article published in Critics' World May-June 2009
Thursday, July 09, 2009
malayala cinema; subrahmaniapuram and after
മലയാളസിനിമ: സുബ്രഹ്മണ്യപുരത്തിനു മുമ്പും പിന്‍പും എ.ചന്ദ്രശേഖര്‍ നിശ്ചയമായും മലയാളസിനിമ പ്രതിസന്ധിയിലാണ്. ഒരു തമിഴ്സിനിമയുടെ പേരില്‍ മലയാള സിനിമയെ വിലയിരുത്തേണ്ടി വരുന്നുവെന്നതാണ് ആ പ്രതിസന്ധി. ചരിത്രസന്ധികളായിമാറിയ ഓളവും തീരത്തിനുമോ സ്വയംവരത്തിനോ എലിപ്പത്തായത്തിനോ പിറവിക്കോ ഒന്നും നല്‍കാതെ അടുത്തിടെ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തെ വഴിക്കല്ലാക്കി മലയാളസിനിമയെ നോക്കിക്കാണേണ്ട ഗതികേടിലാണ് കേരളം. മലയാളസിനിമകള്‍ക്കും സിനമാപ്രവര്‍കത്തകര്‍ക്കും വേണ്ടി പ്രേക്ഷകരും വായനക്കാരും വോട്ടെടുപ്പിലൂടെ നിര്‍ണയിക്കുന്ന അവാര്‍ഡുകളില്‍ വരെ പ്രത്യേകപരാമര്‍ശമായി സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമ കൊണ്ടാടപ്പെടുന്നു. തിരക്കഥ പ്രസിദ്ധീകരിക്കുന്നു, സാംസ്കാരികപ്രസിദ്ധീകരണങ്ങളില്‍ കവര്‍സ്റോറികള്‍ എത്രയോ പുറത്തുവരുന്നു! നിരൂപകര്‍ക്കു മാത്രമല്ല, മലയാളത്തിലെ പല ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും സുബ്രഹ്മണ്യപുരത്തോടുണ്ടായ വല്ലാത്ത പ്രതിപത്തിക്ക്് ആനുകാലികങ്ങളിലെ ഉദ്ധരിണികള്‍ സാക്ഷ്യം നില്‍ക്കും. മലയാളസിനിമയുടെ കൂമ്പും നാമ്പും പട്ടുനശിച്ചുകൊണ്ടിരിക്കുകയാണെന്ന മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനെ നാശത്തില്‍ നിന്നു കരകയറ്റാനുള്ള മൃതസഞ്ജീവനിമാത്രം ആരും നിര്‍ദ്ദേശിച്ച് കണ്ടിട്ടും കേട്ടിട്ടുമില്ല. അതിന്റെ പിന്തുടര്‍ച്ചയായിത്തന്നെ സുബ്രഹ്മണ്യപുരത്തിന്റെ നല്‍വാഴ്ത്തിനെയും കണക്കാക്കേണ്ടിവരും. തീര്‍ച്ചയായും സുബ്രഹ്മണ്യപുരം അടുത്തകാലത്തിറങ്ങിയ നല്ല ചിത്രമാണ്. നല്ലചിത്രങ്ങളില്‍ ഒന്നാണ് എന്നു പറയുന്നതാവും കുറേക്കൂടി ശരി. കാരണം, തമിഴില്‍ അടിക്കടി പുറത്തിറങ്ങുന്ന എണ്ണമറ്റ പോക്കിരികള്‍ക്കും, വല്ലവന്മാര്‍ക്കും ഇടയിലാണ് ഒറ്റയ്ക്കും തെറ്റയ്ക്കും ഒരു പരുത്തിവീരനോ നാന്‍ കടവുളോ സുബ്രഹ്മണ്യപുരമോ സംഭവിക്കുന്നത്. ഇന്ത്യന്‍ ഭാഷകളിലേതിലെയും സ്ഥിതി ഇതുതന്നെയാണെന്നതു മറന്നിട്ടാണു നാം പക്ഷേ ഈ ഒറ്റപ്പെട്ട സംരംഭങ്ങളുടെ പേരില്‍ തമിഴിനെ അമിതമായി വാഴ്ത്തുന്നതും സ്വന്തം സിനിമയെ ഇകഴ്ത്തുന്നതും. മലയാളസിനിമ പുതിയ തലമുറയിലെ പ്രേക്ഷകരെ വേണ്ടത്ര ആകര്‍ഷിക്കുന്നില്ല എന്നതും തമിഴ് ഹിന്ദി തെലുങ്കു സിനിമകള്‍ക്ക് അതിനാകുന്നു എന്നതുമാണ് മലയാളസിനിമയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രധാനം. താരാധിപത്യവും വര്‍ധിച്ച ഉല്‍പാദനച്ചെലവും ആശയദാരിദ്യ്രവും പ്രതിഭാദാരിദ്യ്രവുമടക്കമുള്ള കാരണങ്ങള്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇതിനൊക്കെയും ബദലായ മാതൃകയായാണ് തമിഴില്‍ കഴിഞ്ഞവര്‍ഷം വന്‍വിജയം നേടിയ സുബ്രഹ്മണ്യപുരത്തെ പ്രതിഷ്ഠിക്കുന്നത് എന്നതിലാണു വൈരുദ്ധ്യം. മലയാളത്തില്‍ ഒരു മുഖ്യധാരാസിനിമ കയ്യാളാവുന്നതിലുമധികം മാധ്യമ/പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ചിത്രം എന്ന നിലയ്ക്കാണ് സുബ്രഹ്മണ്യപുരത്തെ മുന്‍നിര്‍ത്തി മലയാളസിനിമയിലേക്കൊന്നു തിരിഞ്ഞു നോക്കേണ്ടി വരുന്നത്. മലയാളത്തില്‍ പുതുതായി യാതൊന്നും സംഭവിക്കുന്നില്ലെന്നും തമിഴില്‍ മാത്രമേ എല്ലാം ഉണ്ടാവുന്നുള്ളൂ എന്നുമുള്ള വിലയിരുത്തലിലാണ് സുബ്രഹ്മണ്യപുരം നമ്മെ കൊണ്ടു ചാടിച്ചിരിക്കുന്നത്. ഈ ആരോപണത്തില്‍ വാസ്തവമുണ്ടോ? നമ്മുടെ യുവതലമുറയുടെ സര്‍ഗാത്മകത വറ്റിവരണ്ടതാണോ? നമ്മുടെ ആസ്വാദകകാമനകളെ തണുപ്പിക്കാന്‍ ഇനി സുബ്രഹ്മണ്യപുരത്തേയും പരുത്തിവീരനേയും തേടിപ്പോകേണ്ടിവരുമോ? വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ആരോപണം തമിഴ് സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഓര്‍മിക്കുക. തമിഴില്‍ എല്ലാം പാണ്ടിയും കേരളത്തിലും ബംഗാളിലും എല്ലാം നവീനവുമായിരുന്ന കാലം. കേരളത്തിന്റെ പൊതുസംവേദനശീലത്തില്‍ അത് ആധുനികതയുടെ/ഉത്തരാധുകതയുടെ ഉദയകിരണങ്ങളേല്‍ക്കുന്ന കാലം കൂടിയായിരുന്നു.അടൂരും അരവിന്ദനും മറ്റും കലാമൂല്യത്തില്‍ നമ്മുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെതന്നെ പതാകവാഹകരായിരുന്നുവെന്നതുകൊണ്ട് അവരെ തല്‍ക്കാലം മാറ്റിനിര്‍ത്താം. പിന്നെ ശേഷിക്കുന്നത് ഭരതനും പത്മരാജനും കെ. പി. കുമാരനും ലെനിന്‍രാജേന്ദ്രനും ബക്കറും ടിവി.ചന്ദ്രനുമൊക്കെയടങ്ങുന്ന ഒരു തലമുറ മുന്നോട്ടുവച്ച നവഭാവുകത്വത്തിന്റെ രാസപരിണാമത്തെയാണ് ഇന്നും നമ്മുടെ നിരൂപകര്‍ സുവര്‍ണകാലത്തിന്റെ ഗൃഹാതുരത്വത്തോടെ കൊണ്ടാടുന്നത്. തീര്‍ച്ചയായും പത്മരാജനും ഭരതനും മോഹനും മറ്റും മധ്യവര്‍ത്തി സിനിമയില്‍ ചെയ്തുകാണിച്ച കറയില്ലാത്ത നൈസര്‍ഗികത മാതൃക തന്നെയാണ്, സംശയമില്ല. പക്ഷേ, അവര്‍ക്കു ശേഷം എല്ലാം ശുഷ്കം ശൂന്യം എന്നു വരുത്തിത്തീര്‍ക്കുന്നിടത്താണ് മലയാള സിനിമയുടെ ദുര്യോഗം കാണേണ്ടത്. പത്മരാജനും ഭരതനും വാണ ആ സുവര്‍ണകാലത്തും മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും സമാന്തരമയാ അത്രത്തോളമോ അതിലുമേറെയോ നല്ല സിനിമകള്‍ ഉല്‍പാദിക്കപ്പെടുന്നുണ്ടായിരുന്നു. കെ.ബാലചന്ദര്‍, ഭാരതീരാജ, മഹേന്ദ്രന്‍, കോമള്‍സ്വാമിനാഥന്‍, ബാലുമഹേന്ദ്ര തുടങ്ങിയവര്‍ അക്കാലത്തും നമ്മെ ഞെട്ടിച്ചിട്ടുണ്ട്, തങ്ങളുടെ അപൂര്‍വസുന്ദരങ്ങളായ ദൃശ്യസംഭാവനകളിലൂടെ. സേതുവും പിതാമഹനും നാന്‍ കടവുളും പോലുള്ള സിനിമകളിലൂടെ പ്രേക്ഷകരെ നിരന്തരം ഞെട്ടിപ്പിക്കുന്ന ബാലയെപ്പോലെ ഇവരില്‍ പലരും അന്നേ പലകുറി നമ്മെ ഞെട്ടിച്ചു. തമിഴ്നാട്ടില്‍ നിരോധിക്കപ്പെട്ട തണ്ണീര്‍ തണ്ണീറും, പുതുമൈപ്പെണ്ണും, മഹേന്ദ്രന്റെ ഉതിരിപ്പൂക്കളും, നെഞ്ചത്തെക്കിള്ളാതെയും,ദുരൈയുടെ പശിയും, ഭാരതീരാജയുടെ കല്ലുക്കുള്‍ ഈറവും, വേദം പുതിതും കാണിച്ചുതന്നതിലേറെയൊന്നും അന്ന് ഭരത-പത്മരാജ പ്രഭൃതികള്‍ മലയാളത്തില്‍ കാണിച്ചുതന്നിട്ടില്ലെന്ന്, അവരോടുള്ള, അവരുടെ സംഭാവനകളോടുള്ള സര്‍വ ബഹുമാനത്തോടും കൂടിത്തന്നെ പറയട്ടെ. നമ്മുടേതെന്തും നല്ലത് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു അന്നെല്ലാം. ഒരര്‍ഥത്തില്‍ അതിന്റെ മറുവശമാണ് ഇന്ന്. അന്ന് അയല്‍പക്കത്തുനിന്നുള്ള മണ്‍വാസന തിരിച്ചറിയാതെ, നാം നമ്മുടെ മുറ്റത്തിന്റെ മേനിനടിച്ചെങ്കില്‍ ഇന്നാകട്ടെ മുറ്റത്തെമുല്ലയുടെ മണം കാണാതെ, അയല്‍പക്കത്തെ കനകാംബരത്തില്‍ വശപ്പെട്ടുപോകുന്നു.ചരിത്രത്തിന്റെ വിചിത്രമായ തിരിഞ്ഞുകറങ്ങല്‍. അലൈകള്‍ ഓയ്വതില്ലൈയോ, ഉതിരിപ്പൂക്കളോ, തണ്ണീര്‍ തണ്ണീറോ വേദം പുതിതോ, പതിനാറുവയതിനിലെയോ, വരുമയിന്‍ നിറം ചികപ്പോ, പട്ടണപ്രവേശമോ, കിഴക്കേപോകും റെയിലോ സധൈര്യം വരഞ്ഞിട്ട തമിഴകഗ്രാമീണ ജീവിതത്തിന്റെ അചുംബിതസൌന്ദര്യത്തിലേറെയൊന്നും സുബ്രഹ്മണ്യപുരമോ പരുത്തിവീരനോ നല്‍കുന്നുണ്ടോ വാസ്തവത്തില്‍? ഈ ചോദ്യത്തിനു മറുപടി പറയണമെങ്കില്‍, മേല്‍പ്പറഞ്ഞ സിനിമകള്‍ കണ്ടിട്ടുള്ളവരവശേഷിക്കണം. തലമുറയ്ക്കു തങ്ങള്‍ കാണുന്നതില്‍ നിന്നു മാത്രമേ അനുഭവങ്ങള്‍ ഉരുത്തിരിച്ചെടുക്കാനാവൂ. അതു സ്വാഭാവികം. അപ്പോള്‍ അവര്‍ക്കു വ്യത്യസ്തം എന്നു തോന്നുന്നതിനെ അവര്‍ വരവേല്‍ക്കുന്നതും സ്വാഭാവികം. പക്ഷേ, സുബ്രഹ്മണ്യപുരം ആസൂത്രണം ചെയ്യുമ്പോള്‍ അത് ഇത്രയും വലിയ സംഭവമാകുമെന്നു സ്വപ്നേപി വിചാരിച്ചിരുന്നില്ലെന്ന് അതിന്റെ നിര്‍മാതാവും സംവിധായകനുമായ ശശികുമാര്‍ തന്നെ പറയുമ്പോള്‍ മലയാളചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് അതൊരു വീണ്ടുവിചാരത്തിനുള്ള വഴിതുറന്നിടലാണ്, ആവണം. മലയാളത്തിലേക്കു മടങ്ങിവന്നാല്‍, പാത്രമറിഞ്ഞു വിളമ്പുന്നതിലെ വകതിരിവില്ലാത്തവരാണ് നമ്മുടെ സിനിമയിലധികവും എന്നതു സമ്മതിക്കാതെ തരമില്ല. അമ്പതും അറുപതും കഴിഞ്ഞ താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുകളുമെല്ലാം തലപുകയ്ക്കുന്നത് ഒരേയൊരു കാര്യത്തിനാണ്- പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന ദൃശ്യഭാഷ ഉണ്ടാക്കണം! (സുബ്രഹ്മണ്യപുരത്തിന്റെ സംവിധായകന്‍ ഈ തലമുറയുടെ തന്നെ പ്രതിനിധിയായിരുന്നുവെന്നു ശ്രദ്ധിക്കുക. ബാലചന്ദര്‍ അടക്കമുള്ള ചില സംവിധായകരെ നേരത്തെ ഉദാഹരിച്ചതും, അവര്‍ അന്നത്തെക്കാലത്ത് സിനിമകളെടുത്തിരുന്നത് അന്നത്തെ തലമുറയുടെ പ്രതിനിധിയായിട്ടായിരുന്നു.) പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് എന്ന മട്ടില്‍ ഒരു കൂട്ടം സിനിമാക്കാര്‍ ചേര്‍ന്നാലോചിച്ച് ഒരു രസക്കൂട്ട്/മസാല സൃഷ്ടിക്കുന്നതുപോലെതന്നെയാണ് ഇതും. ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപ്പെടുന്നത് എന്ന മുന്‍വിധിയോടെ ചില ഫോര്‍മുലകള്‍/ഗിമ്മിക്കുകള്‍ ബോധപൂര്‍വം രൂപപ്പെടുത്തുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഷാജികൈലാസിന്റെ റെഡ് ചില്ലീസ് തന്നെ നോക്കുക. സിനിമ കാണാനുള്ളതാണ് എന്നാണല്ലോ വയ്പ്. കാഴ്ചയെ അലോസരപ്പെടുത്തുന്നതൊന്നും ഉള്‍പ്പെടുത്തരുതെന്നാണ് സിദ്ധാന്തം.ക്രൂരതയുടെയോ ലൈംഗികതയുടെയോ കാര്യമല്ല പറഞ്ഞുവരുന്നത്. മറിച്ച് യുവത്വത്തിന്റെ ഇഷ്ടം എന്ന ന്യായം പറഞ്ഞ് എം.ടി.വി. സ്റൈല്‍ കൊണ്ടുവരാനുള്ള ശ്രമത്തില്‍ സിനിമയൊട്ടാകെ ക്യാമറ അതിഭീകരമായി കുലുക്കുകയാണ്. കൈയിലേന്തിയ ക്യാമറ എന്ന സങ്കല്‍പം പോലും സ്റെഡിക്യാം സങ്കേതം വന്നശേ.ഷം കണ്ടു ശീലിച്ച സിനിമാക്കാര്‍ക്ക്, ഒരു നൂറ്റാണ്ടുമുമ്പു തന്നെ ക്യാമറയെ കൈയിലെടുത്ത പുഡോഫ്കിനെ പരിചയമുണ്ടാവുമോ, അറിയില്ല. യുവതലമുറയെ തീയറ്ററിലെത്തിക്കാനുള്ള ആധിയില്‍ മൂന്നും നാലും ക്യാമറകള്‍ വച്ചോ/ഒന്നിലേറെ ആംഗിളുകളില്‍ ഒരേ ഷോട്ടുകളെടുത്തോ അനിമേഷന്റെയും ഡിജിറ്റല്‍ സാങ്കേതികതയുടേയുമൊക്കെ പിന്തുണയോടെ ഗ്രാഫിക്സും മറ്റുമൊക്കെയായി ഒരു ബഹളം, ഒച്ചപ്പാട്. സാധാരണ അവിയല്‍ സ്റഫ് ചെയ്ത് ഹാം ബര്‍ഗര്‍ ഉണ്ടാക്കുന്ന ഇടപാട്! പക്ഷേ, ഈ സിനിമ തലവേദനകൂടാതെ മുഴുവന്‍ കണ്ടു തീര്‍ത്ത എത്ര യുവ പ്രേക്ഷകരുണ്ടാവും എന്ന് നിര്‍മാതാക്കള്‍ അന്വേഷിച്ചിട്ടുണ്ടോ? പുഡോഫ്കിനും ഗോദ്ദാര്‍ദ്ദും മാത്രമല്ല, ക്യാമറ കയ്യിലേന്തിയ ഹോളിവുഡ് സാങ്കേതികവിദഗ്ധര്‍ പോലും, അതു ചെയ്തതിന് ചലച്ചിത്രപരമായ/മാധ്യമപരമായ ഒരു കാരണമുണ്ടായിരുന്നു. മറിച്ച്, അന്നത്തെ പ്രേക്ഷകരെ കയ്യിലെടുക്കാനും അവരെ നഷ്ടപ്പെട്ടു പോയാല്‍ പണിയില്ലാതായാലോ എന്ന ആധികൊണ്ടും അവര്‍ക്കുമേല്‍ അടിച്ചേല്‍പിച്ചതല്ല. എം.ടി.വി. അടിസ്ഥാനപരമായി ടെലിവിഷന്‍ ചാനലാണ്. അവിടെ സ്പ്ളിറ്റ് സ്ക്രീനും ഗ്രാഫിക്സും അടക്കമുള്ള തരികിടകള്‍ക്ക് സാധ്യതയുണ്ട്. കാരണം ചുവര്‍ നിറയുന്ന സ്ക്രീനാണെങ്കില്‍ പോലും ചിത്രത്തിനൊപ്പം ടിവിയുടെ ചതുരത്തിനു പുറത്തുള്ള പലതും ശ്രദ്ധിക്കാനുള്ള സാധ്യത നഷ്ടപ്പെടുന്നില്ല. കാരണം പ്രകാശവെട്ടത്തില്‍ തന്നെയാണ് ടിവി കാണുന്നത്. ഗിമ്മിക്കുകള്‍ കണ്ണിനെയും അതുവഴി തലച്ചോറിനെയും അത്രകണ്ടു ബാധിക്കുന്നില്ല. എന്നാല്‍ സിനിമയുടേത് നേരെ മറിച്ചാണ്. ക്യാമറ നന്നായി കുലുക്കിയ ഒരു ദൃശ്യം കാഴ്ചക്കാരനില്‍ അക്ഷരാര്‍ഥത്തില്‍ മനംപുരട്ടലുണ്ടാക്കാം. ഹോളിവിഡ്ഡിലും മറ്റും പുതിയ തലമുറ സിനിമകളില്‍ ഇത്തരം ദൃശ്യപരിചരണം ഉള്‍പ്പെടുത്തുന്നുണ്ട് എന്നതു സത്യം. പക്ഷേ ഗവേഷണത്തിനുവേണ്ടിയല്ലാതെപോലും അവയെ ഒന്നു താരതമ്യം ചെയ്താല്‍, നമ്മുടെ ചലച്ചിത്രകാരന്മാരുടെ അബദ്ധധാരണകള്‍ എളുപ്പം വെളിപ്പെടും. തെറ്റായതെന്തും പകര്‍ത്തിക്കാട്ടാനുള്ള ഈ ജാഗ്രത പക്ഷേ ഇംഗ്ളീഷിലും ഹിന്ദിയിലുമൊക്കെ വീശിയടിക്കുന്ന മാറ്റക്കാറ്റില്‍ നിന്നുള്ള നന്മകളാവഹിക്കുന്നതില്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ കാണിക്കുന്നില്ലെന്നതും ദുഖകരമത്രേ. ദസ് കഹാനിയാം അല്ലെങ്കില്‍ പേജ് ത്രി അതുമല്ലെങ്കില്‍ സാവരിയ പോലെങ്കിലുമൊരു സിനിമ നമ്മുടെ നാട്ടിലുണ്ടാവാന്‍ ഇനി എത്ര നാള്‍ കാക്കേണ്ടി വരും? നമ്മുടെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് അവരുടെ ഇളംതലമുറപ്രേക്ഷകര്‍ക്കു വേണ്ടതെന്ത്, അവരുടെ താല്‍പര്യങ്ങളെന്ത്, അവരുടെ ജീവിതമെന്ത് എന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല എന്നതാണ്, പ്രമേയപരമായ പഴഞ്ചാറുകള്‍ക്ക് ഗിമ്മിക്കുകളുടെ പുതിയകൂപ്പിയണിയിച്ചുണ്ടാക്കുന്ന മലയാളത്തിലെ പ്രവണത നല്‍കുന്ന ഒന്നാമത്തെ സൂചന. അടുത്തിടെ പ്രമുഖ തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി ഒരു മാധ്യമാഭിമുഖത്തില്‍ പറഞ്ഞത് ഈ ആശയക്കുഴപ്പത്തിന്റെ പ്രത്യക്ഷത്തെളിവാണ്. മലയാളത്തിലെ പല നല്ല സിനിമകളും തള്ളിക്കളയുന്ന പ്രേക്ഷകന്‍ തമിഴ്നാട്ടിലെ ചില സിനിമകളെ തോളിലേന്തുന്നതിന്റെ മനശ്ശാസ്ത്രം എത്രയാലോചിച്ചിട്ടും തനിക്കു മനസ്സിലാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.അപ്പോള്‍ ആശയദാരിദ്യ്രമല്ല, പ്രേക്ഷകാഭിരുചിയെക്കുറിച്ചുള്ള ആശയക്കുഴപ്പവും അവ്യക്തതയുമാണ് മലയാള സിനിമയുടെ മുഖ്യ പ്രതിസന്ധിയെന്നു വരുന്നു. പ്രേക്ഷകപക്ഷത്തുനിന്ന് ഇത്രയും കുറിക്കുമ്പോഴും പ്രേക്ഷകരുടെ മാറിയ മനശ്ശാസ്ത്രവും വിശകലനം ചെയ്യാതെ ഈ പഠനം പൂര്‍ത്തിയാവില്ല. നല്ലതെന്തും ബ്രാന്‍ഡിനതീതമായി സ്വീകരിക്കുന്നവരായിരുന്നു മലയാളി.