്രത്യക്ഷത്തില്‍ തുല്യശക്തിയുളള ശത്രുക്കളായി പരിഗണിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ട്. ചൈനയേയും ഇന്ത്യയേയും കൊറിയയേയും ഇറാനെയുമെല്ലാം ഭയക്കുന്നു എന്നു ധരിപ്പിക്കുന്നുണ്ടെങ്കിലും അവിടെയെല്ലാം ഒരുതരം നയതന്ത്രത്തോടെയുള്ള അഴകൊഴമ്പന്‍ സമീപനത്തിലാണ് യു,എസ്. പ്രത്യക്ഷത്തില്‍ ആരെയും ഭയമില്ലാത്ത/ ഭയക്കേണ്ടതില്ലാത്ത അവസ്ഥ. ഈ അവസ്ഥാന്തരത്തിന്റെ പ്രതിഫലനമാണ് ജയിംസ് കാമറൂണിന്റെ അവതാറില്‍ കാണാനാവുന്നതും.
അന്യരിലും അപരിചിതരിലും നിന്ന് ഭുമിക്കു നേരിടേണ്ടി വന്ന ഭീഷണി, അന്യ നാടുകളില്‍ നിന്നു സൈനികമായും കായികമായും നേരിടേണ്ടി വരുന്ന ഭീഷണികള്‍. ലോകം മുഴുവന്‍ പരോക്ഷമായും സാസ്കാരികമായെങ്കിലും കോളനിയാക്കിവച്ചിരിക്കുന്ന അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ കഥയ്ക്കിനി പ്രസക്തി ലേശവുമില്ല. അതെല്ലാം കേവലം പഴമ്പുരാണങ്ങള്‍മാത്രം. സാംസ്കാരികവും സാമൂഹികവുമായ അധിനിവശകീഴ്പ്പെടുത്തലുകളുടെ നവകോളനീവല്‍കരണകാലഘട്ടത്തില്‍ അമേരിക്കയ്ക്കിപ്പോള്‍ പേടി ഭൂമിയിലെതന്നെ ശത്രുക്കളെയോ, ഭൌമേതരതലങ്ങളില്‍ നിന്ന് നമ്മെ കീഴ്പ്പെടുത്താനെത്തുന്ന ഏതെങ്കിലും വിദേശഗ്രഹവാസികളേയോ അല്ല. മറിച്ച്, നാം കീഴ്പ്പെടുത്തി, ചൂഷണം ചെയ്യാന്‍ പടപ്പുറപ്പെടുന്ന അന്യഗ്രഹങ്ങളിലെ തദ്ദേശവാസികളുടെ പ്രതിരോധത്തിന്റെ തീവ്രരോദനങ്ങളാണ്; നിലനില്‍പിനായുള്ള അവരുടെ ജീവന്മരണ പോരാട്ടങ്ങളാണ്, ഹോളിവുഡിന്റെ പുതിയവിഷയം. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് അവതാര്‍. മുമ്പ്, അല്‍പം വളച്ചുകെട്ടി, മൂടിയും പൊതിഞ്ഞും പറഞ്ഞിരുന്ന പലതും പച്ചയ്ക്ക് ഉറക്കെത്തന്നെ പറയുകയാണ് അവതാര്‍.
അവതാറിലും, ഭൂമിയില്‍ നിന്നുള്ള മനുഷ്യരുടെ ശത്രുപക്ഷത്ത് അന്യഗ്രഹവാസികളാണ്. പക്ഷേ ഇവിടെ ചില വ്യത്യാസങ്ങളുണ്ട്. ഒന്നാമതായി അവര്‍ ഭൂമിയേയോ ഭൂവാസികളേയോ ആക്രമിക്കുകയോ ആക്രമണഭീഷണിയുളവാക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ഭൂമിയില്‍ യാതൊന്നും ശേഷിപ്പില്ലാത്തവണ്ണം വെറും മണ്ണായി മാറിയപ്പോള്‍ വിദൂരാകാശത്തെങ്ങോ കണ്ടെത്തിയ പാന്‍ഡോര എന്ന ഹരിതഗ്രഹത്തിലെ ധാതുലവണങ്ങള്‍ക്കും പരിസ്ഥിതിക്കുമായി അവിടെ ആധിപത്യം സ്ഥാപിക്കാന്‍ മുതിരുന്ന ഭൂവാസികള്‍ക്ക് അവിടത്തുകാരില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധം മാത്രമേ നേരിടേണ്ടി വരുന്നുള്ളൂ. പ്രത്യക്ഷത്തില്‍ ഈ സിനിമയിലെ അസുരവേഷം മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ഈ ഗോളാന്തരാധിനിവേശ ദൌത്യം ഏറ്റെടുത്തിട്ടുള്ള അമേരിക്കന്‍ സൈന്യത്തിനും കമ്പനിക്കുമാണ്. പാന്‍ഡോരയിലെ അമൂല്യമായ ധാതുനിക്ഷേപത്തിനായി അവിടത്തെ അസുലഭമായ പരിസ്ഥിതിയെ, അഭൌമമായ ഹരിതകത്തെ, പ്രകൃതിയുമായി ഇടംപിണഞ്ഞുള്ള അവിടത്തെ ജൈവാവസവ്യവസ്ഥിതിയെത്തന്നെ തച്ചുതകര്‍ക്കാന്‍ തുനിയുന്ന ഭുമിയില്‍നിന്നുള്ള മനുഷ്യരാണ് അവതാറിലെ പ്രതിനായകര്‍. നായകത്വസ്ഥാനത്തോ പാവം ഗോത്രജീവികളും. പുതിയ ലോകവ്യവസ്ഥയില്‍ ഇതൊരു ആരോഗ്യകരമായ പരിവര്‍ത്തനമായി തെറ്റിദ്ധരിക്കും മുമ്പ്, അവതാറിനു പിന്നിലെ മറ്റു ചില താല്‍പര്യങ്ങള്‍ കൂടിയൊന്നു നോക്കിയേക്കാം.
ഇറാക്കില്‍ സംഭവിച്ചതുതന്നെയാണ് മറ്റോര്‍ഥത്തില്‍ അവതാറിലെ പാന്‍ഡോറയില്‍ സംഭവിക്കുന്നതും. അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കപ്പെടാന്‍ അവിടങ്ങളില്‍ അധിനിവേശത്തിന്റെ രാഷ്ട്രീയം കളിക്കുകയായിരുന്നല്ലോ യു.എസ്. ഒടുവില്‍, അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പ്രസിഡന്റ് ബുഷിനെതിരേ (അദ്ദേഹത്തിന്റെ സ്വാഭാവികമായ ഭരണകാലഘട്ടത്തിന്റെ അസ്തമയത്തോടടുത്തുമാത്രം) ചില വെളിപ്പെടുത്തലുകളും പ്രതിരോധങ്ങളും. ഇറാക്കിനോടു കാട്ടിയ വിവേചനങ്ങളുടേയും മനുഷ്യാവകാശനിഷേധങ്ങളുടെയും കറുത്ത കഥകള്‍.... ഇവയെല്ലാം വെളിപ്പെടുത്തിയത് അമേരിക്കക്കാര്‍ തന്നെയായിരുന്നു. ഈ വൈരുദ്ധ്യം തന്നെയാണ് പാന്‍ഡോറയിലെ പാവത്തുങ്ങളായ ഗോത്രസമൂഹത്തിന്റെ രക്ഷയ്ക്കായി അവരുടെ ജൈവവേഷം ക്ളോണിങ്ങിലൂടെ കടം കൊണ്ട അമേരിക്കന്‍ സഹയാത്രികള്‍ തന്നെയായി മാറുന്നതിലൂടെയും പ്രതിഫലിക്കുന്നത്. ശിക്ഷകന്‍/ ചൂഷകന്‍ തന്നെ രക്ഷകനായി പുനരവതരിക്കുന്ന ഈ ഹോളിവുഡ് ഫോര്‍മുലയിലാണ് അധിനിവേശ രാഷ്ട്രീയത്തിന്റെ കാണാച്ചുഴികള്‍. ഒരു ദേശത്തിന്റെ സ്വയം പ്രിതിരോധങ്ങള്‍ക്കും അപ്പുറത്താണ് തങ്ങളുടെ സ്വാധീനവും ബലവുമെന്ന അമേരിക്കയുടെ ഹുങ്കാണ് അവതാറിലൂടെ അരക്കിട്ടുറപ്പിക്കപ്പെടുന്നത്. മറിച്ച് വിരുദ്ധസ്വരം പോലും തങ്ങളില്‍ നിന്നേ ഉണ്ടാവൂ എന്ന ധാര്‍ഷ്ട്യവും അവതാര്‍ പങ്കുവയ്ക്കുന്നു. നമ്മുടേതെല്ലാം നഷ്ടപ്പെട്ടാലും എരിഞ്ഞു തീര്‍ന്നാലും ഇനിയും അനാഘ്രതമായിട്ടുള്ള ഹരിതകങ്ങളെ എത്രവേണമെങ്കിലും കീഴടക്കാനാകുമെന്നും അതിനു പ്രിതിരോധം നിര്‍മിക്കാന്‍ തങ്ങളിലൊരാള്‍ക്കല്ലാതെ മറ്റാര്‍ക്കുമാവില്ലെന്നുമുള്ള ആത്മവിശ്വാസമാണ് അവതാര്‍ അമേരിക്കയ്ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട അവതാറിന്റെ ദാര്‍ശനിക മാനങ്ങളും കേവലം ഉപരിപ്ളവമായ ജാഡകളാണെന്നതാണു വാസ്തവം. ഇന്ത്യയോട് വെള്ളക്കാരന് എന്നുമുണ്ടായിട്ടുള്ള മിസ്റിക്ക് ആകര്‍ഷണം മാത്രമാണ് ഈ കപട ദാര്‍ശനികതയ്ക്കു പിന്നില്‍. ഇന്ത്യക്കാരെന്നാല്‍ പാമ്പാട്ടികളെന്നും വനവാസികളെന്നും ആനകേറികളെന്നുമെല്ലാമുള്ള പരമ്പരാഗത പാശ്ചാത്യ കാഴ്ചപ്പാടുകളുടെ പിന്തുടര്‍ച്ച മാത്രമാണ് അവതാര്‍. നീലവര്‍ണക്കാരായ ഗോത്രസമൂഹവും അവയ്ക്ക് രാമായണത്തിലെ വാനരന്മാരോടുള്ള സാമ്യവും, പുനര്‍ജ്ജനിയെപ്പറ്റിയുള്ള ഭാരതീയമായ പരികല്‍പനയും, പരകായപ്രവേശസങ്കല്‍പവും, ജീവവൃക്ഷവും,പ്രകൃതിയെ അമ്മയായി, ദേവിയായി കല്‍പിച്ചാരാധിക്കുന്ന പൌരസ്ത്യവീക്ഷണവും സര്‍വോപരി അവതാര്‍ എന്ന പേരും എല്ലാം ചേര്‍ന്ന് ചത്രത്തിനു നല്‍കുന്ന പൌരസ്ത്യ വേദച്ഛായ വ്യാജമാണെന്നും, വിപണി ലാക്കാക്കിയുള്ള കേവലും സാംസ്കാരിക ചൂഷണമാണെന്നും തിരിച്ചറിയാതെ പോകുന്നിടത്താണ് അവതാര്‍ വന്‍ വിജയമാകുന്നത്. ഇവിടെ, ചൂഷകര്‍ വീണ്ടും ചൂഷകരുടെ അവതാരമെടുക്കുന്നു. വീണ്ടും വീണ്ടും വിഡ്ഢികളാക്കപ്പെട്ട ചൂഷിതര്‍ ചൂഷിതരുടെ അവതാരത്തിലും ഒതുങ്ങുന്നു. സംഭവാമി, യുഗേ യുഗേ!

3 comments:

Sapna Anu B.George said...

Good one Chandra

Vaishnavi Nair said...

You have another follower now!

Vaishnavi

Roby said...

അബദ്ധങ്ങളുടെ ഘോഷയാത്രയാണല്ലോ..!