Saturday, June 27, 2009

പ്രിയപ്പെട്ട ലോഹിയെട്ടാ,


എങ്ങനെ വിട പറയണമെന്നറിയില്ല. താങ്കള്‍ ഈ ലോകത്ത്തിനി ഇല്ല എന്നോര്‍ക്കാനും കഴിയുന്നില്ല. എങ്കിലും അനിവാര്യമായ സത്യത്തോട്‌ പ്രോടുത്തപ്പെടാന്‍ വ്രുഥാ ശ്രമിക്കുക മാത്രമാണ് ഞാന്‍. താങ്കള്‍ കൈ വച്ചു പൊന്നാക്കിയ പലതിനോപ്പം എന്റെ ഒരു പുസ്തകവും. ദൈവത്ത്തിനിഷ്ടമായവരെ നേരത്തെ സന്നിദ്ധിയിലേക്ക് കു‌ട്ടിക്കൊണ്ട് പോകുമെന്നാണല്ലോ. ആ സന്നിദ്ധിയില്‍ ഏറ്റവും ഉന്നതമായ ഒരു ഇരിപ്പിടത്തില്‍ താങ്കള്‍ക്ക് സ്ഥാനമുണ്ടാവും എന്നിക്കുരപ്പുണ്ട‍.‌





ജീവിതം വിഴിയുന്ന തിരക്കഥ


-Po-hn-Xw h-gn-bp-¶ Xn-c-¡-Y-IÄ-

F. N-{µ-ti-JÀ-
ജീവിതം വഴിയുന്ന തിരക്കഥകള്‍

എ. ചന്ദ്രശേഖര്‍

ഏറ്റവും സത്യസന്ധമായ, സാധാരണക്കാരന്റെ ജീവിതത്തോട് ഏറ്റവും ആത്മാര്‍ഥത പുലര്‍ത്തുന്ന പത്തു സിനിമകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കിരീടവും (1989) ഭൂതക്കണ്ണാടിയും (1997)നിശ്ചയമായും ഉണ്ടായിരിക്കും. മറിച്ച് അപ്രിയവും പൊള്ളുന്നതുമായ സത്യങ്ങള്‍ കൊണ്ട് നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ചലച്ചിത്ര സൃഷ്ടികളുടെ എണ്ണമാണെടക്കുന്നതെങ്കില്‍ അതില്‍ തനിയാവര്‍ത്തനം, എഴുതാപ്പുറങ്ങള്‍, വാത്സല്യം,ആധാരം, അമരം, അരയന്നങ്ങളുടെ വീട്, കാരുണ്യം, മഹായാനം, ഭരതം വെങ്കലം തുടങ്ങിയവ തീര്‍ച്ചയായും ഉള്‍പ്പെടും. 20 വര്‍ഷത്തെ സര്‍ഗസപര്യയുള്ള ഒരു ചലച്ചിത്രകാരനെ കാലം അടയാളപ്പെടുത്തുമ്പോള്‍ പത്തിലേറെ ചിത്രങ്ങള്‍ എണ്ണപ്പെടുമെങ്കില്‍ അതില്‍പ്പരമൊരു സാക്ഷ്യപത്രം
ആ സര്‍ഗജീവിതത്തിനു വേണ്ടിവരില്ലല്ലോ. അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസിനെ കേവലമൊരു സിനിമാക്കാരന്‍ എന്നതിലുപരി ആര്‍ദ്രതയുള്ള മനസിന്റെ ഉടമയും ആ മനുഷ്യത്വത്തിന്റെ ഗാഥാകാരനായ ഒരു രചയിതാവുമായിട്ടായിരിക്കും ചരിത്രം വ്യാഖ്യാനിക്കുക, നിശ്ചയം.
കാലത്തെ അതിജീവിക്കുന്നതാണ് ക്ലാസിക് എങ്കില്‍ ലോഹിതദാസിന്റെ മിക്ക ചലച്ചിത്രരചനകളും അങ്ങനെയാണ്. കാരണം അദ്ദേഹം കഥാവസ്തു കണ്ടെത്തിയിരുന്നത് സ്വന്തം ചുറ്റുവട്ടത്തുനിന്നു തന്നെയായിരുന്നു. താനറിയുന്ന, തന്നെ അറിയുന്ന മനുഷ്യരെയാണ് ലോഹിതദാസ് മനസിന്റെ മൂശയിലൊഴിച്ചു കഥയായും കഥാപാത്രങ്ങളായും വാര്‍ത്തെടുത്തത്. അതുകൊണ്ടുതന്നെ അതു മനുഷ്യമനസുകളുടെ സങ്കീര്‍ണങ്ങളായ ചുഴികളെയും കുന്നുകളെയും അവതരിപ്പിച്ചു കാട്ടിയതിനൊപ്പം പ്രേക്ഷകമനസുകളില്‍ ചിലപ്പോള്‍ ഒരു കഠാരിമൂര്‍ച്ചയോടെ ആഴ്ന്നിറങ്ങി, അല്ലെങ്കില്‍ ലോലമായ ഒരു പൊന്‍തൂവല്‍ പോലെ തഴുകിപ്പോയി. അതുകൊണ്ടുതന്നെ തിരക്കഥാകൃത്തായും സംവിധായകനായും ലോഹിതദാസിന് സമാസമം സ്ഥാനം പ്രേക്ഷകഹൃദയങ്ങളില്‍ ഉറപ്പാക്കാനുമായി.
1987ല്‍ 'തനിയാവര്‍ത്തനം' എന്ന ആദ്യരചനയിലൂടെത്തന്നെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊണ്ടായിരുന്നു ലോഹിതദാസിന്റെ സിനിമാപ്രവേശം. തനിയാവര്‍ത്തനങ്ങളില്‍ താരസ്ഥാനത്തിനിളക്കം തട്ടി പരുങ്ങലിലായിരുന്ന മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനൊപ്പം, അതിശക്തനായ സംവിധായകസാന്നിദ്ധ്യമായി സിബി മലയിലിന്റെ സ്ഥാനമുറപ്പിക്കലും കൂടിയായിരുന്നു ആസിനിമ. അതുപോലെ തന്നെ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തില്‍ ഏറെ നിര്‍ണായകമായ ഒരു സ്ഥാനമുള്ള സിനിമയാണ് ലോഹിതദാസ്-സിബി മലയില്‍ സഖ്യത്തിന്റെ കിരീടം.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍, സാധാരണക്കാരനായ യുവാവ് സാമൂഹികവിരുദ്ധനുംകൊലയാളിയുമായി മാറുന്നതാണ് കഥാവസ്തു. പോലീസാവാന്‍ മോഹിച്ചസേതുമാധവനെ രാമപുരം എന്ന ഗ്രാമവും അവിടുത്തെ ഗുണ്ടകളുമൊക്കെച്ചേര്‍ന്നു ഗുണ്ടയാക്കി മാറ്റുകയാണ്. കൈവിട്ടുപോകുന്ന ജീവിതം തിരികെപ്പിടിക്കാന്‍ വെമ്പുന്ന സേതുവിനെ സമൂഹം ഒന്നിനു പിറകെ ഒന്നായി കൈവിടുന്നു. ഒടുവില്‍, തല്ലുകൊണ്ടു തളര്‍ന്നുവീഴുംമുമ്പു സ്വയരക്ഷയ്ക്കു ശത്രുവിനെ കുത്തിപ്പിളര്‍ക്കുകയാണയാള്‍. എസ്.ഐ. ആവാന്‍ തുനിഞ്ഞിറങ്ങുന്ന നായകന്‍ അതേ സ്‌റ്റേഷനിലെ ലോക്കപ്പില്‍ പ്രതിയായി ചെല്ലുന്നിടത്തു കിരീടം അവസാനിക്കുന്നു.
ആള്‍ക്കൂട്ടത്തിലൊരാളായും ചിരിപ്പടങ്ങളിലെ കൂട്ടുനായകന്മാരിലൊരാളായുമൊക്കെ നടന്നമോഹന്‍ലാലിനെ മുന്‍നിരയിലേക്ക് ഇളക്കിപ്രതിഷ്ഠിച്ചത് കിരീടമാണ്. അതിലെ സേതുമാധവനിലൂടെയാണ് മോഹന്‍ലാലിനെത്തേടി ആദ്യത്തെ ദേശീയ ബഹുമതി എത്തുന്നത്. പ്രിയദര്‍ശനെ ഹിന്ദി മുഖ്യധാരയില്‍ പ്രതിഷ്ഠിക്കുന്നത് കിരീടത്തിന്റെ ഭാഷാന്തരമായ ഗര്‍ദ്ദിഷ് ആയിരുന്നു. മലയാളത്തില്‍ ഏറ്റവും ലക്ഷണമൊത്ത ചിത്രത്തുടര്‍ച്ചയാണ് കിരീടത്തിന്റേത്. അഞ്ചുവര്‍ഷം കഴിഞ്ഞാണു ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടില്‍ ചെങ്കോല്‍ പുറത്തിറങ്ങുന്നത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന സേതുമാധവന് ഏറ്റുവാങ്ങേണ്ടിവന്ന തിരിച്ചടികളും മുഖംതിരിക്കലുകളുമാണു ചിത്രം വരച്ചുകാണിച്ചത്. അഞ്ചുവര്‍ഷം നടീനടന്മാരില്‍ വരുത്തിയ ശാരീരികമാറ്റമടക്കം, കാലത്തെ ലോഹിതദാസ് സിനിമയ്ക്കുള്ള അര്‍ഥവത്തായ അസംസ്‌കൃതവസ്തുവാക്കി. സേതുവിനെപ്പോലെ, അയാളുമായി അടുത്തുനിന്നവരുടെയും ജീവിതങ്ങളിലുണ്ടായ സ്വാഭാവികമാറ്റങ്ങള്‍ കഥാപാത്രങ്ങളോടു ദാക്ഷിണ്യമില്ലാതെ, ഒട്ടൊരു അകലം സൂക്ഷിച്ച് അവതരിപ്പിച്ചതില്‍ ഒരു പരിണതിപോലും അയുക്തികമായില്ല.
സാങ്കേതികതയുടെ തലത്തില്‍ മാറുന്ന കാലത്തിനൊപ്പം നീങ്ങിയില്ല എന്നതാണ് ലോഹിതദാസ് എന്ന ചലച്ചത്രകാരന് അവസാന നാളുകളില്‍ നേരിടേണ്ടിവന്ന രൂക്ഷവിമര്‍ശനങ്ങളില്‍ പ്ര
ധാനം. എന്നാല്‍ പ്രമേയതലത്തില്‍ കാലഘട്ടത്തിന്റെ ചൂടും ചൂരും നന്നായി ഉള്‍ക്കൊള്ളാനായ സ്രഷ്ടാവാണു ലോഹിതദാസ്. വീണ്ടും ചില വീട്ടു കാര്യങ്ങള്‍ (1998), കസ്തൂരി മാന്‍ (2003) എന്നീ ചിത്രങ്ങള്‍ കൊണ്ടുമാത്രം ഈ നിരീക്ഷത്തെസാധൂകരിക്കാം. പഠിക്കുന്നതിനോടൊപ്പം പാര്‍ട്‌ടൈം ജോലികളില്‍ ഏര്‍പ്പെട്ട് സാമ്പത്തിക സ്വയംപര്യാപ്തത നേടാനാശിക്കുന്ന, ഏതു ജോലിയുമെടുക്കാന്‍ മടിയില്ലാത്ത പുതുതലമുറയുടെ മാറിയ മനസ്ഥിതി വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു അവ രണ്ടും.
വീണ്ടും ചില വീട്ടുകാര്യങ്ങളിലെ നായിക ഭാവന വീടുവീടാന്തരം വീട്ടുപകരണങ്ങള്‍ വില്‍ക്കാന്‍ പോകുന്ന ഡോര്‍ ടു ഡോര്‍ സെയില്‍സ്‌ഗേളാണ്. കസ്തൂരിമാനില്‍ കൈനറ്റിക് ഹോണ്ടയില്‍ അടിപൊളി വസ്ത്രങ്ങളും ചെവിയില്‍ സദാ വാക്ക്മാനുമായി ചുറ്റിത്തിരിയുന്ന പ്രിയംവദ എന്ന കഥാപാത്രമാകട്ടെ ക്ലാസില്ലാത്ത സമയത്തു വീട്ടുജോലിക്കു പോവുകയാണ്. അല്ലെങ്കില്‍ത്തന്നെ വാടകയ്‌ക്കൊരു ഗര്‍ഭപാത്രം എന്ന ദശരഥത്തിലെ സങ്കല്‍പം കാലത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരാള്‍ക്കു ചേര്‍ന്നതല്ലെന്നതു വസ്തുതയാണല്ലോ.കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തിരക്കഥാ അവാര്‍ഡു നേടി. തിരക്കഥാകൃത്തോ സംവിധായകനോ എന്നതൂക്കം നോക്കലില്‍ ലോഹിതദാസ് എന്ന കലാകാരനില്‍ തിരക്കഥാകൃത്തിന്റെ പടി അല്‍പം താഴ്ന്നിരിക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഭരതനുവേണ്ടി രചിച്ചഅമരം, വെങ്കലം, പാഥേയം, സിബിക്കുവേണ്ടിയെഴുതിയ സിനിമകള്‍, ജോഷിക്കു വേണ്ടിയെഴുതിയ മഹായാനം ഒക്കെ വ്യക്തമാക്കുന്നതും മറ്റൊന്നല്ല?.
പ്രമേയസ്വീകരണത്തിലെ വൈവിദ്ധ്യമാണ് ലോഹിതദാസെന്ന തിരക്കഥാകൃത്തിന്റെ ശക്തി.ജോഷി എന്ന സംവിധായകനു വേണ്ടിത്തന്നെ എഴുതിയ കുട്ടേട്ടനിലെ നര്‍മവും കൗരവരിലെ
രൗദ്രവും മഹായാനത്തിലെ മാനവികതയും ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും.എന്നാല്‍ താന്‍ ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടി (1997) എന്ന സിനിമയെ വേറിട്ട ദൃശ്യപരിചരണം കൊണ്ട് അനുഭൂതി തന്നെയാക്കി മാറ്റാന്‍ അദ്ദേഹത്തിനായി എന്നതും വിസ്മരിക്കരുത്. 1997ലെ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള സംസ്ഥാന അവാര്‍ഡ് നേടി ഭൂതക്കണ്ണാടി. മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ അവാര്‍ഡും അക്കുറി ലോഹിതദാസിനായിരുന്നു. മലയാളസിനിമയുടെ അറുപതാം വാര്‍ഷികത്തില്‍ മലയാളത്തിലെ മികച്ച 10 സിനിമ തെരഞ്ഞെടുത്ത, പ്രമുഖരില്‍ പലരും നിര്‍ബന്ധമായി പട്ടികയിലുള്‍പ്പെടുത്തിയ ചിത്രമായിരുന്നു അത്. മനസിന്റെ ഘടികാരത്തിന്റെ താളം തെറ്റിപ്പോകുന്ന സാധാരണക്കാരനായ വിദ്യാധരനെന്ന വാച്ച് മെക്കാനിക്കിലൂടെ സമകാലിക കേരളത്തിന്റെ വിഹ്വലതകളിലേക്കായിരുന്നു ലോഹിതദാസ് ക്യാമറാക്കണ്ണു തിരിച്ചത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അതു മാറിയതും ചരിത്രം. സംവിധാനം ചെയ്ത 11 സിനിമകളും ഒന്നിനോടൊന്നു വേറിട്ടതായിരിക്കണമെന്നു സ്രഷ്ടാവു നിഷ്‌കര്‍ഷ പുലര്‍ത്തിയെന്നതിന് ആ സിനിമകള്‍ സാക്ഷ്യം നില്‍ക്കും. കന്മദവും ഓര്‍മ്മച്ചെപ്പും ചക്രവുമെല്ലാം ഇങ്ങനെ വേറിട്ട ഭാവുകത്വമാണു കാഴ്ചവച്ചത്.
മലയാള സിനിമയ്ക്ക് ഇടക്കാലത്തു കൈമോശം വന്ന ആര്‍ദ്രമാര്‍ന്ന പല ഘടകങ്ങളും മടക്കികൊണ്ടുവരുന്നതില്‍ ലോഹിതദാസും അദ്ദേഹത്തിന്റെ സിനിമകളും മുഖ്യപങ്കു വഹിച്ചു. അധോലോക സിനിമകളില്‍ മനസു നഷ്ടപ്പെട്ട കാലത്താണ് സുന്ദര്‍ദാസിന്റെ സല്ലാപ(1996) ത്തിലൂടെ ആര്‍ദ്ര പ്രണയത്തിന്റെ നനുത്ത നോവുകള്‍ ലോഹിതദാസ് മലയാളസിനിമയിലേക്കു പുനരാനയിക്കുന്നത്. പാട്ടു തന്നെ അധികപ്പറ്റായ കാലത്താണ് ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ ഗായകനായ നായകനെ സൃഷ്ടിച്ച് ശ്രവണസുന്ദരങ്ങളായ ഗാനങ്ങളെ നമ്മുടെ സിനിമാവട്ടത്തിലേക്കു തിരികെക്കൊണ്ടെത്തിച്ചത്.
അര്‍ഥമില്ലാത്തതും ആവര്‍ത്തനവിരസങ്ങളുമായ ഗാനങ്ങള്‍, പാട്ടിനുവേണ്ടി പാട്ടെന്നവിധം സിനിമകളില്‍ ഉള്‍പ്പെടുത്തുകയും അവയ്ക്കു സിനിമയുടെ പൊതുകഥാശരീരവുമായി നേരിട്ട് യാതൊരുബന്ധവുമില്ലാതെ വേറിട്ടു നില്‍ക്കുകയും ചെയ്ത ഇടക്കാലത്ത്, ഗാനരംഗങ്ങള്‍ തീയറ്ററില്‍ ആണുങ്ങള്‍ക്കു മൂത്രപ്പുരയില്‍ പോകാനും ഒരു പുകയൂതിവിടാനുമുള്ള ഇട നേരമെന്ന വിമര്‍ശനം നേടി. അതിനിടയിലാണു ഹിസ് ഹൈനസ് അബ്ദുള്ള(1991) സിനിമാശരീരത്തോട് ഒട്ടിനില്‍ക്കുന്ന അര്‍ഥവത്തായ ഗാനങ്ങളും അതിനിണങ്ങുന്ന ചിത്രീകരണവുമായി അവതരിക്കുന്നത്.
പാട്ടു പാടിയഭിനയിക്കുന്ന ശൈലിതന്നെ ഇല്ലാതായ കാലത്തായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ളയുടെ വരവ്. മലയാളിവേരുള്ള ഒരു ഹിന്ദുസ്ഥാനി ഗായകന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍, ജീവിക്കാന്‍വേണ്ടി വാടകക്കൊലയാളിയായി എത്തുന്ന ഈ കഥയിലാണ് മോഹന്‍ലാല്‍ ആദ്യമായി മുഴുനീള ഗായക വേഷമണിയുന്നത്.എം. ജി.ശ്രീകുമാറിനു ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഗാനവും ഈ ചിത്രത്തിലേതാണ്.മോഹന്‍ലാലിന്റെ തന്നെ പ്രണവം ആര്‍ട്‌സ് നിര്‍മിച്ച ആദ്യചിത്രമായ ഹിസ് ഹൈനസ് അബ്ദുള്ളയെത്തുടര്‍ന്ന് പുറത്തിറങ്ങിയ അതേ ടീമിന്റെ തന്നെ ഭരതം(1991), കമലദളം(1991) എന്നിവയും ശ്രദ്ധിക്കപ്പെട്ടു.
മോഹന്‍ലാലിനു മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം എത്തിച്ച രതത്തില്‍ ശാസ്ത്രീയസംഗീതജ്ഞനായ കല്ലൂര്‍ രാമനാഥന്റെ അനുജനും ഗായകനുമായ ഗോപിനാഥനെയാണു ലാല്‍ അവതരിപ്പിച്ചത്. കര്‍ണാടകസംഗീതത്തിന് ഏറെ പ്രാമുഖ്യമുണ്ടായിരുന്ന സിനിമ. പെരുന്തച്ചന്‍ കോംപ്ലക്‌സുണ്ടാവുന്ന ജ്യേഷ്ഠന്റെ അഭിമാനം കപ്പല്‍കയറുന്ന വേദിയില്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ കച്ചേരി സ്വയം പാടിത്തീര്‍ക്കുന്ന ഗോപിനാഥന്‍.ജോണ്‍സണ്‍, രവീന്ദ്രന്‍, കൈതപ്രം, മോഹന്‍ സിത്താര തുടങ്ങിയവരിലൂടെ അദ്ദേഹം സിനിമാ ഗാനശാഖയുടെ പൂക്കാലത്തിനാണ് തുടക്കമിട്ടത്. അരയന്നങ്ങളുടെ വീട്ടിലൂടെ ഗായത്രിയെ പിന്നണി ഗായികയാക്കി. സംവിധാനം ചെയ്ത സിനിമകളിലും മികച്ചഗാനങ്ങളുള്‍പ്പെടുത്താനും അവയ്ക്ക് അര്‍ഥവത്തായ ദൃശ്യാഖ്യാനം നല്‍കാനും മറന്നില്ല ലോഹിതദാസ്. അതിന്റെ തെളിവാണ് വിജയ് യേശുദാസിനും ശ്വേതാ മോഹനും എം.ജയചന്ദ്രനും സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത നിവേദ്യം വരെയുളള ചിത്രങ്ങളിലെ ഗാനങ്ങള്‍.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരെ താരസിംഹാസനത്തിലേക്ക് ഉറപ്പിക്കാന്‍ മാത്രമല്ല, ബദല്‍ താരങ്ങളെ സൃഷ്ടിക്കുന്നതിലും ലോഹിതദാസ് കാഴ്ചവച്ച ആത്മാര്‍ഥതയും ദീര്‍ഘവീക്ഷണവും ചെറുതല്ല. സല്ലാപത്തില്‍ ദിലീപിനെ നായകനാക്കുമ്പോള്‍ ദിലീപ് കേവലമൊരു സംഘ/മിമിക്രി നടന്‍ മാത്രമായിരുന്നുവെന്നോര്‍ക്കുക.സല്ലാപം ദിലീപ് എന്ന താരത്തിന്റെ ഉദയം കൂടിയായി. പിന്നീട് ലോഹിതദാസിന്റെ തന്നെ ജോക്കര്‍ (2000), സൂത്രധാരന്‍ (2001) തുടങ്ങിയ ചിത്രങ്ങള്‍ ദിലീപിന്റെ താരപ്രഭാവം ഊട്ടിയുറപ്പിച്ചു. മീനാ ഗണേഷ്, കുളപ്പുള്ളി ലീല, സാലു കൂറ്റനാട്, ടി.എസ്. രാജു, പെല്ലിശ്ശേരി, കലാഭവന്‍ മണി, വിനു മോഹന്‍, അനിയപ്പന്‍, ചന്ദ്ര ലക്ഷ്മണ്‍, ശ്രീഹരി, അപര്‍ണ തുടങ്ങി എത്രയോ നടീനടന്മാരെ ലോഹിതദാസ് മലയാളത്തിനു പരിചയപ്പെടുത്തി. അതിലുമെത്രയോ ഗണിക്കപ്പെടേണ്ടത് ലോഹിതദാസ് കണ്ടെത്തി മലയാളത്തിനു സമ്മാനിച്ച