Friday, February 05, 2010

ചലച്ചിത്രവിവാദങ്ങളിലെ കോര്‍പറേറ്റ് ബാധ!

എ.ചന്ദ്രശേഖര്‍
വിവാദങ്ങളുടെ മഹാപ്രളയവുമായി ഒരു ദേശീയ ചലച്ചിത്ര പുരസ്കാരപ്രഖ്യാപനം കൂടി സംഭവിക്കുമ്പോള്‍ അവാര്‍ഡുകളുടെ നാലയല്‍പക്ക പരിസരത്തുപോലും അടുക്കാന്‍ പറ്റാത്തതിലുള്ള ഖിന്നതയിലാണ്ടു മലയാളിയും മലയാള സിനിമയും. നഷ്ടപ്രതാപത്തിന്റെ പ്രഭുത്വസ്മരണകളില്‍ അഭിരമിച്ച് കാലം കഴിക്കെ, കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് അറിയാതെ പോയ മലയാള സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഭിച്ച ഷോക്ക് ചികിത്സ തന്നെയായിരുന്നു ദേശീയ അവാര്‍ഡ്. പുതിയ തലമുറ പ്രേക്ഷകന്റെ മനസ്സറിയാതെ പോയതിനും അവന്റെ രുചി-അഭിരുചികള്‍ ഉള്‍ക്കൊള്ളാനാവാതെപോയതിനും മലയാള സിനിമ നല്‍കേണ്ടി വന്ന പ്രായശ്ചിത്തമായി ദേശീയ തലത്തിലെ ഈ തിരിച്ചടിയെ കണക്കാക്കുന്നവരുണ്ട്. തീര്‍ച്ചയായും ഇതൊരു വഴിതെറ്റിയ നിരീക്ഷണമല്ല തന്നെ.
മറിച്ച്, പുറത്തൊന്നും അകത്തൊന്നും മനഃസ്ഥിതികള്‍ വച്ച് ആരെല്ലാമോ ആര്‍ക്കെല്ലാമോ നേരെ തൊടുത്തുവിട്ട പ്രതികാരാസ്ത്രങ്ങളായി ഈ അവാര്‍ഡ് നിര്‍ണയത്തെ കരുതുന്നവരും കുറവല്ല. വാദവിവാദങ്ങളുടെ നെല്ലും പതിരും വേര്‍തിരിക്കുക ഈ കുറിപ്പിന്റെ ദൌത്യമല്ലാത്തതിനാല്‍ ആ വശം വിടുന്നു. പകരം അവാര്‍ഡ് നിര്‍ണയത്തെ സംബന്ധിക്കുന്ന ചില വസ്തുതകള്‍, ചില കോമണ്‍ ഫാക്ടര്‍, അവ യാതൊരു വ്യക്തിഗത വീക്ഷണങ്ങളുടെ ഏച്ചുകെട്ടലും കൂടാതെ, വസ്തുനിഷ്ഠമായി തന്നെ വായനക്കാര്‍ സമക്ഷം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം. വായിക്കുക. സ്വയം വിശകലനം ചെയ്യുക. അന്തിമനിഗമനം വായനക്കാരുടേതാണ്.
പുരസ്കാരാര്‍ഹമായ മറാത്തി ചിത്രം (മറാത്തി സിനിമകള്‍ ദേശീയ തലത്തില്‍ സ്വത്വം ഉറപ്പിക്കുന്നു എന്ന സൂചനയുമായാണ് അവാര്‍ഡിന്റെ മുന്‍നിരയിലെത്തിയത്, ഇക്കുറി.പ്രസ്തുത ചിത്രം നിര്‍മിച്ചത് ഓഹരിരംഗത്തെ അതികായരിലൊരാളായ ആശിഷ് ഭട്ട്നഗറും സ്വകാര്യ ബാങ്കറായ ശ്രീപാല്‍ മൊറാക്കിയയും ചേര്‍ന്നു രൂപം നല്‍കിയ ലിമിറ്റഡ് കമ്പനിയായ ഐ ഡ്രീം പ്രൊഡക്ഷന്‍സാണ്. മണ്‍സൂണ്‍ വെഡ്ഡിംഗ്, ബെന്‍ഡിറ്റ് ലൈക്ക് ബെക്കാം തുടങ്ങിയ പാന്‍-ഇന്ത്യന്‍ സിനിമകളുടെ വിതരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കോര്‍പറേറ്റ് സ്ഥാപനം.
മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഫാഷനിലെ അഭിനയത്തിനാണ് പ്രിയങ്ക ചോപ്ര മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. സഹനടിക്കുള്ള അവാര്‍ഡും ഇതേ ചിത്രത്തിലൂടെയാണ് കങ്കണ റാവത് നേടയിത്. ഫാഷന്റെ നിര്‍മാതാവ് ഒരു വ്യക്തിയല്ല. സംവിധായകനും കോര്‍പറേറ്റ് സിനിമനിര്‍മാതാക്കളില്‍ പ്രമുഖരായ റോണി സ്ക്രൂവാല നേതൃത്വം നല്‍കുന്ന യു.ടി.വിയും സംയുക്തമായാണ് ഈ സിനിമ നിര്‍മിച്ചത്.
അഷുതോഷ് ഗൌരീക്കറിന്റെ ജോധാ അക്ബര്‍ എന്ന ബഹുകോടി സിനിമയുടെ നിര്‍മാണ പങ്കാളിയായുമായിരുന്നു യു.ടി.വി.മാത്രമോ, മികച്ച ജനപ്രിയ സിനിമയായി തെരഞ്ഞെടുക്കപ്പെട്ട എ വെഡ്നസ്ഡേയുടെയും നിര്‍മാതാക്കള്‍ യു.ടി.വി തന്നെയായിരുന്നു.
തിരുവനന്തപുരം ചലച്ചിത്രമേളയുടെ മുന്‍വര്‍ഷത്തെ ഏറ്റവും ആര്‍ദ്രമായ സാന്നിദ്ധ്യമായിത്തീര്‍ന്ന, നന്ദിതാ ദാസിന്റെ ആദ്യ സംവിധാനസംരംഭമായ ഫിറാഖ്, പ്രതിബദ്ധതയുടെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നുവെന്നത് നിസ്തര്‍ക്കമായ വസ്തുതമാത്രം. എന്നാല്‍ അതോടൊപ്പം തള്ളിക്കളയാനാവാത്ത സത്യമാണ് ഫിറാഖ് നിര്‍മിച്ചത് കോര്‍പറേറ്റ് സ്ഥാപനമായ പെര്‍സെപ്റ്റ് മോഷന്‍ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എന്നത്.
ഈയിടെ, ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ഉയര്‍ന്നുകേട്ട ഒരു വിവാദത്തിലേക്കു ശ്രദ്ധക്ഷണിച്ചുകൊണ്ട് ഈ വസ്തുതാവിവരണം അവസാനിപ്പിച്ചുകൊള്ളട്ടെ. കോര്‍പറേറ്റ് നിര്‍മിതിയായതുകൊണ്ടാണു തന്റെ സിനിമയായ കുട്ടിസ്രാങ്ക് തിരുവനന്തപുരം ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്താതതെന്നും, തന്റെ സിനിമയ്ക്കും കോര്‍പറേറ്റ് നിര്‍മാതാക്കള്‍ക്കുമെതിരേ ചലച്ചിത്ര അക്കാദമിയിലെ ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നുവെന്നുമുള്ള വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിന്റെ ആരോപണമായിരുന്നു അന്നത്തെ വിവാദം. സിനിമയിലെ കോര്‍പറേറ്റ് ബാധ ഗോവകൊണ്ടും അവസാനിക്കുന്നില്ലെന്നാണോ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തെളിയിക്കുന്നത്? ഏതായാലും ഈ രണ്ടു വിവാദങ്ങളിലും ഷാജി എന്‍. കരുണ്‍ എന്നൊരു കേന്ദ്രബിന്ദു ഉണ്ടായത് തികച്ചും യാദൃശ്ചികം മാത്രമാണെന്നു വിശ്വസിക്കാം.

No comments: