Monday, May 06, 2024

സുകൃതസ്മൃതികള്‍ അന്തരിച്ച സംവിധായകന്‍ ഹരികുമാറിനെ കുറിച്ചു ന്യൂസ് ദെന്‍ ഡോട്ട് കോമില്‍ എഴുതിയ ഓര്‍മ്മകള്‍


മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായി പരിചയപ്പെടും മുമ്പേ, സംവിധായകന്‍ ഹരികുമാറിനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. പ്രധാനമായും ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്ന രണ്ടു ചിത്രങ്ങളിലൂടെ. ഒന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്‌ക്രിപ്റ്റില്‍ അശോകനും പാര്‍വതിയുമഭിനയിച്ച ജാലകം. രണ്ടാമത്തേത്, എം.ടി.യുടെ തിരക്കഥയില്‍ മമ്മൂട്ടിയും ഗൗതമിയും മനോജ് കെ ജയനും അഭിനയിച്ച സുകൃതം. മലയാളത്തിന്റെ മുഖ്യധാരയില്‍ നല്ല സിനിമയുടെ വഴിയില്‍ സഞ്ചരിച്ച ഹരികുമാറിന്റെ പേരില്‍ വേറെയും നല്ല സിനിമകള്‍ ചിലതുണ്ടെങ്കിലും എനിക്കു പ്രിയപ്പെട്ടവ ഇവ രണ്ടുമാണ്. പിന്നീട് മാധ്യമപ്രവര്‍ത്തകനായ ശേഷം, വെബ് ലോകം ഡോട്ട് കോമില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 2002ല്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിചയപ്പെടുന്നത്. പിന്നീട് പലവിധത്തില്‍ അദ്ദേഹവുമായി അടുത്തിടപഴകേണ്ടിവന്നിട്ടുണ്ട്. കോട്ടയത്ത് മംഗളത്തിന്റെ സഹോദരപ്രസിദ്ധീകരണമായ കന്യകയുടെ പത്രാധിപരായിരിക്കെയാണ് അന്തരിച്ച ശ്രീ എം.സി.വര്‍ഗീസ് സാറിന്റെ ജീവചരിത്രം ഒരു ഡോക്യുമെന്ററിയായി ചെയ്യാന്‍ ശ്രീ അജന്താലയം അജിത്ത്കുമാറും ഹരികുമാര്‍സാറും തീരുമാനിക്കുന്നത്. സണ്ണി ജോസഫായിരുന്നു ക്യാമറാമാന്‍. അതിന്റെ ഷൂട്ടിങ് കോട്ടയത്തു നടക്കുമ്പോള്‍ ചില രംഗങ്ങളില്‍ ഞാനും അതിന്റെ ഭാഗഭാക്കായി. അന്നൊക്കെ ഒരു ചലച്ചിത്ര പത്രപ്രവര്‍ത്തകനും ചലച്ചിത്രകാരനും തമ്മിലെ ഔപചാരിക ബന്ധമായിരുന്നു തമ്മില്‍. തുടര്‍ന്ന് രാഷ്ട്രദീപിക സിനിമാവാരികയുടെ പത്രാധിപരായിരുന്ന കാലത്തും അതിനിടയ്ക്ക് ചുരുങ്ങിയ കാലം മലയാളത്തിലെ ആദ്യത്തെ മുഴുനീള വാര്‍ത്താ ചാനലായ ഇന്ത്യവിഷനിലുണ്ടായിരിക്കെയും അദ്ദേഹത്തിന്റെ സിനിമകളുമായി ബന്ധപ്പെട്ട് കവറേജ് നല്‍കാനായി. സുരേഷ്‌ഗോപിയും ലക്ഷ്മിഗോപാലസ്വാമിയും അഭിനയിച്ച പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ ഷൂട്ടിങ് കൊച്ചിയില്‍ വൈറ്റിലയ്ക്കടുത്ത് നടക്കുമ്പോള്‍ ഇന്ത്യവിഷന്റെ സിനിമാ പരിപാടിക്കായി കവര്‍ ചെയ്തത് ഓര്‍ക്കുന്നു. പിന്നീടും പല സ്ഥലത്തും വച്ച് പരസ്പരം കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തു പോന്നു. ഇതിനിടെ അച്ഛന്‍ മരിച്ചപ്പോള്‍ എന്റെ മുന്‍ സഹപ്രവര്‍ത്തകയും ആത്മസുഹൃത്തിന്റെ ഭാര്യയും നിരൂപകയുമായ ഡോ രാധിക സി നായരോട് വഴി തിരക്കി അവരെയും കൂട്ടി എന്റെ വീട്ടില്‍ വന്നു സാന്ത്വനിപ്പിച്ചു. 

വര്‍ഷങ്ങള്‍ക്കുശേഷം 2017ലാണ്, ഞാന്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിന്റെ പ്രിവ്യൂ ജൂറിയില്‍ അംഗമാണ്. ഗുരുസ്ഥാനീയനായ ശ്രീ എം.എഫ് തോമസ് സാറടക്കം ഞങ്ങള്‍ അഞ്ചുപേരാണ് ജൂറി. ഹരികുമാര്‍ സാറിന്റെ കാറ്റും മഴയും മത്സരത്തിനുണ്ട്. മൊത്തം 11 ചിത്രങ്ങളാണ് ഞങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാവുക. അതില്‍ രണ്ടെണ്ണം രാജ്യാന്തര മത്സരത്തിലേക്കു പോകും. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഉണ്ണിമുകുന്ദനെയും ലാലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച കാറ്റും മഴയും വൈകാരികമായൊരു ചെറിയ നല്ല സിനിമയായിരുന്നു. പക്ഷേ, ജയരാജിന്റെ ഒറ്റാല്‍ പോലുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യാന്തര മത്സരിലേക്ക് തെരഞ്ഞെടുക്കാന്‍ മാത്രമുള്ള യോഗ്യതയില്ല. സ്വാഭാവികമായി ജയരാജിന്റെ സിനിമയാണ് മത്സരത്തിലേക്കു നിര്‍ദ്ദേശിച്ചത്. കാറ്റും മഴയും മലയാള സിനിമാവിഭാഗത്തിലും ഉള്‍പ്പെടുത്തി. ഒരാഴ്ച കഴിഞ്ഞ് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ കൊച്ചിക്കു പോകുന്ന ഹരികുമാര്‍സാറിനെ കണ്ടു. അജന്താലയവും ഒപ്പമുണ്ടായിരുന്നു. എന്നെ കണ്ടതും അടുത്തു വന്നു. തന്റെ സിനിമയ്ക്ക് മത്സരവിഭാഗത്തിലേക്ക് അര്‍ഹതയുണ്ടായിരുന്നു എന്ന്, സ്വന്തം സൃഷ്ടിയില്‍ അങ്ങേയറ്റം ബോധ്യമുള്ള ഒരു രചയിതാവിന്റെ ആത്മവിശ്വാസത്തോടെ അദ്ദേഹം വാദിച്ചു. ജയരാജിന്റെ ചിത്രം അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം, ചലച്ചിത്രമേളയുടെ സമാപനദിവസം, നിശാഗന്ധിയിലെ സദസിനു മുന്‍നിരയില്‍ ഞങ്ങള്‍ ജൂറിയംഗങ്ങള്‍ക്കു തൊട്ടരികില്‍ തന്നെയായിരുന്നു അദ്ദേഹവുമിരുന്നത്. അവാര്‍ഡ് പ്രഖ്യാപനം വന്നു. രാജ്യാന്തര മത്സരവിഭാഗം, ഫിപ്രെസ്‌കി, നെറ്റ്പാക്ക്, ഓഡിയന്‍സ് പോള്‍ എന്നീ പ്രധാന അവാര്‍ഡുകളെല്ലാം ജയരാജിന്റെ ഒറ്റാല്‍ വാരിക്കൂട്ടി. തെരഞ്ഞെടുപ്പ് ജൂറിയംഗം എന്ന നിലയ്ക്ക് ആത്മവിശ്വാസവും അതിലേറെ സംതൃപ്തിയും തോന്നിയ നിമിഷം! ഞാന്‍ ഇടം കണ്ണിട്ട് ഹരികുമാര്‍ സാറിനെ നോക്കി. വലതുകയ്യിലെ തള്ളവിരലുയര്‍ത്തി അദ്ദേഹം എന്നെ അഭിവാദ്യം ചെയ്തു. അവാര്‍ഡ് സ്വീകരിച്ച് താഴെയെത്തിയ ജയരാജിനെ ഹൃദയം തുറന്ന് ആശംസിച്ചവരില്‍ ആദ്യക്കാരനും അദ്ദേഹമായിരുന്നു! അതില്‍പ്പിന്നീട് എന്നെ കുറേക്കൂടി ഗൗരവത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടിരുന്നത് എന്നു പില്‍ക്കാലത്തെ അനുഭവങ്ങളില്‍ തോന്നിയിട്ടുണ്ട്. 

2018ല്‍ ശ്രീ പി ഒ മോഹന്‍ മംഗളം പ്രസിദ്ധീകരണങ്ങളുടെ ഗ്രൂപ്പ് എഡിറ്ററായിരിക്കെ ഞാന്‍ അധികബാധ്യതയെന്നോണം സിനിമാമംഗളത്തിന്റെ കൂടി ഉള്ളടക്കത്തില്‍ ചിലത് നോക്കുന്ന കാലം. അപ്പോഴാണ് ഹരികുമാര്‍ സാര്‍ കെ. ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓ്ഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ചെയര്‍മാനാവുന്നത്. സ്ഥാനമേറ്റതേ എന്നെ വിളിച്ചു. ചന്ദ്രശേഖരാ എനിക്കൊരു സഹായം വേണം. ഇവിടെ അടിസ്ഥാനസൗകര്യങ്ങളില്‍ പലതുമില്ല. ഒരു പ്രിവ്യൂ തീയറ്ററില്ല. അതൊക്കെ പണിത് ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറേക്കൂടി ജനങ്ങളിലേക്കെത്തിക്കണം. അതിന് സിനിമാമംഗളത്തില്‍ പരമാവധി കവറേജ് തരണം. സ്ഥാപനത്തെപ്പറ്റി ഒരു ഫീച്ചര്‍ ചെയ്യണം. മോഹനോട് പറഞ്ഞ് ക്യാമറാമാന്‍ വിപിന്‍കുമാറുമൊത്ത് ഒരുദിവസം ഞാന്‍ ക്യാംപസിലെത്തി. സണ്ണിജോസഫായിരുന്നു അന്ന് കോഴ്‌സ് ഡയറക്ടര്‍. ഇന്‍സ്റ്റിറ്റ്യൂട്ടിനെപ്പറ്റി സാമാന്യം ഭേദപ്പെട്ടൊരു സചിത്ര ഫീച്ചര്‍ നല്‍കി. 


അതിനു നന്ദി പറയാന്‍ വിളിച്ചതിനൊപ്പം, മറ്റൊരാവശ്യം കൂടി അദ്ദേഹം മുന്നോട്ടുവച്ചു. തന്റെ അധ്യക്ഷകാലത്ത് സ്ഥാപനത്തിന്റേതായി രാജ്യാന്തര നിലവാരത്തില്‍ ഒരു ഇംഗ്‌ളീഷ് പ്രസിദ്ധീകരണം ഇറക്കണം. അതിന്റെ പത്രാധിപത്യം ഞാന്‍ ഏറ്റെടുക്കണം. ഉള്ളടക്കവും രൂപകല്‍പനയുമെല്ലാം എനിക്കു നിശ്ചയിക്കാം. ഞാനൊരു ബജറ്റ് സമര്‍പ്പിച്ചു. അന്ന് ഡയറക്ടറായിരുന്ന പി ആര്‍ ഡിയിലെ അമ്പാടിയുമായി ആലോചിച്ച് അദ്ദേഹമതിന് അനുമതി വാങ്ങി തന്നു. അകാലത്തില്‍ അന്തരിച്ച, മലയാള മനോരമയുടെ ഡിസൈന്‍ കൊഓര്‍ഡിനേറ്ററായിരുന്ന, അസാമാന്യ പ്രതിഭയായിരുന്ന ഡിസൈനര്‍ അനൂപ് രാമകൃഷ്ണനെ കൊണ്ടാണ് മാസിക രൂപകല്‍പന ചെയ്തത്. ഐറിസ് എന്നായിരുന്നു പേര്. ഒറ്റയ്ക്ക് അതിന്റെ ഏകോപനം നിര്‍വഹിക്കാനുള്ള ബുദ്ധിമുട്ടുകാരണം സുഹൃത്തും ചില പുസ്തകങ്ങളുടെ സഹരചയിതാവുമായ ദേശാഭിമാനിയിലെ ബി ഗിരീഷ് കുമാര്‍ എന്ന ഗിരീഷ് ബാലകൃഷ്ണനെയും ഒപ്പം കൂട്ടി. ഇതു സംബന്ധിച്ച് രണ്ടുവട്ടം ഇടപ്പഴഞ്ഞിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാനും ഗിരീഷും ഒത്തുകൂടി ദീര്‍ഘമായി ചര്‍ച്ച ചെയ്തു. ഹരികുമാര്‍ സാറിന് ഒരു കാര്യത്തിലേ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഉദ്ഘാടനപ്പതിപ്പിലെ മുഖലേഖനം അടൂര്‍ സാറിന്റെ അഭിമുഖമായിരിക്കണം. അടൂര്‍ സാറിനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരുത്തി, അവിടത്തെ വിവിധ വകുപ്പുകളിലെ അധ്യക്ഷന്മാരായ പ്രഗത്ഭ ചലച്ചിത്രപ്രതിഭകളെക്കൊണ്ട് അഭിമുഖം നടത്തിച്ച് വളരെ ദീര്‍ഘമായ ഒരു ഫീച്ചര്‍. അദ്ദേഹം തന്നെ അതിനു മുന്‍കൈയെടുത്ത് അടൂര്‍ സാറിനെ അങ്ങോട്ടെത്തിച്ചു. ഞാന്‍ കോട്ടയത്തു നിന്നും ഗിരീഷ് തിരുവനന്തപുരത്തുനിന്നും ഞങ്ങളുടെ ഫോട്ടോഗ്രാഫറെയും കൊണ്ടവിടെ എത്തി. സണ്ണി ജോസഫ്, വിപിന്‍ വിജയ്, വിനോദ് സുകുമാരന്‍, ഫൗസിയ ഫാത്തിമ എന്നിവരാണ് അടൂര്‍ സാറുമായി മണിക്കൂറുകള്‍ നീണ്ട സംവാദം നടത്തിയത്. ഞങ്ങളത് ദീര്‍ഘ ലേഖനമാക്കി. സണ്ണിയുടെ നേതൃത്വത്തില്‍ അത് വീഡിയോയിലും പകര്‍ത്തി. ഭരദ്വാജ് രംഗനടക്കം പലരുടെയും ഗംഭീരങ്ങളായ പഠനങ്ങളും സംഘടിപ്പിച്ച് രൂപകല്‍പന പൂര്‍ത്തിയാക്കി അനുമതിക്കായി സമര്‍പ്പിച്ചു. പക്ഷേ മാസങ്ങള്‍ക്കകം കാലാവധി തികച്ച ഹരികുമാര്‍ സാര്‍ പദവിയില്‍ നിന്നു മാറി. അടൂര്‍ സാര്‍ പുതിയ അധ്യക്ഷനായി. എന്തു ചെയ്യണം എന്നൊരു രൂപവുമില്ലാതിരുന്ന ദിവസങ്ങളിലൊരിക്കല്‍ അദ്ദേഹത്തിന്റെ ഫോണ്‍ വന്നു; ക്ഷമിക്കണം ചന്ദ്രശേഖര്‍. പദവി വിട്ടതോടെ ഇനി അതിന്റെ കാര്യത്തില്‍ എന്തു ചെയ്യാനാവും എന്നെനിക്കറിയില്ല. 
എന്റെ സ്വപ്‌നമായിരുന്നു. അതിന് ബജറ്റ് അനുമതിയായതാണ്. അതുകൊണ്ട് പുതിയ സാഹചര്യത്തിലും ഒറ്റ ലക്കമായിട്ടായാലും അതു പുറത്തിറക്കണേ എന്നു ഞാന്‍ അമ്പാടിയോട് പറഞ്ഞിട്ടുണ്ട്. അടൂര്‍ സാറിനോടും പറഞ്ഞു. (അടൂര്‍ സാര്‍ പിന്നീടൊരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ എന്നോടും ഇക്കാര്യം സൂചിപ്പിച്ചു. ഹരി എന്നോട് അക്കാര്യം പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ ചെയര്‍മാനായിരിക്കെ എന്റെ തന്നെ അഭിമുഖം മുഖലേഖനമായി ഒരു പ്രസിദ്ധീകരണം പുറത്തുവരുന്നതില്‍ ശരികേടുണ്ട്. അതുകൊണ്ടാണ് എനിക്കത് മുന്നോട്ടു കൊണ്ടുപോകാനാവാത്തത്. ആ അഭിമുഖം എന്റേതായി രേഖപ്പെട്ട ഏറ്റവും അക്കാദമിക്കായ ഒന്നായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്) അതുകൊണ്ട് അതു സംഭവിച്ചില്ല. പിന്നീട് അനൂപ് ലോകം തന്നെ വിട്ടുപോയതോടെ അതിന്റെ ഓപ്പണ്‍ ഫയലും നഷ്ടപ്പെട്ടു. 

 പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടുന്നത് 2002ല്‍ അദ്ദേഹത്തിന്റെ ജ്വാലാമുഖി ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് എന്‍ട്രിയായി വന്നപ്പോഴാണ്. കാറ്റും മഴയ്ക്കും ശേഷം ഒരു യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിഒരുക്കിയ സിനിമയായിരുന്നു സുരഭിലക്ഷ്മി നായികയായ അതീവ ഹൃദ്യമായ ഒരു കുഞ്ഞു സിനിമ. ആത്മാര്‍ത്ഥതയുള്ളൊരു ചലച്ചിത്രോദ്യമം. അതിലെ അഭിനയത്തിന് സുരഭി മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ആ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ റൂബി ജൂബിലി അവാര്‍ഡിനായി ഹരികുമാര്‍ സാറിനെ നാമനിര്‍ദ്ദേശം ചെയ്യാനുമായി. കോവിഡ് ലോക് ഡൗണ്‍ മൂലം മുടങ്ങിപ്പോയ അവാര്‍ഡുകള്‍ ഒന്നിച്ച് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ചു വിതരണം ചെയ്തപ്പോള്‍ അദ്ദേഹം സസന്തോഷം നേരിട്ടു വന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയതുമോര്‍ക്കുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷം എന്നെ വിളിക്കുന്നത് സിനിമയിലെത്തി 40 വര്‍ഷമായപ്പോഴാണ്. അദ്ദേഹത്തിന്റെ സിനിമകളെ ഗൗരവത്തില്‍ വിലയിരുത്തി ഞാനൊരു പഠനമെഴുതണം. അതാണാവശ്യം. ഞാനതുറപ്പും നല്‍കി. എന്നാല്‍ ദിവസേനയുള്ള യാത്രയും എടുത്താല്‍ പൊങ്ങാത്ത ജോലിഭാരവും ഒഴിച്ചുകൂടാനാവാത്ത ചില യാത്രകളുമെല്ലാമായി ആ ഉറപ്പ് കുറുപ്പിന്റേതായി. ഇന്നും അത്തരത്തിലൊരു പഠനം ആഗ്രഹമായി തന്നെ അവശേഷിക്കുന്നുണ്ട്. തീര്‍ച്ചയായും ഞാനത് ചെയ്തിരിക്കും. മറ്റൊരുലോകത്തിരുന്ന് ഹരികുമാര്‍ സാര്‍ ഉറപ്പായും അതു വായിക്കുമെന്നെനിക്കറിയാം. 

ഒരു നിരാശയുടെ കൂടി കഥ പറഞ്ഞവസാനിപ്പിക്കാം. കൃത്യമായി പറഞ്ഞാല്‍ ഈ ഫെബ്രുവരിയിലാണ്. എം.സി വര്‍ഗീസ് സാറിനെക്കുറിച്ചെടുത്ത ആ ഡോക്യുമെന്ററിയുടെ ഒരു ഹൈ റെസല്യൂഷന്‍ പകര്‍പ്പ് എങ്ങനെങ്കിലും തരപ്പെടുത്താമോ എന്ന് അദ്ദേഹത്തിന്റെ ഇളയ മകന്‍ ശ്രീ ബിജു വര്‍ഗീസ് എന്നോടന്വേഷിക്കുന്നു. ചിത്രാഞ്ജലിയില്‍ അതിന്റെ പകര്‍പ്പുണ്ടാവുമെന്ന്‌റിഞ്ഞ് ഞാന്‍ ഇക്കാര്യം ശ്രീ സണ്ണി ജോസഫിനോട് അന്വേഷിക്കുന്നു. അദ്ദേഹം അതിന്റെ വിവരങ്ങള്‍ എന്നെ അറിയിച്ച കൂട്ടത്തില്‍ അല്‍പം വിഷമത്തോടെ പറഞ്ഞു- 'ഇതിന്റെ ആവശ്യത്തിനായി ഞാന്‍ ഹരികുമാര്‍ സാറിനെ വിളിച്ചപ്പോള്‍ സാറിനല്‍പം വിഷമമായി. ചന്ദ്രശേഖറെന്താ നേരിട്ട് വിളിക്കാത്തെ എന്ന് എന്നോട് ചോദിച്ചു. അദ്ദേഹത്തെ ഒന്നു വിളിച്ചേക്കണേ. ചന്ദ്രശേഖര്‍ നേരിട്ടു വിളിക്കാത്തത് അദ്ദേഹത്തിന് വിഷമമായിട്ടുണ്ട്.' അദ്ദേഹത്തിന്റെ മനസില്‍ എനിക്ക് എത്രത്തോളം സ്ഥാനമുണ്ടായിരുന്നു എന്നറിഞ്ഞ നിമിഷമായിരുന്നു അത്. എന്നാല്‍ ഇത്രയും ചെറിയ കാര്യത്തിന് അദ്ദേഹത്തെപ്പോലൊരാളെ വിളിച്ച് ശല്യപ്പെടുത്തണ്ടല്ലോ എന്നു കരുതിയാണ് സണ്ണിയോട് ചോദിച്ചത്. അദ്ദേഹത്തെ വിളിക്കാം എന്നു പറഞ്ഞുവെങ്കിലും ഔദ്യോഗികമായ ചില തിരക്കുകളില്‍ പെട്ടത് വിട്ടു. പിന്നീട് ഓര്‍ത്ത് വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. പദ്മരാജന്‍ ട്രസ്റ്റിന്റെ സെക്രട്ടറികൂടിയായ സുഹൃത്ത് പ്രദീപ് പനങ്ങാടു ട്രസ്റ്റിനു വേണ്ടി വിളിച്ചിട്ടും കിട്ടിയില്ല എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ചു. ഹരികുമാര്‍ സാറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ദീര്‍ഘകാലം അദ്ദേഹത്തിന്റെ അസോഷ്യേറ്റായിരുന്ന ശാന്തിവിള ദിനേശിനൊരു മെസേജയച്ചു. അദ്ദേഹം പറഞ്ഞാണ് ഹരികുമാര്‍ സാറിന്റെ രോഗാവസ്ഥ അറിയുന്നത്. എന്നാലും ഇത്ര പെട്ടെന്ന് മരണം എന്ന കോമാളി അദ്ദേഹവുമായി വില്ലനാവുമെന്നു കരുതിയില്ല.

Saturday, April 20, 2024

വേനല്‍ക്കിനാവുകള്‍-കാലം തെറ്റിപ്പെയ്ത വേനല്‍മഴ

സിനിമയില്‍ ഒരു വനവാസം കഴിഞ്ഞ്, ഒരു കാലത്തെ മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ നായകനും സംഗീതജ്ഞനായ ചങ്ങാതിയും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, പൂര്‍ണമായും പുതുമുഖങ്ങളെവച്ച്, ഒരു സിനിമയെടുക്കുന്നതിനെപ്പറ്റിയും ഒട്ടേറെ പ്രതിബന്ധങ്ങള്‍ക്കുശേഷം ആ സിനിമ വന്‍ വിജയം നേടുന്നതിനെപ്പറ്റിയുമാണല്ലോ വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയുടെ രണ്ടാംപകുതി. സത്യത്തില്‍ ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഓര്‍മ്മവന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ്, ഞങ്ങളുടെയെല്ലാം ക്യാംപസ് കാലത്തു പുറത്തിറങ്ങിയ വേനല്‍ക്കിനാവുകള്‍ എന്ന സിനിമയെയാണ്. 1986 മുതല്‍ 91 വരെ മലയാളത്തില്‍ ഒരു സിനിമ പോലും സംവിധാനം ചെയ്യാതിരുന്ന, മലയാളത്തെ അതിന്റെ കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് വഴിതെറ്റാതെ നയിച്ച, എക്കാലത്തെയും മികച്ച സംവിധായകന്മാരിലൊരാളായ സാക്ഷാല്‍ കെ.എസ്. സേതുമാധവന്‍ ഒരു മടങ്ങിവരവിനൊരുങ്ങിയ സിനിമയായിരുന്നു വേനല്‍ക്കിനാവുകള്‍. മലയാളത്തില്‍ സാഹിത്യകൃതികളെ സിനിമയാക്കുന്നതിലും, സാഹിത്യകാരന്മാരുടെ തിരക്കഥകള്‍ സിനിമയാക്കുന്നതിലും അന്യാദൃശമായ കൈയടക്കം പ്രകടമാക്കിയ സംവിധായകന്‍. തമിഴില്‍നിന്ന് ആദ്യമായി ഒരു നടന് ദേശീയതലത്തില്‍ മികച്ച നടനുള്ള അവാര്‍ഡും, ഒരു സിനിമയ്ക്ക് ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കൊണ്ടെത്തിച്ച മലയാളി സംവിധായകന്‍. ദേശീയ ബഹുമതി നേടിയ മറുപക്കം (1991) തമിഴില്‍ സംവിധാനം ചെയ്തതിനു ശേഷമാണ് ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ മുതിര്‍ന്നത്. കൃത്യമായി പറഞ്ഞാല്‍ റഹ്‌മാന്‍ നായകനായ സുനില്‍ വയസ് ഇരുപത് എന്ന സിനിമയ്ക്കു ശേഷം. ഓപ്പോള്‍, നീലത്താമര, കന്യാകുമാരി, തുടങ്ങിയ സിനിമകളിലൂടെ സുവര്‍ണ സഖ്യമെന്നു പേരെടുത്ത എം.ടി.വാസുദേവന്‍ നായര്‍-സേതുമാധവന്‍ കൂട്ടുകെട്ടിന്റേതായിരുന്നു വേനല്‍ക്കിനാവുകള്‍. വര്‍ഷങ്ങള്‍ക്കുശേഷത്തിലെ കഥാസന്ദര്‍ഭത്തില്‍ എന്നപോലെ, സംവിധായകനും തിരക്കഥാകൃത്തും അമ്പതു കഴിഞ്ഞവര്‍. ഇന്നത്തെ ഭാഷയില്‍ വസന്തങ്ങള്‍. നിര്‍മ്മാതാവാണെങ്കിലും അത്ര പരിചിതമുള്ള പേരായിരുന്നില്ല. സാരംഗി ഫിലിംസ്. വിനീത് സിനിമയിലേതു പോലെ ഒരു നിതിന്‍ മോളിയുടെ സാന്നിദ്ധ്യം പോലുമുണ്ടായിരുന്നില്ല ചിത്രത്തില്‍. എല്ലാ അഭിനേതാക്കളും പുതുമുഖങ്ങള്‍. (ഒരുപക്ഷേ അന്നത്തെ ഒരു നിതിന്‍ മോളി സഹകരിച്ചിരുന്നെങ്കില്‍ ആ ചിത്രത്തിന്റെ ജാതകം തന്നെ വേറെ ആയിത്തീര്‍ന്നേനെ!) 

