Saturday, January 09, 2010

ഇനിയും സ്വര്‍ഗമുണ്ടാകും

ലയാള സിനിമയ്ക്കുമുന്നില്‍ വിജയത്തിന്റെ സ്വര്‍ഗവാതിലുകള്‍ ഇനിയും തുറന്നേക്കും എന്ന സൂചന നല്‍കുന്നതാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ്. റോഷന്‍ ആന്‍ഡ്രൂസിന്റേതെന്നോ, മോഹന്‍ലാലിന്റേതെന്നോ പറയുന്നതിനുമുമ്പ് ഈ സോദ്ദേശ്യസിനിമയുടെ പിതൃത്വത്തിനുമേല്‍ ഒരവകാശിയുണ്ടെങ്കില്‍, ആത്മാര്‍ഥതയോടെ പറഞ്ഞാല്‍ അത് ജയിംസ് ആല്‍ബേര്‍ട്ടാണ്. നൂറുക്കുനൂറും ഇതൊരു തിരക്കഥാകൃത്തിന്റെ സിനിമയാണ്. ഒരു സിനിമ സംവിധായകനെ അപേക്ഷിച്ച് തിരക്കഥാകൃത്തിന്റേതാണെന്നു പറയേണ്ടി വരുന്നതിലെ മാധ്യമപരമായ പാമതരത്വം ഓര്‍ക്കാതെയല്ല ഈ വിലയിരുത്തല്‍. എന്നാല്‍ കഥയില്ലായ്മയുടെ നരകവാതിലില്‍ ഉര്‍ധ്വന്‍ വലിക്കുന്ന മലയാള സിനിമയില്‍ ഒരല്‍പം കഥ ബാക്കിയാക്കി പോകുന്ന ജയിംസ് ആല്‍ബര്‍ട്ടുമാരെ കണ്ടില്ലെന്നു വയ്ക്കരുതല്ലോ എന്നു കരുതുകയാണ്. കാരണം ഇവിടം സ്വര്‍ഗ്ഗമാക്കേണ്ടത് ജയിംസുമാരെപ്പോലുള്ള കാമ്പുള്ള എഴുത്തുകാരാണ്. അവരുടെ കരുത്തുള്ള പ്രമേയങ്ങളുടെ വിളനിലങ്ങളിലേ റോഷന്‍ ആന്‍ഡ്രൂസുമാരെ പോലുള്ളവര്‍ക്ക സിനിമയെന്ന ജൈവകൃഷി വിതച്ച് വിജയകരമായി കൊയ്യാനാവൂ. പ്രമേയപരമായി, യെസ് യുവര്‍ ഓണര്‍ പോലെ, റോഷന്റെ തന്നെ ആദ്യചിത്രമായ ഉദയനാണു താരത്തിന്റെ രണ്ടാം ഭാഗം പോലെ ഒരുപാടു സിനിമകളുമായി സാമ്യമുണ്ടെങ്കിലും, എല്ലാ സോദ്ദേശ്യസിനിമകളിലുമെന്നാേേണം, നീണ്ട ബോധവല്‍കരണങ്ങളുടെ ജഡിലത ഉണ്ടെങ്കിലും, നിര്‍വഹണത്തിലെ, ആവിഷ്കരണത്തിലെ വ്യതിരിക്തത ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയെ ഭേദപ്പെട്ട ഒരു രചനയാക്കിമാറ്റുന്നു. പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യപരിചരണം മാത്രം നല്‍കാന്‍ കാട്ടിയ കൈയൊതുക്കവും മിതത്വവുമാണ് റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന് ഈ സിനിയുടെ പേരില്‍ നല്‍കേണ്ട വലിയ കയ്യടിക്കു കാരണമാവുക. പാട്ടും, അനാവശ്യ സംഘട്ടനരംഗങ്ങളും തുടങ്ങി എല്ലാ ചേരുവകള്‍ക്കും യഥേഷ്ടം അവസരങ്ങളുണ്ടായിരുന്നിട്ടും, അവ വേണ്ട എന്നു വയ്ക്കാന്‍ കാട്ടിയ ചങ്കൂറ്റമാണ് റോഷനെ സമകാലിക യുവ സംവിധായകരില്‍ വകതിരിവുള്ളവനാക്കുന്നത്. അനേകം അതിമാനുഷ ജാക്കിമാരുടെയും മാലാഖമാരുടെയും അതിദാരുണമായ വീഴ്ചകള്‍ക്കും അവ നല്‍കിയ തിരിച്ചടികള്‍ക്കും ശേഷം, കപടസ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലിറങ്ങി, നിലം തൊട്ടുനിന്ന് അഭിനയിച്ചിട്ട്, ഇവിടം സ്വര്‍ഗമാണ് അന്യഭാഷാ അവതാരങ്ങളുടെ വര്‍ണ്ണപ്പകിട്ടുകള്‍ക്കുമുന്നില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അസ്വസ്ഥനായത് സ്വാഭാവികം. എന്നാല്‍ ആ ആശങ്കകള്‍ക്ക് യാതൊരു കാര്യവുമില്ല. കാരണം, കൂണുപോലെ വര്‍ധിക്കുന്ന പച്ചക്കറി വിലമറന്ന്, ഏതോ രാഷ്ട്രീയക്കാരന്‍റെ ലൈംഗികജീവിതത്തിലേക്കു ഒളിച്ചു നോക്കാനും, ആ ഒളിച്ചുനോട്ടത്തിനെതിരേ പ്രതികരിച്ച സഖറിയയെപ്പോലുള്ള തിരിച്ചറിവുളള പൌരനുനേരെ കയ്യൂക്കുകാട്ടാനുമുള്ള ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും പ്രദര്‍ശിപ്പിക്കുന്നിടത്തോളം മാത്രം മാനസിക പക്വത നേടിയ മലയാളി, ഇന്നല്ലെങ്കില്‍ നാളെ ഈ സ്വര്‍ഗത്തെ തിരിച്ചറിയുക തന്നെ ചെയ്യും. ഏതായാലും എണ്ണമറ്റ എയ്ഞ്ചല്‍ ജോണ്‍മാര്‍ക്കിടെ ഇത്തരം ചില സ്വര്‍ഗങ്ങള്‍ മാത്രമേ, താരപരിവേഷത്തിനപ്പുറം നടനും ഗുണമായിരിക്കൂവെന്നത് പരമാര്‍ഥം.

2 comments:

  1. ജൈവകൃഷിയായാലും രാസവളകൃഷിയായാലും സിനിമ നന്നായാല്‍ മതി.

    ReplyDelete