അതുകൊണ്ടു തന്നെയാണ്, കേരളം ബ്രാന്‍ഡുകളുടെ ഉദ്ഘാടനവേദിയായി മാറിയതും. എന്നാല്‍ ആഗോളവല്‍കരണത്തിന്റെ പരിണതിയായി നമ്മുടെ പുതുതലമുറ ഏറെ ബ്രാന്‍ഡ് കോണ്‍ഷ്യസ് ആയി മാറി. ഗുണനിലവാരം ബോധ്യപ്പെടാന്‍ വിപണിനാമമല്ലാതെ ഒരു മാനദണ്ഡമില്ലാത്ത അവസ്ഥ. സിനിമയിലും താരങ്ങള്‍ ആധിപത്യം തുടരുന്നതിന്‍റെ കാരണം ഇതുതന്നെയാവണം. എന്നാല്‍, കയ്യൊപ്പ്, കറുത്തപക്ഷികള്‍, മിഴികള്‍സാക്ഷി പോലുള്ള താരചിത്രങ്ങള്‍ നിഷ്കരുണം തിരസ്കരിക്കുന്ന പ്രേക്ഷകര്‍ താരസാന്നിദ്ധ്യമേ ഇല്ലാത്ത സുബ്രഹ്മണ്യപുരത്തെ ഉത്സവമാക്കുന്നതെന്താണ്? നമ്മുടെ സിനിമയില്‍ ഒരു സുബ്രഹ്മണ്യപുരം ഉണ്ടാവുന്നില്ലല്ലോ എന്നു പരിതപിക്കുന്ന/ പരിഭവിക്കുന്ന പ്രേക്ഷകന്‍ പക്ഷേ മലയാളത്തിലുണ്ടായ തലപ്പാവിനെയും അടയാളങ്ങളെയും ഗുല്‍മോഹറിനെയും ഏകാന്തത്തെയും തനിയേയും കാണാതെയാണ് ഈ അഭിപ്രായത്തിലേക്ക്/വിലയിരുത്തലിലേക്ക് എത്തിയത് എന്നോര്‍ക്കണം. അവാര്‍ഡ് സിനിമ എന്നാല്‍ അനാവശ്യമായി വലിച്ചിഴയ്ക്കുന്ന, മന്ദതാളത്തിലുള്ള, സാധാരണക്കാരന്റെ തലയ്ക്കുമുകളിലൂടെ പോകുന്ന ദാര്‍ശനിക സിനിമ എന്ന ധാരണയ്ക്കുമേല്‍ കടക്കോല്‍ വയ്ക്കുന്ന ദൃശ്യപരിചരണങ്ങളായിരുന്നു തലപ്പാവിന്റെയും ഗുല്‍മോഹറിന്റെയും അടയാളങ്ങളുടേയും മറ്റും എന്ന്, സാഗര്‍ ഏലിയാസ് ജാക്കിയുടെ ഒന്നാം ദിവസം ഉന്തും തള്ളുമുണ്ടാക്കി പോലീസിന്റെ ലാത്തിയടിയേറ്റുവാങ്ങിയ ഇന്നത്തെ പ്രേക്ഷകരില്‍ എത്രപേര്‍ക്കറിയാം? നമുക്കു മുന്നിലെത്തുന്ന നമ്മുടെ രചനകളിലെ പുതുമ തിരിച്ചറിയാതെ,നാം തെക്കോട്ടുനോക്കികളും വടക്കോട്ടുനോക്കികളുമാവുന്നു. നമുക്കു പഥ്യം തമിഴും ഹിന്ദിയുമാവുന്നു. മറിച്ച്, അവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ചവച്ചു തുപ്പിയ കടുംവര്‍ണം ചാലിച്ച അണ്ണന്‍ തമ്പി, രാജമാണിക്യം അവതാരങ്ങളെ നാം സഹര്‍ഷം വാഴിക്കുന്നു. എന്നിട്ടു മാറിനിന്ന്, നമ്മുടെ സിനിമയുടെ നിലവാരത്തകര്‍ച്ചയില്‍ കണ്ണീര്‍വാര്‍ക്കുന്നു. പൃഥ്വിരാജിനെപ്പോലെ ഒരു വിലയുള്ള താരത്തിന്റെ സാന്നിദ്ധ്യമുണ്ടായിട്ടും തലപ്പാവ് തീയറ്ററിലെത്തിയപ്പോള്‍ കാണാന്‍ ചെല്ലാതെ നിഷ്കരുണം തള്ളിപ്പറഞ്ഞ പ്രേക്ഷകര്‍ പിന്നീട് ടെലിവിഷനില്‍ വിശേഷദിവസ മെഗാ ഹിറ്റ് സിനിമയായി വാഴ്ത്തി അതു പ്രദര്‍ശിപ്പിക്കുമ്പോള്‍ കണ്ടിട്ട് അയ്യോ ഇതൊരു നല്ല സിനിമയായിരുന്നല്ലോ എന്നു