അസാദ്ധ്യമായ പുതുമയുള്ള, ആര്‍ജ്ജവമുള്ള, ഒരു ചിത്രമായിരുന്നു വേനല്‍ക്കിനാവുകള്‍. സൂക്ഷ്മമായി പറഞ്ഞാല്‍, പദ്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിന്റെ ഒക്കെ റെയ്ഞ്ചിലുള്ള, അത്രതന്നെ വിജയിക്കേണ്ടിയിരുന്ന ഒരു സിനിമ. നേരത്തേ ചില ചിത്രങ്ങളില്‍ തലകാണിച്ചിട്ടുള്ള കൗമാരക്കാരും ക്യാമറയ്ക്കു മുന്നില്‍ ആദ്യം മുഖം കാണിക്കുന്നവരുമായിരുന്നു താരനിരയില്‍. പില്‍ക്കാലത്ത് താരസംഘടനാപ്രവര്‍ത്തകനും കര്‍ഷകനുമായി പേരെടുത്ത ചങ്ങനാശേരിക്കാരന്‍ കൃഷ്ണപ്രസാദ്, കോഴിക്കോട്ടുകാരിയായ നര്‍ത്തകികൂടിയായ യുവനടി ദുര്‍ഗ്ഗ (ദുര്‍ഗ്ഗ കൃഷ്ണയല്ല), തമിഴിലും മറ്റും മാദകറോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന, പില്‍ക്കാലത്ത് മലയാളത്തിലെ ഷക്കീല-രേശ്മ രതിതരംഗസിനിമകളിലെ സ്ഥിരം നായികമാരിലൊരാളായിത്തീര്‍ന്ന ഷര്‍മ്മിളി (ധനത്തില്‍ നായികയായ ചാര്‍മ്മിളയല്ല. അതു വേറെ ആളാണ്) എന്നിവരായിരുന്നു പ്രധാന പുതുമുഖങ്ങള്‍. ഒപ്പം അഞ്ച് മുഖ്യകഥാപാത്രങ്ങളില്‍, അടൂരിന്റെ അനന്തരത്തിലൂടെ പ്രശസ്തി നേടിയ കൗമാരനായകന്‍ സുധീഷും കഥകളിയില്‍ നിന്ന് വന്ന് മിനിസ്‌ക്രീന്‍ കീഴടക്കിയ സഹോദരങ്ങളില്‍ മൂത്തവനായ യദൂകൃഷ്ണനും, പിന്നെ എം.ടി തന്നെ ഹരിഹരന്‍ ചിത്രത്തിലൂടെ അവതരിപ്പിച്ച് മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ മോണിഷയും സുധീഷ് ശങ്കറും ഉണ്ടായിരുന്നു. നെടുമുടി വേണു, തിലകന്‍, ജഗന്നാഥ വര്‍മ്മ, മാമ്മൂക്കോയ, ശാന്തകുമാരി, എം.ജി ശശി തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. കൗമാരക്കാരുടെ ചാപല്യങ്ങളും യൗവനത്തിലേക്കു കടക്കുന്നതിന്റെ പ്രശ്‌നങ്ങളുമാണ് വേനല്‍ക്കിനാവുകള്‍ കൈകാര്യം ചെയ്തത്. കമ്മിങ് ഓഫ് ഏജ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മനഃശാസ്ത്രപരമായൊരു വിഷയം. വസന്ത് കുമാറായിരുന്നു ഛായാഗ്രാഹകന്‍. എം.എസ് മണി എഡിറ്ററും. തെന്നിന്ത്യയിലെ എന്നല്ല ഇന്ത്യയിലെ തന്നെ എണ്ണംപറഞ്ഞ സംഗീതവിദൂഷികളിലൊരാളായ വയലിനിസ്റ്റ് എല്‍ വൈദ്യനാഥന്‍ ആയിരുന്നു സംഗീതസംവിധായകന്‍. വൈദ്യനാഥന്‍ സംഗീതം പകര്‍ന്ന ഒരേയൊരു മലയാള ചിത്രമാണിത്. യേശുദാസും സുനന്ദയും പാടിയ നാലു ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ആകാശ മേടയ്ക്ക്, ഗൗരീ മനോഹരി, പേരാറ്റിനക്കരെയക്കരെയക്കരെയേതോ, പോരൂ പോരൂ എന്നീ പാട്ടുകളില്‍ പേരാറ്റിനക്കരെ ഇന്നും ആളുകള്‍ മൂളിപ്പാടുന്ന ഹിറ്റ് ഗാനമാണ്. 

ഫ്രെയിം ടു ഫ്രെയിം യുവത്വം പുലര്‍ത്തിയ ദൃശ്യപരിചരണമായിരുന്നു വേനല്‍ക്കിനാവുകളുടേത്. സേതുമാധവനെപ്പോലൊരാള്‍ സംവിധാനം ചെയ്തത് എന്നോ എം.ടി.യെപ്പോലൊരാള്‍ എഴുതിയത് എന്നോ വിശ്വസിക്കാന്‍ പോലും സാധിക്കാത്തത്ര കാലികമായിരുന്നു അതിന്റെ ചലച്ചിത്രസമീപനം. എന്നിട്ടും സിനിമ വേണ്ടത്ര വിജയമായില്ല. എന്നല്ല വര്‍ഷങ്ങള്‍ക്കുശേഷമില്‍ കാണിക്കുന്നതുപോലെ തൊണ്ണൂറുകളിലെ തലമുറ അതിനെ നിഷ്‌കരുണം തള്ളിക്കളയുകയാണുണ്ടായത്. കാരണം, അവര്‍ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല സിനിമയിലുണ്ടായിരുന്നത്. ഒരുപക്ഷേ, കുറേ വര്‍ഷങ്ങള്‍ക്കുശേഷം റിലീസ് ചെയ്തിരുന്നെങ്കില്‍ സൂപ്പര്‍ ഹിറ്റാകുമായിരുന്ന സിനിമ. കാലത്തിനു മുമ്പേ, വളരെ മുമ്പേ പുറത്തിറങ്ങിയ ഒരു ചലച്ചിത്രസംരംഭം-അതായിരുന്നു വേനല്‍ക്കിനാവുകള്‍. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍ അടക്കമുള്ള സിനിമകള്‍ക്ക് അതിറങ്ങിയ കാലത്ത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെന്നോര്‍ക്കുക. പക്ഷേ വര്‍ഷങ്ങള്‍ക്കുശേഷം ടിവിയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അവയ്ക്ക് കള്‍ട്ട് പദവി തന്നെ കൈവന്നു. യൂട്യൂബില്‍ ലഭ്യമായിട്ടും ഒരുപക്ഷേ അധികം പേര്‍ കാണാത്തതുകൊണ്ടാവാം വേനല്‍ക്കിനാവുകള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടില്ല. എങ്കിലും ഞങ്ങളുടെ തലമുറയ്ക്ക് ഞങ്ങളുടെ യൗവനകാലസ്മരണകളില്‍ തിളക്കമാര്‍ന്നൊരു ചലച്ചിത്രസ്മരണയാണ് വേനല്‍ക്കിനാവുകള്‍. 


Thursday, April 11, 2024

ആടുജീവിതം എന്ന ദൃശ്യാനുഭവം

Kalakaumudi weekly

2024 April 07 

 എ.ചന്ദ്രശേഖര്‍

സത്യത്തില്‍ ആടുജീവിതം നോവല്‍ അതിന്റെ പേരു പോലെ ആടുകള്‍ക്കിടയിലെ ഒറ്റപ്പെട്ട ജീവിതത്തിന്റെ കഥയാണ്. അതില്‍ മണലാഴി കടന്നുള്ള അതിജീവനയാത്രയുടെ കഥ ചെറിയൊരംശം മാത്രം. എന്നാല്‍, ബ്‌ളെസിയുടെ ആടുജീവിതം അതിന്റെ പേരിനപ്പുറം കണ്ണെത്താ മണല്‍ക്കാട്ടിലൂടെ മൂന്നുപേരുടെ ജീവിതത്തിലേക്കുള്ള സാഹസികമായ അതിജീവനയാത്രയുടെ കഥയാണ്. മതിലുകള്‍ നോവല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും മതിലുകള്‍ സിനിമ അടൂര്‍ ഗോപാലകൃഷ്ണന്റെയും ആയിരിക്കുന്നതുപോലെ. മലയാളത്തില്‍, ചെമ്മീന്‍ മുതല്‍, സാഹിത്യം സിനിമയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടപ്പോഴെല്ലാം കേട്ടതിലപ്പുറം കാമ്പുള്ളൊരു വിമര്‍ശനമായി ആടുജീവിതം നോവല്‍ വായിച്ചവരുടെ സിനിമയ്ക്കുമേലുള്ള വിമര്‍ശനത്തെ കണക്കാക്കേണ്ടതില്ല. കാരണം, നോവല്‍ അമൂര്‍ത്തമാണ്. വായനക്കാരന്‍ വരികളിലൂടെ സ്വന്തം മനസുകളിലാണ് അതിന്റെ രൂപശില്‍പം നിര്‍മ്മിക്കുക. സിനിമ അങ്ങനല്ല. അത് വെള്ളിത്തിരയില്‍ എല്ലാം അസാധാരണവലിപ്പത്തില്‍ത്തന്നെ അതിസൂക്ഷ്മതലത്തില്‍ കാണിച്ചുതരും. കാഴ്ച ഭാവനയോളം വരികയോ വരാതിരിക്കുകയോ ആവാം. താരതമ്യവിമര്‍ശനപദ്ധതിയില്‍ ഒരേ ഗണത്തില്‍പ്പെടുന്ന രണ്ടു രചനകളെയാണ് വിമര്‍ശനവിധേയമാക്കേണ്ടത്, വെവ്വേറെ മാധ്യമങ്ങളിലെ സൃഷ്ടികളെയല്ല. ആസ്വാദനം വൈയക്തികമായിരിക്കുന്നിടത്തോളം അതിന്മേലുണ്ടാവുന്ന വൈരുദ്ധ്യം ഇരുമാധ്യമങ്ങളെയും വെവ്വേറെ കണക്കിലെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. 

ഇവിടെ, ആടുജീവിതം സിനിമ അതിന്റെ സംവിധായകന്‍ ബ്‌ളെസിയുടെ കാഴ്ചപ്പാടില്‍ വായനക്കാരന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ മനസില്‍ ഉടക്കിയ നോവല്‍ ദൃശ്യങ്ങളുടെ കാഴ്ചപ്പകര്‍പ്പാണ്. അതിനെ അങ്ങനെ കാണുകൊണ്ടാണ് അതിലെ മേന്മകളും കോട്ടങ്ങളും വിലയിരുത്തേണ്ടതും. അതിനു മുതിരും മുമ്പ്, ഇതിനോടകം ദേശീയതലത്തില്‍ വരെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട അതിന്റെ സാങ്കേതികത്തികവാര്‍ന്ന ദൃശ്യാഖ്യാനത്തെ ലോകസിനിമയില്‍ നിന്നുതന്നെയുള്ള ഏതാണ്ട് സമകാലികമായ ദൃശ്യരചനകളുമായി താരതമ്യം ചെയ്തുകൊള്ളട്ടെ. ഇക്കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും തുടര്‍ന്ന് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട അപ്പോളിന്‍ ട്രായോറ രചിച്ചു സംവിധാനം ചെയ്ത ബുര്‍ക്കിനോഫാസയില്‍ നിന്നുള്ള ഫ്രഞ്ച് ജര്‍മ്മന്‍ സെനഗല്‍ സംയുക്ത സംരംഭമായ ഇറ്റ്‌സ് സൈറ (ശെേ ശെൃമ2023), ഓസ്‌കറില്‍ വരെ ശ്രദ്ധേയമായ മാറ്റലിയോ ഗാറോണ്‍ സംവിധാനം ചെയ്ത ഇറ്റലി, ബെല്‍ജിയം, ഫ്രഞ്ച് സംയുക്ത സംരംഭമായ മീ ക്യാപ്റ്റന്‍ എന്നി ചിത്രങ്ങളാണ് ബ്‌ളെസിയുടെ ആടുജീവതത്തോടൊപ്പം ചേര്‍ത്തു വായിക്കാന്‍ താത്പര്യപ്പെടുന്നത്. ഡെസര്‍ട്ട് സര്‍വൈവല്‍ വിഭാഗത്തില്‍ ലോകസിനിമയില്‍ മുമ്പും പല മികച്ച രചനകളും ഉണ്ടായിട്ടുണ്ട്.അതിസാഹസികതയും മടുപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ സംഘര്‍ഷങ്ങളും ആവഹിച്ച ദൃശ്യാവിഷ്‌കാരങ്ങള്‍. പക്ഷേ മീ ക്യാപ്റ്റനിലെ കൗമാരക്കാരായ സെയ്തുവിന്റെയും മൂസ്സയുടെയും മരുഭൂമിയിലെ അനുഭവങ്ങളും സൈറയുടെ അതിജീവനസാഹസികതയും പ്രമേയപരമായി ആടുജീവിതത്തിലെ നജീബിന്റേതിനോട് ഇഴയടുപ്പം പുലര്‍ത്തുന്നതാണ്. അതുകൊണ്ടു തന്നെ അവയുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ തമ്മിലെ സാത്മ്യവ്യതിയാനങ്ങള്‍ രസകരമായ താരതമ്യത്തിന് വിഷയമാകുന്നുമുണ്ട്.

ഒറ്റവാചകത്തില്‍ സെയ്തുവിന്റെയും മൂസയുടേയും പലായനത്തിന് നജീബിന്റെയും ഹക്കീമിന്റെയും ഗള്‍ഫനുഭവത്തോട് ഏറെ സാദൃശ്യമുണ്ട്. രണ്ടുപേരും മികച്ച ജീവിതസാഹചര്യം തേടി ദൂരെദേശത്തേക്കു കടക്കാനാഗ്രഹിക്കുന്നവരാണ്.മീ ക്യാപ്റ്റനിലെ കൗമാരക്കാരായ നായകന്മാര്‍ സെനഗലിന്റെ പട്ടിണിയില്‍ നിന്ന് ഇറ്റലിയിലെ മുന്തിയ ജീവിതം സ്വപ്‌നം കണ്ട് അങ്ങോട്ടേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ എല്ലാ സാഹസികതകളും വെല്ലുവിളികളും അറിഞ്ഞുകൊണ്ട് തന്നെ ഏറ്റെടുത്തു തുനിഞ്ഞിറങ്ങുന്നവരാണ്. നജീബും(പൃഥ്വിരാജ്) ഹക്കീമും(കെ.ആര്‍ ഗോകുല്‍) അവരുടെ സ്‌പോണ്‍സറാല്‍ കബളിപ്പിക്കപ്പെടുകയാണ് എന്ന വ്യത്യാസമേയുള്ളൂ. സെയ്തുവിനും മൂസയ്ക്കും മണല്‍ക്കാട്ടിലെന്നോണം, കടലിനെയും സാഹസികമായി നേരിടേണ്ടിവരുന്നുണ്ട്.ഇടയ്ക്കുവച്ച് ലിബിയയിലെ അധോലോകത്തിന്റെ പിടിയില്‍പ്പെട്ട് സെയ്തുവിന് (സെയ്ദു സര്‍)മൂസയെ(മുസ്തഫ ഫാള്‍) നഷ്ടമാവുന്നുണ്ട്. മാസങ്ങള്‍ക്കു ശേഷമാണ് അവനെ ട്രിപ്പോളിയില്‍ വച്ച് സെയ്തു കണ്ടുമുട്ടുന്നത്. ആടുജീവിതത്തിലെ നജീബിന് വാസ്തവത്തില്‍ രക്ഷാകവാടം തുറന്നുകൊടുക്കുന്നത്, ദൂരെയേതോ ആട്ടിന്‍താവളത്തില്‍ സമാനപീഡനം ഏറ്റുവാങ്ങുന്ന ഹക്കീമിന്റെ ചങ്ങാതി ഇബ്രാഹിം കാദിരി വഴിയാണ്.

ഇറ്റ്‌സ് സൈറയിലെ നായികയുടെ വിധി ഇവര്‍ നാലുപേരെ അപേക്ഷിച്ച് അതിദയനീയമാണ്. സകുടുംബം സ്വന്തം വരന്റെയടുത്തേക്ക് ഗോത്രാചാരപ്രകാരം മരുഭൂമിയിലൂടെ യാത്രതുടങ്ങുന്ന സൈറയ്ക്ക് വഴിയില്‍ ഇസ്‌ളാമിക തീവ്രവാദികളുടെ ആക്രമണമേറ്റുവാങ്ങേണ്ടിവരികയാണ്. കണ്മുന്നില്‍ പിതാവും സഹോദരനുമടക്കം ഭീകരനേതാവിന്റെ വെടിയേറ്റു വീണുപിടയുന്നതുകാണേണ്ടിവരുന്ന സൈറയെ ഭീകരനേതാവ് യെരെ ബലാത്സംഗത്തിനു വിധേയനാക്കി മണല്‍ക്കടലിനു നടുവില്‍ ഉപേക്ഷിക്കുകയാണ്. മൃതപ്രായയായ അവളുടെ തുടര്‍ന്നങ്ങോട്ടുളള അതിജീവന പ്രയാണവും ഭീകരത്താവളത്തിനരികിലെ പാറക്കൂട്ടത്തിലെ ഗുഹയില്‍ ചേക്കേറിക്കൊണ്ടുള്ള ജീവിതവുമാണ് ഇതിവൃത്തം. യെരേയാല്‍ ഗര്‍ഭിണിയാവുന്ന അവള്‍, ഭീകരത്താവളത്തില്‍ പുരുഷന്മാരുടെ കാമപൂര്‍ത്തിക്കായി കൊണ്ടുവന്ന് പാര്‍പ്പിച്ചിട്ടുള്ള അനേകം സ്ത്രീകളുടെ കാരുണ്യം കൊണ്ട് ലഭിക്കുന്ന വെള്ളവും ഭക്ഷണവും കൊണ്ട് അതിജീവിക്കുന്നു. ഒടുവില്‍ തക്കത്തിനു കിട്ടുന്ന സന്ദര്‍ഭത്തില്‍ താവളത്തില്‍ നടക്കുന്ന സ്ത്രീകളുടെ അട്ടിമറിയിലൂടെ അവള്‍ സ്വയം വിമോചിക്കപ്പെടുന്നതാണ് ഇറ്റ്‌സ് സൈറ പറയുന്നത്. വിശപ്പുസഹിക്കവയ്യാതെ മണല്‍ക്കാട്ടില്‍ കാണപ്പെടുന്ന തേള്‍വര്‍ഗത്തില്‍പ്പെട്ട ഉരഗങ്ങളെ പിടിച്ചു കൊന്ന് പച്ചയ്ക്ക് തിന്ന് വയറ്റില്‍ വളരുന്ന കുട്ടിയുടെ ജീവിതം കൂടി കാത്തുരക്ഷിക്കുന്ന സൈറ (നിഫിസത്തു സിസെ)യുടേതാണ് ഈ അതിജീവനസിനിമകളില്‍ ഏറ്റവും ഹൃദയദ്രവീകരണശക്തിയുള്ളതായി പ്രേക്ഷകനെന്ന നിലയ്ക്ക് എനിക്കനുഭവപ്പെട്ടത്. ആടുജീവിതത്തിലെ ഹക്കീമിന്റെ മരണത്തിനു സമാനമായി മീ ക്യാപ്റ്റനില്‍ അറ്റം കാണാത്ത മരുഭൂമിയിലൂടെ ഒരു കുപ്പി വെള്ളവും കുറച്ച് സാധനങ്ങളുമായി വഴികാട്ടിക്കൊപ്പം നടന്നു നീങ്ങുന്ന സംഘത്തില്‍പ്പെട്ട പ്രായം ചെന്ന ഒരമ്മയുടെ മരണമുണ്ട്. ആ മരണത്തില്‍ സെയ്ദു ദുഃഖിക്കുന്നതുപോലെയാണ് നജീബിന്റെയും ഹൃദയും പൊട്ടുന്നത്.

അവിശ്വസനീയതയെ വിശ്വസനീയമാക്കുന്ന സിനിമയുടെ ആഖ്യാനശക്തി വെളിവാക്കിയ സിനിമകളാണ് ഇവയെല്ലാം.

ആടുജീവിതത്തെ പറ്റിയുള്ള വിശകലത്തിനു മുമ്പ് എന്തിന് അധികം പേര്‍ കണ്ടിട്ടില്ലാത്ത രണ്ടു വിദേശഭാഷാചിത്രങ്ങളെ പരാമര്‍ശിക്കുന്നുവെന്നാണെങ്കില്‍, ലോകത്തെവിടെയും മനുഷ്യന്റെ അതിജീവനയാതനകള്‍ക്കു സമാനതകളുണ്ടെന്ന് സ്ഥാപിക്കാന്‍ എന്നാണ് മറുപടി. മനുഷ്യകഥാനുഗായി എന്ന നിലയ്ക്ക് സിനിമ സാര്‍വലൗകികത നേടുന്നത് അങ്ങനെയാണ്. സെനഗലിലെ രണ്ടു യുവാക്കളുടെയും ബുര്‍ക്കിനോഫാസയിലെ ഒരു യുവതിയുടെയും മരുജീവിതയാതനകള്‍ ഇങ്ങിവിടെ ഒരു മലയാളിയുടെ മനസിനെ എത്രത്തോളം മഥിക്കുമോ അത്രത്തോളം തന്നെ ബ്‌ളെസിയുടെ ആടുജീവിതത്തിലെ നായകന്റെ യാതനകള്‍ ഇതരലോകപ്രേക്ഷകരുടെയും ഉള്ളുലയ്ക്കും, നിശ്ചയം.

ആടുജീവിതം സിനിമയുടെ ഏറ്റവും വലിയ മേന്മകളില്‍ പ്രധാനം പൃഥ്വിരാജിന്റെ സമര്‍പ്പിതമായ അഭിനയമാണ്. ഒരു പക്ഷേ അദ്ദേഹത്തിന്റെ നാളിതുവരെയുള്ള നടനജീവിതത്തിലെ ഏറ്റവും മികച്ച വേഷപ്പകര്‍ച്ചയായിരിക്കും നജീബിന്റേത്. ജീവചരിത്രവേഷങ്ങളില്‍ മുമ്പും വേഷമിട്ടിട്ടുള്ള പൃഥ്വിയുടെ ആ കഥാപാത്രങ്ങളിലെല്ലാം നടനെന്ന, താരമെന്ന പൃഥ്വിരാജിനെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്കാവും. എന്നാല്‍ നജീബിന്റെ നാട്ടിലെ രംഗങ്ങളിലടക്കം വല്ലാത്തൊരു ഭാവപ്പകര്‍ച്ച, അക്ഷരാര്‍ത്ഥത്തില്‍ കഥകളിയിലൊക്കെ പരാമര്‍ശിക്കപ്പെടുന്ന തരത്തിലുള്ള പകര്‍ന്നാട്ടം തന്നെയാണ് ആംഗികമായും വാചികമായും പൃഥ്വിരാജ് എന്ന നടന്‍ നിര്‍വഹിച്ചിരിക്കുന്നത്. നിശ്ചയമായും മറ്റു പരിഗണനകളോ അന്തര്‍നാടകങ്ങളോ അരങ്ങേറാത്തപക്ഷം പൃഥ്വിയുടെ കരിയറില്‍ ഏറെ ബഹുമതികള്‍ കൊണ്ടെത്തിക്കാന്‍ പ്രാപ്തിയും അര്‍ഹതയുമുള്ള വേഷപ്പകര്‍ച്ച തന്നെയാണ് നജീബിന്റേത്. മരുഭൂമിയിലകപ്പെട്ടുകഴിഞ്ഞ നജീബിന്റെ മുഖപേശികളുടെ വക്രീകരണം, തോക്കിന്‍പാത്തികൊണ്ടേറ്റ ഒടിവിനാല്‍ ഏന്തിവലിയുന്ന കാല് എന്നിവ വര്‍ഷങ്ങള്‍ നീണ്ട ചിത്രീകരണത്തിലൊട്ടാകെ അല്‍പവും തുടര്‍ച്ച നഷ്ടപ്പെടാതെ പാലിക്കുകയെന്നത് തിരയിടത്തില്‍ ഏതൊരഭിനേതാവിനും വെല്ലുവിളിയാവുന്നതാണ്. 

