Saturday, January 27, 2018

Paravoor Bharathan Book for Kids

എന്റെ 13-ാമത്തെ പുസ്തകമാണ്. കുട്ടികള്‍ക്കു വേണ്ടി ആദ്യമായി എഴുതുന്നതാണ്. മനോരമയില്‍ മുതിര്‍ന്ന സഹപ്രവര്‍ത്തകനാ യിരുന്ന ഡോ.പോള്‍ മണലില്‍സാര്‍ ചെയര്‍മാനായിരിക്കെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിഭാവന ചെയ്ത മുസിരിസ ജീവചരിത്ര പരമ്പരിയില്‍ ഉള്‍പ്പെടുത്തി എഴുതാനേല്‍പിച്ച പുസ്തകം. ജീവിച്ചിരിക്കെ അധികമൊന്നും ആഘോഷിക്കപ്പെട്ടി ട്ടില്ലാത്ത ഒരു നിറഞ്ഞ കലാകാരനെപ്പറ്റി, ശ്രീ പറവൂര്‍ഭരതനെപ്പറ്റിയുള്ള പുസ്തകമായതില്‍ എനിക്ക് അഭിമാനമുണ്ട്. ബാലസാഹിത്യ മായതുകൊണ്ട്, കഥ പറയുന്ന രീതിയിലാണ് എഴുത്തെങ്കിലും ഭരതന്‍ എന്ന അതുല്യ നടനെ തിരിച്ചറിയാനാവശ്യമാ ജീവചരിത്രവിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്റെ അമ്മയുടെ ദേശം കൂടിയായ വടക്കന്‍ പറവൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭാര്യയേയും മകനെയും കണ്ടു സംസാരിച്ച് എഴുതാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ജീവിചരിത്രമെന്ന നിലയില്‍ ഞാനെഴുതുന്ന മൂന്നാമത്തെ പുസ്തകം. ആദ്യം സംവിധായകന്‍ പി.എന്‍.മേനോന്‍. രണ്ടാമത് ഡി.ഡബ്‌ള്യൂ ഗ്രിഫിത്ത്.ഇതു മൂന്നാമത്തേത്. തിലകനെപ്പറ്റി ചിന്തയ്ക്കു വേണ്ടി ശ്രീ പ്രദീപ് പനങ്ങാട് ജനറല്‍ എഡിറ്ററായ ഒരു പരമ്പരയ്ക്കു വേണ്ടി എഴുതിയെങ്കിലും അതിന്റെ വിധിയെന്തായെന്നിനിയുമറിയില്ല. ഇതുതന്നെ രണ്ടു വര്‍ഷം മുമ്പ് എഴുതിക്കൊടുത്തതാണ്.
പോള്‍ സാറിനോടല്ലാതെ ഒരു കൂട്ടമാളുകളോടുകൂടി തീരാത്ത കടപ്പാടുണ്ട്. അതൊക്കെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശൈലിയില്‍ അധികപ്പറ്റായതുകൊണ്ടാവാം അച്ചടിച്ചു വന്നപ്പോള്‍ ഉള്‍പ്പെടുത്തി കണ്ടില്ല. എന്നാലും എനിക്കവരെ ഓര്‍ക്കാതിരിക്കാനുമാവില്ല.ശ്രീമതി. തങ്കമണി ഭരതന്‍, ശ്രീ. മധു ഭരതന്‍, പറവൂരിലുള്ള എന്റെ കസിന്‍ കൂടിയായ ശ്രീ. എം.എന്‍.മേനോന്‍, ശ്രീ. ഗംഗാധരന്‍, ശ്രീ. കെ.കെ. സത്യന്‍, ശ്രീ. സന്തോഷ്‌കുമാര്‍, പുസ്തകത്തിന്റെ എഡിറ്റര്‍ ചിത്ര അങ്ങനെ പലരും. സര്‍വോപരി ഭരതന്‍ എന്ന ആളുടെ ഉള്ള് വെളിവാകും വിധം സ്‌കെച്ചുകള്‍ വരച്ച സന്തോഷ് വെളിയാനൂര്‍. എല്ലാവര്‍ക്കും നന്ദി.


No comments: