ബൈജു ചന്ദ്രന്‍
കാലം എന്ന സമസ്യയുമായി സകലകലകളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നൃത്തം കാലത്തിലെ ചലനരൂപവും സംഗീതം ശബ്ദരൂപവും നാടകം ക്രിയാരൂപവുമാകുമ്പോള്‍ ചലച്ചിത്രം കാലത്തില്‍ കൊത്തിയെടുത്ത ദൃശ്യരൂപമാവുന്നു.അനാദിമധ്യാന്തരൂപിയായ കാലത്തിന്റെ-സമയത്തിന്റെ ചലച്ചിത്രകലയിലെ നിതാന്തസാന്നിദ്ധ്യത്തെയും ഇടപെടലുകളെയും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുകയാണ് എ.ചന്ദ്രശേഖര്‍ രചിച്ച ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍. സിനിമയിലെ കാലപ്രവാഹത്തിലൂടെ കരുതലോടെയാണെങ്കിലും ആയാസരഹിതമായി തുഴഞ്ഞുപോകുമ്പോള്‍ കണ്ണില്‍പ്പെടുന്ന പവിഴപ്പുറ്റുകളെയും പാറക്കെട്ടുകളെയും അപൂര്‍വജീവജാലങ്ങളെയുമൊക്കെ ചന്ദ്രശേഖര്‍ അതിസമീപദൃശ്യങ്ങളായിത്തന്നെ കാണിച്ചുതരുന്നുണ്ട്.
കാലത്തിലൂടെ കാലം കൊണ്ട് കാലത്താലെഴുതുന്ന കലാസൃഷ്ടിയായ സിനിമയില്‍ കാലം നിമിത്തവും പശ്ചാത്തലവും പ്രമേയവും പ്രധാനകഥാപാത്രവുമായി തീരുന്നതെങ്ങനെയെന്ന് സിന്തങ്ങളുടെയും പ്രത്യക്ഷോദാഹരണങ്ങളുടെയും പിന്‍ബലത്തോടെ ചന്ദ്രശേഖര്‍ സമര്‍ത്ഥിക്കുമ്പോള്‍ ഒരു ലക്ഷണമൊത്ത ആധികാരിക ഗ്രന്ഥത്തിന്റെ സ്വഭാവം കൈവരിക്കുന്നുണ്ട്. പഠനവിഷയത്തിന്റെ പരപ്പില്‍ നീന്തിത്തുടിക്കുമ്പോള്‍ത്തന്നെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്, സിനിമയുടെ സകല ഊടുവഴികളിലും ഗുഹാമുഖങ്ങളിലും കയറിയിറങ്ങി മൗലികവും പുതുമയാര്‍ന്നതുമായ പല കണ്ടെത്തലുകളും മുന്നോട്ടുവയ്ക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ആധുനിക മാധ്യമകാലത്ത് ഏറ്റവും വിലപിടിച്ച ചരക്കായി സമയമെങ്ങനെ മാറി എന്ന അന്വേഷണത്തിലാരംഭിക്കുന്ന ബോധതീരങ്ങളില്‍... പത്തു ഖണ്ഡങ്ങളിലൂടെയാണ് പൂര്‍ണമാവുന്നത്. ചലച്ചിത്രകലയുടെ ആഖ്യാനവഴികളിലും പ്രമേയസ്വീകരണത്തിലും കാലാകാലങ്ങളിലുണ്ടായ മാറ്റങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ചരിത്രത്തോടു നീതിപുലര്‍ത്തിയിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കുന്നുണ്ട്. കാലത്തെ വരുതിയില്‍ നിര്‍ത്താനും മാറ്റിമറിച്ച് ദൃശ്യശില്‍പങ്ങളുണ്ടാക്കാനുമുതകുന്ന പ്രധാന പണിയായുധമായി കട്ട് പരിണമിക്കുന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കുന്നു കാലത്തിന്റെ തിരുമുറിവ് ചലച്ചിത്രത്തിന്റെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളിലേക്ക് പ്രകാശം ചൊരിയുന്ന ഖണ്ഡമാണ്. വിശ്വോത്തര ചലച്ചിത്രകാരന്മാരും മലയാളത്തിന്റെ മുന്‍നിര സംവിധായകരുമൊക്കെ കാലത്തെ കൈകാര്യം ചെയ്യുമ്പോള്‍ പ്രകടമാക്കുന്ന