Friday, January 23, 2026

ഘട്ടക്ക്: മധുമതിയെ സൃഷ്ടിച്ച സുവര്‍ണതാരം

Article published in Ritwick Ghatak Memoir published by Centre for Arts and Cultural Studies Trivandrum 2025.

എ.ചന്ദ്രശേഖര്‍

ജോണ്‍ ഏബ്രഹാമിനും അടൂര്‍ ഗോപാലകൃഷ്ണനും ഗുരുവായിരുന്ന, ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റേയ്‌ക്കൊപ്പം പലപ്പോഴും നിരൂപകര്‍ പ്രതിഷ്ഠിക്കുന്ന സമകാലികനും സമശീര്‍ഷ്യനും എന്നതിലുപരി, ഇന്ത്യയിലെ ആദ്യകാല സൂപ്പര്‍ ഹിറ്റുകളിലൊന്നും, ഇന്ത്യന്‍ ഹൊറര്‍/പുനര്‍ജന്മ സിനിമാജനുസിന്റെ തന്നെ തുടക്കംകുറിച്ചതുമായ മധുമതിയുടെ തിരക്കഥാകൃത്ത് എന്ന നിലയ്ക്കാണ് ഋത്വിക് ഘട്ടക്ക് എന്ന മാസ്റ്റര്‍ ഫിലിം മേക്കറെ, വ്യക്തിപരമായി എനിക്കിഷ്ടം. സുവര്‍ണരേഖയും മേഘ ധാക്ക താരയും ഒന്നും അംഗീകരിക്കുന്നില്ല എന്നല്ല അതിനര്‍ത്ഥം. അതൊക്കെ ക്‌ളാസിക്കുകള്‍ മാത്രമല്ല, ആധുനിക ഇന്ത്യന് സിനിമയിലെ വഴിത്തിരിവുകള്‍ തന്നെയായിരുന്നു. പക്ഷേ മധുമതി (1958) ഇന്ത്യന്‍ കമ്പോള മുഖ്യധാരാസിനിമയില്‍ നടത്തിയ ഇടപെടലും ഇതിവൃത്തപരമായ സ്വാധീനവും ആഖ്യാനശൈലിയില്‍ കാഴ്ചവച്ച ഭാവുകത്വമാറ്റവും സമാനതകളില്ലാത്തതാണ്. മാത്രമല്ല, ഇന്ത്യന്‍ സമാന്തര സിനിമയുടെ, കലാമൂല്യം കൊണ്ടു മാത്രം മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന കലാസിനിമയുടെ പ്രയോക്താവ് എന്നതിലുപരി ഘട്ടക് എന്ന ചരിത്രപുരുഷനെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഐക്കോണിക്ക് ഹിറ്റ് സിനിമകളിലൊന്നിന്റെ തിരക്കഥാകൃത്തെന്ന നിലയ്ക്ക് അടയാളപ്പെടുത്തിയതുകൊണ്ടുതന്നെ മധുമതിക്ക് സിനിമാചരിത്രത്തില്‍ വേറിട്ടൊരു സ്ഥാനമുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമയിലെ പ്രേത/പുനര്‍ജന്മ സിനിമകള്‍ക്ക് ഒരു ക്‌ളാസിക്ക് മാതൃക ചമയ്ക്കാനായി എന്നതില്‍.

ഇന്ത്യന്‍ സിനിമയെ കൗമാരത്തിലേക്കു കൈപിടിച്ചു നടത്തിയ ബിമല്‍ റോയ് നിര്‍മ്മിച്ചു സംവിധാനം ചെയ്ത സിനിമയാണ് മധുമതി. ഋത്വിക് ഘട്ടക്കിന്റെ കഥയ്ക്ക് ഘട്ടക്കും രജീന്ദര്‍ സിങ് ബേദിയും ചേര്‍ന്നാണ് തിരക്കഥ ചമച്ചത്. ദിലീപ് കുമാറിനെ താരനിരയിലേക്കുയര്‍ത്തുകയും പ്രാണിനെ ഹിന്ദിസിനിമയിലെ എക്കാലത്തെയും മികച്ച പ്രതിനായകസ്ഥാനത്തേക്കുയര്‍ത്തുകയും ചെയ്ത സിനിമ. വൈജയന്തി മാലാ ബാലിയെ ബോളിവുഡ്ഡിലെ താരസുന്ദരിയാക്കിത്തീര്‍ത്ത ചിത്രം. സലില്‍ ചൗധരിയുടെ മാസ്മര ഈണത്തില്‍ പിറന്ന നിത്യനൂതന ഗാനങ്ങളവതരിപ്പിച്ച ദൃശ്യഖണ്ഡങ്ങള്‍. ഋഷികേശ് മുഖര്‍ജിയുടെ മാധ്യമബോധം വെളിവാക്കിയ ചിത്രസന്നിവേശം. ദിലീപ് ഗുപ്തയുടെ മനോഹരമായ ഛായാഗ്രഹണം. 1958 സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങിയ മധുമതി ഹോളിവുഡ്ഡിലടക്കം പുനര്‍ജന്മ സിനിമകള്‍ക്ക് പ്രചോദനമായി എന്നത് അനിഷേധ്യമായ സത്യം. മിലന്‍ (1967) മുതല്‍ ഓം ശാന്തി ഓം (2007) വരെയുള്ള പുനര്‍ജന്മ സിനിമകളുടെ ആദിരൂപമായിട്ടാണ് ചലച്ചിത്ര നിരൂപകര്‍ മധുമതിയെ വിവക്ഷിക്കുന്നത്. ഇന്‍ഡോളജിസ്റ്റും ഗവേഷകയുമായ വെന്‍ഡി ഡോണിഗറുടെ അഭിപ്രായത്തില്‍, ദ് റീ ഇന്‍കാര്‍നേഷന്‍ ഓഫ് പീറ്റര്‍ പ്രൗഡ് (1975) എന്ന ഹോളിവുഡ് സിനിമയ്ക്കു പോലും പ്രചോദനമായത് മധുമതിയാണ്. ഈ ചിത്രത്തില്‍ നിന്നാണ് പിന്നീട് സൂപ്പര്‍ ഹിറ്റായ ഹിന്ദി ചിത്രം കര്‍സ് (1980) നിര്‍മ്മിക്കപ്പെട്ടത്. (കര്‍സിന്റെ സ്വതന്ത്ര പുനര്‍നിര്‍മ്മിതിയായിരുന്നു ഓം ശാന്തി ഓം). മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ കഥയും തിരക്കഥയുമൊരുക്കി എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം (1964) എന്ന സിനിമയ്ക്കു പോലും മധുമതിയോടുള്ള വിദൂരഛായയും ചാര്‍ച്ചയും തള്ളിക്കളയാനാവുന്നതല്ല. പ്രണയവും പ്രേതാത്മാവും പ്രതികാരവും എന്ന പ്രമേയപരികല്‍പന തന്നെയായിരുന്നല്ലോ രണ്ടു സിനിമകളുടെയും കാതല്‍. ആമൂന്നു പ്ര കളുടെയും പ്രയോക്താവാകട്ടെ സാക്ഷാല്‍ ഋത്വിക് ഘട്ടക്കും. മലയാളത്തില്‍ 1976ല്‍ യൂസഫലി കേച്ചേരി മധുമതിക്ക് വനദേവത എന്ന പേരില്‍ ഒരു മലയാളം ഭാഷ്യം നല്‍കിയതും പരാമര്‍ശിക്കേണ്ടതു തന്നെ. ശരത്ചന്ദ്ര ഛതോപാദ്ധ്യായയുടെ ദേവദാസ് എന്ന കൃതിക്ക് ഇന്ത്യന്‍ സിനിമയില്‍ കല്‍പ്പിക്കപ്പെട്ടതും ലഭിച്ചതുമായ ക്‌ളാസിക്ക് മാനത്തിനും ഭാഷ-ദേശാന്തര സ്വീകാര്യതയ്ക്കും സമാനമാണ് മധുമതിക്കും നേടാനായത്. (ദേവദാസ് ആദ്യം ചലച്ചിത്രമാക്കിയും ബിമല്‍ റോയ് ആയിരുന്നു എന്ന കാര്യം സ്മരണീയമേ്രത)

യഥാര്‍ത്ഥത്തില്‍ മാധ്യമബോധവും സൗന്ദര്യബോധവും ലാവണ്യബോധവും ഒരുപോലെ സ്വന്തമായുള്ളൊരു അസാമാന്യ കഥാകൃത്തിന്റെ/തിരക്കഥാകാരന്റെ കരവിരുതാണ് മധുമതിയുടെ വിജയത്തിനു പിന്നില്‍.ഋത്വിക് ഘട്ടക്  എന്ന ദീര്‍ഘവീക്ഷണവും വിശാലവീക്ഷണവുമുള്ള ചലച്ചിത്രകാരന്റെ പ്രതിഭ തിരിച്ചറിയുന്നത്, തിരിച്ചറിയപ്പെടേണ്ടത് അങ്ങനെയാണ്.വെന്‍ഡി ഡോണിഗര്‍ ദ് വുമണ്‍ ഹൂ പ്രിറ്റന്‍ഡ് ടു ബി ഹൂ ഷീ വാസ്-മിത്ത്‌സ് ഓഫ് സെല്‍ഫ് ഇമിറ്റേഷന്‍ എന്ന പുസ്തകത്തില്‍, നായകന് തന്റെ പൂര്‍വജന്മത്തിലേക്കെന്നോണം ചില ദിവാസ്വപ്‌നദൃശ്യമുണ്ടാകുന്നതും അതുവഴി ഫ്‌ളാഷ്ബാക്കിലൂടെ പൂര്‍വജന്മകഥ വെളിവാകുന്നതുമായ ആവിഷ്‌കാരശൈലിയുടെ തുടക്കം മധുമിതിയിലാണെന്നു രേഖപ്പെടുത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തിലെ നവഭാവുകത്വ സിനിമയായ ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര യിലെ നീലിയില്‍ വരെ മധുമതിയുടെ ഛായയും നിഴലും സ്പഷ്ടമാകുന്നുവെങ്കില്‍ ആ കഥാപാത്രത്തെയും കഥാനിര്‍വഹണത്തെയും ആദ്യം സങ്കല്‍പ്പിച്ച ഘട്ടക് എന്ന പ്രതിഭയുടെ മഹാവീക്ഷണത്തിനു മുന്നില്‍ നമുക്കു ശിരസുനമിക്കാതെ വയ്യ.

അമേരിക്കയിലെ ലോവ സര്‍വകലാശാലയിലെ ഹിന്ദി വിദഗ്ധനും ദക്ഷിണേഷ്യന്‍ ഗവേഷകനുമായ ഫിലിപ്പ് ലല്‍ജന്‍ഡോര്‍ഫ് അഭിപ്രായപ്പെട്ടതുപോലെ മധുമതിയുടെ കഥാനിര്‍വഹണത്തിന് തിരക്കഥാകൃത്ത് സ്വീകരിച്ചിട്ടുള്ള ഫ്‌ളാഷ്ബാക്കിനുള്ളിലെ ഫ്‌ളാഷ്ബാക്ക് എന്ന അതിസങ്കീര്‍ണമായ ആഖ്യാനശൈലി ആല്‍ഫ്രഡ് ഹിച്ച് കോക്കിന്റെ റബേക്കയിലേതിനും വെര്‍ട്ടിഗോയിലേതിനും സമാനമാണ്.

2003-ല്‍ ബോളിവുഡ് സിനിമകളില്‍ ഏറ്റവും മികച്ചവ കണ്ടെത്താന്‍ ഔട്ട്ലുക്ക് മാസിക 25 പ്രമുഖ ഇന്ത്യന്‍ സംവിധായകരോട് ആവശ്യപ്പെട്ടപ്പോള്‍ അവരിധികം പേരും വോട്ട് ചെയ്ത്  11-ാം സ്ഥാനത്തു പ്രതിഷ്ഠിച്ചത് മധുമതിയെയാണ്. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും, മികച്ച സിനിമ മികച്ച സംവിധായകന്‍, മികച്ച ഗായിക, എന്നിങ്ങനെ ഒന്‍പതു ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും നേടി ഇതിഹാസം സൃഷ്ടിക്കുകയായിരുന്നു മധുമതി.

പില്‍ക്കാല പ്രേതസിനിമകളുടെയെല്ലാം ആഖ്യാന-ആഖ്യാനക രൂപഘടനയുടെ ആദിരൂപമെന്നോണം,

 മലമുകളിലെ ഒരു മാളികയില്‍ അവിചാരിതമായി എത്തപ്പെടുന്ന നായകന് നേരിടേണ്ടിവരുന്ന അതീന്ദ്രിയ-അതിഭൗതിക അനുഭവങ്ങളാണ് മധുമതിയുടെ പ്രമേയം.

കൊടുങ്കാറ്റുള്ള ഒരു രാത്രിയില്‍, ദേവീന്ദര്‍ എന്ന എന്‍ജിനിയീര്‍ സുഹൃത്തിനൊപ്പം റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭാര്യയെയും കുട്ടിയെയും കൊണ്ടുവരാന്‍ ഒരു കുന്നിന്‍ റോഡിലൂടെ ഓടുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അവര്‍ ഒരു പഴയ മാളികയില്‍ അഭയം തേടുന്നു. അവിടെ ദേവീന്ദറിന് ചില പഴയ ഓര്‍മ്മകള്‍ തികട്ടിവരികയാണ്. ജീവിതത്തിലാദ്യമായി എത്തപ്പെടുന്ന ആ ഹവേലി അയാള്‍ക്ക് ചിരപരിചിതമെന്നോണം അനുഭവപ്പെടുന്നു. മുന്‍വശത്തെ വലിയ മുറിയില്‍, വച്ച പഴയ ഛായാചിത്രം അയാള്‍ തിരിച്ചറിയുന്നു.അതയാളെ പൂര്‍വജന്മസ്മൃതികളിലേക്ക് പുനരാനയിക്കുന്നു.

ശ്യാംനഗര്‍ എസ്റ്റേറ്റിന്റെ മാനേജരായിരുന്ന കലാകാരനായ ആനന്ദ് മധുമതി എന്ന കാടിന്റെ മകളുമായി പ്രണയത്തിലായി, പാട്ടുകള്‍ അവനെ ദൂരെ നിന്ന് വേട്ടയാടി. മനുഷ്യത്വം തൊട്ടുതീണ്ടാത്ത എസ്റ്റേറ്റുടമ രാജ ഉഗ്രനരേന് തന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാത്ത ആനന്ദിനോട് ഉള്ളില്‍ പകയായിരുന്നു. ആനന്ദിന് സ്വന്തം പണിക്കാര്‍ക്കിടയില്‍ തന്നെ ശത്രുക്കളുണ്ട്.ഒരിക്കല്‍ ദൂരെ ഒരു ജോലിക്കായി ആനന്ദിനെ രാജ പറഞ്ഞുവിടുന്നു. മടങ്ങിയെത്തിയ ആനന്ദ് മധുമതിയെ കാണാതായ വിവരം ഞെട്ടലോടെ തിരിച്ചറിയുന്നു. അവളെ ഉഗ്ര നരേന്‍ പിടിച്ചു കൊണ്ടുപോയതു മനസ്സിലാക്കി ആനന്ദ അയാളുമായി ഏറ്റുമുട്ടലിലെത്തുന്നുവെങ്കിലും, ഉഗ്രനരേന്റെ ആളുകള്‍ അവനെ മര്‍ദ്ദിച്ചവശനാക്കു്‌നനു. ആളുകള്‍ ആനന്ദിനെ കൊട്ടാരത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍, മധുമതിയുടെ പിതാവ് അവരോട് ഏറ്റുമുട്ടുന്നു. അവരെ കീഴ്‌പ്പെടുത്തുന്നതില്‍ വിജയിക്കുന്നെങ്കിലും അയാളും മരിക്കുന്നു. ഇതിനിടെ, അവശനായ ആനന്ദിനെ ചരണ്‍ ദാസ് രഹസ്യമായി  ആശുപത്രിയിലെത്തിക്കുന്നു

ആനന്ദിനു ജീവന്‍ തിരികെക്കിട്ടുന്നെങ്കിലും മനസ്സ് കൈവിട്ട അവസ്ഥയിലായി. അലക്ഷ്യമായി മലകളിലൂടെ അലയുന്നൊരുഒരു ദിവസം, അയാള്‍ മധുമതിയെ പോലെ  ഒരു പെണ്ണിനെ കാണുന്നു. മാധവി എന്നു പരിചയപ്പെടുത്തിയ  അവളെ മധുമതിയെന്നു കരുതി പെരുമാറാന്‍ ശ്രമിക്കുന്ന അയാളെ അവളുടെ കൂട്ടത്തിലുള്ളവര്‍ തല്ലുന്നു. എന്നാല്‍, മാധവി ആനന്ദ് വരച്ച മധുമതിയുടെ രേഖാചിത്രം കണ്ടെത്തുന്നതോടെ അയാള്‍ പറയുന്നത് സത്യമാണ് എന്നു തിരിച്ചറിയുകയാണ്. ഉഗ്ര നരെയ്ന്റെ മുന്നില്‍ മധുമതിയായി അഭിനയിച്ച് അയാളെക്കൊണ്ട് അവളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റുപറയിക്കാനും ആനന്ദ് മാധവിയുടെ സഹായം തേടുന്നു.

ഉഗ്ര നരേന്റെ കൊട്ടാരത്തിലേക്ക് മടങ്ങിയ ആനന്ദ്, അടുത്ത ദിവസം അദ്ദേഹത്തിന്റെ ഛായാചിത്രം വരയ്ക്കാന്‍ അനുവാദം ചോദിക്കുന്നു. തുടര്‍ന്ന് നാടകീയമായ രീതിയില്‍ അയാള്‍ക്കു മുന്നില്‍ പ്രത്യക്ഷമാവുന്ന മധുമതിയായ മാധവിയെ കാണുന്ന ഉഗ്ര നരെയ്ന്‍ ആടിയുലയുന്നു. ഭയത്താല്‍ തന്റെ കുറ്റം അയാള്‍ ഏറ്റുപറയുന്നതിനെത്തുടര്‍ന്ന് ആനന്ദ് പറഞ്ഞിട്ട് മുറിക്ക് പുറത്ത് കാത്തുനിന്ന പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു. എന്നാല്‍, ഉഗ്ര നരെയ്നിനോട് മധുമതിയെന്ന നിലയ്ക്ക് മാധവി ചോദിച്ച ചോദ്യങ്ങള്‍ മാധവിക്ക് അറിയാന്‍ കഴിയാത്ത കാര്യങ്ങളാണെന്ന് ആനന്ദ് ഞെട്ടലോടെ തിരിച്ചറിയുന്നു; മാധവി പുഞ്ചിരിച്ചുകൊണ്ട് പടികള്‍ ലക്ഷ്യമാക്കി നീങ്ങി. ആ സമയം മധുമതിയായി വേഷം ധരിച്ച യഥാര്‍ത്ഥ മാധവി, തിരക്കിട്ടവിടെയെത്തുന്നു. വഴിയില്‍  കാര്‍ കേടായതിനാല്‍ അവള്‍ വൈകിയ വിവരം അവള്‍ ആനന്ദിനെ ധരിപ്പിക്കുന്നു. മധുമതിയുടെ വേഷമിട്ട മാധവിയായി അത്രനേരം തങ്ങളോടൊപ്പമുണ്ടായത്  മധുമതിയുടെ ആത്മാവാണെനന്ന് ആനന്ദ് തിരിച്ചറിയുന്നു. അയാള്‍ ടെറസിലേക്ക് ഓടുന്നു, അവിടെ മധുമതിയുടെ ആത്മാവ് അവനെ വിളിക്കുന്നു. ഉഗ്ര നരേനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മധുമതി താഴേക്കു വീണ അതേ മട്ടുപ്പാവില്‍ നിന്ന് ആനന്ദുമൊത്ത് അവളുടെ ആത്മാവും താഴേക്കു വീഴുകയും ആനന്ദ് മരിക്കുകയും ചെയ്യുന്നു.

ആനന്ദിന്റെയും മധുമതിയുടെയും കഥ കേട്ട, ദേവീന്ദറിനെ കാത്തിരിക്കുന്നത് ഭാര്യ സഞ്ചരിച്ച സൂഹൃത്തുമായി സാഹസികമായി സ്റ്റേഷനിലെത്തുന്ന ദേവീന്ദര്‍ കാണുന്നത് പരിക്കേല്‍ക്കാതെ പുറത്തുവരുന്ന ഭാര്യ രാധയെയാണ്. പക്ഷേ രാധ മധുമതിയാണെന്ന് അയാള്‍ തിരിച്ചറിയുന്നു. താന്‍ ആനന്ദിന്റെ പുനര്‍ജന്മവും. കഥയ്ക്കുള്ളിലെ കഥ എന്ന സങ്കേതം ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് ഘട്ടക്ക് മധുമതിയുടെ ആഖ്യാനം നിര്‍വഹിച്ചിട്ടുള്ളത്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സ്വയം വഴിവെട്ടി മുന്നേറുന്നവരെയാണ് നാം മൗലികപ്രതിഭകളെന്ന് വാഴ്ത്തുക. മധുമതിയിലൂടെ ഇന്ത്യന്‍ കമ്പോള സിനിമയിലെ അപസര്‍പക ജനുസിന് തനതായ സ്വത്വം സമ്മാനിച്ച ഋത്വിക് ഘട്ടക്കിന്റെ മൗലികത പക്ഷേ, സമാന്തരസിനിമകളിലും ്അതിനേക്കാള്‍ തീവ്രതയോടെ നമുക്കു 

ഇന്ത്യന്‍ മിത്തുകളെകൂട്ടുപിടിച്ചാണ് ഘട്ടക് ഈ അനശ്വര പ്രണയ-പ്രേത-പുനര്‍ജന്മ ഇതിഹാസത്തിന്റെ കഥക്കൂട്ടുണ്ടാക്കിയിട്ടുള്ളത്. നാടോടിക്കഥകളുടെയും നാടന്‍ പാട്ടുകളുടെയും മറ്റും പൈതൃകങ്ങളെ അദ്ദേഹമതില്‍ സ്വാംശീകരിച്ചു.കുമയൂണ്‍ മലനിരകളില്‍ നടക്കുന്നതായി സങ്കല്‍പിക്കപ്പെട്ട കഥയ്ക്ക് നാടോടി സംഗീതത്തിന്റെ പിന്‍ബലവും ചാര്‍ത്തപ്പെട്ടു. അക്കാലത്തെ ഹിന്ദി സിനിമയുടെ മാതൃക പിന്തുടര്‍ന്ന് 11 ഗാനങ്ങളായിരുന്നു മധുമതിയില്‍ ഉള്‍പ്പെടുത്തിയത്. അവയില്‍ അസമിലെ ആദിവാസി നാടന്‍ പാട്ടിന്റെ ഈണം മുതല്‍ ജഗ്താ രഹോ എന്ന ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലസംഗീതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈണം വരെയുള്‍ക്കൊള്ളുന്നു.. ദില്‍ തടപ് തടപ്, ആജാ രേ പരദേശി, സുഹാന സഫര്‍ തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തെയും മികച്ച അനശ്വര ചലച്ചിത്ര ഗാനങ്ങളായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.

വിഖ്യാതമായ കാര്‍ലോവി വാരി രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമയായിരുന്നു മധുമതി. ഹിന്ദിയില്‍ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായി കവിയും തിരക്കഥാകൃത്തുമായ ജാവേദ് അഖ്തര്‍ മധുമതിയെ വിശേഷിപ്പിച്ചിട്ടുണ്ട്. അതുവരെ സാമൂഹികപ്രാധാന്യമുള്ള കഥകള്‍ മാത്രമൊരുക്കിയ ബിമല്‍ റോയി സാങ്കല്‍പിക പ്രേത-പ്രതികാര കഥയിലേക്കു കളം മാറ്റിയപ്പോള്‍ നേടിയത് സമാനതകളില്ലാത്ത വിജയമായിരുന്നു.

അതേസമയം, ഹിന്ദിയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ മധുമതിക്കു ജന്മം നല്‍കിയ ഘട്ടക്കിലെ ചലച്ചിത്രകാരന്‍ അതിന്റെ ചരിത്രവിജയത്തില്‍ ഒട്ടുമേ തൃപ്തനായിരുന്നില്ല എന്നതാണ് വൈചിത്ര്യം. മധുമതിയെപ്പറ്റി നിഷേധാത്മകമായൊന്നും സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെങ്കിലും തന്റെ സിനിമാ തട്ടകം ബോളിവുഡ്ഡിന്റേതല്ല എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ഉറപ്പിച്ചു പറയുകയും ചെയ്തു. മധുമതിയുടെ വിജയാഘോഷങ്ങള്‍ക്കു പോലും നില്‍ക്കാതെ, മുംബൈയിലെ സിനിമയല്ല തന്റെ സിനിമ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, സങ്കല്‍പത്തിലെ സിനിമ സാര്‍ത്ഥകമാക്കുന്ന സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. അതുപക്ഷേ, പില്‍ക്കാല ഇന്ത്യന്‍ സിനിമയ്ക്ക് ഈടുറ്റ ഒരു പിടി സുവര്‍ണസിനിമകള്‍ക്കുള്ള തുടക്കമായി മാറിയെന്നതും ചരിത്രം.


Wednesday, January 21, 2026

Post Truth Cinema: My New Book on stands now

 

ജനം വരവേറ്റ ആത്മവിമര്‍ശനവും രാഷ്ട്രീയ ശരിയും

 article published in Kalakaumudi

എ.ചന്ദ്രശേഖര്‍


നടനും തി
രക്കഥാകൃത്തും ചലച്ചിത്രകാരനുമായ ശ്രീനിവാസന്റെ ചലച്ചിത്ര ജീവിതത്തെപ്പറ്റി


താന്‍ സ്വീകരിക്കാതെ വിട്ട സിനിമകളാണ് മലയാള സിനിമയ്ക്കായി താന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന എന്ന് ആത്മവിശ്വാസത്തോടെ നെഞ്ചില്‍ കൈവച്ചു പറഞ്ഞ ശ്രീനിവാസന്‍ എന്ന നടന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ, നിര്‍മ്മാതാവിന്റെ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും ആദര്‍ശവും. ആത്മവിമര്‍ശനത്തിലൂടെ, ഒരുപക്ഷേ രാഷ്ട്രീയശരിയുടെ കാഴ്ചപ്പാടില്‍ ഉടല്‍നിന്ദ(ബോഡി ഷെയ്മിങ്)യോളം നീളുന്ന സ്വയം പരിഹാസത്തിലൂടെ, സാമൂഹികവിമര്‍ശനം സാദ്ധ്യമാക്കിയ ചലച്ചിത്രകാരന്റെ, അതിനെയൊക്കെ മറികടക്കുന്ന രാഷ്ട്രീയ-സാമൂഹികബോധ്യം ശ്രീനിവാസനില്‍ മലയാളപ്രേക്ഷകര്‍ തിരിച്ചറിഞ്ഞു എന്നതിലാണ് അദ്ദേഹത്തിന്റെ കാലികവും മൗലികവുമായ പ്രസക്തി.മലയാള സിനിമയുടെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളുടെ ഭാഷയും ഭാവവും മാറ്റിമറിച്ച ശ്രീനിവാസന്‍ അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മ്മാതാവായും പുതിയ തലമുറയ്ക്ക് മാര്‍ഗദര്‍ശനമാകുന്നതും അതുകൊണ്ടുതന്നെ.

1956 ഏപ്രില്‍ നാലിന് തലശ്ശേരിക്കടുത്തു പട്ടുവത്തു ജനിച്ച ശീനിവാസന്‍ സിനിമാഭ്രാന്തു പിടിച്ച് തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ മദ്രാസിലെത്തു(ഇന്നത്തെ ചെന്നൈ)ന്നത് സിനിമ പഠിക്കാനാണ്. തമിഴ്‌നാട് സര്‍ക്കാര്‍ പോളിടെക്‌നിക്കിന്റെ ഭാഗമായി ആരംഭിച്ച അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രാഭിനയം പഠിക്കാന്‍ ചേരുമ്പോള്‍, ഒരു സിനിമാനടന് അന്നത്തെ കാലത്ത് അത്യാവശ്യവും അനിവാര്യവുമായി വേണ്ടിയിരുന്ന ശരീരസൗഭാഗ്യമോ മുഖസൗന്ദര്യമോ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. സഹപാഠിയായിരുന്ന രജനീകാന്തിനും ഇപ്പറഞ്ഞതൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഒരാള്‍ ലോകത്തേ ഏറ്റവും സ്വാധീനശക്തിയുള്ള ചലച്ചിത്രതാരമായി മാറിയപ്പോള്‍, ശ്രീനിവാസന്‍ മലയാള സിനിമയ്ക്കു മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്കും അനിവാര്യമായ ചലച്ചിത്രകാരനായിത്തീര്‍ന്നതിന് ചരിത്രം സാക്ഷി. ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിനു പോലും ശ്രീനിവാസന്‍ രചിച്ച സിനിമകളുടെ റീമേക്കുകളില്‍ അഭിനയിക്കേണ്ടിവന്നതും ചരിത്രനിയോഗം


തിരയിടത്തെ മലയാളി

പി എ ബക്കറിന്റെ മണിമുഴക്കത്തിലൂടെ നടനായി അരങ്ങേറിയ ശ്രീനിവാസന്‍ ഇരുന്നൂറിലധികം ചിത്രങ്ങളിലെ ചെറുതും വലുതും ഗൗരവമുള്ളതും സരസവുമായ വേഷങ്ങളിലൂടെ തിരയിടത്തു പ്രതിനാധാനം ചെയ്തത് തനി മലയാളിയുടെ അഥവാ ശരാശരി മലയാളിയുടെ സ്വത്വമാണ്. കുശുമ്പും കുന്നായ്മയും ചേര്‍ന്ന വക്രബുദ്ധിയും കൂര്‍മ്മബുദ്ധിയുമുള്ള മലയാളിയെയാണ് അദ്ദേഹം അടയാളപ്പെടുത്തിയത്. ഒരു കഥ ഒരു നുണക്കഥ, നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, വരവേല്‍പ്പ്, സന്ദേശം, ചിത്രം, തേന്മാവിന്‍ കൊമ്പത്ത്, സന്മനസുള്ളവര്‍ക്കു സമാധാനം,ഒരുമറവത്തൂര്‍ക്കനവ്, അറബിക്കഥ, അയാള്‍ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായാ ശ്യാമള, കഥ പറയുമ്പോള്‍, മിഥുനം, ഞാന്‍ പ്രകാശന്‍ തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ഈ നീരീക്ഷണം ശരിവയ്ക്കുന്നതാണ്. മുപ്പതോളം ചിത്രങ്ങളില്‍ പ്രധാനവേഷം ചെയ്തിട്ടുണ്ടെങ്കിലും ശ്രീനിവാസന്റെ ഉപവേഷങ്ങള്‍ക്കു പോലും മലയാളികളുടെ ഓര്‍മകളില്‍ സ്ഥാനമുണ്ട്; സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനുവേണ്ടി ശ്രീനി സ്വയമെഴുതിയവതരിപ്പിച്ച വകയിലൊരു അമ്മാവന്റെ മകന്‍ കഥാപാത്രം തന്നെയുദാഹരണം. അത്തരത്തിലൊരു കഥാപാത്രത്തെ എഴുതാനും അവതരിപ്പിക്കാനും മലയാളത്തില്‍ ശ്രീനിവാസന്‍ കഴിഞ്ഞേ ഒരാളുള്ളൂ.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ മോഹന്‍ലാല്‍ശ്രീനിവാസന്‍ കൂട്ടുകെട്ട്, പ്രഥമ ദൃഷ്ട്യാ ''തൊഴിലില്ലാത്ത യുവാക്കളുടെ കൂട്ടുകെട്ട്'' എന്ന യഥാതഥ ഹാസ്യത്തിന്റെ വാര്‍പ്പുമാതൃകയിലാണെങ്കിലും, ക്വിയര്‍ സിദ്ധാന്തത്തിലൂടെ കണ്ണിലൂടെ സാംസ്‌കാരിക വിമര്‍ശകരും ഗവേഷകരും അതിനെ പുനര്‍വായനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. നാടോടിക്കാറ്റ് ചിത്രത്രത്തിലെ പ്ട്ടണപ്രവേശം, അക്കരെയക്കരെയക്കരെ) ദാസനും വിജയനും പങ്കിടുന്ന താമസസ്ഥലം, സാമ്പത്തിക പാരസ്പര്യം, വൈകാരികത, പൊസസ്സീവ്‌നെസും അസൂയയും എന്നിവയെ കുടുംബ/ദാമ്പത്യ താളവുമായി താരതമ്യം ചെയ്ത്, ഹെറ്ററോനോര്‍മറ്റീവ് പഠനങ്ങള്‍ നടന്നിട്ടുണ്ട്. സമാനമായി മേലാള-കീഴാള ദ്വയത്തെ ആസ്പദമാക്കി ദാസനും വിജയനും സാമൂഹികപഠനങ്ങള്‍ക്കും വിഷയമായിട്ടുണ്ട്.സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ്, പ്രിയന്റെ അക്കരെ അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട്, നാട്ടില്‍ നിന്നു ഗള്‍ഫിലേക്കും പിന്നീട് അമേരിക്കയിലേക്കുമുള്ള യാത്രകളില്‍ 'ജോഡി'യായി നീങ്ങുമ്പോള്‍, ദേശീയ/ജാതിപുരുഷത്വ സ്വത്വങ്ങളുടെ സുരക്ഷക്കപ്പുറം, ഇണക്കം, കരുതല്‍ അസൂയ, വൈകാരികാശ്രയത്വം എന്നിവയിലൊക്കെ ക്വീര്‍ പാഠാന്തരം ചില ഗവേഷണ പഠനലേഖനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌ക്രീനില്‍  ഒരുമിച്ചുറങ്ങുന്ന ദാസനിലും വിജയനിലും ''ഞാന്‍ നിന്നൊപ്പമില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല'' എന്ന സംഭാഷണത്തിലും ക്വിയര്‍ പഠിതാക്കള്‍ ദൃഷ്ടാന്തം കണ്ടെത്തുന്നുമുണ്ട്. ഇതു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തിര രസതന്ത്രത്തെ മറ്റുള്ള ജോഡികളില്‍ നിന്ന് വേറിട്ടതാക്കുന്നത്..

ശ്രീനിവാസന്‍ എന്ന അഭിനേതാവിനെ വിലയിരുത്തുമ്പോള്‍ ഏറെയും പരാമര്‍ശിക്കപ്പെടുക അദ്ദേഹം ചെയ്ത അസംഖ്യം തമാശകഥാപാത്രങ്ങളാണെങ്കിലും നടനെന്ന നിലയ്ക്ക് ശ്രീനിയെ കാലം വിലയിരുത്തുക അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ചില ഗൗരവവേഷങ്ങളിലൂടെയാവുമെന്നാണ് എന്റെ നിശ്ചയം. ജി അരവിന്ദന്റെ ചിദംബരംത്തിലെ മുനിയാണ്ടി തീര്‍ച്ചയായും ആ പട്ടികയില്‍ ആദ്യസ്ഥാനത്തുണ്ടാവും. താന്‍ വേളികഴിച്ചു കൊണ്ടുവരുന്ന നിഷ്‌കളങ്ക നാട്ടിന്‍പുറത്തുകാരിയായ ശിവകാമി, താന്‍ ദൈവതുല്യം കണക്കാക്കുന്ന എസ്റ്റേറ്റ് മാനേജര്‍ ശങ്കരനുമൊത്ത് കിടക്കപങ്കിടുന്നതു നേരില്‍ക്കണ്ട് ജീവിതം ഒരു തൂക്കുക്കയറിലവസാനിപ്പിക്കുന്ന നിസ്സഹായനായ മുനിയാണ്ടി അഭിനയത്തില്‍ സമാനതകളില്ലാത്ത വേഷപ്പകര്‍ച്ചയാണ്. അരവിന്ദന്റെ മിനിമലിസ്റ്റ് ശൈലിക്കുള്ളില്‍, അധികം സംഭാഷണങ്ങളില്ലാതെ തന്നെ മുനിയാണ്ടി ശങ്കരന്റെ മനസില്‍ ആത്മനിന്ദയുടെയും കുറ്റബോധത്തിന്റെയും അഗ്നിക്കനലുകള്‍ വാരിവിതറുന്നുണ്ട്; പ്രേക്ഷകരിലും. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രം(1994) എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ജ്യേഷ്ഠസഹോദരനായ ഡോക്ടര്‍വേഷമാണ് ശ്രീനിവാസന്റെ വേറിട്ടതും ഗൗരവമുള്ളതുമായ മറ്റൊരു കഥാപാത്രം. അരിവയ്പ്പുകാരന്റെ കുടുംബത്തില്‍ നിന്ന് പഠിച്ച് ഡോക്ടറായതുകൊണ്ടുമാത്രം സമ്പന്നയായൊരു യുവതിയെ വിവാഹം കഴിക്കുന്നതോടെ വീട്ടുകാരില്‍ നിന്ന് മനഃപൂര്‍വം അകന്നു കഴിയേണ്ടിവരുന്ന ഡോ.രാമകൃഷ്ണന്‍ തന്റെ കുടുംബം തകരാതിരിക്കാനാണങ്ങനെ ചെയ്യുന്നതെന്ന് ഭാര്യയറിയാതെ അനിയനെ സഹായിക്കുന്നതിനോടൊപ്പം വ്യക്തമാക്കുന്നുണ്ട്. ഒരേ സമയം ഭര്‍ത്താവിന്റെയും മകന്റെയും കര്‍ത്തവ്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ പെടാപ്പാടുപെടുന്നൊരു സാധാരണക്കാരന്റെ നിസ്സഹായവസ്ഥ ഡോ രാമകൃഷ്ണന്റെ ശരീരഭാഷയില്‍ കൊണ്ടുവരാന്‍ ശ്രീനിവാസന് അധികം പണിപ്പെടേണ്ടിവന്നിട്ടില്ല. മറ്റേതൊരു നടനും നല്‍കാമായിരുന്ന ആ വേഷം ശ്രീനിവാസനെത്തന്നെ ഏല്‍പ്പിക്കാന്‍ രാജീവ്കുമാര്‍ തയാറായത് ചുരുക്കം സീനുകളിലൂടെ തന്നെ അദ്ദേഹം ആ കഥാപാത്രത്തിന്റെ സ്വത്വം സ്ഥാപിച്ചെടുക്കുമെന്ന വിശ്വാസത്തില്‍ത്തന്നെയാവണം. ചന്ദ്രശേഖരന്റെ ഒരു കൊച്ചു ഭൂമികുലുക്കം(1994)എന്ന ചിത്രത്തിലെ സംശയരോഗിയായ ഹരിയുടെ കഥാപാത്രത്തിന് വാഴ്‌വേ മായത്തിലെ സത്യന്റെ നായകവേഷത്തോടാണ് ചാര്‍ച്ച. സരസമായിട്ടാണ് പ്രതിപാദനമെങ്കിലും അതീവ ഗൗരവസ്വഭാവമുള്ള വേഷപ്പകര്‍ച്ചയായിരുന്നു അത്. അതുപോലെതന്നെയാണ് സ്വയമെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്ര(1989)ത്തിലെ രമേശന്റെ വേഷവും, ഹിസ് ഹൈനസ് അബ്ദുള്ളയി(1990)ലെ വലിയമ്മാവന്‍ തിരുമസിനെ വകവരുത്താന്‍ മുംബൈയില്‍ നിന്നു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിക്കൊണ്ടുവരുന്ന രാജകുടുംബാംഗമായ രവി വര്‍മ്മയും, പ്രിയദര്‍ശനു വേണ്ടി തിരക്കഥയെഴുതിയ വെള്ളാനകളുടെ നാട്ടി(1988) ലെ അഴിമതിക്കെതിരേ നിലകൊണ്ട് ജീവിതം അപായപ്പെടുത്തുന്ന പഞ്ചായത്തു പ്രസിഡന്റ് സദാശിവനും, കെ.ആര്‍.മോഹന്റെ സ്വരൂപ(1992)ത്തിലെ ശേഖരനും ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികളി(2012)ല്‍ ഗുജറാത്ത് കലാപത്തിനിടെ ഒരു മുസ്‌ളിം യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച കഥാനായകന് ആശ്രയം നല്‍കുക വഴി ജീവന്‍ നഷ്ടമാകുന്ന ബീരാനിക്കയും, കമലിന്റെ പാവം പാവം രാജകുമാരനിലെ പി.കെ.ഗോപാലകൃഷ്ണനും, അവിര റബേക്കയുടെ തകരച്ചെണ്ടയിലെ പ്രധാന കഥാപാത്രവും, കെ ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലത്തിലെ വികലാംഗനായ സാധാരണക്കാരനും, ലാല്‍ ജോസിന്റെ ഡയമണ്ട് നെക്കലെസി(2012) ലെ കഥാനായകന്റെ കടബാധ്യതകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന മറുനാടന്‍ മലയാളിയായ വേണുവും, സുനില്‍ ഇബ്രാഹിമന്റെ ചാപ്‌േേറ്റഴ്‌സി(2012)ലെ സേതുവും രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത സൈബര്‍ത്രില്ലറായ കീട(2022)ത്തിലെ ബാലനും മകനും നടനുമായ വിനീത് രചിച്ചു സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തി(2012)ലെ നായികയുടെ പിതാവ് അബ്ദുല്‍ ഖാദറും, രാജേഷ് പിള്ളയുടെ മെഡിക്കോ ത്രില്ലറായ ട്രാഫിക്കി(2011)ലെ ഹെഡ് കോണ്‍സ്റ്റബിള്‍ സുദേവന്‍ നായരുമെല്ലാം ശ്രീനിവാസന്റെ നടനവൈഭവം പ്രകാശിപ്പിച്ച ഗൗരവമുള്ള വേഷങ്ങളായിരുന്നു. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്്ഡി(2013)ല്‍ ആദ്യകാല ചലച്ചിത്ര പത്രപ്രവര്‍ത്തകന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണനായുള്ള വേഷപ്പകര്‍ച്ചയും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്.



തിരക്കഥയിലെ ആക്ഷേപഹാസ്യത്തിന്റെ രാഷ്ട്രീയം  

അബദ്ധത്തില്‍ തിരക്കഥാകൃത്തായ ആള്‍ എന്നാണ് ശ്രീനിവാസന്‍ സ്വയം വിശേഷിപ്പിച്ചത്. 1986ല്‍ മലയാളത്തിലെ ഒറ്റയാന്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന മോഹന്റെ ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ വേളയില്‍ ചലച്ചിത്രപ്രസിദ്ധീകരണങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹമത് തുറന്നു പറഞ്ഞിട്ടുണ്ട്. അടിസ്ഥാനപരമായി താനൊരു നടനാണ്. അഭിനയിക്കാനാണ് സിനിമയിലെത്തിയത്. അഭിനയം തന്നെയാണ് തന്റെ തട്ടകവും. പക്ഷേ ചില അത്യാഹിതങ്ങളില്‍ പെട്ട്, മറ്റു വഴികളില്ലാതെ തിരക്കഥയെഴുതാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു താന്‍ എന്നാണ് ശ്രീനിവാസന്‍ വിശദീകരിച്ചത്. അതേപ്പറ്റി ആത്മസുഹൃത്തുകൂടിയായ പ്രിയദര്‍ശനും മോഹനും പിന്നീട് വിശദമാക്കുകയും ചെയ്തു. തിരക്കഥാകൃത്തായി രംഗത്തു വന്ന പ്രിയദര്‍ശന്റെ ആദ്യചിത്രത്തിന് അദ്ദേഹം തന്നെയാണ് തിരക്കഥയെഴുതിയത്. എന്നാല്‍ 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തീയതിയോടടുത്ത് പൂജയ്‌ക്കെത്തിയപ്പോഴാണ് പ്രിയന്‍ ശ്രീനിയോട് പറയുന്നത്. ഇതാണ് കഥ. ശ്രീനി എഴുതിക്കോ. തനിക്കു തിരക്കഥയെഴുതാനറിയില്ലെന്നു പറഞ്ഞ ശ്രീനിയോട് പ്രിയന്‍ പറഞ്ഞു. എന്നാല്‍ സിനിമ നടക്കില്ല. താരങ്ങളും സാങ്കേതികവിദഗ്ധരും എല്ലാമെത്തിയിട്ടുണ്ട്. താനെഴുതിയാല്‍ നാളെ ഷോട്ടെടുക്കാം. തനിക്കഭിനയിക്കണോ, എന്നാല്‍ എഴുതിക്കോ. അങ്ങനെ താന്‍ അകപ്പെട്ടിരിക്കുന്ന കെണിയുടെ വ്യാപ്തിതിരിച്ചറിഞ്ഞ് അവസാനനിമിഷം സിനിമ നടക്കാന്‍ വേണ്ടി ഒരപകടത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ശ്രീനിവാസന്‍ തിരക്കഥാകൃത്തായത്. എന്നാല്‍ ശ്രീനിവാസനിലെ തിരക്കഥാകൃത്തിനെ നേരത്തേ തിരിച്ചറിഞ്ഞതുകൊണ്ടാണ് താന്‍ അയാളില്‍ അത്രമേല്‍ വിശ്വാസം വച്ചുപുലര്‍ത്തിയത് എന്ന് പ്രിയദര്‍ശന്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഓടരുതമ്മാവാ എഴുതിയ ആള്‍ എന്ന നിലയ്ക്കും മുന്‍ അനുഭവങ്ങളില്‍ ശ്രീനിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞതുംകൊണ്ടാണ് മോഹന്‍ ഒരു കഥ ഒരു നുണക്കഥ എഴുതാന്‍ ശ്രീനിവാസനെ നിര്‍ബന്ധിക്കുന്നത്. അന്നും താനൊരു എഴുത്തുകാരനല്ലെന്നും നടന്‍ മാത്രമാണെന്നുമുള്ള നിലപാടില്‍ തന്നെയായിരുന്നു ശ്രീനി. എന്നാല്‍ ശ്രീനിക്ക് ആ കഥ തിരക്കഥയാക്കാനാവുമെന്നും ശ്രീനി എഴുതിയാലേ താനത് സംവിധാനം ചെയ്യൂ എന്നുമുള്ള നിര്‍ബന്ധത്തില്‍ അണുവിടെ വ്യതിചലിക്കാതെ നിന്നുകൊണ്ടാണ് മോഹന്‍ ശ്രീനിയെക്കൊണ്ട് എഴുതിക്കുന്നത്. എന്നാല്‍ അതോടെ ശ്രീനിവാസന്‍ എന്ന നടനൊപ്പം തിരക്കഥാകൃത്തും മലയാള സിനിമയില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടുകയായിരുന്നു എന്നതാണ് വാസ്തവം.മലയാളത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട തിരക്കഥകളില്‍ പലതും ശ്രീനിവാസന്റേതായി. സന്മനസ്സുള്ളവര്‍ക്ക് സമാധാനം (1986), ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്(1986), വരവേല്‍പ്പ്(1989), നാടോടിക്കാറ്റ്(1987), അക്കരെ അക്കരെ അക്കരെ(1990) എന്നിവ സഹകാല സാമൂഹിക-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ചിത്രണങ്ങളായി.

സവിശേഷമുഖമില്ലാത്ത ലക്ഷക്കണക്കിനു മലയാളികളില്‍ ഒരാളായി എം എ പോലെ തൊഴിലധിഷ്ഠിതമല്ലാത്ത ബിരുദവും പേറി അലയുന്ന ടി പി ബാലഗോപാലന്‍ എം എ കള്‍ട്ട്ഫിഗറായി സ്ഥാനം നേടുന്നത് അയാളുടെ ആത്മസംഘട്ടനങ്ങളും ധര്‍മസങ്കടവും ഒരു തലമുറയുടേതുകൂടിയായി അടയാളപ്പെട്ടതുകൊണ്ടാണ്. ആ തലമുറയ്ക്ക് അയാളെ സ്വന്തം സ്വത്വത്തിന്റെ തിരപ്രതിനിധിയായി തിരിച്ചറിയാന്‍ സാധിച്ചതുകൊണ്ടും. ശരാശരി ബിരുദധാരിയുടെ പി എസ് സി സ്വപ്നങ്ങള്‍ക്കപ്പുറത്തൊരു ലോകം കനവുകണ്ട ലക്ഷക്കണക്കിനു മലയാളിയുവാക്കളുടെ സ്വപ്നനഷ്ടങ്ങളും ഒരിക്കലും പച്ചപിടിച്ചിട്ടില്ലാത്ത ഒരു കുന്ന് ഇടത്തരം വ്യവസായങ്ങളുടെ ശവപ്പറമ്പായ കേരളത്തിന്റെ ദുരവസ്ഥയയുമാണ് ആ ചിത്രങ്ങള്‍ പകര്‍ത്തിക്കാട്ടിയത്. അതില്‍ പൊലിഞ്ഞ സ്വപ്നങ്ങളായിരുന്നു വരവേല്‍പ്പിലെ ഗള്‍ഫ് മോട്ടോഴ്‌സും മിഥുന (1993)ത്തിലെ ദാക്ഷായണി ബിസ്‌കറ്റ്‌സും വെള്ളാനകളുടെ നാട്ടി (1988)ലെ കരാര്‍പണിയും. റവന്യൂ റിക്കവറിയിലോ, പാപ്പര്‍ ഹര്‍ജിയിലോ, ആത്മഹത്യയിലോ അകാലചരമമടയുന്ന എത്രയോ ചെറുകിടവ്യവസായ ഉടമകളുടെ ഉടല്‍പ്പാതികളായി ആ കഥാപാത്രങ്ങള്‍.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു സംസ്ഥാനസര്‍ക്കാരിന്റെ ജൂബിലിസമ്മേളനത്തെ അഭിസംബോധനചെയ്യുമ്പോള്‍ അന്നാട്ടിലെ പഴയൊരു സിനിമയെ പേരെടുത്തു പരാമര്‍ശിക്കുക എന്നതു ചെറിയകാര്യമല്ല. അങ്ങനൊരു നേട്ടം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ത്രയത്തിന്റെ വരവേല്‍പ്പി(1989)നുണ്ടായി. വരവേല്‍പ്പിലെ ഗള്‍ഫ് മോട്ടോഴ്‌സ് ഉടമ മുരളീധരന്റെ ധര്‍മസങ്കടത്തെ കേരളത്തിന്റെ മുഴുവന്‍ പ്രതിസന്ധിയായിട്ടാണു പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി അന്നുദ്ധരിച്ചത്. ജീവിതപ്പച്ചപ്പുതേടി ഗള്‍ഫിന്റെ കനകകേദാരങ്ങളിലേക്കു പ്രവാസിയായി സ്വയം നിഷ്‌കാസനം ചെയ്യപ്പെട്ട ലക്ഷക്കണക്കായ മലയാളിയുവാക്കളുടെകൂടി പ്രതിനിധിയായി മുരളിയെ വായിക്കുമ്പോള്‍ അയാളെ സൃഷ്ടിച്ച തിരക്കഥാകൃത്തായ ശ്രീനിവാസനെ കൂടി സ്മരിക്കേണ്ടതുണ്ട്. 

നിര്‍ധനനില്‍ നിന്നു കാണാപ്പൊന്നിന്റെ വിളഭൂമി തേടിയുള്ള മലയാളിയുടെ പ്രവാസചരിത്രത്തിന്റെ ആദ്യക്ഷരങ്ങള്‍ നാടോടിക്കാറ്റിലും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റി(1983)ലും പ്രതിനിധാനം ചെയ്തിരുന്നു.ഗള്‍ഫ് എന്നു കരുതി  ചെന്നൈയില്‍ ചെന്നിറങ്ങുകയാണു നാടോടിക്കാറ്റിലെ രാംദാസും വിജയനും. ഗാന്ധിനഗറിലെ ഭീംസിംഗ് കാ ബേട്ട രാംസിംഗിന് അവസാനം കൈവരുന്ന സൗഭാഗ്യമാകട്ടെ, മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ വച്ചുനീട്ടുന്ന അക്കരെയ്ക്കുള്ള വിസയാണ്. ഒരര്‍ഥത്തില്‍, ഗാന്ധിനഗറിലെ സേതുവിന്റെ ബാക്കിയാണു വരവേല്‍പ്പിലെ മുരളി. ഗള്‍ഫില്‍ അരിഷ്ടിച്ചുകൂട്ടുന്ന സമ്പാദ്യംകൊണ്ടു നാട്ടിലൊരു വ്യവസായം തുടങ്ങി സ്വസ്ഥമായി കൂടാം എന്നു കനവുകാണുന്ന ശരാശരി പ്രവാസിയുടെ ആശകളും മോഹഭംഗങ്ങളുമാണു മുരളി പ്രതിഫലിപ്പിച്ചത്. ശ്രീനിവാസന്റെ തൂലിക ജന്മം നല്‍കിയ ഗള്‍ഫ് പ്രവാസി കഥാപാത്രങ്ങളില്‍  അതിശയോക്തിയുടെ അതിവര്‍ണം ചാലിച്ചതെന്ന് അല്‍പ്പമെങ്കിലും ആരോപിക്കപ്പെടാവുന്നത് അയാള്‍ കഥയെഴുതുകയാണ്(1998)എന്ന കമല്‍ ചിത്രത്തിലെ പൈങ്കിളി നോവലിസ്റ്റായ സാഗര്‍ കോട്ടപ്പുറമാണ്. കമ്പോളം ആവശ്യപ്പെടുന്ന അനുപാതത്തില്‍ വളിപ്പിന്റെ വര്‍ണം ചാലിച്ച പ്രസ്തുത കഥാപാത്രത്തിലും ശരാശരി ഗള്‍ഫുകാരന്റെ കല്യാണക്കനവുകള്‍ കാണാം; കച്ചവട രസതന്ത്രത്തിനൊപ്പിച്ചു സാമൂഹികവും മാന്ത്രികവും കുറ്റാന്വേഷണവുമടങ്ങുന്ന ജനപ്രിയ നോവലുകള്‍ പലപേരില്‍ പടച്ചുവിടുന്ന ആധുനികകാല കൂലിയെഴുത്തുകാരന്റെ നേര്‍ച്ചിത്രവും. ഇതിനിടയില്‍ നാം നിത്യേന കണ്ടുമുട്ടുന്ന ടി ടി സി അധ്യാപകന്‍ (ദൂരെ ദൂരെ ഒരു കൂടുകൂട്ടാം), കോണ്‍ട്രാക്ടര്‍ പവിത്രന്‍, (വെള്ളാനകളുടെ നാട്), ഗുമസ്തനായ വീട്ടുടമസ്ഥന്‍ ഗോപാലകൃഷ്ണപണിക്കര്‍ (സന്മനസ്സുള്ളവര്‍ക്കു സമാധാനം) ഇവരിലെല്ലാമുണ്ടായിരുന്ന സവിശേഷത, ഇവര്‍ ചുറ്റുപാടുനിന്ന് അടര്‍ത്തിയെടുത്തു എന്നു തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു എന്നതാണ്. ഇവരുടെ പേരുകളിലെ സര്‍വസാധാരണത്വം ശ്രദ്ധിക്കുക. അതുപോലും ഈ അതിസാധാരണത്വത്തിന്റെ പ്രതിബിംബമാണ്. മലയാളത്തത്തില്‍ സിനിമാക്കഥയ്ക്ക് ഓരോ തൊഴില്‍മേഖലയെ വിഷയമാക്കുക എന്നൊരു പ്രവണതയുണ്ടായതും അതോടെയാണ്. മുമ്പു തൊഴിലാളിവര്‍ഗത്തെക്കുറിച്ചോ ഫ്യൂഡല്‍ മാടമ്പിത്തത്തിനെതിരെയോ മാത്രമാണു തോപ്പില്‍ഭാസി-എസ് എല്‍ പുരം പ്രഭൃതികളുടെ തൂലിക വിഷയം കണ്ടെത്തിയതെങ്കില്‍ ശ്രീനിവാസനാവട്ടെ തട്ടാനിലും ആശാരിയിലും തുടങ്ങി ചെറുകിട കോണ്‍ട്രാക്ടറിലും, വീട്ടുടമസ്ഥനിലും, സര്‍ക്കാര്‍ ഉദ്യോഗസ്ഥനിലും, ബസുടമയിലും, വാച്ച്മാനിലും തന്റെ നായകന്മാരെ പ്രതിഷ്ഠിച്ചു.

മലയാള സിനിമയില്‍ ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് അടയാളപ്പെടുത്തപ്പെടുക, കമ്പോള മുഖ്യധാരയില്‍ ചലച്ചിത്രത്തുടര്‍ച്ചകള്‍ക്ക്, സ്വയം സമ്പൂര്‍ണങ്ങളായ ചലച്ചിത്രപരമ്പരകള്‍ക്ക് 

തുടക്കമിട്ടതിന്റെ പേരില്‍ക്കൂടിയായിരിക്കും.സിദ്ധീഖ്-ലാല്‍മാര്‍ ജീവന്‍ നല്‍കിയ ദാസനും വിജയനും (പേര് അതാവില്ല) എന്ന രണ്ടു തൊഴില്‍രഹിത ചെറുപ്പക്കാരുടെ ഗള്‍ഫ് സ്വപ്‌നം എന്ന കഥാതന്തു വികസിപ്പിച്ച് സത്യന്‍ അന്തിക്കാടിനു വേണ്ടി നാടോടിക്കാറ്റ് എഴുതിയപ്പോള്‍ ശ്രീനിവാസന്‍ വിചാരിച്ചിട്ടുണ്ടാവില്ല, അതൊരു ചലച്ചിത്രത്രയത്തിന്റെ നാന്ദിയാകുമെന്ന്. മലയാളികളുടെ സ്വത്വദൃഷ്ടാന്തമായി പരിണമിച്ച ദാസനും വിജയനും എന്ന കഥാപാത്രങ്ങള്‍ നേടിയ അഭൂതപൂര്‍വമായ ജനസ്വാധീനത്തെത്തുടര്‍ന്ന് 1988ല്‍ പട്ടണപ്രവേശം എന്ന പേരില്‍ അതിനൊരു രണ്ടാംഭാഗമെഴുതേണ്ടി വന്നു ശ്രീനിക്ക്. വ്യവസ്ഥാപിതാര്‍ത്ഥത്തിലുളളൊരു ചലച്ചിത്രത്തുടര്‍ച്ചയായിരുന്നില്ല അതെന്നു ശ്രദ്ധിക്കണം. മുഖ്യകഥാപാത്രങ്ങള്‍ ചെന്നു പറ്റുന്ന പുതിയ സാഹചര്യങ്ങളും പുതിയ കഥാപാത്രങ്ങളുമൊക്കെയായി സ്വതന്ത്രമായൊരു പുതിയ ചിത്രം തന്നെയായിരുന്നു പട്ടണപ്രവേശം. നിലവിലുണ്ടായിരുന്ന ആക്ഷന്‍-പൊലീസ്-അധോലോക ചിത്രങ്ങളെ കണക്കിന് ആക്ഷേപിക്കുന്നതായിരുന്നു അതിന്റെ ഗാത്രം. ആവനാഴിയിലെ മഹാവില്ലനെ പവനായി എന്ന കോമാളി കില്ലറാക്കിത്തീര്‍ക്കുകവഴി സിനിമയിലെ സ്പൂഫിങ്ങിനാണ് ശ്രീനി തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം, പ്രിയദര്‍ശനു വേണ്ടിയാണ്, സത്യന്‍ അന്തിക്കാടിന്റെ അനുമതിയോടെ അമേരിക്കയില്‍ ചിത്രീകരിച്ച അക്കരെയക്കരെയക്കരെയില്‍ ദാസനെയും വിജയനെയും ശ്രീനി മൂന്നാമതും കൊണ്ടുവന്നത്.

എന്നാല്‍ സ്‌ളാപ്സ്റ്റിക്ക് കോമഡിക്കും അര്‍ത്ഥമൊളിപ്പിച്ച ആക്ഷേപഹാസ്യത്തിനുപ്പുറം ഗൗരവമുള്ള തിരക്കഥകള്‍ക്കും ജന്മം നല്‍കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍.വിജയസാധ്യതയ്ക്കപ്പുറം ആഴമുള്ള തിരക്കഥകളിലധികവും സ്വയം സംവിധാനം ചെയ്യാനായി മാറ്റിവയ്ക്കുകയായിരുന്നു അദ്ദേഹം. വടക്കുനോക്കിയന്ത്രവും(1989), ചിന്താവിഷ്ടയായ ശ്യാമള(1998)യും പോലെ, ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഒരു സംവിധായകനും ഒരുപക്ഷേ ദഹിച്ചേക്കാനിടയില്ലാത്ത കഥാതന്തുക്കള്‍ അദ്ദേഹം സംവിധാനം ചെയ്ത് മികവുറ്റതാക്കി. ശ്രീനിവാസന്റെ ഗൗരവമുള്ള തിരക്കഥകളില്‍ സുനിശ്ചയമായി ഉള്‍പ്പെടുന്നവയാണ് കമലിന്റെ ചമ്പക്കുളം തച്ചന്‍(1992) ഇരട്ടക്കുട്ടികളുടെ അച്ഛന്‍ (1997), മഴയെത്തുംമുമ്പേ (1995), അഴകിയ രാവണന്‍(1996) എന്നിവ. ഇവയില്‍ സിവി ബാലകൃഷ്ണന്റെ കഥയെ ഉപജീവിച്ച ഇരട്ടക്കുട്ടികളുടെ അച്ഛന്‍, ചമ്പക്കുളം തച്ചന്‍, മഴയെത്തുംമുമ്പേ എന്നീ ചിത്രങ്ങളുടെ ചലച്ചിത്രസമീപനം പതിവ് ശ്രീനിവാസന്‍ തിരക്കഥകളില്‍ നിന്ന് വിഭിന്നമായ രംഗപരിചരണവും ചലച്ചിത്രദര്‍ശനവും വച്ചുപുലര്‍ത്തുന്നവയാണ്. തിരക്കഥാകൃത്തെന്ന നിലയ്ക്കുള്ള കൈയൊതുക്കവും വൈവിദ്ധ്യവും വ്യക്തമാക്കുന്നതാണിവ.

ശ്രീനിവാസന്‍ തിരക്കഥകളെപ്പറ്റി ഏറെ കേട്ടിട്ടുള്ള ഒരാരോപണം അവയിലെ (അ)രാഷ്ട്രീയപരതയാണ്. സന്ദേശം(1990) എന്ന ചിത്രത്തെ ആരാഷ്ട്രീയവാദമായി നിരൂപകര്‍ വായിച്ചിട്ടുണ്ട്.  കേരളത്തിലെ പാര്‍ട്ടി രാഷ്ട്രീയം എങ്ങനെ കുടുംബബന്ധങ്ങളെ ചിതറിക്കുന്നുവെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയവും ഇടതും വലതും എന്ന് പേരിലുള്ള ആശയങ്ങളുമെങ്ങനെ ഭിന്നതയുടെ ഉപകരണങ്ങളായി മാറുന്നു എന്നും ചിത്രം തുറന്നുകാട്ടി. എന്നാല്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് ചിത്രം പുലര്‍ത്തിയ സമീപനം പിന്നീട് പലരാലും വിമര്‍ശിക്കപ്പെട്ടതായും, അതിന്റെ 'അപ്പോളിറ്റിക്കല്‍' സന്ദേശം തന്നെ പിന്നീട് ശ്രീനിവാസന്റെ പൊതുചിത്രത്തെ സ്വാധീനിച്ചതായും അഭിമുഖങ്ങളിലും ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീനിവാസരചനകളുടെ ഏറ്റവും ശ്രദ്ധേയമായ ഗുണം, സ്വന്തം സമൂഹത്തെയും സ്വന്തം തലമുറയെയും, ചിലപ്പോള്‍ തന്നിലെ എഴുത്തുകാരനെയും വരെ ചോദ്യം ചെയ്യുന്ന ആത്മവിമര്‍ശനമാണ്. മദ്ധ്യവര്‍ഗ്ഗ മലയാളിയുടെ കപടധാര്‍മ്മികത, പുരുഷാധിപത്യ മനോഭാവം, രാഷ്ട്രീയാന്ധ്യം, സ്വാര്‍ത്ഥത ഇവയെല്ലാം അദ്ദേഹം നായകന്മാര്‍ക്കുളളില്‍ നിക്ഷേപിക്കാറുണ്ട്. ശ്രീനിവാസ നായകന്മാര്‍ ബാഹ്യ ശത്രുവിനെ അല്ല, തന്റെ തന്നെ ദൗര്‍ബല്യങ്ങളെയും സ്വാര്‍ത്ഥതകളെയും നേരിടുന്നവനായി മാറുന്നു. തന്റെ പോരായ്മകളെ തിരിച്ചറിഞ്ഞ് വേദനിക്കുന്ന ഒരു നിസഹായനായ മാത്രമാണ് അവന്‍ സ്വീകരിക്കപ്പെടുന്നത്. താന്‍ കൂടി ഭാഗഭാക്കായ സാമൂഹികാവാസവ്യവസ്ഥയുടെ ഭാഗമായിട്ടാണ് അദ്ദേഹം കഥകളും കഥാപാത്രങ്ങളും രൂപപ്പെടുത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ താന്‍പോരിമക്കാരല്ല, പോരായ്മകളുള്ളവരാണ്. ശ്രീനിവാസന്‍ സൃഷ്ടിച്ച കഥാസന്ദര്‍ഭങ്ങളിലെ ജീവിത സാഹചര്യങ്ങള്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെ പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ്: തൊഴിലില്ലായ്മയും പ്രവാസഭ്രമവും, ഗള്‍ഫ് സ്വപ്നവും, ഗാര്‍ഹിക ജീവിതത്തിലെ പുരുഷാധിപത്യവും, 'മൂല്യങ്ങള്‍' കാത്തുസൂക്ഷിക്കുന്നതായി തോന്നുന്നെങ്കിലും ആന്തരിക ഭയങ്ങളും പകകളും നിറഞ്ഞ കുടുംബരംഗങ്ങളുമെല്ലാം കൈകാര്യം ചെയ്യുമ്പോള്‍, എഴുത്തുകാരന്‍ തന്നെ ആ സംസ്‌കാരത്തിന്റെ കുറ്റബോധം പങ്കുവഹിക്കുന്ന ആളായി പശ്ചാത്തലത്തില്‍ നില്‍ക്കുന്നു. പ്രേക്ഷകന് ചിരിക്കപ്പുറം ചില തിരിച്ചറിവുകളും സമ്മാനിക്കുകയെന്നതാണ് ശ്രീനി തിരക്കഥകളിലൂടെ ശ്രമിച്ചിട്ടുള്ളത്.

മലയാളിയുടെ നിത്യജീവിതത്തെ സ്വാധീനിക്കുകയും ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്ത സംഭാഷണങ്ങളാണ് തിരക്കഥാകൃത്തായ ശ്രീനിവാസന്റെ സാംസ്‌കാരിക മൂലധനനിക്ഷേപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നു നിരീക്ഷിക്കുന്നതില്‍ അപാകതയില്ല. നാടോടിക്കാറ്റില്‍ ദാസനും വിജയനും പങ്കുവയ്ക്കുന്ന നമുക്കെന്താ ഈ ബുദ്ധി നേരത്ത തോന്നാത്തത് എന്ന ചോദ്യവും എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന മറുപടിയും എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന ആത്മവിമര്‍ശനവും മലയാളി യുവാക്കളുടെ മാത്രമല്ല സമൂഹത്തിന്റെയൊട്ടാകെ ദൈനംദിന പ്രയോഗങ്ങളായി തീരുകയായിരുന്നു. വലിയ പ്രതീക്ഷകളോടെ വന്ന് പൊട്ടാത്ത അമിട്ടുകളായിത്തീരുന്ന സന്ദര്‍ഭങ്ങളെ അങ്ങനെ പവനായി ശവമായി എന്ന് മലയാളി വിശേഷിപ്പിച്ചു തുടങ്ങിയത് പട്ടണപ്രവേശത്തിലെ ശ്രീനി സംഭാഷണത്തില്‍ നിന്നാണ്. അഹിതം സംസാരിക്കുന്നതിനെ പ്രതിരോധിക്കാന്‍ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ താക്കീത് മലയാളത്തിലെ ശൈലി തന്നെയായിമാറി.രാഷ്ട്രീയക്കാരുടെ ദുര്‍ഗ്രാഹ്യമായ വിശകലനങ്ങളെ വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃ്ഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്ന സന്ദേശത്തിലെ ഡയലോഗ്ു കൊണ്ടാണ് സാംസ്‌കാരികകേരളം നേരിടുന്നത്. അക്കരെയക്കരയെയിലെ മീനവിയല്‍ എന്തായോ എന്തോ എന്ന അസമയത്തെ ഒഴികഴിവും, ഉദയനാണ് താരത്തിലെ മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന ഡയലോഗും ചിന്താവിഷ്ടയായ ശ്യാമളയിലെ കൃത്രിമത്വം നിറഞ്ഞ ചിന്താവിഷ്ടയായ ശ്യാമളയിലെ അയ്യോ അച്ഛാ പോവല്ലേ അയ്യോ അച്ഛാ പോവല്ലേയും അതേ ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ അപ്പോള്‍ ക്യാമറയും കൂടെച്ചാടട്ടെയും, വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിന്റെ കള്‍ട്ട് ഡയലോഗായിത്തീര്‍ന്ന താമരശ്ശേരി ചുരവും ഇപ്പോ ശരിയാക്കിത്തരാമും പടച്ചോനേ കാത്തോളീ....യും യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ ഈശ്വരാ ഭഗവാനെ എന്റെ അച്ഛന് നല്ലതുമാത്രം വരുത്തണേ എന്ന പ്രാക്കും അയാള്‍ കഥയെഴുതുകയാണിലെ ചോയ്ച്ച് ചോയ്ച്ച് പോകാമും എല്ലാം മലയാളിയുള്ളിടത്തെല്ലാം സംഭാഷണത്തില്‍ അബോധമായിക്കൂടി കടന്നുവരുന്നുണ്ടെങ്കില്‍ അതിന് പകര്‍പ്പവകാശം ശ്രീനിവാസനാണെന്നോര്‍ക്കുക.  അഴകിയ രാവണനില്‍ ശ്രീനി അവതരിപ്പിച്ച അബുജാക്ഷന്‍ തന്റെ മനസിലെ സിനിമ ആഖ്യാനിക്കുമ്പോള്‍ പറയുന്ന അവിടെ കല്യാണം ഇവിടെ പാലുകാച്ച് പാലുകാച്ചല്‍ കല്യാണം എന്ന സംഭാഷണം കേള്‍വിപ്പുറമേയ്ക്കുള്ള തമാശയ്ക്കും ഈണത്തിനുമപ്പുറം പാരലല്‍ കട്ടിങ് എന്ന ചലച്ചിത്ര ദൃശ്യവിന്യാസ സാങ്കേതികവിദ്യയെ അതിലളിതമായി പ്രതിപാദിക്കുന്നൊരു ക്‌ളാസിക് വാക്യമായിത്തന്നെ കണക്കാക്കേണ്ടതുണ്ട്. ഇതിലും വ്യക്തമായി ഫിലിം എഡിറ്റിങ്ങിന്റെ-മൊണ്ടാഷിന്റെ-സിദ്ധാന്തം പഠിപ്പിക്കാന്‍ പറ്റിയ ഒരൂ വാചകം ഉണ്ടാകേണ്ടിയിരിക്കുന്നു.

റോഷന്‍ ആന്‍ഡ്രൂസ് എന്ന യുവസംവിധായകനുവേണ്ടി 2005ല്‍ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഉദയനാണു താരത്തില്‍ തിരക്കഥാചോരണമടക്കം സിനിമയിലെ ദുഷിപ്പുകള്‍ക്കെതിരേ ശക്തമായ വിമര്‍ശനത്തിനു മുതിര്‍ന്ന ശ്രീനിവാസന്‍ അതിലെ മുഖ്യകഥാപാത്രമായ സരോജ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി 2012ല്‍ സജിന്‍ രാഘവനു വേണ്ടി രചിച്ച പദ്മശ്രീ ഭരത് ഡോ സരോജ്കുമാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വേരോടിയ താരാധിപത്യത്തെ കണക്കിനു പരിഹസിച്ചു.ഒരളവില്‍ അല്‍പം കടന്നുപോയോ എന്നു പോലും തോന്നിപ്പിക്കുന്നതായിരുന്നു ചിത്രത്തിലെ വിമര്‍ശനങ്ങള്‍. കമലിനു വേണ്ടി 1996ല്‍ എഴുതിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണനില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച അംബുജാക്ഷന്‍ എന്ന തിരക്കഥാകൃത്തിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ നിന്നു പ്രചോദിതമായി സന്തോഷ് വിശ്വനാഥ് 2015ല്‍ അതേപേരില്‍ ഒരു സ്വതന്ത്ര സിനിമ സംവിധാനം ചെയ്തതും ചരിത്രം. ഇത്തരത്തില്‍ ഒരു സിനിമയില്‍ നിന്ന് മറ്റൊരു തലമുറയില്‍പ്പെട്ടൊരു ചലച്ചിത്രപ്രവര്‍ത്തകന്‍ മറ്റൊരു സിനിമ നിര്‍മ്മിക്കുന്നത് ചെമ്മീനിനു ശേഷം അതാദ്യമായിട്ടായിരുന്നു. (ചെമ്മീനിലെ അനിയത്തി കഥാപാത്രത്തെ കേന്ദ്രമാക്കി പില്‍ക്കാലത്ത് മഞ്ജുവാര്യരെ വച്ച് അനില്‍ ആദിത്യന്‍ തിരകള്‍ക്കപ്പുറം എന്നൊരു ചിത്രമെടുത്തിട്ടുണ്ട്) സിനിമയുടെ വ്യാകരണം അക്കാദമികമായി പാലിച്ചുകൊണ്ട് തിരക്കഥകളെഴുതിയ മലയാളത്തിലെ മഹാനായ തിരയെഴുത്തുകാരനായിരുന്നില്ല ശ്രീനിവാസന്‍. പക്ഷേ അദ്ദേഹമെഴുതിയത് മലയാളിയുടെ മനസായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുമുനകള്‍ ചെന്നുതറച്ചത് മലയാളിയുടെ മനസകങ്ങളിലുമായിരുന്നു.


അര്‍ത്ഥപൂര്‍ണമായ സാറ്റയറുകളുടെ ചലച്ചിത്ര ശില്പി  

ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങളുടെ എണ്ണം കുറവായതിന് ഒരു കാരണമുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥകള്‍ക്ക് അത്രമേല്‍ വിലയുണ്ടായിരുന്നു മലയാള സിനിമയില്‍. അതുകൊണ്ടുതന്നെ എഴുതിത്തീരുന്നതിനു മുമ്പേ കൊത്തിക്കൊണ്ടുപോകാന്‍ സംവിധായകരുണ്ടായി. അങ്ങനെയുമല്ല പറയേണ്ടത്. മിക്കപ്പോഴും സത്യന്‍, പ്രിയന്‍, കമല്‍ തുടങ്ങിയ സംവിധായകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം എഴുതിയത്. അവയില്‍ നിന്നു വേറിട്ട് മറ്റൊരു സംവിധായകനെ ഒരുപക്ഷേ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടായേക്കുമെന്ന കഥാതന്തുക്കളാണ് സ്വന്തം സംവിധാന സംരംഭങ്ങള്‍ക്കായി അദ്ദേഹം നീക്കിവച്ചത്. അങ്ങനെയുണ്ടായതാണ് വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും.സ്വന്തം ശരീരപരിമിതികളില്‍ കടുത്ത അപകര്‍ഷബോധം വച്ചുപുലര്‍ത്തുകയും അതിസുന്ദരിയായൊരു ചെറുപ്പക്കാരിയെ വിവാഹം കഴിക്കുന്നതോടെ ആ ദൗര്‍ബല്യം മാനസികരോഗത്തിന്റെ മാര്‍ഗത്തിലേക്ക് ചലിക്കുകയും ചെയ്യുന്ന തളത്തില്‍ ദിനേശന്‍ എന്ന നിസ്സാഹയനായ ഒരാളുടെ കഥയായിരുന്നു വടക്കുനോക്കിയന്ത്രം. ഒഥല്ലോ സിന്‍ഡ്രോം മാനസികാവസ്ഥയുടെ ലളിതമാര്‍ന്ന ചലച്ചിത്രാഖ്യാനം. മികച്ച സിനിമയ്ക്കുള്‍പ്പെടെ മൂന്ന് കേരള സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ വടക്കുനോക്കിയന്ത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

 ചിന്താവിഷ്ടയായാ ശ്യാമള* (1998) കുടുംബത്തെയും ആത്മപരിഷ്‌കരണത്തെയും കുറിച്ചുള്ള സമൂഹ നിരൂപണമാണ്; ഒരു അദ്ധ്യാപികയായ സ്ത്രീയുടെ ആത്മവിശകലനയാത്രയും ഭര്‍ത്താവിന്റെ ഉത്തരവാദിത്തരാഹിത്യവും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ് ചിന്താവിഷ്ടയായ ശ്യാമള ചര്‍ച്ച ചെയ്തത്. ഒരര്‍ത്ഥത്തില്‍ ഇത് ശ്രീനി തന്നെ നായകവേഷത്തിലെത്തിയ കെ ആര്‍ മോഹന്‍ ചിത്രമായ സ്വരൂപത്തിന്റെ മറ്റൊരു ചലച്ചിത്രവ്യാഖ്യാനമായിരുന്നു. കമ്പോളത്തെ കൂടി പരിഗണിച്ചുകൊണ്ട് ഗൗരവമുള്ള വിഷയങ്ങളെ ചിരിയില്‍ പൊതിഞ്ഞ് ആവിഷ്‌കരിക്കുന്നതായിരുന്നു രണ്ടു ചിത്രങ്ങളും. അതുകൊണ്ടുതന്നെ അവയ്ക്ക് ഇന്നത്തെ തലമുറയിലും സ്വീകാര്യത ഉറപ്പാക്കാനുമാവുന്നു.


നിര്‍മ്മാതാവായ ശ്രീനിവാസന്‍

കസിനോ ഫിലിംസിന്റെ ബാനറില്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയില്‍ നിര്‍മ്മാണ പങ്കാളിയായ ശ്രീനിവാസന്‍ പില്‍ക്കാലത്ത് സുഹൃത്തും നടനും ജനപ്രതിനിധിയുമായ മുകേഷുമായി ചേര്‍ന്ന് ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ രണ്ടു സിനിമകള്‍ നിര്‍മ്മിച്ചു. ഭാര്യാസഹോദരനായ മോഹനന്റെ സംവിധായകനായ അരങ്ങേറ്റം കുറിച്ച കഥപറയുമ്പോള്‍, മകന്‍ വിനീത് ശ്രീനിവാസന്‍ രചിച്ചു സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് (2012) എന്നീ ചിത്രങ്ങളായിരുന്നു അവ. രണ്ടും രണ്ടുതരത്തില്‍ കള്‍ട്ടായിത്തീരുകയും വിവിധ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുകയും ചെയ്തു. നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹം താര പ്രാധാന്യത്തേക്കാള്‍ കഥയെയും എഴുത്തിനെയും മുന്‍നിര്‍ത്തുന്ന സിനിമകളെയാണ് പിന്തുണച്ചത്; മികച്ച ഉള്ളടക്കത്തിന് എന്നും പ്രേക്ഷക പിന്തുണ ഉണ്ടെന്ന് അദ്ദേഹം നിര്‍മ്മാതാവെന്ന നിലയ്ക്ക് വിപണിയെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തി.

മലയാള ചലച്ചിത്രരംഗത്തെ നിരവധി പുതുമുഖങ്ങള്‍ക്ക് വേദിയൊരുക്കിയെന്നതാണ് ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരന്റെ പ്രസക്തി. മമ്മൂട്ടിയുടെ നായകവേഷത്തിലേക്കുള്ള സ്ഥിരപ്രതിഷ്ഠയ്ക്കു കാരണമായ മേളയിലേക്ക് അദ്ദേഹത്തെ നയിക്കുന്നത് ശ്രീനിവാസന്റെ ശുപാര്‍ശയാണ്. ലാല്‍ ജോസിനെയും റോഷന്‍ ആന്‍ഡ്രൂസിനെയും മോഹനനെയും പോലുള്ള സംവിധായകരെ സ്വതന്ത്രരായി അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്. സിബി മലയിലിന്റെ ആദ്യ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശ്രീനിവാസനായിരുന്നു. ഇന്ത്യ കണ്ട മികച്ച സംവിധായകരിലൊരാളായി പില്‍ക്കാലത്ത് പേരെടുത്ത ജയരാജിന്റെ അരങ്ങേറ്റ ചിത്രമായ വിദ്യാരംഭത്തിന്റെ രചയിതാവും ശ്രീനിയാണ്. 

മലയാളിയുടെ നിത്യജീവിതത്തില്‍ നേടാന്‍ സാധിച്ച സ്വാധീനശേഷിക്കു ശേഷമേ വരൂ അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരങ്ങളുടെ അനന്തമായ പട്ടിക.

സന്ദേശം (1991) മഴയെത്തും മുന്‍പേ (1995) എന്നിവയ്ക്ക് രണ്ടുവട്ടം മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം.

 വടക്കുനോക്കിയന്ത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ബഹുമതിയും, ചിന്താവി്ഷ്ടയായ ശ്യാമള മികച്ച സാമൂഹിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി.സന്ദേശത്തിന് മികച്ച കഥയ്ക്കുള്ള സംസ്ഥാന ബഹുമതി, തകരച്ചെണ്ടയിലെ പ്രകടനത്തിന് സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമര്‍ശം, 2007ല്‍ കഥപറയുമ്പോള്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ബഹുമതി എന്നിവനേടി. അഞ്ചുതവണ വിവിധ വിഭാഗങ്ങളില്‍ കേരള ഫിലിംക്രിട്ടിക്‌സ് ബഹുമതി നേടിയ ശ്രീനിവാസന്‍ 2023ല്‍ സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നവും സ്വന്തമാക്കി.

വ്യക്തിപരമായ ചില ഓര്‍മ്മകളോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. 2000ല്‍ മലയാള മനോരമയുടെ ക്യാംപസ് ലൈന്‍ (പില്‍ക്കാലത്തെ യുവ) കേരളത്തിലെ തെരഞ്ഞെടുത്ത കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി നടനം 2000 എന്ന പേരില്‍ കോട്ടയം ആസ്ഥാനത്ത് ഒരു ത്രിദിന ചലച്ചിത്രക്യാംപം സംഘടിപ്പിക്കുന്നു. ഞാനാണ് അതിന്റെ മുഖ്യ സംഘാടകന്‍. അതിന്റെ രണ്ടാം ദിവസം ശ്രീനിവാസന്റെ സെഷനുണ്ട്. മനോരമയുടെ അന്നത്തെ സബ് എഡിറ്ററും ഇന്ന് കോട്ടയത്തെ ചീഫ് ന്യൂസ് എഡിറ്ററുമായ വിനോദ് നായര്‍ എന്ന പി വിനോദാണ് അദ്ദേഹത്തെ ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹം കോട്ടയത്തെ അഞ്ജലി ഹോട്ടലില്‍ ചെക്കിന്‍ ആയിട്ടുണ്ട്. സംഘാടകരെന്ന നിലയ്ക്ക് ഞാനും വിനോദും, കുട്ടിസ്രാങ്കിലൂടെ തിരക്കഥാകൃത്തിനുള്ള ദേശീയ ബഹുമതി നേടിയ, മലയാള മനോരമയുടെ ഇപ്പോഴത്തെ ലീഡര്‍ റൈറ്ററുമായ ഹരികൃഷ്ണനും ചേര്‍ന്നു മുറിയില്‍ പോയി അദ്ദേഹത്തെ കണ്ടു. ക്ഷേമാന്വേഷണമാണ് ലക്ഷ്യം. ആദ്യമായാണ് ഞാനദ്ദേഹത്തെ നേരിട്ടു കണ്ടു സംസാരിക്കുന്നത്. കുറേനേരം അദ്ദേഹത്തോടൊപ്പം അന്നവിടെ ചെലവഴിക്കുകയും ഉരുളയ്ക്കുപ്പേരിപോലുള്ള അദ്ദേഹത്തിന്റെ തല്‍ക്ഷണ തമാശകളുടെ സാക്ഷിയാവുകയും ചെയ്തു. അദ്ദേഹത്തെ നേരത്തേ അറിയുന്ന വിനോദും ഹരിയുമുണ്ടായതുകൊണ്ടുതന്നെ, ഔപചാരികതയുടെ പേരില്‍ മാത്രം പേരുപറഞ്ഞു പരിചയപ്പെട്ട എന്നെ പിന്നീട് ഓര്‍ത്തുവയ്ക്കത്തക്ക യാതൊരടുപ്പവും അതിനുണ്ടായില്ല. എങ്കിലും ഞാനെഴുതിയിരുന്ന സിനിമാക്കുറിപ്പുകളും അഭിമുഖങ്ങളും കാണാറുണ്ട് എന്നൊരൊഴുക്കന്‍ മട്ടില്‍ അദ്ദേഹം പറഞ്ഞത്, ആദ്യമായി പരിചയപ്പെടുന്നൊരാളോടുള്ള ഔദാര്യമായേ ഞാനും കരുതിയുള്ളൂ. പില്‍ക്കാലത്ത് കന്യക വനിതാദ്വൈവാരികയുടെ പത്രാധിപരായിരിക്കെ ഒരിക്കല്‍ നാനയുടെ മുന്‍ പത്രാധിപസമിതിയംഗം കെ.സി.മധുകുമാറും പില്‍ക്കാലത്ത് ദേശീയബഹുമതി നേടിയ ചലച്ചിത്രകാരനായിത്തീര്‍ന്ന അന്നത്തെ കന്യകയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്ന എബ്രിഡ് ഷൈനിനും കൂടി ഓണപ്പതിപ്പിന് പ്രത്യേകാഭിമുഖത്തിനായി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലെത്തി സംഭാഷണം തയാറാക്കുകയും ആദ്യമായി ഒരു പ്രസിദ്ധീകരണത്തിനുവേണ്ടി അവരുടെ സകുടുംബഫോട്ടോ പകര്‍ത്തുകയും ചെയ്തപ്പോള്‍ മധുച്ചേട്ടന്‍ വിളിച്ചു തന്ന ഫോണിന്റെ മറുതലയ്ക്കലെ ശബ്ദമായി ഞാനദ്ദേഹത്തോട് സംസാരിച്ചു. പഴയ മലയാള മനോരമയിലെ കൂടിക്കാഴ്ച സൂചിപ്പിച്ചുകൊണ്ടാണ് ഞാനദ്ദേഹത്തോട് സംഭാഷണം ആരംഭിച്ചത്. ഉവ്വ് മധു പറഞ്ഞു എന്ന മറുപടിയില്‍, ആ മുന്‍പരിചയം അദ്ദേഹം ഓര്‍ത്തെടുത്തതായി തോന്നിയില്ല. പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷം, കന്യകയ്ക്കു വേണ്ടിത്തന്നെ, ശ്രീനിവാസന്റെയും ഭാര്യയുയെടും ഒരു പ്രത്യേകാഭിമുഖത്തിനായി ഞാന്‍ നിയോഗിച്ചതനുസരിച്ച് ലേഖിക ഷെറിങ് പവിത്രന്‍ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയപ്പോള്‍ ഷെറിങ് കണക്ട് ചെയ്ത ഫോണില്‍ അദ്ദേഹവുമായി ഒരുവട്ടം കൂടി സംസാരിച്ചു. ഇത്തവണ, പഴയ മനോരമ പരിചയപ്പെടല്‍ ബോധപൂര്‍വം ഒഴിവാക്കിക്കൊണ്ട്, ചില ചലച്ചിത്രപഠനങ്ങളൊക്കെ എഴുതിയിട്ടുണ്ട് എന്ന നിലയ്ക്ക് ആരംഭിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു-അല്ല നമ്മള്‍ നേരത്തെ പരിചയപ്പെട്ടിട്ടുണ്ടല്ലോ? ഞാന്‍ താങ്കളുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുമുണ്ട്. മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം താങ്കളെഴുതിയതല്ലേ? നേരത്തേ മനോരമയിലായിരുന്നോ? നമ്മള്‍ നേരിട്ടു കണ്ടിട്ടുണ്ടല്ലോ?. അത്ര തെളിഞ്ഞ ഓര്‍മ്മയുടെ ഉടമയായിരുന്നു ശ്രീനിവാസന്‍. ബുദ്ധിയുടെ കാര്യത്തില്‍, കൂര്‍മ്മബുദ്ധിയുടെയും വക്രബുദ്ധിയുടെയും സര്‍ഗാത്മകബുദ്ധിയുടെയും കാര്യത്തില്‍,ഫാസില്‍ എഴുതിയതുപോലെ പത്തുതലയുള്ള രാവണന്‍. അവസാനമായി അദ്ദേഹത്തെ നേരില്‍ കാണുന്നത് രണ്ടുവര്‍ഷം മുമ്പ്, കൊച്ചി ലെ മെറിഡിയനില്‍ നടന്ന 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരച്ചടങ്ങിലാണ്. ആ വര്‍ഷത്തെ സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്‌നം പുരസ്‌കാരം ശ്രീനിവാസനായിരുന്നു. എന്നാല്‍, രോഗാവശതയില്‍ അദ്ദേഹം അതു സ്വീകരിക്കാനെത്താന്‍ സാധ്യത കുറവാണെന്നതുകൊണ്ടുതന്നെ ഔപചാരികമായ ക്ഷണക്കത്ത് തപാലില്‍ അയച്ചതല്ലാതെ തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെട്ടതേയില്ല. വരുമെന്ന നേര്‍ത്ത പ്രതീക്ഷപോലും ഞങ്ങള്‍ സംഘാടകര്‍ക്കുണ്ടായില്ല. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ചടങ്ങുതുടങ്ങുന്നതിന് പത്തുമിനിറ്റ് മുമ്പ് പത്‌നീസമേതനായി അദ്ദേഹം ലിഫ്റ്റിലൂടെ രണ്ടാം നിലയിലെ ഹാളിലേക്കെത്തി. ഉദ്ഘാടകനായി എത്താമെന്നേറ്റ പ്രമുഖനടന്‍ വരില്ലെന്നുറപ്പായ നിരാശയില്‍ നിന്ന ഞങ്ങള്‍ക്ക് അതൊരു വലിയ ആശ്വാസമായി. സവിനയം അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സാമാന്യം നല്ലൊരു പ്രസംഗവും നടത്തി, സ്വന്തം ബഹുമതി ഡോ ജോര്‍ജ്ജ് ഓണക്കൂറില്‍ നിന്നു സ്വീകരിച്ച ശേഷം മികച്ച നടനുള്ള ബഹുമതി വിജയരാഘവന് സമ്മാനിക്കാമനും അദ്ദേഹം തയാറായി. ആദ്യാവസാനം ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് അന്ന് മടങ്ങിയത്


Sunday, October 05, 2025

എന്തുകൊണ്ടു മോഹന്‍ലാല്‍?

 Kalakaumudi issue 2613 September 28-Oct 05, 2025


എ.ചന്ദ്രശേഖര്‍


മോഹന്‍ലാലിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ്. പിന്നണിയില്‍ ചില്ലറ അക്ഷരപിന്തുണയുമായി ഞാനും കൂടി സഹകരിക്കുന്ന, ശ്രീ മോഹന്‍ലാലും സ്റ്റീഫന്‍ ദേവസ്സിയും ചേര്‍ന്ന് അമേരിക്കയില്‍ നടത്താനിരുന്ന കിലുക്കം 2025 മെഗാ ഷോയുടെ സമ്പൂര്‍ണ ഡ്രസ് റിഹേഴ്‌സല്‍ എറണാകുളത്തെ പാലാരിവട്ടത്തുള്ള അസീസിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്നു. സ്റ്റീഫന്‍ ദേവസി, രമ്യ നമ്പീശന്‍, ഭാമ തുടങ്ങി വലിയൊരു നിര താരങ്ങള്‍ തന്നെ നൃത്തവും ഗാനങ്ങളുമൊക്കെയായി അരങ്ങത്തുണ്ട്. പത്തുമണിയോടെ മോഹന്‍ലാല്‍ എത്തി. പരിപാടിയില്‍ ഉള്‍പ്പെട്ട ഓരോ പാട്ടും ഓരോ നൃത്തവും ബന്ധപ്പെട്ടവര്‍ അവതരിപ്പിക്കുന്നത് ക്ഷമയോടെ ഇരുന്നു കണ്ടു. തന്റെ ഊഴമെത്തുമ്പോള്‍, സംഘനര്‍ത്തകര്‍ക്കൊപ്പവും മറ്റു ഗായകര്‍ക്കൊപ്പവും അല്ലാതെയും സ്റ്റേജില്‍ അദ്ദേഹം റിഹേഴ്‌സ് ചെയ്തു. എന്നാല്‍ സകലരേയും അദ്ഭുതപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട റിഹേഴ്‌സലില്‍, യഥാര്‍ത്ഥ പരിപാടിക്ക് അവതരിപ്പിക്കുമ്പോഴെന്നപോലെ സൂക്ഷ്മതയോടെ മോഹന്‍ലാല്‍ തന്റെ ഗാന-നൃത്തഭാഗങ്ങള്‍ അവതരിപ്പിച്ചതാണ്. പ്രൊഫഷണല്‍ നൃത്തസംഘാംഗങ്ങള്‍ക്കൊപ്പം ഓരോ തവണയും അദ്ദേഹം ചുവടുകള്‍ വച്ചത് ശരീരമിളകി അങ്ങേയറ്റം ആത്മാര്‍പ്പണത്തോടെയാണ്. ചിലരെങ്കിലും, റിഹേഴ്‌സലല്ലേ എന്ന ന്യായത്തില്‍ ഒരുപായത്തില്‍ കളിക്കുകയും പാടുകയുമൊക്കെ ചെയ്തപ്പോള്‍, അത്രമേല്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ണതയുടെ പാരമ്യത്തിലെത്താന്‍ ശ്രമിക്കുന്ന ലാലിനെയാണ് അവിടെ കണ്ടത്. ഒരാള്‍ പ്രൊഫഷനലാകുന്നത് എങ്ങനെയെന്ന് നേരില്‍ കണ്ടപ്പോള്‍ ഒരാളെ പ്രൊഫഷനലാക്കുന്നത് എന്താണ് എന്നാണ് ചിന്തിച്ചത്.

മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ അരനൂറ്റാണ്ടാവാറാവുമ്പോഴും തലമുറകളില്‍ നിന്നു തലമുറകള്‍ അവരുടെ സ്വന്തം ലാലേട്ടനായി ഹൃദയത്തിലേറ്റുന്നതിന്റെ രസതന്ത്രമെന്തായിരിക്കും?  എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ എഴുപതുകാരനും ഏഴുവയസുകാരനും ഒരുപോലെ പ്രിയങ്കരനാവുന്നത്? എന്തുകൊണ്ടാവും മറ്റാര്‍ക്കും സ്വന്തം കരിയറില്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ലാത്തവിധം രൂക്ഷമായ പതനങ്ങളും തകര്‍ച്ചകളുമുണ്ടായിട്ടും തൊട്ടടുത്ത ചിത്രത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും വിജയത്തിന്റെ ഉച്ചകോടി കയറുന്നത്? എന്തുകൊണ്ടായിരിക്കാം നാന്നൂറിലേറെ സിനിമകളായിട്ടും മോഹന്‍ലാല്‍ എന്ന നടനെ മലയാളിക്കു മടുക്കാത്തത്?  എന്തുകൊണ്ടാവും തലമുതിര്‍ന്ന സംവിധായകര്‍ മുതല്‍ പുതുമുഖക്കാര്‍ വരെ മോഹന്‍ലാലുമായി ഒരു സിനിമ എന്നത് തങ്ങളുടെ വലിയ സ്വപ്‌നമായി കണക്കാക്കുന്നത്? മോഹന്‍ലാലിനെ വച്ചു സിനിമകളെടുത്ത നിര്‍മ്മാതാക്കളും സംവിധായകരും വീണ്ടും അദ്ദേഹത്തെ വച്ചുതന്നെ സിനിമകളെടുക്കാന്‍ മുന്നോട്ടുവരുന്നത് എന്തുകൊണ്ടാവും? എന്തുകൊണ്ടാവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരസ്യസിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന താരമായി മോഹന്‍ലാല്‍ അനിഷേധ്യനായി തുടരുന്നത്?  എന്തുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും മികച്ച പ്രേക്ഷകരെ തീയറ്ററിലേക്കാകര്‍ഷിക്കുന്ന ഏറ്റവുമധികം വാണിജ്യമൂല്യമുള്ള നടനായി മലയാളസിനിമയില്‍ മോഹന്‍ലാലിന്റെ താരസര്‍വസ്വം നിലനില്‍ക്കുന്നത്?  ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങളാണ് തന്റെ വിദൂര സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല എന്ന് മോഹന്‍ലാല്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരലബ്ധി സമ്മാനിക്കുന്നത്.


ആക്ഷനും കട്ടിനുമിടയിലെ നടനജീവിതം

സ്വിച്ചിട്ടാല്‍ അഭിനയിക്കുകയും കട്ടുപറഞ്ഞാല്‍ സാധാരണത്വത്തിലേക്കു മടങ്ങുകയും ചെയ്യുന്ന അഭിനയപ്രതിഭാസങ്ങളാണല്ലോ ജഗതി ശ്രീകുമാറും മോഹന്‍ലാലും. സ്വാഭാവികാഭിനയത്തിന്റെ നൈസര്‍ഗികതയാണ് മോഹന്‍ലാലെന്ന പ്രതിഭാസത്തെ വേറിട്ടു നിര്‍ത്തുന്നത്. പ്രതിഭയില്‍ ലാല്‍ എന്ന അഭിനേതാവിന് ഒട്ടും പിന്നിലല്ല, സമകാലികരായ നെടുമുടി വേണുവോ തിലകനോ ഭരത് ഗോപിയോ ഒന്നും. ഫഹദ് ഫാസില്‍ അടങ്ങുന്ന പിന്‍ തലമുറ താരങ്ങളുടെ പ്രതിഭയ്ക്കും കുറവുപറയാനാവില്ല. മമ്മൂട്ടി എന്ന നക്ഷത്രതാരമാവട്ടെ തോളോടുതോള്‍ ഒപ്പത്തിനൊപ്പവുമുണ്ട്. എന്നിട്ടും മോഹന്‍ലാല്‍ നേടുന്ന അചഞ്ചലമായ പ്രേക്ഷകപിന്തുണയ്ക്കും സമാനതകളില്ലാത്ത സ്വീകാര്യതയ്ക്കും കാരണം, മുന്‍വിധികളെ കാറ്റില്‍പ്പറത്തുന്ന അദ്ദേഹത്തിന്റെ പ്രവചനാതീതമായ അഭിനയശൈലിതന്നെയാവണം. അതിന്റെ സമീപകാലത്തെ ഏറ്റവും വലിയ ഉദാഹരണമാണ് ഉല്‍പ്പന്നത്തെ പോലും നിഷ്പ്രഭമാക്കിക്കൊണ്ട് വൈറലായി ചര്‍ച്ച ചെയ്യപ്പെട്ട വിന്‍സ്മയ ജ്വല്ലറിയുടെ പരസ്യചിത്രം.

സ്വന്തം ദൗര്‍ബല്യങ്ങള്‍ ഏറ്റവമധികം തിരിച്ചറിഞ്ഞിട്ടുള്ള അഭിനേതാവ് എന്നാണ് മോഹന്‍ലാലിനെ ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ, വ്യവസ്ഥാപിതാര്‍ത്ഥത്തില്‍ പൊതുസ്വീകാര്യത നേടാനിടയില്ലാത്തൊരു ശരീരത്തെയും മുഖത്തെയും മലയാളിയുടെ സൗന്ദര്യസങ്കല്‍പമാക്കി മാറ്റാന്‍ അദ്ദേഹത്തിനു സ്വന്തം പ്രകടനങ്ങളിലൂടെ സാധിച്ചു. അതിനു വേണി സ്വാഭാവികമായി വഴങ്ങാത്തതിനെ അത്രമേല്‍ പരിശീലനത്തിലൂടെ, അനുശീലനത്തിലൂടെ സ്വായത്തമാക്കാന്‍ ലാലിലെ അഭിനേതാവ് എല്ലായ്‌പ്പോഴും ശ്രദ്ധ പുലര്‍ത്തി. 

കഥാപാത്രത്തിനു വേണ്ടി എന്തു സാഹസത്തിനും ഏതളവുവരെ ദണ്ഡിക്കാനും മടികാണിക്കാത്ത സമീപനമാണ് ലാല്‍ സ്വന്തം അഭിനയജീവിതം കൊണ്ട് ആവര്‍ത്തിച്ചു മാതൃകകാട്ടിത്തരുന്നത്. ഫാസിലിന്റെ മണിച്ചിത്രത്താഴിലെ മോഹന്‍ലാലിന്റെ സണ്ണിയെന്ന കഥാപാത്രത്തിന്റെ സംഭാഷണം പോലെ, ഒരു കഥാപാത്രത്തിന്റെ പരിപൂര്‍ണതയ്ക്കുവേണ്ടി ഒരു നടനും നാളിതുവരെ കടന്നുപോയിട്ടില്ലാത്ത വഴികളിലൂടെയെല്ലാം ലാല്‍ എന്ന അഭിനേതാവ് കടന്നുചെന്നെന്നിരിക്കും, ഒരു ഭ്രാന്തനെപ്പോലെ. കാരണം അഭിനയം മോഹന്‍ലാലിന് ശ്വാസമായിക്കഴിഞ്ഞു. സിനിമയോടുള്ള അദ്ദേഹത്തിന്റെ ആസക്തി അവസാനിക്കാത്തതും!ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ആകാരം കൊണ്ടും മനസുകൊണ്ടും മോഹന്‍ലാല്‍ എന്ന നടന്‍ എടുക്കുന്ന തയാറെടുപ്പുകളും സ്വാംശീകരണവുമാണ് അദ്ദേഹത്തെ കറകളഞ്ഞ പ്രൊഫഷനലാക്കുന്നത്. അതുകൊണ്ടാണ് ഒരായുസു കൊണ്ടൊരാള്‍ക്ക് പൂര്‍ണമായി ഗ്രഹിക്കാനും സമ്പൂര്‍ണ പ്രാവിണ്യം നേടാനുമാവാത്ത കഥകളി പോലൊരു കലാരൂപം പോലും സിനിമയ്ക്കു വേണ്ടി ഏതാനും ദിവസങ്ങളുടെ പരിശീലനം കൊണ്ട് കറതീര്‍ന്നത് എന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കുംവിധം ഈ നടന് ചെയ്തുവയ്ക്കാനാവുന്നത്. 

വര്‍ഷങ്ങള്‍ക്കു മുമ്പ് അധികമൊന്നും ശ്രദ്ധിക്കപ്പെടാത്ത, അംബിക-രാധമാര്‍ നിര്‍മ്മിച്ച വേണുനാഗവള്ളിയുടെ അയിത്തം എന്നൊരു ചിത്രത്തിനുവേണ്ടി തമിഴ്‌നാട്ടിലെ അയോധനകലാരൂപമായ ചിലമ്പാട്ടം-നീണ്ട മുളങ്കമ്പുകൊണ്ടുള്ള ആയുധപ്രകടനം അഭ്യസിച്ചവതരിപ്പിച്ച മോഹന്‍ലാലിനെ ഓര്‍ക്കുക.ടി.കെ.രാജീവ്കുമാറിന്റെ തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിനു വേണ്ടി കളരിപ്പയറ്റ് അഭ്യസിച്ച ലാലിനെ ഓര്‍ക്കുക. ആര്‍ സുകുമാരന്റെ രാജശില്‍പിക്കുവേണ്ടി നട്ടുവം പരമശിവത്തിനു കീഴില്‍ രാവുവെളുക്കുവോളം ദിവസങ്ങള്‍ നീണ്ട താണ്ഡവാഭ്യാസം ഓര്‍ക്കുക. വാനപ്രസ്ഥത്തിനു വേണ്ടി കഥകളിയും, കമലദളത്തിനുവേണ്ടി ഭരതനാട്യവും കുറഞ്ഞ ദിവസങ്ങള്‍ക്കകം അഭ്യസിച്ച്, തെന്നിന്ത്യയിലെ മികച്ച നര്‍ത്തകികളിലൊരാളായ വാണി ഗണപതിയെക്കൊണ്ടുവരെ പ്രശംസിപ്പിക്കും വിധം തികഞ്ഞ മെയ്‌വഴക്കത്തോടെ സ്‌ക്രീനിലവതരിപ്പിച്ചതോര്‍ക്കുക. സംസ്‌കൃതമറിയാതെ ഒന്നര മണിക്കൂര്‍ നീണ്ട സംസ്‌കൃത സംഭാഷണങ്ങള്‍ ചുരുങ്ങിയ നാള്‍ കൊണ്ടു പഠിച്ചെടുത്ത് കാവാലം നാരായണപ്പണിക്കര്‍ക്കു കീഴില്‍ കര്‍ണഭാരം ഒറ്റയ്ക്ക് അരങ്ങില്‍ അതിഗംഭീരമായി അവതരിപ്പിച്ചതോര്‍ക്കുക. പുതിയതും തനിക്കന്യവുമായ എന്തും ഇതേപോലെ കഠിനവൃതം നോറ്റ് സ്വായത്തമാക്കുന്നതില്‍ അനിതരസാധാരണമായ ആത്മസമര്‍പ്പണം കാഴ്ചവച്ചിട്ടുണ്ട് മോഹന്‍ലാല്‍.