ഇനിയൊന്ന് ബെന്യാമിന്റെ ആടുജീവതത്തില്‍ നിന്ന് അത് ബ്‌ളെസിയുടെ ആടുജീവിതമാക്കിത്തീര്‍ത്ത തരിക്കഥയാണ്. സിനിമയുടെ ഛന്ദസിലേക്ക് ബെന്യാമിന്റെ ചമത്കാരങ്ങളെ സ്വാംശീകരിക്കുമ്പോള്‍ ബ്‌ളെസി ബോധപൂര്‍വം സ്വീകരിച്ചതും വിട്ടുകളഞ്ഞതുമായ കഥാസന്ദര്‍ഭങ്ങളുണ്ട്, നോവലിന്റെ നട്ടെല്ലായ ചില നിമിഷങ്ങളടക്കം. ഇവിടെയാണ് മാധ്യമബോധമുള്ളൊരു ചലച്ചിത്രകാരന്‍ സാഹിത്യത്തെ അനുവര്‍ത്തിച്ചപ്പോള്‍ പാലിച്ച കൈയൊതുക്കം വ്യക്തമാവുക. വര്‍ഷങ്ങള്‍ക്കു മുമ്പ് സഖറിയയുടെ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന സാഹിത്യകൃതി അടൂര്‍ ഗോപാലകൃഷ്ണന്‍ വിധേയന്‍ എന്ന സിനിമയാക്കിയപ്പോള്‍ എഴുത്തുകാരനും ചലച്ചിത്രകാരനും തമ്മിലുടലെടുത്ത പരസ്യമായ ആരോപണപ്രത്യാരോപണങ്ങളോര്‍ക്കുന്നവരുണ്ടാവും. അതിന് അടൂര്‍ പറഞ്ഞ മറുപടി, ഇത് എന്റെ സിനിമയാണ്, ചലച്ചിത്രകാരനെന്ന നിലയ്ക്ക് ഒരു കൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഞാനുണ്ടാക്കിയ സിനിമയാണ് എന്നാണ്. ബ്‌ളെസിയുടെ ആടുജീവിതത്തെച്ചൊല്ലി നോവലിസ്റ്റും സംവിധായകനും തമ്മില്‍ അത്തരത്തിലുള്ള വാദകോലാഹലങ്ങളൊന്നുമുണ്ടായില്ലെങ്കിലും നോവല്‍ വായിച്ച പ്രേക്ഷകര്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.അവരോട് നെഞ്ചുയര്‍ത്തി ബ്‌ളെസി എന്ന ചലച്ചിത്രകാരന് പറയാവുന്നത് അടൂര്‍ പറഞ്ഞ മറുപടിതന്നെയാണ്. കാരണം ഇത് കമ്പോടുകമ്പ് ബ്‌ളെസിയുടെ സിനിമയാണ്. അതില്‍, ഇപ്പോള്‍ ചലച്ചിത്ര ബാഹ്യകാരണങ്ങളാല്‍ വിവാദമാക്കപ്പെടുന്ന പല അംശങ്ങളും, മൃഗരതിയടക്കമുള്ള കാര്യങ്ങള്‍ ചിത്രീകരിച്ചു എന്ന് എഴുത്തുകാരനും ചിത്രീകരിച്ചില്ല എന്ന് സംവിധായകനും പറയുന്ന തലത്തില്‍ ചില്ലറ കുത്തിത്തിരിപ്പുകളൊക്കെ ഉടലെടുത്തതു കണ്ടില്ലെന്നു വയ്ക്കുകയാണ് യഥാര്‍ത്ഥ ആസ്വാദകനു നല്ലത്. കാരണം, എന്തുകൊണ്ടായാലും ഒരു സംവിധായകന്‍ തന്റെ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാതെ വിട്ടുകളഞ്ഞ ദൃശ്യകാണ്ഡങ്ങള്‍ അയാളുടെ മാത്രം ക്രിയാത്മകതീരുമാനത്തിന്റെ ഫലശ്രുതിയാണ്. അതിനുള്ള സര്‍ഗാത്മക സ്വാതന്ത്ര്യം ചലച്ചിത്രകാരനെന്ന നിലയ്ക്ക് ബ്‌ളെസിക്കുണ്ട്.

ഇവിടെ ആടുജീവിതത്തിന്റെ തിരക്കഥയില്‍ ബ്‌ളെസിയെന്ന സംവിധായകന്റെ കൈത്തഴക്കം വെളിവാകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. തൊഴില്‍തേടി ദുബായ് വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന കേന്ദ്രകഥാപാത്രങ്ങളില്‍ തുടങ്ങി, താനല്ല കഫീല്‍ എന്ന് ജയിലില്‍ കഴിയുന്ന നജീബിനെ സന്ദര്‍ശിക്കുന്ന ക്രൂരനായ അറബി തൊഴിലുടമ പറയുന്നിടത്ത് ചിത്രമവസാനിപ്പിച്ചതു വരെ നോവല്‍ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ഭങ്ങള്‍ അടര്‍ത്തിയെടുത്ത് സിനിമയ്ക്കിണങ്ങുന്ന വിധം വിന്യസിക്കുന്നതില്‍ തിരക്കഥാകൃത്തിന്റെ കൈവഴക്കം സ്പഷ്ടമാണ്. ആഖ്യാനകം ഒന്നായിരിക്കെത്തന്നെ നോവലിനെ അപേക്ഷിച്ച് സിനിമയുടെ ആഖ്യാനം വേറിട്ടതാവുന്നതെങ്ങനെ എന്നതിന് ദൃഷ്ടാന്തങ്ങളാണ് തിരക്കഥ സ്വീകരിച്ചിട്ടുള്ള നോവല്‍ സന്ദര്‍ഭങ്ങള്‍. ലീനിയര്‍ നറേറ്റീവിനെ അതിലംഘിച്ചുകൊണ്ടുള്ള ഫ്‌ളാഷ്ബാക്കുകളും ആ ഫ്‌ളാഷ് ബാക്കുകളിലൂടെ തെളിയുന്ന റൊമാന്‍സിന് മണലാഴിയിലെ ജീവിതവുമായുള്ള പ്രകടമായ വൈരുദ്ധ്യവുമെല്ലാം അതീവ സിനിമാത്മകമായിത്തന്നെയാണ് ബ്‌ളെസി അവതരിപ്പിക്കുന്നത്. എന്നാല്‍, ഇത്രയും ഗൗരവമാര്‍ന്നൊരു ആഖ്യാനകത്തെ ഫ്‌ളാഷ്ബാക്കിലെ പാട്ടുരംഗത്തിലെ റൊമാന്‍സ് ലേശം ബാധിച്ചുവോ എന്നാര്‍ക്കെങ്കിലും സന്ദേഹം തോന്നിയാല്‍ പൂര്‍ണമായി കുറ്റം പറയാനാവില്ല. കാരണം, ഭാര്യയുമൊത്തുള്ള പുതുമോടി ചിത്രീകരിക്കുന്ന ആ ഗാനരംഗമില്ലെങ്കില്‍ക്കൂടി ആ വൈകാരികത മുഴുവന്‍ നാട്ടിലെ രംഗങ്ങളില്‍ ആവഹിക്കാന്‍ അതിനു മുമ്പത്തെ ഫ്‌ളാഷ്ബാക്കിലൂടെത്തന്നെ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഇത്തരമൊരു പ്രണയാതുര രംഗത്തെത്തുടര്‍ന്ന് മരുഭൂമിയിലെ ലൈംഗികദാരിദ്ര്യം വ്യക്തമാക്കുന്നൊരു രംഗമായിരുന്നെങ്കില്‍ ഇത്തരമൊരു ആഖ്യാനം കൂടുതല്‍ അര്‍ത്ഥഗര്‍ഭമായേനെ. അതും പക്ഷേ ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യമെന്നു കണ്ടു വിടുകതന്നെ. തിരക്കഥാകൃത്തുതന്നെ സംവിധായകകൊണ്ട് ആ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം സര്‍ഗാത്മകസ്വാതന്ത്ര്യമായി അനുവദിച്ചുകൊടുക്കാവുന്നതേയുള്ളൂ. അതേസമയം, തിരക്കഥാകൃത്തായ ബ്‌ളെസിയെ സംവിധായകനായ ബ്‌ളെസി ചിത്രത്തില്‍ പലയിടത്തും അതിശയിച്ചിട്ടുണ്ട്, മറികടക്കുന്നുമുണ്ട്. ബ്‌ളെസിയുടെ ഗുരുസ്ഥാനീയനായിരുന്ന അന്തരിച്ച ലോഹിതദാസിനും മറ്റും സംവിധായകന്റെ ഉത്തരവാദിത്തമേറ്റെടുത്തപ്പോള്‍ വന്ന പിഴ അദ്ദേഹത്തിലെ സംവിധായകന് തിരക്കഥാകാരനെ അതിജീവിക്കാനാവാതെ പോയി എന്നതാണ്. എഴുതിവച്ചത് അതേപടി ക്യാമറയിലാക്കലല്ല സിനിമാസംവിധാനം. ചിത്രീകരണസ്ഥലത്തിനും കാലത്തിനും പശ്ചാത്തലത്തിനും സാഹചര്യത്തിനുമനുസൃതമായി തിരക്കഥയില്‍ ഭേദഗതികളും കൊള്ളക്കൊടുക്കലുകളും നടത്തി പരിഷ്‌കരിക്കുന്നതിലാണ് സംവിധായകന്റെ പ്രതിഭ വിളയാടുന്നത്. ആടുജീവിതത്തില്‍ സംവിധായകനായ ബ്‌ളെസി തിരക്കഥാകൃത്തായ ബ്‌ളെസിയെ മറികടക്കുന്നുണ്ടെന്ന് തീര്‍ത്തുപറയാവുന്നതാണ്. വെറും രണ്ടേ രണ്ടു കഥാപാത്രങ്ങളെയും ചുറ്റും അന്തമില്ലാത്ത മണലാഴിയെയും വച്ച് മടുപ്പില്ലാതെ രണ്ടു മണിക്കൂര്‍ പതിനേഴു മിനിറ്റ് ഒരു സിനിമ പറയുക എന്നത് സംവിധായകന് നല്‍കുന്ന വെല്ലുവിളി ഒരുതരത്തിലും ചെറുതല്ല. ഇവിടെ, കലാബോധത്തോടെയുള്ള ഷോട്ടുവിഭജനത്തിലൂടെയും ക്യാമറാക്കോണുകളിലൂടെയും ക്യാമറചലനങ്ങളിലൂടെയുമെല്ലാമാണ് ബ്‌ളെസി എന്ന സംവിധായകന്‍ അതിനെയൊക്കെ വിദഗ്ധമായി മറികടക്കുന്നത്. തന്നെവിട്ട് ദൂരത്തേക്കു പോകുന്ന ആട്ടിന്‍കൂട്ടത്തിനൊപ്പം നടക്കാനാവാതേ വേച്ചുപോകുന്ന നജീബിന്റെ സങ്കടമറിഞ്ഞ് ആട്ടിന്‍കുട്ടി കരഞ്ഞുവിളിച്ച് ബാക്കി ആട്ടിന്‍പറ്റത്തെ തിരികെക്കൊണ്ടുവരുന്ന രംഗം മാത്രം മതി സംവിധായകന്റെ കൈയടക്കം വ്യക്തമാക്കാന്‍. ഗള്‍ഫിലെത്തി ഭാഷയറിയാതെ നായകനും ചങ്ങാതിയും മനഃസാക്ഷിയില്ലാത്തൊരു കഫീലിനൊപ്പം മണലാഴിക്കു നടുവില്‍ പെട്ടുപോകുമ്പോള്‍, അറബികള്‍ പരസ്പരം പറയുന്ന ഭാഷയ്ക്ക് ഉപശീര്‍ഷകം കൊടുക്കാതിരിക്കുക എന്ന തീരുമാനം തന്റെ നറേറ്റീവില്‍ അത്രമേല്‍ വിശ്വാസമുള്ളൊരു സംവിധായകന് മാത്രം എടുക്കാന്‍ സാധിക്കുന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ മാനസികാവസ്ഥതന്നെയാണ് ആ സംഭാഷണങ്ങള്‍ പൂര്‍ണമായി മനസിലാകാത്തതുവഴി പ്രേക്ഷകരിലേക്ക് സംവദിക്കപ്പെടുന്നത്. അത്തരമൊരു സാത്മ്യം ചിത്രാദ്യത്തില്‍ തന്നെ കഥാപാത്രങ്ങളും പ്രേക്ഷകരുമായി സാധിച്ചെടുക്കാന്‍ സിനിമയ്ക്കാവുന്നുണ്ട്. മീ ക്യാപ്റ്റന്‍, ഇറ്റ്‌സ് സൈറ എന്നീ സിനിമകള്‍ക്കും ആടുജീവിതത്തിനും പൊതുവായുള്ള സംവേദനഗുണമാണിത്. മൂന്നു സിനിമകളും അതിലെ കഥാപാത്രങ്ങളുടെ വ്യഥ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നു.എന്നാല്‍, നാട്ടിലെ നായകന്റെ ഭാര്യയുമായുള്ള പ്രണയരംഗങ്ങളില്‍ സംവിധായകനു തിരക്കഥാകൃത്തിനേപ്പോലെ അല്‍പം പാളിയില്ലേ എന്നതും പരിശോധിക്കേണ്ടതുണ്ട്.

സാങ്കേതികമായി ഈ സിനിമ എവിടെ നില്‍ക്കുന്നു എന്നു പരിശോധിക്കുമ്പോഴാണ് തുടക്കത്തിലേ സൂചിപ്പിച്ച, പല വിദേശ മേളകളിലും ആവോളം അംഗീകാരങ്ങള്‍ ഇതിനോടകം വാരിക്കൂട്ടിയ രണ്ടു സിനിമകളെക്കുറിച്ചുള്ള താരതമ്യം പ്രസക്തമാകുന്നത്. ലോകോത്തരനിലവാരമുളള ആടുജീവിതത്തിന്റെ ഛായാഗ്രഹണവും സന്നിവേശവുമടക്കമുള്ള ഘടകങ്ങളെ വിലയിരുത്തുന്നതിനും ഈ താരതമ്യം പ്രസക്തിയും പ്രാധാന്യവും ആര്‍ജ്ജിക്കുന്നു. ചിത്രത്തില്‍ മണല്‍പ്പാമ്പുകള്‍ വരുന്ന രംഗവും, മണല്‍ക്കാറ്റടിക്കുന്നദൃശ്യവും മനസില്‍ നിന്നു മായില്ല.കമ്മാര സംഭവത്തിലൂടെ തന്നെ കഴിവുതെളിയിച്ച കെ എസ് സുനിലിന്റെ ഛായാഗ്രഹണം അദ്ഭുതപ്പെടുത്തി എന്നു തന്നെ പറയണം.മലയാള സിനിമ പ്രമേയത്തില്‍ മാത്രമല്ല, സാങ്കേതികമായിക്കൂടി പ്രായപൂര്‍ത്തിയാവുന്നതിന്റെ ഉത്തമദൃഷ്ടാന്തമായി ആടുജീവിതത്തെ അടയാളപ്പെടുത്താം.

എന്നാല്‍ ആടുജീവിതത്തെ ഒട്ടുമേ കൃത്രിമമല്ലാതാക്കുന്നതില്‍ ഏറ്റവും വലിയ പിന്തുണയായിട്ടുള്ളത് അതിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ അഥവാ കലാസംവിധാനവും, മേക്കപ്പുമാണ്. ആട പാതി ആളുപാതി എന്നാണ് ആട്ടക്കളത്തില്‍ നടനെ വിശേഷിപ്പിക്കുക. പൃഥ്വിരാജിനു പകരം ആടുജീവിതത്തില്‍ നജീബിനെയാണ് പ്രേക്ഷകര്‍ക്കു കാണാനായത് എങ്കില്‍ അതില്‍ വലിയൊരു പങ്ക് ചിത്രത്തില്‍ ചമയവും വസ്ത്രാലങ്കാരവും കൈകാര്യം ചെയ്തവര്‍ക്കു കൊടുക്കണം.രഞ്ജിത് അമ്പാടിയുടെയും സംവിധായിക കൂടിയായ സ്‌റ്റെഫി സേവ്യറുടെയും സംഭാവന നിസ്തര്‍ക്കമായി പറഞ്ഞാല്‍ അനന്യമത്രേ. 

ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച സാങ്കേതിവിദഗ്ധര്‍ മനസറിഞ്ഞ് പണിയെടുത്തതിന്റെ ഫലശ്രുതി തീര്‍ച്ചയായും ചിത്രത്തിന്റെ കാതലില്‍ കാണാം. ശബ്ദവിന്യാസത്തില്‍ റസൂല്‍ പൂക്കുട്ടിയും സന്നിവേശത്തില്‍ ശ്രീകര്‍ പ്രസാദുമൊക്കെ ഇടപെടുമ്പോള്‍ പ്രതീക്ഷിക്കാവുന്ന സ്വാഭാവിക പരിണതിമാത്രമാണത്. കാരണം അതത് മേഖലകളില്‍ അത്രമേല്‍ കഴിവുതെളിയിച്ചവരാണവരെല്ലാം. അതുക്കും മേലേയാണ് ഏറെ കൊണ്ടാടപ്പെട്ട എ ആര്‍ റഹ്‌മാന്റെ സാന്നിദ്ധ്യം. സാങ്കേതികമായി യോദ്ധയ്ക്ക് ശേഷം റഹ്‌മാന്‍ സഹകരിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് ആടുജീവിതം. എന്നാല്‍ ഇത്രയും വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞ് പുറത്തുവന്നതുകൊണ്ട് ഇത് മൂന്നാമത്തേതായി. മാധ്യമമറിഞ്ഞുള്ള പശ്ചാത്തലസംഗീതമാണ് എടുത്തുപറയേണ്ടത്. എന്നാല്‍ അതിലൊരിടത്ത് കല്ലുകടിതോന്നിയത് രാത്രിയുടെ യാമങ്ങളില്‍ ദൂരെ നിന്ന് ഹക്കീമിന്റെ പാട്ടുകേട്ട് നജീബ് അവന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്ന രംഗമാണ്. പശ്ചാത്തലത്തില്‍ തീം മ്യൂസിക്ക് പല രംഗങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നതിനിടെ, ഹക്കീം പാടുന്നു എന്ന് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവിധമായി സംഗീതത്തിന്റെ വിന്യാസം.

ഒരു സാഹിത്യസൃഷ്ടിയെ സിനിമയിലേക്ക് അനുവര്‍ത്തിക്കുമ്പോള്‍, ഏകാഗ്രതയോടെ അതിന്റെ ആത്മാവുള്‍ക്കൊണ്ട് പുനരവതരിപ്പിക്കുന്നതെങ്ങനെ എന്നതിന്റെ മികച്ച മാതൃകകളിലൊന്നായിത്തന്നെ കാലം ബ്‌ളെസിയുടെ ആടുജീവിതത്തെ അടയാളപ്പെടുത്തുമെന്നതിന് തര്‍ക്കംവേണ്ട. സമൂഹമാധ്യമങ്ങളിലെ അമിതാഘോഷങ്ങളുടെ പേരിലോ, കൃത്രിമ വിവാദങ്ങളുടെ പേരിലോ ആയിരിക്കില്ല അത് കാലത്തെ അതിജീവിക്കുക. മറിച്ച് അതു പറയാന്‍ ശ്രമിച്ച പ്രമേയത്തിന്റെ സത്യസന്ധതകൊണ്ടും, അതവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകരെടുത്ത കഠിനാധ്വാനത്തിന്റെ പേരിലും പിന്നെ മാധ്യമബോധമുള്ളൊരു സംവിധായകന്റെ ഇച്ഛാശക്തിയോടെയുള്ള ആര്‍ജ്ജവത്തിന്റെയും പേരിലായിരിക്കും, ഒപ്പം ഒരു മലയാള നടന്റെ അനശ്വര വേഷപ്പകര്‍ച്ചയുടെയും!


Wednesday, April 10, 2024

ഓര്‍മ്മകളിലെ ഗാന്ധിമതി

 


1988-89 കാലമാണ്. അന്ന് ഞാനും ഉറ്റ തോഴരായ സഹാനിയും വിനോദും കൂടിച്ചേര്‍ന്നു നടത്തുന്ന ഒരു ചലച്ചിത്ര പ്രസിദ്ധീകരണമുണ്ടായിരുന്നു. ഒപ്പം ഡിഗ്രിക്കു പഠിച്ച ആനന്ദകുമാര്‍, ജൂനിയറായിരുന്ന രഞ്ജിത് എന്നിങ്ങനെ ചില സുഹൃത്തുകള്‍ കൂടി അതിന്റെ പിന്നില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വളരെ അക്കാദമിക്കായി സിനിമയെ ഗൗരവത്തോടെ കണക്കാക്കിക്കൊണ്ടുള്ള മാസികയായിരുന്നു. എന്റെ അച്ഛന്റെ പേരിലായിരുന്നു രജിസ്‌ട്രേഷന്‍. ഞങ്ങള്‍ തന്നെ ഉള്ളടക്കത്തനുള്ള മാറ്ററുണ്ടാക്കും. തിരുവനന്തപുരത്തു നടക്കുന്ന സിനിമാചിത്രീകരണങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യും. അഭിമുഖങ്ങള്‍ ചെയ്യും...പരസ്യം പിടിക്കുന്ന ഉത്തരവാദിത്തവും ഞങ്ങള്‍ പിള്ളേര്‍ക്കു തന്നെ. തലസ്ഥാനത്ത് ഓഫീസുള്ള നിര്‍മ്മാണ-വിതരണക്കാരെ ഒക്കെ ചെന്നു കണ്ട് പരസ്യം ചോദിച്ചിട്ടുണ്ട്. പറ്റിച്ചവരാണേറെ. പനവിള ജംക്ഷനില്‍ അപ്പച്ചിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്‌നൈറ്റ് മൂവീസാണ് ഏറ്റവും കൂടുതല്‍ പറ്റിച്ചത്. പിളേളരല്ലേ സിനിമയിലെ തട്ടിപ്പുകളൊന്നുമറിയില്ല. പറ്റിക്കാന്‍ എളുപ്പം. എന്നാല്‍ ചെന്നു ചോദിച്ചപ്പോള്‍ തന്നെ പരസ്യം തന്ന് പിന്തുണച്ചവരുമുണ്ടായിരുന്നു അവരില്‍ ഏറ്റവും നന്നായി സഹകരിച്ചത്, തൈയ്ക്കാട് ഇപ്പോള്‍ നീലഗിരി സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നതിന് നേരെ എതിരേ, എം.ജി രാധാകൃഷ്ണന്റെ കുടുംബവീടിനോട് ചേര്‍ന്ന അമ്മന്‍ കോവിലിന്റെ പിന്നിലായി ഒരു പഴയ മട്ടിലുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്തിരുന്ന ഗാന്ധിമതി ഫിലിംസിന്റെ ഉടമ ഗാന്ധിമതി ബാലന്‍ ആയിരുന്നു. അദ്ദേഹത്തെ ആദ്യം ചെന്നു കാണുന്നത് ഇന്നെന്ന പോലെ ഓര്‍മ്മയുണ്ട്. ഞങ്ങള്‍ മൂന്നു ചെറുപ്പക്കാര്‍ മാസികയും താരീഫുമൊക്കെയായി അദ്ദേഹത്തെ ചെന്നു കാണുന്നു. സ്വാഗതം എന്ന സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്ന കാലമാണെന്നാണോര്‍മ്മ. ഇന്ന് നിലവിലില്ലാത്ത വഴുതയ്ക്കാട് ഗവ വിമന്‍സ് കോളജിനെതിര്‍വശത്തുണ്ടായിരുന്ന മാഗ്നെറ്റ് ഹോട്ടലില്‍ നടന്ന ചിത്രീകരണം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതും കൊണ്ടാണ് പോയി കാണുന്നത്. അന്ന് ഞങ്ങളവിടെ അദ്ദേഹത്തെ കാണാനിരിക്കെ ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് രാഷ്ട്രീയക്കാരനെ പോലെ തോന്നിക്കുന്ന ഒരെല്ലിച്ച ചെറുപ്പക്കാരന്‍ മറ്റേതോ മാസികയ്ക്കു വേണ്ടി വളരെ പരിചതന്‍ എന്നോണം അദ്ദേഹത്തോട് പരസ്യക്കാര്യം സംസാരിക്കുന്നുണ്ടായിരുന്നു. കോഴിക്കോട്ട് നിന്നിറങ്ങുന്ന ഫിലിം നൈറ്റിന്റെ തിരുവനന്തപുരം ലേഖകന്‍ ശാന്തിവിള ദിനേശ് ആയിരുന്നു അതെന്ന് അവരുടെ സംഭാഷണത്തില്‍ നിന്നാണ് മനസിലായത്. തുടക്കക്കാരായിരുന്നിട്ടും വിദ്യാര്‍ത്ഥികളായിട്ടും, ഇതര പ്രസിദ്ധീകരണങ്ങളുടെ അച്ചടി നിലവാരമൊന്നുമില്ലാഞ്ഞിട്ടും (ട്രെഡില്‍, റോട്ടറി പ്രസില്‍ ബ്‌ളോക്കെടുത്ത് അച്ചടിച്ച രൂപത്തിലുള്ളതായിരുന്നു ഞങ്ങളുടെ മാസിക) ഞങ്ങളോട് സമഭാവനയോടെ സംസാരിച്ചു എന്നു മാത്രമല്ല, അന്നത്തെ കാലത്ത് വളരെ വലിയ ഒരു തുകയ്ക്കുള്ള പരസ്യവും അദ്ദേഹം ഞങ്ങള്‍ക്കു തന്നു. 

പിന്നീട് ബാലനെ കാണുന്നത് കുറച്ചു മാസങ്ങള്‍ക്കു ശേഷം പദ്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി-സുമലത - സുരേഷ്‌ഗോപി-നെടുമുടി വേണു കോമ്പിനേഷനിലുള്ള  ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന ചിത്രത്തിന്റെ സെറ്റിലാണ്. സിബിഐ ഡയറിക്കുറിപ്പ് രണ്ടാം ഭാഗമായ ജാഗ്രതയുടെ ചിത്രീകരണവേളയില്‍ ശ്രീ മമ്മൂട്ടിയുമായി ഒരഭിമുഖത്തിന് ഞങ്ങള്‍ സമീപിച്ചിരുന്നു. അന്ന് നാനയുമായുണ്ടായ ഒരസ്വാരസ്യത്തെത്തുടര്‍ന്ന് പത്രങ്ങള്‍ക്ക് അഭിമുഖം നല്‍കണ്ട എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. എഴുതിത്തയ്യാറാക്കിയ ഞങ്ങളുടെ ചോദ്യങ്ങള്‍ വായിച്ച് സംഗതി കൊള്ളാം എന്നും അദ്ദേഹം പറഞ്ഞു. കൃത്യം ഒരു വര്‍ഷത്തിനു ശേഷമാണ് തണുത്തവെളുപ്പാന്‍കാലത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് നടക്കുന്നത്. ഗാന്ധിമതിയായിരുന്നു നിര്‍മ്മാണം. അപ്പോഴേക്ക് മമ്മൂട്ടി അഭിമുഖങ്ങള്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. പഴയ ചോദ്യങ്ങളുമായി ഞങ്ങളദ്ദേഹത്തെ ക്‌ളിഫ് ഹൗസിനു പിന്നിലെ സിനിമാസെറ്റില്‍ പോയി കണ്ടു. വൈകിട്ട് ട്രിവാന്‍ഡ്രം ക്‌ളബില്‍ ഒരു പാര്‍ട്ടി സീനുണ്ട് അവിടെ വരാനായിരുന്നു കല്‍പന. ഞങ്ങളവിടെ ചെന്നു. സുബ്രഹ്‌മണ്യം ഹാളിലാണ് പാര്‍ട്ടി. അവിടെത്തന്നെയാണ് ചിത്രീകരണം. ഒരുപാട് പൈസ മുടക്കി ക്‌ളബംഗങ്ങള്‍ക്ക് പാര്‍ട്ടി ഒരുക്കിയിരിക്കുകയാണ് ബാലന്‍. ചിത്രീകരണത്തിന്റെ ഇടവേളയില്‍ മുന്‍വശത്തെ താത്കാലിക കാര്‍പ്പോര്‍ച്ചിരുന്ന മമ്മൂട്ടി ഞങ്ങളുമായി സംസാരിച്ചു തുടങ്ങി. ഞങ്ങളുടെ ചോദ്യങ്ങളില്‍ രസം പിടിച്ച അദ്ദേഹം ആഴത്തില്‍ തന്നെ സംസാരിച്ചു.  കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു തവണ ബാലന്‍ ഞങ്ങള്‍ക്കരികിലൂടെ വന്ന് നോക്കിയിട്ടു പോകുന്നതു കണ്ടു. അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാള്‍ വന്ന് സെറ്റ് റെഡി എന്നു പറഞ്ഞു. ഇതാ വരുന്നു എന്നു പറഞ്ഞ മമ്മൂട്ടി ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത് പൂര്‍ത്തിയാക്കുന്ന രസത്തിലാണ്. വീണ്ടും വൈകിയപ്പോള്‍ മുറുമുറുത്തുകൊണ്ട് ബാലന്‍ വന്ന് മമ്മൂട്ടിയുടെ ഒരു വശത്ത് നില്‍പ്പായി. അഭിമുഖം എഴുതിയെടുക്കുന്നത തിരക്കിനിടെ മുഖമുയര്‍ത്തി നോക്കുന്ന ഞങ്ങളതു വ്യക്തമായി കണ്ടു, ബാലന്‍ ഞങ്ങളെ നോക്കി പല്ലിറുമുകയാണ്. ഇയാളെന്താ ഇങ്ങനെ തൂറാന്‍മുട്ടുന്ന പോലെ വന്നു നില്‍ക്കണത്, എന്ന ശരി മക്കളെ നമുക്ക് നാളെ രാവിലെ ഹോട്ടല്‍ മുറിയില്‍ വച്ചിതുതീര്‍ക്കാം എന്നും പറഞ്ഞ് മമ്മൂട്ടി ഷോട്ടെടുക്കാന്‍ എഴുന്നേറ്റു പോയി. ഞങ്ങള്‍ ബാലനോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആര്‍ദ്രനായി. ഏയ് ക്ഷമയൊന്നും പറയണ്ട. നിങ്ങള്‍ടെ കുഴപ്പവുമല്ല. അദ്ദേഹം പറഞ്ഞിട്ടല്ലേ നിങ്ങള്‍ വന്നത്? എന്റെ പ്രശ്‌നം ഇന്നു കൊണ്ടു തന്നെ ഈ പാര്‍ട്ടി സീന്‍ തീര്‍ക്കണം എന്നതാണ്. ക്ഷണിച്ചുവരുത്തിയ അതിഥികളില്‍ പലരും ഭക്ഷണം കഴിഞ്ഞു മടങ്ങിത്തുടങ്ങി. അവര്‍ പോകും മുമ്പേ മമ്മൂട്ടിയുള്ള രംഗം തീര്‍ക്കണം അതുകൊണ്ടാണ്. പിന്നെ, നിങ്ങള്‍ ഭക്ഷണം കഴിച്ചില്ലല്ലോ, കഴിച്ചിട്ടേ പോകാവൂ കേട്ടോ.

വര്‍ഷങ്ങള്‍ക്കു മുമ്പേ കാലത്തിനു മുമ്പത്തെ സിനിമകള്‍ നിര്‍മ്മിച്ച ആളായിരുന്നു ഗാന്ധിമതി ബാനര്‍. ഇന്നിപ്പോള്‍, മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യ കീഴടക്കുമ്പോള്‍ അതിന്റെ മുന്‍ഗാമിയായ ഭരതന്റെ മാളൂട്ടി നിര്‍മ്മിച്ചത് ബാലനാണ്. പാലാരിവട്ടം പാലം അപകടത്തിലായപ്പോഴടക്കം ചര്‍ച്ചാവിഷയമായ കെ.ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം നിര്‍മ്മിച്ചത് ബാലനാണ്. ആ സിനിമയ്ക്കു വേണ്ടി യഥാര്‍ത്ഥത്തില്‍ ഒരു പാലം തന്നെ പണിഞ്ഞ് നാട്ടുകാര്‍ക്ക് സമ്മാനിച്ചത് അക്കാലത്തെ വലിയ വാര്‍ത്തയായിരുന്നു. വേണു നാഗവള്ളി എന്ന സംവിധായകനെ അവതരിപ്പിച്ച നിര്‍മ്മാതാവ്. തലമുറകള്‍ക്കിപ്പുറം മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുന്ന പദ്മരാജന്റെ തൂവാനത്തുമ്പികള്‍, മൂന്നാം പക്കം. നൊമ്പരത്തിപ്പൂവ് തുടങ്ങിയ സിനിമകളുടെയൊക്കെ ഉടയോന്‍. ബാലന്റെ സിനിമകളില്‍ ചിലതൊക്കെ അവയിറങ്ങിയ കാലത്ത് മഹാവിജയങ്ങളായിരുന്നില്ല. പക്ഷേ ഇന്നും പുതുഭാവുകത്വത്തിന്റെ ഇക്കാലത്ത് അവയില്‍പ്പലതും വീണ്ടും വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നു, ആളുകളിഷ്ടപ്പെടുന്നു. ഇന്നിറങ്ങിയിരുന്നെങ്കില്‍ ഓസ്‌ളര്‍ ആകുമായിരുന്നു ഈ തണുത്ത വെളുപ്പാന്‍ കാലത്ത്.

സിനിമയുടെ വാണിജ്യവിജയത്തിനപ്പുറം, നല്ല സിനിമയ്ക്കായി പണം മുടക്കിയ അപൂര്‍വം നിര്‍മ്മാതാക്കളിലൊരാളായിരുന്നു ബാലന്‍. അതുകൊണ്ടാണ് ജനറല്‍ പിക്‌ചേഴ്‌സ്, സുപ്രിയ ഫിലിംസ് തുടങ്ങിയ ബാനറുകള്‍ക്കൊപ്പം ഇരിപ്പിടം നേടിയ ഒരു നിര്‍മ്മാണസ്ഥാപനമായി ബാലന്റെ ഗാന്ധിമതിയും മാറിയത്. ഗാന്ധിമതി സമം ക്വാളിറ്റി എന്നൊരു സൂത്രവാക്യമുണ്ടായിരുന്നു മലയാളസിനിമയില്‍. ഈ നിര്‍മ്മാതാവിന്റെ തീര്‍ത്തും അകാലത്തില്‍ എന്നു തന്നെ പറയാവുന്ന നിര്യാണത്തോടെ അസ്തമിക്കുന്നത് മലയാള സിനിമയെ ആര്‍ജ്ജവത്തോടെ സ്‌നേഹിച്ചിരുന്ന ഒരു സഹയാത്രികനാണ്. ആദരാഞ്ജലികള്‍

Sunday, February 25, 2024

സമാന്തരസിനിമയുടെ കാതല്‍

 Deshabhimani daiy 26 Feb 2024

അതുവരെയുള്ള കാഴ്ച ശീലങ്ങളെയും പതിവുകളെയും നിരാകരിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ ലര്‍ക്കാന സ്വദേശിയായ 1972ല്‍ കുമാര്‍ സഹാനി എന്ന പേര് ഇന്ത്യന്‍ സിനിമയില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെടുന്നത്.ബോംബെ സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിക്കഴിഞ്ഞ് ഫിലിം ആന്‍ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫി ഇന്ത്യയില്‍ തിരക്കഥയും സംവിധാനവും പഠിച്ചിറങ്ങിയ കുമാറിന് സിനിമ തന്നെ രാഷ്ട്രീയമായതില്‍ അദ്ഭുതമില്ല. രാഷ്ട്രീയമില്ലാത്ത സിനിമയും അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതിഹാസമായിരുന്ന ഋത്വിക് ഘട്ടക്കിന്റെ ശിഷ്യത്വം സ്വീകരിച്ച് സ്‌കോളര്‍ഷിപ്പോടെ ഫ്രാന്‍സിലെത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ദെ ഹൗട്ടെ എറ്റിയൂഡ് സിനിമറ്റോഗ്രഫിക്ക്‌സില്‍ സിനിമയില്‍ ഉന്നത പഠനം  പൂര്‍ത്തിയാക്കി വിഖ്യാതനായ റോബര്‍ട്ട് ബ്രസന്റെ എ ജന്റില്‍ വുമന്‍ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായ കുമാര്‍ സഹാനിയില്‍ നിന്ന് കേവലമൊരു റൊമാന്റിക് സിനിമയുണ്ടായാലായിരുന്നു അദ്ഭുതം. എന്നാല്‍ മായാദര്‍പ്പണ്‍, ഇന്ത്യന്‍ പ്രേക്ഷകന് ഷോക്ക് ചികിത്സയായിരുന്നു. സിനിമയെന്നാല്‍ സകലകലകളുടെയും സമന്വയമെന്ന ധാരണയില്‍ നിന്ന് റേയിലൂടെ, അടൂരിലൂടെയൊക്കെ ഇന്ത്യന്‍ സിനിമ അതിന്റെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനിടെ, ഘടനാപരമായ പരീക്ഷണമെന്ന നിലയ്ക്കാണ് നവതരംഗ ഇന്ത്യന്‍ സിനിമയില്‍ മായാദര്‍പ്പണ്‍ ശ്രദ്ധേയായത്. അതിനു മുമ്പേ മന്മദ് പാസഞ്ചര്‍, റെയല്‍സ് ഫോര്‍ ദ് വേള്‍ഡ്, ഒബ്ജക്ട് പോലുള്ള ഹ്രസ്വചിത്രങ്ങളെടുത്തിരുന്ന കുമാറിന്റെ ആദ്യ കഥാസിനിമ, നിര്‍മ്മല്‍ വര്‍മ്മയുടെ കഥയെ ആസ്പദമാക്കിയ മായാദര്‍പ്പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡും നേടി.

സിനിമ കുമാറിന് കഥ പറയാനുള്ള ഉപാധി മാത്രമായിരുന്നില്ല. കാലത്തെയും ചരിത്രത്തെയും തന്നെ കൊത്തിവയ്ക്കാനുള്ള തട്ടകമായിരുന്നു. സിനിമയിലെ വെളിച്ചത്തിന്റെ വിനിയോഗത്തെപ്പറ്റി ഒരിക്കല്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'ഇന്ത്യയിലെ പച്ചയല്ല വിദേശങ്ങളിലെ പച്ച. ഇന്ത്യയിലെ കാറ്റല്ല വിദേശങ്ങളിലെ കാറ്റ്.അതുകൊണ്ടുതന്നെ എനിക്ക് സിനിമയുടെ സ്ഥലകാലങ്ങള്‍ അത്രമേല്‍ പ്രധാനപ്പെട്ടതാണ്.കണ്ണുകളെ വഞ്ചിക്കാനുള്ളതല്ല എനിക്കു സിനിമ, മനുഷ്യ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതും അവന്റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നതുമാവണം സിനിമ. കുമാര്‍ സഹാനിയുടെ സിനിമാ സങ്കല്‍പമെന്തായിരുന്നു എന്നതിന് ഇതിലപ്പുറമൊരു വിശദീകരണം ആവശ്യമില്ല.

കഥാ-കഥേതരസിനിമകളെ ഒരുപോലെ പ്രണയിച്ച കുമാര്‍സഹാനി കഥാചിത്രങ്ങള്‍ക്കിടയിലുള്ള ഇടവേളകളില്‍ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമെടുത്തു. 1972 2004 വരെയുള്ള സര്‍ഗവര്‍ഷങ്ങളില്‍ വെറും അഞ്ച് കഥാസിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതില്‍ ണോല്‍ പാലേക്കര്‍, സ്മിത പാട്ടില്‍ ഓം പുരി, ഗിരീഷ് കര്‍ണാട് എന്നിവരഭിനയിച്ച തരംഗ് (1984) ദേശീയ ജൂറിയുടെ പ്രത്യേക പുരസ്‌കാരവും, രജത് കപൂറും മിത വശിഷ്ഠും അഭിനയിച്ച ഖായല്‍ ഗാഥ (1989) റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഫിപ്രസി അവാര്‍ഡും, എം.കെ.റെയ്‌ന, ശത്രുഘ്‌നന്‍ സിന്‍ഹ, രഘുബീര്‍ യാദവ്, മിത വശിഷ്ഠ് എന്നിവരഭിനയിച്ച കസ്ബ (1991) ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. 1991ല്‍ കേളൂചരന്‍ മഹാപാത്രയെപ്പറ്റി നിര്‍മ്മിച്ച ഒറിയ ഡോക്യൂമെന്ററി ഭാവന്തരണ മികച്ച ജീവചരിത്ര സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും നേടി.

എഴുപതുകളില്‍ ഉദയം കൊണ്ട് എണ്‍പതുകളില്‍ കരുത്തുപ്രാപിച്ച ഇന്ത്യന്‍ സമാന്തര സിനിമാധാരയുടെ നട്ടെല്ലിന്റെ കശേരുക്കളിലൊന്നായിരുന്നു കുമാര്‍ സഹാനി. സ്വതവേ ഉള്ള മിതഭാഷിത്തം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമകളും. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരുന്നു ജീവിതത്തിലെന്നോണം സിനിമകളിലും അദ്ദേഹം വച്ചുപുലര്‍ത്തിയത്. 2019ല്‍ കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരിക്കെ, മികച്ച ചിത്രത്തിന്റെ സംവിധായകന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കാത്തതില്‍ തന്റെ പ്രതിഷേധം തുറന്നു പറയാന്‍ മടിക്കാത്ത കുമാര്‍ അവാര്‍ഡ നിശയില്‍ നിന്നു വരെ വിട്ടുനില്‍ക്കാന്‍ മടിച്ചില്ല. തന്റെ ശരിക്കു വേണ്ടി അവസാനം വരെ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് മറുത്തൊന്നു ചിന്തിക്കേണ്ടി വന്നില്ല.വ്യവസ്ഥാപിത സിനിമയോടു മാത്രമല്ല അദ്ദേഹം കലഹിച്ചത്.സ്വയം കലഹിച്ചുകൊണ്ട്, തന്നെ തന്നെ ആവര്‍ത്തിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ച പ്രതിഭാധനനായിരുന്നു കുമാര്‍ സഹാനി.


Sunday, February 18, 2024

ഭ്രമയുഗം എന്റെ കണ്ണില്‍

ഹൊറര്‍ മോഡില്‍ ഉഗ്രമൂര്‍ത്തിയായ ചാത്തനെയും കൊടുമണ്‍ പോറ്റിയേയും യക്ഷിയേയും ഒക്കെ ചുവടുപിടിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ കഥ പറഞ്ഞ രാഹുല്‍ സദാശിവന്‍ പുതുതലമുറ ചലച്ചിത്രകാരന്മാരില്‍ ഭാവനകൊണ്ടും സാങ്കേതികവൈദഗ്ധ്യം കൊണ്ടും മികച്ച സംവിധായകനാണ്, തിരക്കഥാകൃത്തും. യക്ഷിയും യക്ഷി പിടിക്കുന്ന മണികണ്ഠന്‍ ആശാരിയുമടക്കം അഞ്ചേയഞ്ചു കഥാപാത്രങ്ങളെ വച്ച് ഒരൊറ്റ ലൊക്കേഷനില്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റില്‍ രാഹുല്‍ കൈകാര്യം ചെയ്ത മാധ്യമം അദ്ദേഹത്തിന്റെ ഉള്ളംകയ്യിലെന്നോണം സുരക്ഷിതമായിട്ടുണ്ട്. മമ്മൂട്ടിയുടേയും അര്‍ജ്ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയുമൊക്കെ പ്രകടനവും നന്നായി. പക്ഷേ എനിക്കീ സിനിമ മറ്റൊരു തലത്തിലാണ് അനുഭവവേദ്യമായത്. കെട്ടുകഥയ്ക്കും മിഥ്യയ്ക്കുമപ്പുറം വളരെയേറെ രാഷ്ട്രീയപരമാണീ സിനിമ എന്നാണ് എന്റെ അഭിപ്രായം.വളരെ ഗൗരവമുള്ള രാഷ്ട്രീയ വായന ഈ സിനിമ അര്‍ഹിക്കുന്നുണ്ട്. ചിത്രത്തില്‍, പകിട കളിച്ച് മമ്മൂട്ടിയുടെ പ്രധാന കഥാപാത്രത്തെ (അതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഒരു രസംകൊല്ലിയാവുന്നില്ല ഞാന്‍),രണ്ടാമതും തോല്‍പിച്ച് മന വിട്ടുപോകാന്‍ അനുമതി തേടുന്ന അര്‍ജുനന്റെ പാണനോട് പറയുന്നൊരു ഡയലോഗുണ്ട്. നിനക്ക് ഇവിടം വിട്ടു പോകാന്‍ രണ്ടാമതൊരു അവസരമില്ല. (ആദ്യാവസരത്തില്‍ പന്ത്രണ്ടു വീണാല്‍ തോല്‍ക്കുമെന്നുള്ളപ്പോള്‍ പതിനൊന്നു വീഴ്ത്തിയ പകിട കണ്‍കെട്ടിലൂടെ പന്ത്രണ്ടാക്കി മാറ്റിയാണ് പോറ്റി തോല്‍പ്പിക്കുന്നതു തന്നെ) വോട്ടെടുപ്പിലെ സംഖ്യകളുമായി ഇതിനെ ചേർത്തൊന്നു വായിച്ചു നോക്കുക. എത്ര സമർത്ഥമായാണയാൾ ബാലറ്റ് തിരുത്തുന്നത്! അധികാരവും അധികാര ചിഹ്നങ്ങളായ മോതിരവും അധികാരത്തിന്റെ സുഖലോലുപതകളും (പെണ്ണും -യക്ഷി, മദ്യവും) എല്ലാം ആവോളം നുകരുന്ന, തനിക്കെതിരേ നില്‍ക്കുന്ന ആരെയും നിര്‍ദ്ദയം കൊന്നുവീഴ്ത്തുന്ന ഫാസിസ്റ്റ് ഏകാധിപതിയാണ് പോറ്റി. ജനാധിപത്യത്തെ മച്ചിൽ ചങ്ങലയിട്ട് പൂട്ടിക്കൊണ്ടാണ് അയാളുടെ മർദ്ദിത ഭരണം.1920ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ എക്‌സ്പ്രഷനിസ്റ്റ് സിനിമയായ ദ ക്യാബിനെറ്റ് ഓഫ് ഡോ കാലിഗരിയുടെ ഓര്‍മ്മകളാണ് ഭ്രമയുഗം കണ്ടപ്പോള്‍ തികട്ടിവന്നത്. നിഷ്ഠുരമായ ഏകാധിപത്യത്തിന്റെ പ്രതിബിംബമായി കാലിഗരിയെ അവതരിപ്പിച്ചതുപോലെയാണ് പോറ്റിയെ ഭ്രമയുഗത്തില്‍ അവതരിപ്പിക്കുന്നത്. പ്രധാനമായി അധികാരമാണ് അയാളെ മേളാളനാക്കുന്നതും മറ്റുള്ളവരെ കീഴാളരും ആശ്രിതരുമാക്കുന്നത്. അതാവട്ടെ അവരുടെ ഗതികേടുകൊണ്ടു സംഭവിക്കുന്നതുമാണ്. ആ ഗതികേടാവട്ടെ, അധികാരം അവരില്‍ മനഃപൂര്‍വം അടിച്ചേല്‍പ്പിക്കുന്നതുമാണ്. രക്ഷപ്പെടാന്‍ അവര്‍ക്കുമുന്നില്‍ മാര്‍ഗ്ഗങ്ങള്‍ വേറെയില്ല. രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട പാണന്‍ പരിഭവം പറയുമ്പോള്‍ പാചക്കാരന്‍ പറയുന്നൊരു ഡയലോഗുണ്ട്. അതിന് ആരും നിന്നെ ഇങ്ങോട്ടു ക്ഷണിച്ചിട്ടു വന്നതല്ലല്ലോ. നീ സ്വയം കയറിവന്നതല്ലേ? ഏകാധിപത്യ ഫാസിസ്റ്റുകളെ തെരഞ്ഞെടുക്കുന്ന സാധാരണക്കാരന്‍ അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. പക്ഷേ പുറത്തുകടക്കാന്‍ പഴുതില്ലാത്തൊരു അധികാരദുര്‍ഗത്തിലേക്കാണ് അതവനെ കൊണ്ടെത്തിക്കുന്നത്. അടൂരിന്റെ വിധേയനിലെ തൊമ്മിയും പട്ടേലരും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണത പാചകക്കാരനും പാണനും പോറ്റിയുമായുള്ള ബന്ധത്തിലുണ്ട്‌. പോറ്റിയെ വീഴ്ത്താന്‍ കച്ചകെട്ടി ഇറങ്ങുന്ന പ്രതികാര ദാഹിയായ പാചകക്കാരന്‍ പാണനു നല്‍കുന്ന മുന്നറിയിപ്പിങ്ങനെ: അയാള്‍ പറയുന്നതൊന്നും നീ വിശ്വസിക്കരുത്.പച്ചക്കളളമാണ് അയാള്‍ പറയുക. അതില്‍ വീണുപോയാല്‍ പിന്നെ നിന്നെ രക്ഷിക്കാനെനിക്കാവില്ല. വാസ്തവാനന്തരകാലത്തെ വ്യാജവാര്‍ത്തകളുടെ വ്യാപനം മുന്‍നിര്‍ത്തി ആഴത്തിലൊരു വായനയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട് ഭ്രമയുഗം. എന്നാല്‍ ചിത്രത്തിന്റെ പോരായ്മയായി തോന്നിയത് ടിഡി രാമകൃഷ്ണന്റെ സംഭാഷണങ്ങളില്‍ തീരേ കാലികമായ ചിലത് ആധുനിക പ്രേക്ഷകന്, മന്ത്രതന്ത്രങ്ങളോ പതിനേഴാം നൂറ്റാണ്ടിലെ കേരളീയ ജീവിതമോ അറിയാത്തവര്‍ക്ക് തലയ്ക്കു മുകളിലൂടെ പോകുന്നതായി എന്നതാണ്. ഇനിയൊന്ന് പാചകപ്പുരയില്‍ സിദ്ധാര്‍ത്ഥ ഭരതന്റെ കഥാപാത്രം ഉണ്ടാക്കുന്ന പലതും എന്താണെന്നോ അതിന്റെ പ്രസക്തിയെന്തെന്നോ, വിശേഷിച്ച് കറുപ്പിലും വെളുപ്പിലും തിരിച്ചറിയാനാവാതെ പോയി. ഒരു പക്ഷേ ഒടിടിയില്‍ ഉപശീര്‍ഷകമുണ്ടായാല്‍ മനസിലാകുമായിരിക്കും. പക്ഷേ പച്ചമലയാളിക്ക് ഇവ കുറച്ച് അന്യമായി പോയി. #bhramayugam

Wednesday, December 13, 2023

ലോകേഷ് യൂണിവേഴ്‌സിലെ ബ്‌ളാക്ക് ഹോളുകൾ

samakalika malayalam december 15 issue
എ.ചന്ദ്രശേഖർ


പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര പ്രതിഭാസങ്ങളിലൊന്നാണ് ഡാർക്ക് മോഡ്. ജീവിതത്തിൽ സാധാരണമല്ലാത്തവിധം അയഥാർത്ഥമായതും എന്നാൽ വിർച്വൽ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്താൽ, സ്വേച്ഛ പ്രകാരം ആരെയും എത്ര ക്രൂരമായും കൊന്നൊടുക്കി വിജയിക്കാനാവുന്നതുമായ കംപ്യൂട്ടർ/ഓൺലൈൻ ഗെയിമുകളും മണി ഹെയ്സ്റ്റ് പോലുള്ള വെബ് പരമ്പരകളും, ഡാർക്ക് വെബിൽ അരങ്ങേറുന്ന സമാന്തര അധോലോകവും, അവിടെ സാധാരണമെന്നോണം നടക്കുന്ന ചൈൽഡ്/ ഡ്രഗ് ട്രാഫിക്കിങും ചൈൽഡ് പോൺ സെർച്ചും, ബ്‌ളൂവെയ്ൽ പോലുള്ള അപകടകരമായ ടാസ്‌ക് ഗെയിമുകളും ഒക്കെ ഈ പ്രതിഭാസത്തിന്റെ ഉപോൽപ്പന്നങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. കുട്ടികൾക്കായി ഉദ്ദേശിച്ച് രചിക്കപ്പെട്ട മാർവൽ വേഴ്‌സിലെ സൂപ്പർഹീറോകൾ വരെ അവരുടെ ഇരുണ്ട മറുവശമായോ ഇരുളിന്റെ അവതാരങ്ങൾ ആയോ പുനരവതരിക്കുന്നു. യഥാതഥത്വത്തിന്റെ കാര്യത്തിൽ കാൽപനികതവിട്ട് കൂടുതൽ ഞെട്ടിപ്പിക്കുന്നതും നിറം ചേർക്കാത്തതുമായ യാഥാർത്ഥ്യങ്ങളിലേക്ക് കലാവീക്ഷണം നീങ്ങുന്നുവെന്നതിനൊപ്പം, സഹിഷ്ണുതയ്ക്കുപരി കലാവിഷ്‌കാരങ്ങളിലെങ്കിലും പല്ലിനു പല്ല് എല്ലിന് എല്ല് എന്ന മുദ്രാവാക്യം ആധുനികോത്തരാനന്തര ചുവരെഴുത്താവുന്നു. സ്വന്തം നിലനിൽപ്പിനു വേണ്ടി ആരെയും കൊല്ലാമെന്നും എന്തും ചെയ്യാമെന്നുമുള്ള ദർശനം

സ്വാർത്ഥമെന്ന നിർവചനത്തിൽ നിന്നു പുറത്താവുകയും, അത് അതിജീവനത്തിന്റെ മുദ്രാവാക്യമാവുകയും ചെയ്യുമ്പോൾ, കൊന്നാൽ പാപം തിന്നാൽ തീരും എന്ന മട്ടിൽ വയലൻസ് ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു. ലോകസിനിമയിൽ ഡാനിഷ് സംവിധായകൻ ലാർസ് വോൺ ട്രെയറുടെ ഏറെ ഘോഷിക്കപ്പെട്ട ദ് ഹൗസ് ദാറ്റ് ജാക്ക് ബിൽറ്റിലും (2018), കിം കി ഡുക്കിന്റെ ഹംസഗീതമായ ഹ്യൂമൻ സ്‌പെയ്‌സ് ടൈം ആൻഡ് ഹ്യൂമനിലും ഒക്കെ ആഘോഷിക്കപ്പട്ട മുൻമാതൃകകളില്ലാത്ത വയലൻസ് ഈ വാസ്തവാനന്തര കലാസ്വാദനത്തിലും കലാവിഷ്‌കാരത്തിലും ഉണ്ടായ പുത്തൻ പ്രവണതയുടെ മകുടോദാഹരണമത്രേ.

ഉത്തരാധുനികതയ്ക്കുമപ്പുറം, വാസ്തവാനന്തര കലയിലും സാഹിത്യത്തിലുമെന്നോണം സിനിമയിലും പ്രകടമായ അമിത വയലൻസും അധോമണ്ഡലാഖ്യാനങ്ങളും, സൈക്കഡലിക്ക് അതിഭൗതികതയും, മാജിക്കൽ റിയലിസവുമെല്ലാം വളരെയേറെ പ്രതിഫലിക്കപ്പെടുന്ന ദൃശ്യാവതരണങ്ങളാണ് ഇവരുടെ സിനിമകൾ. പരമ്പരാഗത ഹോളിവുഡ് സിനിമ മുതൽ, ഇന്ത്യൻ വാണിജ്യ മുഖ്യധാരാ സിനിമ വരെ വെളുപ്പ്/കറുപ്പ്, വെളിച്ചം/ഇരുട്ട്, നന്മ/തിന്മ എന്നീ ദ്വന്ദ്വങ്ങളിൽ പ്രതിഷ്ഠിച്ച് അവതരിപ്പിച്ച നായക/പ്രതിനായക പരിവേഷങ്ങളെ കലക്കിമറിച്ച് സകല ഇരുട്ടും തിന്മയും കറുപ്പും ഉൾക്കൊളളുന്ന അതിനായകന്മാരെയും നായികമാരെയും അവതരിപ്പിക്കുന്ന ശൈലിയാണ് നവസിനിമയുടേത്. ഇത് ലോകത്തെമ്പാടുമുള്ള സിനിമയടക്കുമുള്ള സാംസ്‌കാരികസൃഷ്ടികളിലെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രകടവുമാണ്. വ്യവസ്ഥാപിത സങ്കൽപങ്ങളുടെ പൊളിച്ചടുക്കലായും സമൂഹനിർമ്മിത വിഗ്രഹങ്ങളുടെ ഭഞ്ജനമായും ഈ പ്രവണത വിശേഷിപ്പിക്കപ്പെടുന്നുമുണ്ട്. പകലോ രാത്രിയോ എന്നു കൃത്യമായി വിവേചിക്കപ്പെടാനാവാത്ത സങ്കീർണമായ മനുഷ്യമനസുകളുടെ കുറേക്കൂടി സത്യസന്ധവും ആത്മാർത്ഥവും, വെള്ളം ചേർക്കാത്തതുമായ ആവിഷ്‌കരണം എന്ന നിലയ്ക്കാണ് ഭ്രമാത്മകമെന്നു നിർവചിക്കപ്പെടാവുന്ന സാന്ദ്രതയേറിയ അക്രമാസക്തിയും തുറന്ന ലൈംഗികതയുമെല്ലാം ചലച്ചിത്രമടക്കമുള്ള മാധ്യമങ്ങളിൽ പരക്കെ പ്രത്യക്ഷീകരിക്കപ്പെടുന്നത്.

ഇന്ത്യൻ സിനിമയിൽ ഡാർക്ക്‌മോഡിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി കണക്കാക്കാവുന്ന ലോകേഷ് കനകരാജിന്റെ സമീപകാല തമിഴ് ചിത്രങ്ങളിലെ ഇരുൾസ്ഥലികളുടെ ആവിഷ്‌കാരങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഉൾച്ചേർന്നിട്ടുള്ള പ്രശ്‌നങ്ങളും പ്രഹേളികകളും അന്വേഷിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ പരിശ്രമം.

ധീരമെന്നോ ബ്രില്ല്യൻസ് എന്നോ ഒക്കെയാണ് ലോകേഷ് ചിത്രങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ  ആരാധകർആഘോഷമാക്കുന്നത്. ലോകേഷ് യൂണിവേഴ്‌സ് എന്നു തന്നെ ബ്രാൻഡ് കൽപിച്ചു കൊടുത്തൊക്കെയാണ് ഈ ആഘോഷം. കെ.ജി.ജോർജ്ജിന്റെ ഇരകൾ കാണാതെ, കോവിഡ് കാലത്തു പുറത്തിറങ്ങിയ ജോജിയിലെ ബ്രില്യൻസിനെ ആഘോഷിച്ചതു പോലെയെ ഇതിനെ കണക്കാക്കേണ്ടൂ. 

ലോകേഷ് സിനിമകളിലെ വയലൻസിന്റെ കാര്യമെടുക്കാം. അധോലോകത്തിലെ സമൃദ്ധമായ ആൾക്കൂട്ടത്തിനെതിരേ ഒറ്റയ്ക്കു നിന്ന് അടരാടുന്ന നായകകർതൃത്വമാണ് ലോകേഷ് സൃഷ്ടിച്ചിട്ടുള്ളവരെല്ലാം.പ്രതിനായക സ്ഥാനത്തു നിർത്തിയിട്ടുള്ള കൊടും ക്രൂരരും ശൂരരുമായ വില്ലന്മാർക്കാണ് ആയുധബലവും കൊണ്ടും സംഘബലവും. മയക്കുമരുന്നു മുതൽ മാംസവ്യാപരവും ചെകുത്താൻ സേവയും വരെ ശീലമാക്കിയിട്ടുള്ള ഈ കൊടുംവില്ലന്മാർക്ക് വലിയൊരു സാമ്രാജ്യം തന്നെ സ്വന്തവുമാണ്. നിയമപാലകർക്കുപോലും അവരെ വണങ്ങിയല്ലാതെ നിലനിൽപ്പില്ല. കറിക്കത്തി മുതൽ മിസൈൽ തോക്കുവരെ നീളുന്ന ആയുധശേഖരങ്ങളാണ് അവരുടെ മടകൾ. പക്ഷേ...

ഈ പക്ഷേയിലാണ് ലോകേഷ് കനകരാജിന്റെ വ്യാജപരികൽപനകളുടെ ചെമ്പു പുറത്താവുന്നത്. സർഫസ് ടു സർഫസ് മിസൈൽ ലോഞ്ചു വരെ സ്വന്തമായുളള അന്താരാഷ്ട്ര അധോലോകനേതാവോ സംഘാംഗമോ ഒക്കെയായി ചിത്രീകരിക്കപ്പെടുന്ന ലോകേഷ് വില്ലന്മാരും ഭൂതഗണങ്ങളും നായകന്മാരോട് ഏറ്റുമുട്ടുമ്പോൾ നീണ്ടു നിൽക്കുന്ന സംഘട്ടനരംഗങ്ങളിലേറെയും ഉപയോഗിച്ചു കാണുന്നത് കമ്പിപ്പാരയും, വെട്ടിരുമ്പും, കൊട്ടുവടിയും സൈക്കിൾ ചെയിനും തൊട്ട് കോടാലിയും ചമ്മട്ടിയും വരെയുള്ള നാടൻ ആയുധങ്ങളാണ്. ഒറ്റ വെടികൊണ്ടോ, ഒരൊറ്റ ഗ്രനേഡു കൊണ്ടോ തീർക്കാവുന്ന സംഗതിക്കാണ് മണിക്കൂറുകൾ മെനക്കെട്ട് പരമ്പരാഗത ആയുധം കൊണ്ടുള്ള ഈ മല്ലിടൽ. അതിവേഗ വന്ദേഭാരത് തീവണ്ടി സർവസാധാരണമാവുന്ന കാലത്ത് യാത്രയ്ക്കു കാളവണ്ടിയെ ആശ്രയിക്കുന്നതുപോലുള്ള അർത്ഥരാഹിത്യമാണിത്. തിരുവനന്തപുരത്ത് അടുത്തിടെ ഒരു സ്‌കൂളിൽ കയറി തന്റെ തൊപ്പിക്കുവേണ്ടി അധ്യാപകരെ വിരട്ടിയ പൂർവവിദ്യാർത്ഥിക്കു തോക്കിന്മേലുള്ള വിശ്വാസം പോലും ലോകേഷ് സിനിമകളിലെ ഗുണ്ടകൾക്കില്ലല്ലോ എന്നതാണ് അതിശയം. എന്നാൽ, ഒരു ചെറുവിരലനക്കം കൊണ്ടുപോലും എന്തുകൊണ്ട് ഈ അയുക്തി എന്ന് പുതുതലമുറ പ്രേക്ഷകർ ചോദ്യം ചെയ്യുന്നില്ല എന്നതാണ് ലോകേഷിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുടെ ഭാഗ്യം. 

തിരുവനന്തപുരത്ത് പൂജപ്പുരയിൽ അടുത്തിടെ ബാറിലെ അഭിപ്രായഭിന്നതിയെത്തുടർന്ന് രാത്രി രണ്ടു സഹോദരങ്ങളെ ഗുണ്ടാസംഘം ആക്രമിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവമുണ്ടായി. മരിച്ചയാളിനെ ഗുണ്ടകളിലൊരാൾ രണ്ടോ മൂന്നോ തവണ അടിക്കുകയും താഴെയിട്ട് ഇഴയ്ക്കുകയും മാത്രം ചെയ്തതായാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാനാവുക. വെറും കൈ കൊണ്ട് രണ്ടാമത്തേയോ മൂന്നാമത്തെയോ തല്ലിൽ റോഡിലേക്കു വീണ ഹതഭാഗ്യൻ ആ വീഴിചയുടെ ആഘാതത്തിൽ തന്നെ തലയോട് പൊട്ടി മരിക്കുകയായിരുന്നു. ഇത് യാതാർത്ഥ്യം ഇനി ലോകേഷ് സിനിമകളിൽ പ്രത്യേകിച്ചും കമ്പോള സിനിമകളിൽ വ്യാപകമായും നടക്കുന്ന ഏറ്റുമുട്ടൽ ദൃശ്യങ്ങൾ പരിശോധിക്കുക. ഭാരവാഹനത്തിന്റെ വീൽറിമ്മും പത്തുകിലോയിൽ കുറയാതെ ഭാരമുള്ള വലിയ ഇരുമ്പു വീപ്പയും മഴുവും കോടാലിയും കൊട്ടുവടിയും കൊണ്ടുള്ള ആയാസപ്പെട്ട മർദ്ദനങ്ങളേറ്റാലും സിനിമയിലെ നായകനും വില്ലനും ഗുണ്ടാപ്പടയും കുറച്ചുകഴിഞ്ഞ് വീണ്ടുമെഴുന്നേറ്റ് വർധിത വീര്യത്തോടെ ഏറ്റുമുട്ടുന്നതു കാണാം. ഇരുളിടങ്ങളുടെ ആവിഷ്‌കാരത്തിൽ പാലിക്കപ്പെടുന്നു എന്ന് അവകാശപ്പെടുന്ന യഥാതഥത്വം പാടെ അവഗണിക്കപ്പെടുകയാണിവിടെ. യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത ഈ രംഗചിത്രീകരണങ്ങളിൽ കയ്യടിക്കുന്നവർ തന്നെയാണ്, തനിക്കു നേരേ പാഞ്ഞുവരുന്ന വെടിയുണ്ടയെ പെരുവിൽ കൊണ്ടു രണ്ടായി പിളർന്ന് തിരികെ വെടിവച്ചവനും അവന്റെ സഹായിക്കും നേരേ തിരിച്ചു വിടുന് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പേരിൽ ആരോപിക്കപ്പെടുന്ന അയഥാർത്ഥ ദൃശ്യകൽപനയെ ട്രോളുന്നത്. ഇതിലെ വൈരുദ്ധ്യമാണ് തിരിച്ചറിയപ്പെടാതെ പോകുന്നത്.

അധോലോക ആൾക്കൂട്ട സൈന്യത്തിനെതിരേ നായകന്റെ ഒറ്റയാൾ പോരാട്ടമെന്ന ലോകേഷ് സിനിമകളിൽ ആവർത്തിക്കപ്പെടുന്ന കഥാസന്ധിയുടെ ചിത്രീകരണമെടുക്കാം. ജോൺ ഹ്യൂസ് എഴുതി ക്രിസ് കൊളമ്പസ് സംവിധാനം ചെയ്ത അമേരിക്കൻ കോമഡി ചിത്രമായ ഹോം എലോണി(1990)ൽ ലിയോയിലേതിനേക്കാൾ മികച്ച തദ്ദേശീയ പ്രാകൃത പ്രതിരോധ തന്ത്രങ്ങൾ കാണിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് തേവർമകൻ, ആളവന്താൻ, അൻപേ ശിവം തുടങ്ങിയ സിനിമകളിൽ കാണിച്ചതിനപ്പുറമുള്ള വയലൻസാണ് ലോകേഷ് ചിത്രങ്ങളിലേത് എന്ന് പറയാനാവില്ല. സിനിമയുടെ വ്യാകരണമറിഞ്ഞ കമൽ വിദഗ്ധനായ പാചകക്കാരന്റെ കൈപ്പുണ്യത്തോടെ വയലൻസിനെ അതിന്റെ ആവശ്യത്തിന് മാത്രം സിനിമയിൽ ചേർത്തപ്പോൾ, ലോകേഷിന്റെ തലമുറ എരിവെപ്പോഴും കൂടി നിൽക്കുന്ന ഷാപ്പിലെ കറിക്കു തുല്യം വയലൻസിന്റെ തോത് കൂട്ടിയെന്നു മാത്രം. എന്നാൽ, രണ്ടായിരത്തിന്റെ ആദ്യപാദത്തിൽ സമുദ്രക്കനിയും, അമീനും, ശശികുമാറും പിന്നീട് വെട്രിമാരനും ആവിഷ്‌കരിച്ച ആദിമ പൈശാചികതയോളം ആഴമുള്ള ഹൈ വോൾട്ടേജ് അക്രമോത്സുകത, ഹെവിഡോസ് വയലൻസിൽ നിന്ന് ലോകേഷിന്റെ സിനിമകൾക്കുള്ള പ്രധാന മാറ്റം അഞ്ചക്ഷരത്തിൽ രേഖപ്പെടുത്താം. ആദ്യം സൂചിപ്പിച്ചവരുടെ ചിത്രത്തിലുള്ളതും ലോകേഷിന്റെ ചിത്രത്തിലെ വയലൻസിൽ ഇല്ലാത്തതുമായ ഒരു വാക്കാണത്-യുക്തി! വെട്രിമാരൻ സിനിമകളിലെ വയലൻസിന് നൈസർഗികതയുണ്ട്. ഇതിവൃത്തത്തിൽ നിന്ന് അടർത്തിമാറ്റാനാവാത്ത യുക്തിയുടെ അഷ്ടബന്ധമുണ്ട്. അതിക്രൂരവും അതിലേറെ ഇരുട്ടുനിറഞ്ഞതുമായൊരു ലോകം കാഴ്ചവച്ച കന്നട ചിത്രമായ കെ ജി എഫ് പരമ്പര പോലും യുക്തിസഹവും വൈകാരികവുമായൊരു സാമൂഹികതലത്തെ ഉൾക്കൊള്ളുന്നുണ്ട്.

ലോകേഷ് ചിത്രങ്ങളിലാവട്ടെ, ആക്ഷൻ ഇഷ്ടപ്പെടുന്ന ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം സകലയുക്തികളെയും ശീതികരണിയിൽ വച്ചശേഷം ദൈർഘ്യമുള്ള സംഘട്ടനരംഗങ്ങൾ ഉൾപ്പെടുത്തിയതായി കാണാം. ഒറ്റവെടിയിൽ തീർക്കാവുന്ന കാര്യങ്ങൾ പേനാക്കത്തിയിൽ തുടങ്ങി വെട്ടിരിമ്പു വരെ ബിൽഡപ്പ് ചെയ്തു വളർത്തുന്നത് രണ്ടു സെക്കൻഡിൽ തീർന്നേക്കാവുന്ന സംഘട്ടനരംഗത്തെ പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടി പത്തുമിനിറ്റ് തികയ്ക്കാൻ വേണ്ടിമാത്രമാണ്. അവിടെ നായകനും വില്ലനും രജനീകാന്തിനേക്കാൾ വലിയ ഗിമ്മിക്കുകൾ കാണിക്കും. മരിച്ചാലും തിരികെ വരും. വീണ്ടും യുദ്ധം ചെയ്യും. വീപ്പകൊണ്ടുള്ള ഏറേറ്റവൻ എഴുന്നേറ്റുനിൽക്കുന്നതെങ്ങനെ എന്ന യുക്തി മയക്കുമരുന്നടിച്ചവന്റെ യുക്തിക്കു സമാനമായി പ്രേക്ഷകന്റെ തലയ്ക്കു(ചിന്തയ്ക്കു) മുകളിൽ നിൽക്കും.

ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ കൈദി മുതൽ അടയാളപ്പെടുന്ന എൽകെ യുണിവേഴ്‌സിന്റെ കഥാതന്തുവിലേക്കു കടക്കാം. നീണ്ട കാലം ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന അത്രയൊന്നും നല്ല ഭൂതകാലമില്ലാത്തൊരു സാധാരണക്കാരൻ. ലോകത്ത് അവശേഷിക്കുന്ന ഏക മകളെ കാണാനുള്ള പുറപ്പാടിൽ അയാൾ ചെന്നെത്തിപ്പെടുന്നത്, വൻ കൊലയാളി അധോലോകത്തെ നേരിടുന്ന പൊലീസിനൊപ്പമാണ്. കൊലയാളി സംഘത്തിന്റെ സംഘബലത്തോടോ ആധുനിക ആയുധ ബലത്തോടോ മത്സരിക്കാൻ കെൽപ്പില്ലാത്ത സർക്കാരിന്റെ പഴഞ്ചൻ 707 തോക്കേന്തിയ പൊലീസുകാർ പക്ഷേ ബുദ്ധികൊണ്ട് ഗുണ്ടകൾക്കെതിരേ പിടിച്ചു നിൽക്കുന്നതും പൊലീസ് സ്റ്റേഷൻ സംരക്ഷിക്കുന്നതും ഒടുവിൽ സ്റ്റേഷൻ വളയുന്ന സംഘത്തെ നായകന്റെ നേതൃത്വത്തിൽ പുല്ലും ആയുധമാക്കി നേരിട്ട് വിജയിക്കുന്നതുമാണ് കഥ. ഇനി കമൽഹാസനെ നായകനാക്കിയ വിക്രമിന്റെ കഥ. സാധാരണക്കാരനായി മകന്റെ മകനെയും ലാളിച്ചു കഴിഞ്ഞുകൂടുന്ന ഒരു മുൻ പൊലീസുകാരൻ ഒരു സുപ്രഭാതത്തിൽ അധോലോകത്തിന്റെ ആക്രമണത്തിൽ മരണപ്പെടുന്നു. പക്ഷേ അയാളുടെ മുൻകാലം തിരഞ്ഞെത്തുന്ന യുവാവായ പൊലീസുകാരനു മുന്നിൽ തെളിഞ്ഞുകിട്ടുന്നത് വളരെ വ്യത്യസ്തമായ മറ്റൊരു ചരിത്രം. അത് രാഷ്ട്രത്തെ രക്ഷിക്കാൻ കച്ചകെട്ടി രഹസ്യദൗത്യത്തിൽ സ്വയം വിന്യസിക്കപ്പെട്ടിട്ടുള്ള പരിശീലനം സിദ്ധിച്ച ചാരസംഘത്തെപ്പറ്റിയുള്ളതാണ്. വിക്രം നേതൃത്വം നൽകുന്ന ആ ചാരസംഘം രാജ്യത്തെ നഗരങ്ങളിൽ വേരോട്ടമുള്ള വൻ മയക്കുമരുന്ന് മാഫിയ സംഘത്തെ കീഴടക്കുന്നതാണ് കഥ. 

വിജയ് യെ നായകനാക്കിയ മാസ്റ്ററുടെ പ്രമേയവും വ്യത്യസ്തമല്ല. വർഷങ്ങൾക്കു മുമ്പ് ലോഹിതദാസ് മുദ്ര എന്ന മമ്മൂട്ടി ചിത്രത്തിൽ ആവിഷ്‌കരിച്ച പ്രമേയത്തിന്റെ ഇരുട്ടുകൂട്ടിയ വേർഷൻ എന്ന് അതിനെ വിശേഷിപ്പിക്കാം. മേമ്പൊടിക്ക്, സാധാരണക്കാരനായ ഒരു കുടിയൻ അധ്യാപകൻ വില്ലന്മാരെ ഉന്മൂലനം ചെയ്യാൻ അസാധാരണമായി ഉയർത്തെഴുന്നേൽക്കുന്ന ലോകേഷിന്റെ സ്ഥിരം കഥയുമുണ്ട്.

ഹിമാചൽ പ്രദേശിൽ സ്വന്തം കൂടുംബവുമായി സ്വസ്ഥമായി ബേക്കറി നടത്തി ജീവിക്കുന്ന നായകന്റെ ജീവിതത്തിലേക്ക് തന്റെ അതിഭയങ്കര പൂർവകാലം തേടിയെത്തുകയാണ് വിജയ് ചിത്രമായ ലിയോയിൽ.  പൂർവാശ്രമത്തിൽ അതിക്രൂര അധോലോകനായകനായിരുന്ന അയാൾ അന്ധവിശ്വാസത്തിലൂന്നിയ മനുഷ്യക്കുരുതിക്കു സ്വന്തം ഇരട്ടസഹോദരിയെ ഇരയാക്കുന്ന പിതാവിനും ഇളയച്ഛനും നേരെ ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി അവരെ നശിപ്പിച്ചെന്നു കരുതി സ്വസ്ഥമായി കഴിയുമ്പോഴാണ് മരണത്തെ അതിജീവിച്ച് പിതാവും പിതൃസഹോദരനും തേടിയെത്തുന്നത്. സ്വന്തം മകനെയും മകളെയും ഭാര്യയെയും അവരുടെ അധോകരങ്ങളിൽ നിന്നു രക്ഷിക്കാനും സ്വന്തം വ്യക്തിത്വം വിദഗ്ധമായി മറച്ചുപിടിക്കാനുമുള്ള അയാളുടെ ഒറ്റയാൾ പോരാട്ടമാണ് ലിയോയുടെ കഥാവസ്തു. ഇതിനിടെ ലിയോയുടെ പൂർവകഥ തേടി ഒരു യൂണിഫോംഡ് ഓഫീസർ, ഗൗതം മേനോൻ തുനിഞ്ഞിറങ്ങുന്നുമുണ്ട്, വിക്രമിലെ ഫഹദ് ഫാസിൽ കഥാപാത്രത്തെപ്പോലെ, കൈദിയിലെ നരേന്റെ കഥാപാത്രം പോലെ. 