വൈരുദ്ധ്യവും വൈദഗ്ധ്യവും താരതമ്യം ചെയ്യപ്പെടുന്നു. നിറപ്പകിട്ടുകൊണ്ടു കാലത്തെ അടയാളപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാലത്തിന്റെ കളര്‍ക്കോഡ് എന്ന ഖണ്ഡവും ശബ്ദത്തിന്റെ അദൃശ്യസാന്നിദ്ധ്യമുപയോഗിച്ചു കാലത്തെ രേഖപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സമയത്തിന്റെ നിലവിളികളും മര്‍മ്മരങ്ങളും എന്ന അദ്ധ്യായവും മൗലികതയിലും വിശകലനസാമര്‍ത്ഥ്യത്തിലും വേറിട്ടുനില്‍ക്കുന്നു. കാലം കാലത്തെ തടവിലാക്കുന്ന ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും പതിറ്റാണ്ടുകളിലൂടെ കണ്ടുപരിചയിച്ച സിനിമാറ്റിക് ടൈമിനെ അട്ടിമറിക്കുന്ന ടെലിവിഷന്‍ പരസരവും സൂക്ഷ്മമമായി വിലയിരുത്തപ്പെടുന്നുണ്ട്. ആധുനിക സിനിമയുടെ സമയപരിചരണവും വിമര്‍ശനവിധേയമാവുന്നു. ചരിത്രത്തിന്റെ ദശാസന്ധികളില്‍ നിന്നും ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മുഖം തിരിച്ചുനില്‍ക്കുന്ന സമകാലിക മലയാള സിനിമ അതിന്റെ ആഴമില്ലായ്മയുടെയും അന്തസ്സാരശൂന്യതയുടെയും പേരില്‍ വിചാരണ ചെയ്യപ്പെടാന്‍ ഈ കാലവിചാരം നിമിത്തമാവുന്നുണ്ടെന്നത് ആഹഌദകരമാണ്. ആവിഷ്‌കരണശൈലിയില്‍ ആധുനികമാവുമ്പോള്‍ത്തന്നെ പ്രമേയകല്‍പനയില്‍ കാലബോധം നഷ്ടമാവുന്ന മുഖ്യധാരാ മലയാളസിനിമയെ പാപബോധമില്ലാത്ത സമയം എന്ന അദ്ധ്യായത്തില്‍ ഒരു പരിഹാസച്ചിരിയോടെയാണു പരാമര്‍ശിച്ചിരിക്കുന്നത്. സമാനപ്രമേയങ്ങളവതരിപ്പിച്ച മുഖ്യധാരാ-സമാന്തര ചിത്രങ്ങളുടെ താരതമ്യപഠനം അതിന്റെ മൗലികസ്വഭാവം കൊണ്ട് അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ വെറുതേ വീണ്ടെടുക്കുന്ന കാലം എന്ന അദ്ധ്യായത്തില്‍ രണ്ടും മൂന്നും ഭാഗങ്ങളുണ്ടാവുന്ന ചിത്രങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതിലെ മുഖ്യകഥാപാത്രങ്ങള്‍ക്കു കാലാന്തരത്തില്‍ സംഭവിക്കുന്ന-അനുഭവിക്കേണ്ടിവരുന്ന സ്വഭാവപരിണാമങ്ങളെ കുറേക്കൂട സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതായിരുന്നു. കഥാപാത്രങ്ങളുടെ ബാഹ്യരൂപത്തെ മാത്രമല്ല, ആന്തരിക സ്വഭാവഘടനയെ വരെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണല്ലോ അപ്രതീക്ഷിതമായ കാലപ്രവാഹം. മലയാളത്തിലാദ്യമായി രണ്ടാംഭാഗമുണ്ടായ അശ്വമേധം എന്ന ചിത്രത്തിലെ നായകനായ മോഹനന്‍ തുടര്‍ന്നുള്ള ശരശയ്യയില്‍ പ്രധാനവില്ലനായി മാറുന്നതും ആ കഥാപാത്രത്തെ പ്രേംനസീറില്‍ നിന്ന് ഗോവിന്ദന്‍കുട്ടി ഏറ്റെടുക്കുന്നതും കൗതുകകരമായ സംഗതികളല്ലേ? തിരക്കേറിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇത്തരമൊരു ഗ്രന്ഥരചനയിലേര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ചില്ലറ അനവധാനതകള്‍ വേറെ ചിലതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാവ്യമേള(1965)യും ചിത്രമേള(1967)യും പാക്കേജായി പുറത്തിറങ്ങിയെന്നുള്ള നിസ്സാരതെറ്റുകളെ നോട്ടപ്പിശകുകളായി കാണാം. എന്നാല്‍ സ്വയംവരത്തിലെ നായകന്‍ റെയില്‍പ്പാളത്തില്‍ ജീവിതമവസാനിപ്പിച്ചെന്നുള്ള പരാമര്‍ശവും നിര്‍മാല്യത്തില്‍ വെളിച്ചപ്പാടിന്റെ നാടുവിട്ടുപോയ മകനെ അനന്തരവനാക്കിയതും ആ ചിത്രങ്ങളുടെ സ്രഷ്ടാക്കളായ വലിയ ചലച്ചിത്രകാരന്മാരുടെ പാത്രകല്‍പനയെത്തന്നെ തകിടംമറിക്കുന്ന രീതിയിലുള്ള അബദ്ധങ്ങളായിപ്പോയി. അതുപോലെതന്നെ ചലച്ചിത്രപ്രേമികള്‍ക്കെന്നപോലെ സാധാരണക്കാര്‍ക്കും താല്‍പര്യം തോന്നിക്കേണ്ട ഇത്തരമൊരു പുസ്തകത്തിന് കുറച്ചുകൂടി അര്‍ത്ഥവത്തും സംവേദനക്ഷമവുമായ പുറംചട്ടയാകാമായിരുന്നു എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
സുഘടിതവും യുക്തിഭദ്രവും സമഗ്രവുമായ ഈ പുസ്തകത്തിന്റെ രചനയ്ക്ക് ചന്ദ്രശേഖറിനു സഹായമായിത്തീര്‍ന്നത് തീര്‍ച്ചയായും വ്യത്യസ്ത മാധ്യമങ്ങളില്‍നിന്ന് (പത്രം, ചലച്ചിത്രമാസിക, ടെലിവിഷന്‍, വെബ്ബ്) ആര്‍ജിച്ച അനുഭവസമ്പന്നതയായിരിക്കണം. സിനിമയെയും കാലത്തെയും കുറിച്ചു മലയാളത്തിലുണ്ടായ പഠനഗ്രന്ഥം എന്ന പ്രത്യേകതയ്ക്കു പുറമേ ലോകസിനിമയുടെ പശ്ചാത്തലതത്തില്‍ മികച്ച ഇന്ത്യന്‍-മലയാള സിനിമകളുടെ കൂട്ടത്തില് മുഖ്യധാരാ മലയാളസിനിമകളെക്കൂടി ചേര്‍ത്തുനിര്‍ത്തിയതിനും ചന്ദ്രശേഖര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
നീന്തിത്തുടിക്കുമ്പോള്‍ത്തന്നെ ആഴങ്ങളിളിരങ്ങിച്ചെന്നു സിനിമയുടെ സകല ഉടുവഴികളിലും ഗുഹാമുഖങ്ങളിലും കയറി ഇറങ്ങി മൌലികവും പുതുമയാര്ന്നതുമായ പല കണ്ടെത്തലുകളും മുന്നോട്ടുവയ്ക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ സവിശേഷത.സിനിമയില്‍ കാലം നിമിത്തവും പശ്ചാത്തലവും പ്രമേയവും പ്രധാന കഥാപാത്രവുമായിത്തീരുന്നതെങ്ങനെ എന്ന് സിദ്ധാന്തങ്ങളുടെയും പ്രത്യക്ഷ ഉദാഹരണങ്ങളുടെയും പിന്‍ബലത്തോടെ ചന്ദ്രശേഖര്‍ സമര്ഥിക്കുമ്പോള് ഒരു ലക്ഷണമൊത്ത ആധികാരിക ഗ്രന്ഥത്തിന്ടെ സ്വഭാവം കൈവരിക്കുന്നുന്ട്.സിനിമയെയും കാലത്തെയും കുറിച്ച് മലയാളത്തിലുണ്ടായ പഠന ഗ്രന്ഥം എന്ന പ്രത്യേകതയ്ക്ക് പുറമെ ലോകസിനിമയുടെ പശ്ചാത്തലത്തില്‍ മികച്ച ഇന്ത്യന്‍-മലയാള സിനിമകളുടെ കൂട്ടത്തില് മുഖ്യധാരാ മലയാള സിനിമയെക്കുടി ചേര്ത്തു നിര്ത്തിയത്തിനും ചന്ദ്രശേഖര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
സമകാലിക മലയാളം വാരിക, പുസ്തകം 12, ലക്കം 14, പേജ് 82
No comments:
Post a Comment