നായികമാരെയാണ്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മീരാ ജാസ്മിന്‍, മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ, ലക്ഷ്മി ഗോപാലസ്വാമി, മന്യ, ഭാമ തുടങ്ങിയ നായികമാരെ അവതരിപ്പിച്ചത് ലോഹിതദാസാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ ദിലീപ് വരെ അപ്രാപ്യരായ താരപ്രതിഭാസങ്ങളായി വാണപ്പോഴാണു ലോഹിതദാസ് നിവേദ്യത്തിലൂടെ വിനുമോഹനെയും ഭാമയേയും അവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയതെന്നോര്‍ക്കണം. ആധാരത്തില്‍ മുരളിയെ നായകനാക്കി, വ്യവസഥാപിത രീതികളോടു കലഹിച്ചു പുതിയതു തേടാനുള്ള സ്വാഭാവിക ത്വരയുടെ അസ്വാഭാവിക പരിണതിയായി ഇതിനെ കാണണം.കര്‍ണാടകസംഗീതത്തിലും മറ്റും സ്വന്തം രചനയില്‍ ചില മുദ്രകള്‍ അവശേഷിപ്പിക്കുന്ന വാഗേയകാരന്മാരെപ്പോലെ സ്വന്തം ചിത്രങ്ങളില്‍ മിക്കതിലും ചെറിയൊരു വേഷത്തിലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ലോഹിതദാസ്.
തനിയാവര്‍ത്തനത്തില്‍ ചീട്ടുകളിക്കൂട്ടത്തിലൊരാളായിത്തുടങ്ങി നിവേദ്യത്തില്‍ ലോഹിതദാസായിത്തന്നെ പ്രത്യക്ഷപ്പെട്ട ലോഹിതദാസ് മറ്റു സംവിധായകരുടെ സിനിമകളിലും അപൂര്‍വമായെങ്കിലും അഭിനേതാവിന്റെ വേഷമണിഞ്ഞു.ശശി പരവൂരിന്റെ കാറ്റു വന്നുവിളിച്ചപ്പോള്‍, എ.കെ. സാജന്റെ സ്‌റ്റോപ് വയലന്‍സ്, റോഷന്‍ആന്‍ഡ്രൂസിന്റെ ഉദയനാണു താരം, ദ് ക്യാംപസ് തുടങ്ങിയ സിനിമകള്‍. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ലോഹിതദാസ് എന്ന സംവിധായകന്‍കഠിനാധ്വാനമല്ലാതെ ജീവിതവിജയത്തിനു കുറുക്കുവഴികളില്ലെന്നും തനിക്കിണങ്ങുന്ന പ്രവൃത്തി താന്‍ കണ്ടെത്തുന്നതാണെന്നുമുള്ള തന്റെ ജീവിതവീക്ഷണമാണ് ജയറാമിന്റെ നായകവേഷത്തോട് ഉപദേശിക്കുന്നത്. ജോക്കര്‍, നിവേദ്യംതുടങ്ങിയ സിനിമകളില്‍ ഗാനരചന നിര്‍വഹിച്ച ലോഹിതദാസ് സൂത്രധാരനില്‍ ചിത്രസന്നിവേശവും ചെയ്തു.

3 comments:

കെ said...

ലോഹിതദാസിന് ആദരാഞ്ജലികള്‍

chithrakaran:ചിത്രകാരന്‍ said...

ആദരാഞ്ജലികള്‍

Unknown said...

I can feel your pain. It is hard to say good bye to someone so close to you. May his soul rest in peace.