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയത് ബൈബിളിലാണ്. എന്നാൽ ഒറ്റ കഥാവസ്തു കൊണ്ട് നാലും അതിലധികവും സിനിമകളുണ്ടാക്കുന്ന മാന്ത്രികതയാണ് ലോകേഷ് ഈ സിനിമകളിൽ കാഴ്ചവച്ചിട്ടുള്ളതെന്ന് സൂക്ഷ്മപരിശോധനയിൽ വ്യക്തമാകും. ഒരേ കഥ. സമാനമായ ദൃശ്യപരിചരണം. ഒരേ അച്ചിൽ വാർത്ത വില്ലന്മാരും നായകന്മാരും, അവരുടെ പ്രശ്‌നങ്ങളും ജീവിതസന്ധികളും. നായകന്റെ ഭൂതകാലം അന്വേഷിച്ചെത്തുന്ന ഒരുദ്യോഗസ്ഥ വേഷം. വില്ലന്മാർ വളയുന്ന ഒറ്റപ്പെട്ട ഒരു ഭവനം/പൊലീസ് സ്റ്റേഷൻ, ഓഫീസ്. ഇന്നലെ വരെ നായകസ്ഥാനത്ത് നിന്നിരുന്ന അർജുനെയും സഞ്ജയ് ദത്തിനെയും വിജയ് സേതുപതിയേയും പോലുള്ളവരെ അതിക്രൂര പ്രതിനായകന്മാരാക്കി അവതരിപ്പിക്കുക, നിർണായകമായ ചില കഥാപാത്രങ്ങളെ ആവർത്തിക്കുക എന്നിവ മുതൽ തീർത്തും പ്രവചനീയമായ ചില ഹോറർ സിനിമകളുടെ ക്‌ളൈമാക്‌സിനെ അനുസ്മരിപ്പിക്കുംവിധം, വീണ്ടും ഒരു ഭാഗത്തിനു സാധ്യത അവശേഷിപ്പിച്ചുകൊണ്ടുള്ള സമാനമായ അന്ത്യത്തിൽ വരെ ഈ ആശയദാരിദ്ര്യം കാണാം. പശ്ചാത്തല സംഗീതത്തിലടക്കം ഈ ആവർത്തനം വ്യക്തമാണ്. സ്വന്തമായി തോക്കു ചുമക്കാൻ പോലും സാധിക്കാത്ത നെപ്പോളിയൻ എന്നൊരു പാവം അപ്പാവി കോൺസറ്റബിളിനെ (ജോർജ് മരിയൻ) ഇത്തരം ചിത്രങ്ങളിൽ ആവർത്തിച്ചതുകൊണ്ടോ, കൈദിയിലെ ബിരിയാണി എപ്പിസോഡ് വിക്രത്തിൽ ആവർത്തിച്ചതുകൊണ്ടോ അതിൽ യാതൊരു ബ്രില്യൻസുമില്ല. മറിച്ച് പുതുതായി യാതൊന്നും പറയാനില്ലാത്ത ശൂന്യതയാണ് തെളിയുന്നത്. അതുപോലെതന്നെയാണ്, വിക്രമിന്റെ ക്‌ളൈമാക്‌സിൽ സൂര്യയെ കൊണ്ടുവന്നതുപോലെ, ലിയോയുടെ അവസാനം കമൽഹാസന്റെ ശബ്ദം കേൾപ്പിക്കുന്നതും. വിലകുറഞ്ഞ ഗിമ്മിക്കിനപ്പുറം ആഴമോ പരപ്പോ ഇവയ്‌ക്കൊന്നുമില്ലെന്നതാണ് വാസ്തവം.

മാധ്യമപ്രവർത്തനത്തിൽ ആം ചെയർ ജേർണലിസം എന്നൊരു പ്രയോഗമുണ്ട്. ചാരുകസേരയിൽ കിടന്ന് ലഭ്യമായ വിവരങ്ങൾ മാത്രം ആസ്പദമാക്കി അലസമായി വാർത്തകൾ തട്ടിക്കൂട്ടുന്നതിന് പറയുന്ന പേരാണത്. എത്ര വലിയ കമ്പോള വിജയം നേടുന്നു എന്നവകാശപ്പെട്ടാലും ലോകേഷ് കനകരാജ് സിനിമകൾക്കും ഏറെ യോജിക്കുക ഈ പേരാണ്. കാരണം, അത് ഒരേ അച്ചിൽ വളരെ സെയ്ഫായി ഉരുക്കിയൊഴിച്ചു വാർത്തെടുത്ത പകർപ്പുകൾ മാത്രമാണ്. സ്വയം സൃഷ്ടിച്ച ഫോർമുലയിൽ തുടരെത്തുടരെ ചിത്രങ്ങൾ പടച്ചുവിടുകയും അവയെ തമ്മിൽ കൂട്ടിക്കെടുകയാണ് എന്ന വ്യാജേന ചില പടപ്പുകൾ അവശേഷിപ്പിച്ച് ലോകേഷ് ബ്രില്ല്യൻസ് എന്ന് സ്തുതിപാഠകരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്ന കമ്പോള വ്യായാമം മാത്രമായേ അതിനേ കാണാനാവൂ. 

സംവിധായകനും നായകനും മറ്റ് സാങ്കേതികപ്രവർത്തകർക്കും പട്ടും വളയും കാറും വാച്ചും കിട്ടിയെന്നതിലപ്പുറം ലോകേഷ് ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക്, പോട്ടെ തമിഴ്‌സിനിമയ്‌ക്കെങ്കിലും ഗുണപരമായി എന്തു സമ്മാനിച്ചു എന്നാണ് പരിശോധിക്കേണ്ടത്. എന്താണ് ആ സിനിമകൾ മുന്നോട്ടു വയ്ക്കുന്ന ദർശനം/വീക്ഷണം? സ്വന്തം കുടുംബത്തെ കാക്കാൻ ഏതളവുവരെയും പരിശ്രമിക്കും എന്ന ലിയോയുടെ ഡയലോഗ് ഒന്നിഴകീറി നോക്കാം. വർഷങ്ങൾക്കു മുമ്പേ, ദൃശ്യത്തിലെ ജോർജ്ജ്കുട്ടി പറഞ്ഞതിനും ചെയ്തതിനുമപ്പുറമാവുമോ അത്? കുടുംബത്തെ സംരംക്ഷിക്കാൻ അവിശ്വസനീയവും യുക്തിക്കു നിരക്കാത്തതുമായ ചെയ്തികളാണ് ജോർജ്ജുകുട്ടിയുടേതെങ്കിലും അതിന് വിശ്വാസ്യതയുടെ ആവരണം നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അയാൾക്ക് അവിശ്വസനീയമായ ഭൂതകാലമില്ല. ദൃശ്യം രണ്ടാംഭാഗത്ത് അങ്ങനൊരു ഭൂതകാലമുള്ളപ്പോഴും അതിന് യുക്തിയുടെ ബന്ധവസുണ്ട്. അയാൾ ലിയോമാരെപ്പോലെ അതിനായകനല്ല, കായബലവുമില്ല. അവിശ്വസനീയമായതിനെ യുക്തിസഹമായി വിശ്വസിപ്പിക്കുക എന്നതാണല്ലോ സിനിമയുടെ ഇന്ദ്രജാലം. ആ അർത്ഥത്തിൽ ജോർജ്ജ്കുട്ടിയിൽ നിന്ന് ഒരിഞ്ചെങ്കിലും ലോകേഷിന്റെ ലിയോ മുന്നോട്ടു പോകുന്നുണ്ടോ എന്നതാണ് ആലോചിക്കേണ്ടത്. 

ലോകേഷ് സിനിമകൾ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയമെന്താണ്?  സത്യാനന്തര കാലത്ത് ഒരു കലാസൃഷ്ടിയെയും കലാകാരനെയും വിലയിരുത്തുമ്പോൾ നിശ്ചയമായി ഉന്നയിക്കപ്പെടുന്ന ചോദ്യമാണിത്. സിനിമ വഴി ഒരു സന്ദേശം/ആദർശം പ്രചരിപ്പിക്കപ്പെടണമെന്നത് കാലഹരണപ്പെട്ട ആസ്വാദന/നിരൂപണ സിദ്ധാന്തമാണ്. കലാകാരന്റെ ദൗത്യം സമൂഹത്തെ നന്നാക്കലല്ല. അതുകൊണ്ടുതന്നെ അത്തരം യാഥാസ്ഥിതിക സംഹിതകളെയൊന്നും പരിഗണിക്കേണ്ടതുമില്ല. എന്നാൽ, ആധുനികകാലത്ത് ഒരു രചന മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം തീർച്ചയായും പ്രാധാന്യമുള്ളതുതന്നെയാണ്. ദലിത് സ്വത്വപ്രശ്‌നങ്ങളും, ഭിന്നലൈംഗികതയും, വർഗീയതയുമടക്കമുള്ള തീവ്രവിഷയങ്ങളിൽ രാജ്യത്തെ രാഷ്ട്രീയം സജീവമാകുമ്പോൾ പരോഗമനപരമായ എന്തു നിലപാടാണ് ലോകേഷ് സിനിമകൾ സ്വീകരിക്കുന്നത്?  ലിംഗസമത്വം പോലും ലോകേഷിന് ഒരിക്കലും വിഷയമാകുന്നതേയില്ല. കാരണം അടിസ്ഥാനപരമായി ലോകേഷ് സിനിമകൾ ആണത്തത്തിന്റെ, അക്രമാസക്തമായ ആൺകാമനകളുടെ, ആണുങ്ങളുടേതു മാത്രമായ അധോലോകത്തിന്റെ ആഘോഷമാണ്. അവിടെ പെണ്ണ്, പരമ്പരാഗത ഇന്ത്യൻ സിനിമയിലേതു പോലെ നായകന്റെ നിഴലിൽ നീക്കിനിർത്തപ്പെടുന്നു. ഇരുട്ട് കൂടുതലായതുകൊണ്ട് അവരെ കണ്ണിൽപ്പോലും പെടില്ല എന്നതാണ് ലോകേഷ് നായികമാരുടെ ദുര്യോഗം.തിരുത്തപ്പെടാനാവുന്നില്ലെങ്കിൽ സ്വന്തം പുത്രനായാലും പിതാവായാലും നിഷ്ഠുരം ഉന്മൂലനം ചെയ്യണം എന്ന രാഷ്ട്രീയം ഫാസിസമല്ലെങ്കിൽ പിന്നെന്താണ്?  ജനാധിപത്യത്തെ ചോദ്യം ചെയ്യുകയും ഫാസിസത്തെ മൃഗീയമാരാവേശത്തോടെ പുൽകിപ്പുണരുകയും ചെയ്യുന്നതാണ് ലോകേഷ് സിനിമകൾ. അതുകൊണ്ടുതന്നെ, അവയുയർത്തുന്ന രാഷ്ട്രീയദർശനം വാസ്തവാനന്തര വ്യാജപ്രചാരണത്തിനോട് തോളോട് തോൾ ചേർന്നു നിൽക്കുന്നതാണ്. ഈ പരികൽപനകൊണ്ട് ഇതിന്റെ സ്രഷ്ടാക്കൾക്കല്ലാതെ സമൂഹത്തിന് എന്തു നേട്ടമാണുള്ളത്?

മലയാള സിനിമയെ ഒരുകാലത്ത് ഗ്രസിച്ച ഷക്കീലതരംഗമോർക്കുക. നിലവിലെ സെൻസർ നിയമങ്ങളെ കാറ്റിൽപ്പറത്താനുള്ള പൊടിക്കൈകൾ ആവശ്യത്തിന് വിനിയോഗിച്ച് ഷക്കീല-രേഷ്മമാരുടെ ശരീരകാന്തി ആവോളം ചൂഷണം ചെയ്ത് ലൈംഗികദാരിദ്ര്യത്താൽ ദാഹിച്ച പ്രേക്ഷകരെ ദോശ ചുട്ടുതള്ളുന്ന ലാഘവത്തോടെ ഒന്നിനു പിറകെ ഒന്നായി (പലപ്പോഴും ഒന്നിനു പിറകെ ഒന്നായി വെവ്വേറെ പുറത്തിറക്കിയിരുന്ന ജയ് തേവാൻ, ജോയ് ആലുവ ചിത്രങ്ങൾക്കും അവകാശപ്പെടാമായിരുന്നു ആവർത്തനത്തിലെ ബ്രില്ല്യൻസ്) ചിത്രങ്ങൾ പടച്ചു വിട്ട് പണം വാരിയതിനു സമാനമാണ് ലോകേഷ് സിനിമകളുടെയും ഇടപെടൽ. സമൂഹത്തിൽ പടർന്നു പിടിച്ച മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ക്രമിനൽ മനഃസ്ഥിതിയുടെയും അതിനോടുളള ചായ് വിന്റെയും സാധ്യത പരമാവധി ഉപയോഗപ്പെടുത്തി ഒരേ അച്ചിൽ വാർത്ത അധിനായക ഇടിപ്പടങ്ങൾ ഒന്നൊന്നായി പുറത്തിറക്കി പണം കൊയ്യുക. ഇതിനെ ആം ചെയർ ഫിലിം മേക്കിങ് എന്നല്ലാതെ പിന്നെന്താണ് വിളിക്കുക? ഒരു തലമുറയുടെ ലൈംഗികദാരിദ്ര്യത്തെ കച്ചവടസാധ്യതയാക്കുകയായിരുന്നു ഷക്കീല സിനിമകളെങ്കിൽ, സംസ്‌കാരം കൊണ്ട് മുന്നേറിയ മനുഷ്യരുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന മൃഗീയചോദനകളെ ഇക്കിളിപ്പെടുത്തുകയും അവയെ തൃപ്തിപ്പെടുത്തുകയുമാണ് ലോകേഷ് ചിത്രങ്ങൾ ചെയ്യുന്നത്.



പ്രതീക്ഷയുടെ കനലാട്ടം: വെല്ലുവിളികളുടെ കാലത്തെ ഐഎഫ്എഫ്‌കെ.

 

എ.ചന്ദ്രശേഖര്‍


ഗോവ സ്ഥിരം വേദിയാക്കിയശേഷം, സ്വതന്ത്ര സിനിമയ്ക്ക് വിത്തും വളവും നല്‍കുക എന്ന പ്രഖ്യാപിത നയത്തില്‍ നിന്നകന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള, പൂര്‍ണമായി കമ്പോള മുഖ്യധാരാ ഹിന്ദി സിനിമയുടെ പിടിയിലമര്‍ന്ന് കാര്‍ണിവല്‍ സ്വഭാവത്തിലേക്ക് ആഘോഷവും ഉത്സവവുമായിത്തീരുന്നതിനിടയിലാണ് ഇത്തവണ 28-ാമത് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുന്നത്. ഗോവ രാജ്യാന്തരമേളയുടെ പോലും നട്ടെല്ലായ മലയാള പ്രേക്ഷകഭൂരിപക്ഷം അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ഐഎഫ്എഫ്‌കെയില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഉള്‍ക്കനം. ഗൗരവമുള്ള പ്രേക്ഷകരില്‍ പ്രതീക്ഷ നിലനിര്‍ത്താനാവുന്നുവെന്നതുതന്നെയാണ് നമ്മുടെ ചലച്ചിത്രമേളയുടെ പ്രസക്തിയും പ്രാധാന്യവും. കേന്ദ്രത്തിന്റെ കര്‍ക്കശ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മേളയിലേക്കുള്ള പ്രതിനിധികളുടെ പ്രവേശനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങിയ ആദ്യദിവസം തന്നെ ആറായിരം പേര്‍ രജിസ്റ്റര്‍ ചെയ്തു എന്നത് ഈ മേളയെ എത്രമാത്രം ഗൗരവത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണ്.

പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇത്തവണത്തെ മേള എന്നതു പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. മേളയ്ക്കു സ്ഥിരമായി ഉണ്ടാവേണ്ട ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന ദീപിക സുശീലന്‍ അക്കാദമിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് രാജിവച്ചശേഷം ഒരു വര്‍ഷമായി പകരം നിയമനത്തിന് സാധിച്ചില്ല. അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാതിരുന്ന മേളയിലേക്ക് കഴിഞ്ഞയാഴ്ചയാണ് ഫ്രഞ്ച് ചലച്ചിത്ര പ്രവര്‍ത്തകയും രാജ്യാന്തര മേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോള്‍ഡാ സെല്ലത്തെ ക്യൂറേറ്ററായി നിയമിച്ചത്. മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് വൈകിയവേളയിലെ ഈ നിയമനം എന്നാണ് സാംസ്‌കാരിക വകുപ്പിന്റെ വിശദീകരണം. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ക്ക് പകരം ക്യുറേറ്റര്‍ പ്രവര്‍ത്തിക്കും.

ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണന നവകേരള സഭയ്ക്കായതിനാല്‍ത്തന്നെ, മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരിക മന്ത്രിക്കും മേളയുടെ ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കാനാവുമോ എന്നതില്‍ വ്യക്തതയില്ല എന്നതാണ് മേളയുടെ മോഡിക്ക് ഗ്‌ളാനി വന്നേക്കാമെന്ന് സന്ദേഹമുണര്‍ത്തുന്ന മറ്റൊരു ആശങ്ക. മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണത്രേ ചലച്ചിത്ര അക്കാദമിയെ അറിയിച്ചിട്ടുള്ളത്. മേള ആര് ഉദ്ഘാടനം ചെയ്യുമെന്നതിലും വ്യക്തതയില്ലെന്ന് വാര്‍ത്തകളുണ്ടായി. 28 വര്‍ഷമായി, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ സംഘടനയായ ഫിയാഫ്പിന്റെ അംഗീകാരം നേടിയ ഒരു ചലച്ചിത്രമേളയെ സംബന്ധിച്ച് ആരോഗ്യകരമല്ലാത്ത അസ്ഥിരാവസ്ഥകള്‍ തന്നെയാണിതെല്ലാം. 

എന്തായാലും ഗോവ മേളയെക്കാള്‍ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന ചില തീരുമാനങ്ങളും ഐഎഫ്എഫ്‌കെയുടെ 28-ാമത് പതിപ്പിനെ നിര്‍ണായകമാക്കുന്നുണ്ട്. അതിലൊന്നാണ് പോളിഷ് ചലച്ചിത്രകാരനും നാടകപ്രവര്‍ത്തകനുമായ ക്രിസ്റ്റോഫ് സനൂസിയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ആജീവനാന്ത സംഭാവനയ്ക്കുള്ള ബഹുമതി. 10 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.സമാപനസമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിക്കുക. ഈ നൂറ്റാണ്ടിലെ തന്നെ ലോകസിനിമയിലെ വളരെ പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാളെന്നു നിസ്സംശയം പരിഗണിക്കപ്പെടാവുന്ന ആളായ സനൂസിയുടെ ആറ് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എ ഇയര്‍ ഓഫ് ദ് ക്വയറ്റ് സണ്‍, ദ് ഇല്ല്യുമിനേഷന്‍, ദ് പെര്‍ഫെക്ട് നമ്പര്‍, ദ് കോണ്‍ട്രാക്ട്, ഫോറിന്‍ ബോഡി, ദ് സ്‌പൈറല്‍ എന്നിവയാണവ.

കേരളത്തിന് അപരിചിതനല്ല സനൂസി. 2003 ലെ ഐഎഫ്എഫ്കെയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം അന്ന് കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് വ്യക്തമാക്കിയത് വിവാദമായിരുന്നു. ലോകമെങ്ങും കമ്യൂണിസം മരിച്ചു എന്ന നിശിത വിമര്‍ശനമാണ് സനൂസി ഉന്നയിച്ചത്. ഹിറ്റ്‌ലേറുടെ നയങ്ങള്‍ക്കു സമാനമാണ് കമ്യൂണിസ്റ്റ് നയങ്ങളെന്നും അന്ന് തിരുവന്തപുരത്ത് മാധ്യമങ്ങളോടു സംസാരിച്ച സനൂസി പറഞ്ഞത്. പല രാജ്യങ്ങളിലെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസമാണെന്നും അദ്ദേഹം തുറന്നടിച്ചു. ചില മുന്‍ കമ്മ്യൂണിസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വേഷമണിഞ്ഞ് നടക്കുന്നത് എന്നും യൂറോപ്പിലെ അഴിമതിക്കാരായ ഭരണാധികാരികളാണ് ഇവരെന്നും സനൂസി വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത്, തനിക്കും ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കിക്കും സെന്‍സര്‍ഷിപ്പ് നേരിടേണ്ടി വന്നി രുന്നുവെന്നും ചൂണ്ടിക്കാട്ടിയ സനൂസിക്ക് ഇത്തവണ സമഗ്ര സംഭവാനയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതിനെതിരേ പാര്‍ട്ടി അണികളില്‍ വിരുദ്ധാഭിപ്രായമുണ്ടെന്നിരിക്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ എന്ന പ്രതിച്ഛായ ഉറപ്പിക്കുന്നതുകൂടിയായി ഈ തീരുമാനം. സനൂസിയുടെ രാഷ്ട്രീയനിലപാടുകളല്ല, അദ്ദേഹം ലോക സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അത് ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നുമുള്ള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിന്റെ വിശദീകരണം ആത്മാര്‍ത്ഥമെങ്കില്‍ ഈ തീരുമാനം നിശ്ചയമായും ആ മൂല്യങ്ങളുടെ പരകോടിയായിത്തന്നെ വാഴ്ത്തപ്പെടേണ്ടതാണ്.

1939 ജൂലൈ 17-ന് വാഴ്സോയില്‍ ജനിച്ച സനൂസി 1969-ല്‍ തന്റെ ആദ്യ കഥാചിത്രം സംവിധാനം ചെയ്തു. 1972-ല്‍ സംവിധാനം ചെയ്ത ഇല്യൂമിനേഷന്‍ വന്‍ സ്വീകാര്യത നേടി. നാടകസംവിധായകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും  ശ്രദ്ധേയനാണ്.  199094 കാലഘട്ടത്തില്‍ യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് ഓഡിയോ വിഷ്വല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന സനൂസി യൂറോപ്യന്‍ ഫിലിം അക്കാദമി ബോര്‍ഡ്, പോളിഷ് അക്കാദമി ഓഫ് സയന്‍സ് തുടങ്ങിയവയില്‍ അംഗമാണ്.ലൊകാര്‍ണോയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്‌കാരം, കാനില്‍സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം വെനീസില്‍ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം എന്നിവയൊക്കെ നേടിയ അദ്ദേഹത്തിന് 2012ല്‍ ഗോവ രാജ്യാന്തര ചലച്ചിത്രമേള സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.

സ്പിരിറ്റ് ഓഫ് സിനിമ

മേളയിലുള്ള പ്രതീക്ഷയുടെ കനല്‍ ഊതിക്കത്തിക്കുന്ന പ്രധാനപ്പെട്ട മറ്റൊന്നാണ് കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയുവിന് പ്രഖ്യാപിക്കപ്പെട്ട അഞ്ചുലക്ഷം രൂപയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം. ഡിസംബര്‍ എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വനൂരി പുരസ്‌കാരം ഏറ്റുവാങ്ങും. സിനിമയെ സമരായുധമാക്കി സമൂഹ ത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ പുര്‌സക്കാരമാണിത്.

 ആഫ്രിക്കയെ സംബന്ധിച്ച പൊതുധാരണകള്‍ തിരുത്തിക്കുറിക്കാനും പുതുവീക്ഷണം രൂപപ്പെടുത്തുന്നതിനുമായുള്ള 'ആഫ്രോബബിള്‍ഗം' കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ്  ഈ നാല്‍പത്തിമൂന്നുകാരി. കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമായ 'റഫീക്കി'യാണ് വനൂരിയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയാക്കിയത്. രണ്ടു പെണ്‍കുട്ടികളുടെ പ്രണയകഥ പറയുന്ന ഈ ചിത്രം രാജ്യത്തെ യാഥാസ്ഥിതിക ഭരണകൂടം നിരോധിച്ചു.കെനിയിയില്‍ സ്വവര്‍ഗലൈംഗികത 14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാവകാശം നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനെതിരെ വനൂരി നിയമയുദ്ധം നടത്തി. കെനിയയിലെ കോടതിയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നടന്ന ആദ്യകേസ്. ഓസ്‌കറിന് അയയ്ക്കാനുള്ള യോഗ്യത നേടുന്നതിനായി ഹൈക്കോടതി താല്‍ക്കാലിക പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ഒരാഴ്ചയ്ക്കുശേഷം നിരോധനം തുടരുകയും 2020ല്‍ സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനെതിരായ കനത്ത പ്രഹരം എന്നാണ് വനൂരി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ്യാന്തര തലത്തില്‍ ചിത്രം 11 അവാര്‍ഡുകള്‍ നേടിയതോടെ കെനിയയില്‍ വനൂരിക്ക് എതിരെയുള്ള വിദ്വേഷ്വ പ്രചാരണങ്ങള്‍ ശക്തമായി. കുടുംബത്തില്‍നിന്നും സമുദായത്തില്‍നിന്നും സാമൂഹിക മാധ്യമങ്ങളില്‍നിന്നും ഭീഷണി ഉണ്ടായി. ആഫ്രിക്ക എന്നാല്‍ യുദ്ധം, ദാരിദ്ര്യം, രോഗം എന്നിവയാണ് എന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്കും പ്രതിനിധാനങ്ങള്‍ക്കുമെതിരെ പൊരുതുന്നതിനായാണ് വനൂരി 'ആഫ്രോബബിള്‍ഗം' എന്ന കൂട്ടായ്മ രൂപീകരിച്ചത്. 1980 ജൂണ്‍ 21ന് നെയ്‌റോബിയില്‍ ജനിച്ച വനൂരി കലിഫോര്‍ണിയ സര്‍വകലാ ശാലയില്‍നിന്ന് സംവിധാനത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1988ല്‍ നെയ്‌റോബിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ആദ്യചിത്രം 'ഫ്രം എ വിസ്പര്‍' 2009ല്‍ ആഫ്രിക്കന്‍ മൂവി അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ നേടി. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'പുംസി', സമാധാന നോബല്‍ ജേതാവ് വങ്കാരി മാതായിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ഫോര്‍ ഔര്‍ ലാന്‍ഡ്', നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ 'ലുക്ക് ബോത്ത് വേയ്‌സ്' എന്നിവയാണ് വനൂരിയുടെ പ്രധാന ചിത്രങ്ങള്‍.


കണ്‍ട്രി ഫോക്കസ്

ആഫ്രോ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ലാറ്റിനമേരിക്കയ്ക്കും പ്രാധാന്യം നല്‍കുന്ന മേളയില്‍, അമേരിക്കന്‍ അധിനിവേശവിരുദ്ധ പോരാട്ടചരിത്രമുള്ള ക്യൂബയാണ് ഇത്തവണത്തെ കണ്‍ട്രി ഫോക്കസ്. എല്‍ ബെന്നി, ഇന്നസെന്‍സ്, മാര്‍ത്തി ദ ഐ ഓഫ് ദ കാനറി, ദ മേയര്‍, സിറ്റി ഇന്‍ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ പങ്കെടുക്കുന്നുമുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ അധിനിവേശവിരുദ്ധ സിനിമ കളുടെ പ്രത്യേക പാക്കേജും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലസ്തീന്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം വ്യക്തമാക്കിക്കൊണ്ട് യുദ്ധം കലാപം സമാധാനം എന്നീ പ്രമേയങ്ങള്‍ കേന്ദ്രീകരിച്ച് ഏഴു ലോകസിനിമകള്‍ ഉള്‍ക്കൊള്ളിച്ച ആന്റീ വാര്‍ പാക്കേജില്‍  ശ്യാം ബനഗലിന്റെ മുജീബ്-ദ് മേക്കിങ് ഓഫ് എ നേഷന്‍ (2023), പലസ്തീന്‍ ഡച്ച് സംവിധായകന്‍ ഹാനി അബു ആസദിന്റെ ഉമര്‍(2013), ടാര്‍സന്‍, അറബ് നാസര്‍മാരുടെ ഡീഗ്രേഡ് (2015), ഇസ്രയേലി സംവിധായകന്‍ ഡ്രോര്‍ ഷഹാവിയുടെ ക്രെസെന്‍ഡോ (2019), സ്റ്റാന്‍ലി ക്യൂബ്രിക്കിന്റെ പാത് സ് ഓഫ് ഗ്‌ളോറി (1957), ടെറന്‍സ് മലിക്കിന്റെ ദ് തിന്‍ റെഡ് ലൈന്‍ (1998), ചാര്‍ളി ചാപ്‌ളിന്റെ വിശ്വവിഖ്യാതമായ ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍(1940) എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുക.ലിംഗനീതിയുടെ രാഷ്ട്രീയം മുന്നോട്ടുവച്ചുകൊണ്ട് ഉള്‍ക്കൊള്ളിച്ചിട്ടുള്ള വനിതാ സംവിധായകരുടെ സിനിമകളുടെ പ്രത്യേകപാക്കേജ് ഉണ്ടാവുമെന്നും ചെയര്‍മാന്‍ രഞ്ജിത് പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടു പിരിഞ്ഞ മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗവും ഉണ്ടാവും.


രാജ്യാന്തര മത്സരവിഭാഗം

രാജ്യാന്തര മത്സരവിഭാഗത്തില്‍ ലിബ്ധക് ചാറ്റര്‍ജിയുടെ ബംഗാളി ചിത്രമായ വിസ്പറേഴ്‌സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍, മെക്‌സിക്കോ ഡെന്ഡമാര്‍ക്ക് ഫ്രാന്‍സ് സംയുക്ത സംരംഭമായ ലില അവിലെസിന്റെ സ്പാനിഷ് ചിത്രമായ ടോട്ടെം, കസഖ്സ്ഥാനില്‍ നിന്നുള്ള സബിത് കുര്‍മാന്‍ബെകോഫിന്റെ ദ് സ്‌നോസ്‌റ്റോം, ഷോകീര്‍ ഖോലിക്കോവിന്റെ ഉസ്‌ബെക്കിസ്ഥാന്‍ ചിത്രമായ യക്ഷന്‍ബ, എഡ്ഗാര്‍ഗോ ഡിലേക്ക്, ഡാനിയല്‍ കസബെ എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രമമായ സതേണ്‍സ്റ്റോം, അസര്‍ബൈജാന്‍, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ് സംയുക്ത സംരംഭമായ  ഹിലാല്‍ ബയദറോവിന്റെ അസറിയന്‍ ചിത്രമായ സെര്‍മണ്‍ ടു ദ് ബേര്‍ഡ്‌സ്, സ്‌പെയിന്‍, ചിലി, ബ്രസീല്‍ സംയുക്ത സംരംഭമായ ഫിലിപ്പെ കാര്‍മോണയുടെ പ്രിസണ്‍ ഇന്‍ ദ് ആന്‍ഡിസ്, ബ്രസീല്‍ ഫ്രാന്‍സ് ഉറഗ്വേ നിര്‍മ്മിതിയായ ലില്ലാ ഹല്ലയുടെ പവര്‍ അലി, റ്യൂസുകെ ഹമഗുച്ചിയുടെ ജാപ്പനീസ് സിനിമ ഇവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ്, ഡീഗോ ഡെര്‍ റിയോയുടെ സ്പാനിഷ് ചിത്രമായ ഓള്‍ ദ് സൈലന്‍സ്,കനുബെല്ലിന്റെ ഹിന്ദി ചിത്രമായ ആഗ്ര, ഫര്‍ഹദ് ദെലാറമിന്റെ പേര്‍ഷ്യന്‍ അസര്‍ബൈജാനി ഇറാന്‍ ജര്‍മ്മനി ഫ്രാന്‍സ് സംരംഭമായ അഖിലസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ നിന്ന് ഡോണ്‍ പാലത്തറയുടെ 'ഫാമിലി', നവാഗത സംവിധായകന്‍ ഫാസില്‍ റസാഖിന്റെ 'തടവ്' എന്നിവയും മത്സരത്തിനുണ്ട്.

മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ബഹുമതിക്ക് ശില്‍പവും പ്രശംസാപത്രത്തിനുമൊപ്പം 20 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് നല്‍കുക. നെറ്റ് വര്‍ക്ക് ഫോര്‍ ദ് പ്രമോഷന്‍ ഓഫ് ഏഷ്യന്‍ ഫിലിം സെ്ന്റര്‍ (നെറ്റ്പാക്ക്) ജൂറി  മികച്ച ഏഷ്യന്‍ സിനിമയ്ക്കും മികച്ച മലയാള ചിത്രത്തിനും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര നിരൂപക സംഘടനയായ ഫിപ്രസിയും സ്വന്തം നിലയ്ക്ക് മികച്ച ചിത്രത്തിനും മലയാള ചിത്രത്തിനും അവാര്‍ഡ് നല്‍കുന്നുണ്ട്. കൂടാതെയാണ് മികച്ച നവാഗതസംവിധായകന് ഫെഡറേഷന്‍ ഓഫി ഫിലിം സൊസൈറ്റീസ് ഏര്‍പ്പെടുത്തിയ കെ.ആര്‍ മോഹനന്‍ അവാര്‍ഡ്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.


ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ് 

ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ് വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് റോജിന്‍ തോമസിന്റെ ഹോം, ഐഎഫ്എഫ്‌കെ ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അശാസ്ത്രീയത മുന്‍നിര്‍ത്തി ഇനി ചിത്രങ്ങള്‍ നല്‍കില്ലെന്ന് പ്രഖ്യാപിച്ച ഡോ.ബിജുവിന്റെ അദൃശ്യജാലകങ്ങള്‍,  ഹിന്ദി, സന്താലീസ്, മാര്‍വാഡി ഇംഗ്‌ളീഷ് ഭാഷകളില്‍ നിര്‍മ്മിച്ച കരണ്‍ തേജ്പാലിന്റെ സ്റ്റോളന്‍, ജയന്ത് ദിഗംബര്‍ സോമാല്‍ക്കര്‍ സംവിധാനം ചെയ്ത സ്ഥല്‍, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ, അനുരാഗ് കാശ്യപിന്റെ ഹിന്ദി ചിത്രം കെന്നഡി, സൗരവ് റായിയുടെ നേപ്പാളി ചിത്രം ഗുരാസ്, കുമൗണിയിലും നേപ്പാളിയിലും ഹിന്ദിയിലും നിര്‍മ്മിച്ച ദിവ ഷായുടെ ബഹദൂര്‍ ദ് ബ്രേവ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.ബിജുവിനോട് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ചലച്ചിത്ര അക്കാദമി സെക്രട്ടറിയും നേരിട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജു ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് നവകേരളാസഭ കഴിഞ്ഞാലുടന്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കുമെന്ന് വാക്കു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അദൃശ്യജാലകങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.


ഇന്ത്യന്‍ സിനിമ 

ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഷാറൂഖ് ഖാന്‍ ചാവ്ഡയുടെ ഗുജറാത്തി സിനിമയായ കായോ കായോ കളര്‍, ഡൊമിനിക്ക് സങ്ഗ്മയുടെ അസമീസ് ചിത്രമായ റിംദോഗിട്ടംഗ, ബംഗാളി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി പ്രമുഖ ചലച്ചിത്രകാരന്‍ മൃണാള്‍ സെന്നിന്റെ സര്‍ഗജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പടാതിക്, ഉത്തം കാമാട്ടിയുടെ സന്താലി ചിത്രം ഖേര്‍വാള്‍, ഹാവോബാം പബന്‍കുമാറിന്റെ മണിപ്പൂരി സിനിമ ജോസഫ്‌സ് സണ്‍, ഹര്‍ഷദ് നലവാഡെയുടെ മറാത്തി കന്നട സിനിമ ഫോളോവര്‍, ഛത്പാല്‍ നിനാവേയുടെ മറാത്തി ചിത്രമായ ഘാത് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


മലയാള സിനിമ ഇന്ന

മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് എട്ട നവാഗതരുടേതും രണ്ടു വനിത സംവിധാകരുടെയും ഉള്‍പ്പെടെ 12 ചിത്രങ്ങളുണ്ട്. നവാഗത സംവിധായകരായ ആനന്ദ് ഏകര്‍ഷിയുടെ 'ആട്ടം', ശാലിനി ഉഷാദേവിയുടെ 'എന്നെന്നും', കെ. റിനോഷുന്റെ 'ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്', വി. ശരത്കുമാറിന്റെ 'നീലമുടി', ഗഗന്‍ദേവിന്റെ 'ആപ്പിള്‍ ചെടികള്‍', ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതല്‍ 44 വരെ', വിഘ്‌നേഷ് പി. ശശിധരന്റെ 'ഷെഹര്‍ സാദേ', സുനില്‍ കുടമാളൂറിന്റെ 'വലസൈ പറവകള്‍' എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ദായം', സതീഷാ ബാബുസേനന്‍,സന്തോഷ് ബാബു സേനന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'ആനന്ദ് മോണോലിസ മരണവും കാത്ത്', രഞ്ജന്‍ പ്രമോദിന്റെ 'ഒ ബേബി', ജിയോബേബിയുടെ 'കാതല്‍, ദ കോര്‍' എന്നീ ചിത്രങ്ങളാണവ. ഇവയില്‍ ആട്ടം ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമവിഭാഗം ഉദ്ഘാടനചിത്രമായിരുന്നു.ബി 32 മുതല്‍ സംസ്ഥാന പ്രത്യേക പുരസ്‌കാരവും തിരക്കഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും നേടിയ സിനിമയാണ്.

ഒരു മുന്നറിയിപ്പോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. വര്‍ധിച്ച പൊതുജന പങ്കാളിത്തം കൊണ്ട് ജനകീയമാക്കുമ്പോള്‍ കൊച്ചി സര്‍വകലാശാലയിലും മറ്റും സംഭവിച്ച പോലൊരു ദുരന്തം ചലച്ചിത്ര മേള വേദികളില്‍ സംഭവിക്കില്ല എന്നു സംഘാടകര്‍ ഉറപ്പാക്കണം. കഴിഞ്ഞ വര്‍ഷം ടാഗൂര്‍ തീയറ്ററില്‍, ഹൃദയാഘാതം വന്ന പ്രതിനിധിയെ ആശുപത്രിയിലേക്കു മാറ്റാന്‍ പോലും മുറ്റത്തെ ആള്‍ക്കൂട്ടം കൊണ്ട് വളരെ വൈകിയ സംഭവമുണ്ടായി. വേദിമറ്റത്തെ കലാപരിപാടിക്കായി കൂടിയ പ്രതിനിധികളല്ലാത്ത ആള്‍ക്കൂട്ടം സൃഷ്ടിച്ച വഴി മുടക്കാണ് അവിടെ വില്ലനായത്. പുറത്തെ ആഘോഷം, തീയറ്ററുകള്‍ക്കുള്ളിലെ സുരക്ഷയെ ബാധിക്കാതെയും തിക്കും തിരക്കും മറ്റൊരു ആള്‍ക്കൂട്ട ദുരന്തമായി മാറാതെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുമുണ്ട്. കാരണം നമ്മുടെ മേള ജനപങ്കാളിത്തത്തില്‍ അത്രമേല്‍ വലുതിയാ്െക്കാണ്ടിരിക്കുകയാണ് വര്‍ഷം  തോറും.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെക്കൊണ്ട് എന്താണ് ഗുണം?


Kalapoornna monthly december 2023

എ.ചന്ദ്രശേഖര്‍

മലയാള സിനിമയ്ക്ക് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള എന്തു സമ്മാനിച്ചു എന്നു ചോദിച്ചാല്‍, മലയാളത്തില്‍ ഗൗരവമുള്ള പ്രേക്ഷകവൃന്ദത്തെ സജ്ജരാക്കാന്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ എന്തു ചെയ്‌തോ അതിനു സമാനമായി സര്‍ഗാത്മകതയില്‍ ഇടപെട്ടു എന്നാണ് ഒറ്റവാചകത്തില്‍ മറുപടിപറയാനാവുക. ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത വായനാസംസ്‌കാരം കേരളത്തിനുണ്ടായത,് ആഴത്തില്‍ വേരോട്ടമുള്ള ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയാണ്. അടൂര്‍ ഗോപാലകൃഷ്ണന് താനിഷ്ടപ്പെടുന്ന വിധത്തില്‍ സ്വയംവരമുണ്ടാക്കാന്‍ കരുത്തു പകര്‍ന്നത്, അദ്ദേഹം തന്നെ ബീജാവാപം നടത്തി കേരളത്തില്‍ സ്ഥാപിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിതമായ ഫിലിം സൊസൈറ്റികള്‍ വഴി നിര്‍മ്മിച്ചെടുത്ത പ്രേക്ഷകവൃന്ദത്തിന്റെ പിന്‍ബലമാണ്. സമാനമായി, നവഭാവുകത്വം, നവതരംഗം എന്നൊക്കെയുള്ള വിളിപ്പേരില്‍, ആരുടെയും സഹായിയായി നിന്നോ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയോ സിനിമ പഠിക്കാതെ ചലച്ചിത്രകാരന്മാരായ, ആയിക്കൊണ്ടിരിക്കുന്ന നല്ലൊരുശതമാനം യുവാക്കളും ഉണ്ടായിവരുന്നതിന്റെ ഒരു പ്രധാന കാരണം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ് എഫ് കെ) തന്നെയാണെന്നത് അനിഷേധ്യമായ വസ്തുതമാത്രം.

വെബ് സ്ട്രീമിങും ഒ.ടി.ടികളും വ്യാപകമാകും മുമ്പ്, ഹോളിവുഡ് ഒഴികെയുള്ള ലോക സിനിമകളിലേക്ക് മലയാളിക്കുള്ള ഏകജാലകമായിരുന്നു ഐഎഫ്എഫ്‌കെ. വാര്‍ഷിക തീര്‍ത്ഥാടനം പോലെ ചലച്ചിത്രപ്രേമികള്‍ കണക്കാക്കിപ്പോന്ന ഒന്നുകൂടിയായിരുന്നു അത്.പ്രമുഖ ചലച്ചിത്രനിരൂപകന്‍ ഡോ.സി എസ് വെങ്കിടേശ്വരന്‍ സിനിമാടാക്കീസ് എന്ന ലേഖനസമാഹാരത്തിലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളും മറ്റു മേളനങ്ങളും എന്ന ലേഖനത്തില്‍ നിരീക്ഷിച്ചിട്ടുള്ളതിങ്ങനെ :''പണ്ട് ഇത്തരം മേളകള്‍ ഫിലിം സൊസൈറ്റി അംഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ആര്‍ട്ട് സിനിമക്കാരുടെ മാത്രം അരങ്ങായിരുന്നു അത്. ആര്‍. നന്ദകുമാറിന്റെ വാക്കുകളില്‍ ''വര്‍ഷാവര്‍ഷം വ്രതം നോറ്റ് കല്ലും മുള്ളും ചവിട്ടി മലകയറുന്ന അയ്യപ്പഭക്തന്മാരെപ്പോലെ, പല ദിക്കില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഫിലിം ഫെസ്റ്റി വലുകളിലേക്കു മുടക്കം കൂടാതെ മലയാളി സിനിമാ ഭക്തന്മാര്‍ മലചവിട്ടി എങ്കില്‍. ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഇന്നത് യാതനയനുഭവിച്ചു 'ചെന്നു' കാണേണ്ട ഒന്നല്ലാതാവുകയും നമ്മുടെയടുത്തേക്കു പ്രതിവര്‍ഷം എത്തിച്ചേരുന്ന ഒരുത്സവവുമായി മാറിയി രിക്കുന്നു. ഇപ്പോഴത് അതിന്റെ പരിമിത വലയം ഭേദിച്ച് വലിയതും വൈവിദ്ധ്യമാര്‍ന്നതുമായ ഒരു പ്രേക്ഷകസമൂഹത്തിന്റേതുമായിത്തീര്‍ന്നിരിക്കുന്നു.”

നേരത്തേ ചലച്ചിത്രമേളകള്‍ക്കു പുറത്ത്, ഇംഗ്‌ളീഷ് ഒഴികെയുള്ള ഇതര ലോകഭാഷകളിലെ സിനിമയുടെ ദൃശ്യത്തിനപ്പുറമുള്ള ശബ്ദപഥം ഗ്രഹിക്കാന്‍ വേദിയുണ്ടായിരുന്നില്ല. ലാറ്റിനമേരിക്കയില്‍ നിന്നോ കൊറിയയില്‍ നിന്നോ ഉളള സിനിമകളെ ഉപശീര്‍ഷങ്ങളുടെ സഹായത്താല്‍ ആഴത്തില്‍ മനസിലാക്കാനുള്ള അവസരം സാധാരണക്കാര്‍ക്കെന്നല്ല സിനിമാപഠിതാക്കള്‍ക്കോ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കോ പോലും ലഭ്യമായിരുന്നില്ല. ചലച്ചിത്രമേളകള്‍ മാത്രമാണ് ‘സബ്‌ടൈറ്റില്‍ ചെയ്ത സിനിമ’കളെന്ന സംസ്‌കാരത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ചു നടത്തിയത്. വീഡിയോ കസെറ്റുകളുടെയും സിഡി/ഡിവിഡികളുടെയും കാലത്ത് കേരളത്തില്‍ (കു)പ്രസിദ്ധി നേടിയ ബീമാപ്പളളിയിലെ കസെറ്റ് ഷോപ്പുകളില്‍ നിന്നുപോലും  ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളൊഴികെ സബ്‌ടൈറ്റില്‍ ചെയ്ത പ്രിന്റുകള്‍ ലഭ്യമായിരുന്നില്ല. സബ് ടൈറ്റ്‌ലിങ് ആകട്ടെ ഏറെ ചെലവേറിയ നിര്‍മ്മാണാനന്തര സാങ്കേതിക പ്രക്രിയയായി നിലനില്‍ക്കുകയും ചെയ്തു. ഈ കാരണം കൊണ്ടുതന്നെ, ഉപശീര്‍ഷകത്തോടെ നമുക്കന്യമായ ലോകസിനിമ ദര്‍ശിക്കാനുള്ള അസുലഭാവസരമെന്ന നിലയ്ക്ക് ചലച്ചിത്രമേളയ്ക്കു പ്രസക്തിയേറി.ചലച്ചിത്ര ഉപശീര്‍ഷകവത്കരണം തീര്‍ത്തും അനായാസമായിക്കഴിഞ്ഞ ഇക്കാലത്തും, ഇത്തരത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഒരു സബ്‌ടൈറ്റ്‌ലിങ് പരിശ്രമം ആദ്യമായി പരീക്ഷിച്ചത് സിഡിറ്റിന്റെ പിന്തുണയോടെ, അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായിരുന്ന കാലത്ത് ഗിരീഷ് കാസറവള്ളിയുടെ ദ്വീപ് എന്ന സിനിമയ്ക്ക് പ്രദര്‍ശനവേളയില്‍ സമാന്തരമായി ഡിജിറ്റല്‍ പ്രൊജക്ഷനിലൂടെ ശീര്‍ഷകങ്ങള്‍ സ്‌ക്രീനില്‍ സൂപ്പര്‍ ഇംപോസ് ചെയ്തുകൊണ്ട് ഐഎഫ്എഫ്‌കെ ആയിരുന്നു എന്ന വസ്തുത മാത്രം മതി, ചലച്ചിത്രമേള നമുക്കെന്തു തന്നു എന്ന ചോദ്യത്തിനുള്ള സാര്‍ത്ഥകമായ ഉത്തരമാകുമത്.

ആദ്യകാലങ്ങളില്‍ ഇന്ത്യയുടെ രാജ്യാന്തരചലച്ചിത്രമേളയിലെന്നോണം ചലച്ചിത്രസൊസൈറ്റി പ്രവര്‍ത്തകരും നിരൂപകരുമൊക്കെയടങ്ങുന്ന പ്രേക്ഷകരാണ് ഐഎഫ്എഫ്‌കെയെ നെഞ്ചേറ്റിയത്. സിഡി/ഡിവിഡികളുടെ കാലത്ത്, അവ പ്രാപ്യമായവരും അപ്രാപ്യമായവരും എന്നൊരു ഇലക്ട്രോണിക് ഡിവൈഡ് ഗൗരവമുള്ള പ്രേക്ഷകര്‍ക്കിടയില്‍ നിലനിന്നിരുന്നു. ചലച്ചിത്രമേളകളില്‍ പങ്കെടുക്കാനാവുന്നവര്‍ വളരെ ചുരുക്കം. മേളചിത്രങ്ങളുടെ സിഡി/ഡിവിഡി സംഘടിപ്പിക്കാനാവുന്നതും അവ കാണാന്‍ സാധിക്കുന്നവരും അതിലും ചുരുക്കം എന്ന അവസ്ഥ. സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങള്‍ അതിന് ചൂണ്ടിക്കാണിക്കാനാവും. കേരളത്തിലെ ഉത്തരഭാഗത്തുള്ള ഒരു പ്രേക്ഷകനെ സംബന്ധിച്ച് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ കാറ്റലോഗ് സംഘടിപ്പിച്ച്, ബീമാപ്പള്ളിയില്‍ ചെന്ന് വേണ്ട സിനിമകളുടെ സിഡി/ഡിവിഡി വാങ്ങി കൊണ്ടുപോയി കാണുക എന്നത് ശ്രമകരമെന്നതിനപ്പുറം ഏറെ ചെലവുള്ളതുമായിരുന്നു. എന്നാല്‍, സിനിമാ നിര്‍മ്മാണത്തിനൊപ്പം പ്രദര്‍ശനവും വിതരണവും ഡിജിറ്റല്‍വല്‍ക്കരിക്കുകയും കോവിഡ് ലോക്ഡൗണില്‍ അവ ജനകീയമായൊരു രീതിയില്‍ വ്യാപകമാവുകയും ഡിജിറ്റല്‍ ഡിവൈഡ് ശോഷിക്കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ മാറി. ലോകത്തെ ഏതു ഭാഷയിലെയും ചിത്രങ്ങള്‍ നമ്മുടെ ഭാഷയില്‍ പോലും കുറഞ്ഞ ചെലവില്‍ ഉപശീര്‍ഷകങ്ങളോടെ ഒ.ടി.ടികളില്‍ സ്ട്രീം ചെയ്തു കാണാനാവുമെന്നായി. അതിലുമുപരി ചലച്ചിത്രമേളകള്‍ തന്നെ ഡിജിറ്റല്‍ ഹൈബ്രിഡ് രീതിയിലേക്കും മാറി. അങ്ങനെ അവ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുകയും ചെയ്തു.ഇവിടെ ആനുഷംഗികമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. 