മാധ്യമറിഞ്ഞ അഭിനയശൈലി

മോഹന്‍ലാലിനെപ്പറ്റി സത്യന്‍ അന്തിക്കാടും ജിത്തു ജോസഫും മുതല്‍ തരുണ്‍ മൂര്‍ത്തിവരെയുളള സംവിധായകര്‍ ആവര്‍ത്തിച്ചൊരു സംഗതിയുണ്ട്. ഒരു രംഗത്ത് ക്യാമറയ്ക്കു മുന്നില്‍ മോഹന്‍ലാല്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അദ്ദേഹം അഭിനയിക്കുകയാണോ എന്നതിനൊപ്പം, അത്രയും മതിയോ എന്ന സന്ദേഹം തോന്നിയിട്ടുണ്ട് അവര്‍ക്കെല്ലാം. എന്നാല്‍, റഷസായോ മോണിറ്ററിലോ പിന്നീടത് കാണുമ്പോഴാണ് കണ്ണുകൊണ്ടും വിരലനക്കം കൊണ്ടും പേശീചലനം കൊണ്ടും പോലും അതിസൂക്ഷ്മതലത്തില്‍ ലാല്‍ എന്ന അഭിനേതാവ് പകര്‍ത്തിവച്ചിട്ടുള്ള മാസ്മരികത കണ്ട് അവര്‍ അദ്ഭുതപ്പെട്ടിട്ടുള്ളത്. ക്യാമറ എന്ന സാങ്കേതികതയുടെ സാധ്യതകള്‍ അങ്ങേയറ്റം തിരിച്ചറിഞ്ഞൊരു അഭിനേതാവിനു മാത്രം സാധ്യമാകുന്ന ഒന്നാണത്. താന്‍ ഇടപെടുന്ന മാധ്യമത്തിന്റെ സവിശേഷതകളും സാധ്യതകളും പരിമിതികളും ആഴത്തില്‍ മനസിലാക്കി അവയെ തനിക്കനുകൂലമായി വിനിയോഗിക്കാനുള്ള ഈ ശ്രമമാണ് മോഹന്‍ലാല്‍ എന്ന ചലച്ചിത്ര നടനെ ആദ്യമായും അവസാനമായും പ്രൊഫഷനല്‍ ആക്കുന്നത്. പ്രൊഫഷനലിസത്തില്‍ പ്രധാനപ്പെട്ട മറ്റൊന്ന് ടീം പ്‌ളേയര്‍ ആവുക എന്നതാണ്. ലാലിനെ സംബന്ധിച്ച്, കൂടെ അഭിനയിച്ചിട്ടുള്ള ലബ്ധപ്രതിഷ്ഠര്‍ തൊട്ട് പുതുമുഖങ്ങള്‍ വരെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള സവിശേഷത ഒപ്പമഭിനയിക്കുന്നവര്‍ക്ക് അദ്ദേഹം നല്‍കുന്ന കരുതലും പിന്തുണയും സഹിഷ്ണുതയുമാണ്. 

മെത്തേഡ് ആക്ടര്‍ അല്ല മോഹന്‍ലാല്‍. നൈസര്‍ഗികമായി ഒരു കഥാപാത്രത്തിന് തന്റെ രൂപഭാവാദികള്‍ ഏല്‍പ്പിച്ചുകൊടുത്തിട്ട് താനായിരുന്നെങ്കില്‍ ആ നിമിഷം എന്തുചെയ്യുമായിരുന്നു എന്നൊരു ചിന്തയുടെ പുറത്ത് അഭിനയിക്കുകയാണ് അദ്ദേഹം ചെയ്യുക. അതുകൊണ്ടുതന്നെ ഒരുതവണ ചെയ്തത് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നുവരില്ല. എന്നിട്ടും, തന്റെ ഭാഗം ആദ്യ ടേക്കില്‍ തന്നെ ഒകെയായാലും ഒപ്പമുള്ളയാളുടെ പ്രകടനം മികച്ചതാവുംവരെ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. കൂടെയുള്ളയാളുടെ പ്രകടനം മികച്ചതാക്കാനുതകുന്ന എല്ലാ പരിശ്രമങ്ങളും മോഹന്‍ലാലിന്റെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്യും. അടുത്തകാലത്താണ് ജഗതിശ്രീകുമാര്‍ എന്ന നടന്‍ റിഹേഴ്‌സലുകള്‍ക്കുശേഷം ടേക്ക് സമയത്ത് തത്സമയം കയ്യില്‍ നിന്നിട്ട് കൂട്ടിച്ചേര്‍ക്കുന്നതിനെപ്പറ്റി ഒരു ചര്‍ച്ച സമൂഹമാധ്യമങ്ങളിലുണ്ടായത്. ഒരു സംവിധായകന്‍ നടത്തിയ ഈ വെളിപ്പെടുത്തലില്‍ രണ്ടുതരം അഭിപ്രായങ്ങള്‍ സിനിമാപ്രവര്‍ത്തകരില്‍ നിന്നു തന്നെ ഉണ്ടായി. ഒറ്റയ്ക്ക് ഷൈന്‍ ചെയ്യുംവിധം നടത്തുന്ന അത്തരം അവസാനനിമിഷ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഒപ്പമഭിനയിക്കുന്നവരിലുണ്ടാകുന്ന അങ്കലാപ്പും പ്രായോഗികബുദ്ധിമുട്ടും സിനിമയുടെ ആകെത്തുകയെ ബാധിക്കുന്നതാവാം എന്നാണ് സംവിധായകന്‍ ലാല്‍ അടക്കം ചൂണ്ടിക്കാട്ടിയത്. ഇവിടെയാണ് മോഹന്‍ലാല്‍ പ്രൊഫഷനലാവുന്നത്. ലാലിന്റെ സിനിമികളില്‍ ലാലുള്‍പ്പെടുന്ന രംഗത്ത് അഭിനയിക്കുന്ന ഓരോരുത്തരുടെയും പ്രകടനത്തെ പൊലിപ്പിക്കുംവിധമാണ് ലാലിന്റെ പ്രകടനം. അതൊരു കൊടുക്കല്‍-വാങ്ങലായിട്ടാണ് മോഹന്‍ലാലിലെ നടന്‍ കണക്കാക്കാറുള്ളത്. ഒപ്പം പ്രത്യക്ഷപ്പെടുന്ന നടീനടന്മാരില്‍ നിന്നു കൊണ്ടും തന്റെതായത് മടക്കിക്കൊടുത്തുമുള്ള ഒരു കൂട്ടുകളി. അതിലാവട്ടെ, എത്രത്തോളം മെയ് വഴക്കമായാലും ക്യാമറാ ഫീല്‍ഡിനെപ്പറ്റിയും കാഴ്ചക്കോണിനെപ്പറ്റിയും ലെന്‍സിനെപ്പറ്റിയുമുള്ള മുന്‍ധാരണകള്‍ ഉള്‍ക്കൊണ്ട് സാങ്കേതികമായ അതിന്റെ അതിരുകള്‍ ഭേദിക്കാതെ, മികച്ചൊരു ടീം പ്‌ളേയര്‍ ആകുന്നതുകൊണ്ടാണ് മോഹന്‍ലാലിനൊപ്പം തിരയിടം പങ്കിടുന്നത്, വലിപ്പച്ചെറുപ്പമില്ലാതെ സഹതാരങ്ങള്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും ആസ്വാദ്യകരവുമാകുന്നത്. 

മോഹന്‍ലാലിന് ലഹരി സിനിമയാണ്. അതദ്ദേഹം തെളിയിച്ചിട്ടുള്ളതുമാണ്. സിനിമയുടെ സമഗ്രതയിലാണ് ലാല്‍ എന്ന അഭിനേതാവ് ശ്രദ്ധയൂന്നുക. സ്വന്തം കഥാപാത്രം സ്വന്തം പ്രകടനം എന്നതിലുപരി ആ കഥാപാത്രത്തെ ചുറ്റി സൃഷ്ടിക്കപ്പെടുന്ന ലോകത്തിന്റെ കൂടി തികവും മികവും അദ്ദേഹം പ്രത്യേകം പരിഗണിക്കുന്നു. അണുവിട വിട്ടുവീഴ്ച ചെയ്യാത്ത പ്രൊഫഷനലിസത്തിലൂടെയാണ് ലാല്‍ സിനിമയോടുള്ള തന്റെ പ്രതിബദ്ധത തെളിയിച്ചത്, തെളിയിച്ചുകൊണ്ടേയിരിക്കുന്നത്. മെഗാതാരത്തിനപ്പുറം വളര്‍ന്നിട്ടും അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍, അതു സ്വന്തം നിര്‍മ്മിതിയോ അപരനിര്‍മ്മിതിയോ ആകട്ടെ, ആദ്യം എത്തുന്നവരില്‍ ഒരാള്‍ മോഹന്‍ലാലായിരിക്കും. ചിത്രീകരണത്തിനു വേണ്ടി എന്തു സാഹസവും, കായികാധ്വാനവും സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ചും തോളിലേറ്റുന്നതുകൊണ്ടാണ് മോഹന്‍ലാല്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു പ്രിയങ്കരനാവുന്നത്. അദ്ദേഹം ഡയലോഗ് പഠിക്കുന്ന രീതി സഹസംവിധായകര്‍ക്കും കാഴ്ചക്കാര്‍ക്കും വിസ്മയമാണ്. എത്ര നീണ്ട സംഭാഷണവും അലസമായി ഒരു തവണയൊന്ന് വായിച്ചു നോക്കുക മാത്രം ചെയ്ത് ചിത്രീകരണവേളയില്‍ അണുവിട തെറ്റാതെ ഉരുവിടുന്ന, അതിന് തിരക്കഥാകൃത്തോ സംവിധായകനോ ഉദ്ദേശിച്ചതിനുമപ്പുറം ഭാവം നല്‍കുന്ന ലാലിസം പ്രശസ്തമാണ്.


സിനിമ തന്നെ ജീവിതം

കൗമാരം വിട്ട് യൗവനത്തിലേക്കു കടക്കും മുമ്പേ സിനിമയില്‍ എത്തപ്പെട്ട ഒരാള്‍. പിന്നീട് 48 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും പിന്തിരിഞ്ഞുനോക്കാനിടവരാത്തവിധം സിനിമയുടെ ഭാഗമായി നിലനില്‍ക്കുക. സിനിമയുടെ സമസ്തമേഖലകളിലും വിഹരിക്കുക. സിനിമയില്‍ നിന്നുണ്ടാക്കിയതിന്റെ നല്ലൊരു പങ്കും സിനിമയ്ക്കായി തന്നെ വിനിയോഗിക്കുക. ഒരേ സമയം സിനിമയുടെ വാണിജ്യവിജയത്തിലും കലാപരമായ മികവിനും രാസത്വരകമാവുക. ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥവും പൃഥ്വിരാജ് സുകുമാരന്റെ എംപുരാനും മുതല്‍മുടക്കുക. ലോകസിനിമയില്‍ ഒരു നടന്റെ ആശിര്‍വാദത്തിന്റെ പേരില്‍ മാത്രം അദ്ദേഹമഭിനയിക്കുന്ന, അദ്ദേഹവുമായി ബന്ധപ്പെട്ട സിനിമകള്‍ മാത്രം നിര്‍മ്മിക്കുന്നൊരു നിര്‍മ്മാണക്കമ്പനി മലയാളത്തിന്റെ മാത്രം സവിശേഷതയായിരിക്കും. വാണിജ്യ മലയാള സിനിമയില്‍ ലക്ഷങ്ങളുടെ കിലുക്കം ആദ്യം കേള്‍പ്പിക്കുന്നത് മോഹന്‍ലാല്‍ നായകനായി ഗുഡ്‌നൈറ്റ് മോഹന്‍ നിര്‍മ്മിച്ച കിലുക്കം എന്ന ചിത്രമാണ്. 1991ല്‍. പിന്നീട് കോടികളുടെ കിലുക്കവും മോഹന്‍ലാലിനു തന്നെ സ്വന്തമായി. പുലിമുരുകനും ഒപ്പവും ലൂസിഫറും എംപുരാനുമായി കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുതിയ ഉയരങ്ങള്‍ താണ്ടി. 

മോഹന്‍ലാലിന്റെ ചലച്ചിത്രജീവിതം സസൂക്ഷ്മം പരിശോധിക്കുന്നൊരാള്‍ക്ക് തിരിച്ചറിയാനാവുന്നൊരു വിസ്മയമുണ്ട്-മോഹന്‍ലാല്‍ സിനിമയെ തെരഞ്ഞെടുക്കുകയായിരുന്നില്ല. സിനിമ മോഹന്‍ലാലിനെ സ്വീകരിക്കുകയായിരുന്നു.ക്യാംപസ് കാലത്ത് സൗഹൃദക്കൂട്ടായ്മയില്‍ നിര്‍മ്മിക്കപ്പെട്ട തിരനോട്ടത്തിലൂടെ സിനിമയിലെത്തിയ മോഹന്‍ലാല്‍ മുഖ്യധാരാ സിനിമയുടെ ഭാഗമാവുന്നത് നവോദയ നിര്‍മ്മിച്ച മഞ്ഞില്‍  വിരിഞ്ഞ പൂക്കളിലൂടെയാണല്ലോ. അതിന്റെ സ്‌ക്രീന്‍ ടെസ്റ്റില്‍ നൂറില്‍ രണ്ടു മാര്‍ക്കു മാത്രം നല്‍കിയ സംവിധായകന്‍ സിബി മലയിലിന്റെ ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ കമലദളം വരെയുള്ള സിനിമകള്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ഭരതത്തിലൂടെ മികച്ച നടനുള്ള ദേശീയബഹുമതി സ്വന്തമാക്കിയതും ചരിത്രം. റെക്കോര്‍ഡുകളുടെ സഹയാത്രികനാണ് മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട പ്രിയദര്‍ശന്റെ ചിത്രം, ഷാജി കൈലാസിന്റെ ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ നായകന്‍. 

സൂപ്പര്‍താരമെന്നതിലുപരി മലയാളിയുടെ സാംസ്‌കാരിക മുഖവുമാണ് മോഹന്‍ലാല്‍. കഴിഞ്ഞ അഞ്ചാറു തലമുറ മലയാളികള്‍ അരനൂറ്റാണ്ടോളമായി ഹൃദയത്തിലേറ്റിയ ആള്‍രൂപം. മാധ്യമ സിദ്ധാന്തികന്‍ റിച്ചാര്‍ഡ് ഡയര്‍ വിവക്ഷിക്കുന്നതുപോലെ താരനിര്‍മ്മിതിയെന്നത് ഓരോ താരത്തിന്റെയും പ്രതിച്ഛായ അതിസൂക്ഷ്മമായി സ്ഥാപിച്ച്, ഒരു പ്രത്യേക പ്രേക്ഷക വിഭാഗവുമായി ബന്ധപ്പെട്ട് അവര്‍ക്കു മാത്രമായ സവിശേഷ വിപണനസാധ്യത നല്‍കുകയുമാണെങ്കില്‍ മോഹന്‍ലാല്‍ അതിനെ അതിജീവിക്കുന്നതു കാണാം. ഡയറുടെ താരസിദ്ധാന്തം അനുശാസിക്കുംവിധം നിര്‍മ്മിതപ്രതിച്ഛായ, പ്രേക്ഷകരുടെ അനുഭവങ്ങളുമായി പൊരുത്തപ്പെടുന്ന, അവരുടെ വികാരങ്ങളോട് താദാത്മ്യപ്പെടുന്ന ഒരാളായി താരത്തെ ചിത്രീകരിക്കുന്നുവെന്നത് മോഹന്‍ലാലിന്റെ താരസ്വരൂപത്തിനും ബാധകമാണ്.. 

എന്നാല്‍, ഈ സിദ്ധാന്തത്തെ വെല്ലുവിളിക്കുന്നുണ്ട് രജനീകാന്തും മോഹന്‍ലാലും നേടിയ ജനപ്രിയത. മുഖ്യധാരാ വാണിജ്യ സിനിമയില്‍ വില്ലന്മാരായി കടന്നുവന്ന് നിലം തൊട്ടുനിന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന് താരസിംഹാസനത്തിലെത്തിയവര്‍. സിനിമാനടനു പറ്റിയ മുഖകാന്തിയോ ശരീരമോ ഇല്ലാത്തവര്‍. അവര്‍ ആരാധകലക്ഷങ്ങളുടെ കണ്ണിലുണ്ണിയായത് അനിഷേധ്യമായ പ്രതിഭയിലൂടെ മാത്രമാണ്. അഭിനജയജീവിതത്തില്‍ മുന്‍മാതൃകകളില്ലാത്തവിധം രൂക്ഷമായ അനവധി ഉയര്‍ച്ചതാഴ്ചകളുണ്ടായിട്ടും, അവര്‍ ഇന്നും ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന, ദക്ഷിണേന്ത്യന്‍ സിനിമയുടെ കേന്ദ്രബിന്ദുക്കളാണ്. ഇവരില്‍ മോഹന്‍ലാലിനെ രജനിയില്‍ നിന്ന് വേര്‍തിരിക്കുന്ന ഒന്ന് നടനമികവാണ്. കമല്‍ഹാസന്റെ അഭിനയസിദ്ധിയും രജനീകാന്തിന്റെ താരപ്രഭാവവും ഒരുപോലെ സമന്വയിക്കുന്നൊരു താരപ്രഭാവമാണ് ലാലിന്റേത്. 

മലയാളിക്ക് സുപരിചമല്ലാത്ത മോഹന്‍ലാല്‍ എന്ന പേരുമായി അഭിനയയാത്ര തുടങ്ങി പിന്നീട് അദ്ദേഹം നടനായി, നിര്‍മ്മാതാവായി, ഗായകനായി, ഒടുവില്‍ സംവിധായകനുമായി. അരനൂറ്റാണ്ടാവുമ്പോഴും ഈ നടന് മലയാളി പ്രേക്ഷകര്‍ക്കിടയിലുള്ള ജനസമ്മതി അനന്യമാണ്. ഇന്നും അദ്ദേഹത്തിന്റെ ഒരു സിനിമയ്ക്കുള്ള ആദ്യദിവസ കളക്ഷന്‍ സമാനതകളില്ലാത്തതാണ്.



സംവിധായകന്റെ കളിമണ്ണ്

സിനിമയോടുള്ള അടങ്ങാത്ത ആസക്തി തന്നെയാണ് മോഹന്‍ലാലിനെ ദ് കംപ്ളീറ്റ് ആക്ടര്‍ എന്ന വിശേഷണത്തിന് അര്‍ഹനാക്കുന്നത്. സ്വാഭാവികാഭിനയത്തില്‍ വിശ്വസിക്കുന്ന മോഹന്‍ലാല്‍ എന്ന നടന്‍ സംവിധായകനു മുന്നില്‍ എന്നും ഇന്നും കളിമണ്ണാണ്. ഏതു രൂപത്തിലും ഭാവത്തിലും പരുവപ്പെടുത്തി യെടുക്കാന്‍ പാകത്തിന് അയവും വഴക്കവുമുള്ള കളിമണ്ണ്. ഞാനൊരു ഗോള്‍കീപ്പറാണ്. നിങ്ങള്‍ പന്തെങ്ങോട്ടു തട്ടുന്നുവോ ഞാനങ്ങോട്ടു പായും. നിങ്ങള്‍ മറുവശത്തേക്കു തട്ടിയാല്‍ ഞാനതിലേ പോകും! എന്ന് മണിരത്‌നത്തോടു പറഞ്ഞ നടനപ്രതിഭ! സംവിധായകന്‍ സൂചിപ്പിക്കുന്ന വഴിയേ പിന്നാലെ പായുകയല്ല, സംവിധായകന്‍ സ്വപ്നത്തില്‍ പോലും കാണാത്ത സൂക്ഷ്മതലങ്ങളെപ്പോലും മുഖത്തും ശരീരത്തിലും ആവഹിച്ചുകൊണ്ട് കഥാപാത്രത്തെ നയിക്കുന്നതാണ് മോഹന്‍ലാലിന്റെ സ്വാഭാവികശൈലി. 

ഡയര്‍ പറഞ്ഞപോലെ എല്ലാ അഭിനേതാക്കളും താരങ്ങളായി മാറുന്നില്ല. എന്നാല്‍ മോഹന്‍ലാലിനെ ഇത്രയും വലിയ താരമാക്കിയതും, സിനിമ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഇപ്പോഴും നിലനിര്‍ത്തുന്നതും എന്താണ്? ഇന്ത്യന്‍ പട്ടാളവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ പ്രവര്‍ത്തന പ്രചാരണങ്ങള്‍ക്ക് അദ്ദേഹത്തെ മുഖമാക്കുന്നത് എന്തുകൊണ്ടാണ്? 45 വര്‍ഷത്തിലധികം നീളുന്ന കരിയറില്‍ നിരവധി വിവാദങ്ങള്‍ക്കു ശേഷവും അദ്ദേഹം വിജയകരമായി മുന്നോട്ട് പോവുന്നതിന്റെ കാരണങ്ങള്‍ പലതാണ്:

1. യുവാക്കളും, കുട്ടികളും, സ്ത്രീകളും മോഹന്‍ലാലിനെ സഹോദരനെപ്പോലെ സ്വീകരിക്കുന്നു

2. തുടക്കം മുതല്‍ അദ്ദേഹം വളര്‍ത്തിയെടുത്ത കരുതലുള്ള, നിഷ്‌കളങ്ക പ്രണയിയുടെ പ്രതിച്ഛായ.

3.ഏതൊരു മലയാളി സ്ത്രീയും ഹൃദയത്തില്‍ കാംക്ഷിക്കുന്ന  ഭര്‍ത്താവിന്റെ രൂപത്തിന് മോഹന്‍ലാലെന്ന താരത്തിന്റെ പ്രതിച്ഛായയുമായുള്ള സാത്മ്യം

4.ചോക്ലേറ്റ് ഛായയില്ലാത്ത മുഖവും, അയത്നലളിതമായ ശരീരഭാഷയും.

5.സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍,സിബി മലയില്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ വളര്‍ത്തിയെടുത്ത സാധാരണക്കാരന്റെ പ്രതിച്ഛായ.

6.ഷാജി കൈലാസ്രഞ്ജി പണിക്കര്‍, രഞ്ജിത് സിനിമകളിലൂടെ നിര്‍മ്മിച്ചെടുത്ത ആക്ഷന്‍ നായകന്റെ അതിമാനുഷ പരിവേഷം.

7.വനപ്രസ്ഥം, വാസ്തുഹാര പോലുള്ള ബദല്‍ ചലച്ചിത്ര പരീക്ഷണങ്ങളെ പിന്തുണയ്ക്കുക വഴി നേടിയ ദേശീയ രാജ്യാന്തര അംഗീകാരം.

8. കഥകളി, ഭരതനാട്യം, താണ്ഡവം പോലുള്ള കലാരൂപങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍.

9. സിനിമയ്ക്കായി ഏത് പ്രയാസവും സാഹസവും സഹിക്കാന്‍ തയ്യാറാകുന്ന മനോഭാവം.

10. സിനിമയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമര്‍പ്പണവും ആര്‍ജ്ജവമുള്ള സമീപനവും.

ഇവയെല്ലാമാണ് അദ്ദേഹത്തിന്റെ താരപ്രാധാന്യത്തെ ഉറപ്പിച്ചത്. അതിന്റെ തെളിവാണ്.ആരാധകര്‍ നല്‍കിയ 'ലാലേട്ടന്‍' എന്ന വിളിപ്പേര് തന്നെ! 

സിബിയുടെ കിരീടം, ബ്ളെസിയുടെപ്രണയം പോലുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ അദ്ദേഹം മനുഷ്യജീവിതത്തിന്റെ ഗൗരവവും ക്ഷണികതയും അവതരിപ്പിച്ചു. പ്രിയന്റെ കാലാപാനി പോലുള്ള മലയാളത്തിന് സങ്കല്‍പിക്കാനാവുന്നതിനമുപ്പുറമുള്ള ചലച്ചിത്രസംരംഭങ്ങളെ നിര്‍മ്മാതാവെന്ന നിലയില്‍ക്കൂടി അദ്ദേഹം പിന്തുണച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചുകൊണ്ട് ഭാഷാഭേദങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചു. മണിരത്നത്തിന്റെ ഇരുവരില്‍ (1997) എം.ജി.ആര്‍ ആസ്പദമായ കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം അതുല്യമായ കൈയടി നേടി. 2014ല്‍ വിജയുമായി ജില്ല, 2009ല്‍ കമല്‍ ഹാസനുമായി ഉന്നൈപ്പോല്‍ ഒരുവന്‍,2023ല്‍  രജനിയുമായിജയിലര്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ട അദ്ദേഹം നിര്‍മ്മിച്ച് മേജര്‍ രവി സംവിധാനം ചെയ്ത ഖാണ്ഡഹാറിലൂടെ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചനെ മലയാളത്തിലെത്തിച്ചു. 

ശിക്ഷിത ഗായകനല്ലാതിരിക്കെ അഭിനയിച്ചതും അല്ലാത്തതുമായ അമ്പതോളം സിനിമകളില്‍ 52 ഗാനങ്ങള്‍ ആലപിച്ച മറ്റൊരു മലയാള നടനില്ല, മോഹന്‍ലാലല്ലാതെ.ഭക്തിഗാനങ്ങളും ആല്‍ബം ഗാനങ്ങളുമിതിലുള്‍പ്പെടും. ആഗ്രഹം കൊണ്ടു പാടിപ്പോയവന്‍ എന്നാണ് ലാല്‍ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ആറോളം പുസ്തകങ്ങളെഴുതിയിട്ടുള്ള, ഓഷോയെ ആരാധിക്കുന്ന ലാല്‍ സ്ഥിരമായി ബ്ലോഗുകളും എഴുതുന്നുണ്ട്. മലയാള താരസംഘടനയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് 2001-ല്‍ പദ്മശ്രീയും 2019-ല്‍ പദ്മഭൂഷണും ലഭിച്ചു. 

ഇന്ത്യയിലെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച ശേഷമുള്ള മോഹന്‍ലാലിന്റെ പ്രതികരണം നോക്കുക. താന്‍ സ്വപ്‌നേപി സങ്കല്‍പിച്ചിട്ടുള്ളതായിരുന്നില്ലെന്ന് വ്യക്തമാക്കിയ ലാല്‍ ആ പുരസ്‌കാരത്തെ മലയാള സിനിമയ്ക്കു ലഭിച്ച അംഗീകാരമായിട്ടാണ് വിശേഷിപ്പിച്ചത്. ഒപ്പമുള്ളവരും മണ്മറഞ്ഞവരുമായ പ്രതിഭകള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കുമാണ് അദ്ദേഹം അതു സമര്‍പ്പിച്ചത്. സ്വകാര്യവും വൈയക്തികവുമായ നേട്ടമായിട്ടല്ല, മറിച്ച് വ്യവസായമെന്ന നിലയ്ക്ക് മലയാള സിനിമയ്ക്ക് കിട്ടിയ ബഹുമതിയായിട്ടാണ് മലയാള സിനിമയെ പ്രതിനിധാനം ചെയ്ത് അദ്ദേഹമത് ഏറ്റുവാങ്ങിയത്. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് താനെന്ന തിരിച്ചറിവില്‍ കൂടുതല്‍ നിലത്തൂന്നി നിന്നുകൊണ്ട് ആ പുരസ്‌കാരത്തെ സമീപിക്കുന്ന മാനസികനിലയാണ് ലാലെന്ന കലാകാരനെ അനന്യനാക്കുന്നത്. ദേവികാറാണിയിലാരംഭിച്ച് പൃഥിരാജ് കപൂര്‍, സുലേചന, സൊഹ്രാബ് മോദി, പൈദി ജയരാജ്, ദുര്‍ഗ ഘോട്ടെ, വി ശാന്താറാം, രാജ് കപൂര്‍, അശോക് കുമാര്‍,അക്കിനേനി നാഗേശ്വര റാവു, ദിലീപ് കുമാര്‍, രാജ്കുമാര്‍,ശിവാജി ഗണേശന്‍, ദേവ് ആനന്ദ്, പ്രാണ്‍, ശശി കപൂര്‍, മനോജ് കുമാര്‍,വിനോദ് ഖന്ന, അമിതാഭ് ബച്ചന്‍, രജനീകാന്ത്, ആശാ പരേഖ്, വഹീദ റഹ്‌മാന്‍, മിഥുന്‍ ചക്രവര്‍ത്തി എന്നീ അഭിനേതാക്കള്‍ക്കു ശേഷമാണ് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിനെ തേടിയെത്തുന്നത്.ഇന്ത്യയിലും ഹോളിവുഡ്ഡിലും വരെ അഭിനേതാക്കളും സംവിധായകരും കാംക്ഷിക്കുന്ന നടനവിസ്മയമായി ഇടം നേടാന്‍ സാധിക്കുക എന്ന സുകൃതമാണ് മോഹന്‍ലാലിന്റെ തിരവ്യക്തിത്വത്തെ വിഭിന്നമാക്കുന്നത്. 


Monday, September 22, 2025

ദുരഭിമാനക്കൊല സമകാലിക മലയാള സിനിമയില്‍

പ്രസാധകന്‍ ഓണപ്പതിപ്പ് 2025


എ.ചന്ദ്രശേഖര്‍


കുടുംബം, തറവാട്ടുമഹിമ, സാമൂദായിക അന്തസ്, ആഭിജാത്യം എന്നിങ്ങനെ ജാതീയതയുടെ ഉപോല്‍പ്പന്നങ്ങള്‍ക്കെല്ലാം സാമാന്യം വേരോട്ടമുള്ള സമൂഹം തന്നെയാണ് കേരളത്തിലേത്. വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരികമായ നവോത്ഥാനങ്ങളിലൂടെയും പിഴുതുമാറ്റിയെന്നവകാശപ്പെടുന്നുണ്ടെങ്കിലും മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കുള്ളിലും ഈ വൈരുദ്ധ്യവും വേര്‍തിരിവും ഒളിഞ്ഞും തെളിഞ്ഞും ആഴത്തിലും പരപ്പിലും പല തരത്തിലും തലത്തിലും നിലനില്‍ക്കുന്നുണ്ടെന്നതാണ് സത്യം. പലപ്പോഴും പ്രണയം, പ്രണയവിവാഹം, പ്രണയാനന്തരജീവിതം എന്നിവയിലാണ് അവ പ്രത്യക്ഷമായിക്കാണുകയെന്നുമാത്രം. മതംമാറിയും ജാതിമാറിയുമുള്ള പ്രണയ/പ്രണയേതര വിവാഹങ്ങളെ സാഹസം എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ ആ സമൂഹത്തില്‍ ജാതിചിന്തയും ജാതിവിവേചനവും നിലനില്‍ക്കുന്നു എന്നുതന്നെ കരുതേണ്ടതുണ്ട്. കേരളത്തെ സംബന്ധിച്ച്, തമിഴ്‌നാട്ടിലേതുപോലെയോ, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെയോ അത്രയ്ക്കു സ്പഷ്ടവും പ്രകടവുമായ ജാതിസ്പര്‍ദ്ധ നിലനില്‍ക്കുന്നില്ല എന്നത് സത്യമാണ്. പക്ഷേ അപൂര്‍വമായെങ്കിലും വെളിപ്പെടുന്ന അട്ടപ്പാടിയിലെ മധു വധക്കേസും, ദുരഭിമാനക്കൊലക്കേസുകളും വ്യക്തമാക്കുന്നത് കേരളീയസമൂഹത്തിന്റെയും മനസുകളുടെ അടിത്തട്ടില്‍ നിന്ന് ജാതിചിന്ത തുടച്ചുനീക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ്. തലമുറ മാറ്റം സംഭവിക്കുമ്പോഴും ജാതിചിന്ത കുറഞ്ഞ അളവിലെങ്കിലും കൈമാറ്റം ചെയ്യപ്പെടുകയും നിലനില്‍ക്കുകയും ചെയ്യുന്നുവെന്നത് കാണാതിരുന്നുകൂടാ. സ്വാഭാവികമായി അതവരുടെ കലാസാഹിത്യസാംസ്‌കാരിക പ്രകാശനങ്ങളിലും ആവിഷ്‌കാരയിടമുറപ്പിക്കും. വേടന്റെ പാട്ടിനും വരികള്‍ക്കും പൊതുസ്വീകാര്യത കൈവരുന്നതിനു പിന്നില്‍ സമൂഹത്തില്‍ ഉറങ്ങിക്കിടക്കുന്ന ജാതിവിവേചനത്തോടുള്ള അധഃസ്ഥിതതരുടെ പ്രതിരോധത്തിന് പ്രധാന പങ്കുണ്ട്. മലയാള സാഹിത്യത്തിലും സിനിമയിലും ദലിത/സബ് ആല്‍ട്ടണ്‍ ഉള്ളടക്കങ്ങള്‍ വര്‍ധിച്ചുവരുന്നതും അതുകൊണ്ടുതന്നെയാണ്. ഈ സാഹചര്യത്തില്‍ ജാതി, മതം, ലിംഗം, പ്രണയം തുടങ്ങിയ വിഷയങ്ങളെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് 'ദുരഭിമാനക്കൊല' എന്ന സാമൂഹികപ്രശ്‌നം, മലയാള സിനിമയില്‍ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. പ്രശസ്ത താരനിബിഢമായ നാല് സിനിമകളാണ് ഇവിടെ പരിഗണനയ്‌ക്കെടുക്കുന്നത്. ജീവന്‍ ജോബ് തോമസിന്റെ രചനയില്‍ എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍(2018), സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരതാ സര്‍ക്കസ് (2022), രത്തീന സംവിധാനം ചെയ്ത പുഴു(2022), നവാഗതനായ അനില്‍ദേവ് എഴുതി സംവിധാനം ചെയ്ത ഉറ്റവര്‍(2024), കെ.ആര്‍.സുനിലിന്റെ തിരക്കഥയില്‍ തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത തുടരും(2025), ഷാഹി കബീര്‍ എഴുതി സംവിധാനം ചെയ്ത റോന്ത്(2025) എന്നിവയാണവ.

തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലും മറ്റും നിലനില്‍ക്കുന്നപോലെ കേരളത്തില്‍ ജാതിവെറിയും ദുരഭിമാനക്കൊലകളും നടക്കുന്നില്ല എന്നതു പകല്‍ പോലെ സത്യമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള വേരോട്ടവും, അരനൂറ്റാണ്ടു കൊണ്ടു സമ്പദ്‌രംഗത്തും വിദ്യാഭ്യാസത്തിലും മറ്റും കേരളം നേടിയ പുരോഗതിയുടെയും മാധ്യമജാഗ്രതയുടെയും ഫലശ്രുതിയായാണിത്. എന്നാലും ഒറ്റപ്പെട്ട് കേരളത്തിലും ദുരഭിമാനക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവ വ്യാപകമായി മാധ്യമശ്രദ്ധനേടുകയും തദ്വാരാ നിയമപരമായ നടപടികള്‍ നേരിടുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. പൊതുേവ അത്തരം സംഭവങ്ങള്‍ സാമ്പത്തിക അസമത്വത്തെ അടിസ്ഥാനമാക്കിയുണ്ടായതാണെന്നു സൂക്ഷ്മപരിശോധനയില്‍ വ്യക്തമാകും.


ഇതില്‍ മധുപാലിന്റെ ചിത്രമാണ് ഏറെക്കുറേ വാസ്തവത്തോടടുത്തുനില്‍ക്കുന്ന, നിറം ചേര്‍ക്കാത്ത ആഖ്യാനം. തമിഴ്‌നാട്ടിലെ തീവ്ര ജാതിവെറിയുടെ ഇരയായി നാടുവിടേണ്ടി വന്ന ഒരു സ്ത്രീയെ പതിറ്റാണ്ടുകള്‍ക്കു ശേഷം വാര്‍ധക്യത്തിലും പിന്തുടര്‍ന്നു കൊലപ്പെടുത്തുന്നതിന്റെയും അതിന്റെ ഉത്തരവാദിത്തം ഊരുംപേരുമില്ലാത്ത ചെറുപ്പക്കാരനില്‍ വന്നുപെടുകയും ചെയ്യുന്നതായിരുന്നു ഒരു കുപ്രസിദ്ധ പയ്യന്റെ ഇതിവൃത്തം. ദുരഭിമാനക്കൊലയാണു വിഷയമെങ്കിലും, അതു കേരളത്തില്‍ നടക്കുന്നതായുള്ള വ്യാജ ഭാവനയല്ല, തമിഴ്‌നാട്ടിലെ കുപ്രസിദ്ധമായ ഒരു ജില്ലയില്‍ നിലനില്‍ക്കുന്ന അനാചാരത്തിന്റെ, സാമൂഹികവിരുദ്ധതയുടെ ഇരയായിട്ടാണ് മധുപാല്‍ തന്റെ ചിത്രത്തിലവതരിപ്പിച്ചത്. താഴ്ന്ന ജാതിയില്‍പ്പെട്ടൊരാളെ പ്രണയിച്ച് ഒളിച്ചോടിയതിന്റെ പേരിലാണു ചിത്രത്തിലെ നായിക പതിറ്റാണ്ടുകള്‍ക്കു ശേഷം ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും.

ദുരഭിമാനക്കൊല എന്നും അഭിമാനക്കൊല എന്നും വിളിക്കപ്പെടുന്ന ഈ സാമൂഹികവൈരുദ്ധ്യം, കുടുംബത്തിന്റെ /സാമുദായിക വിഭാഗത്തിന്റെ സാങ്കല്‍പിക/പൈതൃക/പാരമ്പര്യമായ അന്തസ്/ആഭിജാത്യം നിലനിര്‍ത്താനും സംരക്ഷിക്കാനുമെന്ന പേരില്‍, മനുഷ്യത്വവും തത്വദീക്ഷയും മാറിനില്‍ക്കുന്ന ഒരു അതിരാണ്. എല്ലാവര്‍ക്കും ജീവിതസത്യമായി മാറിയ ഇത്തരം കേസുകളെ പ്രത്യക്ഷമായും പരോക്ഷമായും ആവഹിച്ചുകൊണ്ടാണ് മലയാള സിനിമ ഈ വിഷയത്തെ പ്രമേയമാക്കിയിട്ടുള്ളത്.അടുത്തകാലത്ത് അത് പ്രകടമായിക്കണ്ട ആദ്യ സിനിമ മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍ ആണ്.

ഒരു കുപ്രസിദ്ധ പയ്യന്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ വിചാരണകളാണ് സിനിമയെ പ്രസക്തമാക്കു ന്നത്. നീതിന്യായ വ്യവസ്തയുടെ ദയാരാഹിത്യവും കൗശലവും സിനിമ പ്രശ്‌നവത്കരിക്കുന്നുണ്ട്. ഇതിലെ മുഖ്യപ്രതികള്‍ പൊലീസുകാരാണ്. അവിടെനിന്ന് തന്നെയാണ് സിനിമയും തുടങ്ങുന്നത്. എത്രമാത്രം മലിനമാണ് നമ്മുടെ ക്രമസമാധാന വ്യവസ്ഥയെന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്. ജീവന്‍ ജോബ്‌ േതാമസ് എന്ന എഴുത്തുകാരന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.

ബാഹ്യതലത്തില്‍ സ്വന്തമായി ഒരസ്തിത്വം പോലും അവകാശപ്പെടാനില്ലാത്ത അനാഥരും അരക്ഷിതരുമായ പാവം മനുഷ്യരോട് രാജ്യത്തെ നീതിനിര്‍വഹണവ്യവസ്ഥ എങ്ങനെയാണ് പെരുമാറുന്നത് എന്നതിന്റെ, അവര്‍ക്കു നേരേ നടക്കുന്ന പ്രത്യക്ഷ മനുഷ്യാവകാശ ലംഘനത്തിന്റെ ഞെട്ടിക്കുന്ന ആഖ്യാനമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. എന്നാല്‍ ആന്തരികതലത്തില്‍ അതൊരു ജാതിസ്പര്‍ദ്ധയില്‍ ഉയിര്‍ത്ത്, വര്‍ഷങ്ങള്‍ നീണ്ട പകയൂതി ജ്വലിപ്പിച്ചു നിര്‍വഹിക്കപ്പെടുന്നൊരു ദുരഭിമാനക്കൊലയുടെ ആഖ്യാനമാണ് യഥാര്‍ഥത്തില്‍.

അമ്മയെപ്പോലെ സ്‌നേഹിച്ച ചെമ്പകമ്മാളിന്റെ മരണത്തോടെയാണ് അനാഥനും അസ്തിത്വമില്ലാത്തവനുമായ അജയന്റെ ജീവിതം തന്നെ മാറുന്നത്. അവനൊപ്പം നിന്നവരെയെല്ലാം ആ സംഭവം അവന് എതിരാക്കി മാറ്റുന്നു. അജയന്റെ കുപ്രസിദ്ധിയുടെ കഥ അവിടെനിന്നാണ് ആരംഭിക്കുന്നത്. പ്രമാദമായ കോഴിക്കോട്ടെ സുന്ദരിയമ്മ കൊലക്കേസില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടതാണ് പയ്യന്‍സിന്റെ പ്രമേയം.ലകോഴിക്കോട്ട് വട്ടക്കിണറില്‍ ഇഡ്ഡലിക്കച്ചവടം നടത്തിയിരുന്ന സുന്ദരിയമ്മയെ ഒരു പ്രഭാതത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളി ജയേഷിനെയാണ് ആദ്യം അറസ്റ്റ് ചെയ്തതെങ്കിലും ഒടുവില്‍ സുന്ദരിയമ്മയുടേത് വര്‍ഷങ്ങള്‍ നീണ്ട തമിഴ്‌നാട്ടിലെ ജാതിസ്പര്‍ദ്ധയെത്തുടര്‍ന്നുള്ള ദുരഭിമാനക്കൊലയാണെന്ന് തെളിയുകയായിരുന്നു. 

മാധ്യമങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും സമ്മര്‍ദ്ദം മൂലം തങ്ങളുടെ മുഖം രക്ഷിക്കാന്‍ പ്രതികളെ 'നിര്‍മ്മിക്കുന്ന' പോലീസിനെ വിമര്‍ശിക്കുന്ന ചിത്രമെന്ന നിലയ്ക്കാണ് ഒരു കുപ്രസിദ്ധ പയ്യന്‍ പരക്കെ വായിക്കപ്പെട്ടത്. അത്തരമൊരു ആഖ്യാനത്തിന്റെ പരപ്പില്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദുരഭിമാനക്കൊലയുടെ ആഖ്യാനകം മുങ്ങി/മങ്ങിപ്പോവുകയായിരുന്നു എന്നതാണ് വാസ്തവം.

ദുരഭിമാനക്കൊലയെന്നത് തമഴ്‌നാട്ടില്‍ വ്യാപകമാണെന്നതുകൊണ്ടുതന്നെ ഒരു കുപ്രസിദ്ധ പയ്യന്റെ ഇതിവൃത്തത്തിന് വിശ്വാസ്യതയുണ്ടായിരുന്നു. എന്നാല്‍ കോട്ടയത്തെ കെവിന്‍ പി ജോസഫിന്റെ ദുരഭിമാനക്കൊലയില്‍ നിന്ന് പരോക്ഷമായി ഊര്‍ജ്ജമുള്‍ക്കൊണ്ട ഉറ്റവര്‍ എന്ന ചിത്രത്തിന്റെ സാമൂഹികസാധ്യത ഇതേ വിശ്വാസ്യതയുടെ പേരില്‍തന്നെ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. രത്തീനയുടെ മ്മൂട്ടി ചിത്രമായ പുഴു(2022)വില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുള്ളതുപോലെ, ഒരു മതമേല്‍ക്കോയ്മ കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ എത്രത്തോളം പ്രസക്തമാണെന്ന വസ്തുത ചര്‍ച്ചയ്ക്കു വിഷയമായതിനോടൊപ്പമായിരുന്നു അത്തരമൊരു വായന പ്രസക്തി കൈവരിച്ചത്. കെവിന്റെ കൊലപാതകം സാങ്കേതികമായി ദുരഭിമാനക്കൊലയുടെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെങ്കിലും അതു സംഭവിച്ചത് ജാതീയപരിഗണനകളുടെ പേരിലായിരുന്നില്ലെന്നതും കേരളത്തിന്റെ സാമൂഹികസാഹചര്യത്തില്‍ തീര്‍ത്തും സാമ്പത്തികമായ പരിഗണനകളുടെ പേരിലായിരുന്നെന്നതുമാണ് വിശകലനം ചെയ്യപ്പെടേണ്ടത്. പുഴുവില്‍ പ്രതിപാദിക്കപ്പെട്ട സമുദായങ്ങള്‍ക്ക് അതില്‍ പരാമര്‍ശിക്കപ്പെട്ട വിധത്തിലുള്ള സാമ്പത്തികമോ സാമൂഹികമോ ജാതീയമോ ആയ മേല്‍ക്കോയ്മയോ അസ്തിത്വമോ  കേരളത്തിന്റെ സാമൂഹിക/സാമ്പത്തിക പരിസ്ഥിതിയില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തിലാണ് അത്തരം വിമര്‍ശനങ്ങള്‍ അവ നേരിടേണ്ടിവന്നത്. 

കാലമെത്ര പുരോഗമിച്ചിട്ടും കേരള സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി വിവേചനങ്ങളു ടെയും ഉച്ചനീചത്വങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ഉറ്റവര്‍ എന്നാണ് ആര്‍ ബി ശ്രീലേഖ മനോരമഓണ്‍ലൈനിലെഴുതിയ നിരൂപണത്തില്‍ അഭിപ്രായപ്പെടുന്നത്. (മാര്‍ച്ച് 14, 2025)കൂടെപ്പിറന്നവരോ ജന്മം തന്നവരോ അതോ ഉള്ളുതുറന്ന് ഇടപെടാനും അകലയെങ്കിലും എപ്പോഴും സാന്ത്വനമായി അരികിലുണ്ടെന്ന് തോന്നിപ്പിക്കാനും കഴിയുന്നവരോ, ഇവരിലാരാണ് ഉറ്റവരെന്ന ഒരന്വേഷണമാണ് അനില്‍ ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഉറ്റവര്‍' അരവിന്ദന്‍ പുരസ്‌കാരവും കേരളി ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നേടിയ ചിത്രം, ബാല്യകാലസുഹൃത്തുക്കളായ,

ശ്രീപത്മം ഹോട്ടല്‍ ഉടമ വടക്കേപ്പാട്ടില്‍ ഗോവിന്ദന്‍ നായരുടെ ഒറ്റ മകള്‍ പത്മയും ദലിത് കോളനിയിലെ കുമാരന്റെ മകന്‍ ചന്തുവും തമ്മിലുള്ള പ്രണയവും ഒളിച്ചോട്ടവും സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങളുടെ നേര്‍ച്ചിത്രമാണ് വരച്ചിടുന്നത്. ഗോവിന്ദന്‍ നായരുടെ വീട്ടിലെയും ഹോട്ടലിലെയും കൂലിപ്പണിക്കാരാണ് കുമാരനും ഭാര്യ ഗിരിജയും. വീട്ടുകാര്‍ തങ്ങളെ പിരിക്കാതിരിക്കാന്‍ ചന്തുവും പത്മ യും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നു. പക്ഷേ ആ തീരുമാനം കുമാരന്റെയും ഗിരിജയുടെയും സ്വച്ഛജീവിതത്തി നുമേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.ജനിച്ച നാട്ടില്‍ മനുഷ്യരായി അംഗീകരിക്കപ്പെടാന്‍ ഒരു വിഭാഗം ഇന്നും നടത്തുന്ന പോരാട്ടത്തിന്റെ നേര്‍ചിത്രം സംവിധായകന്‍ വരച്ചിടുന്നു.

പ്രണയം, കുടുംബം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്, മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ വളരെ ആഴത്തില്‍ വിശകലനം ചെയ്യുന്ന തിരക്കഥയാണ് ഉറ്റവരുടേത് മതേതരമെന്ന് ഊറ്റം കൊള്ളുമ്പോഴും ജാതിയുടെ പേരില്‍ കടുത്ത വിവേചനങ്ങളും ദുരഭിമാനക്കൊലകളും നടക്കുന്ന രാജ്യമാണ് നമ്മുടേത്. പണ്ട് ജാതിവിവേചനവും തൊട്ടുകൂടായ്മയും പ്രത്യക്ഷത്തില്‍ നടമാടിയിരുന്നെങ്കില്‍ ഇന്ന് അതെല്ലാം ഉള്ളില്‍ പേറുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഉറ്റവര്‍  കാലികപ്രാധാന്യമുള്ള ഈ വിഷയത്തെ, സമാകാലിക രാഷ്ട്രീയ/ സാമൂഹിക/ വര്‍ഗീയ  പശ്ചാത്തലത്തില്‍ വൈകാരികമായി തുറന്നുകാണിക്കുന്നു. സമൂഹത്തിനു നേര്‍ക്കുനേരെ പിടിക്കുന്നൊരു കണ്ണാടിയാണ് ഉറ്റവര്‍.

യഥാര്‍ത്ഥ സംഭവത്തെ പ്രചോദനമാക്കിക്കൊണ്ടു സര്‍ഗാത്മക രചന നിര്‍വഹിക്കാന്‍ തീര്‍ച്ചയായും സ്വതന്ത്ര സമൂഹത്തില്‍ കലാകാരന്മാര്‍ക്ക് അര്‍ഹതയും അവകാശവുമുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ അതവരുടെ സര്‍ഗാത്മക സ്വാതന്ത്ര്യവുമാണ്. എന്നാല്‍, ജാതിരാഷ്ട്രീയം പോലെ, സാമൂഹിക പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന വിഷയങ്ങള്‍ പ്രമേയമാക്കുമ്പോള്‍ കലാകാരന്‍ പുലര്‍ത്തേണ്ടുന്ന ജാഗ്രത എന്നൊന്നുണ്ട്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 എ അനുച്ഛേദം നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരികല്‍പനയില്‍ ഒരുപാടു പരിമിതികളും നിബന്ധനകളും ഭരണഘടനാശില്‍പികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. സര്‍ഗാത്മകസ്വാതന്ത്ര്യത്തിന്റെ പേരില്‍ വെള്ളം ചേര്‍ക്കാനുള്ളതാണോ ആ അനുച്ഛേദം എന്നാണവര്‍ ആത്മപരിശോധന നടത്തേണ്ടത്. കേരളത്തില്‍ നടന്ന ഒരൊറ്റപ്പെട്ട സംഭവത്തെ സാമാന്യവല്‍ക്കരിച്ചു, കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നു കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്ന ഉത്തരേന്ത്യക്കാരന്‍ തന്നെ പരസ്യമായി സാക്ഷ്യം പറഞ്ഞ ലവ് ജിഹാദിനെ 'അടിസ്ഥാന'മാക്കി, മലയാളിയല്ലാത്തൊരു അന്യസംസ്ഥാനക്കാരന്‍ ദ് കേരള സ്റ്റോറി എന്ന പേരില്‍ സിനിമയുണ്ടാക്കി അതു ദേശീയതലത്തില്‍ത്തന്നെ രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രചാരണാര്‍ത്ഥം വിനിയോഗിച്ചതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയും ചെയ്ത ബൗദ്ധികസമൂഹമാണു കേരളത്തിലേത്. എന്നാല്‍, സത്യത്തെ പര്‍വതീകരിച്ചും സാമാന്യവല്‍ക്കരിച്ചുംകൊണ്ട്, സംസ്ഥാനത്തു വ്യാപകമെന്നും സര്‍വസാധാരണമെന്നുമൊക്കെ വ്യാഖ്യാനിക്കത്തക്കവിധമാണു പുഴു, ഭാരത സര്‍ക്കസ് എന്നിവ കേരളത്തിലെ ബുദ്ധിജീവികള്‍ കണ്ട കോളില്ല. . 

ആധുനിക കേരളത്തില്‍ ഒരിടത്തും ഒരുകാലത്തും പുഴുവില്‍ പ്രതിപാദിക്കുന്നപോലെ ഒരു ദുരഭിമാനക്കൊല സംഭവിച്ചതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകളില്ല. ദ് കേരള സ്‌റ്റോറിക്കു പോലും ചൂണ്ടിക്കാണിക്കാന്‍, കേരള ക്രൈം റെക്കോര്‍ഡ്‌സില്‍ രേഖപ്പെടുത്തിയിട്ടുളള നിമിഷ ഫാത്തിമയെക്കുറിച്ചുള്ള കേസുണ്ട്. പുഴുവിന് അത്തരമൊരു സംഭവവും ചൂണ്ടിക്കാട്ടാനില്ല. പിന്നുള്ളത്, ദേശീയതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ജാതീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയധാരയാണ്. തീര്‍ച്ചയായും ഇന്ത്യയുടെ ഭാഗമായൊരു സംസ്ഥാനത്തെ സമൂഹമെന്ന നിലയ്ക്കു വലതുപക്ഷരാഷ്ട്രീയത്തിണലില്‍ കേരളത്തിലും ഇത്തരം ചിന്താഗതികള്‍ മുമ്പെന്നത്തേയുംകാള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെന്നത് അനിഷേധ്യ വസ്തുതതന്നെയാണ്. എന്നാലതിനര്‍ത്ഥം, കേരളം ഉത്തരേന്ത്യയേക്കാള്‍, തമിഴ്‌നാടിനേക്കാള്‍ ജാതിവിവേചനവും അതിന്റെ തീവ്രമായ സാമൂഹികദുരന്തങ്ങളും നിലനില്‍ക്കുന്ന സമൂഹമാണെന്നല്ല. പുഴുവും ഭാരത സര്‍ക്കസും കളയുമൊക്കെ പരോക്ഷമായും പ്രത്യക്ഷമായും പ്രചരിപ്പിക്കുന്ന ധാരണയും, മുന്നോട്ടുവയ്ക്കുന്ന പൊതുബോധവും അത്തരത്തില്‍പ്പെട്ടതാണ്. സാമൂഹികമായും സാംസ്‌കാരികമായും ഇതര സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിട്ടുനില്‍ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയ്ക്ക് ഇത്തരം നറേറ്റീവുകള്‍ സൃഷ്ടിക്കുന്ന പ്രതിച്ഛായയും കാഴ്ചപ്പാടും വിമര്‍ശനബുധ്യാ പരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനുമൊത്തു നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് പുഴുവിലെ നമ്പൂതിരിയായ കുട്ടന്‍ (മമ്മൂട്ടി). ജ്യേഷ്ഠനോടൊത്തു കുടുംബ വസ്തുക്കളില്‍ സ്വജാതിയില്‍പ്പെട്ടവര്‍ക്കു മാത്രമായി ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണയാള്‍ നടത്തുന്നത്. ഭാര്യ മരിച്ചശേഷം മകന്‍ മാത്രമാണയാളുടെ ലോകം. ഒസിഡി കാരണമുള്ള തന്റെ ശീലങ്ങള്‍ മകനിലടിച്ചേല്‍പ്പിക്കുകയാണയാള്‍. കുലമഹിമയില്‍ അയാള്‍ക്കു തീവ്രാഹന്തയുണ്ട്. മകന്‍ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എന്തു കഴിക്കണം, എങ്ങനെ പല്ലു തേക്കണം എന്നുവരെ തീരുമാനിക്കുന്നതയാളാണ്. അസഹനീയ സവര്‍ണ മനോഭാവവും ജാതിചിന്തയും മനസിനെയും മനുഷ്യത്വത്തെയും കളങ്കപ്പെടുത്തിയ ഒരാള്‍. മകന്‍ സഹപാഠിയുമായി ഭക്ഷണം പങ്കിടുന്നതോ കളി ക്കുന്നതോ പോലും ജാതിയുടെ അളവുകോല്‍വച്ചാണയാള്‍ അളക്കുന്നത്. ''നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല, പക്ഷേ അവര്‍ തരുന്നതു നമുക്കാവശ്യമില്ലല്ലോ?'എന്ന ചോദ്യം പോലും അയാളില്‍ ഉറച്ച സവര്‍ണബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ചില ഭീതികളുടെയും സംഘര്‍ഷങ്ങ ളുടെയും നിഴലിലാണയാള്‍. തന്നെ കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് വിചാരിക്കുന്ന കുട്ടന് അതുകൊണ്ടുതന്നെ എല്ലാവരെയും സംശയമാണ്.

താഴ്ന്ന ജാതിക്കാരനുമായി ഒളിച്ചോടിയ അനുജത്തി ഭാരതി (പാര്‍വതി തെരുവോത്ത്), നാടകപ്രവര്‍ത്തകനായ ഭര്‍ത്താവ് കുട്ടപ്പ നോടൊപ്പം താഴത്തെ ഫ്‌ളാറ്റില്‍ താമസിക്കാന്‍ വരുമ്പോള്‍ നായകന്റെ ചിത്തഭ്രമം വര്‍ദ്ധിക്കുന്നു. സമുദായത്തെ ധിക്കരിച്ചിറങ്ങിപ്പോയ സഹോദരിയുമായി നല്ല ബന്ധമല്ല അയാളുടേത്. അവളോട് ക്ഷമിക്കാനോ കുട്ടപ്പനെ സ്വീകരിക്കാനോ അയാളുടെ മനസ്സനുവദിക്കുന്നില്ല. സമുദായത്തില്‍ തങ്ങള്‍ക്കുണ്ടായ മാനഹാനി പൊറുക്കാനും അയാള്‍ക്കാവുന്നില്ല. ഒരസന്ദിഗ്ധഘട്ടത്തില്‍ സഹോദരിയേയും കാമുകനെയും കൊലപ്പെടുത്താന്‍ അയാളിലെ മതാന്ധന്‍ മടിക്കുന്നില്ല. ജാതിവെറിയെന്ന തക്ഷകന്‍, വിദ്യാഭ്യാസത്തിലും സംസ്‌കാരബോധത്തിലും എത്ര ഉന്നതിയിലെത്തിയാലും പരീക്ഷിത്തുമാരെ ദംശിക്കുമെന്ന നിലയ്ക്കാണ് പുഴു എന്ന ബിംബം  ചിത്രശീര്‍ഷകം മുതല്‍ വിനിയോഗിച്ചിരിക്കുന്നത്.

ഉത്തരേന്ത്യയിലോ തമിഴ്‌നാട്ടിലോ ആണ് ഇതുമാതിരി ഒരു മേല്‍ജാതി നായകനെ അവതരിപ്പിച്ചിരുന്നതെങ്കില്‍ വിശ്വസനീയമായേനെ. കാരണം മധുരയും തിരുനെല്‍വേലിയുമടക്കമുള്ള ജില്ലകളില്‍ ഇന്നും ദുരഭിമാനക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജാതി സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും തലമുറ തലമുറകളായി പിന്തുടര്‍ന്നു വരുന്നുമുണ്ട്. എന്നാല്‍, കേരളത്തില്‍, ഇത്തരത്തില്‍ ആഴത്തില്‍ വേരോടിയ ജാതിസങ്കല്‍പമോ അസ്പര്‍ശതയോ യഥാര്‍ത്ഥത്തില്‍ നിലവിലില്ല എന്നതു നിസ്തകര്‍ക്ക വസ്തുതയാണ്. പുഴുവില്‍ പരാമര്‍ശിക്കുന്ന സമുദായത്തില്‍നിന്നൊരാള്‍, കേരളത്തില്‍, അത്തരമൊരു ദുരഭിമാനക്കൊലയില്‍ നാളിതുവരെ പ്രതിയാക്കപ്പെട്ടിട്ടില്ല. ദുരഭിമാനക്കൊലപാതകങ്ങള്‍ ഉത്തരേന്ത്യയിലും മറ്റുമുള്ളതുപോലെ പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാകാതെ നിശബ്ദമാക്കപ്പെടുന്നുമില്ല. മാധ്യമജാഗ്രതയില്‍ നമ്മുടെ സംസ്ഥാനം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അഴിമതിക്കാരെയും ഒരുപോലെ ശത്രുക്കളാക്കിക്കൊണ്ടു ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അവരുടെ റഡാറില്‍ നിന്നു രക്ഷപ്പെട്ടൊരു ജാതിക്കളി അസംഭവ്യമാണ്. പൊതുവേ മനോരോഗിയായൊരാള്‍ എന്ന നിലയ്ക്കു കുട്ടനില്‍ ജാതിസ്പര്‍ദ്ധ ഒരു ന്യൂനതയായി ആരോപിക്കപ്പെട്ടിരുന്നെങ്കില്‍ പുഴുവിലെ നായകകര്‍തൃത്വം കൂടുതല്‍ വിശ്വസനീയവും സത്യസന്ധവുമായേനെ. എന്നാല്‍, പുഴുവിന്റെ രചയിതാക്കള്‍ നായകനെ വിഭാവന ചെയ്തിട്ടുള്ളത് മനോരോഗിയായി മാത്രമല്ല, ജാതിവെറിയുടെ ആള്‍രൂപമായിത്തന്നെയാണ്. 

പുഴു എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്ന കൃത്രിമവും കെട്ടിച്ചമച്ചതുമായ ജാതിവെറിയെന്ന പരികല്‍പന ഉത്തരാധുനികതയുടെ വെളിപ്പെടുത്തലായി സ്വീകരിക്കാമെങ്കില്‍, അതേ അളവുകോല്‍ വച്ചു ലവ് ജിഹാദും വാസ്തവമെന്ന് അംഗീകരിക്കാന്‍ പൊതുസമൂഹത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടാവുമെന്നാണ് ഓര്‍ക്കേണ്ടത്. രണ്ടും അവാസ്തവ/സാങ്കല്‍പിക ആയ പരികല്‍പനകളാണെന്നാണു കലാകാരന്മാരും ബുദ്ധിജീവികളും മറക്കാതിരിക്കേണ്ടതും. സത്യാനന്തരകാലത്തു സിനിമ പലപ്പോഴും വ്യാജമായിത്തീരുന്നത് ഇങ്ങനെയൊക്കെയാണ്.

ഉറ്റവരില്‍ പരാമര്‍ശിക്കപ്പെട്ട കെവിന്‍ വധക്കേസിന്റെ മറ്റൊരു വീക്ഷണകോണിലൂടെയുള്ള ദൃശ്യപരിചരണോദ്യമാണ് വന്‍ പ്രദര്‍ശനവിജയം കൊയ്ത തരുണ്‍മൂര്‍ത്തിയുടെ മോഹന്‍ലാല്‍ ചിത്രമായ തുടരും. ഉന്നതകുലജാതയായ പൊലീസുദ്യോഗസ്ഥന്റെ മകളെ പ്രണയിക്കുന്ന സാമ്പത്തികവും സാമൂഹികവും ജാതീയുവമായി കീഴ്‌ശ്രേണിയില്‍ നിന്നുളള യുവാവിനെ നിഷ്ഠുരം കൊന്ന് ആ കൊലയുടെ ഉത്തരവാദിത്തം അയാളുടെ വളര്‍ത്തച്ഛനുമേല്‍ ആരോപിക്കാന്‍ സംസ്ഥാന പൊലീസ് സംവിധാനവും അധികാരവ്യവസ്ഥയും ഒറ്റക്കെട്ടായി അണിനിരക്കുന്നതും അതിനെതിരേ ആ വളര്‍ത്തച്ഛന്‍ ഒറ്റയ്ക്കു നടത്തുന്ന പോരാട്ടവുമാണ് ഇതിവൃത്തം. ഇവിടെ, ജാതീയമായല്ല സാമ്പത്തികമായ വേര്‍തിരിവാണ് അഭിമാനക്കൊലയ്ക്കു പ്രേരണയെന്ന ആഖ്യാനത്തില്‍ സിനിമ വാസ്തവത്തോട് കുറേക്കൂടി സത്യസന്ധത പുലര്‍ത്തുന്നുണ്ട്. അതേ സമയം, കൊല്ലപ്പെടുന്ന യുവാവിനെ നായകന്റെ വളര്‍ത്തുമകനാക്കുന്നതിലൂടെയും അയാളുടെ പ്രതികാരം വൈയക്തികമാക്കുന്നതിലൂടെയും ആ പ്രതിരോധത്തിന്റെ രാഷ്ട്രീയമാനത്തെ ലഘൂകരിക്കുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും. കുറേക്കൂടി വിശാലമായ സാമൂഹികമാനമാണ് ഇതിലൂടെ അപ്രസക്തമായിത്തീരുന്നത്. ഒരുപക്ഷേ, ഒരുകുപ്രസിദ്ധ പയ്യനില്‍ റ്റൊവിനോ തോമസിനും റോന്തില്‍ റോഷനും ദിലീഷ് പോത്തനും താരങ്ങളെന്ന നിലയ്ക്ക് നേിരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിച്ഛായയുടെ വെല്ലുവിളി തുടരുമില്‍ മോഹന്‍ലാല്‍ എന്ന താരത്തിനു നേരിടേണ്ടി വന്നതുകൊണ്ടാവാം അത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്.ഉറ്റവരില്‍ പിന്നെ അറിയപ്പെടുന്ന താരങ്ങളേ ഉണ്ടായിരുന്നില്ല എന്നത് അതിന്റെ സ്രഷ്ടാക്കള്‍ക്കു നല്‍കിയ സ്വാതന്ത്ര്യം വളരെ വലുതായിരുന്നു.

റോന്തിന്റെ ശക്തി തിരക്കഥയാണ്. രണ്ട് പോലീസുകാരുടെ ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്. ദിലീഷ് പോത്തന്റേയും റോഷന്‍ മാത്യുവിന്റേയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും റോന്തിലെ യോഹന്നാനും ദിന്‍നാഥും. അമാനുഷിക കഥാപാത്രങ്ങളല്ല അവര്‍. ദുര്‍ബലരും സഹാനുഭൂതിയുള്ളവരുമായ രണ്ടു കേവല മനുഷ്യര്‍. അവരുടെ ഔദ്യോഗികജീവിതത്തില്‍ ഒരു രാത്രിയിലെ പട്രോളിങ് ഡ്യൂട്ടി അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതെങ്ങനെയെന്നാണ് ചിത്രം കാണിച്ചുതരുന്നത്. വിവിധങ്ങളായ മനുഷ്യജീവിതപ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ആ റോന്തിനിടെ അവര്‍ക്ക് നേരിടേണ്ടിവരുന്നു. അതിനിടെയാണ് ബൈക്കില്‍ ഒളിച്ചോടുന്ന കമിതാക്കളും അവരിലേക്കെത്തിച്ചേരുന്നത്. നാട്ടിലെ അതിസമ്പന്നവും അധികാരസ്വാധീനവുമുള്ളൊരു കുടുംബത്തിലെ യുവതിയും, കോളനിയിലെ ദിവസവേതനക്കാരനായ യുവാവുമാണ് ഒളിച്ചോടാന്‍ മുതിരുന്നത്. അവരെ സഹായിക്കാന്‍ ഇടനിലനില്‍ക്കുന്ന യുവാവാണ് യുവതിയുടെ സഹോദരന്മാരുടെ ക്രൂരതയ്ക്കിരയായി അബദ്ധത്തില്‍ കൊല്ലപ്പെടുന്നത്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസിലെ ഉന്നതര്‍ തന്നെയിടപെട്ട്, ആത്മാര്‍ത്ഥമായി ഡ്യൂട്ടി നിര്‍വഹിച്ച യോഹന്നാനെയും ദിന്‍നാഥിനെയും കൂട്ടുപ്രതികളാക്കുന്നിടത്താണ് ചിത്രത്തിന്റെ നിര്‍ണായക വഴിത്തിരിവ്. നേരത്തേ, മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട് (2021) എന്ന ചിത്രത്തില്‍ അധികാരികള്‍ക്കു വേണ്ടി സ്വന്തം കൂട്ടത്തെ ഒറ്റുന്ന പൊലീസിന്റെ മനുഷ്യത്വരാഹിത്യം സിനിമയ്ക്കു വിഷയമായിട്ടുണ്ടെങ്കിലും അവിടെ ദുരഭിമാനക്കൊല എന്ന ഘടകം കടന്നുവന്നിട്ടില്ല. റോന്തിലാവട്ടെ, ദുരഭിമാനക്കൊല പശ്ചാത്തലത്തിലല്ല പ്രത്യക്ഷത്തില്‍ തന്നെ മുഖ്യപ്രമേയമായി നിലനിര്‍ത്തപ്പെടുന്നുണ്ട്.

കേരളത്തില്‍ ഒരു ദുരഭിമാന കൊല സമീപകാലത്തു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 2018ല്‍ തെന്മലയില്‍ നീനു ചാക്കോയെ പ്രണിയിച്ച ദലിത് ക്രൈസ്തവനായ കെവിന്‍ പി ജോസഫിന്റേതാണ്. കെവിനെ തെന്മല പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നീനുവിന്റെ പിതാവും കൂട്ടാളികളും ചേര്‍ന്നു തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണു പൊലീസ് കേസ്. സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച നീനു കെവിന്റെ കുടുംബത്തോടൊപ്പം അവരുടെ മരുമകളായി തുടരുകയായിരുന്നു. 2018 മേയില്‍ തന്നെയായിരുന്നു അടുത്ത കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഞ്ചേരിയിലെ അരീക്കോട്ട് തിയ്യ കുടുംബാംഗമായ ആതിരയെ പിതാവു പൂവത്തിക്കണ്ടി രാജന്‍ തലയ്ക്കടിച്ചു കൊന്നതാണ്. പിന്നാക്ക സമൂദായാംഗമായ ബ്രിജേഷിനെ പ്രണയിച്ചതായിരുന്നു വിവാഹത്തലേന്നു മകളെ കൊല്ലാന്‍ അയാള്‍ക്ക് പ്രേരണയായത്. ഈ രണ്ടു കേസും പെട്ടെന്നു തന്നെ മാധ്യമങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവരികയും കൃത്യമായി പുന്തുടരുകയും തുടര്‍ന്ന് നിയമനടപടികള്‍ക്കു വിധേയമാകുകയുമായിരുന്നു. എന്നാല്‍ ഈ വിഷയം പ്രമേയമാക്കിയ സിനിമകളില്‍ ഉറ്റവര്‍ ഒഴികെയുള്ള ഒരു സിനിമയും റോന്തുമൊഴികെ വസ്തുനിഷ്ഠതയോട് കൂറു പുലര്‍ത്തിയില്ല. ജിനു വി ഏബ്രഹാമെഴുതി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനമായ അന്വേഷിപ്പിന്‍ കണ്ടെത്തും(2024) എന്ന ചിത്രത്തെയും വസ്തുതകളെ സത്യസന്ധമായി ആവിഷ്‌കരിച്ചതിന്റെ പേരില്‍ മാറ്റിനിര്‍ത്താം.

പോലീസും, രാഷ്ട്രീയവും, മതവും ജാതിവെറിയും ആധുനിക കേരളത്തിന്റെ ഏറ്റവും വലിയ സാമൂഹിക ആകുലതകളിലൊന്നാണ്.സമ്പ്രദായാധിപത്യം, നിയമ വ്യവസ്ഥയുടെ പരാജയം, സമൂഹവും നിയമവും തമ്മിലുള്ള ഭിന്നത എന്നിവയഥാതഥ ശൈലിയില്‍ ആധികാരികമെന്നോണം ആവിഷ്‌കരിക്കാനാണ് നവതലമുറ ചലച്ചിത്രകാരന്മാര്‍ ശ്രദ്ധിച്ചുകാണുന്നത്. പൊലീസ് സ്റ്റേഷന്‍ നടപടിക്രമങ്ങളെയും കോടതിവിചാരണകളെയും മറ്റും അത്രയധികം സ്വാഭാവികമായ വിശദാംശങ്ങള്‍ സഹിതമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. സമൂഹത്തില്‍ ഏറെ പ്രബലമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിശകലനത്തിന് വഴിവയ്ക്കുകയും ചെയ്യുന്നുണ്ടീ സിനിമകള്‍.മനുഷ്യാവകാശ സുരക്ഷയും പൗരസ്വാതന്ത്ര്യവും പോലുള്ള വിഷയങ്ങളില്‍ തുറന്ന സംവാദത്തിനും നിയമ-നീതി വ്യവസ്ഥയിലേക്കുള്ള പുതിയ വീക്ഷണവിഷയങ്ങളിലേക്കുമാണ് ഇതു വളരുന്നത്. ഈ സിനിമകള്‍ സാംസ്‌കാരികവും രാഷ്ട്രീയവുമായി ഭാവി മലയാള സമൂഹത്തെയും പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട് എന്നതിലാണ് അവയുടെ പ്രസക്തി.



മൈക്രോ ഡ്രാമ-നാളെയുടെ മൊബൈല്‍ കാഴ്ച


കലാകൗമുദി സെപ്റ്റംബര്‍ 14-231  2025 


എ.ചന്ദ്രശേഖര്‍


മലയാളത്തില്‍ വെബ്‌സീരീസ് ജനപ്രിയമാര്‍ജ്ജിച്ചിട്ട് കാലം കുറച്ചായി. ഹോളിവുഡ്-കൊറിയന്‍ വെബ്‌സീരീസുകളുടെ പൈതൃകവും പാരമ്പര്യവുമൊന്നും അവകാശപ്പെടാനില്ലെങ്കിലും കരിക്ക് പോലുള്ള അമച്ചര്‍ നിര്‍മ്മിതികള്‍ മുതല്‍ നെറ്റ്ഫ്‌ളിക്‌സും ജിയോ ഹോട്ട്‌സ്റ്റാറും നിര്‍മ്മിച്ച പ്രൊഫഷനല്‍ നിര്‍മ്മിതികള്‍ വരെ ഭേദപ്പെട്ട, തരക്കേടില്ലാത്ത സ്വീകാര്യതയും സാമ്പത്തികവും നേടിയിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ ടെലിവിഷന്‍ പരമ്പരകളുടെ രൂപഭാവാദികള്‍ ആവഹിക്കുന്ന ദൃശ്യാഖ്യാനങ്ങള്‍ തന്നെയാണ്. ഒ.ടി.ടി.കളിലൂടെ പ്രകാശിക്കപ്പെടുന്നു എന്നതൊഴിച്ചാല്‍ അവ സ്മാര്‍ട്ട് ടിവികളില്‍, മറ്റേത് ടെലിവിഷന്‍ പരമ്പരയുമെന്നപോലെയോ, ഒരു പക്ഷേ അതിനേക്കാള്‍ മുന്തിയ ഉള്ളടക്ക/പ്രദര്‍ശന നിലവാരത്തിലോ ആസ്വദിക്കാനുമാവും. എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ എന്നത് സൂപ്പര്‍ സ്മാര്‍ട്ടാവുന്ന നിര്‍മ്മിത ബുദ്ധിയുടെ കാലത്ത്, പൂര്‍ണമായി മൊബൈല്‍ ഫോണില്‍ മാത്രം ആസ്വദിക്കാവുന്ന പരമ്പരകള്‍ നിര്‍മ്മിക്കപെടുക സാധ്യമാണോ, വലിപ്പത്തിലും ദൃശ്യസങ്കല്‍പത്തിലും മൈക്രോ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഡിജിറ്റല്‍ നിര്‍മ്മിതികള്‍? യൂറോപ്പില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വീബി നടത്തി പരാജയപ്പെട്ട ദൃശ്യപരീക്ഷണം മൈക്രോകോ എന്ന സ്റ്റാര്‍ട്ടപ്പിലൂടെ വീണ്ടും തരംഗമാവുകയാണ് എന്നു വേണം കരുതാന്‍.


മൈക്രോ ഡ്രാമ

ഫോണ്‍ സ്‌ക്രീന്‍ കാഴ്ചയ്ക്കനുയോജ്യമായി ലംബമാനമായ ചിത്രാനുപാതത്തില്‍ (വെര്‍ട്ടിക്കല്‍ ആസ്‌പെക്ട് റേഷ്യോ) ടി ടോക്ക്, റീല്‍സ്് മാതൃകയില്‍ മൈക്രോ കണ്ടന്റ് രൂപത്തില്‍ പ്രകാശിതമാകുന്ന കഥാനിര്‍വഹണ ദൃശ്യാവിഷ്‌കാരങ്ങളയാണ് മൈക്രോ ഡ്രാമാ സീരിയലുകള്‍ എന്നു നിര്‍വചിക്കുന്നത്. ടെലിവിഷന്‍, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ സ്‌ക്രീന്‍ അനുപാതം 4:3 അല്ലെങ്കില്‍ 14: 9 തുടങ്ങിയ വീതിയിലും ഉയരത്തിലുമായിരുന്നെങ്കില്‍, മൊബാല്‍ സ്‌ക്രീനില്‍ അത് 19.5:9 എന്ന ദൃശ്യാനുപാതത്തിലേക്കു മാറുകയായിരുന്നു. മൊബൈല്‍ റിപ്പോര്‍ട്ടിങ് അഥവാ മോബൈല്‍ ജേര്‍ണലിസത്തിലും (ങഛഖഛ) വെര്‍ട്ടിക്കല്‍ സ്‌ക്രീന്‍ വ്യാപകമാവുകയും കൃത്രിമബുദ്ധിയുടെ വരവോടെ, ആ ദൃശ്യാനുപാതത്തിലുള്ള റിപ്പോര്‍ട്ടിങിന് പരക്കെ സ്വീധീനവും പ്രചാരവും സിദ്ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2020-നു ശേഷം വളരെ വേഗത്തില്‍ പ്രചാരം സിദ്ധിച്ച, ആഗോള തലത്തില്‍ വന്‍ ട്രന്‍ഡായ, ചെറിയ, വേഗമേറിയ പരമ്പരകള്‍ അഭൂതപൂര്‍വമായ സ്വീകാര്യത ഡിജിറ്റല്‍ മാധ്യമരംഗത്തു കൈവരിക്കാനായത്. ചൈനയില്‍ ആരംഭിച്ച മൈക്രോ ഡ്രാമകള്‍ ക്‌ളിപ്ത എപ്പിസോഡുകളിലോ ടിക്ടോക് വീഡിയോകളായോ പരിമിതപ്പെടുന്നതായിരുന്നില്ല. ആഴമുള്ള ആഖ്യാനകവും വൈകാരിക ഇതിവൃത്തങ്ങളും, മികച്ച ആഖ്യാനവുമായി ബിഞ്ച് വ്യൂയിങ് അഥവാ പിടിച്ചിരുത്തുന്ന തുടര്‍ കാഴ്ചകളിലേക്ക് പുതുതലമുറയെ നിര്‍ബന്ധിതരാക്കുന്നതാണ് അവ. ടിവി പരമ്പരകളെയോ അവയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ പുനരവതാരമെന്നു വിശേഷിപ്പിക്കപ്പെട്ട വെബ് പരമ്പരകളെയോ അതിശയിപ്പിക്കുന്ന സാധ്യതയായിരുന്നു അവ തുറന്നുവച്ചത്. ഹൊറിസോണ്ടല്‍ ദൃശ്യാനുപാതത്തിലാണെങ്കിലും, മൈക്രോ പരമ്പര എന്ന ആശയത്തോട് അടുത്തുനില്‍ക്കുന്നൊരു ദൃശ്യാവതരണത്തിന് മലയാളികള്‍ കാല്‍നൂറ്റാണ്ടായി നിത്യവും സാക്ഷികളാവുന്നുണ്ട് എന്നൈാരു കൗതുകം കൂടി ഇവിടെ പ്രസക്തമാവുന്നുണ്ട്. ആദ്യം ഏഷ്യാനെറ്റിലും പിന്നീട് ഏഷ്യാനെറ്റ് ന്യൂസിലും മുടക്കമില്ലാതെ തുടരുന്ന മുന്‍ഷിയെ മൈക്രോ പരമ്പരകളുടെ ജനുസില്‍ ഉള്‍പ്പെടുത്താമെങ്കിലും അവയുടെ ദൃശ്യാനുപാതം വൈഡ് ഫോര്‍മാറ്റാകകൊണ്ട് സാങ്കേതികമായി വകകൊള്ളിക്കാന്‍ സാധിക്കാതെ വരും.

