മനുഷ്യാവസ്ഥകള്‍ക്ക് ലോകമെമ്പാടും വര്‍ഗഭേദങ്ങളില്ല-മനുഷ്യരുടെ ദുരന്താനുഭവങ്ങള്‍ക്കും. കയ്യൂക്കുള്ളവന് ദുര്‍ബലനു മേല്‍ അധിനിവേശം സ്ഥാപിക്കും. അധികാരം പാവപ്പെട്ടവനുമേല്‍ ആധിപത്യം ഉറപ്പാക്കും. ചൂഷിതന് കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടും. ഭൌതികമായി വാസ്തൂഹാരകളാക്കപ്പെട്ടവര്‍, മാനസികമായും വൈകാരികമായും അപഹരിക്കപപ്പെട്ടവരാക്കപ്പെടുന്നു. അധിനിവേശത്തിന്റെ ഇരകളുടെ മേല്‍ തീവ്രവാദികള്‍ വിത്തുകള്‍ പാകുന്നു. എന്നാല്‍ മതാന്ധതയുടെ, വിഭാഗിയതയുടെ, ബീജാവാപം നടത്തി ഭീകരവാദത്തിന് വളംവയ്ക്കുന്ന നേതാക്കളെല്ലാം അവസാനം ഒരു ഡിപ്ളോമാറ്റിക് പാസ്പോര്ട്ടില് സ്വയം സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു. അധിനിവേശഭീകരതയുടെ, അതിനെ ചെറുക്കാനെന്ന പേരില്‍ വളര്‍ന്നു തഴയ്ക്കുന്ന ഭീകരവാദത്തിന്റെ അരാജകത്വത്തിനൊടുവില്‍ നഷ്ടങ്ങള്‍ മാത്രം ബാക്കിയാകാന്‍ വിധിക്കപ്പെടുന്ന പാവം മനുഷ്യരുടെ വേപഥുക്കളോടെയാണ്് ഇക്കുറി കേരളത്തിന്റെ പതിനാലാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരശ്ശീലയുയരുക. യുദ്ധാനന്തര ഇറാക്കില്‍, കുര്‍ദ്ദിഷ് തീവ്രവാദികള്‍ക്കായുള്ള അമേരിക്കന്‍ സേനയുടെ മിന്നല്‍പരിശോധനയില്‍ നിലംപരിശാക്കപ്പെടുന്ന ഒരു പാവം ഗ്രാമീണ കുടുംബത്തില്‍ നിന്നാണ് എ സ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്നസ് -തമസിലേക്കുള്ള പടവ്- ആരംഭിക്കുന്നത്.അവ്നി ഓസ്ഗുറലിന്റെ സ്ക്രിപ്റ്റില്‍ അടില് ഇനാക്ക് സംവിധാനം ചെയ്ത ടര്‍ക്കിഷ് സിനിമ. കുടുംബം നാമാവശേഷമായ ശേഷം കിര്‍ക്കുക്കിലുള്ള തന്റെ ഒരേയൊരു സഹോദരനെ തേടി എല്ലാം നഷ്ടപ്പെടുത്തിയും നഷ്ടപ്പെട്ടുമുള്ള യുവതിയായ സെന്നറ്റിന്റെ യാത്രയാണ് സിനിമയുടെ കാതല്‍.അസീസ് ഇമാമൊഗ്ളുവിന്റെ ക്യാമറ സൃഷ്ടിക്കുന്ന കവിതാസമാനമായ ഫ്രെയിമുകളില്‍ വിരിയുന്ന മനുഷ്യന്റെ ക്രൌര്യവും, നിസ്സഹായാവസ്ഥയും അമ്പരപ്പിക്കുന്നതും, പേടിപ്പെടുത്തുന്നതുമാണ്. ഒരു സ്ഫോടനത്തില്‍ പരുക്കേറ്റ ആങ്ങള തുര്‍ക്കിയിലാണെന്നറിഞ്ഞ് അങ്ങോട്ടേക്ക് അതിസാഹസികമായി പുറപ്പെടുന്ന അവള്‍ക്ക് സ്വന്തം സ്വത്വത്തെ, ചാരിത്യ്രത്തെ എല്ലാം പണയപ്പെടുത്തേണ്ടി വരുന്നു. ആത്മഹത്യാശ്രമത്തിനിടെ ചെന്നുപെടുന്ന ഭീകരപ്രവര്‍ത്തകരുടെ സംഘത്തില്‍ കുടുങ്ങുന്ന അവള്, തന്റെ സഹോദരന് കൊല്ലപ്പെട്ടുവെന്നു തെറ്റിദ്ധരിക്കപ്പെടുകയാണ്. അതിന്റെ പ്രതികാരമായി അമേരിക്കന്‍ എംബസിക്കുമുന്നില്‍ മനുഷ്യബോംബാവാന്‍ ഒരുക്കുകയാണ് സെന്നറ്റിനെ അവര്‍. പാഴായിപ്പോകുന്ന ആ ശ്രമത്തിനൊടുവില്‍, പൊട്ടാത്ത ബോംബ് ഒരു പൊതുകക്കൂസില്‍ ഉപേക്ഷിച്ച് അലക്ഷ്യമായി തെരുവിലലയുന്ന അവള്‍ക്കു മുന്നിലൂടെ തിരക്കില്‍ അവളാല്‍ തിരിച്ചറിയപ്പെടാതെ നടന്നു മറയുന്നത്, വികലാംഗനായി മാറിയ അവളുടെ സഹോദരനാണ്. അപ്പോള്‍, വിമാനത്താവളത്തില്‍ ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ടുമായി രക്ഷപ്പടാന്‍ ക്യൂ നില്‍ക്കുകയാണ് അവളെ തീവ്രവാദത്തിലേക്കു നയിച്ച നേതാവ്.
സമീപനത്തിലും ദൃശ്യപരിചരണത്തിലും ശരാശരിയിലും മുകളില്‍ നില്‍ക്കുന്നതാണെങ്കിലും, തമസിലേക്കുള്ള പടവ് ഒരു അത്യസാധാരണ സിനിമയല്ല. ടര്‍ക്കിയില്‍ നിന്നു തന്നെ വന്ന് പോയ വര്‍ഷം ചലച്ചിത്രമേളയില്‍ പ്രേക്ഷകഹൃദയം കവര്‍ന്ന ഹുസൈന് കരാബെയുടെ മൈ മര്‍ളന്‍ ആന്‍ഡ് ബ്രാന്‍ഡോ എന്ന സിനിമയുമായി പ്രമേയ-ഘടനാതലങ്ങളില്‍ തമസിലേക്കുള്ള പടവിനുള്ള സാമ്യം യാദൃശ്ചികമെങ്കിലും ആവര്‍ത്തനവൈരസ്യമുളവാക്കുന്നതാണ്.ഒരുപക്ഷേ അധിനിവേശവിരുദ്ധ/തീവ്രവാദവിരുദ്ധ നിലപാടുകളിലും സ്ത്രീപക്ഷവീക്ഷണത്തിലും തമസിലേക്കുള്ള പടവ് മൈ മര്‍ളന്‍ ആന്‍ഡ് ബ്രാന്‍ഡോയുടെ തുടര്‍ച്ചയോ വിപുലീകരണമോ ആയി അനുഭവപ്പെടുന്നതും മറ്റൊന്നും കൊണ്ടല്ല.
1 comment:
പരിചയപ്പെടുത്തലിനു നന്ദി.
Post a Comment