സിനിമ കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഇടം നേടുകയും, ചലച്ചിത്രപഠനം ഗൗരവമാര്‍ജ്ജിക്കുകയും ചെയ്തതോടെ, വൈകാതെ തന്നെ ചലച്ചിത്രവിദ്യാര്‍ത്ഥികളുടെയും പഠിതാക്കളുടെയും കേദാരമായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ജനപങ്കാളിത്തം കൊണ്ട് മുന്നില്‍ നില്‍ക്കുന്ന മേള എന്ന ഖ്യാതിയിലേക്ക്  ഐഎഫ്എഫ്‌കെ വളരുന്നത് സിനിമയില്‍ എന്തെങ്കിലും ആകാന്‍ ആഗ്രഹിക്കുന്നവരുടെ, സിനിമയെ ഗൗരവമായി കരുതുന്നവരുടെ പങ്കാളിത്തം കൂടിയതോടെയാണ് എന്ന സത്യം അവഗണിക്കാനാവുന്നതല്ല. വെങ്കിടേശ്വരന്‍ എഴുതുന്നതുപോലെ,''സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍നിന്നുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വാര്‍ഷിക-ലോകപര്യടനം തന്നെയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ദൃശ്യങ്ങളുടെയും ആഖ്യാന ങ്ങളുടെയും അതുവഴി ഇന്നത്തെ ആഗോള ജീവിതാവസ്ഥകളിലൂടെയും ഉള്ള ഈ സ്വതന്ത്ര സഞ്ചാരം തീര്‍ച്ചയായും അവരുടെ ജീവിതവീക്ഷണത്തെയും രാഷ്ട്രീയബോധ/ദ്ധ്യങ്ങളെയും സ്വാധീനിക്കാതിരിക്കില്ല. മലയാളിയെ തന്റെ പരിമിതജീവിതവൃത്തങ്ങളില്‍ നിന്നു മോചിപ്പിക്കാന്‍ ഇത്തരം അപഥസഞ്ചാരങ്ങള്‍ക്കു കഴിയേണ്ടതാണ്.

''....ചലച്ചിത്രമേള നമ്മുടെ സിനിമയ്ക്ക് എന്തു നല്കി എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരങ്ങളോ ദൃഷ്ടാന്തങ്ങളോ ഇല്ലെങ്കിലും അതിന്റെ നേരിട്ടല്ലാതെയുള്ള ഇത്തരം ബാഹ്യവും പരോക്ഷവുമായ ഫലങ്ങള്‍ നമുക്കു കണക്കിലെടുക്കാതെ വയ്യ. തീര്‍ച്ചയായും സൂക്ഷ്മവും ആന്തരികവും ആയ എന്തൊക്കെയോ രീതിയില്‍ അത് നമ്മുടെ സാമൂഹിക പരിപ്രേക്ഷ്യങ്ങളെ രൂപപ്പെടുത്തുന്നുണ്ട്. ആദ്യമായി ചലച്ചിത്രമേള കണ്ടു മടങ്ങിയ ഒരു സ്‌കൂള്‍ അദ്ധ്യാപിക പറഞ്ഞത് ഇതിന് ഒരു ഉദാഹരണമാണ്. ''ഇത്രയും ദിവസം ഇത്തരം സിനിമകളൊക്കെ കണ്ടതിനുശേഷം വീണ്ടും ദിവസേന പതിവുപോലെ ചോറും കറിയും ഉണ്ടാക്കാനും അതേ പാഠങ്ങള്‍ പഠിപ്പിക്ക ലിലേക്കും തിരിച്ചുപോകാന്‍ തോന്നുന്നില്ല.'' തീര്‍ച്ചയായും മേളയില്‍നിന്നു മടങ്ങുന്ന ഓരോരുത്തരും അതേ ജീവിതത്തിലേക്കാവില്ല. തിരിച്ചുപോകുന്നത്. കുറച്ചു ദിവസത്തേക്കെങ്കിലും.'' 

രണ്ടുചെറിയ ഉദാഹരണങ്ങളിലൂടെ, കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള നമ്മുടെ സിനിമയിലും കാഴ്ചയിലും നടത്തിയ ഇടപെടല്‍ വ്യക്തമാക്കാം. ആദ്യത്തേത് കേരളത്തിലെ മുഖ്യധാരാ സിനിമകളുടെ ഉള്ളടക്കത്തില്‍ പരക്കെ ആരോപിക്കപ്പെടുംവിധമുണ്ടായിട്ടുള്ള ദക്ഷിണകൊറിയന്‍ സിനിമയുടെ സ്വാധീനമാണ്. സ്വന്തം ജന്മനാട്ടില്‍ പോലും ഇല്ലാത്തത്ര ആരാധകവൃന്ദം കിം കി ഡുക്ക് എന്ന ഇതിഹാസസംവിധായകന് നിലവിലുള്ള സ്ഥലമാണ് കേരളം. ലയണല്‍ മെസിക്ക് കേരളത്തിലുള്ള സ്വാധീനത്തോളം ആഴമുണ്ട് കിംകിഡുക്കിന് മലയാളത്തിലെ ചലച്ചിത്രപ്രേമികള്‍ക്കിടയിലുള്ള സ്വാധീനം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡുക്ക് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു വന്നപ്പോള്‍ തിരക്കും തിക്കും കൊണ്ട് പൊതുവഴി സ്തംഭിച്ച വാര്‍ത്താ ചിത്രം ഓര്‍ക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ, ജപ്പാന്‍ തുടങ്ങിയ സൗഹൃദരാഷ്ട്രങ്ങള്‍ക്കപ്പുറമുള്ള സിനിമകള്‍ ചലച്ചിത്രമേളകളിലൊഴികെ പ്രാപ്യമല്ലാതിരുന്ന കാലത്തും കിം കി ഡുക്ക് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയും ഒടിടിക്കു മുമ്പേ തന്നെ അദ്ദേഹത്തിന്റെ മേളയിലെത്താത്ത സിനിമകള്‍വരെ തെരഞ്ഞുപിടിച്ചു പ്രേക്ഷകര്‍ കാണുന്ന അവസ്ഥയുണ്ടാവുകയും ചെയ്‌തെങ്കില്‍ അതിനു കാരണം ചലച്ചിത്രമേളതന്നെയാണ്. കാരണം നാം കിം കി ഡുക്ക് എന്ന പേരു കേള്‍ക്കുന്നതും ദക്ഷിണകൊറിയന്‍ സിനിമകള്‍ കാണാന്‍ തുടങ്ങുകയും ചെയ്തത് നമ്മുടെ രാജ്യാന്തര ചലച്ചിത്രമേളയിലൂടെമാത്രമാണ്. ഇന്നിപ്പോള്‍ കൊറിയന്‍ സിനിമ സ്വാധീനത്തിനപ്പുറം എന്തെല്ലാമോ ആയിത്തീര്‍ന്നിട്ടുണ്ട് മലയാള സിനിമയില്‍. അപ്പോള്‍ അതിലേക്കു നയിച്ചത് ചലച്ചിത്രമേളയാണെന്നതില്‍ തര്‍ക്കത്തിനു വഴിയില്ല. കമ്പോള മുഖ്യധാരയില്‍ കെ.എസ്. സോതുമാധവന്‍ മുതല്‍ (ഒരു പെണ്ണിന്റെ കഥ) പ്രിയദര്‍ശന്‍ വരെയുള്ളവര്‍ ഹോളിവുഡ് സിനിമകളെ പ്രേരണയാക്കിയിട്ടുണ്ടെങ്കില്‍ നവകമ്പോളമുഖ്യധാര കൊറിയന്‍ ലാറ്റിനമേരിക്കന്‍ സിനിമകളെ വരെ മാതൃകകളാക്കുന്നുവെങ്കില്‍ അത് ചലച്ചിത്രമേളകളിലൂടെ ആര്‍ജ്ജിച്ച തിരിച്ചറിവുകളില്‍ നിന്ന് പിന്നീട് ഡിവിഡികളിലൂടെയും അനന്തരം ഒടിടികളിലൂടെയും സാധ്യമായതു തന്നെ.

മുഖ്യധാരയുടെ വഴി ഇതാണെങ്കില്‍ സമാന്തരസിനിമയിലെ മേളപ്പകര്‍ച്ചയും ചെറുതായി കാണേണ്ടതല്ല. അര്‍ജന്റീനിയന്‍ സംവിധായകന്‍ ഡമെയ്ന്‍ സിഫ്രോണിനെയും ഗൈ റിച്ചിയുടയും ടാരന്റിനോയുടെയും മുതല്‍ ഫ്രഞ്ച് സിനിമയിലെ ഇതിഹാസമായിരുന്ന ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദിനെയും പോലുള്ളവരുടെ വഴിയേ നമ്മുടെ ലിജോ ജോസ് പെല്ലിശ്ശേരിക്കും ആഷിഖ് അബുവിനും സിനിമകളാലോചിക്കാനാവുന്നുവെങ്കില്‍ അതിന് ചലച്ചിത്രമേള സമ്മാനിച്ച സര്‍ഗാത്മകപിന്തുണ അവഗണിക്കാനാവുന്നതല്ല.തുറന്നു സമ്മതിച്ചാലുമില്ലെങ്കിലും യുവതലമുറയില്‍ മറ്റേതൊരു ചലച്ചിത്രകാരനില്‍ നിന്നുമേറെ ഇത്തരത്തിലുള്ള സ്വാധീനം ലിജോ ജോസ് പെല്ലിശ്ശേരിയില്‍ പ്രകടമാണെന്നത് അനിഷേധ്യമായ വസ്തുതയാണ്. ബഹുഭൂരിപക്ഷം വരുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് ലഭ്യമാവാത്ത ഒരു അവസരമാണ് കേരളത്തിലെ യുവചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് നമ്മുടെ ചലച്ചിത്രമേളയിലൂടെ മാത്രം സാധ്യമാവുന്നത് എന്നതാണ് നേരത്തേ സൂചിപ്പിച്ച രണ്ടാമത്തെ ഉദാഹരണം. മേളയുടെയും മേളച്ചിത്രങ്ങളുടെയും സ്വാധീനം ഭൂരിപക്ഷം ചലച്ചിത്രപ്രവര്‍ത്തകരും പരസ്യമാക്കുന്നല്ലെങ്കില്‍, അണ്‍ ടു ദ ഡസ്‌ക്, ബിരിയാണി തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ-രാജ്യാന്തര പ്രസിദ്ധി നേടിയ സജിന്‍ ബാബുവിനെ പോലുള്ളവര്‍ ഇക്കാര്യം പരസ്യമായി തന്നെ സമ്മതിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം. ഒരു ചലച്ചിത്രസംവിധായകന്റെയും സഹായിയായോ ഒരു സ്ഥാപനത്തിലും പോയി പഠിക്കുകയോ ചെയ്യാതെയാണ് സജിനടക്കമുള്ള തലമുറയിലും ശേഷവുമുള്ളവര്‍ ശ്രദ്ധേയങ്ങളായ രചനകളിലൂടെ ദേശാന്തരകീര്‍ത്തി സ്വന്തമാക്കുന്നത്. അതിനവര്‍ക്ക് പ്രചോദനം മാത്രമല്ല പ്രേരണയായതും ഐഎഫ്എഫ്‌കെതന്നെ. 

ഉള്ളടക്കത്തിലും അവതരണത്തിലും ചലച്ചിത്രസമീപനത്തിലും സാങ്കേതികതയിലും മാത്രമായി ഈ സ്വാധീനത്തെ പരിമിതപ്പെടുത്താനാവില്ല. പല യുവചലച്ചിത്രകാരന്മാരെയും സംബന്ധിച്ച് ഐഎഫ്എഫ്‌കെ മികച്ചതും വേറിട്ടതുമായ സിനിമകളുണ്ടാക്കാനുള്ള പ്രേരണയും പ്രചോദനവും മാത്രമല്ല, മറിച്ച് അവയ്ക്ക് ദേശാന്തര വിപണി കണ്ടെത്താനും അതുപോലുള്ള സിനിമകള്‍ക്ക് രാജ്യത്തിനകത്തും പുറത്തും നിന്ന് നിര്‍മ്മാണ പങ്കാളിത്തം കണ്ടെത്താനുമുള്ള അവസരം കൂടിയാണ്. ഐഎഫ്എഫ്‌കെയുടെ ഫിലിം ബസാറും സ്‌ക്രിപ്റ്റ് പിച്ചിങ് ഇനിഷ്യേറ്റീവുകളുമെല്ലാം ഈ വിധത്തില്‍ കൂടി നമ്മുടെ സ്വതന്ത്ര ചലച്ചിത്രപ്രവര്‍ത്തകരെ പിന്തുണച്ചിട്ടുണ്ട്. ആരൊക്കെ സമ്മതിച്ചാലുമില്ലെങ്കിലും മലയാള സിനിമയില്‍, സനല്‍കുമാര്‍ ശശിധരനേയും വിധു വിന്‍സന്റിനെയും ദീപേഷിനെയും ഷെറിയേയും സുദേവനെയും കൃഷാന്തിനെയും പോലുള്ള സംവിധായകരുണ്ടായതിനു പിന്നില്‍ നിശ്ചയമായും ഐഎഫ്എഫ്‌കെ ഒരു നിര്‍ണായക സ്വാധീനമാണന്ന് നിസ്സംശയം വിലയിരുത്താം. മലയാളത്തില്‍ വര്‍ധിച്ചു വരുന്ന വനിതാസംവിധായകരുടെ സൃഷ്ടികള്‍ക്കും ചലച്ചിത്രമേളകള്‍ വലിയൊരു തലത്തില്‍ സ്വാധീനം തന്നെയാണ്.

പ്രമേയസ്വീകരണത്തില്‍ മാത്രമല്ല, അതിന്റെ രാഷ്ട്രീയത്തിലും വീക്ഷണകോണിലുംവരെ വന്നുഭവിച്ചിട്ടുള്ള നിര്‍ണായകമായ വഴിമാറി നടത്തത്തിനും യുവതലമുറ ഒരളവുവരെ ചലച്ചിത്രമേളയോട് കടപ്പെട്ടിട്ടുണ്ട്. ഇതര ചലച്ചിത്രമേളകളില്‍ നിന്നു വിഭിന്നമായി മൂന്നാംലോക സിനിമകളിലേക്കുള്ള കണ്ണുതുറന്നുപിടിക്കലാണ് നമ്മുടെ മേളകളെ ഇത്തരത്തിലൊരു സ്വാധീനത്തിന് വിഷയീഭവിപ്പിച്ചത്. വിനോദ വ്യവസായത്തിനെതിരെയുള്ള പ്രതിരോധമാണ് മൂന്നാംലോകത്തു നിന്നു വന്നു കൊണ്ടിരിക്കുന്നതെന്നു, സിനിമയില്‍ അപകോളനികരണ ത്തിന്റെ ആശയങ്ങള്‍ ചലച്ചിത്രമേളകളിലൂടെ നമ്മുടെ സിനിമയിലേക്കും സംസ്‌കാരത്തിലേക്കും കടന്നു വന്നതിനെപ്പറ്റി ഡോ എം.ആര്‍ രാജേഷ് കേരള ഫിലിം ഫെസ്റ്റിവലിന്റെ രാഷ്ട്രീയം എന്ന ലേഖനത്തില്‍ (സിനിമ മുഖവും മുഖംമൂടിയും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  2019) നിരീക്ഷിച്ചിട്ടുണ്ട്. അധീശത്വ രാഷ്ട്രീയംദൃശ്യങ്ങള്‍ കൊണ്ട് അധികാരം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ബദലിന്റെ, സത്യത്തിന്റെ രാഷ്ട്രീയം ദൃശ്യങ്ങള്‍ കൊണ്ട് പ്രതിരോധം നടപ്പാക്കാനാണ് ഇവിടെ ശ്രമം നടത്തുന്നതെന്ന് എം.ആര്‍ രാജേഷ് വിലയിരുത്തുന്നു. 'മൂന്നാം ലോകത്തിന്റെ ദൃശ്യ സംസ്‌കാരം മുന്നോട്ടു വയ്ക്കുന്ന പ്രതിരോധം പോലെയാണ് മലയാളത്തിലിന്ന് സ്ത്രീ-ദലിത്-പരിസ്ഥിതി പ്രമേയങ്ങള്‍ കടന്നു വരുന്നത്. മലയാള സിനിമ സവര്‍ണ സൗന്ദര്യശാസ്ത്രകാഴ്ചകളില്‍ നിന്ന് മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് സമകാലിക ഫിലിം ഫെസ്റ്റിവലുകള്‍ അടയാളപ്പെടുത്തുന്നത്.”രാജേഷ് സമര്‍ത്ഥിക്കുന്നു.

''ആദ്യം കോളനികളും കാഴ്ചവസ്തുക്കളും പിന്നീട് അരികുകളും എതിരികളുമാക്കപ്പെട്ട ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങള്‍ ഇന്ന് തങ്ങളുടെ ദൃശ്യസ്വത്വത്തെ ആവിഷ്‌ക രിക്കാന്‍ ശ്രമിക്കുകയാണ്; എന്തെന്നാല്‍ ഇന്ന് ലോകത്തു നടക്കുന്ന (കൈയേറ്റങ്ങളും) അവക്കെതിരെയുള്ള പ്രതിഷേധങ്ങളും പ്രതിരാധങ്ങലും അരങ്ങേറുന്നത് ദൃശ്യരംഗത്താണ്. യുദ്ധത്തിന്റെ അരങ്ങും അണിയറയും, സ്വത്വപ്രഖ്യാപനത്തിന്റെയും സ്ഥാപനത്തിന്റെയും അന്വേഷണത്തിന്റെയും അതുകൊണ്ടു തന്നെ പ്രതിരോധത്തിന്റെയും അരങ്ങ് ദൃശ്യമാണിന്ന്. തിരിച്ചറിവിനേയും ഓര്‍മയെയും ഭാവനയെയും ദൃശ്യസങ്കേതങ്ങള്‍ ക്കൊണ്ട് കീഴടക്കുക എന്നതാണ് ലക്ഷ്യമെന്ന് സി.എസ്.വെങ്കിടേശ്വരന്‍ പറയുന്നു(മാധ്യമം ആഴ്ചപതിപ്പ്, അന്താരാഷ്ട്ര ചലചിത്രമേള - കാഴ്ചയുടെ ഇരുപതു വര്‍ഷങ്ങള്‍, 2015 ഡിസംബര്‍ 14, പുറം - 14). 

കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രമേളയുടെ വിമര്‍ശകരുടെ വജ്രായുധം അത് ഗൗരവമുള്ള സിനിമയേയും കാഴ്ചയേയും മറികടന്ന് കാര്‍ണിവല്‍ സംസ്‌കാരത്തിലേക്ക് വഴിതെറ്റുന്നു എന്നുള്ളതാണ്. ഇവിടെയും ഡോ.എം.ആര്‍.രാജേഷിന്റെ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്.ചലച്ചിത്രമേളകള്‍ കാര്‍ണിവല്‍ സംസ്‌കാരത്തിലേക്ക് പോകുന്നതിനെ രാഷ്ട്രീയ പ്രബുദ്ധതയുടെ തുറന്ന രൂപം എന്ന നിലയ്ക്കാണ് എം.ആര്‍. രാജേഷ് വിലയിരുത്തുന്നത്.''ജാതി-മത-ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരും കൂടി കലരുന്ന ഈ ഇടങ്ങള്‍ സിനിമ കാണലിനപ്പുറം സംവാദങ്ങളുടെ തുറന്ന ഭൂമിക സൃഷ്ടിക്കുന്നുണ്ട്. പുതിയ സൗഹൃദങ്ങളിലൂടെ, സിനിമാചര്‍ച്ചകളിലൂടെ അവര്‍ സമൂഹത്തിന്റെ നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുന്നു. സിനിമാ ഫെസ്റ്റിവലുകളുടെ കാര്‍ണിവല്‍ സംസ്‌കാര സിനിമാ പ്രവര്‍ത്തകരെയും ആസ്വാദകരെയും മാത്രമല്ല നിര്‍മിച്ചെടുക്കന്നത്. വൈവിധ്യാത്മകമായ രാഷ്ട്രീയത്തിന്റെയും ആശയത്തിന്റെയും തുറന്നയിടങ്ങളായി ഇവ മാറുന്നു...ബദല്‍ സിനികളെക്കുറിച്ചുളള ബോധ ത്തിലേക്കും കാഴ്ച ശീലങ്ങളിലേക്കും സിനിമാ പ്രവര്‍ത്തകരേയും കാഴ്ചക്കാരേയും ഫെസ്റ്റിവലുകള്‍ നയിക്കുന്നു. കാര്‍ണിവല്‍ ഒരു സിനിമാ സര്‍വകലാശാല കൂടിയായി മാറുന്നു. എന്നാല്‍ എല്ലാവരും ഇവിടെ നിന്ന് എല്ലാം പഠിച്ചിറങ്ങുന്ന എന്ന അര്‍ഥമില്ല.... സിനിമയെ ക്കുറിച്ചു മാത്രമല്ല, ലോകസംസ്‌കാരത്തിന്റെ വൈവിധ്യാത്മകതയേയും അധികാര രാഷ്ട്രീയ ത്തെയും കുറിച്ചറിയാനും മറ്റുമുള്ളതടക്കങ്ങളും ഇവിടെ നടക്കുന്ന സംവാദങ്ങളില്‍ നിന്ന് കിട്ടുന്നതാണ്. 

''...കാര്‍ണിവലിന്റെ അംഗങ്ങള്‍ കൂടാതെ ചലചിത്രമേളയല്ല, മനുഷ്യര്‍ ഒത്തു കൂടുന്ന ഒട്ടുമിക്ക മേളകളും നടത്താനാവില്ല, അത് രാത്രി സമയത്ത് സിനിമാ ബുദ്ധിജിവികളും അവരുടെ സുഹൃത്തുക്കളും മാത്രമടങ്ങുന്ന പാര്‍ട്ടികളില്‍ മാത്രമൊതുങ്ങിയാല്‍ ലോകത്തെ താല്‍ക്കാലികമായി കീഴ്‌മേല്‍ മറിച്ചിടുന്നതു കൊണ്ടുണ്ടാകുന്ന രാഷ്ട്രീയ സാധ്യതകള്‍ വല്ലാതെ ചുരുങ്ങിപ്പോകും. സിനിമയെന്ന കലാരൂപം അല്ലാതാവില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. അന്താരാഷ്ട്ര ചലചിത്രമേളയുടെ പരിസരങ്ങളില്‍ സ്ത്രീകളും ചെറുപ്പക്കാരും, പലതരം ബദല്‍ തന്മകളും രാഷ്ട്രീയ നിലപാടുകള്‍ കൈകൊള്ളുന്നവരും പ്രത്യക്ഷമാകുന്നതുകൊണ്ട് ഇവിടെ കാര്‍ണിവല്‍ അംശം സിനിമാക്കാരുടെ നിശാസംഗമങ്ങള്‍ മാത്രമല്ല, അത് മേളയുടെ വലിയൊരു മെച്ചമായാണ്  അന്യനാടുകളില്‍ നിന്നെത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ എണ്ണുന്നത്.”  ഇതേപ്പറ്റി ജെ.ദേവികയുടെ നിരീക്ഷണം കഴമ്പുള്ളതാണ്. രാജേഷ് സൂചിപ്പിക്കുന്നതുപോലെ,  കേന്ദ്രമില്ലാത്ത കാര്‍ണിവല്‍ സംസ്‌ക്കാരത്തിന്റെ ഗുണങ്ങള്‍ ഫെസ്റ്റിവല്‍ അവസാനിക്കുമ്പോള്‍ അവസാനിക്കുകയല്ലാ, തുടങ്ങുകയാണ് ചെയ്യുന്നത്.

മേളകള്‍ക്കു പുറത്തും സബ് ടൈറ്റില്‍ ചെയ്ത ലോകസിനിമകള്‍ ഒ.ടി.ടി.കളില്‍ വ്യാപകമായതോടെ ചലച്ചിത്രമേളകളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായിക്കൂടിവേണം ചലച്ചിത്രമേള നമുക്കെന്തു തന്നു എന്നൊരു ചോദ്യത്തെ നോക്കിക്കാണാന്‍. സ്വന്തമായി ഒരു സിനിമയെടുക്കാന്‍ പ്രചോദനത്തിന് ശരാശരി പ്രേക്ഷകന്‍ കണ്ടേക്കില്ല എന്നുറപ്പുള്ള അന്യലോക സിനിമ സ്വകാര്യമായി കാണാന്‍ ഒ.ടി.ടി.നല്ലതുതന്നെ. ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മാതാവിനെ കണ്ടെത്താനും ഇന്ന് ഇന്റര്‍നെറ്റ് അധിഷ്ഠിത പിച്ചിങ് സംവിധാനങ്ങളുണ്ടാവാം. എന്നാല്‍, ഒത്തുകൂടി സംവദിച്ചും, തര്‍ക്കിച്ചും സിനിമയും സിനിമയ്ക്കപ്പുറമുള്ള ജീവിതവും ചര്‍ച്ചചെയ്തും സിനിമയുടെ സാങ്കേതികവും ഘടനാപരവുമായ സകലതിനെയും കുറിച്ച് സംസാരിച്ചും ആശയങ്ങള്‍ പങ്കുവച്ചും തിന്നും കുടിച്ചും നേടുന്ന കാര്‍ണിവല്‍ അനുഭവം സമ്മാനിക്കാന്‍ ഒരു ഒ.ടി.ടി.ക്കും സാധ്യമാവാത്തിടടത്തോളം ചലച്ചിത്രമേളകള്‍ക്ക് രാഷ്ട്രീയപരവും സാംസ്‌കാരികപരവുമായ പ്രസക്തിയുണ്ട് എന്നത് നിസ്തര്‍ക്കമാണ്.