മൈക്രോ ഡ്രാമയെ കേന്ദ്രീകൃതമായൊരു പ്‌ളാറ്റ്‌ഫോമില്‍ വിപണനം ചെയ്യാന്‍ ശ്രമിച്ച ആദ്യ പരിശ്രമം പക്ഷേ ദയനീയമായി പരാജയപ്പെടുകയായിരുന്നു എന്നതാണ് വൈരുദ്ധ്യം. സമൂഹമാധ്യമങ്ങളില്‍ ഷോട്ട്‌സും റീല്‍സും ടിക് ടോക്കും നേടിയ സ്വീകാര്യതയോ പ്രചാരമോ കൈവരിക്കാന്‍ അവയ്ക്കായില്ല. യു എസില്‍ ജെഫ്രി കാസന്‍ബര്‍ഗ്, മെഗ് വിറ്റ്മാന്‍ എന്നിവര്‍ ചേര്‍ന്ന് 2018ല്‍ ആരംഭിച്ച ക്വീബി , പില്‍ക്കാലത്ത് ഒരു സൈബര്‍മാധ്യമ പ്രയോഗം തന്നെയായിത്തീര്‍ന്ന ക്വീക്ക് ബൈറ്റ്‌സ് എന്ന ആശയത്തില്‍ ഊന്നി, മൊബൈല്‍ ഉപകരണങ്ങള്‍ക്ക് മാത്രമായി ചെറിയ സമയദൈര്‍ഘ്യത്തിലുള്ള വിഡിയോ പരമ്പരകള്‍  ഒരുക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഒരു മിനിറ്റായിരുന്നു ഒരു എപ്പിസോഡിന്റെ ശരാശരി ദൈര്‍ഘ്യം. ഏറിയാല്‍ മൂന്നു മിനിറ്റും. 20 മുതല്‍ 150 എപ്പിസോഡുകളുള്ള സീസണുകളായിട്ടാണ് അവ വിഭാവനചെയ്യപ്പെട്ടത്. 1.8 ദശലക്ഷം ഡോളറിന്റെ നിക്ഷേപപിന്തുണയുണ്ടായിട്ടും, മോശം നിര്‍വ്വഹണവും കോവിഡ് വരുത്തിവച്ച സമയദോഷവും ചേര്‍ന്ന് ക്വീബി പ്ലാറ്റ്‌ഫോം 2020-ല്‍ അടച്ചുപൂട്ടുകയായിരുന്നു. വലിയ സാധ്യതയുള്ള ഒരു ആശയത്തിന്റെ ബീജാവാപം അതോടെ ചാപിള്ളയായിത്തീര്‍ന്നു. സെല്ലിങ് മൈ വിര്‍ജിനിറ്റി ടു ദ് മാഫിയ കിങ്, പ്രെഗ്നന്റ് ബൈ മൈ എക്‌സ് പ്രൊഫസേഴ്‌സ് ഡാഡ് തുടങ്ങിയ നോവലുകളുടെ മൈക്രോ അനുവര്‍ത്തനങ്ങളെ വീഡിയോ റൊമാന്‍സ് നോവലുകള്‍ എന്നാണ് ഹോളിവുഡ് വിശേഷിപ്പിച്ചത്. ഹോളിവുഡ് ദൃശ്യമികവോടെ ചിത്രീകരിക്കാന്‍ ശ്രമിച്ചതുവഴിയുണ്ടായ വന്‍ നിര്‍മ്മാണ ചെലവാണ് സത്യത്തില്‍ ഈ പ്രസ്ഥാനത്തിനു ശവക്കുഴി തോണ്ടിയത്. ഒന്നുമുതല്‍ ഒന്നേകാല്‍ കോടി രൂപവരെയുള്ള 10 മിനിറ്റ് ദൈര്‍ഘ്യമുള്ള എപ്പിസോഡുകളാണ് ക്വീബി നിര്‍മ്മിച്ചിരുന്നത്. വിവിധ മൈക്രോ പരമ്പരകളിലായി മൂന്നു മണിക്കൂര്‍ നേരത്തേക്കുള്ള അത്തരം 25 എപ്പിസോഡുകള്‍ ഓരോ ദിവസവും ക്വില്‍ബി പുറത്തിറക്കി. പക്ഷേ ദൗര്‍ഭാഗ്യമെന്നു തന്നെ പറയണം ക്വീബിയില്‍ സൈനപ്പ് ചെയ്ത ഉപയോക്താക്കളുടെയും വരിക്കാരുടെയും എണ്ണം തീരേ കുറവായി. ഉപഭോക്താക്കളില്‍ വലിയ സ്വാധീനമുണ്ടാക്കാനായില്ലെങ്കിലും ക്വിബയുടെ ആശയം മൗലികമായിരുന്നു; ഡിജിറ്റല്‍ ഭാവിയില്‍ ഏറെ വളര്‍ച്ചാസാധ്യതയുള്ളതും. നിര്‍വഹണപ്പിഴവുകൊണ്ടാണ് ഈ ജനപ്രിയ മോഡല്‍ ദുരന്തമായിത്തീര്‍ന്നത്. 

ഇതില്‍ നിന്നു പാഠമുള്‍ക്കൊണ്ട് മൊബൈല്‍ സ്‌ക്രീന്‍ വ്യൂവിങ്ങിന്റെയും മൈക്രോവവ്യൂയിങ്ങിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ സ്റ്റാര്‍ട്ടപ്പ് ആശയവുമായി അമേരിക്കയില്‍ നിന്നു തന്നെ പുതിയൊരു വിപ്‌ളവസംരംഭത്തിന് തുടക്കമായിരിക്കുകയാണിപ്പോള്‍. എബിസി എന്റര്‍ടെയ്ന്‍മെന്റ്‌സ്, യാഹൂ മീഡിയ ഗ്രൂപ്പ്, തുടങ്ങിയവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചുപരിചയമുള്ള വിനോദ വ്യവസായത്തിന്റെ സ്പ്ന്ദനങ്ങള്‍ ഉള്ളം കൈയിലെന്നോണം നിശ്ചയമുള്ള ലോയ്ഡ് ബ്രൗണ്‍, യാന വിനോഗ്രേയ്ഡ് തുടങ്ങിയവര്‍ ചേര്‍ന്നാരംഭിച്ച മൈക്രോ കോ എന്ന ഈ സംരംഭം ലോക സിനിമയുടെ ഈറ്റില്ലമായ ഹോളിവുഡ്ഡില്‍ നിന്നാണ് ഉത്ഭവം കൊണ്ടിരിക്കുന്നത് എന്നതും കൗതുകമാണ്. ചൈനയും ഏഷ്യന്‍ രാജ്യങ്ങളുമടക്കം ഏഴുപതു ലക്ഷം ഡോളറിലേറെ വരുന്ന വിപണിയാണ്് മൈക്രോകോ ലക്ഷ്യമിടുന്നത്. കാഴ്ചയില്‍ അഡിക്ഷനുണ്ടാക്കുന്ന ബൈറ്റ് സൈസ് മൈക്രോഡ്രാമകളുടെ വിപണി സാധ്യത ചൂഷണം ചെയ്യാനുള്ള ഹോളിവുഡ്ഡിന്റെ ആദ്യത്തെ നേര്‍സംരംഭമായിട്ടാണ് വിനോദമേഖല മൈക്രോ കോയെ കണക്കാക്കുന്നത്.കാലത്തിനു മുന്നേ യാഥാര്‍ത്ഥ്യമായിപ്പോയതാണ് ക്വീബിയുടെ ദുര്‍വിധി എന്ന വീക്ഷണമാണ് മൈക്രോകോയുടെ സ്ഥാപകരായ ലോയ്ഡ്, യാനാ എന്നിവര്‍ക്കും സഹസ്ഥാപകരായ സൂസന്‍ റോവ്‌നര്‍ക്കും ക്രിസ് മക്ഗര്‍ക്കിനുമുള്ളത്.


മാര്‍ക്കോകോ ആപ്പ്

ഒറ്റവാചകത്തില്‍ വിശദീകരിക്കുകയാണെങ്കില്‍ നിലവിലുള്ള പല കണ്ടന്റ് നിര്‍മ്മാണ് ആപ്പുകളേയും പോലെ തന്നെ വീഡിയോ ഉള്ളടക്കം, മൊബൈലിനാവശ്യമായ ദൃശ്യാനുപാതത്തിലും ദൈര്‍ഘ്യത്തിലും ചിത്രീകരിക്കാനും സന്നിവേശിക്കാനും അപ്‌ലോഡ് ചെയ്യാനും സൗകര്യം നല്‍ക്കുന്ന ഒരു ഷോട്ട്-ഫോം സ്റ്റുഡിയോ കം ആപ്പ് ആണ് ക്വില്‍ബി പോലെ തന്നെ മൈക്രോ കോയും. ലൊസാഞ്ജലസിലെ വിനോദ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ടെക് കമ്പനിയായ സിനിവേഴ്‌സും, എന്‍ബിസി ന്യൂസിന്റെ മുന്‍ പ്രസിഡന്റ് നോഹ ഓപ്പണ്‍ഹൈം, എന്‍ബിസി യൂണിവേഴ്‌സല്‍ ടെലിവിഷന്‍ ആന്‍ഡ് സ്ട്രീമിങ് കമ്പനിയുടെ മുന്‍ ചെയര്‍പേഴ്‌സണായ സാറ ബ്രെമ്മര്‍, ലോയ്ഡ് ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്നുള്ള ബന്യാന്‍ വെഞ്ചേഴ്‌സ് എന്ന മീഡിയ ഇന്‍വെസ്‌ററ്‌മെന്റ് ആന്‍ഡ് ഇ്ന്‍ക്യൂബേറ്റര്‍ കമ്പനിയും ചേര്‍ന്നാണ് മൈക്രോകോയ്ക്ക് മൂലധനം നിക്ഷേപിച്ചിരിക്കുന്നത്. ദ് ലോസ്റ്റ്, ജിമ്മി കിമ്മല്‍ ലൈവ് തുടങ്ങിയ ഹിറ്റ് ടിവി പരിപാടികളുടെ ആസൂത്രകനായ ലോയ്ഡും വാര്‍ണര്‍ ബ്രദേഴ്‌സ് ടെലിവിഷനലെ ടെഡ് ലാസോ, ഗോസിപ് ഗേള്‍, ദ് ഫ്‌ളാഷ് തുടങ്ങിയ മെഗാഹിറ്റ് പരമ്പരകളുടെ പിന്നിലെ ചാലകവനിതായിരുന്ന സൂസന്‍ റോവ്‌നറും ഒക്കെയാണ് പങ്കാളികള്‍ എന്നതുകൊണ്ടുതന്നെ തുടങ്ങുംമുമ്പേ ഹോളിവുഡ്ഡില്‍ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു മൈക്രോകോ.

തുടക്കത്തിലെ സൗജന്യ എപ്പിസോഡുകള്‍ പൂര്‍ണമായി കാണുകവഴി സ്വന്തമാക്കുന്ന ക്രെഡിറ്റ് പോയിന്റുകള്‍ വഴിയോ പണമടച്ചോ തുടര്‍എപ്പിസോഡുകള്‍ കാണാന്‍ സാധിക്കുംവിധത്തിലുള്ള ഫ്രീമിയം മോഡല്‍ ആണ് മൈക്രോകോ വിഭാവനചെയ്തിരിക്കുന്നത്. ക്വീബിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നിര്‍മ്മാണച്ചെലവു നിയന്ത്രിക്കുകയും കാര്യമായി കുറയ്ക്കുകയും ചെയ്തുകൊണ്ട് മുന്നേറാനാണ് മൈക്രോകോ ലക്ഷ്യമിടുന്നത്. തീരേ കുറഞ്ഞ ചെലവില്‍ നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി ഉന്നത നിലവാരത്തിലുള്ള, പ്രേക്ഷകരുടെ ഉള്ളിലുടക്കി കൊളുത്തിവലിക്കുന്ന മൈക്രോഡ്രാമകള്‍ക്കാണ് മൈക്രോകോ ഊന്നല്‍ നല്‍കുന്നത്. ഓരോ എപ്പിസോഡും പരമാവധി മൂന്നു മിനിറ്റ് ദൈര്‍ഘ്യത്തില്‍, 30-150 എപ്പിസോഡു വരെ നിര്‍മ്മിക്കാനുമാവും. ദൃശ്യമാധ്യമത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ ഇടപെടലിനെതിരേ ഹോളിവുഡ്ഡില്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും വന്‍ പ്രതിരോധം തന്നെയാണു നിലനില്‍ക്കുന്നതെങ്കിലും മൈക്രോകോ പോലുള്ള വിനോദവാണിജ്യ സംരംഭങ്ങള്‍ ഇരുകയ്യുംനീട്ടി അതിനെ സ്വീകരിക്കാനൊരുങ്ങുകയാണ് എന്നതാണ് വസ്തുത. മനുഷ്യബുദ്ധിയും പ്രതിഭയും ഭാവനയും ഉറപ്പാക്കിക്കൊണ്ടുതന്നെ നിര്‍മ്മിതബുജദ്ധിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മൈക്രോകോയുടെ വാണിജ്യസാധ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ സ്‌റ്റോറിടെല്ലിങ്ങിനെ നിര്‍മ്മിതബുദ്ധിയുപയോഗിച്ച് പരമാവധി ലളിതവും നിലവാരഗുണമുള്ളതുമാക്കിത്തീര്‍ക്കാനാണ് മൈക്രോകോ പരിശ്രമിക്കുന്നത്. സാങ്കേതിക-ദൃശ്യപരിചരണശൈലിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മൈക്രോ പരമ്പരയുടെ ഉള്ളടക്കനിലവാരം മികച്ചതാക്കാനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. അതിനായി മൈക്രോകോ വിഭാവന ചെയ്യുന്ന ദൃശ്യപരിചരണരീതിതന്നെ വിപ്‌ളവാത്മകമാണ്.

ഒരു ശരാശരി സിനിമയില്‍ ഇതിവൃത്തസ്ഥാപനം, കഥാപാത്രസ്ഥാപനം എന്നിവ നിര്‍വഹിക്കപ്പെട്ട് പ്രമേയത്തിന്റെ പിരിമുറുക്കത്തിലേക്ക് പ്രേക്ഷകന്‍ ആനയിക്കപ്പെടുക, തുടങ്ങി പത്തോ പതിനഞ്ചോ മിനിറ്റിലായിരിക്കും. ടിവി/വെബ് പരമ്പരകളില്‍ അത് പൈലറ്റ് എപ്പിസോഡിന്റെ അന്ത്യഭാഗത്താകാനാണ് സാധ്യത. നിലവിലുള്ള ഇത്തരം കഥപറച്ചില്‍ ശൈലിയെ ആകമാനം തിരുത്തിക്കുറിക്കുന്ന ഘടനയാണ് മൈക്രോ ഡ്രാമയുടെ ദൃശ്യസവിശേഷത. എപ്പിസോഡ് തുടങ്ങി മൂന്നാമത്തെ സെക്കന്‍ഡില്‍ പരിണാമഗുപ്തി സൃഷ്ടിച്ച്, 25-ാമത്തെ സെക്കന്‍ഡില്‍ തന്നെ പ്രേക്ഷകനെ സ്വാധീനിക്കത്തക്ക നാടകീയപിരിമുറക്കം ഉറപ്പാക്കുക എന്നതാണ് ആ ശൈലി. ചുരുക്കിപ്പറഞ്ഞാല്‍, കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഇതിവൃത്തനിര്‍വഹണം, സാധ്യമാവുന്നത്ര പിരിമുറക്കത്തോടെ ദൃശ്യത്തിലാക്കണം. മറ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നു വിഭിന്നമായി പരമ്പരകളെ ആനിമേഷന്‍ ഫോര്‍മാറ്റുകളിലേക്കും ഗെയിമിങ്ങിലേക്കും കൂടി വ്യാപിപ്പിക്കുക എന്നതാണ് മൈക്രോകോയുടെ സ്ട്രാറ്റജി. അതിനവര്‍ക്കുള്ള വലിയ പിന്‍ബലം സിനിവേഴ്‌സിന്റെ വിശാലമായ ദൃശ്യ-ശ്രാവ്യ ശേഖരം തന്നെയാണ്. പോഡ് കാസ്റ്റ്, സിനിമ, ടിവി പരമ്പരകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 71000 നിര്‍മ്മിതികളാണ് സിനിവേഴ്‌സിന്റെ ബൃഹദ്‌ശേഖരത്തിലുള്ളത്. ഈ ശേഖരത്തിലെ പല ഉള്ളടക്കങ്ങള്‍ക്കും മൈക്രോഡ്രാമാ ശൈലിയിലുള്ള പുനരാവിഷ്‌കാരംവഴി തന്നെ ഈ രംഗത്തൊരു ആധിപത്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. സിനിവേഴ്‌സിന്റെ ശേഖരത്തില്‍ നിന്ന് വളരെ ചെറിയ ബജറ്റില്‍ കഴിഞ്ഞവര്‍ഷം പുനര്‍നിര്‍മ്മിച്ച ഹൊറര്‍ ചിത്രമായ ടെറിഫൈയര്‍-3 നേടിയ പ്രദര്‍ശനവിജയം അതിന് ഉപോല്‍ബലകമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മൈക്രോ ഡ്രാമ പരമ്പരകള്‍ ആഗോളതലത്തില്‍ കാഴ്ചശീലത്തില്‍ വന്‍മാറ്റങ്ങള്‍ സാധ്യമാക്കുന്നുണ്ട്, പ്രത്യേകിച്ച് ഇക്കാലത്തെ വളരെ ചെറിയ അറ്റന്‍ഷന്‍ സ്പാന്‍ (പ്രേക്ഷകന്‍ ഒരുള്ളടക്കിലേക്ക് കണ്ണുടക്കുന്ന വളരെ ചുരുങ്ങിയ നിമിഷങ്ങള്‍,ശ്രദ്ധാനേരം) പരിഗണിച്ച്, മൊബൈല്‍ ഉപകരണങ്ങളുടെ ദൃശ്യാനുപതാത്തിനനുസരിച്ച് കഥകളെ അനുയോജ്യമായി രൂപകല്പന ചെയ്തുകൊണ്ട്. പ്രേക്ഷകരെ സംബന്ധിച്ച് ഒന്നിലും അധികനേരം ശ്രദ്ധയൂന്നാത്ത ആധുനികസാഹചര്യത്തില്‍ ടെലിവിഷനോ സിനിമയോ ആവശ്യപ്പെടുന്നത്ര സമയദാര്‍ഘ്യം ഒഴിവാക്കിക്കൊണ്ട്, ചെറുതും സുദൃഢവുമായ കഥാനുഭവങ്ങള്‍ സമ്മാനിക്കുകയാണ് മൈക്രോ ഡ്രാമകള്‍. യുവജനങ്ങളുടെയും ഞൊടിയിട കൊണ്ടു മാനസികവിനോദം ആഗ്രഹിക്കുന്നവരുടെയും കാഴ്ചശീലത്തിനൊത്താണ് അവ പരുവപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക പ്രശ്‌നങ്ങളും ആധുനിക വിഷയങ്ങളും ചിമിഴ് രൂപത്തില്‍ അവതരിപ്പിക്കുന്ന ഈ സീരിയലുകള്‍, ഉള്ളടക്കം കൂടുതല്‍ ലളിതവും വ്യാപക വും ആക്കുന്നു. പ്രേക്ഷകനുമായി കൂടുതല്‍ ഫലപ്രദമായി സംവദിക്കാനാവുന്നതെങ്ങനെ എന്നാണ് പരമ്പരാഗത ദൃശ്യമാധ്യമങ്ങളൊക്കെയും ആഴത്തില്‍ ചിന്തിച്ചിരുന്നത്. ടെലിവിഷനെയും വെബ്ബിനെയും എങ്ങനെ, എത്രത്തോളം ഇന്ററാക്ടീവ്(ശിലേൃമരശേ്‌ല) അഥവാ പാരസ്പര്യത്തിലാക്കാം എന്നതിലായിരുന്നു പരീക്ഷണങ്ങളധികവും. സമൂഹമാധ്യമങ്ങളിലേക്കുള്ള വികാസവും അത്തരം ചിന്തകളില്‍ നിന്നാണുണ്ടായത്. എന്നാല്‍ മൈക്രോ ഡ്രാമ പരമ്പരകളാവട്ടെ പ്രേക്ഷകന് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ പോലും സമയം നല്‍കുന്നില്ല. അതിനുമുമ്പേ തന്നെ അവരെ അടിമകളാക്കുന്നതരം ദൃശ്യാഖ്യാനങ്ങള്‍ക്കാണ് മൈക്രോഡ്രാമകള്‍ അവതരണവേഗത്തിലൂടെ ലക്ഷ്യമിടുന്നത്. ഉള്ളടക്കത്തോട് പ്രേക്ഷകന് പ്രതികരിക്കാനോ പ്രതിപ്രവര്‍ത്തിക്കാനോ പോലുമാവുംമുമ്പ് ക്‌ളൈമാക്‌സിലവസാനിക്കുംവിധമുള്ള അവതരണങ്ങള്‍ അതുകൊണ്ടു തന്നെ സൃഷ്ടാവും പ്രേക്ഷകനും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിച്ചേക്കുമെന്നു തന്നെ കരുതണം.

മൈക്രോ ഡ്രാമ സീരിയലുകളുടെ വേഗവും, ക്ഷിപ്രാസ്വാദനം സാധ്യമാക്കുന്ന കഥാനിര്‍വഹണവും പ്രേക്ഷകമനസ്സിനെ ഗണ്യമായി സ്വാധീനിക്കാം. നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ഉള്ളടക്കം നീണ്ട ശ്രദ്ധ ആവശ്യപ്പെടുന്നില്ല; അതിനാല്‍ തിരക്കുള്ള ജീവിതശൈലിയിലുള്ളവര്‍ക്കും ആകര്‍ഷകമാകുമത്. ഉള്ളില്‍ കൊളുത്തിവലിക്കുംവുധമുള്ള ശക്തമായ കഥാസനന്ദര്‍ഭങങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തിയ ഈ സീരിയലുകള്‍ തത്സമയ സംതൃപ്തിയും മാനസികോത്തേജനവും നല്‍കുന്നു. ഇതിലൂടെ, ദൈര്‍ഘ്യമേറിയ കഥകളെക്കാള്‍ ചെറിയ, ആവര്‍ത്തിച്ചു കാണാവുന്ന ഉള്ളടക്കങ്ങളോടുള്ള പ്രേക്ഷകാഭിരുചി വര്‍ധിക്കാനാണു സാധ്യത. ഇപ്പോള്‍പ്പോലും പല ദീര്‍ഘാഭിമുഖങ്ങളും ഒറ്റചോദ്യമായി അടര്‍ത്തിയെടുത്ത് റീലുകളാക്കുമ്പോഴാണല്ലോ കാഴ്ചക്കാരധികം. എന്നാല്‍, ഈ രീതി ശീലമാകുമ്പോള്‍, പരമ്പരാഗത കഥാനിര്‍വഹണങ്ങളോടുള്ള സ്വീകാര്യതയും സഹിഷ്ണുതയും പ്രേക്ഷകരില്‍ കാലക്രമേണ കുറഞ്ഞുവന്നേക്കാമെന്നും മനഃശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ആധുനിക മാധ്യമോപഭോഗത്തില്‍ ഈ മാറ്റം വലിയ സ്വാധീനം ചെലുത്തും.

ചുരുക്കത്തില്‍, മൈക്രോ ഡ്രാമകള്‍ ലോകമെമ്പാടും ടേക്-സാവികള്‍ക്കിടയില്‍ ജനപ്രിയ കാറ്റഗറിയായി മാറിക്കൊണ്ടിരിക്കുകയാണ്.  വെബ് ഉള്ളടക്കങ്ങളിലേക്കു പോലും മനുഷ്യരുടെ ശ്രദ്ധാസമയം (അേേലിശേീി ുെമി) കുറയുന്ന കാലത്ത്, മൈക്രോ ഡ്രാമകള്‍ ഹ്രസ്വ സമയത്തില്‍ തന്നെ സമ്പൂര്‍ണ്ണ കഥയും, ഭാവവും പകരുന്നു; ഇത് സ്രഷ്ടാക്കള്‍ക്കും ബ്രാന്‍ഡുകള്‍ക്കും പുതിയ അവസരങ്ങളുടെ സാധ്യതകളിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്. സമീപഭാവിയില്‍ ഹോളിവുഡ്ഡിലെ മറ്റ് സ്റ്റുഡിയോ ഭീമന്മാരും ഇത്തരത്തില്‍ തങ്ങളുടെ ദൃശ്യശേഖരത്തെ മാറിയ കാലത്തിനൊത്ത് പുനരുപയോഗിക്കാനും പുനരവതരിപ്പിക്കാനും തയാറായേക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

അവലംബം

1] https://www.enveu.com/blog/micro-dramas-the-next-global-storytelling-powerhouse

[2] https://www.linkedin.com/pulse/microdramas-tiny-stories-massive-impact-2025-irina-deaconu-pdnff

[3] https://www.nytimes.com/2025/08/13/business/media/hollywood-micro-drama-quibi.html

[4] https://www.apptunix.com/blog/why-quibi-failed-in-less-than-a-year-5-lessons-to-learn/

[5] https://en.wikipedia.org/wiki/Quibi

[6] https://deadline.com/2025/08/terrifier-distributor-cineverse-lloyd-braun-banyan-launch-microco-short-form-venture-1236485551/

[7] https://www.youtube.com/watch?v=HaQb4jabtKM

[8] https://www.warc.com/newsandopinion/opinion/inside-the-rise-of-micro-dramas--and-the-opportunities-for-marketers/en-gb/6981

[9] http://english.scio.gov.cn/pressroom/2025-01/06/content_117647679.html

[10] https://www.cnbctv18.com/entertainment/rise-of-micro-dramas-indian-players-eye-new-frontier-as-global-market-surges-past-7-billion-dollar-19627211.htm