മധുപാലിന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ചു വിളിച്ചഭിനന്ദിക്കാന്‍ മടികാട്ടില്ല എന്നതാണു വൈരുദ്ധ്യം. പ്രേക്ഷകന്റെ ഈ ഇരട്ടത്താപ്പിനെ പ്രതിഭയുടെ പ്രസരണം കൊണ്ട് മറികടക്കാവുന്നതേയുള്ളൂ. സുബ്രഹ്മണ്യപുരം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഭരതനും പത്മരാജനും സ്വീകരിച്ച തന്ത്രവും സ്വന്തം സര്‍ഗാത്മകതയിലുള്ള ആത്മവിശ്വാസമായിരുന്നു. സ്വയം നവീകരിക്കാനും തങ്ങള്‍ക്കു ശേഷമുള്ളവരുടെ അഭിരുചിയും താല്‍പര്യവും മനസ്സിലാക്കാനുമുള്ള മെനക്കേട് അവര്‍ തൊഴില്‍പരമായ സാധ്യതയാക്കി സ്വീകരിച്ചു.കാലത്തിനൊപ്പം ചലിക്കുക എന്നത് ബാഹ്യമായ അര്‍ഥത്തില്‍ മാത്രമല്ല, ആന്തരികമായ അര്‍ഥത്തിലും സാധ്യമാക്കണമെന്നാണ് അവര്‍ തിരിച്ചറിഞ്ഞത്- സ്വജീവിതത്തില്‍ പകര്‍ത്തിക്കാട്ടിയത്. പുതിയ തലമുറയ്ക്കു വേണ്ടി ഒരു സൃഷ്ടി നടത്തുമ്പോള്‍ സ്രഷ്ടാവ് അവരിലൊരാളാവണം-പ്രായം കൊണ്ടല്ല, മനസ്സുകൊണ്ട്. അയാള്‍ക്കിഷ്ടമായെങ്കിലേ, അലോസരമുണ്ടാക്കിയില്ലെങ്കിലേ അത് അയാള്‍ ലക്ഷ്യമാക്കുന്നവര്‍ക്കിഷ്ടമാവൂ, അലോസരമാകാതിരിക്കൂ. ദൌര്‍ഭാഗ്യത്തിന് നമ്മുടെ ചലച്ചിത്രകാരന്മാരാവട്ടെ, അബദ്ധധാരണകളുടെയും ധാരണാപ്പിശകുകളുടേയും ‘ഠ’ വട്ടത്തില്‍ നിന്നുകൊണ്ട് അവനവനെ പ്രേക്ഷകരില്‍ നിന്നു മാറ്റി നിര്‍ത്തിക്കൊണ്ട് അവര്‍ക്കുവേണ്ടി അവര്‍ക്കിഷ്ടമുള്ളത് എന്നു കല്‍പിച്ചു കൂട്ടി രചന നടത്തുന്നു. ഇതുതന്നെയല്ലേ യഥാര്‍ഥ പ്രതിസന്ധി? ഒരു കാര്യത്തില്‍ നമുക്കാശ്വസിക്കാം. സുബ്രഹ്മണ്യപുരത്തിനു ശേഷം മലയാളസിനിമ എങ്ങോട്ട് എന്നൊരു ആശങ്കവേണ്ട. കാരണം. ഭൂരിപക്ഷവും ദിശാബോധമറ്റ്, പ്രേക്ഷകര്‍ക്ക് എന്തുവേണമെന്നറിയാതെ, അല്ലെങ്കില്‍ അവര്‍ക്കു വേണ്ടതെന്തെന്ന് തെറ്റിദ്ധരിച്ച് സിനിമകളെടുക്കുമ്പോഴും, മധുപാലും, പ്രിയനന്ദനനും, അശോക് ആര്‍ നാഥും, ബ്ളസിയും, ലാല്‍ ജോസും ഒക്കെ ഇവിടെ ഇപ്പോഴും ഉണ്ടാവുന്നുണ്ട്, സജീവമാകുന്നുമുണ്ട്. അതു തീര്‍ച്ചയായും ശുഭപ്രതീക്ഷ തന്നെയാണ്.
article published in Critics' World May-June 2009
article published in Critics' World May-June 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment