Sunday, November 08, 2009
പഴശ്ശിരാജ ആധികാരികമായ ഫ്രെയിമുകള്‍
ചരിത്രം വളച്ചൊടിച്ചോ ഉഴുതുമറിച്ചോ എന്നുള്ളതല്ല, പ്രശ്നം. സിനിമ എന്ന നിലയില്‍ കേരളവര്‍മ്മ പഴശ്ശിരാജയെ സമീപിക്കുമ്പോള്‍, അത് ദൃശ്യപരമായി എത്രത്തോളം സത്യസന്ധമാണ് എന്നുള്ളതാണ്. തീര്‍ച്ചയായും പഴശ്ശിരാജ അതിന്റെ ക്ളാസിക്കല്‍ ഫ്രെയിംസിലൂടെ, തീര്‍ത്തും ആധികാരികമായ ഫിലിം മേക്കിംഗിലൂടെ മലയാളസിനിമയില്‍ സാങ്കേതികതയുടെ പുതിയ സീമകള്‍ സ്ഥാപിക്കുകയാണ്. ഹരിഹരനെപ്പോലൊരു മാസ്റര്‍ക്രാഫ്റ്റ്സ്മാന്റെ കനമുള്ള ഫ്രെയിം കംപോസിംഗ് മുതല്‍ സാക്ഷാത്കാരത്തിന്റെ വിശദാംശങ്ങളില്‍ വരെയുള്ള സൂക്ഷ്മവും ഉള്‍ക്കാഴ്ചയുമുള്ള ഗൃഹപാഠവും പ്ളാനിംഗും പ്രകടമാണ് ചിത്രത്തില്‍. കാലത്തിനൊത്ത് സ്വന്തം ചലച്ചിത്ര ദര്‍ശനത്തില്‍ മാറ്റം വരുത്താന്‍ തയാറായ ചലച്ചിത്രകാരനെയാണ് പഴശ്ശിരാജയില്‍ കാണാനാവുന്നത്. ഹരിഹരന്റെ മാസ്റര്‍ ഷോട്ടുകള്‍ക്ക് ഛായാഗ്രാഹകനും സന്നിവേശകനും ശബ്ദലേഖകനും നല്‍കിയിട്ടുള്ള അധികമാനം, മൂല്യവര്‍ധന നിസ്സാരമായി തള്ളിക്കളയാനാവില്ല. ഹോളിവുഡ്ഡ് സിനിമയെ ഓര്‍മിപ്പിക്കുന്ന ഫ്രെയിം ഘടനയും പശ്ചാത്തലസംഗീതവം സംഘട്ടനരംഗങ്ങളും കലാസംവിധാനവും ഛായാഗ്രഹണപദ്ധതിയും സന്നിവേശതാളവുമാണ് പഴശ്ശിരാജയുടെ നിര്‍വഹണത്തെ അസാധാരണതലത്തിലേക്കുയര്‍ത്തുന്നത്. അഭിനയത്തില്‍ മമ്മൂട്ടിയുടെ നായകനെ അരക്കിഴിഞ്ചെങ്കിലും ശരത്കുമാറിന്റെ കുങ്കനോ, മനോജ്.കെ.ജയന്റെ ചന്തുവോ സുരേഷ് കൃഷ്ണന്റെ അമ്പുവോ മറികടക്കുന്നുവെങ്കില്‍ അതു കാസ്റിംഗിലെ കൃത്യതകൊണ്ടാണ്. ഇതേ സൂക്ഷ്മത പത്മപ്രിയയുടെ കാര്യത്തിലും ശരിയാവുന്നു. എന്നാല്‍ പഴയംവീടനായുള്ള സുമന്റെ നിവര്‍ന്നു നില്പും യെമ്മന്‍ നായരായുള്ള ലാലു അലക്സിന്റെ പ്രകടനവും കരടായി തോന്നി. ചമയത്തില്‍ കടന്നുവന്ന ചില്ലറ പിഴവുകള്‍, വിശേഷിച്ച് മനോജിന്റെ താടിയിലും ലാലു അലക്സിന്റെ മുഖകാപ്പിലും, ഇത്ര വലിയൊരു സംരംഭത്തില്‍ കൈകുറ്റപ്പാടായി കണ്ടു ക്ഷമിക്കാനുള്ളതേയുള്ളൂ. മാത്രമല്ല, ഇതൊന്നും സിനിമയുടെ മൊത്തത്തിലുള്ള രസനാത്മകതയെ ബാധിക്കുന്നുമില്ല. ചരിത്രസിനിമയായിത്തന്നെ പഴശ്ശിരാജയെ കണ്ടേതീരൂ എന്നു വാശിപിടിച്ചില്ലെങ്കില്‍ മനോഹരമായ ഒരു ദൃശ്യാഖ്യാനം തന്നെയാണ് ഈ സിനിമ. ഒരുപക്ഷേ, എം.ടി.വാസുദേവന്‍നായര്‍ എന്ന തിരക്കഥാകൃത്തിന്റെ ഏറ്റവും ദൃശ്യാത്മകങ്ങളായ സിനിമകളില്‍ ഒന്ന്. ഒരു കാര്യം കൂടി പരാമര്‍ശമര്‍ഹിക്കുന്നു. മലയാളത്തിന് അഭിമാനിക്കാനുതകുന്ന ഈ സിനിമ സാര്‍ഥകമാക്കിയതും എഴുപതു പിന്നിട്ട മൂന്നുനാലുപേരുടെ കൂട്ടായ്മയാണ്. എം.ടി-ഹരിഹരന്‍ എന്നിവര്‍ക്കു പിന്തുണയുമായി നിര്‍മ്മാതാവ് ഗോകുലം ഗോപാലനും സംഗീതസംവിധായകന്‍ ഇളയരാജയുമുണ്ടായി. മമ്മൂട്ടിയുടെ മുന്‍നിര സാന്നിദ്ധ്യവും.പ്രതിസന്ധികളില്‍ സര്‍ഗാത്മകതയുടെ മറുപടിയുമായി മുന്നോട്ടുവരുന്നത് ഇന്നും കാരണവന്മാര്‍ തന്നെയാവുമ്പോള്‍ ഒരു ചോദ്യം ബാക്കി-നമ്മുടെ യുവതലമുറയുടെ സര്‍ഗാത്മകത എവിടെ?
Subscribe to:
Post Comments (Atom)
6 comments:
"ചരിത്രസിനിമയായിത്തന്നെ പഴശ്ശിരാജയെ കണ്ടേതീരൂ എന്നു വാശിപിടിച്ചില്ലെങ്കില്‍" എന്ന് പറയുമ്പോള്‍ സിനിമ എന്ന മാദ്ധ്യമത്തിന് ചരിത്രം വഴങ്ങില്ലേ എന്ന് ചോദിക്കാന്‍ തോന്നുന്നു. നമ്മുടെ യുവതലമുറയുടെ സര്‍ഗാത്മകത എവിടെ?
എന്ന ചോദ്യം തികച്ചും പ്രസക്തം തന്നെ....
no sir, i didnt mean that. the only thing i tried to stress is that, Pazhassi Raja may not be historically perfect...but as a movie, it is technically and aesthetically near to perfect. But there are ample examples from the past where history is truefully filmed
"പ്രതിസന്ധികളില്‍ സര്‍ഗാത്മകതയുടെ മറുപടിയുമായി മുന്നോട്ടുവരുന്നത് ഇന്നും കാരണവന്മാര്‍ തന്നെയാവുമ്പോള്‍ ഒരു ചോദ്യം ബാക്കി-നമ്മുടെ യുവതലമുറയുടെ സര്‍ഗാത്മകത എവിടെ? "
ചോദ്യം പ്രസക്തം. മുഖ്യധാരാ സിനിമകളിലടക്കം ഇപ്പോഴും വിജയത്തിളക്കം പഴയ കാരണവന്മാരാണെന്നു കാണാം.
നല്ല നിരീക്ഷണം.
അനുഭവങ്ങള്‍ പോലും സ്വന്തമല്ലാത്ത എന്‍റെ തലമുറ എന്താണ് സമൂഹത്തിനു തിരികെ തരിക?
തീർച്ച്ചയായും മനോഹരമായ ചിത്രം തന്നെ ആണ് പഴശ്ശിരാജ.സാങ്കേതികമികവു പക്ഷെ തീയേറ്ററിൽ ആസ്വദിക്കുവാൻ കഴിയുന്നില്ല.അതിനു പറ്റിയ തീയേറ്റർ സംവിധാനങ്ങളോ അതുണ്ടെങ്കിൽ തന്നെ അതു പ്രവർത്തിപ്പിക്കുവാൻ പ്രാപ്തരായ ജോലിക്കാരോ നമുക്കുണ്ടോ?
തീർച്ചയായും എഴുപതും അറുപതും പിന്നിട്ടവർ ഇന്നും സജീവമായി സഗൗരവം സിനിമയെ സമീപിച്ചതുകൊണ്ടാണ് ഇത്രയും മനോഹരമായ ഒരു സിനിമ നമുക്ക് ലഭിച്ചത്.
യുവതലമുറയെ കുറിച്ച് പറയുമ്പോൾ ചില വിയ്യൊജിപ്പ് പറയതെവയ്യ.സ്വാനുഭവം വച്ചുപറയുകയാണെങ്കിൽ ഒരു സുഹൃത്തു അദ്ദേഹം എഴുതിയ കഥയുമായി ചില സംവിധായകരെ സമീപിച്ചിരുന്നു. പലർക്കും കഥ വേണം പക്ഷെ കഥാകൃത്തിനെ വേണ്ട.കഥാകൃത്തിനു പേരോ പണമോ നൽകുവാൻ തയ്യാറല്ല. (എന്തായാലും ഒരു കുടുമ്പപശ്ചാത്തലത്തിൽ ഉള്ള ആ പ്രണയകഥ ഉടനെ സിനിമയാകുന്നു എന്ന് അറിയുന്നു)
ഇക്കാര്യം സംസാരമധ്യ ഉന്നയിച്ചപ്പോൾ മറ്റൊരു മഹാൻ ചോദിച്ചത് "മലയാളസിനിമ നിങ്ങളെ കഷണിച്ചോ കഥപറയുവാൻ" എന്നാണ്. എത്രപേരെ മലയാളസിനിമ ക്ഷണിച്ചുവരുത്തി സ്വീകരിച്ചിരുത്തി കഥയെഴുതിച്ചിട്ടുണ്ട്?
പുതുതായി രംഗത്തുവരുന്നവരെ പ്രോത്സാഹിപ്പിക്കുവാൻ ദുരഭിമാനം അനുവദിക്കാത്ത അൽപബുദ്ധികൾ നിരവധിയുള്ള ഇടത്ത് എഞ്ചിൻ പുതിയ കഥകൾ ഉണ്ടാകും? തമിഴിൽ വരുന്നുണ്ടെങ്കിൽ അവിടെ പ്രോത്സാഹനം ഉള്ളതുകൊണ്ട് തന്നെ ആകണം.
പുതുതലമുറയിൽ മലയാളത്തിൽ ആളില്ല എന്നുപറയുന്നത് ഒരു പരിധിവരെ ശരിയല്ല.കേരാളാകഫേ പോലെ അവസരം ഒത്തുവരുമ്പോൾ പ്രതിഭ താനെ പുറത്തുവരും.
പാര്‍പ്പിടത്തിന്റെ നിരീക്ഷണത്തിനു വിനയപൂര്‍വം ഒരു വിയോജിപ്പു കൂടി. കേരള കഫേയും യുവാക്കളുടെ സംരംഭമല്ല. 20 വര്‍ഷത്തോളമായി സിനിമയിലുള്ള രഞ്ജിത്ത് എന്ന കലാകാരന്റെ സംരംഭമാണ്. അതിനും ഇന്ത്യയില്‍ തന്നെ സഞ്ജയ് ഗുപ്തയുടെ നിര്‍മാണത്തില്‍ പുറത്തുവന്ന ദസ് കഹാനിയാം എന്ന സിനിമാദശകത്തോടുള്ള പൊക്കിള്‍ക്കൊടി ബന്ധം എങ്ങനെയെല്ലാം മറച്ചുവച്ചാലും പുറത്തുവരാതിരിക്കുന്നതല്ല.അപ്പോള്‍ വീണ്ടും ചോദ്യം -'ഒറിജിനലായി' എന്തുണ്ട് "യുവതലമുറയുടെ" കയ്യില്‍ ?
Post a Comment